Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 03

3229

1443 റബീഉല്‍ ആഖിര്‍ 28

മത ലയനവും മത സഹിഷ്ണുതയും

അബൂയാസിര്‍

സി.എച്ച്  മുസ്തഫ മൗലവിയുടെ 'ഇസ്‌ലാമിലെ മോക്ഷ സിദ്ധാന്തം' എന്ന കൃതിയുടെ ശീര്‍ഷകം കണ്ടപ്പോള്‍ ആദ്യം വിചാരിച്ചത് ഇസ്‌ലാമിന്റെ മോക്ഷ സിദ്ധാന്തം എന്താണെന്നും മോക്ഷം നേടാന്‍ ഇസ്‌ലാം ഉപദേശിക്കുന്ന മാര്‍ഗങ്ങളെന്തൊക്കെയാണെന്നും അതിന്റെ പ്രമാണപരവും ബൗദ്ധികവുമായ ന്യായങ്ങളെന്തൊക്കെയാണെന്നും വിശദീകരിക്കുകയും ഇതര മതങ്ങളുടെ മോക്ഷ സിദ്ധാന്തങ്ങളുമായി താരതമ്യ പഠനം നടത്തുകയും ചെയ്യുന്ന കൃതിയാണതെന്നാണ്. മോക്ഷം എന്ന പദം പരലോക രക്ഷക്കും പാപമുക്തിക്കും ഉപയോഗിക്കാറുണ്ട്. ഹൈന്ദവ ദര്‍ശനത്തിന്റെ സാങ്കേതികാര്‍ഥത്തില്‍ ജനിമൃതികളില്‍നിന്നും സംസാര ബന്ധങ്ങളില്‍നിന്നും മുക്തമായി നിര്‍വാണം പ്രാപിക്കല്‍-ആത്മാവ് പരമാത്മാവില്‍ ലയിക്കല്‍ ആണ് ആത്യന്തികമായ മോക്ഷം. മോക്ഷപ്രാപ്തി വരെ ഭൂമിയില്‍ ജനിച്ചുകൊണ്ടും മരിച്ചുകൊണ്ടുമിരിക്കും. അതാണ് ജന്മാന്തര പുനര്‍ജന്മ സങ്കല്‍പങ്ങള്‍.  ഇക്കാര്യം ഗ്രന്ഥകാരന്‍ ഗീതയില്‍നിന്ന് ഉദ്ധരിക്കുന്ന (പേജ് 36) 8:15,16 ശ്ലോകങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഇസ്‌ലാമില്‍ അങ്ങനെയൊരു മോക്ഷസങ്കല്‍പം ഇല്ലാത്തതിനാല്‍ മൗലവി ഉദ്ദേശിച്ചത് പരലോക രക്ഷയും സ്വര്‍ഗപ്രാപ്തിയുമാണെന്ന് കരുതാം. വിഷയം ദാര്‍ശനികമായി കൈകാര്യം ചെയ്യുമ്പോള്‍ 'മോക്ഷ'ത്തിന്റെ ഉല്‍പത്തിയും ഉപജ്ഞാതാക്കള്‍ അതിനു നല്‍കിയ അര്‍ഥവും നിര്‍വചനവും വിശകലന വിധേയമാക്കേണ്ടതായിരുന്നു. ശീര്‍ഷകത്തിനു താഴെ കൊടുത്ത മൂന്നു ചോദ്യങ്ങള്‍ കൂടി വായിക്കുകയും കവര്‍ ഡിസൈന്‍ ശ്രദ്ധിക്കുകയും ചെയ്തപ്പോള്‍ സംഗതി അതൊന്നുമല്ലെന്നു മനസ്സിലായി. പ്രസാധകക്കുറിപ്പും ഗ്രന്ഥകാരന്റെ മുഖവുരയും സി.എം മൗലവിയുടെ അവതാരികയും, പ്രസ്തുത മാന്യന്മാര്‍ ആവിഷ്‌കരിച്ച ചില മുന്‍വിധികള്‍ സ്ഥാപിച്ചെടുക്കാനുള്ള യത്‌നമാണീ കൃതിയെന്നു വിളിച്ചോതി. വിഷയം ചര്‍ച്ച ചെയ്ത് കണ്‍ക്ലൂഷനിലെത്തുന്നതും കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയ ശേഷം അത് ചര്‍ച്ച ചെയ്ത് സ്ഥാപിക്കുന്നതും തമ്മില്‍ വിചാരണ നടത്തി വിധി പ്രസ്താവിക്കുന്നതും, വിധി പ്രസ്താവിച്ച ശേഷം വിചാരണ നടത്തുന്നതും തമ്മിലുള്ള അന്തരമുണ്ട്. അനുകൂലവും പ്രതികൂലവുമായ തെളിവുകള്‍ വിശകലനം ചെയ്ത് വിധിയില്‍ എത്തുകയാണ് ആദ്യത്തേത്. രണ്ടാമത്തേതില്‍ വിധിച്ചതിനനുകൂലമായ തെളിവുകള്‍ പരിഗണിക്കുകയും പ്രതികൂലമായവ തമസ്‌കരിക്കുകയും ചെയ്യുന്നു. മൗലവി തന്റെ സിദ്ധാന്തങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യാഖ്യാനിച്ചുകൊണ്ടാണ്. ആ വ്യാഖ്യാനങ്ങളെ വ്യാഖ്യാനമില്ലാതെ തന്നെ നിരാകരിക്കുന്ന മൂലവചനങ്ങള്‍-നസ്സ്വുകള്‍- ഖുര്‍ആനില്‍ വേണ്ടുവോളമുണ്ട്. മോക്ഷ സിദ്ധാന്തത്തിലൂടെ കടന്നുപോയപ്പോള്‍ മനസ്സിലുണര്‍ന്ന ചില വിചാരങ്ങളാണീ വരികള്‍.
മതസഹിഷ്ണുതയും സമുദായങ്ങളുടെ സൗഹാര്‍ദപരമായ സഹവര്‍ത്തിത്വവും ആധുനിക സമൂഹം-ഇന്ത്യയെപ്പോലുള്ള ബഹുസ്വര സമൂഹങ്ങള്‍ വിശേഷിച്ചും - ഏറെ ആവശ്യപ്പെടുന്ന ചരിത്ര ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. മതങ്ങള്‍ക്ക് സ്വയം നിലനില്‍ക്കാനും ബഹുമത വിഭാഗങ്ങളടങ്ങിയ പൊതുസമൂഹത്തിന് ക്ഷേമവും സമാധാനവും നിലനിര്‍ത്താനും മതസഹിഷ്ണുത കൂടിയേ തീരൂ. സ്വന്തം വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കാന്‍ ഓരോ മതവിഭാഗത്തിനുമുള്ള അവകാശവും സ്വാതന്ത്ര്യവും ഇതര മതവിഭാഗങ്ങള്‍ മാനിക്കുകയാണ് മതസഹിഷ്ണുത. നമ്മുടെ മതസ്വാതന്ത്ര്യം മറ്റുള്ളവരുടെ മതസ്വാതന്ത്ര്യത്തിന്റെ നിഷേധമായിക്കൂടാ. മുസ്‌ലിംകള്‍ക്ക് പന്നിമാംസം നിഷിദ്ധമാണ്. അതുകൊണ്ട് ക്രൈസ്തവരും ഹിന്ദുക്കളും അത് കഴിക്കാന്‍ പാടില്ലെന്ന നിലപാട് അസഹിഷ്ണുതയാണ്. ഹിന്ദുക്കള്‍ ഗോമാംസം കഴിക്കാത്തതുകൊണ്ട് മുസ്‌ലിംകളും ക്രിസ്ത്യാനികളും അത് കഴിച്ചുകൂടാ എന്ന് ശഠിക്കുന്നതും അപ്രകാരം തന്നെ. വ്യക്തിനിയമങ്ങള്‍ മറ്റൊരു ഉദാഹരണമാകുന്നു. മുസ്‌ലിം പേഴ്‌സണല്‍ ലോ മറ്റു മതവിഭാഗങ്ങളെ ഒരു തരത്തിലും ബാധിക്കുന്നില്ല. എന്നിട്ടും അത് ദുര്‍ബലപ്പെടുത്താന്‍ ചിലര്‍ ചുരമാന്തുന്നത് തികഞ്ഞ അസഹിഷ്ണുതയല്ലാതൊന്നുമല്ല. പേഴ്‌സണല്‍ ലോ ഭേദഗതി ചെയ്യണമോ, പരിഷ്‌കരിക്കണമോ, നിലനിര്‍ത്തണമോ, ദുര്‍ബലപ്പെടുത്തണമോ എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശം ആ നിയമം ആചരിക്കുന്നവര്‍ക്കാണ്. ആരുടെയും ദുര്‍വാശികള്‍ അംഗീകരിച്ചുകൊടുക്കുന്നത് അസഹിഷ്ണുതയെ വളര്‍ത്തുകയേ ഉള്ളൂ. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം തന്നെ അത് വ്യക്തമായി സാക്ഷ്യപ്പെടുത്തുന്നുണ്ട്. ചില മതങ്ങളുടെ അന്യായമായ താല്‍പര്യങ്ങള്‍ക്ക് മറ്റു മതവിഭാഗങ്ങള്‍ വഴങ്ങലും മതങ്ങള്‍ തമ്മില്‍ ലയിപ്പിക്കലും സഹിഷ്ണുതയല്ല. അതുവഴിയുണ്ടാകുന്നത് സൗഹാര്‍ദ ബന്ധമല്ല, അടിമ-ഉടമ ബന്ധമാണ്. ഓരോ മതവിഭാഗത്തിനും സ്വന്തം മതത്തിന്റെ വിശ്വാസങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും ഉറച്ചു നിന്നുകൊണ്ടു തന്നെ സഹോദര മതവിഭാഗങ്ങളോട് സ്‌നേഹവും സൗഹാര്‍ദപരമായ സഹവര്‍ത്തനവും സഹകരണവും സാധ്യമാവണം. അതാണ് സഹിഷ്ണുതയുടെ താല്‍പര്യം. മതങ്ങളിലും വേദങ്ങളിലുമുള്ള വൈവിധ്യങ്ങളെയും വൈരുധ്യങ്ങളെയും നിഷേധിച്ച് ഞങ്ങളുടെ വേദവും നിങ്ങളുടെ വേദവും ഒന്നാണേ എന്നു പറഞ്ഞ് പിന്നാലെ നടന്ന് പ്രീണിപ്പിച്ചതുകൊണ്ടൊന്നും സൗഹൃദവും സഹകരണവും ഉണ്ടാവില്ല.
മതസഹിഷ്ണുതയുടെ ഉയര്‍ന്ന രൂപമായിട്ടാണ് ചിലര്‍ സര്‍വമത സത്യവാദം ഉന്നയിക്കുന്നത്. അത് രണ്ടും രണ്ടാണ്. എല്ലാവര്‍ക്കും സ്വീകരിക്കാവുന്നതും സ്വീകരിക്കേണ്ടതുമായ മൂല്യമാണ് മതസഹിഷ്ണുത. സര്‍വമത സത്യവാദം എല്ലാവര്‍ക്കും സ്വീകരിക്കാവുന്നതല്ല. ഒരു മതത്തിലും ഉറച്ച വിശ്വാസവും പ്രതിബദ്ധതയുമില്ലാത്തവര്‍ക്കേ അത് സ്വീകരിക്കാനാവൂ. മുസ്‌ലിംകളില്‍ അതിന് മാര്‍ക്കറ്റ് നന്നേ കുറവാണ്. ഈ വൈന്‍ പുതിയ കുപ്പിയിലിറക്കുന്നതാണ് മുസ്തഫ മൗലവിയുടെ സര്‍വവേദ സത്യവാദം. പുതിയതെന്തിലും ഓടിച്ചെന്നു ചാടുന്ന മലയാളികളില്‍ അതിനും ഒരു വിപണി ലഭിച്ചുകൂടായ്കയില്ല.

മേന്മാവാദവും സ്വര്‍ഗത്തിന്റെ 
കുത്തകാവകാശവും
ഞങ്ങളാണ് ഏറ്റം ഉന്നതര്‍. മറ്റുള്ളവര്‍ നികൃഷ്ടര്‍. സ്വര്‍ഗാവകാശം ഞങ്ങള്‍ക്കു മാത്രം. ബാക്കിയുള്ളവരെല്ലാം നരകാവകാശികള്‍. ഇങ്ങനെ വാദിക്കുന്നവരാണ് സംഘര്‍ഷത്തിനും രക്തച്ചൊരിച്ചിലിനും കാരണക്കാര്‍ എന്നാണ് ഒരു കണ്ടെത്തല്‍. എല്ലാ വേദക്കാരും സ്വര്‍ഗാവകാശികള്‍ തന്നെ എന്നു സിദ്ധാന്തിക്കുകയാണതിനു പരിഹാരം. സ്വര്‍ഗ നരകങ്ങളുടെ കുത്തക ആരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കില്‍ അത് വെറും വ്യാമോഹമാണ്. സ്വര്‍ഗത്തിലേക്ക് ചീട്ടു കൊടുക്കാനോ നരകത്തിലേക്കുള്ള ചീട്ട്് കീറിക്കളയാനോ അധികാരമുള്ള ഒരു സൃഷ്ടിയുമില്ല. സ്വര്‍ഗനരകങ്ങള്‍ വിധിക്കുന്നത് അല്ലാഹു മാത്രമാണ്. ''വാനഭുവനങ്ങളിലുള്ളവരൊക്കെയും അല്ലാഹുവിന്റേതാകുന്നു. മനസ്സിലുള്ളത് വെളിപ്പെടുത്തിയാലും മറച്ചുവെച്ചാലും അതിന്റെ പേരില്‍ അവന്‍ നിങ്ങളെ വിചാരണ ചെയ്യും. എന്നിട്ട് അവന്‍ ഇഛിക്കുന്നവര്‍ക്ക് പൊറുത്തു കൊടുക്കുന്നു. അവനിഛിക്കുന്നവരെ ശിക്ഷിക്കുന്നു. സകല സംഗതികളും ആത്യന്തികമായി നിശ്ചയിക്കുന്നത് അല്ലാഹുവാകുന്നു'' (ഖുര്‍ആന്‍ 2:284). എല്ലാ മുസ്‌ലിംകള്‍ക്കും അല്ലാഹു സ്വര്‍ഗം വാഗ്ദാനം ചെയ്യുന്നില്ല; എല്ലാ യഹൂദര്‍ക്കും നസ്രായര്‍ക്കും ഇതര വേദവാഹകര്‍ക്കും വാഗ്ദാനം ചെയ്തിട്ടില്ലാത്തതുപോലെ. 'പരലോക രക്ഷ നിങ്ങളുടെ വ്യാമോഹമനുസരിച്ചല്ല, വേദക്കാരുടെ വ്യാമോഹങ്ങളനുസരിച്ചുമല്ല. പാപം ചെയ്യുന്നവന് അതിന്റെ ഫലം ലഭിക്കുന്നു എന്നതത്രെ സത്യം. അവന് അല്ലാഹുവല്ലാത്ത രക്ഷകനെയോ സഹായിയെയോ കണ്ടെത്താനാവില്ല. സത്യവിശ്വാസിയായിക്കൊണ്ട് സല്‍ക്കര്‍മം ആചരിക്കുന്നത് പുരുഷനാവട്ടെ, സ്ത്രീയാവട്ടെ അവര്‍ മാത്രമാകുന്നു സ്വര്‍ഗസ്ഥരാകുന്നവര്‍. അവര്‍ തരിമ്പും അനീതിക്കിരയാകുന്നതല്ല' (4:123,124) എന്നാണ് സത്യവിശ്വാസമെന്നും സല്‍ക്കര്‍മങ്ങളെന്നും വേദം വിശദീകരിക്കുന്നുണ്ട്. എല്ലാ ദൈവിക വേദങ്ങളും പഠിപ്പിക്കുന്ന വിശ്വാസ സത്യങ്ങള്‍ ഒന്നുതന്നെയാണ്. കര്‍മനിയമങ്ങളില്‍ അല്ലാഹുവിന്റെ യുക്തിജ്ഞാനം താല്‍പര്യപ്പെടുന്ന മാറ്റങ്ങളുണ്ടാവും. ഖുര്‍ആന്‍ അത് സൂചിപ്പിക്കുന്നുണ്ട്: ''യഹൂദരുടെ അതിക്രമത്താലും അവര്‍ അധികമധികം ദൈവിക മാര്‍ഗം വിലങ്ങിയതിനാലും, നേരത്തേ അനുവദനീയമായിരുന്ന ചില വിശിഷ്ട വിഭവങ്ങള്‍ നാം അവര്‍ക്ക് നിഷിദ്ധമാക്കിയിരുന്നു'' (4:160). ''നഖമുള്ള സകല ജന്തുക്കളുടെയും മാംസം യഹൂദര്‍ക്ക് നാം നിരോധിച്ചിട്ടുണ്ടായിരുന്നു. ആടുമാടുകളുടെ കൊഴുപ്പും നിരോധിച്ചിരുന്നു; അവയുടെ മുതുകിലോ കുടലിലോ പറ്റിയതും അസ്ഥിയില്‍ കലര്‍ന്നതുമൊഴിച്ച്. അവരുടെ അതിക്രമത്തിന് നാം നല്‍കിയ ശിക്ഷയായിരുന്നു അത്. നാം പറയുന്നത് തികഞ്ഞ സത്യം തന്നെയാകുന്നു'' (6:146).
ഓരോ വൈദിക സമൂഹവും എക്കാലത്തും അവരുടെ കൈവശമുള്ള വേദനിയമങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുക എന്നല്ല ഖുര്‍ആന്‍ വിഭാവനം ചെയ്യുന്നത്. കൈവശമുള്ള വേദം അനുസരിക്കേണ്ടത് അനന്തരം മറ്റൊരു വേദം അവതരിക്കുന്നതുവരെയാണ്. മറ്റൊരു വേദം വന്നാല്‍ അതില്‍ വിശ്വസിക്കുകയും അതിന്റെ ശാസനകളനുസരിക്കുകയുമാണ് വേണ്ടത്. അത് വേദവിശ്വാസികള്‍ അല്ലാഹുവിനോട് ചെയ്തിട്ടുള്ള പ്രതിജ്ഞയാണ്: ''അല്ലാഹു പ്രവാചകന്മാരില്‍നിന്ന് പ്രതിജ്ഞ വാങ്ങിയിട്ടുള്ളതോര്‍ക്കുക. ഇപ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക് വേദവും തത്ത്വജ്ഞാനവും നല്‍കിയിട്ടുണ്ടല്ലോ. നിങ്ങളുടെ കൂടെയുള്ളതിനെ സത്യപ്പെടുത്തിക്കൊണ്ട് പിന്നീട്  ഒരു ദൈവദൂതന്‍ ആഗതനായാല്‍ നിങ്ങള്‍ തിട്ടമായും അദ്ദേഹത്തെ വിശ്വസിക്കേണ്ടതും പിന്തുണക്കേണ്ടതുമാകുന്നു. പിന്നെ അല്ലാഹു അവരോട് ചോദിച്ചു: 'നിങ്ങളിതു സമ്മതിക്കുകയും എന്നോട് ചെയ്ത പ്രതിജ്ഞയുടെ ഉത്തരവാദിത്ത ഭാരം ഏറ്റെടുക്കുകയും ചെയ്തില്ലയോ?' അവര്‍ ബോധിപ്പിച്ചു: 'ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു.' അവര്‍ അരുളി: എങ്കില്‍ നിങ്ങള്‍ സാക്ഷികളാകുവിന്‍. ഞാനും സാക്ഷിയാകുന്നു'' (3:71). ഈ പ്രതിജ്ഞ ലംഘിച്ച് പില്‍ക്കാല പ്രവാചകനെയും വേദത്തെയും നിഷേധിക്കുന്നവര്‍ സ്വന്തം വേദത്തിലും പ്രവാചകനിലും വിശ്വസിച്ചുകൊണ്ടു തന്നെ എല്ലാ പ്രവാചകന്മാരെയും വേദങ്ങളെയും നിഷേധിച്ചവരായിത്തീരുന്നു. എല്ലാ പ്രവാചകന്മാരെയും വിവേചനമില്ലാതെ വിശ്വസിക്കുക സത്യവിശ്വാസത്തിന്റെ മൗലിക തത്ത്വമാണ് (2:285).
പിന്നെ ഇസ്‌ലാമിന്റെ ഔന്നത്യം. അതൊരു യാഥാര്‍ഥ്യമാണ്. ഇസ്‌ലാമില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ക്കൊക്കെ അത് ഇതര മതങ്ങളേക്കാള്‍ സത്യവും സമുന്നതവുമാണെന്ന ബോധമുണ്ട്. ആ ബോധമാണ് അവരെ ഇസ്‌ലാമില്‍ അടിയുറച്ചു നിര്‍ത്തുന്ന മുഖ്യഘടകം. ഇസ്‌ലാം ഉന്നതമായിരിക്കുന്നതിന്റെ അനിവാര്യതയാണ് അതിന്റെ വാഹകരായ മുസ്‌ലിംകള്‍ ഉന്നതരായിരിക്കുക എന്നത്. കാനേഷുമാരി മുസ്‌ലിംകളെ കുറിച്ചല്ല, യഥാര്‍ഥ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ചാണ് പറയുന്നത്. വാസ്തവത്തില്‍ ഈ ഔന്നത്യം മുസ്‌ലിംകള്‍ സ്വയം അവകാശപ്പെടുന്നതല്ല. ഖുര്‍ആന്‍ നല്‍കിയ വിശേഷണമാണ്: 'നിങ്ങള്‍ ദുര്‍ബലരാകരുത്, വ്യധിതരാകരുത്. യഥാര്‍ഥ സത്യവിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഏറ്റം ഉന്നതര്‍'' (3:139). 'അല്ലാഹുവില്‍ വിശ്വസിക്കുകയും നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന നിങ്ങള്‍ മാനവര്‍ക്കു വേണ്ടി എഴുന്നേല്‍പിക്കപ്പെട്ട ഉത്തമ സമൂഹമാകുന്നു' (3:110) എന്ന് ഈ സമുദായത്തെയും വിശേഷിപ്പിച്ചിരിക്കുന്നു. ഖുര്‍ആനിന്റെ ഇത്തരം പ്രസ്താവനകള്‍ അതിവാദവും അതിശയോക്തിയുമാണെന്നും ഇസ്‌ലാം മറ്റു മതങ്ങള്‍ക്കൊപ്പം ഗുണദോഷങ്ങളുള്ള ഒരു സാധാരണ മതം അല്ലെങ്കില്‍ താരതമ്യ ഗുണം കുറഞ്ഞ മതമാണെന്നും വിശ്വസിക്കാനിഷ്ടപ്പെടുന്നവര്‍ക്ക് അങ്ങനെ വിശ്വസിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ട്. പക്ഷേ അതാണ് ഖുര്‍ആന്റെ സന്ദേശമെന്ന് വാദിക്കുന്നത് അപഹാസ്യമാണ്.

ആ കോമ്പല്ലുകള്‍ മതത്തിന്റേതോ?
'ഇസ്‌ലാമിലെ മോക്ഷ സിദ്ധാന്തം' പഠനത്തിന് അടിത്തറയിടുന്നതിങ്ങനെയാണ്: ''വളരെ പെട്ടെന്നു തന്നെ അത് ഒരു പാര്‍ട്ടിയെന്ന പോലെ സ്ഥാപനമായിത്തീരുകയും അധികാര കേന്ദ്രമായി മാറുകയും ചെയ്യുന്നതാണ് ചരിത്രത്തില്‍ കാണുന്നത്. പിന്നീട് ആ സ്ഥാപനത്തെയും അധികാരത്തെയും നിലനിര്‍ത്തുന്നതിന് ആവശ്യമായ വിധം അതിനു രൂപമാറ്റങ്ങളും നീക്കുപോക്കുകളും വരുത്തി. ക്രമത്തില്‍ അത് ഏറ്റവും ദുഷിച്ച ഒളിത്താവളമായി മാറി. മതത്തിന്റെ ആധാരമായി പറയുന്ന വേദവും പ്രവാചകനും ഒരു വിലാസം എന്നതിനപ്പുറത്ത് യാതൊരു പ്രാധാന്യവുമില്ലാത്ത കാഴ്ച വിഭവങ്ങള്‍ മാത്രമായിത്തീര്‍ന്നു... അധികാരികളുടെ ക്രൂരതകള്‍ക്ക് മതത്തിന്റെ വിശുദ്ധ ആവരണമണിയിക്കാത്ത ഒരു മതവും ഇന്ന് ലോകത്ത് നിലനില്‍ക്കുന്നില്ല... മതത്തിന്റെ ചോരയിറ്റുന്ന കോമ്പല്ലുകള്‍ മാനവകുലത്തിന്റെ കഴുത്തിലേക്ക് ഭക്തിപൂര്‍വം താഴ്ന്നുകൊണ്ടിരിക്കുന്നു... മതങ്ങളുടെ അടിസ്ഥാനമായ വേദസന്ദേശങ്ങളിലേക്ക് മടങ്ങുകയാണ് ഇതിനുള്ള ഏക പരിഹാരം... അതിനാല്‍ മതത്തെ അതിന്റെ ആദിമ വിശുദ്ധിയില്‍ ഉള്‍ക്കൊള്ളുകയാണ് പരിഹാരം.''
മതങ്ങളില്‍ കാലക്രമേണ ജീര്‍ണതകള്‍ കടന്നുകൂടിയിട്ടുണ്ട്. ചില മതങ്ങള്‍ അതിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍നിന്നും മൗലിക പ്രമാണങ്ങളില്‍നിന്നും ബഹുദൂരം വ്യതിചലിച്ചുപോയിട്ടുമുണ്ട്. മതത്തെ സ്വാര്‍ഥ ലാഭങ്ങള്‍ക്കും അധികാര താല്‍പര്യങ്ങള്‍ക്കും വേണ്ടി പുരോഹിതന്മാരും അധികാരികളും ചൂഷണം ചെയ്തതിന്റെ പരിണതിയാണതെന്ന് ഗ്രന്ഥകാരന്‍ തന്നെ പറയുന്നുണ്ട്. കുഴപ്പം മതങ്ങളുടേതല്ല, മതങ്ങളെ സ്വാര്‍ഥ ലാഭത്തിനു വേണ്ടി ഉപയോഗിക്കുന്നവരുടേതാണ് എന്നാണല്ലോ അതിനര്‍ഥം.  മതങ്ങളെ ഒന്നാക്കി നന്നാക്കിയാല്‍ (അത് സാധ്യമാകുമെങ്കില്‍) ഇക്കൂട്ടരുടെ രോഗം മാറുമോ? ജീര്‍ണതയും വ്യതിയാനങ്ങളും പെരുത്ത് ഉണ്ടെങ്കിലും ഭൗതിക ലോകം ചെറിയൊരു അളവിലെങ്കിലും മാനവികതയും ധാര്‍മിക-സദാചാര മൂല്യങ്ങളും സമാധാനവും നിലനിര്‍ത്തുന്നതില്‍ മതങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ആ നിലക്ക് മോക്ഷ ഗവേഷണത്തിന്റെ അടിത്തറയായ 'മതത്തിന്റെ പേരില്‍ നടന്ന വിശുദ്ധ നിലവിളികള്‍' അധികം ആലോചിക്കാത്തവരെ എളുപ്പം ആകര്‍ഷിച്ചേക്കാമെങ്കിലും ഉപരിപ്ലവവും അതിശയോക്തിപരവുമാണ്. നിര്‍മതരും നാസ്തികരും എത്രയോ കാലമായി പാടി നടക്കുന്ന പല്ലവിയാണത്. ഒരു മൗലവിയില്‍നിന്ന് അത് കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും അവര്‍ കൈയടിക്കും. ഈ നിലവിളി കേട്ടാല്‍ തോന്നും ഇരുപതാം നൂറ്റാണ്ടില്‍ ബഹുകോടി ജനങ്ങളെ കൊന്നൊടുക്കിക്കൊണ്ട് നടന്ന രണ്ട് ലോക യുദ്ധങ്ങളും നടത്തിയത് മതങ്ങളാണെന്ന്, അതിനു ശേഷം അഫ്ഗാന്‍ യുദ്ധം വരെയുള്ള രക്തച്ചൊരിച്ചിലുകളൊക്കെയും നടത്തിയിട്ടുള്ളത് മതങ്ങളാണെന്ന്. അത് ഓര്‍മിപ്പിക്കുന്നവരെ മൗലവി പരിഹസിക്കുകയാണ്, കഷ്ടം! അതുപോലെയാണോ മനുഷ്യ സ്‌നേഹവും സംസ്‌കാരവും സമാധാനവും മോക്ഷവും സ്ഥാപിക്കാന്‍ ആഗതരമായ മതങ്ങളുടെ കാര്യം? സകല ദര്‍ശനങ്ങളും ഈ ലോകത്ത് ഉടലെടുത്തിട്ടുള്ളത് മനുഷ്യ സ്‌നേഹവും സമാധാനവും ക്ഷേമവും സ്ഥാപിക്കുക ലക്ഷ്യമായി പ്രഖ്യാപിച്ചുകൊണ്ടുതന്നെയാണ്. പരസ്പര വൈരവും പ്രാകൃതത്വവും അസമാധാനവും സ്ഥാപിക്കുക ലക്ഷ്യമാക്കി വന്ന മതങ്ങളില്ലാത്തതുപോലെ മതേതര പ്രത്യയശാസ്ത്രങ്ങളും കൂട്ടായ്മകളുമില്ല. ഈ സത്യത്തിനു മുന്നില്‍ മൗലവിയുടെ പരിഹാസം പൊള്ളയാകുന്നു.
മതം വിളക്കാണ്. വെളിച്ചമനുഭവിക്കാനും നേര്‍വഴി കാണാനുമുള്ളതാണ് വിളക്ക്. ചിലര്‍ സഹജീവികളെ കൊള്ളിവെക്കാനും കൊല്ലാനും വിളക്ക് ഉപയോഗിക്കുന്നുവെങ്കില്‍ അത് വിളക്കിന്റെ കുറ്റമല്ല. അത് കൈകാര്യം ചെയ്യുന്നവരുടെ കുറ്റമാണ്. ഹിംസയുടെയും സംഘര്‍ഷത്തിന്റെയും ഉറവിടം തേടേണ്ടത് മതത്തിലല്ല; മതത്തിനു പുറത്താണ്. ഈ സത്യം അവഗണിച്ചുള്ള ഗവേഷണം കൊണ്ട് മതത്തെ അപകീര്‍ത്തിപ്പെടുത്താമെന്നല്ലാതെ മനുഷ്യന് മോക്ഷം കിട്ടാന്‍ പോകുന്നില്ല.

ഹിംസയുടെ ഉറവിടം
പരസ്പര വൈരത്തിന്റെയും ഹിംസയുടെയും ഉറവിടം മനുഷ്യന്‍ തന്നെയാണ്; അവന്റെ ആസക്തികളും (ശഹവാത്ത്) അഭിലാഷങ്ങളും (അഹ്‌വാഅ്). ഇത് മനുഷ്യപ്രകൃതിയിലുള്ളതാണ്. അല്ലാഹു പറയുന്നു: ''മനുഷ്യാത്മാവും അതിനെ സന്തുലിതമാക്കിയതുമാണ! എന്നിട്ടതിന് ധര്‍മാധര്‍മങ്ങള്‍ ബോധനം ചെയ്തവാണ! ആത്മാവിനെ സംസ്‌കരിച്ചവന്‍ ജീവിതം സഫലമാക്കി. അതിനെ ചവിട്ടിത്താഴ്ത്തിയവന്റെ ജീവിതം പാഴായി'' (91:7-10). ഉള്ളിലുള്ള പ്രകൃതിപരമായ ധര്‍മബോധത്തെ സംസ്‌കരിച്ച് സക്രിയമാക്കുന്നതിനുള്ള പാഠപുസ്തകമാണ് വേദം. അത് പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന അധ്യാപകനാണ് പ്രവാചകന്‍. മനുഷ്യന്‍ വേദത്തില്‍നിന്നും പ്രവാചകനില്‍നിന്നും അകലുമ്പോള്‍ അവന്റെ ജഡികേഛകളും ആസക്തികളും വിജ്രംഭിക്കുന്നു. വിരുദ്ധമായ ആസക്തികള്‍ തമ്മില്‍ ഏറ്റുമുട്ടുന്നു. മതേതര ആശയങ്ങളെന്ന പോലെ മതവും അതില്‍ കരുവാക്കപ്പെടുന്നുണ്ട്.
ഭിന്നിപ്പിന്റെയും രക്തച്ചൊരിച്ചിലിന്റെയും യഥാര്‍ഥ ഉറവിടം മനുഷ്യന്റെ അന്യായമായ ആസക്തികളും അവ ശമിപ്പിക്കുന്നതിലുള്ള മത്സരവുമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്: ''ആദിയില്‍ ജനമൊക്കെയും ഒറ്റ സമൂഹമായിരുന്നു. പിന്നെ അവര്‍ ഭിന്നിച്ചപ്പോള്‍ അല്ലാഹു ധര്‍മാനുഷ്ഠാനത്തിന്റെ ശുഭ പരിണതിയുടെ സുവിശേഷകരായും അധര്‍മത്തിന്റെ കെടുതികള്‍ താക്കീതു ചെയ്യുന്നവരായും പ്രവാചകന്മാരെ നിയോഗിച്ചു. ധര്‍മ വിഷയകമായി ജനത്തില്‍ ഉടലെടുത്ത ഭിന്നതകളില്‍ തീര്‍പ്പു കല്‍പിക്കേണ്ടതിനായി പ്രവാചകന്മാരോടൊപ്പം സത്യവേദവും അവതരിപ്പിച്ചു. വാസ്തവത്തില്‍ ഭിന്നിപ്പുണ്ടായത് ജനത്തെ സത്യം അറിയിക്കാത്തതുകൊണ്ടായിരുന്നില്ല. സത്യജ്ഞാനം ലഭിച്ചവര്‍ അത് ലഭിച്ച ശേഷം തന്നെയാണ് ഭിന്നിച്ചത്. സുവ്യക്തമായ സന്മാര്‍ഗദര്‍ശനം ലഭിച്ചിട്ട് അത് തള്ളിക്കളഞ്ഞ് ഭിന്നമാര്‍ഗങ്ങള്‍ സ്വീകരിച്ചത് അവരുടെ തമ്മില്‍പോര് നിമിത്തമാകുന്നു'' (2:213).
മാത്സര്യത്തിനും അക്രമോത്സുകതക്കും   മനുഷ്യന്റെ ഉല്‍പത്തിയോളം പഴക്കമുണ്ട്. ആദിപിതാവ് ആദമിനെ ദൈവകല്‍പന ലംഘിക്കാന്‍ പ്രേരിപ്പിച്ചത് പറുദീസയില്‍ അമരനായി വസിക്കാനുള്ള മോഹമായിരുന്നു. അതൊരു പൈശാചിക മോഹമായിരുന്നു. വിലക്കപ്പെട്ട കനി കഴിക്കുക മൂലം അദ്ദേഹത്തിനു പറുദീസ നഷ്ടപ്പെടുകയാണുണ്ടായത്. ദൈവകല്‍പന ലംഘിക്കുന്നത് അധര്‍മമാണെന്നും അധര്‍മം അതിന്റെ കര്‍ത്താവിനെ ദുരന്തത്തിലകപ്പെടുത്തുമെന്നും ആദിപിതാവിനെ അനുഭവത്തിലൂടെ പഠിപ്പിക്കുകയായിരുന്നു അല്ലാഹു. ദൈവകല്‍പനയോടുള്ള സമ്പൂര്‍ണ വിധേയത്വമാണ് ധര്‍മമെന്നും അതിനോടുള്ള ധിക്കാരമാണ് അധര്‍മമെന്നും കൂടി ഈ പാഠം പഠിപ്പിക്കുന്നു. അല്ലാഹുവിനോടുള്ള വിധേയത്വവും ധിക്കാരവുമാണ് ഇസ്മും ജാഹിലിയ്യത്തും.
ആദമിന്റെ (അ) പുത്രന്‍ ഖാബീല്‍ സ്വന്തം സഹോദരന്‍ ഹാബീലിന്റെ വൈരിയായതും അയാളെ കൊന്നു കളഞ്ഞതും മതത്തിന്റെ പേരിലല്ല. അതായിരുന്നുവല്ലോ മനുഷ്യവര്‍ഗത്തിലുണ്ടായ ഒന്നാമത്തെ യുദ്ധം-നരഹത്യ. ഖാബീലിന്റെ കാമമോഹാദികള്‍ (ശഹവാത്ത്) ആയിരുന്നു അതിന്റെ പ്രചോദനം. മോഹങ്ങള്‍ സഫലമാകാനും അതിനു മുന്നില്‍ വരുന്ന തടസ്സങ്ങള്‍ നീക്കാനും മനുഷ്യന്‍ കൈയില്‍ കിട്ടിയതെല്ലാം -ആയുധങ്ങളും ആശയങ്ങളും ആദര്‍ശ സിദ്ധാന്തങ്ങളും പ്രത്യയശാസ്ത്രങ്ങളും എല്ലാം - ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. കൂട്ടത്തില്‍ മതത്തെയും ഉപയോഗിക്കുന്നു. ദേശീയത, വംശീയത, ഭാഷാഭ്രമം, വര്‍ണം, വൈവിധ്യമാര്‍ന്ന ആധുനിക ആദര്‍ശ സിദ്ധാന്തങ്ങള്‍, പ്രത്യയശാസ്ത്രങ്ങള്‍ തുടങ്ങിയവയുമായി തട്ടിച്ചുനോക്കിയാല്‍ ലോകത്ത് നടക്കുന്ന സംഘര്‍ഷങ്ങളില്‍ മതം കരുവാക്കപ്പെടുന്നത് തുലോം തുഛമാണെന്നു കാണാം.
അധികാര താല്‍പര്യങ്ങള്‍ക്കും സാമ്പത്തിക താല്‍പര്യങ്ങള്‍ക്കും മതത്തെ ഉപയോഗപ്പെടുത്തുന്ന തന്ത്രം പ്രാക്തന കാലം മുതലേ പ്രയോഗിക്കപ്പെട്ടു വന്നിട്ടുള്ളതാണ്. ഇബ്‌റാഹീം നബിക്കെതിരെ നംറൂദ് രാജാവ് അത് ഉപയോഗിച്ചു, മൂസാ നബിക്കെതിരെ ഫറവോന്‍ രാജാവും ഖാറൂന്‍ മുതലാളിയും ഉപയോഗിച്ചു. മതവികാരം പരസ്യമായി ഉപയോഗിച്ചുകൊണ്ടുള്ളതായിരുന്നു കുരിശുയുദ്ധങ്ങള്‍. അടുത്ത കാലത്ത് നടന്ന ഗള്‍ഫ് യുദ്ധങ്ങളിലും പരോക്ഷമായി മതം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇന്ന് ഇന്ത്യ ഭരിക്കുന്ന കക്ഷി അധികാരത്തിലേറിയത് ദേശീയ ഭ്രാന്തും പരമത വിദ്വേഷവും വളര്‍ത്തിക്കൊണ്ടാണ്. നിര്‍മതരും നാസ്തികരും വരെ അധികാര താല്‍പര്യത്തിനു വേണ്ടി മതത്തെ ചൂഷണം ചെയ്യുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഈയിടെ കേരളത്തില്‍ ഉയര്‍ന്നുവന്ന ലൗ-നാര്‍ക്കോട്ടിക് ജിഹാദ് ദുഷ്പ്രചാരണത്തോട് ഭരണകക്ഷിയും സര്‍ക്കാറും സ്വീകരിച്ച സമീപനം ഒരു ഉദാഹരണമാണ്. മുമ്പൊരു കമ്യൂണിസ്റ്റ് സഖാവ് ആസന്നമരണനായപ്പോള്‍ അന്ത്യകൂദാശ സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തിയ പുരോഹിതനെ 'നികൃഷ്ട ജീവി' എന്ന് അധിക്ഷേപിച്ച മുഖ്യമന്ത്രിക്ക് രണ്ടാഴ്ച വേണ്ടിവന്നു, ഈ നികൃഷ്ട പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പറയാന്‍. എന്താണ് കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ക്കറിയാം.
മതത്തിന്റെ ലക്ഷ്യം സത്യത്തിന്റെയും ധര്‍മത്തിന്റെയും സംസ്ഥാപനമാകുന്നു. സത്യധര്‍മങ്ങള്‍ സ്ഥാപിക്കാന്‍ അധര്‍മത്തോടും അസത്യത്തോടും പൊരുതേണ്ടിവരും. ആ പോരാട്ടം ചിലപ്പോള്‍ സായുധവുമാകും. അഹിംസ ഒരടിസ്ഥാന സിദ്ധാന്തമായി വൈദിക മതങ്ങള്‍ അനുശാസിക്കുന്നില്ല. അഹിംസയെ മതമായി കൊണ്ടുനടക്കുന്ന മതവിഭാഗങ്ങള്‍ അതനുഷ്ഠിക്കുന്നുമില്ല. ബൗദ്ധ രാഷ്ട്രമായ മ്യാന്മര്‍ ഒരു ഉദാഹരണം. സത്യവും ധര്‍മവും സ്ഥാപിതമാകുന്നതിന്റെ ഫലമാണ് അഹിംസ. അത് സ്ഥാപിതമാകാന്‍ ചിലപ്പോള്‍ അസത്യത്തിന്റെയും അധര്‍മത്തിന്റെയും ശക്തികളെ ഹിംസിക്കേണ്ടിവരും. ഫിലിസ്തരുമായി യുദ്ധം ചെയ്യാന്‍ മൂസാ പ്രവാചകന്‍ ഇസ്രാഈല്യരോട് കല്‍പിച്ചിരുന്നു. ധര്‍മ സംസ്ഥാപനാര്‍ഥം ഏറെ യുദ്ധങ്ങള്‍ നയിച്ചവരാണ് ദാവൂദ്-സുലൈമാന്‍ പ്രവാചകന്മാര്‍. മുഹമ്മദ് നബി (സ) പതിമൂന്ന് വര്‍ഷം ഖുറൈശികളുടെ മര്‍ദന പീഡനങ്ങള്‍ സഹിച്ച് മക്കയില്‍ ഇസ്‌ലാം പ്രബോധനം ചെയ്തു. അവരദ്ദേഹത്തെ വധിച്ചുകളയുമെന്നായപ്പോള്‍ മദീനയില്‍ അഭയം തേടി. ഇസ്‌ലാമിനെയും മുഹമ്മദിനെയും അവിടെ നിന്നും തുടച്ചുനീക്കാന്‍ ഖുറൈശികള്‍ മദീനയിലേക്ക് പടകള്‍- ബദ്ര്‍, ഉഹുദ്, അഹ്‌സാബ്- നയിച്ചു. അപ്പോള്‍ മുസ്‌ലിംകള്‍ അവരെ സായുധമായി ചെറുത്തുതോല്‍പിക്കുകയായിരുന്നു. പിന്നീട് യഹൂദരെയും ക്രൈസ്തവരെയും ഇതുപോലെ ചെറുക്കേണ്ടിവന്നു. മൂസാ-ദാവൂദ്-സുലൈമാന്‍-മുഹമ്മദ് പ്രവാചകന്മാര്‍ യുദ്ധം ചെയ്യേണ്ടിവന്നപ്പോള്‍ ശത്രുക്കളെ 'മതത്തിന്റെ ആദിമ വിശുദ്ധി'യിലേക്ക് ക്ഷണിച്ച് നിഷ്‌ക്രിയരായി അക്രമികള്‍ക്കു വഴങ്ങുകയായിരുന്നില്ല. അവരൊക്കെയും മോക്ഷസിദ്ധാന്തത്തെ കുറിച്ച് വിവരമില്ലാത്തവരായതുകൊണ്ടായിരിക്കുമോ? അല്ല, സത്യമതത്തോടുള്ള വിരോധത്തില്‍ മുങ്ങി യുദ്ധോത്സുകരായ വിഭാഗങ്ങളോട് വേദമോതിയിട്ടു കാര്യമില്ല. ഇസ്‌ലാമും ജാഹിലിയ്യത്തും നിലനില്‍ക്കുന്നേടത്തോളം കാലം അവ തമ്മിലുള്ള സമരവും ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കും. ഒരു വേദവും അതു വിലക്കുന്നില്ല. ജാഹിലിയ്യത്ത് കടന്നാക്രമിക്കാന്‍ വരുമ്പോള്‍ നേരിടാന്‍ ആയുധസജ്ജരായിരിക്കണമെന്ന് ഖുര്‍ആന്‍ വിശ്വാസികളെ ഉപദേശിക്കുന്നുണ്ട് (8:60).
മൗലവി ഭാരതീയ വേദമായി ഉദ്ധരിക്കുന്ന ഭഗവദ് ഗീത കൃഷ്‌ണോപദേശം ആരംഭിക്കുന്നതു തന്നെ അര്‍ജുനനെ ഭ്രാതൃഹത്യക്കു നിര്‍ബന്ധിച്ചുകൊണ്ടാണ്. പാണ്ഡവരുടെ പിതൃവ്യപുത്രന്മാരാണല്ലോ കൗരവര്‍. യുദ്ധം ക്ഷത്രിയ ധര്‍മമാണെന്നും കുരുക്ഷേത്ര യുദ്ധം ധര്‍മസംസ്ഥാപനാര്‍ഥമാണെന്നുമാണ് കൃഷ്ണന്‍ പഠിപ്പിച്ചത്. 
(തുടരും)
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ -65-70
ടി.കെ ഉബൈദ്‌

ഹദീസ്‌

തീവ്രത എല്ലാം നഷ്ടപ്പെടുത്തും
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌