വാരിയന്‍കുന്നന്റെ മുഖവും മാപ്പിള സമരചരിത്രത്തിന്റെ മുഖഛായയും
നടന്ന സംഭവമല്ല, നടന്ന സംഭവത്തെക്കുറിച്ചുള്ള ഓര്‍മകളും ആഖ്യാനങ്ങളുമാണ് ചരിത്രം. അതുകൊണ്ടുതന്നെ ചരിത്രം പല കോണിലുള്ള വീക്ഷണങ്ങളാല്‍ ഭിന്നമായിരിക്കും. ഓരോ സംഭവവും ആര് ഓര്‍ക്കുന്നു, ആര് ആഖ്യാനം ചെയ്യുന്നു എന്നതും, എന്തിന് ഓര്‍ക്കുന്നു, എന്തിന് ആഖ്യാനം ചെയ്യുന്നു എന്നതുമാണ് ചരിത്രത്തെ പ്രസക്തമാക്കുന്നത്. വിവാദങ്ങള്‍ കൊണ്ടുമാത്രം ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ശ്രദ്ധേയമായ, 1921-ലെ മാപ്പിളമാരുടെ ഖിലാഫത്ത് പ്രക്ഷോഭം ഇപ്പോള്‍ കലങ്ങിമറിയുന്നത് അതിന്റെ നൂറാം വാര്‍ഷികാചരണങ്ങളുടെ ഉച്ചകോടിയില്‍ വെളിപ്പെട്ട ഒരു 'തല' കാരണമായാണ്. മാപ്പെഴുതിക്കൊടുത്ത് ജയില്‍വിട്ടവരുടെ വെറും പേടിത്തല അല്ല, മാപ്പിളമാരുടെ സായുധമായ ചെറുത്തുനില്‍പ്പുകളുടെയെല്ലാം 'തല'യായിരുന്ന ശഹീദ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ തലയാണത്. മര്‍ദനമേറ്റ് വീങ്ങിക്കറുത്ത ആ മുഖച്ചിത്രം എങ്ങനെ മാപ്പിളചരിത്രത്തിന്റെയും ഭാവിയുടെയും മുഖഛായയെ പുനര്‍നിര്‍ണയിക്കുന്നു എന്നും എന്തുകൊണ്ട് സംഘ് പരിവാര്‍ അടക്കമുള്ള ദേശവിരുദ്ധരുടെ മുഖത്ത് അത് രോഷം പടര്‍ത്തുന്നു എന്നുമാണ് ഇപ്പോള്‍ ആലോചിക്കേണ്ടത്. ഒരുപക്ഷേ, യഥാര്‍ഥമായാലും അല്ലെങ്കിലും ആ അപൂര്‍വ ഫോട്ടോ പ്രസക്തമാക്കുന്നതും ഇത്തരം ആലോചനകളാണ്.
'സുല്‍ത്താന്‍ വാരിയന്‍കുന്ന'ന്റെ
മുഖം
റമീസ് മുഹമ്മദ് രചിച്ച് ടു ഹോണ്‍സ് ക്രിയേഷന്‍സ് പുറത്തിറക്കിയ 'സുല്‍ത്താന്‍ വാരിയന്‍കുന്നന്‍' എന്ന പുസ്തകരചനയുടെ ഗവേഷണത്തോടനുബന്ധിച്ചാണ് ഒരിക്കലും കിട്ടില്ല എന്ന് ചരിത്രമെഴുത്തുകാര്‍ ഒന്നടങ്കം വിശ്വസിച്ച ആ ചിത്രം ലഭിച്ചത്. 2021 നവംബര്‍ 29-ന് പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ മലപ്പുറത്തെ കോട്ടക്കുന്നിന് താഴെയുള്ള വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ടൗണ്‍ ഹാളിനു മുറ്റത്ത് തിങ്ങിനിറഞ്ഞ സദസ്സിനുമുന്നിലെ വലിയ സ്‌ക്രീനില്‍ ആ ബ്ലാക് ആന്റ് വൈറ്റ് ഫോട്ടോ തെളിഞ്ഞപ്പോള്‍ കാഴ്ചക്കാരൊന്നടങ്കം ആവേശഭരിതരായി എഴുന്നേറ്റുനിന്ന് തക്ബീര്‍ മുഴക്കി. ഒരു സമുദായത്തിന്റെ വികാരവും ഇഛയുമാണ് അവിടെ വെളിപ്പെട്ടത്. 1922 ജനുവരി 20-ന് ഉച്ചക്ക് അതേ കോട്ടക്കുന്നിന്റെ വടക്കേ ചെരിവില്‍ വെച്ച് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ബ്രിട്ടീഷ് പട്ടാളം വെടിവെച്ചു കൊന്നതിനു ശേഷം ചിതയൊരുക്കി കത്തിച്ചുകളയുകയായിരുന്നു. 1921 ആഗസ്റ്റ് 30 മുതല്‍ ഡിസംബര്‍ 15 വരെ ബ്രിട്ടീഷ് സാമ്രാജ്യത്തെ മൊത്തം അങ്കലാപ്പിലാക്കിക്കളഞ്ഞ ആ ധീരനേതാവ് സമരത്തിന്റെയും സൈന്യസജ്ജീകരണത്തിന്റെയും ഭാഗമായി ഉണ്ടാക്കിയ സകല രേഖകളും ആ ചിതയില്‍ വെണ്ണീറായി. ഇനിയൊരിക്കലും തിരിച്ചെടുക്കാനാവാത്തവിധം വാരിയന്‍കുന്നന്റെ ജീവചരിത്രവും ചിത്രവും മണ്ണടിയണം എന്നുതന്നെയാകണം ഹിച്‌കോക്ക് അടക്കമുള്ള പട്ടാളനേതാക്കള്‍ ആഗ്രഹിച്ചതും നടപ്പാക്കിയതും. അതേ കൊളോണിയല്‍ അഹങ്കാരത്തിന്റെ ഭാഗമായതുകൊണ്ടാണ് സംഘ് പരിവാരങ്ങളും ഇപ്പോള്‍ ആ ചരിത്രത്തെയും ചിത്രത്തെയും ഭയപ്പെടുന്നതും.
ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ നൂറ്റാണ്ടോടനുബന്ധിച്ച് മലയാളത്തിലും മറ്റും പുറത്തിറങ്ങിയ നൂറുകണക്കിന് ചരിത്രപുസ്തകങ്ങളില്‍നിന്നും 'സുല്‍ത്താന്‍ വാരിയന്‍കുന്നന്‍' എന്ന പുസ്തകത്തെ വ്യത്യസ്തമാക്കുന്നതും കനപ്പെട്ടതാക്കുന്നതും അതില്‍ പ്രസിദ്ധീകരിച്ച വാരിയന്‍കുന്നത്തിന്റെ ചിത്രവും ബ്രിട്ടന്‍, അമേരിക്ക, ഫ്രാന്‍സ്, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് അക്കാലത്തിറങ്ങിയ പത്രമാസികകളില്‍ കണ്ടെടുത്ത വാര്‍ത്തകളും ഫോട്ടോകളുമാണ്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോയുടെ ആധികാരികത സമര്‍ഥിക്കാന്‍ ഗ്രന്ഥകാരന്‍ പുസ്തകത്തിന്റെ അനുബന്ധത്തില്‍ ശ്രമിച്ചിട്ടുണ്ട്. . 'Sciences et Voyages' എന്ന ഫ്രഞ്ച് മാഗസിനില്‍ 1922 ആഗസ്റ്റ് 10-ന് പ്രസിദ്ധീകരിച്ച ഒരു ഫീച്ചറിലാണ് സമരത്തിന് തുടക്കം കുറിച്ച മാപ്പിള നേതാക്കള്‍ എന്ന അടിക്കുറിപ്പോടെ ആലി മുസ്‌ലിയാരോടൊപ്പം വാരിയന്‍കുന്നന്റെ ഫോട്ടോ പുസ്തകത്തിന്റെ ഗവേഷകര്‍ കണ്ടെടുക്കുന്നത്. ചരിത്രമെഴുത്തുകാര്‍, ആര്‍ക്കൈവിസ്റ്റുകള്‍, ഫോറന്‍സിക് വിദഗ്ധര്‍, ബന്ധുജനങ്ങള്‍ എന്നിവരടക്കമുള്ളവരുടെ നിഗമനങ്ങളുടെ പിന്‍ബലത്തില്‍ ഈ ചിത്രമാണ് വാരിയന്‍കുന്നത്തിന്റേത് എന്ന് അവര്‍ ഏറക്കുറെ ഉറപ്പിക്കുകയാണ് ചെയ്യുന്നത്. ചിത്രത്തിന്റെ അടിക്കുറിപ്പില്‍ കുഞ്ഞഹമ്മദ് ഹാജിയുടെ പേര് പ്രത്യേകം സൂചിപ്പിച്ചിട്ടില്ല എന്നതുകൊണ്ടുമാത്രമാണ് പൂര്‍ണമായ അവകാശവാദം പുസ്തകരചയിതാവും പ്രസാധകരും നടത്താതിരിക്കുന്നത്. അതൊരു സത്യസന്ധതയാണ്. ഏതൊരു ചരിത്രരചനയിലും അത്രയും സത്യസന്ധത നിര്‍ബന്ധവുമാണ്. അതിലധികം തെളിയിക്കേണ്ട കാര്യമില്ല. കാരണം, എത്ര തെളിവുകള്‍ നിരത്തിയാലും ഏതൊരു ചരിത്രാഖ്യാനവും അത്രയൊക്കെയേ സത്യസന്ധമാവൂ എന്നതാണ് യാഥാര്‍ഥ്യം.
പുസ്തകത്തിന്റെ പുറംചട്ടയിലും അകത്തും വിശദാംശങ്ങളോടെ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം പുറത്തുവന്നതോടെ സന്ദേഹങ്ങളും നിരാകരണങ്ങളും കൂടി സ്വാഭാവികമായി തലപൊക്കിത്തുടങ്ങി. മാപ്പിളസമരത്തെ ഹിന്ദു വംശോന്മൂലനത്തിന്റെ കള്ളക്കഥകള്‍ ചേര്‍ത്ത് പുനര്‍രചിക്കുന്ന വലതുപക്ഷ സംഘികള്‍ മാത്രമല്ല, മാപ്പിളചരിത്രത്തെ ഗൂഢമായി തള്ളിക്കളയാന്‍ ശ്രമിക്കുന്ന ഇടതു പ്രൊഫൈലുകള്‍ മുതല്‍ ചരിത്രരേഖകളുടെ അക്കാദമിക സാധുതയിലും പൂര്‍വധാരണകളിലും വിശ്വാസമര്‍പ്പിക്കുന്ന നിഷ്‌കളങ്ക മുസ്‌ലിം എഴുത്തുകാര്‍ വരെ ആ ചിത്രത്തെ ഒളിഞ്ഞും തെളിഞ്ഞും സംശയിച്ചു. റമീസ് മുഹമ്മദും സഹഗവേഷകരും തെളിയിച്ചെടുത്ത ആ ഫോട്ടോയുടെ ആധികാരികതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കപ്പുറം, ഈ നിരാകരണങ്ങളുടെയൊക്കെ പൊതുവായ ആന്തരശ്രുതി ഒന്നായിരുന്നു എന്നതാണ് അപകടം. കേരളത്തിലെ മുസ്‌ലിം ചരിത്രത്തിനും അതിന്റെ ചിത്രണത്തിനും മാത്രം അധികബാധ്യതയായി കെട്ടിവെക്കുന്ന 'ആധികാരികത'യെ കുറിച്ചുള്ള ഉപബോധമാണത്. മുസ്‌ലിംകള്‍ മാത്രം പ്രത്യേകം തെളിയിക്കേണ്ട ദേശസ്‌നേഹം, മുസ്‌ലിം ആവിഷ്‌കാരങ്ങളില്‍ മാത്രം അവതരിപ്പിക്കേണ്ട സവിശേഷമായ മതസൗഹാര്‍ദം, മുസ്‌ലിം ജീവിതങ്ങള്‍ മാത്രം അനുഭവിപ്പിക്കേണ്ട കറകളഞ്ഞ മതേതരത്വം എന്നിവ പോലെ ദുരുദ്ദേശ്യപരവും വംശീയവുമാണ് ആ 'ആധികാരികത'. അത് തിരിച്ചറിഞ്ഞവര്‍ പോലും ഇത് തിരിച്ചറിയാതെ പോയിരിക്കുന്നു എന്നതാണ് വസ്തുത. ആ വസ്തുതതയിലേക്കുള്ള ചില സൂചനകളാണ് ഈ ലേഖനം ഇനി നല്‍കാനുദ്ദേശിക്കുന്നത്.
'നിര്‍വികാര ചരിത്രം' എന്ന മിഥ്യ
ആദ്യമാദ്യം പ്രതികരിച്ചവര്‍ പലരും പുസ്തകത്തിന്റെ അവതരണത്തിലും അതിന്റെ പ്രകാശനത്തിലും സമരനായകന്റെ ചിത്രത്തിലും സമുദായം കാണിച്ച 'അതി'വൈകാരികതയെയാണ് ഭയപ്പെട്ടത്. 'ചരിത്രം വൈകാരികമല്ല' എന്ന ഭംഗിവാക്കിന്റെ അകമ്പടിയോടെ സമുദായത്തെ ചരിത്രമുക്തമാക്കാന്‍ തന്നെയാണ് ഫലത്തില്‍ അവര്‍ ശ്രമിച്ചത്. നിര്‍വികാരതയും വൈകാരികതയും അതിവൈകാരികതയും വേര്‍തിരിക്കുന്ന അതിരുരേഖകള്‍ അവ്യക്തമാണ്. അല്‍പം അതിവൈകാരികമായാല്‍ തന്നെ ആരെയാണ് അത് ഭയപ്പെടുത്തുന്നത് എന്ന ചോദ്യം പ്രസക്തവുമാണ്. ചരിത്രത്തോടുള്ള വൈകാരികതയും വൈകാരികതയുടെ ചരിത്രവും ഉണ്ട്. അതതു കാലങ്ങളിലെ സമൂഹത്തിന്റെ വികാരങ്ങളെക്കുറിച്ചുള്ള ആഖ്യാനങ്ങളാണ് ചരിത്രം എന്നതുതന്നെ. ഏതൊരു സമൂഹത്തിന്റെയും വൈകാരികമായ ഈടുവെപ്പുകളാണ് അവരുടെ ചരിത്രാഖ്യാനങ്ങള്‍. കോളനിയാനന്തര ദേശങ്ങളിലെ അപരസമുദായങ്ങള്‍ മുഴുവനും പുതിയ കാലത്ത് ഉണര്‍ന്നത് തങ്ങളുടെ ചരിത്രമെവിടെ എന്ന് ഉറക്കെ ചോദിച്ചുകൊണ്ടാണ്.
'കാണുന്നീലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി
കാണുന്നുണ്ടനേക വംശത്തിന്‍ ചരിത്രങ്ങള്‍'
എന്ന് പൊയ്കയില്‍ അപ്പച്ചന്‍ ചോദിച്ചത് പ്രസിദ്ധമാണ്. എഴുതപ്പെട്ട പൊതു ചരിത്രപുസ്തകങ്ങളിലെല്ലാം കണ്ട, കേരളമുസ്‌ലിംകളുടെ ചരിത്രത്തെക്കുറിച്ച അഭാവങ്ങളാണ് മാപ്പിള ചരിത്രരചനയിലെ ആദ്യ ശ്രമങ്ങള്‍ക്ക് പ്രചോദനമായത്. വൈകാരികമായ ആ ഉണര്‍വുകളില്ലായിരുന്നുവെങ്കില്‍ ഇന്നും കേരളചരിത്രത്തിനു പുറത്ത് കുടിലുകെട്ടി താമസിക്കേണ്ട അപരജനതയാകുമായിരുന്നു മാപ്പിളമാര്‍. കേരള മുസ്‌ലിം ചരിത്രത്തില്‍ തിരുവിതാംകൂര്‍ മുസ്‌ലിം ചരിത്രം ഇപ്പോഴും ഒരളവുവരെ അപ്രത്യക്ഷമായിരിക്കുന്നത് ആ വികാരത്തിന്റെ കുറവുകൊണ്ടുതന്നെയാണ്. സ്വന്തം ദേശത്തിന്റെയും സമുദായത്തിന്റെയും ചരിത്രം രചിക്കാനുള്ള രക്ഷകനെ കാത്തിരിക്കുന്ന ഏതൊരു സമുദായവും ചരിത്രത്തില്‍നിന്ന് മെല്ലെമെല്ലെ ഇല്ലാതായിക്കൊണ്ടേയിരിക്കും. അധികാരശക്തിക്കും അവകാശനിഷേധത്തിനുമെതിരെ സായുധസമരത്തിന് മുതിര്‍ന്ന ഒരു വിപ്ലവനേതാവിനെ തന്റെ അടയാളങ്ങള്‍ സഹിതം വെണ്ണീറാക്കിക്കളഞ്ഞ ബ്രിട്ടീഷ് പട്ടാളമേധാവിമാരും ആഗ്രഹിച്ചത് അദ്ദേഹത്തിന്റെ സമുദായത്തിലെ പിന്‍തലമുറയുടെ വികാരനിയന്ത്രണം തന്നെ ആയിരുന്നു എന്ന് തിരിച്ചറിയണം.
ചരിത്രത്തിലുള്ള വികാരാവേശം ഒരു സമുദായത്തിന്റെ നിലനില്‍പിനുള്ള നിലംകൂടിയാണ്. 'ചരിത്രം ചെറുത്തുനില്‍ക്കാനുള്ള ഉറപ്പുള്ള ഭൂമിയാണെ'ന്ന് കെ.ഇ.എന്‍ പറയുന്നുണ്ട്. ചരിത്രത്തില്‍ ചവുട്ടിനിന്ന് അതിജീവിക്കുക എന്നത് ആനുകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ മുസ്‌ലിമിന് അനിവാര്യമാക്കിത്തീര്‍ത്തത് ഹൈന്ദവ വര്‍ഗീയതയാണ്. ഇന്ത്യയിലെ പൗരത്വരേഖകളില്‍നിന്ന് എത്രയും വേഗം മുസ്‌ലിംകളെ വെട്ടിക്കളയാനുള്ള പ്രവര്‍ത്തന പദ്ധതികളിലൊന്ന് അവരുടെ ചരിത്രത്തെ മായ്ച്ചുകളയുക എന്നതുതന്നെയാണ്. മാപ്പിളമാരുടെ ചരിത്രാവേശങ്ങളെ എത്ര ക്രൂരമായാണ് അവര്‍ ചവുട്ടിത്തേച്ചുകൊണ്ടിരിക്കുന്നത് എന്നതിന് തെളിവ് ഈ വര്‍ഷംതന്നെ പുറത്തിറങ്ങിയ അമ്പതോളം സംഘ് പരിവാര്‍ അനുകൂല ചരിത്രപുസ്തകങ്ങളും നൂറുകണക്കിന് യൂട്യൂബ് വീഡിയോകളുമാണ്. കെട്ടിച്ചമച്ച ആ വിദ്വേഷ ചരിത്രത്തിന്റെ ആധികാരികതയും തെളിവും ചോദ്യംചെയ്യുന്നതുപോലെ പ്രധാനം തന്നെയാണ് അതിനെ പ്രതിരോധിക്കുന്ന ബദല്‍ ചരിത്രത്തിന്റെ പുനരവതരണങ്ങളും. 'തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കുക' എന്നത് മുസ്‌ലിംകളുടെ സാമൂഹികവ്യവഹാരത്തിനുള്ള ദൈവികാടിത്തറയാണ്. നുണകളുടെ ചരിത്രത്തെ സത്യസന്ധമായ ചരിത്രംകൊണ്ടാണ് പകരംവെക്കേണ്ടത്. തികച്ചും സത്യസന്ധമായ ചരിത്രം എന്നൊന്നില്ല എന്ന് നടേ പറഞ്ഞല്ലോ. പരമാവധി ചരിത്രസത്യങ്ങളെ പുരസ്‌കരിക്കുക എന്നതാകണം മുസ്‌ലിം ചരിത്രമെഴുത്തുകാരുടെ ആധാരവും പ്രവര്‍ത്തനപദ്ധതിയും പരമലക്ഷ്യവും. ചരിത്രമെന്ന പേരില്‍ സംഘ് പരിവാര്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന വംശീയവിരോധത്തിന്റെ നുണകളെ ചരിത്രാധാരങ്ങള്‍ നിരത്തിയാണ് പൊളിച്ചടുക്കേണ്ടത്. താനവതരിപ്പിക്കുന്ന ഓരോ ചരിത്രപ്രസ്താവനയെയും അക്കാദമികമായ രീതിയില്‍ അടിക്കുറിപ്പുകള്‍ നല്‍കി ഭദ്രമാക്കാനുള്ള റമീസ് മുഹമ്മദിന്റെ ശ്രമം അതുകൊണ്ടുതന്നെ അഭിനന്ദനാര്‍ഹമാണ്. 1921-ലെ അനിവാര്യമായ ഒരു വികാരാവേശത്തിന്റെ മാപ്പിള ചരിത്രത്തെ വിചാരപരമായി സംഘടിപ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ ശ്രമമാണ് 'സുല്‍ത്താന്‍ വാരിയന്‍കുന്നന്‍' എന്ന പുസ്തകവും അതിന്റെ ഭാഗമായി അവര്‍ കണ്ടെടുത്ത ആ മുഖചിത്രവും.
ആരുടെ ഓര്‍മയാണ് ആധികാരികം?
റമീസ് മുഹമ്മദ് അവതരിപ്പിച്ച ചിത്രത്തെ വേറെ ചിലര്‍ സംശയിച്ചത് ആധികാരികമായ തെളിവുകളുടെ അഭാവങ്ങള്‍ നിരത്തിയാണ്. ചരിത്രമെഴുത്തിലെ തെളിവുകള്‍ എന്താണ് എന്നതും ആധികാരിക ചരിത്രത്തെളിവുകളുടെ അധികാരഘടനകള്‍ എന്തൊക്കെയാണ് എന്നതും തിരിച്ചറിയുന്ന ഒരാള്‍ ഈ സന്ദേഹങ്ങള്‍ക്ക് വഴങ്ങുകയില്ല. കേരള ചരിത്രത്തിന് ആധാരമാക്കുന്ന തെളിവുകളില്‍ ഒട്ടുമുക്കാലും ചെപ്പേടുകള്‍ (ചെമ്പോല), താളിയോലകള്‍, കൊട്ടാരമെഴുത്തുകള്‍, നീട്ടുകള്‍ (ഉത്തരവ്), ക്ഷേത്രരേഖള്‍, സവര്‍ണസാഹിത്യങ്ങള്‍, ഓര്‍മക്കുറിപ്പുകള്‍, പുരാണകഥകള്‍, മിത്തുകള്‍ എന്നിവയൊക്കെയാണ്. അവയൊക്കെയും ആധികാരികമായി അംഗീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. പരശുരാമനും മാവേലിയും ശങ്കരാചാര്യരും എഴുത്തഛനും ചെറുശ്ശേരിയും ഒക്കെ ചരിത്രത്തില്‍ നിലനില്‍ക്കുന്നത് ഇത്തരം ദുര്‍ബല രേഖകളിലൂടെ ഒപ്പിച്ചെടുത്ത 'ആധികാരിക തെളിവു'കളുടെ ബലത്തിലാണ്. പാഠപുസ്തകങ്ങളിലൂടെയും പൊതുവ്യവഹാരങ്ങളിലൂടെയും ഈ ചരിത്രവ്യക്തികളുടെയൊക്കെ ചിത്രങ്ങള്‍ കുട്ടികള്‍ക്കു പോലും തിരിച്ചറിയാനാകുംവിധം സമൂഹമനസ്സില്‍ ഉറപ്പിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, അക്കാദമിക ബുദ്ധികേന്ദ്രങ്ങള്‍ അപ്രൂവ് ചെയ്ത തെളിവുകളുടെ അഭാവം കൊണ്ടുമാത്രമാണ് ചേരമാന്‍ പെരുമാളും മാലികുബ്‌നു ദീനാറും കുഞ്ഞാലി മരയ്ക്കാറും ഖാദി മുഹമ്മദും കുഞ്ഞായിന്‍ മുസ്‌ലിയാരും ഒക്കെ 'മുസ്‌ലിം' ചരിത്രമെഴുത്തുകാരുടെ 'കഥ'കളും 'ഭാവന'കളുമാണെന്ന് കുറിപ്പിട്ട് ചിലര്‍ ചരിത്രത്തില്‍നിന്ന് തള്ളിക്കളഞ്ഞിരുന്നത്.
മാപ്പിള സമരങ്ങളുടെ ചരിത്രമാകട്ടെ ഒരളവുവരെ എഴുതപ്പെട്ടത് ബ്രിട്ടീഷ് പട്ടാളക്കാരുടെ ദിനാന്തക്കുറിപ്പുകളും റിപ്പോര്‍ട്ടുകളും ഓര്‍മക്കുറിപ്പുകളും ആധാരമാക്കിയാണ്. മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് മുതല്‍ കെ. മാധവന്‍ നായര്‍ വരെയുള്ള സവര്‍ണരുടെ ഓര്‍മക്കുറിപ്പുകളാണ് മറ്റൊരു തെളിവ്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ നേരില്‍ കണ്ടു എന്ന അവരുടെ അവകാശവാദങ്ങള്‍ സ്ഥാപിക്കാനായി നിരത്തിയ മുഖഛായാ വര്‍ണനകള്‍ അപ്പടി സ്വീകരിച്ചുകൊണ്ടാണ് ചിലര്‍ ഈ ചിത്രത്തെ നിരാകരിക്കുന്നത്. അതോടൊപ്പം മൊയ്തു മൗലവി മുതല്‍ വാരിയന്‍കുന്നത്തിന്റെ ബന്ധുക്കളുടെ വരെ ഓര്‍മകള്‍ ഈ ചിത്രത്തിലെ ഛായക്ക് പിന്തുണ നല്‍കുന്നുമുണ്ട്. മഞ്ഞക്കണ്ടന്‍ അലവി, മദാരി മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവരുടെ ഓര്‍മകളും ഈ ഫോട്ടോക്ക് അനുകൂലമാണ്. അവയെ മുഴുവന്‍ തള്ളിക്കളഞ്ഞ്, നേരത്തേ പറഞ്ഞ സവര്‍ണ ഓര്‍മകളെ സ്വീകരിച്ച് ഇപ്പോള്‍ കിട്ടിയ ചിത്രത്തില്‍ ആധികാരികതയുടെ സംശയനോട്ടീസ് പതിക്കുന്നത് ഓര്‍മയുടെ ആധികാരികത എന്ന ചരിത്രപ്രശ്‌നത്തെ ഉന്നയിക്കുന്നുണ്ട്. ആരുടെ ഓര്‍മയാണ് ആധികാരികം എന്ന ചോദ്യം മാത്രമല്ല അത്, ആര്‍ക്കാണ് ഓര്‍ക്കാനുള്ള അധികാരം എന്ന രാഷ്ട്രീയ ചോദ്യംകൂടിയാണ്.
ഒരു ചിത്രവും വെറും ചിത്രമല്ല
ഒരു ചിത്രത്തിലെന്തു കാര്യം എന്ന് ചിന്തിക്കുന്നവരാണ് ചിലര്‍. കടലാസിലെ അക്ഷരങ്ങളേക്കാള്‍ പ്രതികരണവും പ്രചാരണവും ചലനാത്മകമോ നിശ്ചലമോ ആയ ഒരു ഇമേജിന് നല്‍കാനാകും. വാരിയന്‍കുന്നത്തിനെക്കുറിച്ച് നിര്‍മിക്കാനുദ്ദേശിക്കുന്ന ഒരു സിനിമയുടെ പ്രഖ്യാപനമാണല്ലോ ഈ വിഷയത്തില്‍ ആദ്യമുണ്ടായ പൊട്ടിത്തെറി. ഐ.വി ശശി 1988-ല്‍ സംവിധാനം ചെയ്ത '1921' എന്ന ചിത്രത്തില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അവതരിപ്പിച്ചത് അന്ന് വില്ലന്‍ വേഷങ്ങളില്‍ പ്രസിദ്ധനായ ടി.ജി രവിയായിരുന്നു. താനവതരിപ്പിച്ച സിനിമകളില്‍ ബലാത്സംഗവും കൊലപാതകവും പതിവാക്കി ജനമനസ്സില്‍ പതിഞ്ഞുപോയ ഒരാള്‍ മാപ്പിള മനസ്സുകളിലെ വീരപുത്രനെ അവതരിപ്പിക്കുന്നത് സമൂഹമനസ്സിലുണ്ടാക്കുന്ന പൊരുത്തക്കേടുകള്‍ ചെറുതല്ല. അന്ന് ഐ.വി ശശിക്കും തിരക്കഥാകൃത്ത് ടി. ദാമോദരന്നും ടി.ജി രവിക്കും എതിരെ സംഘ് പരിവാര്‍ സംഘടനകള്‍ ഒച്ചപ്പാടുണ്ടാക്കാതിരുന്നതിനു പിന്നില്‍ ഈ സമൂഹമനശ്ശാസ്ത്രമുണ്ട്. എന്നാല്‍ 2020-ല്‍ വാരിയന്‍കുന്നത്ത് സിനിമ പ്രഖ്യാപിക്കപ്പെട്ടതോടെ സംഘ് പരിവാര്‍ പ്രതികരണം മാറി. വാരിയന്‍കുന്നന്‍ നായകസ്ഥാനത്തേക്ക് വരികയും ആ വേഷത്തിന് പൃഥ്വിരാജ് എന്ന യുവനടന്‍ തയാറാവുകയും ചെയ്തതാണ് അവരെ രോഷാകുലരാക്കിയത്. ഇമേജ്, ചിത്രം, പ്രതിമ, സ്മാരകം, സിനിമ തുടങ്ങിയ കാഴ്ചവസ്തുക്കള്‍ സമൂഹമനസ്സിലുണ്ടാക്കുന്ന പ്രതികരണങ്ങളുടെ പല സൂചനകളും ഈ രണ്ടു സിനിമകളോടും സംഘ് പരിവാര്‍ പ്രതികരിച്ചതിലെ വ്യത്യസ്തതകളില്‍ ഒളിഞ്ഞിരിപ്പുണ്ട്. പഴയ കോളനി അധികാരികള്‍ മുതല്‍ ഇന്നത്തെ സാമ്രാജ്യത്വ - വര്‍ഗീയ ശക്തികള്‍ വരെ സമുദായത്തില്‍ ഒരു ചിത്രം ഉളവാക്കുന്ന സ്വാധീനത്തിന്റെ രഹസ്യം മനസ്സിലാക്കിയവരാണ് എന്നര്‍ഥം.
സമുദായത്തിന്റെ പൂര്‍വപിതാക്കളുടെ ഓര്‍മകളുണര്‍ത്തുന്ന എന്തിനെയും ബ്രിട്ടീഷ് അധികാരികള്‍ ഭയപ്പെട്ടിരുന്നു. പടപ്പാട്ടുകള്‍ നിരോധിച്ചും മാലപ്പാട്ടുകള്‍ ചുട്ടെരിച്ചും അവര്‍ ഓര്‍മകള്‍ക്കുമേല്‍ നിരോധനം ഏര്‍പ്പെടുത്തി. വഫാത്തായ ഉലമാക്കളുടെയും ഉമറാക്കളുടെയും ഖബ്ര്‍ സിയാറത്ത് രാഷ്ട്രീയമായ പ്രചോദകശക്തിയായി മാപ്പിളസമരനേതാക്കളും കരുതിയിരുന്നു. അപ്പോള്‍ ബ്രിട്ടീഷ് അധികാരികള്‍ ഖബ്ര്‍ സിയാറത്തും ഭയന്നു. മക്കയിലേക്ക് നാടുകടത്തപ്പെട്ട മമ്പുറം തങ്ങളേക്കാള്‍ അപകടം ചെയ്യുക ശഹീദായ മമ്പുറം തങ്ങളുടെ ഖബ്‌റിടമാണെന്ന് അവര്‍ക്കറിയാവുന്നതുകൊണ്ടാണ് കൊല്ലാന്‍ കരുത്തുണ്ടായിട്ടും ഫസല്‍ പൂക്കോയ തങ്ങളെ അവര്‍ വിദേശത്തേക്കയച്ചത്. സമുദായ വ്യക്തിത്വങ്ങളുടെ അടയാളങ്ങള്‍ ആഴത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമെന്ന് സംഘ് പരിവാറിനും അറിയാം. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ മുന്നൂറു കോടി രൂപയിലധികം ചെലവഴിച്ച് വല്ലഭായ് പട്ടേലിന്റെ ആകാശംമുട്ടുന്ന പ്രതിമയാണ് ഉയര്‍ത്തിവെച്ചത്. പ്രതിമകള്‍ തകര്‍ക്കുന്നവര്‍ പ്രതിമകളെ മുറിവേല്‍പ്പിക്കുകയല്ല, ആ രൂപങ്ങള്‍ പേറുന്ന ഹൃദയങ്ങളെ തളര്‍ത്തുകയാണ് ചെയ്യുന്നത്. ചിത്രങ്ങള്‍ സമുദായത്തിന്റെ അഭിമാനവും അന്തസ്സും സ്ഥാപിക്കുന്നു. മേലാളന്മാരുടെ കോട്ടും തലപ്പാവും കെട്ടി നെഞ്ചുവിരിച്ച് നില്‍ക്കുന്ന അയ്യങ്കാളിയും തീക്ഷ്ണമായ നോട്ടം കൊണ്ട് ചിന്തയെ ഉദ്ദീപിപ്പിക്കുന്ന നാരായണഗുരുവും കേരള ചരിത്രത്തിലെ വെറും ചിത്രങ്ങളല്ല, ഈ നാട്ടിലെ രണ്ടു സമുദായങ്ങള്‍ പോരാടി നേടിയ ഉണര്‍വുകളുടെ സ്മരണയാണ്. അതുകൊണ്ടുതന്നെ വാരിയന്‍കുന്നത്തിന്റെ ചിത്രം അവതരിപ്പിക്കുക എന്നത് വെറുമൊരു ചിത്രത്തിന്റെ കണ്ടെടുപ്പല്ല, ഒരു സമുദായത്തിന്റെ പോരാട്ടവീര്യത്തിന്റെയും ചെറുത്തുനില്‍പിന്റെയും ശക്തമായ വീണ്ടെടുപ്പാണ്.
ഒരു മുഖച്ചിത്രത്തിന്റെ പാഠങ്ങള്‍
എന്തൊക്കെയായാലും, വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന വിപ്ലവപോരാളിയുടെ നിഷ്‌കാസനംചെയ്യപ്പെട്ട ആ ചിത്രം കണ്ടെടുക്കാനാവാത്ത കഴിഞ്ഞ നൂറുവര്‍ഷങ്ങളിലെ മാപ്പിളസമുദായത്തിന്റെ ചരിത്രമല്ല വരാനിരിക്കുന്ന നൂറുനൂറു വര്‍ഷങ്ങള്‍ എന്ന് ഉറപ്പാണ്. സ്വന്തം ഭൂതകാലത്തെയും ഭാവിയെയും ലോകത്തെവിടെനിന്നും ഏതു ഭാഷയില്‍നിന്നും കണ്ടെടുത്ത് തെളിയിച്ചെടുക്കുന്ന ഈ യുവതലമുറ ചരിത്രമെഴുത്തുകാരാണ് സമുദായത്തിന് ഭാവിയില്‍ അതിജയിക്കാനുള്ള തറയൊരുക്കുന്നത് എന്നാണതിലെ ഏറ്റവും കനപ്പെട്ട സന്ദേശം. മലയാളത്തിലെ ഇട്ടാവട്ടത്തിരുന്ന് ശേഖരിച്ച നീട്ടെഴുത്തുകളില്‍നിന്നും നീട്ടിയെഴുതിയ സവര്‍ണചരിത്രമല്ല തങ്ങളുടേതെന്നും ലോകാന്തരങ്ങളിലെ ചരിത്രഖനികളില്‍നിന്ന് ഇനിയും അവയെ വെളിച്ചത്തുകൊണ്ടുവരാന്‍ തയാറാണെന്നും പ്രഖ്യാപിച്ച് നിവര്‍ന്നു നില്‍ക്കുന്ന യുവതലമുറയെ നോക്കി അന്തംവിടുകയാണ് മലയാളത്തിന്റെ വൃദ്ധചരിത്രകാരന്മാര്‍.
ഒരുപക്ഷേ, കണ്ടെടുക്കപ്പെട്ട ഈ മുഖച്ചിത്രം വാരിയന്‍കുന്നത്തിന്റേതല്ലായിരിക്കാം. പക്ഷേ, കൂടുതല്‍ ആധികാരികതയോടെ മറ്റൊരു മുഖം തെളിഞ്ഞുവരുന്നതുവരെ ഇതുതന്നെയാണ് വാരിയന്‍കുന്നത്തിന്റെ മുഖം എന്നാണ് അതിലെ ഉറപ്പ്. അതിനാല്‍തന്നെ മറ്റൊരു ഫോട്ടോ പകരം വരുന്നതുവരെ ഈ ചിത്രത്തിലെ മര്‍ദനമേറ്റ മുഖപ്പാടുകളും പറിച്ചുകളഞ്ഞ മീശയും പൗരത്വം ചോദ്യംചെയ്യപ്പെട്ട ഒരു സമുദായത്തിന് ഇനിയെന്നും പോരാട്ടത്തിനുള്ള പ്രചോദനമായിരിക്കും. വെള്ളക്കാരുടെ നിറതോക്കിനു മുമ്പില്‍ ഗൂഢമായ ഒരു ചിരി കത്തിച്ചുവെച്ച ആ തീക്ഷ്ണനയനങ്ങള്‍ സവര്‍ണ- വംശീയ- ഭീകരാധികാരങ്ങളെ ഇനിയെന്നും അസ്വസ്ഥമാക്കിക്കൊണ്ടേയിരിക്കും, തീര്‍ച്ച.
Comments