Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 03

3229

1443 റബീഉല്‍ ആഖിര്‍ 28

ഭക്ഷണ മര്യാദകള്‍

കെ. ഇല്‍യാസ് മൗലവി

ഒരു മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം ഭക്ഷണം കഴിക്കുക എന്നത് അവന്റെ ലക്ഷ്യമല്ല, അതൊരു മാര്‍ഗം മാത്രം. തന്റെ സൃഷ്ടിപ്പിന്റെ ലക്ഷ്യമായി നിര്‍ണയിച്ചുതന്ന 'അല്ലാഹുവിന് ഇബാദത്ത് ചെയ്യുക' എന്ന ദൗത്യനിര്‍വഹണം സാധ്യമാക്കുന്ന തരത്തില്‍ ശരീരത്തെ സജ്ജമാക്കാനും സംരക്ഷിക്കാനുമാണ് അവന്‍ തിന്നുന്നതും കുടിക്കുന്നതും. അപ്പോള്‍ വിശ്വാസി ഭക്ഷണം കഴിക്കുന്നതു പോലും ഇബാദത്തായി മാറുന്നു.  തിന്നാന്‍ വേണ്ടി തിന്നുന്നവനോ കുടിക്കാന്‍ വേണ്ടി കുടിക്കുന്നവനോ അല്ല അവന്‍. അതുകൊണ്ടുതന്നെ വിശന്നെങ്കിലേ അവന്‍ കഴിക്കൂ, ദാഹിച്ചെങ്കിലേ അവന്‍ കുടിക്കൂ. 'വിശന്നെങ്കിലല്ലാതെ ഭക്ഷിക്കാത്തവരും, ഭക്ഷണം കഴിച്ചാല്‍ തന്നെ വയറ് നിറക്കാത്തവരുമായ കൂട്ടരാണ് ഞങ്ങള്‍' എന്നൊരു മഹാന്‍ പറഞ്ഞിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട മര്യാദകളാണ് ഇനി പറയുന്നത്.

ഭക്ഷണം കഴിക്കുന്നതിനു മുമ്പുള്ള മര്യാദകള്‍
1. അന്നവും പാനീയവും വിശിഷ്ടമായിരിക്കുക. അഥവാ, നല്ലതും ഹലാലായതും, ഹറാമോ ഹറാമാണെന്ന സംശയത്തിന്റെയോ പൊടി പുരളാത്തതുമായിരിക്കുക. അല്ലാഹു പറയുന്നു: 
''മനുഷ്യരേ, ഭൂമിയിലെ വിഭവങ്ങളില്‍ അനുവദനീയവും ഉത്തമവുമായത് തിന്നുകൊള്ളുക. പിശാചിന്റെ കാല്‍പ്പാടുകളെ പിന്‍പറ്റരുത്. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്'' (അല്‍ബഖറ: 168).
''വിശ്വസിച്ചവരേ, നാം നിങ്ങള്‍ക്കേകിയവയില്‍നിന്ന് ഉത്തമമായത് ആഹരിക്കുക. അല്ലാഹുവോട് നന്ദികാണിക്കുക. നിങ്ങള്‍ അവനുമാത്രം വഴിപ്പെടുന്നവരാണെങ്കില്‍!'' (അല്‍ബഖറ: 172).
2. അല്ലാഹുവിന് ഇബാദത്ത് ചെയ്യാനായി ശരീരത്തെ ശക്തിപ്പെടുത്തുക എന്നതാവണം ഉദ്ദേശ്യം. അങ്ങനെയായാല്‍ അവന്‍ തിന്നുന്നതും കുടിക്കുന്നതുമെല്ലാം പ്രതിഫലാര്‍ഹമാണ്. ഏതൊരു അനുവദനീയമായ കാര്യവും സദുദ്ദേശ്യത്തോടെ ചെയ്താല്‍ അത് ഇബാദത്താക്കി മാറ്റാം എന്നാണ് ഇസ്‌ലാമിന്റെ പാഠം.
3. കൈകഴുകുക. അബൂഹുറയ്‌റ (റ) നിവേദനം ചെയ്യുന്നു: റസൂല്‍ (സ) പറഞ്ഞു: 'ആരെങ്കിലും തന്റെ  കൈയില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ഉണ്ടായിരിക്കെ അത് കഴുകാതെ ഉറങ്ങുകയും, അത് മൂലം അവന് എന്തെങ്കിലും ബാധിക്കുകയും ചെയ്താല്‍ തന്നെയല്ലാതെ അതിന് മറ്റാരെയും അവന്‍ ആക്ഷേപിക്കേണ്ടതില്ല' (അബൂദാവൂദ് 3854, അല്‍ബാനി ഇത് സ്വഹീഹ് ആക്കിയിരിക്കുന്നു). 
4. വിനയത്തോടെ ഇരുമുട്ടുകള്‍ ഊന്നി ഇരിക്കുകയോ ചമ്രംപടിഞ്ഞ് ഇരിക്കുകയോ, വലതുകാല്‍ നാട്ടിവെച്ച് ഇടതുകാലിന്മേല്‍ ഇരിക്കുകയോ ചെയ്യുക. ഇപ്രകാരമായിരുന്നു നബി (സ) ഇരിക്കാറുണ്ടായിരുന്നത്.
അലിയ്യുബ്‌നു അഖ്മര്‍ നിവേദനം ചെയ്യുന്നു: അബൂജുഹൈഫ പറയുന്നതായി ഞാന്‍ കേട്ടു; റസൂല്‍ (സ) പറഞ്ഞു: ' ഞാന്‍ ചാരിയിരുന്ന് ഭക്ഷണം കഴിക്കാറില്ല' (ബുഖാരി: 5398).
അബ്ദുല്ലാഹിബ്‌നു ബുസ്ര്‍ നിവേദനം ചെയ്യുന്നു: ഞാന്‍ നബി(സ)ക്ക് ഒരു ആടിനെ സമ്മാനമായി നല്‍കി. റസൂല്‍ (സ) അപ്പോള്‍ മുട്ടുകുത്തിയിരുന്ന് ഭക്ഷണം കഴിച്ചു. അപ്പോള്‍ ഒരു അഅ്‌റാബി ചോദിച്ചു; 'ഇത് എന്തൊരു ഇരുത്തമാണ്?' അവിടുന്ന് പറഞ്ഞു: 'എന്നെ അല്ലാഹു ആദരണീയനായ അടിമയാക്കിയിരിക്കുന്നു. ഒരിക്കലും അഹങ്കാരിയും അഹംഭാവമുള്ളവനുമാക്കിയിട്ടില്ല' (ഇബ്‌നുമാജ: 3263, അല്‍ബാനി ഇത് സ്വഹീഹ് ആക്കിയിരിക്കുന്നു).
6. ലഭിച്ച ഭക്ഷണത്തില്‍ തൃപ്തിപ്പെടുക. അതിന്റെ ന്യൂനത പറയാതിരിക്കുക. ഇഷ്ടപ്പെട്ടാല്‍ കഴിക്കുക. അല്ലെങ്കില്‍ ഒഴിവാക്കുക.
അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: 'നബി(സ) ഭക്ഷണത്തെ ഒരിക്കലും കുറ്റം പറയുമായിരുന്നില്ല. ഇഷ്ടപ്പെട്ടാല്‍ കഴിക്കും, ഇഷ്ടമില്ലെങ്കില്‍ ഒഴിവാക്കും' (ബുഖാരി: 3563).
7. അതിഥികളോടൊപ്പമോ, വീട്ടുകാരോടൊപ്പമോ മക്കളോടൊപ്പമോ കഴിക്കുക.
വഹ്ശിയ്യുബ്‌നു ഹര്‍ബ് തന്റെ പിതാവില്‍നിന്നും തന്റെ പിതാമഹനില്‍നിന്നും നിവേദനം ചെയ്യുന്നു: സ്വഹാബികള്‍ നബി(സ)യോട് പറഞ്ഞു; 'അല്ലാഹുവിന്റെ റസൂലേ, ഞങ്ങള്‍ ഭക്ഷണം കഴിക്കുന്നു എന്നാല്‍ ഞങ്ങള്‍ക്ക് വിശപ്പടങ്ങുന്നില്ല.' അവിടുന്ന് പറഞ്ഞു: 'നിങ്ങള്‍ ഒറ്റക്ക് ഒറ്റക്കായിട്ടായിരിക്കും ഭക്ഷണം കഴിക്കുന്നത്.' അവര്‍ പറഞ്ഞു: 'അതേ.' അവിടുന്ന് പറഞ്ഞു: 'നിങ്ങള്‍ ഭക്ഷണം ഒന്നിച്ചു കഴിക്കുക. നിങ്ങള്‍ അല്ലാഹുവിന്റെ നാമം ഉച്ചരിച്ച് കഴിക്കുക. അവനതില്‍ നിങ്ങള്‍ക്ക് ബറകത്ത് നല്‍കും' (അബൂദാവൂദ്: 3766).

കുറ്റം പറയാതിരിക്കുക
ജാബിറുബ്‌നു അബ്ദുല്ല നിവേദനം ചെയ്യുന്നു: നബി (സ) തന്റെ വീട്ടുകാരോട് കറി ചോദിച്ചു, അവര്‍ പറഞ്ഞു: 'സുര്‍ക്കയല്ലാതെ ഒന്നും നമ്മുടെ പക്കലില്ല.' റസൂല്‍ (സ) അത് ചോദിക്കുകയും കഴിക്കുകയും ചെയ്തശേഷം ഇപ്രകാരം പറഞ്ഞു: 'സുര്‍ക്ക എത്ര നല്ല കറിയാണ്, സുര്‍ക്ക എത്ര നല്ല കറിയാണ്' (മുസ്‌ലിം 5473).
ജാബിറുബ്‌നു അബ്ദില്ല നിവേദനം ചെയ്യുന്നു: റസൂല്‍ (സ) പറയുന്നതായി ഞാന്‍ കേട്ടു; 'ഒരാളുടെ ഭക്ഷണം രണ്ട് പേര്‍ക്ക് മതിയായതാണ്. രണ്ടുപേരുടെ ഭക്ഷണം നാല് പേര്‍ക്ക് മതിയായതാണ്. നാലു പേരുടെ ഭക്ഷണം എട്ടുപേര്‍ക്ക് മതിയായതാണ്' (മുസ്‌ലിം: 5489).

വിളമ്പിയ ഭക്ഷണത്തിന് മുന്‍ഗണന
ഇബ്‌നു ഉമര്‍ (റ) നിവേദനം ചെയ്യുന്നു: റസൂല്‍ (സ) പറഞ്ഞു; 'ഒരാളുടെ രാത്രി ഭക്ഷണം എടുത്തു വെക്കപ്പെടുകയും അപ്പോള്‍ തന്നെ ബാങ്കിന് ഇഖാമത്ത് കൊടുക്കപ്പെടുകയും ചെയ്താല്‍ അയാള്‍ തന്റെ രാത്രി ഭക്ഷണം കൊണ്ട് തുടങ്ങട്ടെ. അയാള്‍ അത് കഴിയുന്നതു വരെ ധൃതി കാണിക്കുകയും ചെയ്യാതിരിക്കട്ടെ.' ഇബ്‌നു ഉമര്‍ (റ) ഇഖാമത്ത് കൊടുക്കുമ്പോള്‍ ഭക്ഷണം എടുത്തുവെച്ചിട്ടുണ്ടെങ്കില്‍ ഇമാമിന്റെ ഖിറാഅത്ത് കേട്ടാല്‍ പോലും അതില്‍നിന്നും വിരമിക്കാതെ നമസ്‌കാരത്തിന് വരാറില്ല (ബുഖാരി: 673).
ഇമാം നവവി പറയുന്നു: ''ഭക്ഷണം കഴിക്കാന്‍ താല്‍പര്യമുണ്ടായിരിക്കുകയും അത് തയാറായിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ നമസ്‌കാരം കറാഹത്ത് ആണ് എന്നാണ് ഇത്തരം ഹദീസുകളില്‍ പറയുന്നത്. കാരണം അപ്പോള്‍ ഹൃദയം അതില്‍ മുഴുകിയിരിക്കുകയും പൂര്‍ണമായ ഭയഭക്തി നഷ്ടപ്പെടുകയും ചെയ്യും. ഈ കറാഹത്ത് രണ്ട് 'അഹ്ബസുകള്‍'ക്കും ബാധകമാണ്. മലവും മൂത്രവുമാണ് അവ. ഭയഭക്തിയുടെ പൂര്‍ണത നഷ്ടപ്പെടുത്തുകയും ഹൃദയസാന്നിധ്യം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന കാര്യങ്ങള്‍ ഇതില്‍പെടും. ഭൂരിപക്ഷം പണ്ഡിതന്മാരും പറയുന്നത് ഈ കറാഹത്ത് ബാധകമാകുന്നത് നമസ്‌കാരത്തിന് ധാരാളം സമയം ബാക്കിയുണ്ടാകുന്ന സന്ദര്‍ഭത്തിലാണ് എന്നാണ്. സമയം ഇല്ലാതിരിക്കുകയും ഭക്ഷണം കഴിക്കുകയോ ശുദ്ധി വരുത്തുകയോ ചെയ്താല്‍ നമസ്‌കാരസമയം കഴിഞ്ഞുപോകുന്ന അവസ്ഥയും വന്നാല്‍ 'സമയത്തിന്റെ പവിത്രത' കാത്തുസൂക്ഷിക്കണം. അത് പിന്തിക്കല്‍ അനുവദനീയമല്ല'' (ശര്‍ഹു മുസ്‌ലിം: 866).

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പാലിക്കേണ്ട മര്യാദകള്‍

1. ബിസ്മി കൊണ്ട് ആരംഭിക്കുക
ആഇശ (റ) നിവേദനം: നബി(സ) പറഞ്ഞു: ''നിങ്ങളിലാരെങ്കിലും ഭക്ഷണം കഴിച്ചാല്‍, അവന്‍ അല്ലാഹുവിന്റെ നാമം ഉച്ചരിക്കട്ടെ. ഇനിയവന്‍ തുടക്കത്തില്‍ അല്ലാഹുവിന്റെ നാമം ഉച്ചരിക്കാന്‍ മറന്നാല്‍ അവനിങ്ങനെ പറയട്ടെ: ആദ്യത്തിലും അന്ത്യത്തിലും അല്ലാഹുവിന്റെ നാമം കൊണ്ട്'' (അബൂദാവൂദ്: 3769).
അബ്ദുല്ലാഹിബ്‌നു മസ്ഊദ് നിവേദനം ചെയ്യുന്നു: റസൂല്‍ (സ) പറഞ്ഞു; ''ആരെങ്കിലും ഭക്ഷണം കഴിക്കുന്നതിന്റെ ആദ്യത്തില്‍ അല്ലാഹുവിന്റെ നാമം സ്മരിക്കാന്‍ മറന്നുപോയാല്‍ 'അതിന്റെ  ആദ്യത്തിലും അന്ത്യത്തിലും അല്ലാഹുവിന്റെ നാമം കൊണ്ട്' എന്ന് പറയട്ടെ. നിശ്ചയം അത് ഭക്ഷണം പുതുതായി കഴിക്കുന്നതു പോലെയാണ്. അത് ഭക്ഷണത്തില്‍ പറ്റിയ മ്ലേഛതകളെ തടയുന്നു'' (ഇബ്‌നുഹിബ്ബാന്‍ തന്റെ സ്വഹീഹില്‍ ഉദ്ധരിച്ചത്, 5213).
2. അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് അവസാനിപ്പിക്കുക
സഹ്‌ലുബ്‌നു മുആദുബ്‌നു അനസ് തന്റെ പിതാവില്‍നിന്ന് നിവേദനം ചെയ്യുന്നു: നബി (സ) പറഞ്ഞു: ''ആരെങ്കിലും ഭക്ഷണം കഴിച്ചശേഷം (എന്നെ ഈ ഭക്ഷണം ഭക്ഷിപ്പിക്കുകയും എന്റെ ഒരു കഴിവുമില്ലാതെ എനിക്കിത് നല്‍കുകയും ചെയ്ത അല്ലാഹുവിന് സര്‍വ സ്തുതിയും) എന്ന് പറയുകയാണെങ്കില്‍, അവന്റെ മുന്‍കഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്'' (തിര്‍മിദി: 3792).
3. വലതു കൈ കൊണ്ട് കഴിക്കുക
ചെറിയ അളവില്‍ എടുത്ത് കഴിക്കുക. നന്നായി ചവച്ചരച്ച് തിന്നുക. പാത്രത്തിന്റെ മധ്യത്തില്‍നിന്ന് കഴിക്കാതിരിക്കുക. അറ്റത്തുനിന്ന് മാത്രം കഴിക്കുക.

ഉമറുബ്‌നു അബീസലമയോട് റസൂലുല്ലാഹി (സ) പറഞ്ഞു: ''മോനേ, ബിസ്മി ചൊല്ലുക. വലതുകൈകൊണ്ട് ഭക്ഷിക്കുക. നിന്റെ അടുത്ത ഭാഗത്തുനിന്ന് ഭക്ഷിക്കുക'' (ബുഖാരി: 5366).
അബൂഹുറയ്‌റ (റ) നിവേദനം ചെയ്യുന്നു. നബി (സ) പറഞ്ഞു: ''വലതു കൊണ്ട് തിന്നുക, വലതു കൊണ്ട് കുടിക്കുക, വലതു കൊണ്ട് എടുക്കുക, വലതു കൊണ്ട് കൊടുക്കുക. നിശ്ചയം, ശൈത്വാനാണ് ഇടതുകൊണ്ട് തിന്നുകയും കുടിക്കുകയും കൊടുക്കുകയും എടുക്കുകയും ചെയ്യുക'' (ഇബ്‌നുമാജ, 3266).
അബ്ദുല്ലാഹിബ്‌നു ഉമര്‍ നിവേദനം ചെയ്യുന്നു: റസൂല്‍ (സ) പറഞ്ഞു; 'നിങ്ങള്‍ ഭക്ഷണം കഴിക്കുമ്പോള്‍ വലതുകൈ കൊണ്ട് കഴിക്കുക. കുടിക്കുകയാണെങ്കിലും വലതുകൈകൊണ്ട് കുടിക്കുക. നിശ്ചയം, ശൈത്വാന്‍ ഇടതുകൊണ്ട് കഴിക്കുകയും കുടിക്കുകയും ചെയ്യുന്നു'' (മുസ്‌ലിം: 5884).
ഇബ്‌നുഅബ്ബാസ് (റ) നിവേദനം ചെയ്യുന്നു: നബി (സ) പറഞ്ഞു: 'ഭക്ഷണത്തിന്റെ നടുവിലാണ് ബറകത്ത് ഇറങ്ങുന്നത്. അതിനാല്‍ പാത്രത്തിന്റെ ഇരുവശത്തുനിന്നും നിങ്ങള്‍ കഴിക്കുക. പാത്രത്തിന്റെ നടുവില്‍നിന്ന് ഭക്ഷിക്കാതിരിക്കുക' (തിര്‍മിദി, 1918, അല്‍ബാനി ഇത് സ്വഹീഹ് ആക്കിയിരിക്കുന്നു).
4. നന്നായി ചവച്ച് കഴിക്കുക.
പാത്രം കഴുകുന്നതിനു മുമ്പായി നന്നായി വടിച്ച് വൃത്തിയാക്കുക. ജാബിര്‍ (റ) നിവേദനം ചെയ്യുന്നു: 'നിങ്ങളിലാരെങ്കിലും ഭക്ഷണം കഴിച്ചാല്‍, തന്റെ വിരലുകള്‍ നാവുകൊണ്ട് വടിച്ച് വൃത്തിയാക്കുന്നതിനു മുമ്പോ, വൃത്തിയാക്കപ്പെടുന്നതിനു മുമ്പോ തുടച്ചുകളയരുത്. തീര്‍ച്ചയായും അവനറിയില്ല, അവന്റെ ഏത് ഭക്ഷണത്തിലാണ് ബറകത്തുള്ളത് എന്ന്' (അഹ്മദ്: 14221).
5. ഭക്ഷണത്തില്‍നിന്ന് എന്തെങ്കിലും വീണുപോയാല്‍ അതിലെ കേട് നീക്കം ചെയ്ത് ഭക്ഷിക്കുക.
ജാബിര്‍ (റ) നിവേദനം ചെയ്യുന്നു: നബി(സ) പറഞ്ഞു; 'നിങ്ങളിലൊരാളുടെ ഭക്ഷണ സാധനം വല്ലതും താഴെ വീണുപോയാല്‍, അതിലെ ഉപദ്രവം നീക്കി അവനത് കഴിക്കട്ടെ. ശൈത്വാനു വേണ്ടി അവനത് ബാക്കിയാക്കാതിരിക്കട്ടെ. അവന്‍ തന്റെ വിരലുകള്‍ വടിച്ച് വൃത്തിയാക്കുന്നതിനു മുമ്പോ, വൃത്തിയാക്കപ്പെടുന്നതിന് മുമ്പോ തുടച്ചുകളയരുത്. തീര്‍ച്ചയായും അവനറിയില്ല, അവന്റെ ഏത് ഭക്ഷണത്തിലാണ് ബറകത്തുള്ളത് എന്ന്' (മുസ്‌ലിം: 5421).
6. ചൂടുള്ള ഭക്ഷണത്തില്‍ ഊതാതിരിക്കുക.
തണുക്കുന്നതു വരെ തിന്നാതിരിക്കുക. കുടിക്കുന്ന സമയം വെള്ളത്തില്‍ ഊതാതിരിക്കുക. പാത്രത്തിന് വെളിയില്‍ മൂന്ന് പ്രാവശ്യം ശ്വാസം കഴിക്കുക.
ഭക്ഷണത്തിലോ പാനീയത്തിലോ ഊതാന്‍ പോയിട്ട് പാത്രത്തില്‍ ശ്വാസോഛ്വാസം ചെയ്യാന്‍പോലും പാടില്ല എന്നാണ് പ്രവാചകന്റെ നിര്‍ദേശം, അങ്ങനെ ചെയ്യുന്നത് അവിടുന്ന് ശക്തമായി വിലക്കിയിട്ടുണ്ട്. ഒരാള്‍ സ്വയം കഴിക്കുന്ന ഭക്ഷണത്തിന്റെയും പാനീയത്തിന്റെയും കാര്യമാണ് ഇപ്പറഞ്ഞത്. അപ്പോള്‍ പിന്നെ മറ്റുള്ളവര്‍ക്ക് വിളമ്പുന്നവയുടെ കാര്യം പറയാനുണ്ടോ!
ഇബ്‌നു അബ്ബാസ് പറയുന്നു: 'ഭക്ഷണത്തിലോ വെള്ളത്തിലോ ഊതുന്ന പതിവ് റസൂലി(സ)ന് ഉണ്ടായിരുന്നില്ല. ഭക്ഷണപാത്രത്തിലേക്ക് ശ്വാസം വിടുകയും ചെയ്തിരുന്നില്ല' (ഇബ്‌നുമാജ: 3288).
ഇതിന്റെ വിശദീകരണത്തില്‍ ഇമാം മുനാവി പറയുന്നു:
''ചൂടു കൊണ്ടാണ് ഊതേണ്ടി വരുന്നതെങ്കില്‍ ചൂടാറും വരെ ക്ഷമിക്കുകയാണു വേണ്ടത്. ഇനി വല്ല കരടും കണ്ടിട്ടാണെങ്കില്‍ അത് വിരല്‍തുമ്പു കൊണ്ടോ കോലു കൊണ്ടോ എടുത്തുകളയുകയാണ് വേണ്ടത്. അല്ലാതെ ഊതേണ്ട കാര്യമില്ല.... പാത്രത്തിനകത്ത് നിശ്വസിക്കരുത് എന്നാണുദ്ദേശ്യം. കാരണം അത് പാനീയത്തിന്റെ ശുദ്ധ സ്വഭാവം മാറ്റും, അത് ഭക്ഷണം കഴിച്ചതുകൊണ്ടുണ്ടായ വായയുടെ മാറ്റം കാരണമാകാം, ദന്തശുദ്ധി വരുത്താത്തതുകൊണ്ടാകാം, അതല്ലെങ്കില്‍ ആമാശയത്തില്‍ നിന്നുള്ള ഗ്യാസ് മേല്‍പ്പോട്ട് ഉയരുന്നതു കാരണമാകാം'' (ഫൈളുല്‍ ഖദീര്‍: 6924).
അതുകൊണ്ടാണ് ഭക്ഷണപാനീയ മര്യാദകളുടെ കൂട്ടത്തില്‍ കുടിക്കുന്ന സമയം വെള്ളത്തില്‍ ഊതാതിരിക്കുക, പാത്രത്തിന് വെളിയില്‍ മൂന്ന് പ്രാവശ്യം ശ്വസിക്കുക എന്നൊക്കെ നബി തിരുമേനി (സ) പഠിപ്പിച്ചത്.
അബ്ദുല്ലാഹിബ്‌നു അബീഖതാദ (റ) തന്റെ പിതാവില്‍നിന്ന് നിവേദനം ചെയ്യുന്നു: നബി(സ) പറഞ്ഞു; 'നിങ്ങളില്‍ ആരെങ്കിലും വെള്ളം കുടിക്കുകയാണെങ്കില്‍ പാനപാത്രത്തില്‍ ഊതരുത്. മൂത്രമൊഴിക്കുകയാണെങ്കില്‍ വലതു കൈ കൊണ്ട് തന്റെ ലിംഗം സ്പര്‍ശിക്കരുത്. ശൗച്യം ചെയ്യുകയാണെങ്കില്‍ വലതു കൈ കൊണ്ട് വൃത്തിയാക്കരുത്' (ബുഖാരി: 5630).
അനസ് (റ) പറയുന്നു: ''നബി(സ) വെള്ളം കുടിക്കുമ്പോള്‍ മൂന്ന് പ്രാവശ്യം ശ്വാസ്വോഛ്വാസം ചെയ്യുമായിരുന്നു. എന്നിട്ടിങ്ങനെ പറയും; ഈ രീതിയാണ് ദാഹത്തിന് ശമനവും മുക്തിയും നല്‍കുക, ഇതാണ് മാന്യന്മാരുടെ രീതി.'' അനസ് (റ) പറയുന്നു: 'ഞാന്‍ പാനം ചെയ്യുമ്പോള്‍ മൂന്ന് പ്രാവശ്യം ശ്വാസം വിടാറുണ്ട്' (മുസ്‌ലിം 5406).
അബൂസഈദില്‍ ഖുദ്‌രി (റ) പറയുന്നു: 'തീര്‍ച്ചയായും നബി(സ) കുടിക്കുന്ന വെള്ളത്തില്‍ ഊതുന്നത് നിരോധിച്ചിരിക്കുന്നു' (തിര്‍മിദി 2008).
ഇബ്‌നു അബ്ബാസ് (റ) പറയുന്നു: 'പാത്രത്തില്‍ ശ്വസിക്കുന്നതും ഊതുന്നതും നബി (സ) വിലക്കിയിട്ടുണ്ട്' (തിര്‍മിദി 2009).
അബൂസഈദില്‍ ഖുദ്‌രിയ്യില്‍നിന്ന് നിവേദനം: പാനീയത്തില്‍ ഊതുന്നത് നബി (സ) നിരോധിച്ചിരിക്കുന്നു. ഒരാള്‍ ചോദിച്ചു: 'പാത്രത്തില്‍ കരട് കണ്ടാലോ?' അപ്പോള്‍ നബി (സ) പറഞ്ഞു: 'അത് ഒഴിച്ചുകളയുക'. ചോദ്യകര്‍ത്താവ് പറഞ്ഞു: 'എനിക്ക് ഒറ്റ ശ്വാസത്തില്‍ കുടിച്ചാല്‍ ദാഹം തീരുകയില്ല.' നബി പറഞ്ഞു: 'എങ്കില്‍ വായയില്‍നിന്ന് പാത്രം അകറ്റിപ്പിടിക്കുക' (തിര്‍മിദി: 2008).
7. ഇരിക്കുന്നവരില്‍ പ്രായത്തില്‍ മുതിര്‍ന്നവര്‍ക്ക് ആദ്യം ഭക്ഷണം വിളമ്പുക.
പിന്നീട് വലതുഭാഗത്ത് ഇരിക്കുന്നവരെ മുന്തിക്കുക. ഏറ്റവും ഒടുവില്‍ മാത്രം അവന്‍ കുടിക്കുക.
അനസുബ്‌നു മാലിക് നിവേദനം ചെയ്യുന്നു. റസൂലി(സ)ന്റെ അടുക്കലേക്ക് വെള്ളം ചേര്‍ത്ത പാല്‍ കൊണ്ടുവന്നു. അവിടുത്തെ വലതുഭാഗത്ത് ഒരു ഗ്രാമീണനും വലതുഭാഗത്ത് അബൂബക്‌റു (റ) മായിരുന്നു. അവിടുന്ന് ഗ്രാമീണന് പാല്‍ കൊടുത്ത ശേഷം പറഞ്ഞു: 'ആദ്യം വലതുവശത്തിരിക്കുന്നവന്‍, പിന്നീട് അതിനടുത്തുള്ളവര്‍' (മുസ്‌ലിം: 5408).
തന്റെ വലതുവശത്തിരുന്ന ഇബ്‌നു അബ്ബാസ് (റ)നോട് അനുവാദം ചോദിച്ച ശേഷം, റസൂല്‍ (സ) തന്റെ ഇടതു ഭാഗത്തുള്ള മുതിര്‍ന്ന ആളുകള്‍ക്ക് വെള്ളം കൊടുക്കുകയുണ്ടായി. അതിന് കാരണം, ഇരിക്കുന്നവരില്‍ ആദ്യം ഭക്ഷണപാനീയങ്ങള്‍ക്ക് അര്‍ഹന്‍ വലതു വശത്ത് ഇരിക്കുന്നവനാണ് എന്നതാണ്.
അബ്ദുല്ലാഹിബ്‌നു അബീ ഔഫ് നിവേദനം ചെയ്യുന്നു: നബി (സ) പറഞ്ഞു; 'ഒരുകൂട്ടര്‍ക്ക് വെള്ളം ഒഴിച്ചുകൊടുക്കുന്നവന്‍ അവരില്‍ ഏറ്റവും ഒടുവിലായിരിക്കണം കുടിക്കുന്നത്' (അബൂദാവൂദ്, 3727).
8. സുഹൃത്തിനെയോ അതിഥിയെയോ 'ഭക്ഷിക്കൂ, കഴിച്ചോളൂ' തുടങ്ങിയ വാക്കുകള്‍ കൊണ്ട് ബുദ്ധിമുട്ടിക്കാതിരിക്കുക.
പകരം, മടിക്കാതെ അയാളെ ഭക്ഷണം കഴിക്കാന്‍ അനുവദിക്കുക. ഇല്ലെങ്കില്‍ അതൊരുപക്ഷേ അതിഥിക്ക് പ്രയാസം സൃഷ്ടിച്ചേക്കാം.
9. ഭക്ഷണം കഴിക്കുമ്പോള്‍ കൂടെയുള്ള സുഹൃത്തിന് കൂടി കൊടുക്കുക.
അവന്‍ കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ കഴിക്കാന്‍ ശ്രമിക്കാതിരിക്കുക; പ്രത്യേകിച്ചും ഭക്ഷണം കുറച്ചേ ഉള്ളുവെങ്കില്‍. കാരണം, അധികം കഴിക്കുന്നത് ഒരുപക്ഷേ തന്റെ കൂട്ടുകാരന് അവകാശപ്പെട്ട ഭക്ഷണം ആകാന്‍ സാധ്യതയുണ്ട്.
10. ഭക്ഷണം കഴിക്കുന്ന സമയം, കൂടെ കഴിക്കുന്നവരിലേക്ക് ഉറ്റു നോക്കാതിരിക്കുക.
അവരെ നിരീക്ഷിക്കാതിരിക്കുക. അത് അവരില്‍ മടിയുണ്ടാക്കിയേക്കാം. പകരം ഭക്ഷണത്തിന് ചുറ്റുമായി ദൃഷ്ടി താഴ്ത്തുക. അവര്‍ക്ക് ഉപദ്രവകരമായി തോന്നുന്ന രൂപത്തില്‍ അവരെ നോക്കാതിരിക്കുക. അതൊരുപക്ഷേ കൂടെ ഇരിക്കുന്നവരില്‍ വെറുപ്പ് ഉണ്ടാക്കിയേക്കാം. അത് കുറ്റകരമാണ്.
11. ജനങ്ങള്‍ക്ക് പൊതുവെ വെറുപ്പുണ്ടാക്കുന്നവ ചെയ്യാതിരിക്കുക.
പാത്രത്തില്‍ കൈയിട്ട് ഇളക്കാതിരിക്കുക. വായില്‍നിന്ന് വല്ലതും പാത്രത്തിലേക്ക് വീഴുന്ന തരത്തില്‍ ഭക്ഷണം കഴിക്കുമ്പോള്‍ തല പാത്രത്തോട് അടുപ്പിക്കാതിരിക്കുക. പല്ലിനിടയിലെ അവശിഷ്ടം പാത്രത്തിലേക്ക് തിരിച്ചിടാതിരിക്കുക. അപ്രകാരം, കൂടെയുള്ളവര്‍ക്ക് മടുപ്പുണ്ടാക്കുന്ന തരത്തിലുള്ള വൃത്തികെട്ട, മ്ലേഛമായ വാക്കുകള്‍ അവിടെ പറയാതിരിക്കുക. അതൊരുപക്ഷേ കൂടെ ഇരിക്കുന്നവര്‍ക്ക് മനംപിരട്ടല്‍ ഉണ്ടാക്കിയേക്കും. വിശ്വാസിയെ ഉപദ്രവിക്കലാകട്ടെ ഹറാമായ കാര്യവുമാണ്.
12. ദരിദ്രനൊപ്പം ഭക്ഷണം കഴിക്കുമ്പോള്‍ അവന് മുന്‍ഗണന നല്‍കിക്കൊണ്ടാവുക.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ -65-70
ടി.കെ ഉബൈദ്‌

ഹദീസ്‌

തീവ്രത എല്ലാം നഷ്ടപ്പെടുത്തും
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌