Prabodhanm Weekly

Pages

Search

2021 നവംബര്‍ 19

3227

1443 റബീഉല്‍ ആഖിര്‍ 14

ഹസന്‍ ഹനഫി ഇടതുപക്ഷ ഇസ്‌ലാമിന്റെ പ്രതിനിധാനം

വി.എ കബീര്‍

2008-ല്‍ തുനീഷ്യയിലെ 'അന്നഹ്ദ' പാര്‍ട്ടി നേതാവ് റാശിദ് ഗന്നൂശി കേരളം സന്ദര്‍ശിച്ച വേളയില്‍ കോഴിക്കോട് ഇസ്‌ലാമിക പ്രവര്‍ത്തകരുടെ ഒരു സംഗമത്തെ അഭിസംബോധന ചെയ്യുകയുണ്ടായി. സംസാരത്തിനു ശേഷം സ്വലാഹുദ്ദീന്‍ ജൗറശിയും സംഘവും 'അന്നഹ്ദ' വിട്ടതിനെക്കുറിച്ച് ഈ ലേഖകന്‍ ഒരു ചോദ്യമുന്നയിക്കുകയുണ്ടായി. കുവൈത്തിലെ സ്വതന്ത്ര ഇസ്‌ലാമിസ്റ്റ് എഴുത്തുകാരന്‍ ഡോ. അബ്ദുല്ല നഫീസി ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭാവി ചര്‍ച്ച ചെയ്യുന്ന ഒരു ലേഖന സമാഹാരത്തില്‍ (അല്‍ഹറകത്തുല്‍ ഇസ്‌ലാമിയ്യ: റുഅ്‌യ മുസ്തഖ്ബലിയ്യ) ഉള്‍പ്പെടുത്തിയ ജൗറശിയുടെ ആത്മവിമര്‍ശനപരമായ ലേഖനം വായിച്ച പശ്ചാത്തലത്തിലായിരുന്നു ഈ ചോദ്യം. പക്ഷേ, ചോദ്യത്തിന് നേര്‍ക്കു നേരെ മറുപടി പറയുന്നതിനു പകരം ഹസന്‍ ഹനഫിയുടെ ശിഷ്യനാണ് ജൗറശിയെന്നും ഹസന്‍ ഹനഫിയെ അറിയാമോ എന്നും തിരിച്ചു ചോദിക്കുകയാണ് ഗന്നൂശി ചെയ്തത്. ഹസന്‍ ഹനഫി കൊഞ്ഞ്യാക്ക് കുടിക്കാറുള്ളത് അറിയാമോ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. വൈജ്ഞാനികമായ ഒരു ചര്‍ച്ചയെ വ്യക്തിപരമായ സദാചാര പ്രശ്‌നത്തിലേക്ക് തിരിച്ചുവിട്ടതിന്റെ ഔചിത്യം എന്തോ അപ്പോള്‍ ദഹിച്ചില്ല. മൗലാനാ ആസാദിനെപ്പറ്റിയും ഇങ്ങനെയൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്. നെഹ്‌റുവിന്റെ സെക്രട്ടറി എം.ഒ മത്തായി അത് ഓര്‍മക്കുറിപ്പുകളില്‍ എഴുതിയിട്ടുമുണ്ട്. പക്ഷേ, അതൊന്നും ആസാദിനെ ബാധിച്ചിട്ടില്ല. സമാന ആശയഗതിക്കാരുടെ ഒരു സംഗമത്തിലായതുകൊണ്ടാകാം അത്തരമൊരു വ്യക്തി ദൂഷണത്തിന് ഗന്നൂശി ധൃഷ്ടനായത്. 'പുരോഗമന ഇസ്‌ലാമിസ്റ്റുകളി'ല്‍ (അല്‍ ഇസ്‌ലാമിയ്യൂന്‍ അത്തഖദ്ദുമിയ്യൂന്‍) പെട്ട ജൗറശിയെയും 'ഇടതുപക്ഷ ഇസ്‌ലാമി'ന്റെ വക്താവായ ഹസന്‍ ഹനഫിയെയും ലേഖകന്‍ മുമ്പേ വായിച്ചിട്ടുണ്ടായിരുന്നു. ഹനഫിയുടെ 'തലമുറകളുടെ സംവാദം' (ഹിവാറുല്‍ അജ്‌യാല്‍) എന്ന ഒരു പുസ്തകമെങ്കിലും ലേഖകന്റെ സ്വകാര്യ ലൈബ്രറിയിലേക്ക് മുതല്‍ക്കൂട്ടാന്‍ അവസരം ലഭിക്കുകയുണ്ടായിട്ടുണ്ട്. ഇസ്‌ലാമിസ്റ്റ് കൂട്ടായ്മയിലെ വേറിട്ട ഉപധാരകളെക്കുറിച്ച് കൂടുതല്‍ ഉള്‍വെളിച്ചം കിട്ടുമെന്ന പ്രതീക്ഷ മാത്രമായിരുന്നു ഗന്നൂശിയോടുള്ള ചോദ്യത്തിന്റെ പ്രചോദനം.
ഒട്ടനവധി പുസ്തകങ്ങളെഴുതുകയും വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത ഈജിപ്ഷ്യന്‍ ചിന്തകനായ ഹസന്‍ ഹനഫി ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 21-ന് നിര്യാതനായി. സ്വാഭാവികമായും ജൗറശി അദ്ദേഹത്തെ ഹൃദയസ്പൃക്കായി അല്‍അറബി 21-ലെ തന്റെ കോളത്തില്‍ അനുസ്മരിച്ചു. ഹനഫി എങ്ങനെയാണ് തന്റെ പേര് അറിഞ്ഞതെന്ന് ജൗറശി അത്ഭുതം കൂറുന്നുണ്ട്. ഒരിക്കല്‍ തുനീഷ്യയിലെത്തിയ ഹനഫി വിമാനത്താവളം മുതല്‍ വഴിയില്‍ കണ്ടുമുട്ടുന്നവരോടൊക്കെ ജൗറശിയെ അറിയാമോ എന്ന് ചോദിക്കുകയുണ്ടായത്രെ.
'യുക്തിയും യുക്തിവാദവും' (അല്‍ അഖ്ല്‍ വല്‍അഖ്‌ലാനിയ്യ) എന്ന തലക്കെട്ടില്‍ തുനീഷ്യയില്‍ യുനെസ്‌കോ സംഘടിപ്പിച്ച സെമിനാറില്‍ ഹനഫി പങ്കെടുക്കാനെത്തിയ സന്ദര്‍ഭമാണ് ജൗറശിയുടെ സൂചന എന്ന് തോന്നുന്നു. അവിടെവെച്ച് ഹസന്‍ ഹനഫി അറസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. ഈജിപ്ഷ്യന്‍ കമ്യൂണിസ്റ്റ് ബുദ്ധിജീവിയായ സമീര്‍ അമീനും ആ സെമിനാറില്‍ ക്ഷണിതാവായിരുന്നു. ഹനഫിയെ മോചിപ്പിക്കാത്ത പക്ഷം താന്‍ സെമിനാറില്‍ പങ്കെടുക്കുകയില്ലെന്ന് അമീന്‍ ഭീഷണിപ്പെടുത്തിയ ശേഷമാണ് ഹനഫിയെ തുനീഷ്യന്‍ അധികൃതര്‍ വിട്ടയച്ചത്.

ഇടതുപക്ഷ ഇസ്‌ലാം
ഇടതുപക്ഷ ഇസ്‌ലാം, ഓക്‌സിഡന്റലിസം എന്നീ രണ്ട് വ്യവഹാരങ്ങളാണ് ഹസന്‍ ഹനഫിയുടെ പ്രസ്താവ്യമായ വൈജ്ഞാനിക സംഭാവനകള്‍. യഥാര്‍ഥത്തില്‍ ഹനഫിയുടെ 'ഇടതുപക്ഷ ഇസ്‌ലാം' എന്നത് ഒരു പുതിയ പരികല്‍പനയാണെന്ന് പറഞ്ഞുകൂടാ. ഇറാനില്‍ മുഹമ്മദ് ഹനീഫ് നജാദും സഈദ് മുഹ്‌സിനും മറ്റും 1965-ല്‍ സ്ഥാപിച്ച 'മുജാഹിദീനെ ഖല്‍ഖും' ഈയൊരു ഗണത്തില്‍ തന്നെയാണ് പെടുന്നത്. ഇറാന്‍ വിപ്ലവകാലത്ത് മസ്ഊദ് റജവിയായിരുന്നു 'ഖല്‍ഖി'ന്റെ നേതൃത്വത്തില്‍. പുരോഗമനാശയക്കാരനായ ആയത്തുല്ല ത്വാല്‍ഖാനിയുടെ ശിഷ്യന്മാര്‍ എന്നായിരുന്നു ഇവര്‍ സ്വയം അവകാശപ്പെട്ടിരുന്നത്. ശീഈ പൗരോഹിത്യത്തിനെതിരായതിനാല്‍ ഖുമൈനിയുടെ വിപ്ലവ ഭരണകൂടവുമായി ഏറ്റുമുട്ടിയ ഇവരെ 'മുനാഫിഖീനെ ഖല്‍ഖ്' എന്നാണ് ഖുമൈനി വിശേഷിപ്പിച്ചിരുന്നത്. അക്കാലത്ത് ഇറാനില്‍ നടന്ന സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ഇവരാണെന്ന് ആരോപിക്കപ്പെട്ടിരുന്നു. ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ ഇറാഖിന്റെ പക്ഷം ചേര്‍ന്ന ഈ മിലിറ്റന്റ് സംഘം തങ്ങളുടെ താവളം ഇറാഖിലേക്ക് മാറ്റി. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനു ശേഷം ഇവര്‍ അപ്രസക്തരാവുകയാണുണ്ടായത്.
ഹനഫിയുടെ 'ഇടതുപക്ഷ ഇസ്‌ലാം' 'മുജാഹിദീനെ ഖല്‍ഖി'ല്‍നിന്ന് വ്യത്യസ്തമായി ചിന്താലോകത്ത് മാത്രം പരിമിതമായ പ്രതിഭാസമായിരുന്നു. എഴുത്തുകാരനും ചിന്തകനുമായ ഹനഫി ആ വിഷയകമായി കനപ്പെട്ട ഗ്രന്ഥങ്ങള്‍ രചിച്ചു എന്നല്ലാതെ അതിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെ സംഘടനാ ചട്ടക്കൂട്ടിലേക്ക് ആവാഹിക്കാന്‍ ശ്രമിക്കുകയുണ്ടായില്ല.
1935-ല്‍ കെയ്‌റോയില്‍ ജനിച്ച ഹസന്‍ ഹനഫി സെക്കന്ററി യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി ജീവിത കാലത്ത് മുസ്‌ലിം ബ്രദര്‍ഹുഡുമായി ചേര്‍ന്നാണ് പ്രവര്‍ത്തിച്ചിരുന്നത്. സോര്‍ബോണില്‍നിന്ന് ഡോക്ടറേറ്റ് എടുത്ത് ഈജിപ്തില്‍ തിരിച്ചെത്തിയതില്‍ പിന്നെയാണ് അദ്ദേഹത്തിന്റെ ചിന്താഗതിയില്‍ മാറ്റങ്ങളുണ്ടാകുന്നത്. അപ്പോഴും അദ്ദേഹം അവകാശപ്പെട്ടിരുന്നത് താന്‍ ജമാലുദ്ദീന്‍ അഫ്ഗാനിയുടെയും മുഹമ്മദ് അബ്ദുവിന്റെയും സയ്യിദ് ഖുത്വ്ബിന്റെയും തുടര്‍ച്ചയും നീള്‍ച്ചയുമാണെന്നാണ്. സയ്യിദ് ഖുത്വ്ബിന്റെയുമോ എന്ന് അത്ഭുതപ്പെടുന്നവരോട് അദ്ദേഹം പറഞ്ഞു; ''അതേ, 'ഇസ്‌ലാമിലെ സാമൂഹിക നീതി' (അല്‍ അദാലത്തുല്‍ ഇജ്തിമാഇയ്യ) എഴുതിയ സയ്യിദ് ഖുത്വ്ബിന്റെ ശിഷ്യനാണ് ഞാന്‍. 'വഴിയടയാളങ്ങള്‍' (മആലിമുന്‍ ഫിത്തരീഖ്) എഴുതിയ സയ്യിദ് ഖുത്വ്ബിന്റെയല്ല. സയ്യിദ് ഖുത്വ്ബിനെ പോലെ ജയിലിലടക്കപ്പെട്ടിരുന്നെങ്കില്‍ ഞാനും 'വഴിയടയാളങ്ങള്‍' എഴുതിയിട്ടുണ്ടാകുമായിരുന്നു. പാരീസിലെ സോര്‍ബോണ്‍ യൂനിവേഴ്‌സിറ്റിയില്‍ പഠിച്ചിരുന്നെങ്കില്‍ സയ്യിദ് ഖുത്വ്ബും എഴുതിയിട്ടുണ്ടാകുമായിരുന്നു 'പൈതൃകവും നവീകരണവും' (അത്തുറാസ് വത്തജ്ദീദ്).''
'പൈതൃകവും നവീകരണവും' ഹനഫിയുടെ ഒരു ബൃഹദ് ഗ്രന്ഥമാണ്. പൈതൃകത്തില്‍ കാലൂന്നിനിന്നുകൊണ്ടാണ് അദ്ദേഹം നവീകരണത്തെ കുറിച്ച് ചിന്തിക്കുന്നത്. ഭൂതകാല വിഛിന്നത അചിന്ത്യമാണെന്ന് അദ്ദേഹം പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. ഭാവി തലമുറക്ക് സമര്‍പ്പിച്ച 'തലമുറകളുടെ സംവാദ'(ഹിവാറുല്‍ അജ്‌യാല്‍)ത്തിന്റെ മുഖവുരയില്‍ അദ്ദേഹം എഴുതി: ''തലമുറകളുടെ സമ്പര്‍ക്ക നൈരന്തര്യം ഉറപ്പിക്കുകയാണ് ലക്ഷ്യം. ശൂന്യതയില്‍നിന്ന് ഒന്നും മുളപൊട്ടുന്നില്ല. മുന്‍തലമുറയില്‍ ഓരോരുത്തരും പിന്‍തലമുറക്ക് വഴിയൊരുക്കുകയാണ്.. ഭൂതകാലത്തുനിന്നുകൊണ്ടുള്ള വര്‍ത്തമാനത്തിലേക്കുള്ള നോട്ടം.... വര്‍ത്തമാനത്തില്‍നിന്നു കൊണ്ടുള്ള ഭൂതകാലത്തിലേക്കുള്ള തിരിഞ്ഞുനോട്ടം.'' 500-ല്‍പരം പേജുകളില്‍ പരന്നു കിടക്കുന്ന ഈ ബൃഹദ് ഗ്രന്ഥം അറബ് പരിഷ്‌കരണ ചിന്തകരുടെ (സര്‍ സയ്യിദും അമീറലിയുമൊക്കെ ഇടക്ക് പരാമൃഷ്ടമാകുന്നുണ്ട്) വൈവിധ്യമാര്‍ന്ന ധൈഷണിക വ്യവഹാരങ്ങളിലൂടെയുള്ള സഞ്ചാരമാണ്. ഇസ്‌ലാമിന്റെ മാര്‍ക്‌സിയന്‍ വ്യാഖ്യാന സാഹസങ്ങള്‍ക്കിടയിലും വിദ്യാര്‍ഥി ജീവിത കാലത്തെ ബ്രദര്‍ഹുഡ് വേരുകള്‍ പറ്റേ അറുത്തുമുറിക്കാതെ സയ്യിദ് ഖുത്വ്ബിനോട് ചേര്‍ന്നു നില്‍ക്കാനുള്ള ആര്‍ജവത്തില്‍ പ്രവര്‍ത്തിക്കുന്നതും ഈ ഭൂതകാലരതി തന്നെ. 2008-ല്‍ മര്‍കസുന്നാഖിദ് സയ്യിദ് ഖുത്വ്ബിന്റെ കാവ്യസമാഹാരം പ്രസിദ്ധീകരിച്ചപ്പോള്‍ ഏഴു പേജുള്ള ഒരു അവതാരിക അതിനദ്ദേഹം എഴുതിക്കൊടുത്തു. 'വഴിയടയാളങ്ങള്‍' എന്ന ഒരു പുസ്തകം എഴുതിയതിന്റെ പേരില്‍ സര്‍ഗധനനായ ഒരു ചിന്തകനെ ന്യൂനീകരിക്കുന്നതിലെ അനീതിയെ അതില്‍ അദ്ദേഹം ചോദ്യം ചെയ്യുകയുണ്ടായി.
എണ്‍പതുകളില്‍ ഹനഫി 'അല്‍ യസാറുല്‍ ഇസ്‌ലാമി' (ഇടതുപക്ഷ ഇസ്‌ലാം) എന്ന പേരില്‍ മാഗസിന്‍ പുറത്തിറക്കുന്നതിനു മുമ്പു തന്നെ ഏതാണ്ട് ഇതേ പ്രാതിനിധ്യം അവകാശപ്പെടാവുന്ന മറ്റൊരു മാഗസിന്‍ 1974 മുതല്‍ കുവൈത്തില്‍നിന്ന് പുറപ്പെടുന്നുണ്ടായിരുന്നു; പരേതനായ ജമാല്‍ അത്വിയ്യ എഡിറ്റ് ചെയ്തിരുന്ന 'അല്‍ മുസ്‌ലിമുല്‍ മുആസ്വര്‍' (സമകാലിക മുസ്‌ലിം). ശരീഅത്തി ചിന്തകളടക്കം വൈവിധ്യമാര്‍ന്ന ഇസ്‌ലാമിക ചിന്താധാരകള്‍ക്ക് മുഴുവന്‍ സംവാദവേദിയൊരുക്കിയ ഇത്തരമൊരു പ്രസിദ്ധീകരണം അതിനു ശേഷം ലേഖകന് കാണാന്‍ കഴിഞ്ഞിട്ടില്ല. 1974 ഒക്‌ടോബറില്‍ പുറത്തിറങ്ങിയ പ്രഥമ ലക്കത്തില്‍ എഡിറ്റോറിയല്‍ എഴുതിയത് ഹനഫിയെപ്പോലെതന്നെ യൗവനത്തെ ഇഖ്‌വാന്‍ ജ്വലിപ്പിച്ച ഫത്ഹീ ഉസ്മാന്‍ (1928-2010) ആയിരുന്നു. അദ്ദേഹം പ്രഥമ പതിപ്പില്‍ എഴുതി:
''ഒരു മതമായതുകൊണ്ട് മാത്രം ഇസ്‌ലാമിനെ എപ്പോഴും വലതുപക്ഷത്ത് പ്രതിഷ്ഠിക്കുന്നവര്‍ അതിനോട് വലിയ അനീതിയാണ് കാണിക്കുന്നത്. വലതുപക്ഷക്കാരെ ഖുര്‍ആന്‍ ശ്ലാഘിച്ചിട്ടുണ്ടെന്നത് ശരി തന്നെ. എന്നാല്‍ ഖുര്‍ആന്റെ ഇടത് വലത് വ്യവഹാരങ്ങള്‍ പരലോകത്തിലെ പ്രതിഫലവുമായി ബന്ധപ്പെട്ടുകൊണ്ടുള്ളതാണ്. മനുഷ്യന്റെ ഭൗതിക ജീവിതബന്ധിയായ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആധുനിക രാഷ്ട്രീയ വിലയിരുത്തലാണ് ഈ ലോകത്തെ ഇടതും വലതും.... ഇടത് ക്രൈസ്തവത, ഇടത് കത്തോലിക്കനിസം എന്നൊക്കെ കേള്‍ക്കുന്ന വേളയില്‍, ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും ചിന്തകളെയും എപ്പോഴും വലതുപക്ഷത്ത് തളച്ചിടുന്നതു കാണുമ്പോള്‍ അത്ഭുതം തോന്നുകയാണ്.''
ഫത്ഹീ ഉസ്മാന്‍ ഇടത് ഇസ്‌ലാം പരികല്‍പനക്ക് സ്വയം നിര്‍ണയിച്ച ചുവന്ന വരകളുണ്ടായിരുന്നു. പക്ഷേ ഹസന്‍ ഹനഫി അതിനെയും കവച്ചുവെച്ച് മുന്നോട്ടുപോകുന്നതില്‍ ആരെയും കൂസാന്‍ കൂട്ടാക്കിയില്ല. പൈതൃകം, നവീകരണം എന്നീ രണ്ടു അച്ചുതണ്ടില്‍ കറങ്ങുന്ന ഹനഫീചിന്ത പൈതൃകത്തില്‍ ഉറങ്ങിക്കിടക്കുന്ന പ്രക്ഷോഭവികാരങ്ങളെ വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളെ മാറ്റുന്നതിനുള്ള ഉപകരണമാക്കാന്‍ ശ്രമിച്ചു. ഒപ്പം പരസ്പരം പോരടിക്കുന്ന അറബ് ദേശീയ പ്രസ്ഥാനങ്ങളെയും ഇസ്‌ലാമിസ്റ്റുകളെയും ഇടത്-ലിബറലുകളെയും ഉമ്മത്തിന്റെ വിശാല താല്‍പര്യങ്ങള്‍ക്കു വേണ്ടി ഏകീകരിക്കാന്‍ ശ്രമിച്ചു. അത്രയും അളവില്‍ അദ്ദേഹത്തിന്റെ ആത്മാര്‍ഥത അംഗീകരിക്കുക എന്നതാണ് അദ്ദേഹത്തോട് കാണിക്കാവുന്ന നീതി.

ഓക്‌സിഡന്റലിസം
നേരത്തേ സൂചിപ്പിച്ച പോലെ 'ഓക്‌സിഡന്റലിസം' ആണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ സംഭാവന. പാശ്ചാത്യര്‍ ഇസ്‌ലാമിനെയും മുസ്‌ലിം രാജ്യങ്ങളെയും പഠിക്കാന്‍ ഓറിയന്റലിസം (ഇസ്തിശ്‌റാഖ്) അഥവാ പൗരസ്ത്യ പഠന വിജ്ഞാനീയം എന്നൊരു വിജ്ഞാനശാഖ ഉണ്ടാക്കിയ പോലെ അതിന്റെ എതിര്‍ദിശയില്‍ ഓക്‌സിഡന്റലിസം (ഇസ്തിഗ്‌റാബ്) എന്ന ഒരു പഠനവിജ്ഞാനശാഖക്ക് മണ്ണൊരുക്കുന്നതിലായിരുന്നു മറ്റൊരു തലത്തില്‍ ഹസന്‍ ഹനഫിയുടെ ധിഷണ വ്യാപരിച്ചത്. യഥാര്‍ഥത്തില്‍ പടിഞ്ഞാറന്‍-ക്രൈസ്തവ ജ്ഞാനമണ്ഡലങ്ങളെ പ്രശ്‌നവല്‍ക്കരിക്കുക എന്നത് സിറിയന്‍ ബുദ്ധിജീവിയും ഇഖ്‌വാന്‍ സാരഥിയുമായിരുന്ന ഡോ. മുസ്ത്വഫസ്സിബാഈയുടെ ഒരു സ്വപ്‌ന പദ്ധതിയായിരുന്നു. എഡ്വേര്‍ഡ് സഈദ് ഓറിയന്റലിസത്തെ പ്രശ്‌നവല്‍ക്കരിക്കുന്നതിനു മുമ്പ് തന്നെ സിബാഈ അതിന് തുടക്കമിട്ടിരുന്നതാണ്. പക്ഷേ, ഹ്രസ്വായുസ്സ് അദ്ദേഹത്തിന് അവസരം അനുവദിച്ചില്ല. സ്പിനോസയുടെ തിയോളജികോ-പൊളിറ്റിക്കല്‍ ട്രീറ്റീസും ലെസ്സിംഗിന്റെ ബ്രീഡിംഗ് ഓഫ് ഹ്യൂമന്‍ റൈസും പരിഭാഷപ്പെടുത്തിയ ഹനഫിക്ക് അതൊരു അപ്രാപ്യ മേഖലയായില്ല എന്നത് സ്വാഭാവികം. ക്രൈസ്തവ ദര്‍ശന മാതൃകകള്‍ (നമാദിജുന്‍ മിനല്‍ ഫല്‍സഫത്തില്‍ മസീഹിയ്യ), പൗരസ്ത്യ-പാശ്ചാത്യ സംവാദം (ഹിവാറുല്‍ മശ്‌രിഖ് വല്‍ മഗ്‌രിബ്), ഓക്‌സിഡന്റല്‍ വിജ്ഞാനീയത്തിനൊരു മുഖവുര (മുഖദ്ദിമത്തുന്‍ ഫീ ഇല്‍മില്‍ ഇസ്തിഗ്‌റാബ്) എന്നിവ ഈ ദിശയിലേക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകളാണ്.
2009-ലെ സ്റ്റേറ്റ് ഹോണററി അവാര്‍ഡ് (ജാഇസത്തുദ്ദൗലഃ അത്തഖ്ദീരിയ്യ), സാമൂഹിക ശാസ്ത്രത്തിനുള്ള നൈല്‍ അവാര്‍ഡ് (2015), പോളണ്ടില്‍നിന്ന് സ്വതന്ത്ര ചിന്തകനുള്ള അവാര്‍ഡ് തുടങ്ങി ഹസന്‍ ഹനഫി നിരവധി പുരസ്‌കാരങ്ങള്‍ നേടുകയുണ്ടായി.
'ഈജിപ്ഷ്യന്‍ തത്ത്വശാസ്ത്ര സമിതി' (ജംഇയ്യത്തുല്‍ ഫല്‍സഫ അല്‍ മിസ്വ്‌രിയ്യ)യുടെ പുനഃസ്ഥാപനത്തില്‍ ഹസന്‍ ഹനഫി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സക്കി മഹ്മൂദിനു ശേഷം ദാര്‍ശനിക മേഖലയെ സമ്പന്നമാക്കുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടുക തന്നെ ചെയ്യും.

അതിവാദങ്ങള്‍
ഹനഫിയുടെ സംഭാവനകള്‍ ചില വശങ്ങളില്‍ അനന്യവും കനപ്പെട്ടതുമൊക്കെയാണെങ്കിലും അതിവാദങ്ങളില്‍നിന്ന് തീരെ മുക്തമാണ് അവയെന്ന് അതിനര്‍ഥമില്ല. അതിവാദങ്ങള്‍ മാത്രമല്ല ചിലപ്പോഴെങ്കിലും വൈരുധ്യങ്ങളിലും അദ്ദേഹം ചെന്നു ചാടുന്നുണ്ട് എന്നതാണ് കൗതുകകരം. സ്പിനോസയുടെ രീതിശാസ്ത്രപ്രകാരം വേദപാഠങ്ങള്‍ വിമര്‍ശനവിധേയമാക്കേണ്ടതിന്റെയും അവയെ ചരിത്രവല്‍ക്കരിച്ച് പാരായണം ചെയ്യേണ്ടതിന്റെയും ആവശ്യകതയില്‍ ഊന്നുന്നതാണ് ഹനഫിയുടെ കാഴ്ചപ്പാട്. ഫ്യൂവര്‍ബാഹിന്റെ സിദ്ധാന്തപ്രകാരം മതം ദൈവകേന്ദ്രീകൃതമാകുന്നതിനു പകരം മനുഷ്യകേന്ദ്രീകൃതമായിരിക്കണമെന്നും അദ്ദേഹം വിശ്വസിക്കുന്നുണ്ട്. അപ്പോള്‍ ഹനഫിയുടെ ഖുര്‍ആന്‍ വായനയുടെ രീതി എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാവുന്നതാണ്. 'പ്രമാണപാഠങ്ങളില്‍നിന്ന് ബൗദ്ധിക പ്രമാണങ്ങളിലേക്ക്' (മിനന്നഖ്‌ലി ഇലല്‍ അഖ്‌ലി), 'പൈതൃകത്തോടുള്ള നമ്മുടെ നിലപാട്' (മൗഖിഫുനാ മിനത്തുറാസ്), 'തലമുറകളുടെ സംവാദം' (ഹിവാറുല്‍ അജ്‌യാല്‍) തുടങ്ങി ഹനഫിയുടെ കൃതികളിലെല്ലാം അദ്ദേഹത്തിന്റെ സമീപന രീതി തെളിഞ്ഞുകാണാം. ഇസ്‌ലാമിന്റെ ആത്മാവ് തന്നെ മതേതരത്വമാണെന്ന ഹനഫിയുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കിടയാക്കുകയുണ്ടായി. സ്വീകര്‍ത്താവ് മനുഷ്യനായതിനാല്‍ വെളിപാട് (വഹ്‌യ്) മാനുഷികമാണെന്ന് പറയുമ്പോള്‍, തുടക്ക വാക്യത്തിലെ കാരണം പിടിച്ചുനില്‍ക്കാനുള്ള അത്താണിയാകുന്നുണ്ടെങ്കിലും വെളിപാടിന്റെ ആശയം ദൈവികമാണെങ്കിലും ഭാഷ മുഹമ്മദിന്റേതു തന്നെയാണെന്ന ഇറാനിയന്‍ ചിന്തകന്‍ അബ്ദുല്‍ കരീം സോറോശിനെ ആവര്‍ത്തിക്കുകയാണ് ഹസന്‍ ഹനഫി. സോറോശിന്റെ മറ്റൊരു പതിപ്പാണ് ഈജിപ്ഷ്യന്‍ വിവാദ എഴുത്തുകാരനായ നസ്ര്‍ അബൂസൈദ്. 'ഹിവാറുല്‍ അജ്‌യാല്‍' എന്ന സ്വന്തം കൃതിയില്‍ അബൂസൈദിനെക്കുറിച്ചുള്ള വിസ്തരിച്ച പഠനത്തില്‍ ഹനഫി എഴുതിയ ഒരു വാചകം ഇവിടെ ശ്രദ്ധേയമാകുന്നു. അബൂ സൈദിനെ വായിക്കുമ്പോള്‍ താന്‍ തന്നെയാണ് വായിക്കുന്നതെന്നാണ് അതില്‍ ഹനഫി എഴുതിയിട്ടുള്ളത്. മുഹമ്മദ് നബിയെ ചരിത്രവല്‍ക്കരിച്ച അബൂസൈദ് ഇസ്‌ലാമിന് മാര്‍ക്‌സിസ്റ്റ് വ്യാഖ്യാനം നല്‍കുക മാത്രമല്ല, വേദപാഠ വായനകളെക്കുറിച്ച് കനപ്പെട്ട രണ്ട് ഭൗതിക വ്യാഖ്യാനം കൂടി ചമച്ചിട്ടുണ്ട്; 'വ്യാഖ്യാനത്തിന്റെ തത്ത്വശാസ്ത്ര'(ഫല്‍സഫത്തുത്തഅ്‌വീല്‍)വും 'പാഠവിവക്ഷ'(ഫഹ്മുന്നസ്സ്വ്)യും. വഹ്‌യിന്റെ പരമ്പരാഗത സങ്കല്‍പനത്തോട് ഇടഞ്ഞു നില്‍ക്കുന്നതാണ് ഈ രണ്ടു കൃതികളിലെയും ഉള്ളടക്കം.
മാര്‍ക്‌സിലൂടെ ഇസ്‌ലാമിനെ വായിക്കുകയായിരുന്നോ അതോ ഇസ്‌ലാമില്‍ മാര്‍ക്‌സിനെ കണ്ടെത്തുകയായിരുന്നോ ഹനഫി? കമ്യൂണിസം മൈനസ് നിരീശ്വരത്വം = ഇസ്‌ലാം എന്നൊരു സമവാക്യം ഹസന്‍ അസ്‌കരിയെപ്പോലുള്ള ഇന്ത്യന്‍ സെക്യുലര്‍ മുസ്‌ലിംകള്‍ മുമ്പ് മുന്നോട്ടു വെച്ചിട്ടുണ്ട്. മുതലാളിത്തവിരുദ്ധത എന്നതിനെയും കവച്ചുവെച്ചുകൊണ്ട് ഇസ്‌ലാമിനെ മാര്‍ക്‌സിയന്‍ സിദ്ധാന്തങ്ങളില്‍ ഉടച്ചുവാര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന ഹനഫിയെയും അബൂസൈദിനെയും കുറിച്ചുള്ള വിമര്‍ശനത്തില്‍ കഴമ്പില്ലെന്ന് പറഞ്ഞുകൂടാ. ഇസ്‌ലാമിന്റെ മൗലികതയെ ചോര്‍ത്താനുള്ള സാഹസങ്ങളായി അവ വിലയിരുത്തപ്പെടുക സ്വാഭാവികം. മാത്രമല്ല, ശീതയുദ്ധാനന്തര ആഗോള രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന് സംഭവിച്ച ക്ഷീണം ഹനഫിയുടെ വാദഗതികളുടെ ശോഭക്ക് മങ്ങലേല്‍ക്കാന്‍ കാരണമായിട്ടുമുണ്ട്. ഇടതുപക്ഷത്ത് നിന്ന് തന്നെയും മാര്‍ക്‌സിയന്‍ ചിന്തയെ ഇസ്‌ലാമുമായി കൂട്ടിക്കെട്ടാനുള്ള ഹനഫിയുടെ സാഹസങ്ങള്‍ വിമര്‍ശം നേരിടാതെയല്ല. ഈജിപ്ഷ്യന്‍ മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്രജ്ഞനായ മഹ്മൂദ് അമീന്‍ ആലമും അറബ് ധിഷണയെ പ്രശ്‌നവല്‍ക്കരിക്കുന്നതില്‍ വലിയ സംഭാവന ചെയ്ത മൊറോക്കന്‍ ആധുനിക ചിന്തകനായ മുഹമ്മദ് ആബിദ് ജാബിരിയും ഹനഫിയുടെ വൈരുധ്യങ്ങള്‍ വിശകലനവിധേയമാക്കിയവരില്‍ പെടുന്നു.

വൈരുധ്യങ്ങള്‍
ഹസന്‍ ഹനഫിയുടെ ധൈഷണിക വൈരുധ്യങ്ങളുടെ ഒരു ഉദാഹരണമായി മഹ്മൂദ് അമീന്‍ ആലം ചൂണ്ടിക്കാണിക്കുന്നത് വെളിപാടിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണമാണ്. പവിത്രവും നിരപേക്ഷവുമായ അതിന്റെ സ്രോതസ്സിനെ മൂര്‍ത്തമായ ഭൗതിക യുക്തിയുമായി കൂട്ടിക്കെട്ടാനുള്ള ഹനഫിയുടെ ശ്രമത്തെ വിശ്വാസത്തെ മാനവീകരിക്കാനുള്ള ശ്രമമായാണ് ആലം കാണുന്നത്. കെയ്‌റോ പുസ്തകമേളകളിലൊന്നില്‍ പൈതൃകത്തെയും നവീകരണത്തെയും സംബന്ധിച്ചു നടന്ന ഒരു സെമിനാറില്‍ ഈജിപ്ഷ്യന്‍ സെക്യുലര്‍ ബുദ്ധിജീവിയായ ജാബിര്‍ അല്‍ ഉസ്ഫൂര്‍ മതമൗലികവാദത്തെ ആന്തരവല്‍ക്കരിച്ച ചിന്തകനാണ് ഹനഫി എന്ന് അഭിപ്രായപ്പെടുകയുണ്ടായി: ''പൈതൃകത്തെ നവീകരിക്കാനുള്ള ഹനഫി പദ്ധതി യഥാര്‍ഥത്തില്‍ നവീകരണത്തിനെതിരെയുള്ള പദ്ധതിയാണ്. ഉപരിപഠനാര്‍ഥം പാരീസില്‍ പോകുമ്പോള്‍ ഹനഫി ഇഖ്‌വാന്‍കാരനായിരുന്നു. അവിടെ വെച്ച് ക്രിസ്ത്യന്‍ വിമോചന ദൈവശാസ്ത്ര പ്രഫസര്‍മാരുമായി അദ്ദേഹം പരിചയപ്പെട്ടു. ഇടതുപക്ഷ ഇസ്‌ലാം എന്ന പേരില്‍ അത് പകര്‍ത്താനായി അദ്ദേഹത്തിന്റെ ശ്രമം. ഈ ദര്‍ശന പദ്ധതിയുടെ മാനിഫെസ്റ്റോ ആയി 'അല്‍ യസാറുല്‍ ഇസ്‌ലാമി' (ഇസ്‌ലാമിക ഇടതുപക്ഷം) എന്ന മാഗസിന്‍ അദ്ദേഹം പുറത്തിറക്കി. യുക്തിവാദിയായ മുഅ്തസലീ എന്നതിലുപരി മൗലികവാദിയായ അശ്അരിയാണ് യഥാര്‍ഥത്തില്‍ ഹനഫി.''
'വിശ്വാസത്തില്‍നിന്ന് വിപ്ലവത്തിലേക്ക്' (മിനല്‍ അഖീദ ഇലസ്സൗറ) എന്ന പുസ്തകത്തില്‍ 'മുഅ്തസില' ചിന്തക്ക് പ്രതിരോധം ചമക്കുന്ന ഹനഫി 'പ്രമാണ പാഠങ്ങളില്‍നിന്ന് യുക്തിയിലേക്ക്' (മിനന്നഖ്ല്‍ ഇലല്‍ അഖ്ല്‍) എന്ന കൃതിയില്‍ 'അശ്അരി ചിന്താസരണിയോട് ചേര്‍ന്നു നില്‍ക്കുന്നതു കാണാം.

നിലപാടുകളിലെ സത്യസന്ധത
സാഹചര്യങ്ങളോട് സന്ധിചെയ്ത് നിലപാടുകളില്‍ വെള്ളം ചേര്‍ത്തില്ല എന്നതാണ് ഒട്ടനവധി കപട സെക്യുലര്‍ അറബ് ബുദ്ധിജീവികളില്‍നിന്ന് ഹനഫിയെ മാറ്റിനിര്‍ത്തുന്ന ഒരു സവിശേഷത. ചിലപ്പോള്‍ ഈ നിലപാടുകള്‍ തനിക്കു തന്നെ അപകടമുണ്ടാക്കാമെന്നത് അദ്ദേഹം പരിഗണിച്ചില്ല. അല്‍ ജിഹാദ് സംഘടന അന്‍വര്‍ സാദാത്തിനെ വധിച്ചപ്പോള്‍ വിദേശ ശക്തികളുടെ പിണിയാള്‍ ഭരണത്തിന്റെയും രാജ്യദ്രോഹികളുടെയും അന്ത്യമായി അതിനെ ആഘോഷിക്കാന്‍ അദ്ദേഹം ധൈര്യപ്പെട്ടു. ഇസ്‌ലാമിന്റെ പേരില്‍ അത് നടന്നതിലായിരുന്നു അഭിമാനം. 'അപ്പോള്‍ ഇസ്‌ലാമാണ് ജനതയുടെ സംരക്ഷണകവചം. ജനതയുടെ ദേശീയ വികാരം ഊട്ടപ്പെടുന്ന മൂശ.'
ഇസ്‌ലാമിന്റെ ജൈത്രയാത്രകള്‍ക്കു പിന്നില്‍ വികസനമോഹമായിരുന്നില്ലെന്ന് തറപ്പിച്ചു പറഞ്ഞ ഹനഫി എഴുതി: ''വര്‍ഗവംശഭേദമന്യേ, ഒരേ മാനവിക മൂല്യങ്ങള്‍ക്ക് മുന്നില്‍, ഒരേ ആശയത്തിന്റെയും ദൈവത്തിന്റെയും മുന്നില്‍ ഈ ലോകം മുഴുവന്‍ സമമാണെന്ന് സ്ഥാപിച്ചുകൊണ്ട് ഒരു ഏകീകരണശക്തിയായിക്കൊണ്ടായിരുന്നു ഇസ്‌ലാമിന്റെ പുറപ്പാട്. ഇസ്‌ലാം കുഞ്ഞുങ്ങളെയോ വൃദ്ധന്മാരെയോ കൊന്നില്ല. ഇപ്പോള്‍ ഇസ്രയേല്‍ ഫലസ്ത്വീനില്‍ കാട്ടിക്കൂട്ടുന്നതു പോലെ പാര്‍പ്പിടങ്ങള്‍ തകര്‍ത്തില്ല. ഇവിടെ വിശ്വാസം രാഷ്ട്രത്തില്‍നിന്ന് വിഛിന്നമാകുന്നില്ല. യുക്തിശൂന്യമായ നിഗമനമാണത്. അറബ് മുസ്‌ലിംകള്‍ ഈജിപ്തിലേക്ക് കടന്ന് വന്നപ്പോള്‍ റോമന്‍ ആധിപത്യ ശക്തിയുടെ ആക്രമണത്തെ ചെറുക്കാന്‍ അവരെ സ്വാഗതം ചെയ്യുകയാണുണ്ടായത്. ഇസ്‌ലാം വന്നത് യോദ്ധാവായിട്ടല്ല. ജനങ്ങളുടെ വിമോചന ഭേരിയായിക്കൊണ്ടാണ്. അതുകൊണ്ടാണ് തദ്ദേശവാസികളുടെ സംസ്‌കാരങ്ങളെയും മതങ്ങളെയും ഭാഷകളെയും ഇസ്‌ലാം സംരക്ഷിച്ചത്. മുസ്‌ലിംകളുടെ അഭയം സ്വീകരിച്ചവര്‍ക്കെല്ലാം തങ്ങളുടെ മതം സംരക്ഷിക്കാനായി. ജൂതന്മാരെയും ക്രൈസ്തവരെയും സാബിഉകളെയും ബ്രാഹ്മണരെയും പോലെ. വിഗ്രഹാരാധകര്‍ക്ക് പോലും ഇസ്‌ലാമിന്റെ തണലില്‍ ജീവിക്കാന്‍ കഴിഞ്ഞു.''
ആഗോളീകരണത്തിനും മുന്നേ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ വ്യാപക ശക്തിയായി വളര്‍ന്നതിനെ കുറിച്ച് ഹനഫി എഴുതി: ''പരമ്പരാഗത സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെയുള്ള പ്രതികരണമായിരുന്നു അത്. അഫ്ഗാനിയോടും അബ്ദുവിനോടും റശീദ് രിദായോടും ഹസനുല്‍ ബന്നായോടും ഇഖ്‌വാനോടും കൂടി നാന്ദി കുറിച്ച ഇസ്‌ലാമിക നവോത്ഥാനം പുറത്തെ സാമ്രാജ്യത്വ ശക്തികളെയും അകത്തെ അടിച്ചമര്‍ത്തലിനെയും ചെറുത്തുകൊണ്ട് വേരു പടര്‍ത്തി. മതേതര സിദ്ധാന്തങ്ങളുടെ നവീകരണം തളര്‍ന്നതോടെ അത് കൂടുതല്‍ വ്യാപകമായി വികസിച്ചു....''
സ്വന്തമായ രാഷ്ട്രീയ പാര്‍ട്ടിയുടെ അഭാവം മൂലം ഹനഫിയുടെ ചിന്താ പദ്ധതികള്‍ക്ക് ഈജിപ്തില്‍ ഭൂമികയുണ്ടായില്ല. എന്നാല്‍ കമ്യൂണിസത്തെ പ്രതിനിധാനം ചെയ്യുന്ന 'അത്തജമ്മുഇ'ന്റെ നേതാവ് ഹംദീന്‍ സബാഹിയെ പോലെ സീസിയുടെ ഭരണത്തിന് നിയമസാധുത നല്‍കുന്ന ഒരു നീക്കവും ഹനഫിയുടെ ഭാഗത്തു നിന്നുണ്ടായില്ല എന്നതാണ് ഹനഫിയെ വേറിട്ടു നിര്‍ത്തുന്നത്.
സീസിയുടെ അട്ടിമറിക്കു ശേഷം 2015-ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രഹസനത്തെക്കുറിച്ച് ഒരു ഈജിപ്ഷ്യന്‍ പത്രത്തിലെഴുതിയ ലേഖനത്തില്‍ ബഹിഷ്‌കരണമാണ് ഈ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കാവുന്ന ഏറ്റവും ശരിയായ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. പിന്നീട് മാധ്യമങ്ങളില്‍ ഇടം കിട്ടാതിരുന്നപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു അദ്ദേഹം. 2019 ആഗസ്റ്റ് 24-ന് 'സ്മൃതിയും ചരിത്രവും: ഇഖ്‌വാനും സ്റ്റേറ്റും' എന്ന ശീര്‍ഷകത്തില്‍ ഹനഫി എഴുതി:
''ഇഖ്‌വാനും ഭരണകൂടവും തമ്മിലുള്ള ശത്രുത ഇപ്പോഴും തുടരുന്നത് അത്ഭുതം തന്നെ..... രണ്ട് കൂട്ടരും കറുത്ത താളുകളല്ലാതെ ഓര്‍ക്കുന്നില്ല എന്നതാണ് കൂടുതല്‍ അത്ഭുതകരം..... എന്നാല്‍ ആരും ഇപ്പോള്‍ ഓര്‍ക്കാത്ത വെള്ളത്താളുകളുമുണ്ടെന്നതാണ് യാഥാര്‍ഥ്യം. ഭാവിയെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്നത് അതാണ്. 1948-ലെ ഫലസ്ത്വീന്‍ യുദ്ധകാലത്താണ് ജമാല്‍ അബ്ദുന്നാസിര്‍ ഇഖ്‌വാനെ പരിചയപ്പെടുന്നത്. ഇസ്രയേലിനെ നേരിടുന്നതിലെ അവരുടെ ധീര സാഹസികതകള്‍ നാസിറിനെ അത്ഭുതപ്പെടുത്തി. പിന്നീട് ഫ്രീ ഓഫീസര്‍മാരുടെ നേതാവ് കമാല്‍ രിഫ്അത്തിന്റെ കീഴില്‍ ബ്രിട്ടീഷ് അധിനിവേശത്തില്‍നിന്ന് രാജ്യത്തെ ശുദ്ധീകരിക്കാന്‍ 1951-ല്‍ നടന്ന യുദ്ധത്തില്‍ ഇരുവിഭാഗവും സഹകരിച്ചു പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഹില്‍ട്ടണ്‍ ഹോട്ടലും അറബ് ലീഗ് കെട്ടിടവും സ്ഥിതിചെയ്യുന്ന നൈല്‍ തീരത്തായിരുന്നു അന്ന് സൈനിക ക്യാമ്പ്. 1952-ല്‍ വിപ്ലവം നടന്നപ്പോള്‍ വിപ്ലവ സമിതിയിലെ പാതി അംഗങ്ങളും ഇഖ്‌വാന്‍കാരായിരുന്നു. അബ്ദുല്‍ മുന്‍ഇം അബ്ദുര്‍റഊഫ്, റശാദ് മിഹന്നാ എന്നിവരെ പോലെ. സയ്യിദ് ഖുത്വ്ബിന്റെ ധൈഷണിക കഴിവുകളും സര്‍ഗശക്തിയും മനസ്സിലാക്കിയ നാസിര്‍ അദ്ദേഹത്തെ വിപ്ലവാനന്തരം രൂപീകരിക്കാനിരുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ചെയര്‍മാനാക്കാന്‍ ഉദ്ദേശിച്ചിരുന്നു. സയ്യിദ് ഖുത്വ്ബ് 'ഇസ്‌ലാമിലെ സാമൂഹിക നീതി' എഴുതിയ ശേഷമായിരുന്നു അത്. ഇഖ്‌വാനും ഭരണകൂടത്തിനുമിടയില്‍ ചരിത്ര സ്മൃതിയില്‍ ചില കറുത്ത താളുകളുണ്ടെങ്കിലും ഇങ്ങനെ ചില തിളങ്ങുന്ന താളുകളുമുണ്ട്. അപ്പോള്‍ നിരന്തരം രക്തമൊഴുക്കിക്കൊണ്ടിരിക്കുകയാണോ വേണ്ടത് അതോ ഒരു അനുരഞ്ജനത്തിന് തുടക്കമിടുകയോ? ഭൂതകാലത്തില്‍നിന്ന് എല്ലാവരും പാഠം പഠിച്ചു കഴിഞ്ഞു. പുതിയൊരു വര്‍ത്തമാനകാലത്തിന് തുടക്കമിടാന്‍ സമയമായിരിക്കുന്നു.''
അസാധ്യമായത് സാധ്യമാക്കാന്‍ സ്വപ്‌നം കണ്ട് നടന്നിരുന്ന ചിന്തകനായിരുന്നു ഹസന്‍ ഹനഫി എന്ന് പലരും എഴുതിയത് വെറുതെയല്ലെന്ന് തോന്നുന്നു. രണ്ട് പരാജയത്തിന്റെയും രണ്ട് വിപ്ലവത്തിന്റെയും പുത്രനാണ് താനെന്ന് ഹനഫി ഒരിക്കല്‍ എഴുതുകയുണ്ടായി. 1948-ല്‍ ഫലസ്ത്വീന്റെ പാതി നഷ്ടപ്പെട്ട സംഭവവും ഫലസ്ത്വീന്റെ ബാക്കി നഷ്ടപ്പെട്ട 1967-ലെ ജൂണ്‍ യുദ്ധവുമാണ് പരാജയങ്ങള്‍. 1952-ലെ ഫ്രീ ഓഫീസര്‍മാരുടെ വിപ്ലവവും 2011-ലെ അറബ് വസന്തവുമാണ് രണ്ട് വിപ്ലവങ്ങള്‍.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 53-55
ടി.കെ ഉബൈദ്‌

ഹദീസ്‌

ഏറ്റവും പ്രതിഫലാര്‍ഹമായ ദാനം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌