ടി. മുഹമ്മദ് മാസ്റ്റര്‍
ജമാഅത്തെ ഇസ്ലാമി മമ്പാട് സലാമത്ത് നഗര്‍ ഘടകത്തിലെ പ്രവര്‍ത്തകന്‍ കുഞ്ഞിമാന്‍ മാസ്റ്റര്‍ എന്നറിയപ്പെട്ടിരുന്ന തേലക്കാട് മുഹമ്മദ് മാസ്റ്റര്‍ (71) അല്ലാഹുവിലേക്ക് യാത്രയായി. കോവിഡ് ബാധിച്ചതില്‍ നിന്ന് മുക്തനായെങ്കിലും അല്ലാഹുവിന്റെ വിധി മറ്റൊന്നായിരുന്നു.
പ്രായാവശതകള്‍ വകവെക്കാതെ പ്രാസ്ഥാനിക ഉത്തരവാദിത്തങ്ങള്‍ ദീര്‍ഘകാലമായി നിര്‍വഹിച്ച അദ്ദേഹം പ്രാദേശിക ഹല്‍ഖാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. ആരോടെങ്കിലും അദ്ദേഹം ദേഷ്യത്തോടെ പെരുമാറുകയോ കയര്‍ത്തു സംസാരിക്കുകയോ ചെയ്യുമായിരുന്നില്ല. കുട്ടികളുമായി അങ്ങേയറ്റത്തെ സ്‌നേഹത്തോടെ ഇടപെട്ടു. അതുകൊണ്ടു കൂടിയാണ് ദീര്‍ഘകാലം മലര്‍വാടിയുടെ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്.
സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളിലും അതീവ തല്‍പരനായിരുന്നു. മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനും പ്രാസ്ഥാനിക അന്തരീക്ഷത്തില്‍ അവരെ വളര്‍ത്തിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
സലാമത്ത് നഗര്‍ പ്രദേശത്തു നിന്ന് ആദ്യമായി എസ്.എസ്.എല്‍.സി പാസായത് അദ്ദേഹമാണ്. പിന്നീട് മമ്പാട് കോളേജ്, ഫാറൂഖ് കോളേജ് എന്നിവിടങ്ങളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി. കണ്ണൂര്‍ കൂത്തുപറമ്പ്, പന്തലിങ്ങല്‍, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ ദീര്‍ഘകാലം അധ്യാപകനായി സേവനമനുഷ്ഠിച്ചു. മരണം വരെ സലാമത്ത് നഗര്‍ റഹ്മാനിയ കോളേജ് ട്രസ്റ്റ് അംഗമായിരുന്നു.
ഭാര്യ: വി.കെ.എം ഇസ്സുദ്ദീന്‍ മൗലവിയുടെ പുത്രി മഹ്ബൂബ. മക്കള്‍: മുഹ്‌സിന, മുഫീദ, മുഹമ്മദ് ശമീല്‍ (ടി.സി.എസ് ബാംഗ്ലൂര്‍), മുഹമ്മദ് ഇസ്സുദ്ദീന്‍ (സി.ഡി.എസ് തിരുവനന്തപുരം), മുഹമ്മദ് നസീഫ് (നാഷ്‌നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി).
പി. മുഹമ്മദ് കുട്ടി മൗലവി
മലപ്പുറം കുന്നുമ്മല്‍ പ്രാദേശിക ജമാഅത്തില്‍ അംഗമായിരുന്ന പി. മുഹമ്മദ് കുട്ടി മൗലവി എന്ന പി.എം (85) അല്ലാഹുവിലേക്ക് യാത്രയായി.
തലമുറകളുടെ ഉസ്താദ് കൂടിയായ പി.എമ്മിന്റെ പിതാവ് പറത്തൊടി സെയ്താലിക്കുട്ടി മുസ്‌ലിയാര്‍ മലപ്പുറത്തെ ദീനീപണ്ഡിതരില്‍ ഒരാളായിരുന്നു. സെയ്താലിക്കുട്ടി മുസ്‌ലിയാരുടെ ശിഷ്യനാണ് ഈ കുറിപ്പുകാരനും. അറബി ഹയര്‍ പരീക്ഷ പാസ്സായി 1970-ല്‍ പി.എം സ്‌കൂളില്‍ അധ്യാപകനായി സര്‍വീസില്‍ പ്രവേശിച്ചു. 1989-ലാണ് റിട്ടയര്‍ ചെയ്തത്. അധ്യാപക ജോലിക്കിടയിലും അതിനു ശേഷവും ദീര്‍ഘകാലം കുന്നുമ്മല്‍ മസ്ജിദുല്‍ ഗഫാറില്‍ ഇമാമായും അല്‍പകാലം ഖത്വീബായും അദ്ദേഹം സേവനമനുഷ്ഠിച്ചു. കുന്നുമ്മല്‍ ടൗണിലെ മുസ്‌ലിം സൗഹാര്‍ദ സംഘത്തില്‍ പ്രാരംഭം തൊട്ട് അംഗമായിരുന്നു പി.എം.
ഏതു പ്രതികൂലാവസ്ഥയിലും പുഞ്ചിരിയോടെയല്ലാതെ പി.എമ്മിനെ കാണാറില്ല. ആദ്യഭാര്യയുടെ മരണവും പിന്നീടുണ്ടായ പക്ഷാഘാതവും ഒന്നും അദ്ദേഹത്തെ തളര്‍ത്തിയില്ല. നിരവധി ജീവിത പരീക്ഷണങ്ങളിലൂടെ കടന്നുപോയ അദ്ദേഹം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്ന ശേഷവും സ്‌കൂട്ടറോടിച്ചായിരുന്നു യാത്ര. തികഞ്ഞ ഈമാനും അതോടൊപ്പമുള്ള നിശ്ചയദാര്‍ഢ്യവും മാത്രമാണ് പക്ഷാഘാതം ഉണ്ടായ ശേഷവും തിരക്കേറിയ റോഡിലേക്കിറങ്ങാനും വാഹനമോടിക്കാനും പതിവായി ടൗണിലെ പള്ളിയില്‍ ജമാഅത്തിന് നേതൃത്വം നല്‍കാനും അദ്ദേഹത്തിന് തുണയായത്.
ഇമ്പമാര്‍ന്ന സ്വരത്തില്‍ എം.എം എന്ന മര്‍ഹൂം മുഹമ്മദ് കുട്ടി മാഷും പി.എമ്മും ഖുര്‍ആന്‍ മത്സരിച്ചോതിയിരുന്ന കാലമുണ്ടായിരുന്നു, മസ്ജിദുല്‍ ഗഫാറിലെ തറാവീഹ് നമസ്‌കാരങ്ങളില്‍. സരസനും പ്രായഭേദമന്യേ സുഹൃദ് വലയവുമുള്ള പി.എം രോഗസന്ദര്‍ശന യാത്രകളില്‍ ഏറെ തല്‍പരനായിരുന്നു. ഈ ലേഖകനോടൊപ്പമുള്ള അത്തരം യാത്രകളില്‍ ആറ് രോഗികളെ വരെ കാണാന്‍ സാധിച്ച ദിവസങ്ങളുണ്ട്.
മലപ്പുറം കുന്നുമ്മല്‍ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയുടെ രൂപീകരണത്തിനും അതിന്റെ വളര്‍ച്ചക്കും എന്നും മുന്നിലുണ്ടായിരുന്നു പി.എം. കുന്നുമ്മല്‍ സുന്നി മഹല്ലിന്റെ ആഭിമുഖ്യത്തിലുള്ള ഹിദായത്തുസ്സ്വിബ്‌യാന്‍ മദ്‌റസയില്‍ സ്വന്തം പിതാവിന്റെ കീഴില്‍ അറുപതുകളില്‍ തന്നെ മദ്‌റസാ അധ്യാപകനായി ദീനീ പ്രവര്‍ത്തനം തുടങ്ങിയിരുന്നു അദ്ദേഹം. കോഡൂര്‍ ചെമ്മങ്കടവില്‍ കിളിയമണ്ണില്‍ മുഹമ്മദ് ഹാജിയുടെ കാര്‍മികത്വത്തില്‍ നടത്തിയിരുന്ന ഏകാധ്യാപക മദ്‌റസയിലും കൂട്ടിലങ്ങാടി അന്‍സാറുല്‍ ഇസ്ലാം മദ്‌റസയിലും ദീര്‍ഘകാലം അധ്യാപകനായിരുന്നു. ഫലാഹിയ്യ അറബിക് കോളേജ്, വിളയൂര്‍ എ.എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലും അധ്യാപകനായിരുന്നു. കുന്നുമ്മല്‍ ഹല്‍ഖാ നാസിം, ഏരിയാ സെക്രട്ടറി, മുസ്‌ലിം സൗഹാര്‍ദ സംഘം സെക്രട്ടറി, മാസ് കോളജ് സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചു. കുന്നുമ്മല്‍ ഗഫാര്‍ പള്ളിയില്‍ നടന്നിരുന്ന ഖുര്‍ആന്‍ പഠന ക്ലാസ്സുകള്‍ക്കും നേതൃത്വം നല്‍കി.
പരേതയായ എ.കെ റുഖിയ്യ, കുന്നുമ്മല്‍ വനിതാ ഹല്‍ഖയിലെ സജീവ പ്രവര്‍ത്തക കെ.ടി സുരയ്യ എന്നിവര്‍ ഭാര്യമാരാണ്. ഹഫ്സത്ത്, ശരീഫ, മുജീബുര്‍റഹ്മാന്‍ (ദുബൈ), ജാസിറ എന്നിവരാണ് മക്കള്‍. മരുമക്കള്‍: പി.പി അബൂബക്കര്‍ (പെരിന്തല്‍മണ്ണ), മുഹമ്മദ് ആറങ്ങോടന്‍ (അരിപ്ര), സലീം ആലങ്ങാടന്‍ (കടന്നമണ്ണ), ഇ.സി റഹ്ന (കൂട്ടിലങ്ങാടി).
ലൗലി ഹംസ ഹാജി
സി.കെ കുഞ്ഞമ്മദ് മാസ്റ്റര്‍ വടകര
കോഴിക്കോട് ജില്ലയില്‍, വിശിഷ്യാ വടകര മേഖലയില്‍ ഇസ്‌ലാമിക പ്രസ്ഥാനം പടുത്തുയര്‍ത്താന്‍ പ്രയത്‌നിച്ച ഒരാളായിരുന്നു വടകര പ്രാദേശിക ജമാഅത്ത് അംഗവും ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ലാ സമിതി മുന്‍ അംഗവുമായ സി.കെ കുഞ്ഞമ്മദ് മാസ്റ്റര്‍ കീഴല്‍. ജമാഅത്തിന്റെ പേര് ഉച്ചരിക്കുന്നതു പോലും വിലക്കപ്പെട്ട കാലത്തും, നാട്ടിലുമാണ് പ്രസ്ഥാനത്തെ പരിചയപ്പെടുത്താനും ഇസ്‌ലാമിന്റെ സന്ദേശമെത്തിക്കാനും സി.കെ സഞ്ചരിച്ചത്. ദഅ്‌വത്ത് ആയിരുന്നു ഇഷ്ട മേഖല. എത്ര പ്രകോപനപരമായ സാഹചര്യത്തിലും പക്വതയാര്‍ന്ന സമീപനത്തോടെ സംവദിക്കാന്‍ പ്രാഗത്ഭ്യമുണ്ടായിരുന്നു.
വിനയവും വിജ്ഞാനവും സി.കെയുടെ മുഖമുദ്രകളായിരുന്നു. ജ്ഞാനിയുടെ വിനയം തുളുമ്പുന്ന സര്‍ഗാത്മക സമീപനം അദ്ദേഹത്തില്‍ അനുഭവപ്പെട്ടു. വലിപ്പച്ചെറുപ്പമില്ലാതെ ഏതൊരാളെയും ബഹുമാനിച്ചു. നിലപാടുകളില്‍ കണിശത പുലര്‍ത്തുമ്പോള്‍ തന്നെ അതീവ ഹൃദ്യമായ പെരുമാറ്റം ഏവരെയും സ്വാധീനിച്ചു. എത്ര ചെറിയവരില്‍നിന്നുപോലും കാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ വൈമനസ്യം കാണിക്കാത്ത ഹൃദയ വിശാലതയുണ്ടായിരുന്നു. മാനവിക മൂല്യങ്ങളെയും സാഹോദര്യത്തെയും കുറിച്ചുള്ള ഉന്നതമായ കാഴ്ചപ്പാട് അദ്ദേഹത്തിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റുകൂട്ടി. വടകര മേഖലയില്‍ ഇന്ന് പ്രസ്ഥാനത്തെ മുന്നില്‍ നിന്ന് നയിക്കുന്നവരില്‍ ഏറെയും സി.കെയുടെ വിളി കേട്ടു വന്നവരാണ്.
പ്രത്യക്ഷത്തില്‍ ആശയപരമായി വിരുദ്ധ ധ്രുവങ്ങളിലുള്ളവര്‍ പോലും വൈജ്ഞാനിക ചര്‍ച്ചകള്‍ക്കായി സി.കെയുടെ വീട്ടിലെ നിത്യസന്ദര്‍ശകരായി. മഹല്ല് ഖാദി, സ്ഥാപന മേധാവികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി നാനാ മേഖലകളില്‍നിന്നുള്ളവര്‍ അക്കൂട്ടത്തില്‍ പെടുന്നു.
ഗണിതാധ്യാപകന്‍ ആയിരുന്നുവെങ്കിലും അറബി, ഇംഗ്ലീഷ്, മലയാളം, ഉര്‍ദു, ഹിന്ദി ഭാഷകളില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. അല്‍പ്പം സംസ്‌കൃതവും അറിയാം. മാജിക് മുതല്‍ സംഗീതം, സാഹിത്യം, ഗാനരചന, ആസ്‌ട്രോണമി, ഐ.ടി തുടങ്ങിയവയിലും ഏറെ തല്‍പരനായിരുന്നു. സി.കെയുടെ ഖുത്വ്ബകള്‍ വിവിധ മേഖലകളിലെ അദ്ദേഹത്തിന്റെ പാണ്ഡിത്യം വിളിച്ചോതുന്നു. വിട പറയുന്നതിനു രണ്ടു ദിവസം മുമ്പ് ആശുപത്രി കിടക്കയില്‍ പരിക്ഷീണിതനായി കഴിയുന്ന വേളയില്‍ പോലും അറബിക്കവിത രചിക്കുകയുണ്ടായി. ഒരു കണക്ക് ടീച്ചര്‍ അറബിയിലും ഇംഗ്ലീഷിലും ഒരുപോലെ ജ്ഞാനിയായതിനെ കുറിച്ച് പലപ്പോഴും അത്ഭുതം കൂറിയിട്ടുണ്ടെന്ന് ഒരിക്കല്‍ ടി.കെ അബ്ദുല്ല സാഹിബ് സി.കെയെ കുറിച്ച് പറയുകയുണ്ടായി.
വടകര എം.യു.എം ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, ചേന്ദമംഗല്ലൂര്‍ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എന്നീ നിലകളിലുള്ള ഔദ്യോഗിക ജീവിതത്തിനു ശേഷം വടകര ശാന്തിനികേതന്‍ വനിതാ കോളേജ്, മാഹി അല്‍ ഫലാഹ്, പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചു. അഞ്ചു വര്‍ഷത്തോളം മജ്‌ലിസിനു കീഴില്‍ വിദ്യാ കൗണ്‍സിലിലും സേവനമനുഷ്ഠിക്കുകയുണ്ടായി. ദീര്‍ഘകാലം വടകര മസ്ജിദൂസ്സലാമില്‍ ഖത്വീബ് ആയിരുന്നു. നിരോധം നേരിട്ട അടിയന്തരാവസ്ഥ കാലത്ത് പ്രസ്ഥാനത്തിനു വേണ്ടി അറസ്റ്റ് വരിച്ച് ആ ഇരുണ്ട കാലത്തോട് പ്രതികരിക്കാന്‍ ഭാഗ്യമുണ്ടായില്ല എന്ന ദുഃഖം ജീവിതാവസാനം വരെ അദ്ദേഹത്തിനുണ്ടായിരുന്നു.
ഇസ്‌ലാമിന്റെ പ്രതിബിംബമായി ഒരു ആയുഷ്‌കാലം മുഴുവന്‍ അദ്ദേഹം സമൂഹത്തിലും കുടുംബത്തിലും മാതൃകാ ജീവിതം കാഴ്ചവെച്ചു. തന്നിലേല്‍പിക്കപ്പെട്ട ദൗത്യം, കൂടുംബത്തെയും ചേര്‍ത്തുനിര്‍ത്തി പരിപൂര്‍ണമായി നിറവേറ്റിയ സംതൃപ്തിയോടെയാണ് നാഥന്റെ ചാരത്തേക്ക് സി.കെ യാത്രയായത്.
പി.എസ് സുഹ്‌റ (തിരൂര്‍) ആണ് ഭാര്യ. നസീമ (റിട്ട. ടീച്ചര്‍), താഹിറ, ജസീല. മുനീബ് (ഖത്തര്‍) എന്നിവര്‍ മക്കളാണ്.
ശക്കീബ് അര്‍സലാന്‍
ഡോ. മുഹമ്മദലി, മാറഞ്ചേരി
ജമാഅത്തെ ഇസ്‌ലാമി മാറഞ്ചേരി ഘടകത്തിലെ ആദ്യകാല പ്രവര്‍ത്തകനായിരുന്നു ഡോ. മുഹമ്മദലി. സ്വതഃസിദ്ധമായ ശൈലിയില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ മാറഞ്ചേരിയില്‍ അടയാളപ്പെടുത്തി. മസ്ജിദുര്‍റഹ്മാന്‍ ഉള്‍ക്കൊള്ളുന്ന ഗൈഡന്‍സ് ട്രസ്റ്റ് സ്ഥാപനങ്ങളുടെ പരിപാലനം നീണ്ട കാലം അദ്ദേഹമാണ് നിര്‍വഹിച്ചത്. ഹോമിയോ 'പൊതി'യുടെ കൂടെ ഇസ്‌ലാമിന്റെ രോഗശമന 'മരുന്ന്'പകര്‍ന്നു കൊടുക്കാനും അദ്ദേഹം സമയം കണ്ടെത്തി. പ്രബോധനം, ആരാമം, മലര്‍വാടി വിതരണം സൈക്കിളില്‍ യാത്ര ചെയ്ത് കൃത്യമായി നിര്‍വഹിച്ചു. ലളിത ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. വാര്‍ധക്യത്തില്‍ പ്രയാസപ്പെടുന്ന പലര്‍ക്കും തന്റെ ചികിത്സാ രീതികളിലൂടെ ആശ്വാസം പകര്‍ന്നു. നീണ്ട കാലം സുഊദിയിലായിരുന്നു മുഹമ്മദലി സാഹിബ്. ഭാര്യ സുഹ്‌റ ജമാഅത്തെ ഇസ്‌ലാമി വനിതാ ഘടകം അംഗമാണ്. ഏക മകന്‍ മെഹദ് മഖ്ബൂല്‍ ശ്രദ്ധേയനായ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമാണ്. മറ്റു മക്കള്‍: മുനീറ, മുഹ്‌സിന. മരുമക്കള്‍: ജലീസ്, അബ്ദുശ്ശുകൂര്‍, ഹന്ന സിത്താര വാഹിദ്.
ഉമര്‍ മാറഞ്ചേരി
ടി.വി ഉമര്‍ കോയ
ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് മീഞ്ചന്ത മുന്‍ ഹല്‍ഖാ സെക്രട്ടറി ടി.വി ഉമര്‍ കോയ സാഹിബ് അല്ലാഹുവിങ്കലേക്ക് യാത്രയായി. നീണ്ടകാലത്തെ പ്രവാസജീവിതത്തിനിടക്കാണ് ജമാഅത്തെ ഇസ്‌ലാമിയുമായി അടുത്ത് ബന്ധപ്പെടുന്നത്. പ്രവാസ ജീവിതം അവസാനിപ്പിച്ചതിനു ശേഷം മീഞ്ചന്ത വട്ടക്കിണര്‍ ഭാഗത്ത് പ്രസ്ഥാനത്തെ പരിചയപ്പെടുത്താനും പ്രബോധനം വാരികയുടെ പ്രചാരണത്തിനും നിരന്തരം യത്‌നിച്ചു. പാവങ്ങള്‍ക്കും രോഗികള്‍ക്കും സാന്ത്വനമേകാന്‍ 'കൃപ' എന്ന ചാരിറ്റബ്ള്‍ ട്രസ്റ്റിന് തുടക്കം കുറിച്ച് അതിന്റെ അമരക്കാരനായി.
റസിഡന്റ്‌സ് അസോസിയേഷനുകള്‍ ഇല്ലാത്ത കാലത്ത് ഈ ആശയം മുന്നോട്ടുവെച്ച് മീഞ്ചന്ത ഭാഗത്ത് അത് സ്ഥാപിക്കാന്‍ അദ്ദേഹം മുന്‍കൈയെടുത്തു. ഗായകനും ചിത്രകാരനുമായ അദ്ദേഹമാണ് മീഞ്ചന്ത ഹല്‍ഖ ഈയിടെ സ്വന്തമായി വാങ്ങിയ കെട്ടിടത്തിന്റെ ലോഗോ രൂപകല്‍പന ചെയ്തത്.
റിയാദ് ബത്തയിലെ മലയാളി കൂട്ടായ്മയായ 'സംഗമ'ത്തിന്റെ സ്ഥാപകരില്‍ ഒരാളായിരുന്നു. മടങ്ങി വന്നതിനു ശേഷം 'റിയാദ് റിട്ടേണീ ഫോറം' എന്ന ബാനറിനുകീഴില്‍ മനോരോഗികള്‍ക്കുള്ള ചികിത്സാ പദ്ധതിക്ക് രൂപം നല്‍കി.
ഏറ്റെടുത്ത ഉത്തരവാദിത്തം കൃത്യനിഷ്ഠയോടുകൂടിയും സമയബന്ധിതമായും ചെയ്തുതീര്‍ക്കുമായിരുന്നു.
നിസാര്‍ മീഞ്ചന്ത
Comments