Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 03

3229

1443 റബീഉല്‍ ആഖിര്‍ 28

എ.കെ മുഹമ്മദ് ബശീര്‍

വി.എം മുജീബ് കണിയാപുരം

ജമാഅത്തെ ഇസ്‌ലാമി കണിയാപുരം പ്രാദേശിക ജമാഅത്ത് അംഗമായിരുന്നു എ.കെ മുഹമ്മദ് ബശീര്‍. അറിയപ്പെട്ട ദീനീപണ്ഡിതനും വിവിധ മഹല്ലുകളില്‍ ഖത്ത്വീബും മുദര്‍രിസുമായിരുന്ന അബ്ദുല്‍ കരീം മൗലവിയുടെയും ആഇശാ ബീവിയുടെയും രണ്ട് ആണ്‍മക്കളില്‍ മൂത്തയാളാണ്. വിവിധ ജില്ലകളിലെ സര്‍ക്കാര്‍ പ്രൈമറി വിദ്യാലയങ്ങളില്‍ അറബിഭാഷാധ്യാപകനായി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചു. വിരമിച്ച ശേഷം തിരുവനന്തപുരം അഴീക്കോട് വനിതാ അറബിക് കോളേജില്‍ അധ്യാപകനായി. അധ്യാപക ജീവിതം സമ്മാനിച്ച ശിഷ്യസമ്പത്ത് വിപുലമാണ്. മികച്ച അധ്യാപക പരിശീലകനായി കഴിവ് തെളിയിച്ച ബശീര്‍ സാര്‍ അറബി ഭാഷാധ്യാപക സംഘടനാ നേതാവെന്ന നിലയില്‍ അറബിഭാഷയുടെ പ്രചാരണത്തിനും വേണ്ടി പ്രയത്‌നിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആകര്‍ഷണീയമായ ഖുര്‍ആന്‍ പാരായണം കേട്ടുകൊണ്ടായിരുന്നു ഒരുപാട് കാലം റമദാനില്‍ പള്ളിയുടെ പരിസരവാസികള്‍ അത്താഴത്തിന് ഉണര്‍ന്നിരുന്നത്. ജില്ലയിലെ പല പ്രദേശങ്ങളിലും ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ വഴിയും അല്ലാതെയും ഖുര്‍ആന്‍ പഠിപ്പിച്ചു. കണിയാപുരം മുസ്‌ലിം ജമാഅത്ത് മഹല്ലിന്റെയും നിബ്രാസുല്‍ ഇസ്ലാം മദ്‌റസയുടെയും പരിപാലന കമ്മിറ്റികളില്‍ അംഗമായിരുന്നു. അഭിപ്രായങ്ങളും നിലപാടുകളും കണിശമായും നിര്‍ഭയമായും പ്രകടിപ്പിക്കുമ്പോഴും സൗഹൃദങ്ങള്‍ക്കും കുടുംബബന്ധങ്ങള്‍ക്കും പരിക്കേല്‍ക്കാതിരിക്കാന്‍ ശ്രദ്ധപുലര്‍ത്തി. 
വിശുദ്ധ ഖുര്‍ആനോട് പുലര്‍ത്തിയിരുന്ന വൈകാരികമായ അടുപ്പം ലളിതമായ ജീവിതം നയിക്കാനും വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ നേരിടേണ്ടി വന്ന കടുത്ത പരീക്ഷണങ്ങളെ മറികടക്കാനും അദ്ദേഹത്തെ പ്രാപ്തനാക്കി. കുടുംബത്തെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളുടെ പാരമ്പര്യം ഏറ്റെടുക്കാന്‍ പ്രാപ്തരാക്കുകയും ചെയ്തു. 
ഭാര്യ: റുഖിയാ ബീവി. മക്കള്‍: അനസ്, ഉനൈസ്, അന്‍വര്‍, ബുശ്‌റ, ഹസീന. മരുമക്കള്‍: സജിത് ഹസന്‍, റിഷാബ് മുഹമ്മദ്, സമീന, റംസി, ഷഹ്‌നാസ്.


ഖാജാ സാഹിബ്

മുതലമട പ്രദേശത്ത് ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ തുടക്കക്കാരില്‍ പ്രധാനിയായിരുന്നു  പ്രിയ സഹപ്രവര്‍ത്തകന്‍ ഖാജാ സാഹിബ് (62). അദ്ദേഹത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് മാധ്യമം ദിനപ്പത്രമാണ്. പത്രത്തിന്റെ വിതരണക്കാരനായി അദ്ദേഹം സഞ്ചരിച്ച കിലോമീറ്ററുകള്‍ക്ക് കണക്കുകളില്ല. വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന മുതലമട പ്രദേശത്ത് ആദ്യകാലത്തുതന്നെ പത്രത്തിന് നൂറിലധികം കോപ്പികള്‍ ഉണ്ടായിരുന്നു.
മറ്റൊന്ന് ങഅജ  ഖത്തര്‍ എന്ന കൂട്ടായ്മയിലൂടെ നടത്തിയ സേവന പ്രവര്‍ത്തനങ്ങളാണ്. കിഴക്കന്‍ പ്രദേശത്ത് നടത്തിയ നിരവധി  കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ങഅജ ഖത്തറിന്റെയും അതിനു നേതൃത്വം നല്‍കിയ ഖാജാ സാഹിബിന്റെയും കൈയൊപ്പുണ്ട്. ഹല്‍ഖാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.  ഹല്‍ഖാ നാസിമായും സെക്രട്ടറിയായും ദാറുസ്സലാം മസ്ജിദ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടക്ക് പയ്യലൂരും പുതുനഗരത്തും  മാറിത്താമസിച്ചപ്പോഴും അവിടെ ഇസ്‌ലാമിക പ്രവര്‍ത്തനവുമായി മുന്നോട്ടു പോവുകയോ അല്ലെങ്കില്‍ നാട്ടിലെ ഹല്‍ഖയില്‍ എത്തിച്ചേരുകയോ ചെയ്യുമായിരുന്നു. കണക്കുകളിലെ കൃത്യതയും സൂക്ഷ്മതയും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.
പല സന്ദര്‍ഭങ്ങളിലും പരീക്ഷിക്കപ്പെട്ട വ്യക്തി കൂടിയാണ് അദ്ദേഹം. അതെല്ലാം പുഞ്ചിരിയോടെ, ക്ഷമയോടെ അദ്ദേഹം നേരിട്ടു. ഏകദേശം ഒരു മാസം മുമ്പ് അസുഖ വിവരം അന്വേഷിക്കാന്‍ ചെന്നപ്പോഴും അദ്ദേഹത്തിന്റെ പുഞ്ചിരിക്കുന്ന മുഖം ഇപ്പോഴും ഓര്‍ക്കുന്നു.
കുടുംബക്കാരുമായുള്ള അഭിപ്രായവ്യത്യാസം ഒരിക്കലും അദ്ദേഹത്തിന്റെ കുടുംബബന്ധത്തിന് തടസ്സമായില്ല. മാത്രമല്ല നല്ല രീതിയില്‍ ചേര്‍ത്ത് മുന്നോട്ട് പോയിട്ടുമുണ്ട്.


ഷാജഹാന്‍ 


ഹംസ മൗലവി പട്ടേപ്പാടം


തൃശൂര്‍ ജില്ലയിലെ പട്ടേപ്പാടം പ്രദേശത്തെ  ഹംസ മൗലവി അല്ലാഹുവിങ്കലേക്ക് യാത്രയായി. ഖുര്‍ആന്‍ പാരായണവും പഠനവും ജീവിത്തിന്റെ ചര്യ തന്നെയായിരുന്നു മൗലവിക്ക്. കൂടുതല്‍ സമയവും ബാങ്കും നമസ്‌കാരവും ഖുര്‍ആന്‍ പാരായണവുമായി പള്ളിയില്‍ കഴിഞ്ഞുകൂടി. സുന്നത്ത് നമസ്‌കാരങ്ങളും നോമ്പുകളും മുടങ്ങാതെ അനുഷ്ഠിച്ചു.
പ്രവാസിയായിരുന്ന മൗലവി പിന്നീട് നാട്ടില്‍ തിരിച്ചെത്തുകയും പട്ടേപ്പാടം ടൗണ്‍ സുന്നി പള്ളിയിലെ ഇമാമും മദ്‌റസ അധ്യാപകനുമായി പ്രവര്‍ത്തിക്കുകയും ചെയ്തു. മജ്‌ലിസിന്റെ സിലബസ്സാണ് അന്ന് മൗലവി അവിടെ പഠിപ്പിച്ചിരുന്നത്. കുറച്ച് നാളുകള്‍ക്കു ശേഷം വീണ്ടും ഗള്‍ഫിലേക്ക് പോയി. പ്രവാസം മതിയാക്കി വന്നതിനു ശേഷം പള്ളിയും മദ്‌റസയുമായി മുഴുസമയം ചെലവഴിച്ചു. എന്ത് സംശയങ്ങള്‍ ചോദിച്ചാലും ഖുര്‍ആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍ വ്യക്തമായി മറുപടി നല്‍കും. തൃശൂര്‍ ചെമ്പുക്കാവില്‍ ജമാഅത്തിന്റെ സെന്ററിലും, വെളുത്ത കടവ് പള്ളിയിലും സേവനം ചെയ്തിരുന്നു.
അറബി ഭക്ഷണങ്ങള്‍ നന്നായി പാകം ചെയ്യുമായിരുന്നു. തൃശൂരും കൊടുങ്ങല്ലൂര്‍ എം.ഐ.ടിയിലും അതിഥികളായെത്തുന്ന അറബികള്‍ക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കാറുണ്ടായിരുന്നു.
പട്ടേപ്പാടം ഹല്‍ഖാ നാസിമും സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യയും മക്കളും മരുമക്കളുമെല്ലാം സജീവ പ്രസ്ഥാന പ്രവര്‍ത്തകരാണ്.


എം.എ അന്‍വര്‍, പട്ടേപ്പാടം

പി.കെ ഫാത്വിമ


കോഴിക്കോട് നഗരത്തിനടുത്ത വേങ്ങേരി പ്രസ്ഥാന ഭൂപടത്തില്‍ ആദികാലം മുതല്‍ക്കേ ഇടം പിടിച്ച പ്രദേശമാണ്. ഹാജി സാഹിബ് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കന്മാര്‍ക്കെല്ലാം ആതിഥ്യമരുളിയ കുടുംബങ്ങളും വീടുകളും വേങ്ങേരി ഗ്രാമത്തിന്റെ സവിശേഷതയായിരുന്നു. എന്റെ പിതൃ സഹോദരി ഫാത്വിമയും അവരുടെ ഭര്‍ത്താവ് മന്നക്ക എന്ന് അറിയപ്പെട്ട പി. അബ് ദുര്‍റഹ്മാനും ഇതില്‍ മുന്‍പന്തിയിലായിരുന്നു. അമ്മായിക്കും മന്നക്കാക്കും മക്കളുായിരുന്നില്ല. വേങ്ങേരി അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയിലെ വിദ്യാര്‍ഥികളെ മക്കളായി വരിക്കുകയും അവരുടെ കൊച്ചു സന്തോഷങ്ങള്‍ തങ്ങളുടെ വലിയ സന്തോഷങ്ങളായി മാറ്റുകയും ചെയ്തു. എന്‍.എം ശരീഫ് മൗലവി, യു.കെ ഇബ്‌റാഹീം അബൂസഹ്ല തുടങ്ങിയ പണ്ഡിതന്മാരും അധ്യാപകന്മാരും മദ്‌റസാ വിദ്യാഭ്യാസത്തിന് നേതൃത്വം നല്‍കിയ കാലത്ത് അവര്‍ക്ക് തണലായി നിലകൊള്ളാനും ഫാത്വിമ - റഹ്മാന്‍ ദമ്പതികള്‍ക്ക് കഴിഞ്ഞു.
നിരവധി പലചരക്ക് വ്യാപാരസ്ഥാപനങ്ങളുടെ ഉടമയായ അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ വരുമാനത്തില്‍ സിംഹഭാഗവും പ്രസ്ഥാന-ജീവകാരുണ്യ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചു. അതിന് പ്രചോദനവും പ്രോത്സാഹനവും നല്‍കിയത് ഫാത്വിമയാണ്.
മന്നക്ക, വലിയ വീട് പണിത് വിധവകളായ തന്റെ സഹോദരിമാരെയും അവരുടെ മക്കളെയും തന്റെ കൂടെ പാര്‍പ്പിക്കുകയും, അവരുടെ വിദ്യാഭ്യാസം, വിവാഹം, പ്രസവം തുടങ്ങിയ സര്‍വ ചെലവുകളും നടത്തിക്കൊടുക്കുകയും ചെയ്തു. വീട്ടിലെ വലിയൊരു ഭാഗം ജമാഅത്ത് നേതാക്കന്മാര്‍ക്കും മദ്‌റസയിലെ അധ്യാപകര്‍ക്കും താമസിക്കാനായി ഒഴിച്ചിട്ടിരിക്കുകയായിരുന്നു. അവരുടെ താമസം, ഭക്ഷണം തുടങ്ങി എല്ലാ കാര്യങ്ങളും ഭംഗിയായി നടത്തിക്കൊടുക്കുന്നതില്‍ അമ്മായി പ്രത്യേകം ശ്രദ്ധിച്ചു. 
വേങ്ങേരി അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയില്‍  എന്‍.എം. ശരീഫ് മൗലവിയുടെ നേതൃത്വത്തില്‍ നടന്ന ഖുര്‍ആന്‍ ക്ലാസിലെ പഠിതാക്കളായിരുന്നു ഫാത്വിമയും എന്റെ ഉമ്മ ഹലീമയും. ഇങ്ങനെ സൂറത്തുന്നൂര്‍ അര്‍ഥസഹിതം മനഃപാഠമാക്കാനുള്ള ഭാഗ്യം അവര്‍ക്കുണ്ടായി.
ഞങ്ങളില്‍ പ്രസ്ഥാനബോധം നട്ടുവളര്‍ത്തുന്നതില്‍ മാതാപിതാക്കളെ പോലെത്തന്നെ പങ്കു വഹിച്ച ഫാത്വിമ അമ്മായിയെയും ഭര്‍ത്താവ് അബ്ദുര്‍റഹ്മാനെയും നിറകണ്ണുകളോടെയല്ലാതെ ഓര്‍ക്കാനാവില്ല.
58-ാം വയസ്സില്‍ മരണപ്പെട്ട അബ്ദുര്‍റഹ്മാന് ജമാഅത്ത് അംഗത്വം ലഭിച്ചപ്പോള്‍, വേങ്ങേരി മദ്‌റസാ ഹാളില്‍ നാട്ടുകാരെയും പ്രസ്ഥാന പ്രവര്‍ത്തകരെയും ക്ഷണിച്ച് സന്തോഷസൂചകമായി ചായ സല്‍ക്കാരം നടത്തി. ഇരുവരുടെയും ഉള്ളില്‍ ജ്വലിച്ചുനിന്ന പ്രസ്ഥാനസ്‌നേഹം അടയാളപ്പെടുത്തിയ അനുഭവമായിരുന്നു അത്.
അമ്മായി മരിക്കുമ്പോള്‍ 94 വയസ്സ്. പൂര്‍ണ ആരോഗ്യവതിയായി ജീവിച്ച്, അവസാന നിമിഷം  താന്‍ പോറ്റിവളര്‍ത്തിയ കുടുംബാംഗങ്ങളുടെയും ബന്ധുജനങ്ങളുടെയും നിറസാന്നിധ്യത്തില്‍ അന്ത്യശ്വാസം വലിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.


പി.കെ ജമാല്‍


പഴയകത്ത് ഇമ്പിച്ചഹമ്മദ് (ബിച്ചുക്ക)


ഫറോക്കിലെ പ്രസ്ഥാന മേഖലയില്‍ നിറസാന്നിധ്യമായിരുന്നു പഴയകത്ത് ഇമ്പിച്ചഹമ്മദ് സാഹിബ്. 1970 മുതല്‍ അദ്ദേഹം പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. ആ കാലത്ത് ഫറോക്ക് പേട്ടയില്‍ അദ്ദേഹം നടത്തിയിരുന്ന സ്റ്റേഷനറി കട പ്രസ്ഥാന പ്രവര്‍ത്തനങ്ങളുടെ ഒരു കോണ്‍ടാക്ട് ഓഫീസായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. പ്രസ്ഥാന വിമര്‍ശകര്‍ക്ക് സരസമായി മറുപടി പറയാന്‍ അദ്ദേഹത്തിന് പ്രത്യേക കഴിവായിരുന്നു. 1980-ല്‍ ഫറോക്ക് ഇര്‍ശാദിയാ കോളേജിന്റെ തുടക്കം ഒരു ഓലഷെഡിലായിരുന്നു. പ്രസ്തുത ഷെഡിന്റെ നിര്‍മാണം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സേവന ശ്രമദാനത്തിലൂടെയാണ് നിര്‍മിച്ചത്.
പ്രബോധനവും പ്രസ്ഥാന സാഹിത്യങ്ങളും സമയബന്ധിതമായി വായിച്ചു തീര്‍ക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. ഏതാണ്ട് 20 വര്‍ഷത്തോളം സുഊദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളില്‍ പ്രവാസ ജീവിതം നയിച്ച അദ്ദേഹം അവിടങ്ങളിലെല്ലാമുള്ള തന്റെ സുഹൃദ് ബന്ധം പ്രാസ്ഥാനികമാക്കി മാറ്റാന്‍ ശ്രമിച്ചിട്ടുണ്ട്. പ്രസ്ഥാന ബന്ധുക്കള്‍, നേതാക്കള്‍, ഇര്‍ശാദിയാ കോളേജ് അധ്യാപക-വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട കുടുംബങ്ങളിലെ മരണങ്ങള്‍, വിവാഹങ്ങള്‍ എന്നിവ എത്ര വിദൂരപ്രദേശങ്ങളിലാണെങ്കിലും ചടങ്ങുകളില്‍ പോയി പങ്കെടുക്കുക അദ്ദേഹത്തിന്റെ രീതിയായിരുന്നു. വിദൂര പ്രദേശങ്ങളിലുള്ള തന്റെ കുടുംബങ്ങളുമായി ചാര്‍ച്ചയെ ചേര്‍ക്കുക നിഷ്ഠയായിരുന്നു. തന്റെ കുടുംബത്തെ പ്രസ്ഥാന പ്രവര്‍ത്തകരും സഹയാത്രികരുമാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പ്രസ്ഥാനത്തോടും നേതാക്കളോടുമുള്ള തന്റെ അദമ്യമായ സ്‌നേഹം നിലനി ര്‍ത്തുന്നതിന്റെ ഭാഗമായാണ് തന്റെ രണ്ട് ആണ്‍മക്കള്‍ക്ക് പ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ നേതാക്കളുടെ പേര് നല്‍കിയത്; അഫ്‌സല്‍ ഹുസൈന്‍, ഇഅ്ജാസ് അഹ്മദ് അസ്‌ലം. മകള്‍ ഖൈറുന്നിസ. ഭാര്യ ശരീഫ ഫറോക്ക് തുമ്പപ്പാടം വനിതാ ഹല്‍ഖ പ്രവര്‍ത്തകയാണ്.


ടി. അബ്ദുര്‍റസാഖ്, ഫറോക്ക് പേട്ട


ഹാജറ ബശീറുദ്ദീന്‍ 


മാള ഏരിയ മുന്‍ പ്രാദേശിക അമീറും കരൂപ്പടന്ന മസ്ജിദുര്‍റഹ്മ, ദാറുല്‍ ഉലൂം മദ്‌റസ എന്നിവയുടെ സ്ഥാപകനുമായ മര്‍ഹൂം ബശീറുദ്ദീന്‍ സാഹിബിന്റെ സഹധര്‍മിണി ഹാജറ ബശീറുദ്ദീന്‍ അല്ലാഹുവിങ്കലേക്ക്് യാത്രയായി. കരൂപ്പടന്ന വനിതാ ഹല്‍ഖയുടെ ആദ്യ നാസിമത്ത് ആയിരുന്നു.
ഒരുപാട് ശാരീരിക അവശതകള്‍ അനുഭവിക്കുന്നതിനിടയിലും രോഗികളെ സന്ദര്‍ശിക്കുന്നതിനും ആവശ്യമെങ്കില്‍ കഴിയുന്ന സാമ്പത്തിക സഹായങ്ങള്‍ ചെയ്യുന്നതിലും അതീവ തല്‍പരയായിരുന്നു 
അസുഖം മൂലം നേരിട്ട് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നില്ലെങ്കിലും പരോക്ഷമായ എല്ലാ സഹായങ്ങളും നല്‍കിയിരുന്നു. മക്കളും മരുമക്കളും പേരമക്കളും പ്രസ്ഥാന പാതയിലാണ്. 
പേരമകള്‍ സുഹാന ജി.ഐ.ഒ ഇരിങ്ങാലക്കുട ഏരിയാ പ്രസിഡന്റാണ്.

എം.ടി മൈമൂന

കുഞ്ഞിപ്പ ഹാജി


പരപ്പേരി (ആലത്തിയൂര്‍) മസ്ജിദുസ്സലാം സ്ഥാപിതമായതുമുതല്‍ പള്ളിയുമായി വളരെ അടുപ്പുള്ള വ്യക്തിയായിരുന്നു കുഞ്ഞിപ്പ ഹാജി എന്ന കുണ്ടനി ബാവ ഹാജിയുടെ മകന്‍ അഹമ്മദ് കുട്ടി (64). സ്വുബ്ഹ് ബാങ്ക് വിളിച്ചിരുന്നതും ഇമാമിന്റെ അഭാവത്തില്‍ ജമാഅത്തിന് നേതൃത്വം കൊടുത്തിരുന്നതും അദ്ദേഹമായിരുന്നു. വിശുദ്ധ ഖുര്‍ആനിലെ പല വലിയ അധ്യയങ്ങളും അദ്ദേഹത്തിന് ഹൃദിസ്ഥമായിരുന്നു. തന്റെ കൃഷിയിടങ്ങളില്‍ കഠിനാധ്വാനം ചെയ്യുക അദ്ദേഹത്തിന്റെ ദിനചര്യയും വിനോദവും ആവേശവുമായിരുന്നു. ഫലവൃക്ഷങ്ങളും അലങ്കാര ചെടികളും നട്ടുവളര്‍ത്തുകയും അവക്ക് പുതിയ സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുമായിരുന്നു. വീടിനു ചുറ്റും മനോഹരമായി സംവിധാനിച്ച ഫലവൃക്ഷങ്ങളും പൂച്ചെടികളും കാണാന്‍ സന്ദര്‍ശകര്‍ എത്താറുണ്ട്. പ്രബോധനം വായനക്കാരനും സരസമായി രാഷ്ട്രീയം പറയാന്‍ മിടുക്കനുമായിരുന്നു കുഞ്ഞിപ്പ ഹാജി. ഇടതുപക്ഷ സഹയാത്രികനായിരുന്നുവെങ്കിലും ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനത്തോട് സഹകരിക്കുകയും പിന്തുണക്കുകയും ചെയ്തു. അലസമായി സമയം ചെലവഴിക്കുന്നതും അങ്ങാടിയില്‍ ചുറ്റിത്തിരിയുന്നതും അദ്ദേഹത്തിനിഷ്ടമായിരുന്നില്ല.
അന്യം നിന്നുപോയ കാര്‍ഷിക വൃത്തിയോടുള്ള സമര്‍പ്പണമായിരുന്നു കുഞ്ഞിപ്പ ഹാജിയുടെ സവിശേഷത.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ -65-70
ടി.കെ ഉബൈദ്‌

ഹദീസ്‌

തീവ്രത എല്ലാം നഷ്ടപ്പെടുത്തും
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌