Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 03

3229

1443 റബീഉല്‍ ആഖിര്‍ 28

മന്ത്രിച്ചൂതല്‍ ആഗോള തീവ്രവാദത്തിന്റെ തൂഫാന്‍ ആകുമ്പോള്‍

ബശീര്‍ ഉളിയില്‍

ഡിജിറ്റല്‍ മാധ്യമങ്ങളെ ഉപയോഗിച്ച് ജനസംഖ്യാശാസ്ത്രം, ഉപഭോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തുന്ന മൈക്രോ ടാര്‍ഗറ്റിംഗ് എന്ന മാര്‍ക്കറ്റിംഗ് തന്ത്രം രാഷ്ട്രീയത്തില്‍ പ്രയോഗിച്ച് അധികാരമേറ്റ ബിജെപി, ഇനിയും പിടികൊടുക്കാത്ത കേരളം, തമിഴ്‌നാട്, ഒഡീഷ, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ വളര്‍ത്താന്‍ അറ്റകൈ പ്രയോഗത്തിന് ഒരുങ്ങുന്നു എന്നതാണ് ഏറ്റവുമൊടുവിലത്തെ ദേശീയ രാഷ്ട്രീയ വര്‍ത്തമാനം. ഈ സംസ്ഥാനങ്ങളില്‍ 'പന്ന പ്രമുഖു'കളെ നിയമിച്ചുകൊണ്ട് വേട്ടക്കിറങ്ങാനാണ് പാര്‍ട്ടി ഒരുങ്ങുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി യു.പിയിലെ അമ്പത് ലക്ഷം പ്രവര്‍ത്തകര്‍ക്ക് പന്ന പ്രമുഖ് സ്ഥാനം നല്‍കിയാണ് ഈ ചാക്കിട്ടുപിടിത്ത മഹോത്സവത്തിന് തുടക്കം കുറിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം പ്രമുഖ നേതാക്കളും പന്ന പ്രമുഖ് പട്ടികയുടെ ഭാഗമായിരിക്കും. പ്രാദേശികമായി ബൂത്ത്തല പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരലാണ് ഈ 'പന്ന' പ്രമുഖരുടെ പണി.  2007-ല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ അമിത് ഷായാണ് മൈക്രോ ടാര്‍ഗറ്റിംഗ് മെസ്സേജിംഗ് വോട്ട് ധ്രുവീകരണ സ്ട്രാറ്റജി  പരീക്ഷിച്ച് വിജയിപ്പിച്ചത്. 2012-ല്‍ യു.പിയിലും അത് പരീക്ഷിച്ചു തുടങ്ങുകയും അഞ്ച് കൊല്ലം കൊണ്ട് അവിടെയും അത് വിജയിപ്പിക്കുകയും ചെയ്തു.
സൗഹാര്‍ദത്തില്‍ ജീവിക്കുന്ന വിവിധ ജാതി - മത വിഭാഗങ്ങള്‍ക്കിടയില്‍ അതിവൈകാരിക വിഷയങ്ങള്‍ക്ക് തീ കൊടുത്തും നിസ്സാരമായ പ്രാദേശിക വിഷയങ്ങള്‍ കുത്തിപ്പൊക്കിയും പരസ്പരം സംശയവും സ്പര്‍ധയും വളര്‍ത്തുകയും അങ്ങനെ വോട്ടുകള്‍ ധ്രുവീകരിക്കുകയും ചെയ്യുന്ന  വിദ്യയാണ് രാഷ്ട്രീയത്തിലെ മൈക്രോ ടാര്‍ഗറ്റിംഗ് സ്ട്രാറ്റജി. ഉത്തര്‍പ്രദേശില്‍ സംഘ് പരിവാറിനെതിരെ ഒന്നിച്ചു നിന്നിരുന്നു യാദവ, പിന്നാക്ക  വോട്ടുകളും മുസ്‌ലിം വോട്ടുകളും മതാതീതമായ പ്രണയം, ഗോഹത്യ തുടങ്ങിയ വിഷയങ്ങളുണ്ടാക്കി വിഘടിപ്പിച്ചുകൊണ്ടായിരുന്നു ഇതിന് തുടക്കം കുറിച്ചത്. ഗുജറാത്തില്‍ മുസ്‌ലിംകള്‍ വ്യവസായ മേഖല കൈയടക്കിയിരിക്കുന്നു എന്ന വ്യാജം പട്ടേല്‍, ഒ.ബി.സി വിഭാഗങ്ങള്‍ക്കിടയില്‍ നിഗൂഢമായി പ്രസരിപ്പിച്ചു കൊണ്ടാണ് ഈ സ്ട്രാറ്റജി വിജയിപ്പിച്ചെടുത്തത്. 2002-ലെ ഗുജറാത്ത് കലാപത്തില്‍ അക്രമികള്‍ക്ക് വളരെ കൃത്യമായി മുസ്‌ലിം കടകള്‍ കണ്ടുപിടിച്ചു കത്തിക്കാന്‍ ഈ കാമ്പയിനാണ് സഹായകമായത്.
കേരളത്തില്‍ 2009-ല്‍ തന്നെ 'ലൗ ജിഹാദി'ന്റെ അമിട്ട് പൊട്ടിച്ച് മൈക്രോ ടാര്‍ഗറ്റിംഗ് സ്ട്രാറ്റജി പരീക്ഷിച്ചു തുടങ്ങിയിരുന്നെങ്കിലും ഉത്തരേന്ത്യ പോലെ വിദ്വേഷ രാഷ്ട്രീയത്തിന്റെ പന്നല്‍ച്ചെടികള്‍ക്ക് പടരാന്‍ പറ്റിയ മണ്ണായിരുന്നില്ല കേരളം എന്നതുകൊണ്ട് എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. കളം നിറക്കാന്‍ പലതരം 'പന്ന പ്രമുഖ്' വിത്തുകള്‍ പാകി നോക്കിയെങ്കിലും മണ്ടപോയ തെങ്ങുകളും കമ്യൂണിസ്റ്റ് പച്ചയും കൊണ്ട് നിറഞ്ഞ വെട്ടുകാടായി മാറുകയായിരുന്നു കേരളത്തിലെ ബി.ജെ.പി. അയ്യേയെസ്, ഐപീയെസ് ഗുമസ്തമാവുകള്‍ തൊട്ട് റിട്ടയേഡ് ചൂര്‍ണാനന്ദന്മാര്‍ വരെയുള്ളവരെയൊക്കെയും പന്നപ്രമുഖരാക്കിയിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് 'ഇന്‍സള്‍ട് ആണ് മുരളീ ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്മെന്റ്' എന്ന് പറയുന്ന സിനിമാ കഥാപാത്രത്തെ അനുസ്മരിപ്പിക്കും വിധം ഏത് ട്രോളിനെയും അലങ്കാരമായി കഴുത്തിലണിയുന്ന അരുവാനപ്പള്ളി പുതിയപുരക്കല്‍ അബ്ദുല്ലക്കുട്ടി എന്ന എ.പി അബ്ദുല്ലക്കുട്ടിയെ 'പന്ന പ്രമുഖ്' ആയി ബി.ജെ.പി യാഗശാലയിലിറക്കിയത്.
കേരളത്തില്‍ വേരുറപ്പിക്കാന്‍ ബി.ജെ.പി ഇത് വരെ നടത്തി വന്ന ലവ് ജിഹാദ്, മത ഭീകരത അഥവാ കൈവെട്ട് കേസ്, ഐ.എസ് റിക്രൂട്ടിംഗ്, മുസ്ലിം ജനസംഖ്യാ വര്‍ധനവ്, ഹലാല്‍ ഭക്ഷണ കാമ്പയിന്‍ ആദിയായ 'പന്ന'തന്ത്രങ്ങളില്‍  പുതുതായി ചേര്‍ക്കപ്പെട്ട സൂത്രമാണ് 'ഉമിനീര്‍ പ്രസാരണ്‍ കിംവദന്തി യോജന'. ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചതായി കരുതുന്നില്ലെന്നും മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ സമാധാനപരമായ രാജ്യമാണെന്നും വിദേശത്ത് പോയി പ്രസ്താവന ഇറക്കുകയും 'ഇങ്ങോട്ട് സഹായിക്കുന്നവരെ അങ്ങോട്ടും സഹായിക്കും' എന്ന ഉപകാര - പ്രത്യുപകാര പ്രമാണത്തിന്റെ പ്രയോക്താക്കളാവുകയും ചെയ്ത 'മാപ്പു സാക്ഷി ഇസ്‌ലാമി'നെ പിന്തുണച്ച് ഇനിയും ധനനഷ്ടവും മാനഹാനിയും ഉണ്ടാക്കേണ്ടതില്ല എന്ന തിരിച്ചറിവില്‍നിന്നാണ് ഉമിനീര്‍ കണം പോലും അഗ്നിബാണമാക്കാന്‍ സാംസ്‌കാരിക ദേശീയ ബാണാസുരന്മാര്‍  തീരുമാനിച്ചത്. 
ഏതോ ഒരു സ്വകാര്യ വ്യക്തിയുടെ സല്‍ക്കാരത്തിലൊരുക്കിയ ബിരിയാണിയില്‍ അതിനേക്കാള്‍ സ്വകാര്യനായ പോരിശപ്പെട്ട ഏതോ ഒരു 'സയ്യിദ്' മന്ത്രിച്ചൂതുന്ന വീഡിയോ ഭക്ഷണത്തില്‍ തുപ്പലാണെന്നും; അതുകൊണ്ടുതന്നെ മുസ്ലിം ഭക്ഷണ ശാലകളില്‍ വിതരണം ചെയ്യുന്ന ആഹാരങ്ങള്‍ ഉമിനീരഭിഷിക്തമാണെന്നും പ്രചരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത് രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനും ചാണകപ്പുഴു മാഹാത്മ്യത്തെ കുറിച്ച് പോലും ശാസ്ത്രീയ വിശകലനം ചെയ്യാന്‍ കഴിവുള്ള ഗോപാലകൃഷ്ണ ശാസ്ത്രജ്ഞനുമൊക്കെയാണ്. 'പന്ന' എന്ന പദത്തിന് ആര്‍ഷ സംസ്‌കൃതം എന്ത് വ്യാഖ്യാനം നല്‍കിയാലും ഒന്നിനും കൊള്ളാത്തതെന്നേ മലയാളത്തില്‍ അര്‍ഥമുള്ളൂ.  കേരളത്തിലെ 'പന്ന പ്രമുഖ്' സാക്ഷാല്‍ കെ. സുരേന്ദ്രന്‍ താലിബാന്റെ വെടിയുണ്ടയേക്കാള്‍ ആഘാതമുണ്ടാക്കുന്നതാണ് മുസ്‌ലിയാക്കന്മാരുടെ മന്ത്രിച്ചൂതല്‍ എന്ന മട്ടില്‍ പ്രചാരണം നടത്തുമ്പോഴാണ്  ആ പദത്തിന്റെ മലയാള ഭാഷാന്തരം അന്വര്‍ഥമാവുന്നത്. 'താലിബാന്‍ കേവലം തോക്കുമായി മാത്രമല്ല നമ്മെ കീഴ്‌പ്പെടുത്തുന്നതെന്ന് ഇനിയും തിരിച്ചറിയാന്‍ കേരളത്തിന് കഴിയുന്നില്ലെങ്കില്‍ മതേതര കേരളം സിറിയയിലേക്ക് നടന്നടുക്കാന്‍ ഒരു പാട് കാതം താണ്ടേണ്ടി വരില്ല' എന്നാണ് ബിരിയാണിയിലെ മന്ത്രിച്ചൂതലിനെ കുറിച്ചുള്ള സുരേന്ദ്രമൊഴി. ആഹാരനീഹാര വിഹാരങ്ങളില്‍ വിചിത്രമായ ആചാരങ്ങള്‍ വെച്ചു പുലര്‍ത്തുന്ന വിഭാഗങ്ങള്‍ അനവധിയുള്ള നാടാണ് ഭാരതം. ജന്മദിന കെയ്ക്കുകളില്‍ ബഹുവര്‍ണ മെഴുകുതിരികള്‍ കത്തിച്ച് കൊല്ലാക്കൊല്ലം കൂട്ടം കൂടി ഊക്കിലൂതിയാല്‍ ലിബറല്‍ കിണാശ്ശേരിയില്‍ വിരിയുന്നത് സലൈവ റെയിന്‍ബോ ആണെങ്കില്‍, ഗോമൂത്രം പാനം ചെയ്യലും ഗോമലം ആപാദചൂഢം ലേപനം ചെയ്യലും പുണ്യകര്‍മമാണ് സനാതന സംസ്‌കാരത്തില്‍. അവിടെയാണ് ഏതോ ഒരു സ്വകാര്യ പരിപാടിയില്‍ നടന്ന ബിരിയാണിയിലെ മന്ത്രിച്ചൂതല്‍ ആഗോള തീവ്രവാദത്തിന്റെ തൂഫാന്‍ ആയി അവതരിപ്പിക്കപ്പെടുന്നത്.
ബി.ജെ.പി അധ്യക്ഷന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ തുടര്‍ച്ചയായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും സംഘ്പരിവാര്‍ അനുകൂല പോര്‍ട്ടലുകളും ധാരാളം കുറിപ്പുകളും വീഡിയോകളും പ്രചരിപ്പിക്കുകയും സലൈവ ലേപിതമാണ് എല്ലാ ഹലാല്‍ ഭക്ഷണവും എന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്തുകൊണ്ടേയിരിക്കുകയാണ്. ഇമ്മട്ടില്‍ പുല്ലിനെ പോലും ആയുധമാക്കാന്‍ വിരുതുള്ള വംശവെറിയന്‍ വല്ലഭന്മാര്‍ 'കിട്ടിയാല്‍ ഊട്ടി അല്ലെങ്കില്‍ ചട്ടി' എന്ന മട്ടില്‍ തുപ്പല്‍ കണം കൊണ്ട് പോലും അങ്കം വെട്ടുമ്പോള്‍ സൊകോള്‍ഡ് ഉത്തമ സമുദായത്തിലെ യാഥാസ്ഥിതിക - നവോത്ഥാന ധാരകള്‍ ഭക്ഷണത്തളികയിലേക്കുള്ള ഉമിനീര്‍ പ്രവാഹത്തിന്റെ ത്വരീഖത്തും ഹഖീഖത്തും വിശദീകരിച്ച് അവരവരുടെ പക്ഷം ശരിയാക്കാനുള്ള തത്രപ്പാടിലാണ്. ഉത്തമ മില്ലത്തിലെ ഒരു കൂട്ടര്‍ ഊത്തിന്റെ 'മുത്തഫഖുന്‍ അലൈഹി' പിന്‍ബലവും 'സുനനു അബീദാവൂദ്' സാധുതയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ തലങ്ങും വിലങ്ങും വിളമ്പുമ്പോള്‍ മറുഭാഗം ഊതുമ്പോള്‍ തെറിക്കുന്ന ഉമിനീരിനെ ശിര്‍ക്ക് ലാബില്‍ കയറ്റി പരിശോധിക്കുന്ന തിരക്കിലാണ്. കുടിക്കുന്ന പാത്രത്തിലേക്ക് ഊതുന്നതും ശ്വസിക്കുന്നതും വിലക്കിയ മതമാണിസ്‌ലാം എന്ന കേവല മാപ്പുസാക്ഷിത്വമോ, ഞങ്ങളുടെ ഭക്ഷണത്തില്‍ ഞങ്ങള്‍ തുപ്പും നിങ്ങള്‍ക്കെന്താ സങ്കികളേ എന്ന അതിവൈകാരിക വിക്ഷോഭ പ്രകടനങ്ങളോ അല്ല ഈ സത്യാനന്തരകാലം നമ്മോട് ആവശ്യപ്പെടുന്നത്. ശിര്‍ക്ക് - ബിദ്അത്തുകള്‍ ഉച്ചാടനം ചെയ്യാന്‍ പിറവിയെടുത്ത പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ പോലും 'മേശയുടെ ഉള്ളില്‍ കുടുങ്ങിപ്പോകുന്ന ജിന്നുകള്‍ക്ക് പൊള്ളാതിരിക്കാന്‍ ചൂട് വെള്ളം ഒഴിക്കരുതെ'ന്ന് ഉപദേശിക്കുന്ന കാലത്ത് സകലമാന തുപ്പലും ഒറ്റയടിക്ക് തൂത്തുവാരി ദീനിനെ വിമലീകരിക്കാന്‍ സാധ്യമല്ലെന്നിരിക്കെ ഒരല്‍പം വിവേകവും അവധാനതയും പാലിക്കുന്നതാണ് കരണീയം. ഈ വിഷയത്തില്‍ മാത്രമല്ല, സമൂഹഗാത്രത്തെ ദോഷകരമായി ബാധിക്കുന്ന ഏതുവിഷയത്തിലും ശത്രു നിശ്ചയിക്കുന്ന അജണ്ടകള്‍ക്ക് അനുസരിച്ച് ചരിക്കുകയല്ല, ആ കബള തന്ത്രങ്ങളെ തിരിച്ചറിയുകയും  ക്രിയാത്മകവും സര്‍ഗാത്മകവുമായ ഇടപെടലുകളിലൂടെ വ്യാജോക്തികളെ പ്രതിരോധിക്കുകയും ചെയ്യാന്‍ മുസ്ലിം സംഘടനകള്‍ കരുത്തു നേടുകയുമാണ് വേണ്ടത്. ചുരുങ്ങിയത് സവര്‍ണ ഫാഷിസത്തിന്റെ മുസ്‌ലിംവിരുദ്ധ കഫവും തുപ്പലും ഏറ്റുവാങ്ങുന്ന തുപ്പല്‍ കോളാമ്പിയായി മാറാതിരിക്കാനെങ്കിലും സമുദായം  ആര്‍ജവം കാണിക്കണം.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ -65-70
ടി.കെ ഉബൈദ്‌

ഹദീസ്‌

തീവ്രത എല്ലാം നഷ്ടപ്പെടുത്തും
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌