വഖ്ഫ് ബോര്‍ഡ് നിയമനം ഇടതുപക്ഷം വീണ്ടും വിഭാഗീയ രാഷ്ട്രീയം കളിക്കുന്നു
പുഷ്‌പേന്ദ്ര കുല്‍ശ്രേസ്ത എന്നൊരാളുടെ വീഡിയോ ഈയിടെ ഹിന്ദി ബെല്‍റ്റുകളില്‍ വൈറലാവുകയുണ്ടായി. അയാള്‍ പറയുന്ന കാര്യം ഇതാണ്: 2013-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ വഖ്ഫ് ആക്ടിലെ 40-ാം ഖണ്ഡിക അടിയന്തരമായി നീക്കം ചെയ്യണം. അല്ലാത്തപക്ഷം ആ ഖണ്ഡിക ഉപയോഗിച്ച് ഹിന്ദുക്കളുടെ മുഴുവന്‍ പൈതൃക ഭൂമിയും വഖ്ഫ് ബോര്‍ഡിന് പിടിച്ചെടുക്കാം. വഖ്ഫ് ബോര്‍ഡ് ഒരു ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റിന് ഏതെങ്കിലും ഭൂമി തങ്ങളുടേതാണെന്നു പറഞ്ഞ് പരാതി കൊടുത്താല്‍ ഇരുപത്തിനാല് മണിക്കൂറിനകം ഈ ഖണ്ഡിക പ്രകാരം ആ ഭൂമിയിലെ താമസക്കാരെ ഒഴിപ്പിക്കാം. താമസക്കാരുടെ കൈയില്‍ എത്ര രേഖകളുണ്ടായിട്ടും കാര്യമില്ല. നിയമപരമായി അതൊന്നും നിലനില്‍ക്കുകയില്ല... നട്ടാല്‍ മുളക്കാത്ത നുണകള്‍ മാത്രമുള്ള, അതിവൈകാരികത നിറഞ്ഞ ആ വീഡിയോ സമുദായങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും ഇളക്കിവിടാന്‍ മനഃപൂര്‍വം ചമച്ചുണ്ടാക്കിയതാണെന്ന് വ്യക്തം. അധികാര കേന്ദ്രങ്ങളും അയാള്‍ക്ക് പിന്നിലുണ്ടെന്ന് ഉറപ്പ്. എല്ലാം ഹിന്ദിയിലായതുകൊണ്ടാണോ എന്തോ മുഖ്യധാരാ ഇംഗ്ലീഷ് മീഡിയയില്‍ ഇതു സംബന്ധമായ ഒരു വാര്‍ത്ത പോലും കാണാന്‍ കഴിഞ്ഞിട്ടില്ല. വഖ്ഫ് സംരക്ഷണ നിയമങ്ങളൊക്കെ എടുത്തുകളഞ്ഞ് വഖ്ഫ് സ്വത്തുക്കള്‍ കൈയടക്കുകയാണ് ഈ വിഷലിപ്ത കാമ്പയിന്റെ ലക്ഷ്യമെന്ന് പകല്‍ പോലെ വ്യക്തം.
തീവ്ര ഹിന്ദുത്വ ശക്തികള്‍ കള്ളങ്ങള്‍ മാത്രം അടുക്കിവെച്ച് ഇങ്ങനെയൊരു കാമ്പയിന്‍ നടത്തുന്നതില്‍ യാതൊരു അത്ഭുതവുമില്ല. അതവരുടെ പ്രഖ്യാപിത നയമാണ്. ഇതിനെ പ്രതിരോധിക്കാന്‍ സംസ്ഥാനങ്ങളിലെ സെക്യുലര്‍ ഗവണ്‍മെന്റുകള്‍ രംഗത്തു വരും എന്നാണ് നമ്മുടെ പ്രതീക്ഷയെങ്കിലും, കേരളത്തിലെ ഇടതുപക്ഷ ഭരണകൂടം വഖ്ഫ് കാര്യത്തില്‍ ഇതിന് പ്രോത്സാഹനമാകുന്ന നിലപാടുകള്‍ സ്വീകരിക്കുന്നു എന്നത് നമ്മെ അമ്പരപ്പിക്കുന്നു. വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കം അതില്‍ ഒടുവിലത്തേതാണ്. മുസ്‌ലിം ലീഗ് യു.ഡി.എഫ് അധികാരത്തിലിരിക്കുമ്പോള്‍ സ്വന്തക്കാര്‍ക്ക് വഖ്ഫ് ബോര്‍ഡ് വഴി നിയമനം നല്‍കുന്നു എന്ന പുകമറ സൃഷ്ടിച്ചുകൊണ്ടാണ് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഈ നിയമം കഴിഞ്ഞ നവംബര്‍ ഒമ്പതിന് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുകള്‍ വകവെക്കാതെ പാസ്സാക്കിയെടുത്തിരിക്കുന്നത്. മുസ്‌ലിം സമുദായത്തില്‍നിന്ന് അധികാരത്തിന്റെ അപ്പത്തുണ്ടുകള്‍ക്ക് വേണ്ടി വരിനില്‍ക്കുന്ന ചില സംഘങ്ങള്‍ മാത്രമേ ഇതിനെ പിന്തുണച്ച് രംഗത്തുള്ളൂ. സമുദായത്തിന്റെ രോഷം പേടിച്ച് അവര്‍ പോലും പ്രതികരണത്തില്‍ വല്ലാതെ കരുതുന്നുണ്ട്.
എല്ലാ അര്‍ഥത്തിലും ഭരണഘടനാവിരുദ്ധമാണ് ഈ നീക്കം. കേന്ദ്രത്തിനും സംസ്ഥാനത്തിനും പങ്കാളിത്തമുള്ള, കണ്‍കറന്റ് ലിസ്റ്റില്‍ പെട്ട ഈ വിഷയത്തില്‍ സംസ്ഥാനം എന്തൊക്കെ നിയമങ്ങള്‍ പടച്ചുവിട്ടാലും കേന്ദ്ര നിയമമേ നിലനില്‍ക്കൂ എന്ന് നിയമവിദഗ്ധരൊക്കെയും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഇന്ത്യയില്‍ വേറെയും എത്രയോ വഖ്ഫ് ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിയമനങ്ങളൊക്കെ ആ ബോര്‍ഡുകള്‍ തന്നെയാണ് നടത്തുന്നത്. അതേസമയം ദേവസ്വം ബോര്‍ഡിലെയും അതിന്റെ കീഴിലുള്ള എയ്ഡഡ് സ്ഥാപനങ്ങളുടെയും നിയമനങ്ങള്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡാണ് നടത്തുക; പി.എസ്.സി അല്ല. ദേവസ്വം ബോര്‍ഡ് നിയമനങ്ങളും പി.എസ്.സി വഴിയാക്കാനും പദ്ധതിയുണ്ടായിരുന്നെങ്കിലും ഹൈന്ദവ സംഘടനകള്‍ പ്രതിഷേധിച്ചപ്പോള്‍ ഇടതുപക്ഷ ഗവണ്‍മെന്റ് മുട്ടുമടക്കി. എയ്ഡഡ് സ്ഥാപനങ്ങള്‍ പണം വാരി റിക്രൂട്ട്‌മെന്റ് നടത്തുന്നതിലും സര്‍ക്കാറിന് പരാതിയില്ല. അതും പി.എസ്.സിക്ക് വിടേണ്ടതില്ല! ഇങ്ങനെ നിയമിക്കപ്പെടുന്നവര്‍ക്കൊക്കെ സര്‍ക്കാര്‍ ശമ്പളവും കൊടുക്കും. എന്നാല്‍ വഖ്ഫ് ബോര്‍ഡാകട്ടെ അതിന്റെ നൂറില്‍ പരം വരുന്ന ജീവനക്കാര്‍ക്ക് വഖ്ഫ് ഫണ്ടില്‍നിന്നാണ് ശമ്പളം നല്‍കുന്നത്. എന്നിട്ട്, വഖ്ഫ് ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നത് ഗവണ്‍മെന്റല്ലേ, എന്താ നിയമനം പി.എസ്.സിക്ക് വിട്ടാല്‍ എന്ന കള്ളം നിയമസഭയില്‍ വരെ വിളിച്ചുകൂവുകയും ചെയ്യും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ജയം സമ്മാനിച്ച വിഭാഗീയ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണ് ഇതെന്ന് മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മതി.
Comments