Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 03

3229

1443 റബീഉല്‍ ആഖിര്‍ 28

സര്‍വവേദ സത്യവാദം ഇസ്‌ലാമിന്റെ ഹൈന്ദവവല്‍ക്കരണ ശ്രമം

ടി. മുഹമ്മദ് വേളം

സര്‍വമത സത്യവാദത്തിന്റ പുതിയ മലയാളപതിപ്പാണ് സി.എച്ച് മുസ്തഫ മൗലവിയും സംഘവും അവതരിപ്പിക്കുന്ന സര്‍വവേദ സത്യവാദം. എല്ലാ സര്‍വമത സത്യവാദങ്ങള്‍ക്കും ഹിന്ദുമതത്തോട് ഒരു ചായ്വ് ഉണ്ടായിരിക്കും. സര്‍വമത സത്യവാദത്തിന്റെ  ഈ പുതിയ മലയാളം എഡിഷന് പ്രസ്തുത ചായ്വ് വളരെ അധികവുമാണ്. രാജ്യത്ത് നിലവിലുള്ള രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് 'ഹൈന്ദവ ഇസ്‌ലാമി'നെ അവതരിപ്പിക്കാനുള്ള ശ്രമമാണ് ഈ സംഘം നടത്തുന്നത്. പുതിയ സാഹചര്യത്തില്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഇസ്‌ലാമിനെതിരായ പല യുദ്ധമുന്നണികളില്‍ ഒന്നായാണ് ഇതിനെ മനസ്സിലാക്കാന്‍ സാധിക്കുക. ഈ മുന്നണികള്‍ തമ്മില്‍ പലതരത്തിലുള്ള സൗഹൃദങ്ങള്‍ ഉണ്ട് എന്നതും സത്യമാണ്. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും  ഏറ്റവും വലിയ ശത്രുക്കളായ സംഘ് പരിവാറും ഈ സര്‍വവേദ സത്യവാദികളും തമ്മിലുള്ള പരസ്പര ബന്ധത്തിന്റെ പല തെളിവുകളും ഇപ്പോള്‍  പുറത്തുവന്നിട്ടുണ്ട്.
ഇന്ത്യയുടെയും ഹിന്ദു സംസ്‌കാരത്തിന്റെയും ചരിത്രം പരിശോധിച്ചാല്‍ അതിനകത്തെ നവോത്ഥാനത്തിന്റെയും പരിഷ്‌കരണത്തിന്റെയും ഒരു പൊതുസ്വഭാവം ഹിന്ദുമതത്തെ എത്രയെങ്കിലും അളവില്‍ ഇസ്‌ലാമികവല്‍ക്കരിക്കുക എന്നതായിരുന്നു. പ്രമുഖ ഹൈന്ദവ നവോത്ഥാന നായകനായ രാജാറാം മോഹന്‍ റോയ് ഇസ്‌ലാമിലെ തൗഹീദീ സങ്കല്‍പ്പത്തെക്കുറിച്ച് 'തുഹ്ഫത്തുല്‍ മുവഹ്ഹിദീന്‍' എന്ന പേരില്‍ പേര്‍ഷ്യന്‍ ഭാഷയില്‍ ഒരു ലഘുകൃതി രചിച്ചിട്ടുണ്ട്. അദ്ദേഹം തന്നെ അതിന്റെ സംഗ്രഹം അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുമുണ്ട്. ഇസ്‌ലാമിനെതിരെ അതിശക്തമായ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ട ദയാനന്ദ സരസ്വതി പോലും ചെയ്യുന്നത് ഇസ്‌ലാമിന്റെ മാതൃകയില്‍ ഹിന്ദുമതത്തെ പുനഃസംഘടിപ്പിക്കുകയാണ്. വിഗ്രഹാരാധനയെ നഖശിഖാന്തം എതിര്‍ത്ത ശ്രീനാരായണ ഗുരുവിലും ഇസ്‌ലാമിക പണ്ഡിതന്മാരുടെ പ്രകടമായ സ്വാധീനം കാണാന്‍ കഴിയും. വിഗ്രഹാരാധനാവിരുദ്ധത ഹൈന്ദവ സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ കാണാന്‍ കഴിയുന്ന പൊതുഘടകം ആണ്.
എന്നാല്‍ ചരിത്രത്തില്‍ ചില റിവേഴ്സ് ഗിയറുകളും  കാണാന്‍ കഴിയും. അതില്‍ ഏറ്റവും വലിയ ഉദാഹരണം അക്ബര്‍ ചക്രവര്‍ത്തി ഉണ്ടാക്കിയ ദീനെ ഇലാഹി എന്ന പുത്തന്‍ മതമാണ്. അതൊരു സങ്കര മതമായിരുന്നു. ഇസ്‌ലാമിനേക്കാള്‍ ഹിന്ദുമതത്തോടാണ് അതിന് അടുപ്പം ഉണ്ടായിരുന്നത്. അക്ബറിന്റെ ദീനെ ഇലാഹിയെക്കുറിച്ച് അബുല്‍ ഹസന്‍ അലി നദ്‌വി എഴുതുന്നു: ''ഏകദൈവ വിശ്വാസത്തിനു പകരം സൂര്യനമസ്‌കാരവും നക്ഷത്ര പൂജയും, പരലോക വിശ്വാസത്തിനു പകരം പുനര്‍ജന്മ സിദ്ധാന്തവും അതിന് അടിസ്ഥാനമാക്കപ്പെട്ടു. പലിശ, ചൂതാട്ടം, മദ്യപാനം, പന്നിമാംസം എന്നിവ അനുവദനീയമാക്കി; ഗോവധം നിരോധിക്കപ്പെട്ടു'' (ഇസ്‌ലാമിലെ നവോത്ഥാന നായകന്മാര്‍ ഭാഗം 2,  പേജ് 162). സഹസ്രാബ്ദത്തിലെ നവോത്ഥാന നായകന്‍ ശൈഖ് അഹ്മദ് സര്‍ഹിന്ദിയുടെ പരിശ്രമഫലമായാണ് രാജാധികാരത്തിന്റെ പിന്‍ബലത്തോടെ  പ്രചരിപ്പിക്കപ്പെട്ട ഈ വഴികേടിനെ മറികടക്കാന്‍ അന്നത്തെ മുസ്‌ലിം സമുദായത്തിന് സാധിച്ചത്.
പുതിയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഇസ്‌ലാമിനെ ഹൈന്ദവവല്‍ക്കരിക്കാന്‍ നടത്തുന്ന ദുര്‍ബലമായ ശ്രമമാണ് ഈ സര്‍വവേദ സത്യവാദം;  മത സംസ്‌കാര ചരിത്രത്തിലെ റിവേഴ്സ് ഗിയറിനുള്ള ഒരു ദുര്‍ബലശ്രമം. പിഴച്ച സൂഫിസങ്ങളുടെ രൂപത്തില്‍ ചരിത്രത്തില്‍ പല ഘട്ടങ്ങളില്‍ ഇത് നടന്നിട്ടുണ്ട്. പിഴച്ച സൂഫിസം എന്നത് മിക്കവാറും ഹൈന്ദവവല്‍ക്കരിക്കപ്പെട്ട ഇസ്‌ലാമാണ്.
സര്‍വവേദ സത്യവാദത്തിന്റെ പ്രചാരകരുടെ സംഘടനാ സംവിധാനമായ സെന്റര്‍ ഫോര്‍ ഇന്‍ക്ലൂസീവ് ഇസ്‌ലാം ആന്റ് ഹ്യൂമനിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍ മൂന്നാമത്തേതായി പറയുന്നു: 'ശരീഅത്ത് കാലാനുസൃതമായി നവീകരിക്കണം. സനാതന മൂല്യങ്ങളില്‍ അഥവാ ദീനില്‍ മാറ്റം ആവശ്യമില്ല; എന്നാല്‍ ശരീഅത്ത്  വ്യാവഹാരിക നിയമങ്ങളാണ്. അത് നവീകരിക്കപ്പെട്ടുകൊണ്ടിരിക്കണം. നിരന്തര ഗവേഷണങ്ങളും പഠനങ്ങളും നടത്തേണ്ടതുണ്ട്. കാലാനുസൃതം മാത്രമല്ല ദേശാനുസൃതമായും മാറ്റങ്ങള്‍ അനിവാര്യമാണ്' (ഇസ്‌ലാമിലെ മോക്ഷ സിദ്ധാന്തം, സി.എച്ച് മുസ്തഫ മൗലവി, പേജ് 109,110).
ശരീഅത്തിന്റെ ഈ ദേശാനുസൃതമായ മാറ്റമെന്നു പറയുന്നത് ഇസ്‌ലാമിന്റെ ഭാരതവല്‍ക്കരണമാണ്. സര്‍വവേദ സത്യവാദികളുടെ അടിസ്ഥാന തത്ത്വങ്ങള്‍ എണ്ണിപ്പറയുന്നതിന്റെ ഭാഗമായി പ്രസ്തുത രേഖ തുടര്‍ന്നു പറയുന്നു: 'പ്രാദേശിക സംസ്‌കാരങ്ങളെ കൂടി സ്വാംശീകരിക്കുന്ന ദര്‍ശനമാണ് ഇസ്‌ലാം. ആരാധനാ അനുഷ്ഠാനങ്ങളിലൊഴികെ മറ്റെല്ലാ കാര്യങ്ങളിലും പ്രാദേശിക സംസ്‌കാരത്തോട് ചേര്‍ന്നു നില്‍ക്കണം. വസ്ത്രം, ഭക്ഷണം, ആഘോഷം, ഭാഷ, കല, വിനോദം തുടങ്ങിയ കാര്യങ്ങളിലെല്ലാമാണ് പ്രാദേശികമായി നന്മകളെ ഉള്‍ക്കൊള്ളേണ്ടത്.' ഈ പ്രാദേശിക നന്മ യഥാര്‍ഥത്തില്‍ ഹൈന്ദവവും സവര്‍ണവുമായ പ്രാദേശികതയും നന്മയുമാണ്. സി.എച്ച് മുസ്തഫ മൗലവിയുടെ മറ്റു വാദമുഖങ്ങള്‍ പരിശോധിച്ചാല്‍ അത് എളുപ്പത്തില്‍ ബോധ്യമാകും. ബലി പെരുന്നാളില്‍ വിശ്വാസികള്‍ നടത്തുന്ന ബലികര്‍മത്തിനെതിരെ അദ്ദേഹം നടത്തിയ പ്രഭാഷണം യൂട്യൂബില്‍ ലഭ്യമാണ്. അതിലെ വാദങ്ങളെ ഇങ്ങനെ സമാഹരിക്കാം:
1. ബലി ഇസ്‌ലാമില്‍ മൗഖൂഫായ  ഇബാദത്തല്ല; അതിന്റെ രൂപഭാവങ്ങള്‍ ഇജ്തിഹാദിയ്യാണ്.
2. ആഹാരത്തില്‍ തന്നെ മാംസാഹാരം പ്രധാനമായ മരുഭൂമിയില്‍ മൃഗബലി പ്രസക്തമായിരുന്നു. എന്നാല്‍ ആഹാരത്തില്‍നിന്ന് മാംസം മാറ്റിനിര്‍ത്താന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന കേരളത്തില്‍ മൃഗബലി പ്രസക്തമല്ല. അത് പുണ്യം അല്ലെന്നു മാത്രമല്ല ഒരുവേള പാപത്തിനു തന്നെ കാരണമാകും.
3. ആഹാരത്തിനുവേണ്ടി അറുക്കുന്നതില്‍ ജൈവികമായ ഒരു ക്രമവും യുക്തിയും ഉണ്ട്. എന്നാല്‍ ദൈവപ്രീതിക്കു വേണ്ടി അറുക്കുന്നതിന് ഒരു ന്യായവുമില്ല.
4. അത് ദൈവം കാരുണ്യവാനാണ്, പ്രവാചകനെ കാരുണ്യമായിട്ടാണ് നിയോഗിച്ചത് എന്നീ ഇസ്‌ലാമിക തത്ത്വങ്ങള്‍ക്ക് എതിരാണ്.
മതത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ അദ്ദേഹത്തിന്റെ ഭാഷയില്‍ 'ദീന്‍' മാത്രമാണ്. അതാണ് കാലാതിവര്‍ത്തിയായി നില്‍ക്കേണ്ടത്. നമ്മുടെ കാലത്തും  അങ്ങനെത്തന്നെ. അതായത്, ശരീഅത്ത് കാലത്തിനും ദേശത്തിനും അനുസരിച്ച് മാറ്റേണ്ടതാണ് എന്ന സിദ്ധാന്തമുള്ള മുസ്തഫ മൗലവി  ബലിയിലെ മൗഖൂഫിനെക്കുറിച്ചും ഇജ്തിഹാദിനെക്കുറിച്ചും  സംസാരിക്കുന്നത് തട്ടിപ്പാണ്. മരുഭൂമിയില്‍ മാത്രമല്ല ഇന്ത്യയിലും കേരളത്തിലുമെല്ലാം ജനങ്ങളുടെ ആഹാരത്തിന്റെ് ഭാഗമാണ് മാംസം. മാംസഭക്ഷണം ജനങ്ങള്‍ വെറുക്കുന്നു എന്നത് സവര്‍ണ ഹൈന്ദവ ബോധത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ചിന്തിക്കുന്നതിന്റെ ഫലമായി ഉണ്ടായിത്തീരുന്ന വസ്തുതാവിരുദ്ധമായ വാദഗതിയാണ്. ഇന്ത്യയിലെയും കേരളത്തിലെയും ഭൂരിപക്ഷം ജനങ്ങളും മാംസം ഭക്ഷിക്കുന്നവരാണ്. ഇതിന്റെ പിറകില്‍ പ്രവര്‍ത്തിക്കുന്ന ചേതോവികാരം ഇസ്‌ലാമിനെ ഹൈന്ദവ സംസ്‌കാരവുമായി ഒപ്പിക്കുക എന്നതാണ്. സവര്‍ണ ഹൈന്ദവ സംസ്‌കാരത്തില്‍ മാംസം നിഷിദ്ധമാക്കുന്നതാകട്ടെ പശു ആരാധിക്കപ്പെടുന്ന ദൈവം ആയതുകൊണ്ടും.
ഈ പശുഭക്തിയുടെ കടക്കല്‍ കത്തിവെക്കാന്‍ വേണ്ടി തന്നെയാണ്  ഇസ്‌ലാം മൃഗബലി നിശ്ചയിച്ചത്. ബലിയിലെ രക്തമോ മാംസമോ ദൈവത്തിങ്കല്‍ എത്തിച്ചേരുന്നില്ല, ഭക്തിയാണ് എത്തിച്ചേരുന്നത് എന്ന ഖുര്‍ആനിക വാക്യം ബലിക്കെതിരായി മുസ്തഫ മൗലവി ഉദ്ധരിക്കുന്നുണ്ട്. എന്നാല്‍ ആ ആയത്തിന്റെ തൊട്ടു മുകളിലെ വാക്യത്തില്‍ അല്ലാഹു പറയുന്നത്, ബലിമൃഗത്തെ അവന്‍ ദൈവ ചിഹ്നം ആക്കിയിരിക്കുന്നു എന്നാണ്. 'അതില്‍ നിങ്ങള്‍ക്ക് പല ഉപകാരങ്ങളും ഉണ്ട്. അതിനാല്‍ ബലിമൃഗത്തെ കാലുകളില്‍ നിര്‍ത്തിക്കൊണ്ട് അവന്റെ നാമം ഉച്ചരിക്കുക. അത് ഭൂമിയില്‍ പതിച്ചുകഴിഞ്ഞാല്‍ ഭക്ഷിക്കുകയും ഉള്ളതുകൊണ്ട് സംതൃപ്തനായി അടങ്ങിക്കഴിയുന്നവനെയും സ്വന്തം ഇല്ലായ്മ തുറന്നുപറയുന്നവനെയും ഊട്ടുകയും ചെയ്യുക. നിങ്ങള്‍ക്ക് ആ മൃഗങ്ങളെ ഈ വിധം നാം കീഴ്പ്പെടുത്തിത്തന്നിരിക്കുന്നു, നിങ്ങള്‍ നന്ദി കാണിക്കേണ്ടതിന്' (സൂറ ഹജ്ജ് 36) എന്ന ആയത്ത് അദ്ദേഹം ബോധപൂര്‍വം കാണാതിരിക്കുകയും ചെയ്യുന്നു. ഈ വിധത്തില്‍ ഖുര്‍ആനിനെ നോക്കിക്കണ്ടാല്‍ ഇസ്ലാമിന്റെ ഹൈന്ദവവല്‍ക്കരണം അസാധ്യമാവും എന്നതുകൊണ്ടാണ് അദ്ദേഹം ഖുര്‍ആനില്‍നിന്ന് ചിലത് എടുക്കുകയും ചിലത് തള്ളിക്കളയുകയും ചെയ്യുന്നത്.
ഹൈന്ദവ, ക്രൈസ്തവ വേദഗ്രന്ഥങ്ങള്‍ ഇപ്പോഴുള്ള രൂപത്തില്‍ തന്നെ ദൈവിക ഗ്രന്ഥങ്ങള്‍ ആണ് എന്നതാണ്  സര്‍വവേദ സത്യവാദികള്‍ മുന്നോട്ടു വെക്കുന്ന പ്രധാന വാദഗതി. അതിലൂടെ ഹൈന്ദവ വേദങ്ങളിലും ഇതിഹാസങ്ങളിലും അടക്കം നിലനില്‍ക്കുന്ന എല്ലാ മനുഷ്യവിരുദ്ധതകളെയും ദൈവികമാക്കി മാറ്റാന്‍ കഴിയും. ഹൈന്ദവ സംസ്‌കാരത്തിന്റെ എല്ലാ ദലിത്‌വിരുദ്ധതകളും വെള്ളപൂശപ്പെടുകയും ദൈവികമാക്കപ്പെടുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രായോഗിക ഫലം.
ഇന്ത്യയുടെ ചരിത്രത്തില്‍ വൈദിക ബ്രാഹ്മണ മതത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിച്ച ദര്‍ശനം ഇസ്‌ലാം മാത്രമാണ്. ബുദ്ധമതവും ജൈനമതവും പോലെയുള്ള ഇന്ത്യയിലെ ഹൈന്ദവേതര മതങ്ങള്‍ക്കോ ജൂതമതം, ക്രിസ്തുമതം പോലെ പുറത്തുനിന്നു വന്ന മറ്റു മതദര്‍ശനങ്ങള്‍ക്കോ കമ്യൂണിസം പോലുള്ള  ഭൗതിക പ്രത്യയശാസ്ത്രങ്ങള്‍ക്കോ ഈ പ്രതിരോധം  സാധ്യമായിട്ടില്ല. ഇസ്‌ലാമിന്റെ ഈ പ്രതിരോധശേഷിയെ ഷണ്ഡീകരിക്കാനുള്ള വ്യഥാ ശ്രമമാണ് സര്‍വവേദ സത്യവാദികള്‍ നടത്തുന്നത്. ബ്രാഹ്മണ മതത്തെ അതിജയിക്കാനുള്ള ഇസ്‌ലാമിന്റെ ശേഷിയെ മുസ്‌ലിംകളോ വിശ്വാസികള്‍ പോലുമോ അല്ലാത്ത പലരും പ്രാധാന്യപൂര്‍വം ചൂണ്ടിക്കാട്ടിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ദേശീയതലത്തില്‍ പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കരും കേരളത്തില്‍ കെ.കെ കൊച്ചും   ഇവരില്‍ പ്രമുഖരാണ്.
മുസ്തഫ മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷക്ക് പുറമേയുള്ള മറ്റൊരു പുസ്തകമാണ് 'ഇസ്‌ലാമിലെ മോക്ഷ സിദ്ധാന്തം.' അതിലെ രണ്ടാം അധ്യായം  സര്‍വവേദ സത്യവാദിയായ ഒരു ജ്യേഷ്ഠനും ആ ആശയധാരക്കു പുറത്തുള്ളത് എന്ന സങ്കല്‍പ്പിക്കപ്പെടുന്ന  അനുജനും തമ്മിലുള്ള സംവാദത്തിന്റെ രൂപത്തിലുള്ളതാണ്. അതില്‍, ഈ വാദം സര്‍വമത സത്യവാദം അല്ലേ എന്നും മറ്റു മതവിശ്വാസികളുടെ കൈവശമുള്ള വേദഗ്രന്ഥങ്ങളില്‍ പലതരത്തിലുള്ള കലര്‍പ്പുകള്‍ ഉണ്ടായിട്ടില്ലേ എന്നുമുള്ള ചോദ്യത്തിന് നല്‍കുന്ന മറുപടി ഇപ്രകാരമാണ്: 'സര്‍വവേദ സത്യവാദം എന്നു വിളിക്കാം, ഒരു പേരു കൂടിയേ തീരൂ എന്നുണ്ടെങ്കില്‍, അതാണ് നല്ലത്. പിന്നെ ഈ പേരുവിളിക്കു പിന്നില്‍ മറ്റൊരു മനശ്ശാസ്ത്രമുണ്ട്.  ചാപ്പകുത്തി മാറ്റിനിര്‍ത്തുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യാന്‍ ഏറ്റവും നല്ല വഴി അതിന് സഹായകമാകുന്ന ഒരു പേര് ചാര്‍ത്തുക എന്നതാണ്. ആദ്യം ആ പേര് വളരെ വലിയ പ്രശ്നം ഉല്‍പാദിപ്പിക്കുന്നത് ആണെന്ന് പ്രചരിപ്പിക്കുക. പിന്നീട് തങ്ങള്‍ക്ക് അനഭിമതരായവരുടെ നെറ്റിയില്‍ ആ പേര് ഒട്ടിച്ചുവെക്കുക, സര്‍വമത സത്യവാദം എന്ന നാമകരണത്തിനു പിന്നിലെ അജണ്ട അതാണ്.' ഇങ്ങനെ പറയുന്നതല്ലാതെ ഈ സര്‍വവേദ സത്യവാദം എവിടെയാണ് സര്‍വമത സത്യവാദത്തില്‍നിന്ന് വ്യതിരിക്തമാവുന്നത് എന്ന് വിശദീകരിക്കുന്നില്ല.
ഇസ്‌ലാമിന്റെ സ്ഥൂലവും  സൂക്ഷ്മവുമായ രാഷ്ട്രീയം കുടികൊള്ളുന്നത് അതിന്റെ ശരീഅത്തിലാണ്. ആ ശരീഅത്തിനെ റദ്ദ് ചെയ്യുകയും അതുവഴി ഇസ്‌ലാമിക സംസ്‌കാരത്തെ മറ്റു അധീശ സംസ്‌കാരങ്ങളില്‍ ലയിപ്പിച്ചു ചേര്‍ക്കുകയും ചെയ്യുക എന്നതാണ് ഈ സര്‍വവേദ സത്യവാദത്തിന്റ യഥാര്‍ഥ പദ്ധതി. അതുവഴി ഇസ്‌ലാമിക സംസ്‌കാരത്തിന്റെ സജീവസാന്നിധ്യം കൊണ്ട് ഇന്ത്യയിലെ ജാതി മേധാവിത്ത ശക്തികള്‍ നേരിടുന്ന ഒരു 'ശല്യം' ഒഴിവാക്കിയെടുക്കാന്‍ ശ്രമിക്കുക എന്നതാണ് ഇതിന്റെ പല ഉദ്ദേശ്യങ്ങളില്‍ ഒന്ന്. ഹിന്ദുത്വ രാഷ്ട്രീയത്തോടൊപ്പം യാത്ര ചെയ്യാനാഗ്രഹിക്കുന്ന ആശയസംഹിതയാണ് ഈ സര്‍വമത സമത്വവാദം.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ -65-70
ടി.കെ ഉബൈദ്‌

ഹദീസ്‌

തീവ്രത എല്ലാം നഷ്ടപ്പെടുത്തും
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌