Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 03

3229

1443 റബീഉല്‍ ആഖിര്‍ 28

ഇസ്‌ലാം: നീതിയാണ് നയം സന്തുലിതത്വമാണ് ശീര്‍ഷകം

സയ്യിദ് സആദത്തുല്ലാ ഹുസൈനി

വിവിധ സാമൂഹിക വിഭാഗങ്ങളുമായി ആശയങ്ങളുടെയും ചിന്തകളുടെയും സൗഹാര്‍ദപൂര്‍ണമായ കൈമാറ്റം നടക്കണമെന്നാണ് ജമാഅത്തെ ഇസ്ലാമി ആഗ്രഹിക്കുന്നത്. എന്താണ് നമ്മുടെ സന്ദേശമെന്നും നമ്മുടെ നിലപാട് എന്താണെന്നും അവരോട് തുറന്നു പറയാന്‍ നാം ആഗ്രഹിക്കുന്നു. ആരോപണ, പ്രത്യാരോപണങ്ങള്‍ക്കും ഊഹങ്ങള്‍ക്കും മുദ്രയടിക്കലുകള്‍ക്കും പകരം നമുക്ക് പരസ്പരം മനസ്സിലാക്കാം. ഞങ്ങളുടെ ഭാഗത്ത് അബദ്ധങ്ങളുണ്ടെങ്കില്‍ അത് ഞങ്ങളോട് തന്നെ പങ്കുവെക്കാനും ഞങ്ങളുടെ നിലപാട് അറിയാനും സംവാദങ്ങള്‍ സഹായകമാവും. നമ്മുടെ രാജ്യത്തിനും മാനുഷ്യകത്തിനുമുള്ള മികച്ച വഴി ഏതാണ് എന്നതിനെ കുറിച്ച് നമുക്കൊന്നിച്ചിരുന്ന് ചിന്തിക്കാം.
    പ്രിയ സുഹൃത്തുക്കളേ, അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും സംവാദങ്ങളെ സാധ്യമാക്കുന്ന അന്തരീക്ഷവും ജനാധിപത്യത്തിന്റെ ആത്മാവാണ്; മാത്രമല്ല, അതൊരു നാഗരിക സമൂഹത്തിന്റെ അടിസ്ഥാന ആവശ്യവുമാണ്. ഈ സ്വാതന്ത്ര്യത്തിന്റെ അഭാവത്തില്‍ വ്യക്തികള്‍ക്ക് ശ്വാസംമുട്ടും; സമൂഹത്തിന്റെ വികാസവും അക്കാദമിക വളര്‍ച്ചയും നിലച്ചുപോവുകയും ചെയ്യും. അപ്പോള്‍ പുതിയ കാഴ്ചപ്പാടുകള്‍ക്ക് ഇടമുണ്ടാവില്ല. ശരിയിലേക്കുള്ള അന്വേഷണം സ്തംഭിച്ചുപോവും. ചിന്തിക്കാനുള്ള സ്വാതന്ത്ര്യം, വികസനത്തിന്റെ അടിസ്ഥാന ലക്ഷ്യവും അതിന്റെ തന്നെ മാര്‍ഗവുമാണ് എന്ന് അമര്‍ത്യാ സെന്‍ പറഞ്ഞിട്ടുണ്ട്.
ഔപചാരികമായി അഭിപ്രായ സ്വാതന്ത്ര്യം ഇന്നും നിരാകരിക്കപ്പെട്ടിട്ടില്ല. പക്ഷേ, ഭരണകൂടം അനേകം വഴികളിലൂടെ അതിനെ ഞെരുക്കിക്കൊണ്ടിരിക്കുകയാണ്. വിയോജിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തുന്നു. അവരെ കുറിച്ച തെറ്റിദ്ധാരണകള്‍ പരത്തുന്നു. തെറ്റായ വാര്‍ത്തകളുടെയും വിവരങ്ങളുടെയും മലവെള്ളപ്പാച്ചിലാണിന്ന്. ആശയപരമായി മറുവാദമുള്ളവര്‍ ബ്രാന്റിംഗിനും ലേബലിംഗിനും വിധേയരാകുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന സമീപനത്തെ നോം ചേംസ്‌കി വിശേഷിപ്പിക്കുന്നത് 'സ്വീകാര്യമായ അഭിപ്രായങ്ങള്‍ പരിമിതപ്പെടുത്തുകയും ആ പരിമിതിക്കകത്ത് സംവാദങ്ങള്‍ സജീവമാക്കുകയും ചെയ്യുക' എന്നാണ്.
സ്വതന്ത്ര സംവാദങ്ങളെയാണ് കേരളം പ്രതിനിധീകരിക്കുന്നത്. സൗഹാര്‍ദപരമായ ആശയവിനിമയത്തിന്റെ ആരോഗ്യകരമായ പാരമ്പര്യം തുടര്‍ന്നും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. മതമോ പ്രത്യയശാസ്ത്രമോ അടിസ്ഥാന വിശ്വാസങ്ങളെ കുറിച്ച അഭിപ്രായങ്ങളോ എന്തുമാവട്ടെ, മറ്റുള്ളവരെ ആദരിച്ചുകൊണ്ട് അത്തരം സംവാദങ്ങള്‍ ഗൗരവതരമായി തുടരേണ്ടതുണ്ട്. പക്വമായ സമൂഹത്തിന്റെ ലക്ഷണമാണത്. ഇത് കേരളം കാത്തുസൂക്ഷിച്ചിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയും അഭിപ്രായം പങ്കു വെച്ച കാരണത്താല്‍ പൗരന്മാര്‍ ഭീകരനിയമങ്ങളാല്‍ ശിക്ഷിക്കപ്പെടുകയും മതംമാറ്റ നിരോധന നിയമം പോലുള്ളവ നിര്‍മിക്കപ്പെടുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍, കേരളം ഒരു  റോള്‍ മോഡല്‍ ആകേണ്ടതുണ്ട്. വ്യത്യസ്ത കാഴ്ചപ്പാടുള്ള ആളുകള്‍ ആരോഗ്യകരമായ സംഭാഷണം നടത്തിയും മറ്റുള്ളവരെ ആദരിച്ചും ഒരുമയോടെ ജീവിച്ചതിന്റെ ചരിത്രമുള്ള കേരളം ഭാവിയിലും അത് തുടരണം.
ഞങ്ങള്‍ ഇസ്ലാമിനെയാണ് പ്രതിനിധീകരിക്കുന്നത്. ഇസ്ലാം, അഭിപ്രായത്തെയും അത് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തെയും വിലമതിക്കുന്നു. അത് ഇസ്ലാമിന്റെ കേവലം തത്ത്വമല്ല, ഇസ്ലാം പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നതു തന്നെ അതിന്മേലാണ്. മനുഷ്യനെ പരീക്ഷിക്കുന്നതിനു വേണ്ടിയാണ് ജനനമരണങ്ങളെ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത് എന്ന് ഖുര്‍ആന്‍ പറയുന്നു: ''മരണവും ജീവിതവുമുണ്ടാക്കിയവന്‍; നിങ്ങളില്‍ ആരാണ് ഭംഗിയായി പ്രവര്‍ത്തിക്കുന്നതെന്ന് പരീക്ഷിക്കാന്‍'' (ഖുര്‍ആന്‍ 67:2).
സ്വാതന്ത്ര്യമുണ്ടാകുമ്പോഴല്ലേ ഈ പരീക്ഷണത്തിന് പ്രസക്തിയുള്ളൂ. അതിനാല്‍ ഇസ്ലാമിന്റെ മൗലിക തത്ത്വമാണിത്. ഈ സ്വാതന്ത്ര്യത്തെ നിരാകരിക്കുന്ന മുസ്ലിം, ഇസ്ലാമിന്റെ അടിസ്ഥാനത്തെ തന്നെയാണ് തകര്‍ക്കുന്നത്. 
ഈയൊരു സ്പിരിറ്റിലാണ് ഞങ്ങളുടെ സന്ദേശവും പ്രപഞ്ച വീക്ഷണവും ചിന്തയും നിങ്ങളുടെ മുമ്പാകെ സമര്‍പ്പിക്കുന്നത്. നമുക്കതിനെ കുറിച്ച് ഗൗരവമായി ചര്‍ച്ച ചെയ്യാം. എല്ലാ മുന്‍ധാരണകളില്‍നിന്നും മാറി അതിനെ പരിഗണിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.
    എന്താണ് ഇസ്ലാം? പ്രപഞ്ചസ്രഷ്ടാവും ഉടമസ്ഥനുമായ അല്ലാഹു നല്‍കിയ മതമാണ് ഇസ്ലാം. സന്തുലിതത്വമാണ് ഇസ്ലാമിന്റെ പ്രധാന സവിശേഷതകളിലൊന്ന്. പ്രപഞ്ചം തന്നെ സന്തുലിതമായാണ് പ്രവര്‍ത്തിക്കുന്നത്. മനുഷ്യന് നഷ്ടപ്പെട്ടത് ഈ സന്തുലിതത്വം മനസ്സിലാക്കാനുള്ള ശേഷിയാണ്.
''അവന്‍ ആകാശത്തെ ഉയര്‍ത്തി. ത്രാസ് സ്ഥാപിച്ചു. നിങ്ങള്‍ ത്രാസില്‍ കൃത്രിമം കാണിച്ചുകൂടാ എന്നതത്രെ അതിന്റെ താല്‍പര്യം'' (ഖുര്‍ആന്‍ 55:7,8).
ഹെഗലിയന്‍ വൈരുധ്യാത്മകത രണ്ട് അറ്റങ്ങള്‍ക്കിടയിലെ സഞ്ചാരത്തെ മഹത്വവല്‍ക്കരിക്കുകയും മനുഷ്യചിന്തയുടെ അനിവാര്യതയാണെന്ന് സമര്‍ഥിക്കുകയും ചെയ്തു.  എന്നാല്‍ മനുഷ്യന് മധ്യമ സമീപനമാണ് ആവശ്യം, അറ്റങ്ങളല്ല. ഈ സന്തുലിതത്വമാണ് ഇസ്ലാമിന്റെ ശരിയായ സവിശേഷത. നീതിയാണ് ഇസ്ലാമിന്റെ നയമെങ്കില്‍ സന്തുലിതത്വമാണ് ഇസ്ലാമിക ചിന്തയുടെ തലവാചകം.
ഒരേസമയം ചലനാത്മകവും സുസ്ഥിരവുമായ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നതാണ് ഇസ്ലാമിക ചിന്തയുടെ പ്രത്യേകത. ഇത് മനുഷ്യപ്രകൃതിക്കനുഗുണമാണ്. മനുഷ്യ പ്രകൃതിയും നിശ്ചല, ചലനാത്മക ഘടകങ്ങളുടെ സംഘാതമാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പും മനുഷ്യന് വിശപ്പും ദാഹവും ലൈംഗിക ചോദനകളുമുണ്ടായിരുന്നു, സമ്പത്തിനോടും എതിര്‍ലിംഗത്തോടും പ്രണയമുണ്ടായിരുന്നു, ഭൂമിയും മറ്റും സ്വന്തം ഉടമസ്ഥതയിലാക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു. നന്മ-തിന്മകള്‍ക്കിടയിലൂടെയായിരുന്നു യാത്ര. ഇപ്പോഴും അതങ്ങനെ തുടരുന്നു. സഹസ്രാബ്ദങ്ങള്‍ക്കു ശേഷവും അതങ്ങനെതന്നെ തുടരും.
അതേസമയം മനുഷ്യന്‍ നിരന്തരമായ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. സമയത്തിനും സ്ഥലകാലത്തിനുമനുസരിച്ച് അവന്‍ മാറിക്കൊണ്ടേയിരിക്കുന്നു. മനുഷ്യജീവിതത്തിന്റെ മാറ്റത്തെ പാരമ്പര്യവാദം നിരാകരിക്കുകയും ജീര്‍ണമായ പാരമ്പര്യങ്ങളില്‍ ഒതുക്കിനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. ഫലമോ മനുഷ്യജീവിതം നിശ്ചലമാകുന്നു. മറുവശത്ത്, ആധുനികത മനുഷ്യപ്രകൃതിയിലെ സ്ഥായീ മാറ്റങ്ങളില്‍ കേന്ദ്രീകരിച്ചു. ജീവിതത്തിന് അതിന്റെ സ്ഥിരത നഷ്ടപ്പെട്ടു എന്നതായിരുന്നു ഫലം.
ഈ രണ്ട് തലങ്ങളെയും സന്തുലിതമായും മനോഹരമായും പരിഗണിച്ചു എന്നതാണ് ഇസ്ലാമിന്റെ സവിശേഷത. അടിസ്ഥാനപരവും മാറ്റാനാകാത്തുമായ ചില തത്ത്വങ്ങളുണ്ടായിരിക്കുമ്പോള്‍ തന്നെ സ്ഥലകാലങ്ങള്‍ക്കനുസരിച്ച് മാറാവുന്ന വശങ്ങളെ സ്വതന്ത്ര ചിന്തക്കും ഗവേഷണത്തിനും ഇസ്ലാം വിട്ടുനല്‍കി.

ലിബറലുകളോട് 
നിങ്ങള്‍ ജനാധിപത്യത്തിന് വില കല്‍പിക്കുന്നു. ഞങ്ങളും ജനാധിപത്യത്തിനും ജനാധിപത്യ മൂല്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നു. പക്ഷേ, ഇന്ന് ലോകത്ത് ജനാധിപത്യം ഭൂരിപക്ഷവാദത്താലും പോപ്പുലിസത്താലും വെല്ലിവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതില്‍നിന്ന് ജനാധിപത്യത്തെ എങ്ങനെ രക്ഷിക്കാനാവും? ഉദാരവാദത്തിന് അതിന് ഒരു പരിഹാരവും നിര്‍ദേശിക്കാനില്ല. ഫ്രഞ്ച് എഴുത്തുകാരനായ പിയേഗ് ഗോസവാലോ, 'പോപ്പുലിസത്തിന്റെ നൂറ്റാണ്ട്' എന്ന തന്റെ പുസ്തകത്തില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. അദ്ദേഹം പറയുന്നത്, പോപ്പുലിസവും ഏകാധിപത്യവും ജനാധിപത്യത്തെ ഭീഷണിപ്പെടുത്തുന്നുവെന്നാണ്. കഴിഞ്ഞ ഏതാനും ദശകങ്ങളില്‍ അതാണ് ദൃശ്യമാകുന്നത്. ധാരാളം രാജ്യങ്ങളില്‍ സമര്‍ഥരായ രാഷ്ട്രീയക്കാര്‍ അധികാരത്തിലെത്തിയിരിക്കുന്നു. വാചക കസര്‍ത്തുകളിലൂടെയും ആകര്‍ഷകമായ മുദ്രാവാക്യങ്ങളുയര്‍ത്തിയും അതിവേഗം അവര്‍ ജനപ്രിയത കൈവരിക്കുന്നു, കുപ്രചാരണങ്ങളിലൂടെയും നുണകളിലൂടെയും കൃത്രിമങ്ങളിലൂടെയും അധികാരത്തിലെത്തി ജനങ്ങളുടെ യജമാനന്മാരായിത്തീരുകയും തങ്ങളുടെ 'കരിസ്മ'യിലൂടെ ജനങ്ങളുടെ ബോധത്തെ തളര്‍ത്തുകയും ചെയ്യുന്നു. തുടര്‍ന്ന് അവരുടെ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുന്നു, അടിച്ചമര്‍ത്തലും ചൂഷണവും ആരംഭിക്കുന്നു.
ക്യാപിറ്റലിസ്റ്റ്- മാധ്യമ- രാഷ്ട്രീയ- ക്രിമിനല്‍ കൂട്ടുകെട്ട് പൊതുതാല്‍പര്യത്തിന് ഒരു ഇടവും അനുവദിക്കുന്നില്ല. ക്യാപിറ്റലിസത്തിന്റെ വിധേയന്മാരായി മാത്രമേ അതിനകത്ത് നേട്ടമുണ്ടാക്കാനൊക്കൂ. ജനങ്ങളുടെ കഴുത്ത് ഞരിച്ചും ക്യാപിറ്റലിസ്റ്റ് താല്‍പര്യങ്ങള്‍ സംരക്ഷിച്ചും മാത്രമേ അതിനകത്ത് നിലനില്‍ക്കാനാവൂ. ഈ സാഹചര്യത്തില്‍ യോഗ്യതയുള്ള  നേതൃത്വം നിലനില്‍ക്കുന്ന ജനാധിപത്യസമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവരുമെന്നുള്ളത് വ്യാമോഹം മാത്രമാണ്.
ജനാധിപത്യത്തെ സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരോട് അതിന് ഇസ്ലാമിനുള്ള സാധ്യത അന്വേഷിക്കാന്‍ ഞങ്ങള്‍ ക്ഷണിക്കുകയാണ്. ജനങ്ങളുടെ അഭിപ്രായത്തിനും സംഖ്യാപരമായ ഭൂരിപക്ഷത്തിനും ഇസ്ലാം ആവശ്യമായ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഒരാളുടെ അഭിപ്രായത്തേക്കാള്‍ ഉത്തമമാണ് ഒരു സമൂഹത്തിന്റെ കൂട്ടായ അഭിപ്രായമെന്നത് ഇസ്ലാമിന്റെ തത്ത്വമാണ്.
കൂടിയാലോചന (ശൂറ) എന്ന ഇസ്ലാമിക തത്ത്വത്തിന്റെ അടിസ്ഥാനമിതാണ്. എന്നാല്‍ നിയന്ത്രണരഹിതമെങ്കില്‍ സംഘടിതമായ അഭിപ്രായങ്ങളും അപകടകരമാവാം. വ്യക്തികളെ പോലെ സമൂഹങ്ങള്‍ക്കും സംഘങ്ങള്‍ക്കും അബദ്ധങ്ങള്‍ സംഭവിക്കാം. അവയും നാസിസമാവാം. നീതിക്ക് പകരം കൂട്ടായ്മയുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയേക്കാം. ഫലത്തില്‍ ഭൂരിപക്ഷത്തിന്റെ ആധിപത്യമായിരിക്കും സംഭവിക്കുക.
അതിനാല്‍, കൂട്ടായ അഭിപ്രായത്തെ ശാശ്വതമായ ഏതാനും തത്ത്വങ്ങളും മൂല്യങ്ങളും കൊണ്ട് നിയന്ത്രിക്കുകയാണ് ഇസ്ലാം ചെയ്യുന്നത്. വ്യക്തിയുടെ അവകാശങ്ങളും ഭൂരിപക്ഷത്തിന്റെ താല്‍പര്യങ്ങളും തമ്മില്‍ സ്വാഭാവികമായുണ്ടാകുന്ന സംഘര്‍ഷങ്ങളെ ഇസ്ലാം വളരെ മനോഹരമായും സന്തുലിതമായും പരിഹരിക്കുകയാണ് ചെയ്യുന്നത്. ദൈവത്തിന്റെ പരമാധികാരം, ജനസാമാന്യം അവന്റെ പ്രതിനിധികള്‍ എന്ന തത്ത്വമാണ് ഇസ്ലാം മുന്നോട്ടു വെക്കുന്നത്.
ഭൂരിപക്ഷത്തിനും മാറ്റം വരുത്താനാകാത്ത ശാശ്വതമായ ചില കാര്യങ്ങള്‍ ഇസ്ലാം സമര്‍പ്പിക്കുന്നു. മനുഷ്യന്റെ അവകാശങ്ങള്‍, ചുമതലകള്‍, ബന്ധങ്ങള്‍, ഉത്തരവാദിത്തം, ധാര്‍മികതയെ സംബന്ധിച്ച അടിസ്ഥാന തത്ത്വങ്ങള്‍, സമ്പത്തിന്റെ വിതരണം, പ്രകൃതിയുമായും പ്രകൃതിവിഭവങ്ങളുമായുള്ള മനുഷ്യന്റെ സഹവര്‍ത്തിത്വം തുടങ്ങിയവ ഇസ്ലാമിന്റെ സാര്‍വലൗകിക തത്ത്വങ്ങളാണ്. അവ ദൈവദത്തമായതിനാല്‍ തന്നെ ഒരു വ്യക്തിക്കോ ഒരു സംഘത്തിനോ അതിനെ മാറ്റാനാവില്ല, മാറ്റാനുള്ള അധികാരം മനുഷ്യനില്ല. ഈ ചട്ടങ്ങളെല്ലാം തന്നെ ഖുര്‍ആനിലും പ്രവാചക ചര്യയിലും വ്യക്തമാക്കിയിട്ടുണ്ട്.  ശാശ്വതമായ ഈ മൂല്യങ്ങളാവട്ടെ വിശ്വാസവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഈ അര്‍ഥത്തില്‍ ചില അടിസ്ഥാന തത്ത്വങ്ങള്‍ സ്ഥിരമാണ്. ഈ തത്ത്വങ്ങള്‍ ഭൂരിപക്ഷത്തിന്റെ തീരുമാനങ്ങള്‍, നീതിയെ മറികടന്നുപോകാന്‍ അനുവദിക്കുന്നില്ല. പോപ്പുലിസ്റ്റ്, കരിസ്മാറ്റിക് നേതാക്കളും അവരുടെ നടപടികളും ഇതുവഴി നിയന്ത്രിക്കപ്പെടുന്നു.
അപ്പോഴും പക്ഷേ, ഇസ്ലാമില്‍ തീരുമാനമെടുക്കാനുള്ള അധികാരം ജനങ്ങള്‍ക്കു തന്നെയാണ്. ജനാധിപത്യത്തിന്റെ നന്മകളെ സ്വാംശീകരിക്കുകയും ആധുനിക ജനാധിപത്യം മനുഷ്യസമൂഹത്തിന്  സമ്മാനിച്ച സങ്കീര്‍ണതകളെ നിരാകരിക്കുകയും ചെയ്യുന്നു. ജനാധിപത്യത്തിന്റെ മഹിതമായ മൂല്യങ്ങള്‍ സമ്പൂര്‍ണമായി നടപ്പിലാക്കാന്‍ ഇസ്ലാമിന്റെ അധ്യാപനങ്ങളിലൂടെ മാത്രമേ കഴിയൂ എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

കമ്യൂണിസ്റ്റുകളോട്
    സാമ്പത്തിക നീതിയുമായി ബന്ധപ്പെട്ട് കമ്യൂണിസം മുന്നോട്ടുവെക്കുന്ന തത്ത്വങ്ങള്‍ പ്രയോഗവല്‍ക്കരിക്കാനും മികച്ച വഴി ഇസ്ലാമാണെന്നാണ് നമുക്ക് കമ്യൂണിസ്റ്റുകളോട് പറയാനുള്ളത്. ഇസ്ലാം പുരോഗതി ആവശ്യപ്പെടുന്നു. സമ്പത്തിന്റെ ഉല്‍പാദനത്തെയും വ്യാവസായിക വളര്‍ച്ചയെയും പ്രോത്സാഹിപ്പിക്കുന്നു. അതോടൊപ്പം ഉല്‍പാദിപ്പിക്കപ്പെട്ട സമ്പത്തിന്റെ നീതിപൂര്‍വകമായ വിതരണത്തിനും പ്രകൃതിയുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിനും ഇസ്ലാം വലിയ പ്രാധാന്യം നല്‍കുന്നു. വ്യക്തിയുടെ സ്വകാര്യ ഉടമസ്ഥാവകാശത്തെ ഇസ്ലാം അംഗീകരിക്കുന്നുണ്ട്. കാരണം, സമ്പത്തിന്റെ ഉല്‍പാദനത്തെയും സാമ്പത്തിക വളര്‍ച്ചയെയും അത് ത്വരിപ്പിക്കുന്നു.  അതോടൊപ്പം, ഇസ്ലാം വ്യക്തിയുടെ സമ്പത്തില്‍ ദരിദ്രനുള്ള അവകാശത്തെ സ്ഥാപിക്കുകയും ചെയ്യുന്നു. കമ്യൂണിസത്തിന്റെ മുദ്രാവാക്യം സമത്വവും മുതലാളിത്തത്തിന്റേത് സ്വാതന്ത്ര്യവും വളര്‍ച്ചയുമാണ്. ഇസ്ലാമിന്റെ മുദ്രാവാക്യമായ നീതിയാവാട്ടെ, സമത്വത്തെയും സ്വാതന്ത്ര്യത്തെയും പുരോഗതിയെയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. സ്വാതന്ത്ര്യവും പുരോഗതിയും നിരുപാധികമല്ല, നീതിയുടെ താല്‍പര്യത്തിന് വിധേയമാണെന്നര്‍ഥം. ഓരോ പൗരന്റെയും അടിസ്ഥാന ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നത് ഭരണകൂടത്തിന്റെ ചുമതലയാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഒരാള്‍ക്ക് വിശക്കുന്നുവെങ്കില്‍ അവന്റെ അയല്‍പക്കത്തുള്ള മുഴുവന്‍ പേരും അതിന് ഉത്തരവാദികളാണ്. അതിനാല്‍ ആഹാരം, പാര്‍പ്പിടം, വസ്ത്രം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം തുടങ്ങി വ്യക്തിയുടെ അടിസ്ഥാന ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നത് സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തമാണ്, അതിനവര്‍ ശ്രമിക്കേണ്ടതുണ്ട്.
    സമ്പത്ത് ധനികര്‍ക്കിടയില്‍ മാത്രം കറങ്ങാതെ, പാവങ്ങളിലേക്ക് കൂടി നീളുന്ന സ്വഭാവത്തിലായിരിക്കണം ധനനയമെന്നത് അല്ലാഹുവിന്റെ കല്‍പനയാണ്.  ഈ ലക്ഷ്യം നേടിയെടുക്കുന്നതിന് ഇസ്ലാമിക ശരീഅത്ത് പലിശയെ നിരോധിക്കുകയും സകാത്ത് നിര്‍ബന്ധമാക്കുകയും അനന്തരവാകാശം സ്ഥാപിക്കുകയും ചെയ്തു. കൂടാതെ, സമ്പൂര്‍ണമായ സാമൂഹിക ക്ഷേമവും വികസനവും ഉറപ്പുവരുത്തുന്നതിന് നികുതി, സബ്സിഡി സമ്പ്രദായങ്ങള്‍ നടപ്പിലാക്കുക എന്നത് ഭരണകൂടത്തിന്റെ ചുമതലയാണ്. ഇതാവട്ടെ സമ്പന്നരില്‍നിന്നും ദരിദ്രരിലേക്ക് സമ്പത്ത് ഒഴുകുന്ന സ്വഭാവത്തിലും സമ്പത്തും വിഭവങ്ങളും തുല്യമായി വിതരണം ചെയ്യപ്പെടുന്ന രൂപത്തിലുമായിരിക്കണം. സര്‍ക്കാറിന്റെ നയസമീപനങ്ങളിലൂടെ അസമത്വം പരമാവധി കുറക്കണമെന്നാണ് ഇസ്ലാമിന്റെ നിര്‍ദേശം.
തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളുടെ നിര്‍വഹണത്തിന് ആവശ്യമായ പണം ദരിദ്രരുടെ കൈയിലുണ്ടെന്ന് സകാത്ത് വ്യവസ്ഥ ഉറപ്പുവരുത്തുന്നു. അല്ലാഹു തന്നെ രൂപകല്‍പന ചെയ്ത വിസ്മയകരമായ സാമ്പത്തിക പ്രവര്‍ത്തനമാണ് സകാത്ത് വ്യവസ്ഥ. സമൂഹത്തിലെ അസമത്വം കുറച്ചുകൊണ്ടുവരുന്നതോടൊപ്പം എല്ലാ വിഭാഗങ്ങളുടെയും വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
തോമസ് പിക്കറ്റിയുടെ 2013-ല്‍ പുറത്തിറങ്ങിയ പുസ്തകമാണ് 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മൂലധനം.' അതിലദ്ദേഹം ലോകത്ത് വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വത്തിന്റെ കാരണത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നു. മൂലധനത്തിന് ലഭിക്കുന്ന ആദായം സാമ്പത്തിക വളര്‍ച്ചയുടെ നിരക്കിനേക്കാള്‍ കൂടുതലാണെങ്കില്‍ സമ്പത്ത് ധനികരായ ന്യൂനപക്ഷത്തിന്റെ കൈയില്‍ കേന്ദ്രീകരിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. ഇതാകട്ടെ ജനസംഖ്യയുടെ പത്ത് ശതമാനത്തില്‍ താഴെയാണ്. മൂലധനത്തിനുള്ള ആദായവും സാമ്പത്തിക വളര്‍ച്ചാ നിരക്കും തമ്മിലുള്ള അന്തരം സമ്പത്ത് കേന്ദ്രീകരിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. പരിഹാരമായി അദ്ദേഹം നിര്‍ദേശിക്കുന്നത്, ആദായനികുതിക്കു പുറമെ ലാഭ വിഹിതം കുറയാവുന്ന വിധത്തില്‍ എല്ലാ ആസ്തികളിന്‍മേലും നികുതി ചുമത്തണമെന്നും അതുവഴി, ആദായം/സാമ്പത്തിക വളര്‍ച്ചാ നിരക്ക് അന്തരം കുറച്ച്, ആദായ നിരക്ക് സാമ്പത്തിക വളര്‍ച്ചാ നിരക്കിനേക്കാള്‍ താഴെയാകണമെന്നുമാണ്. ഇതുതന്നെയാണ് സകാത്ത് നിര്‍വഹിക്കുന്നതും.
    അത്ഭുതകരമെന്നു പറയട്ടെ, പിക്കറ്റി നിര്‍ദേശിക്കുന്ന ആസ്തി നികുതി നിരക്ക് സകാത്ത് നിരക്കിന് അടുത്തു നില്‍ക്കുന്നു. അദ്ദേഹം രണ്ട് ശതമാനം നിര്‍ദേശിക്കുമ്പോള്‍ സകാത്ത് രണ്ടര ശതമാനമാണ്. ചുരുക്കത്തില്‍ ഇസ്ലാം സാമ്പത്തിക നീതിയും സമത്വമുള്ള സാമൂഹിക നിര്‍മിതിയും ഉറപ്പുവരുത്തുന്നു.

ഫെമിനിസ്റ്റുകളോട്
പരമ്പരാഗത സാമൂഹിക ഘടനകളെ തീവ്ര ഫെമിനിസം വെല്ലുവിളിച്ചതിന്റെ ഫലമായി കുടുംബസംവിധാനം തകരുന്നു. ഈ ദുരന്തം തിരിച്ചറിഞ്ഞ് പടിഞ്ഞാറ് കുടുംബഘടനയിലേക്കും പരമ്പരാഗത കുടുംബ മൂല്യങ്ങളിലേക്കും തിരിഞ്ഞുനടക്കുകയാണ്. പരമ്പരാഗത സാമൂഹിക ഘടനകള്‍ തകര്‍ന്നതോടെ സ്ത്രീകള്‍ പുതിയതരം ചൂഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. പരമ്പരാഗത സമൂഹങ്ങളിലുള്ളതിനേക്കാള്‍ കൂടുതല്‍ അധുനിക, ലിബറല്‍ സമൂഹങ്ങളില്‍ സ്ത്രീകള്‍ ചുഷണത്തിന് വിധേയമാകുന്നു.
സ്ത്രീ വസ്തുവല്‍ക്കരിക്കപ്പെടുകയും അവളുടെ ശരീരം ചൂഷണം ചെയ്യപ്പെടുകയും ചരക്കാക്കി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. ഒരു മുതലാളിത്തവാദിക്ക് സമ്പത്ത് ആര്‍ജിക്കുന്നതിനുള്ള എളുപ്പവും മനോഹരവുമായ ഉപകരണമാണ് ഇന്ന് സ്ത്രീശരീരം. ഫെമിനിസ്റ്റ് ആശയങ്ങള്‍ പ്രയോഗവല്‍ക്കരിക്കണമെങ്കില്‍ സ്ത്രീയെ പാരമ്പര്യ കുടുംബ അധികാര ഘടനകളില്‍നിന്നും ആധുനികതയുടെ അധികാര ഘടനകളില്‍നിന്നും വിമോചിപ്പിക്കേണ്ടതുണ്ട്. സംശയരഹിതമായി പറയട്ടെ, ഇതാണ് ഇസ്ലാം സാധ്യമാക്കുന്നത്.
സ്ത്രീയെ സ്ത്രീ വ്യക്തിത്വത്തിന്റെയും പ്രകൃതിയുടെയും ഭാഗമായ സ്വത്വത്തോടെ, വികാരങ്ങളോടെ, ശക്തിദൗര്‍ബല്യങ്ങളോെട അംഗീകരിക്കുന്നു എന്നതാണ് ഇസ്ലാമിന്റെ സവിശേഷത. ആ അളവിലുള്ള ആദരവും അംഗീകാരവും ഇസ്ലാം നല്‍കുന്നു. വിവാഹത്തിലൂടെയോ മറ്റേതെങ്കിലും മാര്‍ഗത്തിലൂടെയോ സ്ത്രീയുടെ വ്യക്തിത്വം പുരുഷന്റെ വ്യക്തിത്വത്തിലേക്ക് ലയിക്കുന്നില്ല. ശാക്തീകരിക്കപ്പെടാന്‍ വേണ്ടി സ്ത്രീ പുരുഷനാകേണ്ട കാര്യമില്ല. പുരുഷമോഹങ്ങളെ പൂര്‍ത്തീകരിക്കേണ്ട ഉപകരണവുമല്ല സ്ത്രീ. സ്ത്രീക്ക് അവളുടെ എല്ലാ അവകാശങ്ങളും അന്തസ്സോടെ ലഭിക്കേണ്ടതുണ്ട്. സ്ത്രീശക്തിയുടെ പൊരുള്‍ പ്രകൃതിവിരുദ്ധമായി പുരുഷന്റെ റോള്‍ ഏറ്റെടുക്കലല്ല, തന്റെ തന്നെ ദൗത്യം നിര്‍വഹിക്കലാണ്. സത്രീവാദിയായ തെരേസ കോര്‍ബിന്‍ ഇക്കാര്യം സത്യസന്ധമായി പറഞ്ഞിട്ടുണ്ട്. ഇസ്ലാം ഫെമിനിസ്റ്റ് ആശയങ്ങളുമായി യോജിക്കുന്നില്ല. പക്ഷേ, ഫെമിനിസ്റ്റ് ആശയങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെടുമെങ്കില്‍ അത് ഇസ്ലാമിലൂടെ മാത്രമായിരിക്കും.

മതവിശ്വാസികളോട്
വിവിധ മതവിശ്വാസികളെയും ആരോഗ്യകരമായ മതസംവാദത്തിലേക്ക് ഞങ്ങള്‍ ക്ഷണിക്കുകയാണ്. ഫിലോസഫി, സാമൂഹിക ശാസ്ത്രം, ശാസ്ത്രം തുടങ്ങിയ വിവിധ വൈജ്ഞാനിക മേഖലകളില്‍ പരസ്പരവിരുദ്ധമായ സിദ്ധാന്തങ്ങള്‍ നിങ്ങള്‍ കാണുന്നു. അവ തമ്മിലുള്ള തര്‍ക്കങ്ങളും തുടരുന്നു. ആളുകളാവട്ടെ, തങ്ങളുടെ നിലപാടിനെ മാത്രം ശരിയായും അതിന് വിരുദ്ധമായതിനെയെല്ലാം തെറ്റായും പരിഗണിക്കുന്നു. ആ സമീപനവും കാഴ്ചപ്പാടും തന്നെയാണ് വിമര്‍ശനത്തിന്റെയും സംവാദത്തിന്റെയും മര്‍മം. തങ്ങളുടെ വിരുദ്ധ പക്ഷത്ത് നിലയുറപ്പിച്ചവരുടെ, തെറ്റായി കരുതപ്പെടുന്ന നിലപാടുകളില്‍ അവര്‍ക്ക് നില്‍ക്കാനുള്ള അവകാശത്തെയും ആളുകള്‍ വകവെച്ചു കൊടുക്കുന്നു.  ഇതൊരു പുരോഗമന സമീപനത്തിന്റെ ഭാഗമാണെങ്കില്‍ തീര്‍ച്ചയായും മതത്തിന്റെ കാര്യത്തില്‍ മാത്രം ഈ മഹിതമായ മനോഭാവം അംഗീകരിക്കപ്പെടാതിരിക്കാന്‍ കാരണം കാണുന്നില്ല. മതത്തിന്റെ കാര്യത്തിലും ഇസ്ലാമിന് ശാസ്ത്രീയവും യുക്തിപൂര്‍ണവുമായ സമീപനം തന്നെയാണുള്ളത്.
തീര്‍ച്ചയായും ഇസ്ലാം അതിന്റെ ശരികളില്‍ ഉറച്ചു നില്‍ക്കുന്നു. ആ ശരികളില്‍ വിശ്വസിക്കാത്തവരോട് സംവദിക്കാനും ഇസ്ലാം ആവശ്യപ്പെടുന്നു. പക്ഷേ, ഒരാള്‍ അതില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ അതിനുള്ള സാധ്യതയും ഇസ്ലാം നല്‍കുന്നുണ്ട്. മതമടക്കം എല്ലാ വിഷയങ്ങളിലും ഇതാണ് യുക്തിപൂര്‍ണവും അഭിലഷണീയവുമായ സമീപനം.
ഇന്ന് ലോകം നേരിടുന്ന പ്രശ്നങ്ങളെ മതത്തിന്റെയും അത് നിലനില്‍ക്കുന്ന മൂല്യങ്ങളുടെയും അടിസ്ഥാനത്തിലല്ലാതെ പരിഹരിക്കാനാവില്ല. സമകാലിക സമസ്യകള്‍, വിശേഷിച്ചും തുടരുന്ന മഹാമാരിയുടെ കാലം ഈ യാഥാര്‍ഥ്യം ഉച്ചത്തിലും ഊന്നിയും വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഈ പ്രശ്നങ്ങളുടെ കയ്പ്പുറ്റ അനുഭവങ്ങളുള്ളതിനാല്‍ ഇന്നത്തെ മനുഷ്യന് ഇക്കാര്യം വളരെ വേഗത്തില്‍ ബോധ്യപ്പെടും. 
(ജമാഅത്തെ ഇസ്ലാമി കേരള സംഘടിപ്പിക്കുന്ന 'ഇസ്ലാം ആശയസംവാദങ്ങളുടെ സൗഹൃദ നാളുകള്‍' കാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംഘടനയുടെ ദേശീയ അധ്യക്ഷന്‍ സയ്യിദ് സആദത്തുല്ലാ ഹുസൈനി എറണാകുളത്ത് നടത്തിയ പ്രഭാഷണത്തിന്റെ സംഗ്രഹ വിവര്‍ത്തനം)
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ -65-70
ടി.കെ ഉബൈദ്‌

ഹദീസ്‌

തീവ്രത എല്ലാം നഷ്ടപ്പെടുത്തും
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌