ഗവര്‍ണര്‍ V/S മുഖ്യമന്ത്രി
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാറും തമ്മിലെ ബന്ധം തുടക്കത്തിലേ ഊഷ്മളമല്ലാതിരുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല. കേന്ദ്രം ഭരിക്കുന്ന സംഘ്പരിവാറിനോട് കൂറും പ്രതിബദ്ധതയുമുള്ളവരെയാണ് മോദി സര്‍ക്കാര്‍ രാജ്ഭവനുകളില്‍ കുടിയിരുത്തുക എന്നത് ഒരു സാധാരണ കാര്യം മാത്രം. കോണ്‍ഗ്രസ് സര്‍ക്കാറുകളുടെ കാലത്തേ ഗവര്‍ണര്‍മാരും കോണ്‍ഗ്രസിതര സംസ്ഥാന സര്‍ക്കാറുകളും ഏറ്റുമുട്ടിയിരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിയ കമ്മീഷന്‍ നിയോഗിക്കപ്പെട്ടതും ബന്ധങ്ങള്‍ ജനാധിപത്യപരവും ആരോഗ്യകരവുമാക്കാനുതകുന്ന ശിപാര്‍ശകള്‍ കമ്മീഷന്‍ സമര്‍പ്പിച്ചതും. പക്ഷെ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും സര്‍ക്കാരിയാ കമ്മീഷന്‍ ശിപാര്‍ശകളുടെ സ്പിരിറ്റ് പാലിക്കപ്പെട്ടില്ല. മാത്രമല്ല നരേന്ദ്രമോദിയുടെ തീവ്ര വലതുപക്ഷ ഭരണകൂടം നിലവില്‍ വന്നതില്‍പിന്നെ ബി.ജെ.പി ഇതര സംസ്ഥാന സര്‍ക്കാറുകളും രാജ്ഭവനുകളും തമ്മിലെ ബന്ധം പലപ്പോഴും രൂക്ഷമായ ഏറ്റുമുട്ടലുകളിലേക്ക് വഴുതി വീണു. ഗവര്‍ണര്‍മാര്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ അട്ടിമറിച്ച് ബി.ജെ.പി ഗവണ്‍മെന്റുകളെ കൃത്രിമമായി കുടിയിരുത്താനുള്ള ഗൂഢാലോചനകളില്‍ പങ്കാളികളായ പരാതികള്‍ പോലും ഉയര്‍ന്നുവരികയുണ്ടായി. ഗോവയിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലും അത്തരം നാടകങ്ങള്‍ അരങ്ങേറി. കേരളത്തില്‍ നിയമസഭാ പ്രാതിനിധ്യം ബി.ജെ.പിക്ക് കിട്ടാക്കനിയായി ഇപ്പോഴും തുടരുന്നതിനാല്‍ ആ തരത്തിലുള്ള അട്ടിമറി സാധ്യത തല്‍ക്കാലം ഇല്ല. എന്നാല്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാറിനെ നിരന്തരം പ്രകോപിപ്പിക്കാനും സുപ്രധാന നടപടികള്‍ വൈകിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യാനും രാജ്ഭവനു കഴിയും. സംസ്ഥാന ചരിത്രത്തിലാദ്യമായി ഇടത് മുന്നണി സര്‍ക്കാറിന് ഭരണത്തുടര്‍ച്ചക്കാവശ്യമായ മാന്‍ഡേറ്റ് ജനങ്ങള്‍ നല്‍കിയിരിക്കെ, വിശാലമായ ഇന്ത്യാ മഹാരാജ്യത്ത് തങ്ങളുടെ കൈവശമുള്ള ഒരേയൊരു സംസ്ഥാന ഭരണം കളഞ്ഞു കുളിക്കാനുള്ള അവിവേകത്തിന് പിണറായി വിജയന്‍ തയാറില്ലെന്ന സന്ദേശമാണ് സംഘികളെക്കാള്‍ കടുത്ത സംഘിയായി പലരും വിലിയിരുത്തുന്ന ആരിഫ് മുഹമ്മദ് ഖാനുമായി ഒരുവക ഒത്തുകളിക്ക് തയാറായതില്‍നിന്ന് മനസ്സിലാക്കേണ്ടത്. ഇടത് മുന്നണിയിലെ രണ്ടാമത്തെ ഘടകമായ സി.പി.ഐക്ക് തങ്ങള്‍ സ്വന്തമായ നിലപാടുകളുള്ള പാര്‍ട്ടിയാണെന്ന് ഇടയ്ക്കിടെ ഓര്‍മിപ്പിക്കാനും, പ്രതിപക്ഷത്തിന് തങ്ങള്‍ യഥാര്‍ഥ പ്രതിപക്ഷമാണെന്ന് തെളിയിക്കാനും ഗവര്‍ണര്‍-മുഖ്യമന്ത്രി പോര് അവസരം നല്‍കുന്നുണ്ട്. അതൊഴിച്ചു നിര്‍ത്തിയാല്‍ കടുത്ത ഭരണഘടനാ പ്രതിസന്ധിയിലേക്കൊന്നും സംഭവഗതികള്‍ നീങ്ങുകയില്ലെന്ന് വിശ്വസിക്കാനാണ് ന്യായം. ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനേക്കാള്‍ വലിയ ഭവനുകളിലേക്ക് നോട്ടമുള്ളതിനാലും, മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാനുള്ള താല്‍പര്യം സാമാന്യത്തിലധികമായതുകൊണ്ടും ഇഷ്യൂസ് പിറക്ക് പിറകെ ഉയര്‍ത്തപ്പെട്ടുകൊണ്ടിരിക്കുമെന്ന് പ്രതീക്ഷിക്കണം. അതിലപ്പുറം പോവാന്‍ ഇരുപക്ഷവും തയാറാവാനിടയില്ല. എന്നാല്‍ മൂന്നര പതിറ്റാണ്ട് മുമ്പ് ശാഹ്ബാനു കേസില്‍ സുപ്രീംകോടതി വിധി പറഞ്ഞപ്പോള്‍ പൊട്ടിപ്പുറപ്പെട്ട ശരീഅത്ത് വിവാദത്തില്‍ അന്ന് മുസ്‌ലിം വികാരങ്ങള്‍ക്കും നിലപാടുകള്‍ക്കുമെതിരെ കേരളത്തില്‍ ഇടതുപക്ഷവും, ആര്യാടന്‍ മുഹമ്മദ് നയിച്ച 'മുസ്‌ലിം പുരോഗമന' പക്ഷവും ചേര്‍ന്നു അഴിച്ചുവിട്ട അശ്വമേധത്തിലെ പ്രധാന പടനായകനായിരുന്ന ആരിഫ് മുഹമ്മദ് ഖാന് ഇപ്പോള്‍ സംഘ്പരിവാര്‍ അവതരിപ്പിക്കുന്ന ഹിജാബ് വധം കഥകളിയിലും കത്തിവേഷം കെട്ടാന്‍ താല്‍പര്യമുണ്ടാവുക സ്വാഭാവികമാണ്. അദ്ദേഹത്തിന്നത് മൂലം നഷ്ടപ്പെടാനൊന്നുമില്ല. കിട്ടാനുള്ളതോ...?
ഇങ്ങനെയൊക്കെയാണെങ്കിലും ഏറെ പ്രസക്തമായ ഒരു വിഷയം ഗവര്‍ണര്‍ കുത്തിപ്പൊക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ മുന്‍ ബി.ജെ.പി സംസ്ഥാന സമിതിയംഗവും ജന്മഭൂമി മുന്‍ എഡിറ്റോറിയല്‍ സ്റ്റാഫംഗവുമായ ഹരി എസ്. കര്‍ത്തായെ നിയമിക്കാനുള്ള ഉത്തരവില്‍ നിയമാനുസൃതം മുഖ്യമന്ത്രി ഒപ്പിട്ടുകൊടുക്കാത്തതാണല്ലോ ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് വഴി വെച്ചത്. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടി വക്താവിനെ രാജ്ഭവനില്‍ സ്റ്റാഫായി നിയമിക്കുന്നതിലാണ് പ്രത്യക്ഷത്തില്‍ മുഖ്യമന്ത്രി പിണറായി വിയോജിച്ചത്. ആ നിലപാടില്‍ പിണറായി ഉറച്ചു നിന്നപ്പോള്‍ പിറ്റേന്ന് നിയമസഭയില്‍ ചെയ്യേണ്ട നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ ഗവര്‍ണറും വിസമ്മതിച്ചു. ഇത് ഭരണഘടനാ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് കണ്ടപ്പോഴാണ് ഹരിയുടെ നിയമന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടുകൊടുത്തത്. മാത്രമല്ല, രാജ്ഭവനിലേക്ക് കത്തയച്ച പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജ്യോതിലാലിനെ തദ്സ്ഥാനത്ത് നിന്ന് മാറ്റാന്‍ പിണറായി തയാറാവുകയും ചെയ്തു. ഈയവസരമുപയോഗിച്ച് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്ന കീഴ്‌വഴക്കം തിരുത്തണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെടുന്നു. പാര്‍ട്ടി കേഡര്‍ വളര്‍ത്തുക എന്ന ഒറ്റ ലക്ഷ്യത്തില്‍ രണ്ട് വര്‍ഷം കൂടുമ്പോള്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പുതിയ ആളുകളെ നിയമിക്കുന്നുവെന്നും, മാറ്റി നിശ്ചയിക്കപ്പെടുന്നവര്‍ക്ക് പെന്‍ഷന്‍ അടക്കം എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നുവെന്നും ചൂണ്ടിക്കാട്ടുന്ന ഗവര്‍ണര്‍ ഇത് ഖജനാവിന് വരുത്തുന്ന നഷ്ടം ചില്ലറയല്ലെന്നും ഓര്‍മിപ്പിക്കുന്നു. ഈ സമ്പ്രദായം നിര്‍ത്തണമെന്ന് ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ച ഗവര്‍ണര്‍, ആകെ പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം, ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്നതിനുള്ള ചെലവ്, വിരമിച്ച ശേഷം പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം, അതിനുള്ള ചെലവ്, പേഴ്‌സണല്‍ സ്റ്റാഫിനു കേരളത്തില്‍ മാത്രം പെന്‍ഷന്‍ അനുവദിക്കാനുണ്ടായ സാഹചര്യം തുടങ്ങിയ കാര്യങ്ങള്‍ തന്നെ അറിയിക്കാനാണ് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പശ്ചാത്തലം എന്തായാലും സംസ്ഥാന ഖജനാവിന് പ്രതിവര്‍ഷം പെന്‍ഷന്‍ ഇനത്തില്‍ മാത്രം 10 കോടിയെങ്കിലും ചെലവിടേണ്ടി വരുന്ന ഈ ദുര്‍വിനിയോഗം പുനഃപരിശോധിക്കണമെന്ന് തന്നെയാവും ജനങ്ങളുടെ പൊതുവികാരം.
കേന്ദ്രത്തിലോ ഇതര സംസ്ഥാനങ്ങളിലോ ഇല്ലാത്ത പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ വ്യവസ്ഥ കേരളത്തില്‍ ആരംഭിക്കുന്നത് 1984 ഏപ്രില്‍ മുതല്‍ പ്രത്യേക ചട്ടംവഴിയാണ്. ഒരു മന്ത്രിക്ക് സ്വന്തം സ്റ്റാഫില്‍ 25 പേരെ നിയമിക്കാം. കാബിനറ്റ് പദവിയുള്ള, ഒരു ജോലിയുമില്ലാത്ത ചീഫ് വിപ്പിനുവരെയുണ്ട് ഈയാനുകൂല്യം (ചീഫ് വിപ്പ് എന്ന പദവി തന്നെ തീര്‍ത്തും അപ്രസക്തം). പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമല്ല അവയില്‍ പലതും പിളര്‍ന്നുണ്ടായ കൊച്ചു കൂട്ടായ്മകള്‍ക്കും വരെ മുന്നണി ഭരണ കീഴ്‌വഴക്ക പ്രകാരം വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കും പാര്‍ട്ടി താല്‍പര്യങ്ങള്‍ക്കും വേണ്ടി ദുരുപയോഗം ചെയ്യാവുന്ന അജഗളസ്തനമാണ് ഖജനാവിന് ഭാരമാവുന്ന ഈ പേഴ്‌സണല്‍ സ്റ്റാഫ് പെന്‍ഷന്‍ പദ്ധതി. പ്രധാന വകുപ്പുകള്‍ ചെയ്യുന്ന മുഖ്യമന്ത്രിക്കും ചില മന്ത്രിമാര്‍ക്കും കുറച്ചധികം പേഴ്‌സണല്‍ സ്റ്റാഫ് വേണം എന്ന് വാദത്തിന് വേണ്ടി സമ്മതിക്കുക. എന്നാലും 25 പേര്‍ ആവശ്യമേയല്ല. സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ നിയമിതരാവുന്നവര്‍ക്ക് പുറമെ എന്താനിണിത്ര വലിയ സ്റ്റാഫ് ബറ്റാലിയന്‍? എന്നിട്ടോ, മിനിമം മൂന്ന് വര്‍ഷമാണ് ആജീവനാന്ത പെന്‍ഷനുള്ള അര്‍ഹതക്ക് മാനദണ്ഡമെങ്കിലും ഭരണം അഞ്ചുവര്‍ഷമേ നീളൂ എന്നതിനാല്‍ ഫലത്തില്‍ അത് രണ്ടര വര്‍ഷമാക്കി കുറച്ച് പാര്‍ട്ടിക്കാരില്‍ രണ്ടു പേരെ നിയമിക്കാന്‍ പഴുതുണ്ടാക്കുകയാണ് എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ചെയ്യുന്നത്. പുറമെ കടുത്ത അഴിമതിയുടെ തുറന്ന വാതില്‍ കൂടിയാണ് പേഴ്‌സണല്‍ സ്റ്റാഫ്. മുന്നണി സര്‍ക്കാറിലെ ജൂനിയര്‍ പാര്‍ട്ട്ണര്‍മാര്‍ ഒരു പടികൂടി മുന്നോട്ട് കടന്നു പേഴ്‌സണല്‍ സ്റ്റാഫ് തസ്തികയില്‍ പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലാത്തവരെ പണം വാങ്ങി നിയമിക്കുന്നതിന്റെ പേരില്‍ നടക്കുന്ന കലഹങ്ങളും അങ്ങാടിപ്പാട്ടാണ്. ഒരു നീതീകരണവുമില്ലാത്ത ഈ ഖജനാവ് ചോര്‍ത്തലിനെതിരെ, എന്തിന്റെ പേരിലാണെങ്കിലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരംഭിച്ച കുരിശുയുദ്ധം സഗൗരവ പരിഗണന അര്‍ഹിക്കുന്നതാണ്; സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ പദ്ധതി ഒരു കാരണവശാലും നിര്‍ത്തില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും.
Comments