Prabodhanm Weekly

Pages

Search

2022 മാര്‍ച്ച് 04

3242

1443 ശഅ്ബാന്‍ 01

ഒമ്പത് പതിറ്റാണ്ട് പിന്നിട്ട ധന്യജീവിതം

ഇല്‍യാസ് മൗലവി

പുസ്തകം


'എന്റെ നമസ്‌കാരവും ആരാധനാ കര്‍മങ്ങളഖിലവും എന്റെ ജീവിതവും മരണവും എല്ലാം സര്‍വ ലോക നാഥനായ അല്ലാഹുവിനു വേണ്ടിയാകുന്നു' (അല്‍അന്‍ആം 162) എന്ന അല്ലാഹുവിന്റെ വചനം അന്വര്‍ഥമാക്കിക്കൊണ്ടാണ് ഒമ്പതു പതിറ്റാണ്ടിലധികം ടി.കെ സാഹിബ് ജീവിച്ചത് എന്ന് സാക്ഷ്യപ്പെടുത്തുന്ന ചരിത്രരേഖയാണ് ടി.കെ അബ്ദുല്ല സ്മൃതി പുസ്തകം.
'ഞാന്‍ ദിനപത്രം വായിക്കാറുണ്ട്; പക്ഷേ, എനിക്ക് വേണ്ടിയല്ല ഇസ്‌ലാമിനു വേണ്ടണ്ടി, അഥവാ അതിലൂടെ എന്റെ ആദര്‍ശത്തിനും വിശ്വാസത്തിനും എന്നാലാകുന്ന സേവനങ്ങള്‍ ചെയ്യാന്‍ വേണ്ടി. എനിക്കു വേണ്ടി അഥവാ കേവലം വാര്‍ത്തകള്‍ അറിയാന്‍ വേണ്ടി ഞാന്‍ വായിക്കുന്നത് പ്രാദേശിക പേജ് മാത്രമായിരിക്കും.' വളരെ ഗൗരവമാര്‍ന്ന ഒരു സംസാരത്തിനിടെ ടി.കെ പറഞ്ഞത് കേട്ട് ഞാന്‍ തരിച്ചിരുന്നു പോയി. ഇസ്‌ലാമിനുവേണ്ടി ജീവിച്ച അദ്ദേഹത്തിന്റെ പത്രവായന മാത്രമല്ല ശ്വാസോഛ്വാസം പോലും ഇസ്ലാമിനുവേണ്ടിയായിരുന്നു എന്നതാണ് ശരി. ആ മഹദ് വ്യക്തിത്വത്തെ സമഗ്രമായി പ്രതിപാദിക്കുന്ന സമൃദ്ധമായ ഉപഹാരമാണ് പ്രബോധനം പുറത്തിറക്കിയ ടി.കെ അനുസ്മരണ പതിപ്പ്. ആ ജീവിതം മുഴുക്കെ ഇസ്‌ലാമിക പ്രസ്ഥാനമായിരുന്നെങ്കിലും പ്രസ്ഥാനവുമായി ബന്ധമില്ലാത്തവരും,  എന്തിനധികം, പ്രസ്ഥാനത്തിന്റെ നിശിത വിമര്‍ശകര്‍ പോലും അനുഭവങ്ങള്‍ വായനക്കാരുമായി പങ്കുവെച്ച് സമ്പുഷ്ടമാക്കിയ പതിപ്പിന്റെ അണിയറ ശില്‍പ്പികള്‍ക്ക് അഭിമാനിക്കാന്‍ വകയുണ്ട്.
ജമാഅത്തെ ഇസ്ലാമി എന്ന അഖിലേന്ത്യാ സംഘടനയുടെ കേന്ദ്ര കൂടിയാലോചനാ സമിതിയില്‍ പതിറ്റാണ്ടുകള്‍ അംഗമായിരുന്ന ടി.കെ സാഹിബ് നയരൂപീകരണത്തില്‍ എത്ര വലിയ പങ്കാണ് വഹിച്ചിരുന്നതെന്ന് വ്യക്തമാക്കുന്ന അനുഭവക്കുറിപ്പാണ് ജമാഅത്തെ ഇസ്‌ലാമി അധ്യക്ഷന്‍ സയ്യിദ് സആദത്തുല്ലാ ഹുസൈനിയുടേത്. അദ്ദേഹത്തിന്റെ തന്നെ വരികള്‍ കാണുക:
''പ്രാസ്ഥാനിക ലക്ഷ്യങ്ങളെ സംബന്ധിച്ച തന്റെ ഉത്കണ്ഠകളും വേദനകളും അദ്ദേഹം പങ്കുവെക്കാറുണ്ടായിരുന്നത് പലപ്പോഴും ഒരു ഉദാഹരണം പറഞ്ഞുകൊണ്ടായിരുന്നു.  1992-ലാണ് ഞാനത് ആദ്യമായി കേള്‍ക്കുന്നത്. പിന്നെ കണ്ടുമുട്ടുമ്പോഴെല്ലാം അത് സംസാരത്തില്‍ കടന്നുവരുമായിരുന്നു. ഉദാഹരണം (ചളിയില്‍ കുടുങ്ങിയ) ഒരു വണ്ടിയുടേതാണ്. അതിന്റെ ചക്രങ്ങള്‍ അതിവേഗം കറങ്ങുന്നു. വണ്ടിയുടെ എഞ്ചിന്‍ പരമാവധി ശക്തിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്, പെട്രോളും ചെലവാകുന്നുണ്ട്. പക്ഷേ വണ്ടി ഒരിഞ്ച് മുന്നോട്ട് നീങ്ങുന്നില്ല.  ഈ ഉപമയിലൂടെ അദ്ദേഹം ബോധ്യപ്പെടുത്താന്‍ ശ്രമിച്ച ഒരു വസ്തുതയുണ്ട്. സംഘടന അതിന്റെ സകല ശക്തിയും പുറത്തെടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടാകും.  പക്ഷേ അത് ഈ വണ്ടിയെപ്പോലെ നിന്നേടത്തു തന്നെ നില്‍ക്കുകയാവും. ഏതൊരു പ്രസ്ഥാനത്തെ സംബന്ധിച്ചേടത്തോളവും വളരെ വിനാശകരമാണ് ഈ സ്ഥിതിവിശേഷം.''
ജമാഅത്തെ ഇസ്ലാമിയെ നിശിതമായി വിമര്‍ശിക്കുമ്പോഴും ടി.കെ സാഹിബുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന എം.എന്‍ കാരശ്ശേരി എഴുതി: ''കോടഞ്ചേരി ഗവ.  കോളേജില്‍ അധ്യാപകനായിരുന്ന കാലത്താണ് ഞാന്‍ ആദ്യമായി ടി.കെയെ കാണുന്നതും പ്രസംഗം കേള്‍ക്കുന്നതും. 1980 കാലത്താണ്. മുക്കം പുഴമാട്ടുമ്മല്‍ ജമാഅത്തുകാരുടെ വലിയ സമ്മേളനം ഉണ്ടെന്നുകേട്ടു. അവര്‍ക്കെതിരെ ആയിടെ മാതൃഭൂമിയിലും മറ്റും വന്ന ചില ആരോപണങ്ങള്‍ക്ക് മറുപടി പറയാനാണ്.  പ്രധാനപ്പെട്ട പ്രസംഗക്കാരന്‍ ടി.കെ ആണെന്ന് കേട്ടപ്പോള്‍ ഉത്സാഹമായി. സദസ്സില്‍നിന്ന് വളരെ അകലെ, ആരുടെയും കണ്ണില്‍ പെടാതെ ഇരുട്ടത്ത് മണലില്‍ മലര്‍ന്നു കിടന്ന് വളരെ ശ്രദ്ധിച്ച് മൂപ്പരുടെ പ്രസംഗം മുഴുവന്‍ കേട്ടു.''
കാരശ്ശേരി തുടരുന്നു: ''വാദഗതികളോടൊന്നും എനിക്ക് യോജിപ്പ് തോന്നിയില്ല. ഇസ്‌ലാം ആചാരാനുഷ്ഠാനങ്ങള്‍ നിഷ്‌കര്‍ഷിക്കുക മാത്രം ചെയ്യുന്ന മതം അല്ല എന്നും ഒരു സമഗ്ര ജീവിത പദ്ധതിയായ അത് പ്രത്യയശാസ്ത്രം തന്നെയാണെന്നും സമര്‍ഥിക്കാനാണ് ശ്രമിച്ചത്. ബോംബെക്കാരനായ മോഡേണിസ്റ്റ് ഹമീദ് ദല്‍വായിയുടെ പല വാദങ്ങളെയും നിശിതമായി വിമര്‍ശിച്ചതും പരിഹസിച്ചതും ഞാന്‍ ഓര്‍ക്കുന്നു. 1970-71  കാലത്ത് കോഴിക്കോട് കേന്ദ്രമാക്കി എന്‍.പി മുഹമ്മദിന്റെ നേതൃത്വത്തില്‍ 'ഇസ്‌ലാം ആന്റ് മോഡേണ്‍ ഏജ് സൊസൈറ്റി പ്രവര്‍ത്തിച്ചിരുന്ന കാലത്താണ് ഹമീദ് ദല്‍വായിയുടെ പേരും നിലപാടുകളും മലബാറില്‍ ചര്‍ച്ചാ വിഷയമായിരുന്നത്.  ആധുനിക കാലത്തിന്റെയും മതേതര ജനാധിപത്യത്തിന്റെയും വീക്ഷണത്തില്‍ കര്‍മശാസ്ത്ര പദ്ധതിയായ ശരീഅത്തിനെ വിമര്‍ശിക്കുകയായിരുന്നു ദല്‍വായിയുടെ ജന്മദൗത്യം.
ആ പ്രസംഗത്തില്‍ ഞാന്‍ രണ്ട് കാര്യങ്ങളാണ് ശ്രദ്ധിച്ചത്. 
1. നാല് പതിറ്റാണ്ട് മുമ്പ് സാധാരണമായിരുന്ന ഇസ്‌ലാം മത പ്രഭാഷണങ്ങളില്‍നിന്ന് അത് തീര്‍ത്തും വ്യത്യസ്തമായിരുന്നു. ഭാഷയും ഉച്ചാരണവും വളരെ ഭിന്നം. സുന്നി മുസ്‌ലിയാന്മാരെപ്പോലെ  'ഏലക്കത്തില'ല്ല പറച്ചില്‍. 'പുന്നാര മുഅ്മിനീങ്ങളേ' എന്നു വിളിച്ചു കൊണ്ടുള്ള പാരമ്പര്യ രീതി പൂര്‍ണമായും ഒഴിവാക്കിയിരുന്നു.
2. മുസ്‌ലിംകളെയും അല്ലാത്തവരെയും ഒരുപോലെ അഭിമുഖീകരിക്കുകയാണ് താന്‍ എന്ന ബോധ്യത്തില്‍നിന്നുകൊണ്ടാണ് സംസാരം.  ദൈവശാസ്ത്രം എന്ന പോലെ സമകാലിക രാഷ്ട്രീയ - സാമൂഹിക പ്രശ്‌നങ്ങളും വിശകലനം ചെയ്തുകൊണ്ടാണ് മുന്നേറിയത്. അന്ന് ടി.കെ ഒന്നര മണിക്കൂര്‍ പ്രസംഗിച്ചു.  അതിനു ശേഷമാണ് ഞാന്‍ ആ മനുഷ്യന്റെ ലേഖനങ്ങളും പരിഭാഷകളുമൊക്കെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.''
ടി.കെയുടെ വീട്ടില്‍ കൂലിപ്പണി ചെയ്തിരുന്ന കുഞ്ഞിക്കണ്ണന്‍ പറഞ്ഞ ഒരു സംഭവം ഇങ്ങനെ: ''ഒരിക്കല്‍ പണിക്കിടെ ഞാന്‍ മരത്തിനു മുകളില്‍നിന്ന് വീണു. പറയത്തക്ക പരിക്കൊന്നും ഉണ്ടായിരുന്നില്ല. വിവരം അറിഞ്ഞ ടി.കെ വീട്ടിലേക്ക് വിളിപ്പിച്ചു. അന്ന് കൂലി തരുമ്പോള്‍ 100 രൂപ എനിക്കും കൂടെയുണ്ടായിരുന്ന നാസറിനും കൂടുതല്‍ തന്നു. വീണ എനിക്കല്ലാതെ നാസറിനെന്തിനാണ് കൂലി കൂടുതല്‍ കൊടുത്തതെന്ന് ഞാന്‍ തമാശക്ക് ചോദിച്ചു. 'വീണത് നീയാണെങ്കിലും അതുകണ്ട് ബേജാറായത് നാസറാണ്.' മറുപടി കേട്ട് എല്ലാ വേദനയും മറന്ന് ചിരിച്ചു.''
കുടുംബ ജീവിതത്തെപ്പറ്റി ഏറ്റവും അടുത്തറിയാന്‍ സ്വന്തം സഹധര്‍മിണിയേക്കാള്‍ ആര്‍ക്ക് കഴിയും. അതേക്കുറിച്ച് സഹധര്‍മിണി കുഞ്ഞാമിന എഴുതി: ''ഇന്നത്തെ ദിവസം എന്തിനാണ് ചെലവഴിച്ചത് എന്ന് ചോദിക്കുമായിരുന്നു. സമയം വെറുതെ പാഴാക്കിക്കളയുന്നത് തീരെ ഇഷ്ടമായിരുന്നില്ല. ഒരു സമയവും ടി.കെ വെറുതെ കളയില്ല. രാത്രി 12  മണിവരെ വായനയിലും സംസാരത്തിലും ചിന്തയിലുമായിരിക്കും. രാവിലെ നാലര മണിക്ക് എഴുന്നേല്‍ക്കുകയും ചെയ്യും. ഞങ്ങളുടെ ജീവിതക്രമവും അങ്ങനെ മാറി. കണ്ണട വെച്ച് വായിക്കാന്‍ ഒരു പ്രയാസവുമുണ്ടായിരുന്നില്ല. കാഴ്ച നഷ്ടമായാല്‍ വായിക്കാനാവാതെ പിന്നെ ഞാന്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് പറയുമായിരുന്നു. അവസാനം ശരീരം തീരെ വഴങ്ങാതിരുന്നപ്പോഴും മനസ്സിനും ബുദ്ധിക്കും ഒട്ടും ക്ഷീണമുണ്ടായിരുന്നില്ല. രണ്ടു വര്‍ഷമായി മരണത്തിനുള്ള തയാറെടുപ്പുകളിലായിരുന്നു. സ്വത്തുവകകള്‍ മക്കള്‍ക്ക് വീതിച്ചുകൊടുക്കാന്‍ മുന്‍കൂട്ടി ഏര്‍പ്പാടുകള്‍ ചെയ്തു.''
പണ്ഡിതന്മാരുടെ വിയോഗവും അവരുടെ വിടവ് നികത്താന്‍ പ്രാപ്തരായ പണ്ഡിതന്മാര്‍ ഉണ്ടാവാത്തതും ഒരു വലിയ ദുഃഖമായി എപ്പോഴും പറയുമായിരുന്നു. ഈ ദുഃഖത്തോടെ ഞാനങ്ങ് മരിച്ചുപോവുകയല്ലാതെ കാര്യമായ ശ്രമങ്ങളൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല എന്നും അദ്ദേഹം കാണുമ്പോള്‍ ഈയുള്ളവനോട് സങ്കടപ്പെടുമായിരുന്നു.
250-ല്‍ പരം പേജുകളിലായി സമൂഹത്തിന്റെയും പ്രസ്ഥാനത്തിന്റെയും കുടുംബത്തിന്റെയുമെല്ലാം വ്യത്യസ്ത തലങ്ങളിലുള്ള ധാരാളം പേര്‍ സ്മൃതി പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. ശിഷ്യന്മാര്‍ എന്ന ഒരു ശീര്‍ഷകത്തിന്റെ കുറവുള്ളതു പോലെ തോന്നി. ഇതര സംഘടനകളിലെ ടി.കെ സാഹിബിന്റെ പണ്ഡിത സുഹൃത്തുക്കളില്‍ മറ്റു ചിലരെ കൂടി ഉള്‍പ്പെടുത്താമായിരുന്നു.
വായിച്ചു കഴിയുമ്പോള്‍ നൂറ്റാണ്ടിനോ
ടടുത്തകാലം ഇസ്‌ലാമിന് വേണ്ടി നയിച്ച ഒരു മഹാനുഭാവന്റെ ധന്യമായ ജീവിതം വായനക്കാര്‍ക്ക് ഒരുപാട് പാഠങ്ങള്‍ പകര്‍ന്നു നല്‍കും എന്ന കാര്യത്തില്‍ സംശയമില്ല. 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 51-55
ടി.കെ ഉബൈദ്‌

ഹദീസ്‌

സദ്‌വിചാരം സല്‍കര്‍മമാണ്‌
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌