അട്ടിമറിക്കപ്പെടുന്ന ലിബറലിസവും സെക്യുലറിസവും
തീവ്ര വലത് പക്ഷ കക്ഷികള്‍ ഇന്ന് മുമ്പെങ്ങുമില്ലാത്ത വിധം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവ ജനപ്രീതിയാര്‍ജിക്കുന്നത് പൊതുവെ വികസ്വര - അവികസിത രാഷ്ട്രങ്ങളിലുമല്ല. മറിച്ച്, അഭിപ്രായ, മത, ചിന്താ സ്വാതന്ത്ര്യങ്ങള്‍ക്ക് പേരുകേട്ട വികസിത യൂറോപ്യന്‍ - അമേരിക്കന്‍ രാജ്യങ്ങളിലാണ്. ആ രാഷ്ട്രങ്ങളെ നയിക്കുന്നത് ലിബറലിസവും സെക്യുലറിസവും ആണെന്നതിനാല്‍ ബഹുസ്വരതയെ മാനിക്കുന്ന സമൂഹങ്ങളെന്ന ഖ്യാതി അവക്ക് ഉണ്ടായിരുന്നു. തീവ്ര വലതുപക്ഷ ചിന്തകള്‍ ശക്തിപ്പെടുകയും ജന സ്വീകാര്യത നേടുകയും ചെയ്തതോടെ ആ നാടുകളിലെ കുടിയേറ്റവിരുദ്ധ കക്ഷികള്‍ മാത്രമല്ല മധ്യപക്ഷ- ഇടതുപക്ഷ കക്ഷികളും വലതുപക്ഷ അജണ്ടകള്‍ പരസ്യമായി ഏറ്റെടുക്കുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. ഇത് മത, വംശീയ ന്യൂനപക്ഷങ്ങളുടെ ജീവിതം നരകതുല്യമാക്കുന്നുവെന്ന് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലിബറലിസത്തിനും സെക്യുലറിസത്തിനുമെതിരെയുള്ള അട്ടിമറിയാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്. മൗലികാവകാശങ്ങള്‍ പോലും കവര്‍ന്നെടുക്കപ്പെടാന്‍ ഇത് കാരണമാവുന്നു. ഈ അഭിപ്രായ സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും നേടിയെടുക്കാന്‍ ഫ്യൂഡലിസത്തിനും മത വംശീയ വിവേചനങ്ങള്‍ക്കുമെതിരെ യൂറോപ്യന്‍ സമൂഹങ്ങള്‍ നൂറ്റാണ്ടുകള്‍ നീണ്ട പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ചരിത്രം നമ്മോട് പറയുന്നു. ദുഃഖകരമെന്ന് പറയട്ടെ, അതേ തിന്മകളിലേക്ക് യൂറോപ്പ് ഇപ്പോള്‍ തിരിച്ചു നടക്കുകയാണ്.
റാഡിക്കല്‍ വിപ്ലവങ്ങളുടെയും ജ്ഞാനോദയത്തിന്റെയും നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്രാന്‍സ് തന്നെയാണ് അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതില്‍ മുന്‍പന്തിയില്‍. മതവിവേചനങ്ങളും പരസ്യമായിട്ടു തന്നെയാണ്. എല്ലാ മതങ്ങളെയും എതിരിടുന്ന തീവ്ര ഫ്രഞ്ച് സെക്യുലറിസം (ഹമശരശലേ) ആയിരുന്നല്ലോ നമ്മുടെ നാട്ടില്‍ പലരുടെയും മാതൃക. അതിന് ഇന്ന് എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന് അത്തരക്കാര്‍ പഠിക്കണം. ഇന്ന് ഫ്രഞ്ച് സെക്യുലറിസം ഒരു പ്രത്യേക മതത്തിനും മത വിഭാഗത്തിനുമെതിരെയാണ് എതിര്‍പ്പിന്റെ സകല കുന്തമുനകളും തിരിച്ചു വെച്ചിരിക്കുന്നത്. അതായത് ഇസ്ലാമിനും മുസ്ലിംകള്ക്കുമെതിരെ. ജൂത, ക്രൈസ്തവ മത നിലപാടുകള്‍ക്ക് അനുകൂലവുമാണ് ഈ നവ ഫ്രഞ്ച് സെക്യുലറിസം. കഴിഞ്ഞ ഫെബ്രുവരി 2-ന് അറബ് വംശജരായ ക്രിസ്ത്യന്‍ ആക്ടിവിസ്റ്റുകളോട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞത് ഇങ്ങനെ: ''പൗരസ്ത്യ ക്രൈസ്തവതയെ സഹായിക്കാന്‍ ഫ്രഞ്ച് സെക്യുലറിസം പ്രതിജ്ഞാബദ്ധമാണ്; അതൊരു ചരിത്ര ദൗത്യവുമാണ്.'' ഏതാനും വര്‍ഷങ്ങളായി ഒരു കാരണവും കാണിക്കാതെ നിരവധി മസ്ജിദുകളും മദ്റസകളും ഇസ്ലാമിക് സെന്ററുകളും അടച്ചു പൂട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രസിഡന്റാണ് ഇത് പറയുന്നതെന്നോര്‍ക്കണം. ശരിയാണ്, ഫ്രഞ്ച് സെക്യുലറിസം അതിതീവ്രമായിത്തന്നെ മതവിരുദ്ധമാണ്; പക്ഷേ ആ നിലപാട് ഒരു മതത്തിന് നേരെ മാത്രമേയുള്ളൂ എന്നു മാത്രം. പൊതുവെ ശാന്തമെന്ന് കരുതപ്പെടുന്ന സ്വീഡനില്‍ ഇതിനേക്കാളൊക്കെ ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അവിടത്തെ അറബ് വംശജരായ കുടുംബങ്ങളോട് ഭരണകൂടം അനുവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. സ്വീഡിഷ് സോഷ്യല്‍ സര്‍വീസസ് എന്ന ഗവണ്മെന്റ് സ്ഥാപനം അറബ് വംശജരായ കുട്ടികളെ അവരുടെ കുടുംബങ്ങളില്‍നിന്ന് അടര്‍ത്തിമാറ്റി പ്രത്യേകം സജ്ജമാക്കിയ ചില കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇരുപതിനായിരം കുട്ടികളെങ്കിലും ഇങ്ങനെ മാറ്റിപ്പാര്പ്പിക്കപ്പെട്ടിട്ടുണ്ടത്രെ. ഈ കുടുംബങ്ങള്‍ കുട്ടികളെ വേണ്ടപോലെ നോക്കുന്നില്ലെന്നും കുട്ടികളുടെ പരിരക്ഷ ഉറപ്പാക്കാനാണിതെന്നുമാണ് ഔദ്യോഗിക വിശദീകരണം. അറബ് വംശജരല്ലാത്ത മറ്റു കുടുംബങ്ങളിലെ കുട്ടികള്‍ക്കൊന്നും ഈ പരിരക്ഷ ആവശ്യമായി വരുന്നുമില്ല! ഇത് കടുത്ത വിവേചനമാണെന്ന് മാത്രമല്ല, കുട്ടികളെ ബലാല്ക്കാരം കുടുംബങ്ങളില്‍നിന്ന് പിഴുതു മാറ്റുകയെന്നത് ഭീകരമായ മനുഷ്യാവകാശ ലംഘനവുമാണ്. കുട്ടികളെ അവരുടെ മത, സാംസ്കാരിക പശ്ചാത്തലത്തില്‍ വളരാന്‍ അനുവദിക്കാതിരിക്കുക എന്ന തീവ്ര വലതുപക്ഷ അജണ്ടയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാവും.
ഇശശ്വേലിവെശു ശ െമ ുൃശ്ശഹലഴല, ിീ േമ ൃശഴവ േ(പൗരത്വം പ്രത്യേകാനുകൂല്യമാണ്, അവകാശമല്ല) എന്ന ആശയത്തിലൂന്നി നിയമ ഭേദഗതി കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ബ്രിട്ടന്. ഇതിന്റെയും ടാര്‍ഗറ്റ് അറബ് അഭയാര്‍ഥികളും നേരത്തെ പൗരത്വം ലഭിച്ച അറബ് വംശജരുമൊക്കെ തന്നെയാണ്. നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഏതൊരാളുടെയും പൗരത്വം ഭീകരതയും മറ്റും ആരോപിച്ച് അയാളെ അറിയിക്കുക പോലും ചെയ്യാതെ റദ്ദ് ചെയ്യാം. മോദി ഭരണകൂടത്തിന്റെ സി.എ.എയും എന്‍.ആര്.സിയുമൊക്കെ ഇതിനോട് ചേരുംപടി ചേരും. കേരളത്തിലെ ഇടതുപക്ഷം പോലും ഇസ്ലാമിക ചിഹ്നങ്ങളോടും മുസ്ലിം കൂട്ടായ്മകളോടും സ്വീകരിക്കുന്ന പ്രതിലോമപരമായ നിലപാടുകളെ ഇതിന്റെയൊക്കെ അനുരണനങ്ങളായേ കാണാനാവൂ. രാഷ്ട്രങ്ങളും ജനസമൂഹങ്ങളും അഭിമാനം കൊള്ളുന്ന ലിബറലിസവും മതനിരപേക്ഷതയുമൊക്കെ ചിതലരിച്ച് അകം പൊള്ളയായിരിക്കുന്നു എന്ന തിക്ത സത്യമാണ് ഇതെല്ലാം വിളിച്ചു പറയുന്നത്.
Comments