ഇസ്ലാം ആകാശത്തെയും ഭൂമിയെയും ചേര്‍ത്തു നിര്‍ത്തുന്ന ദര്‍ശനം
ജീവിതത്തിന്റെ അര്‍ഥം തേടിയുള്ള മനുഷ്യന്റെ യാത്രക്ക് മനുഷ്യചരിത്രത്തോളം പഴക്കമുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന അത്ഭുത പ്രതിഭാസങ്ങള്‍ കൊണ്ട് അനുഗൃഹീതമായ ഈ പ്രപഞ്ചത്തിന്റെ രഹസ്യം കണ്ടെത്തണം എന്നത് മനുഷ്യന്റെ എക്കാലത്തെയും സ്വപ്‌നമായിരുന്നു. ചുരുങ്ങിയ കാലത്തിനിടയില്‍ ഈ ജീവിതത്തില്‍നിന്നും വിടപറയേണ്ടിവരുന്ന മനുഷ്യന്റെ മുന്നിലെ ഏറ്റവും വലിയ സമസ്യ അവന്റെ ജീവിതം തന്നെയാണ്. ജനനം, മരണം എന്നീ രണ്ട് പ്രതിഭാസങ്ങള്‍ക്കിടയിലെ ചുരുങ്ങിയ ഒരു ഇടവേള മാത്രമായി അനുഭവപ്പെടുന്ന ജീവിതത്തിന്റെ ലക്ഷ്യമെന്ത് എന്നത് മനുഷ്യന്‍ എപ്പോഴും ഉന്നയിക്കുന്ന ചോദ്യമാണ്. പ്രപഞ്ചത്തിന്റെ ആരംഭം, മനുഷൃന്റെ ഉത്ഭവം, പ്രകൃതിയുടെ പരിണാമം എന്നിവയെ കുറിച്ച കൃത്യമായ ധാരണകള്‍ രൂപപ്പെടുത്തുമ്പോള്‍ മനുഷ്യന്റെ ജീവിതലക്ഷ്യത്തെ കുറിച്ച കാഴ്ചപ്പാടുകളും വികസിക്കും എന്നതായിരുന്നു പലരുടെയും പൊതു നിലപാട്. ഈ നിലപാടിന്റെ അടിസ്ഥാനത്തിലാണ് പ്രപഞ്ചരഹസ്യങ്ങള്‍ തേടിയുള്ള മനുഷന്റെ യാത്ര ആരംഭിച്ചത്.
മതം, ശാസ്തം, തത്ത്വചിന്ത, ഇസ്ലാം
തത്ത്വചിന്തയും മതവും ശാസ്ത്രവും ഈ അന്വേഷണങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട് . അക്കാരണത്താലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല സന്ദര്‍ഭങ്ങളില്‍ പ്രത്യക്ഷപ്പെട്ട തത്ത്വ ചിന്തകന്മാരും മത പ്രവാചകന്മാരും ശാസ്ത്രാന്വേഷകരും പ്രപഞ്ചത്തെയും മനുഷ്യനെയും വ്യാഖ്യാനിക്കാനും വിശദീകരിക്കാനും ശ്രമിച്ചത്. അനുഭവ പരീക്ഷണങ്ങളെ അടിസ്ഥാനമാക്കി മനുഷ്യന്‍ ആര്‍ജിക്കുന്ന അറിവുകളാണ് ശരിയായ അറിവെന്നും അത്തരം അറിവുകള്‍ക്കു മാത്രമേ പ്രപഞ്ചത്തിന്റെ നിഗൂഢ രഹസ്യങ്ങള്‍ അനാവരണം ചെയ്യാനാവൂ എന്നും ശാസ്ത്രാന്വേഷകരില്‍ മഹാഭൂരിഭാഗവും വിശ്വസിച്ചു. പ്രപഞ്ചരഹസ്യങ്ങള്‍ കണ്ടെത്തുക എന്നതും ആയാസരഹിതവും വര്‍ണശബളവുമായ സുഖജീവിതം ഭൂമിയില്‍ യാഥാര്‍ഥ്യമാക്കുക എന്നതും ശാസ്ത്രത്തിന്റെ എക്കാലത്തെയും സ്വപ്‌നമായിരുന്നു. ആകാശത്ത് പറവകളെ പോലെ പാറിപ്പറക്കാനും സമുദ്രാന്തര്‍ഭാഗങ്ങളില്‍ മത്സ്യങ്ങളെപ്പോലെ നീന്തിത്തുടിക്കാനും ലോകത്തെതന്നെ വിരല്‍ത്തുമ്പിലൊതുക്കാനും ആധുനിക മനുഷ്യന് സാധിച്ചത് ശാസ്ത്രീയ അന്വേഷണങ്ങളുടെ സഹായത്താലാണ്. എന്നാല്‍ ഈ പ്രപഞ്ചത്തിന്റെ അതീവ രഹസ്യങ്ങളുടെ ചുരുളഴിച്ച് മനുഷ്യജീവിതം പടുത്തുയര്‍ത്തപ്പെടേണ്ട ധാര്‍മിക മൂല്യങ്ങളും തത്ത്വങ്ങളും ഏതൊക്കെയായിരിക്കണം എന്ന് നിര്‍ണയിക്കുക ഒരുകാലത്തും ശാസ്ത്രത്തിന്റെ അജണ്ടയായിരുന്നില്ല. അനുഭവ പരീക്ഷണങ്ങള്‍ ഉപയോഗപ്പെടുത്തി ശാസ്ത്രം വികസിപ്പിച്ച സിദ്ധാന്തങ്ങളും കണ്ടുപിടിത്തങ്ങളും മനുഷ്യരെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും പകര്‍ന്നുതന്ന അറിവുകളും ജീവിതത്തെക്കുറിച്ച് ചില കാഴ്ചപ്പാടുകള്‍ സമ്മാനിക്കാന്‍ ഉപകരിച്ചു എന്നത് ഒരു വസ്തുതയാണ്. ചില ശാസ്ത്രകാരന്മാരെങ്കിലും ഈ കാഴ്ചപ്പാടുകള്‍ അടിസ്ഥാനമാക്കി മനുഷ്യജീവിതം എന്താണ് എന്ന് നിര്‍ണയിക്കാന്‍ ശ്രമിച്ചു എന്നതും സത്യമാണ്. പക്ഷേ ജീവിതത്തില്‍ മനുഷ്യര്‍ പകര്‍ത്തേണ്ട അടിസ്ഥാന മൂല്യങ്ങള്‍ എന്തെന്ന് ചൂണ്ടിക്കാട്ടല്‍ ഒരു കാലത്തും ശാസ്ത്രത്തിന്റെ ലക്ഷ്യമായിരുന്നില്ല. ഈ ഭൗതിക ലോകത്തിനപ്പുറം മറ്റെന്തെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് ഒന്നുമില്ല എന്ന് ഉറപ്പിച്ചു പറയുന്നവരും, അറിയില്ല എന്ന സന്ദേഹം പങ്കു വെക്കുന്നവരും ശാസ്ത്രകാരന്മാരില്‍ ഉണ്ട്. ചുരുക്കത്തില്‍, അനുഭവജ്ഞാനത്തില്‍ അധിഷ്ഠിതമായ ശാസ്ത്രത്തിന് ഇന്നും തീര്‍പ്പിലെത്താനാകാത്ത ഒരു പ്രഹേളിക തന്നെയാണ് പ്രപഞ്ചവും മനുഷനും.
തത്ത്വചിന്തകന്മാര്‍ സ്വീകരിച്ച വഴി മറ്റൊന്നായിരുന്നു. അനുമാനവും നിരന്തര ചിന്തയും ഈ പ്രപഞ്ചരഹസ്യങ്ങളുടെ താക്കോലുകളാന്നെന്ന നിലപാടുകാരാണവര്‍. ഇവ അടിസ്ഥാനമാക്കി മനുഷ്യനെയും പ്രപഞ്ചത്തെയും വ്യാഖ്യാനിക്കാനും വിശദീകരിക്കാനുമാണ് അവര്‍ ശ്രമിച്ചത്. മനുഷ്യനെ ഇതര ജീവവര്‍ഗങ്ങളില്‍നിന്ന് വ്യത്യസ്തനാക്കുന്ന പ്രത്യേകതയെ കുറിച്ചും ജീവിതത്തില്‍ മനുഷ്യര്‍ പിന്‍പറ്റേണ്ട മൂല്യങ്ങള്‍ എന്തായിരിക്കണമെന്നതിനെ പറ്റിയും തത്ത്വചിന്തകന്മാര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളെല്ലാം അനുമാനത്തിലൂടെയും ധ്യാനനിരതമായ ചിന്തയിലൂടെയും രൂപപ്പെടുത്തിയതാണ്. ഈ അനുമാനങ്ങളെ താര്‍ക്കിക യുക്തിയുടെ നിയതമായ രീതികള്‍ ഉപയോഗിച്ച് സ്ഥാപിച്ചുകൊണ്ടാണ് തത്ത്വചിന്താ വ്യവഹാരങ്ങള്‍ മുന്നോട്ടു പോയത്. യഥാര്‍ഥ ജ്ഞാനവും അറിവും നിരന്തരമായ അന്വേഷണത്തിലൂടെ ലഭിക്കും എന്ന നിലപാടില്‍ എല്ലാ തത്ത്വചിന്തകന്മാരും ഒന്നിക്കുമെങ്കിലും ഏതു നിലപാടാണ് ശരി എന്ന കാര്യത്തില്‍ എല്ലാവരും തര്‍ക്കിച്ചു. അക്കാരണത്താല്‍ ഓരോരുത്തരുടെയു അനുമാനവും തത്ത്വങ്ങളും വിവിധങ്ങളായ ചിന്താസരണികള്‍ക്കാണ് രൂപം നല്‍കിയത്. ഈ ചിന്താസരണികളെല്ലാം ശരിയെ കുറിച്ച തീര്‍ച്ചയില്‍ എത്താത്ത അനുമാനങ്ങളും ഊഹത്തെ അടിസ്ഥാനമാക്കി മനുഷ്യബുദ്ധി വികസിപ്പിക്കുന്ന ജ്ഞാനസങ്കല്‍പങ്ങളും മാത്രമാണെന്നു വ്യക്തം.
എന്നാല്‍ മതങ്ങള്‍ സ്വീകരിച്ച വഴി മറ്റൊന്നായിരുന്നു. അതീവ നിഗൂഢതകള്‍ ഒളിഞ്ഞുകിടക്കുന്ന ഈ പ്രപഞ്ചത്തിലെ ഉള്ളറകളിലേക്ക് കടക്കാനുള്ള ത്രാണിയും കെല്‍പും നിസ്സാരനായ മനുഷ്യനുണ്ടോ എന്നതായിരുന്നില്ല മതങ്ങളുടെ പ്രശ്‌നം. പ്രാപഞ്ചിക രഹസ്യങ്ങള്‍ കണ്ടെത്തിയാലും ഇല്ലെങ്കിലും ഭൂമിയില്‍ മനുഷ്യജീവിതം മുന്നോട്ടു പോകാന്‍ ചില അടിസ്ഥാന മൂല്യങ്ങള്‍ ആവശ്യമാണ്. ബുദ്ധിയെയും അനുഭവ പരിജ്ഞാനത്തെയും മാത്രം അവലംബിച്ച് മനുഷ്യര്‍ക്ക് ഇവ കണ്ടെത്താനാവില്ല എന്ന പ്രതലത്തിലാണ് എല്ലാ മതങ്ങളും ഊന്നിനില്‍ക്കുന്നത്.ജീവിതലക്ഷ്യത്തെ കുറിച്ച വ്യക്തമായ കാഴ്ചപ്പാടും ജീവിത മൂല്യങ്ങളും മനുഷ്യന് പകര്‍ന്നു കൊടുക്കേണ്ടത് പ്രപഞ്ചനാഥനും പരിപാലകനും സര്‍വാധികാരിയുമായ ദൈവമായിരിക്കണം എന്നതാണ് മതങ്ങളുടെ നിലപാട്. ഈ അടിസ്ഥാനത്തിലാണ് വെളിപാടുകള്‍ കൊണ്ട് അനുഗൃഹീതരായ എല്ലാ മതപ്രവാചകന്മാരും സംസാരിച്ചത്. അനുഭവ ജ്ഞാനവും ചിന്തയും ഉപയോഗപ്പെടുത്തി ഭൗതിക ജീവിതം കെട്ടിപ്പടുക്കാന്‍ മനുഷ്യര്‍ക്കാവും. എന്നാല്‍ പ്രപഞ്ച യാഥാര്‍ഥ്യം കണ്ടെത്താനും ജീവിതലക്ഷ്യം നിര്‍ണയിക്കാനും ജീവിതമൂല്യങ്ങള്‍ തീരുമാനിക്കാനും ദിവ്യ വെളിപാടുകള്‍ ആവശ്യമാണ് എന്നര്‍ഥം. ശാസ്ത്രത്തില്‍നിന്നും തത്ത്വചിന്തയില്‍നിന്നും മതങ്ങളെ, പ്രത്യേകിച്ച് ഇസ്ലാമിനെ വേര്‍തിരിച്ചു നിര്‍ത്തുന്ന വളരെ പ്രധാനപ്പെട്ട ഒരു അടിസ്ഥാനമാണിത്. ജീവിതത്തിന്റെ യഥാര്‍ഥ്യം നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ മതങ്ങളും ഈ ഒരു പൊതുനിലപാട് സ്വീകരിക്കുന്നുണ്ട് എന്ന് പറയാനാവില്ല. കാരണം തത്ത്വചിന്താപരമായ വേദാന്ത ദര്‍ശനത്തിലും അനുഷ്ഠാനപരതയുള്ള ആചാരങ്ങളിലും മാത്രം ഒരുങ്ങുന്ന മതങ്ങളുണ്ട്. ദൈവം എന്ന ഒരടിസ്ഥാന സങ്കല്‍പം മാത്രം മതഗ്രന്ഥങ്ങളില്‍നിന്ന് സ്വീകരിക്കുകയും പ്രപഞ്ചത്തെയും മനഷ്യനെയും യാതൊരടിസ്ഥാന നിലപാടും ഇല്ലാതെ വ്യാഖ്യാനിക്കാന്‍ മനുഷ്യരെ അനുവദിക്കുകയും ചെയ്യുന്ന ഇത്തരം മതങ്ങളില്‍നിന്ന് വേറിട്ടു നിന്ന് ലോകത്തോട് സംവദിക്കുന്നു എന്നതുതന്നെയാണ് ഇസ്‌ലാമിനെ മറ്റെല്ലാ മതങ്ങളില്‍നിന്നും വ്യതിരിക്തമാക്കുന്ന ഒരു അടിസ്ഥാനം.
മാര്‍ഗദര്‍ശകനായ ദൈവം
പ്രപഞ്ചത്തിന്റെ ഉണ്മയെയും യാഥാര്‍ഥ്യത്തെയും കുറിച്ചുള്ള മനുഷ്യധാരണകളുടെ പ്രധാന സ്രോതസ്സ് ദിവ്യവെളിപാടുകളുടെ സമാഹാരമായ വിശുദ്ധ ഖുര്‍ആനാണ് എന്നതാണ് ഇസ്ലാമിന്റെ നിലപാട്. ദൃശ്യപ്രപഞ്ചത്തിന്റെ സ്രഷ്ടാവായി ഏകനായ ഒരു ദൈവം ഉണ്ടെന്നും പ്രപഞ്ച സൃഷ്ടികള്‍ പിന്തുടരുന്നത് അവന്റെ നിയമങ്ങളാണെന്നും മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്ദിവ്യ വെളിപാടുകളുടെ അടിസ്ഥാനത്തിലാണ്.സ്രഷ്ടാവായ ഈ ദൈവം തന്നെയാണ് ജീവിത ലക്ഷ്യത്തെ കുറിച്ചും മൂല്യങ്ങളെ കുറിച്ചുമുള്ള ശരിയായ അറിവ് മനുഷ്യന് കൈമാറുന്നത്. അതിനാല്‍ ആ ദൈവത്തിന്റെ നിയമങ്ങള്‍ അനുസരിക്കലും പിന്‍പറ്റലും ഇസ്‌ലാമിലെ ദൈവ സങ്കല്‍പത്തിന്റെ കാതലായ വശമാണ്. ആരാധിക്കാനും സ്തുതികീര്‍ത്തനങ്ങള്‍ അര്‍പ്പിക്കാനും വിളിച്ചു പ്രാര്‍ഥിക്കാനും മാത്രം ഒരു ദൈവം എന്ന പരിമിതമായ മതകാഴ്ചപ്പാടല്ല ഇസ്‌ലാം മുന്നോട്ടു വെക്കുന്നത്. ആരാധിക്കപ്പെടുന്നവന്‍ തന്നെയാണ് വഴികാട്ടിയും മാര്‍ഗദര്‍ശകനും അനുസരിക്കപ്പെടേണ്ടവനുമെന്നതാണ് ഇസ്‌ലാമിന്റെ നിലപാട്.ഈ കാഴ്ചപ്പാടാണ് ഇസ്‌ലാമിലെ ദൈവസങ്കല്‍പത്തെയും മതദര്‍ശനത്തെയും വേറിട്ടു നിര്‍ത്തുന്നത്.
മതങ്ങളെക്കുറിച്ച പൊതുവായ ധാരണയനുസരിച്ച് ദൈവത്തിനുള്ള ആരാധനയും അനുഷ്ഠാനങ്ങളുമാണ് മതത്തിന്റെ വ്യവഹാരപരിസരം. മതങ്ങളുടെ ആവിര്‍ഭാവത്തെക്കുറിച്ച വിശകലനങ്ങളില്‍, പ്രകൃതിയുടെ കരുത്തിന് മുമ്പില്‍ പലപ്പോഴും തോറ്റുപോകേണ്ടിവന്ന മനുഷ്യന്‍ തന്റെ ദുര്‍ബലാവസ്ഥ മറികടക്കാന്‍ കണ്ടെത്തിയ ഒരുപായം മാത്രമാണ് ദൈവാരാധനയും അനുഷ്ഠാന കര്‍മങ്ങളും എന്ന വാദം മുഴച്ചു നില്‍ക്കുന്നുണ്ട്. പ്രളയം, കൊടുങ്കാറ്റ്, ഭൂകമ്പം തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ കണ്ട് പകച്ചുപോയ ആദിമമനുഷ്യര്‍ അവയില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് ഭൂമി, കാറ്റ്, സമുദ്രം തുടങ്ങിയവയെ ആരാധിക്കാന്‍ ആരംഭിച്ചത് എന്നുംപിന്നീട് ഇവയേക്കാളെല്ലാം മികച്ച മറ്റൊരു മഹാശക്തിയുടെ സാന്നിധ്യം ആവശ്യമായി വന്നപ്പോള്‍ സര്‍വാധികാരിയായ ദൈവം എന്ന സങ്കല്‍പ്പം ഉടലെടുത്തു എന്നും വാദിക്കുന്നവരുണ്ട്. ഭയത്തില്‍നിന്ന് ഉടലെടുത്ത അനുഷ്ഠാന കര്‍മങ്ങളാണ് മതം എന്ന മുന്‍വിധിയാണ് മേല്‍ വാദങ്ങളുടെ അടിസ്ഥാനം. ആചാരങ്ങളില്‍ മാത്രം ഒതുങ്ങുന്ന മതങ്ങളെ മുന്‍നിര്‍ത്തിയാണ് ഇത്തരം വാദങ്ങള്‍ ഉയര്‍ന്നുവന്നത്. ഇസ്‌ലാം ഇത്തരമൊരു വാദത്തിന്റെ അടിത്തറയെ തന്നെ നിരാകരിച്ചുകൊണ്ടാണ് വഴികാട്ടിയും മാര്‍ഗദര്‍ശകനും കല്‍പനാധികാരമുള്ളവനുമായ ദൈവം എന്ന കാഴ്ചപ്പാട് അവതരിപ്പിക്കുന്നത്. മനുഷ്യജീവിതത്തിന്റെ യാഥാര്‍ഥ്യത്തെ കുറിച്ചും ലക്ഷ്യത്തെ കുറിച്ചും മറ്റൊരു മതചിന്തയിലും കണ്ടെത്താനാകാത്ത ഉദാത്ത സങ്കല്‍പങ്ങള്‍ ഇസ്‌ലാമിക ദര്‍ശനത്തില്‍ കാണാനാകുന്നത് ഇതേ കാരണത്താലാണ്.
ജീവിതം എന്ന ഉത്തരവാദിത്തം
ദൈവം നിശ്ചയിച്ച ഭൂമിയിലെ പ്രതിനിധിയാണ് മനുഷ്യന്‍ എന്നതാണ് മനുഷ്യനെ കുറിച്ച ഇസ്ലാമിന്റെ മൗലിക നിലപാട്. പ്രാതിനിധ്യം എന്ന ആശയം ഉത്തരവാദിത്ത ജീവിതം എന്ന സങ്കല്‍പമാണ് മുന്നോട്ടു വെക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ രണ്ടാം അധ്യായത്തിലെ മുപ്പതാമത്തെ വാക്യം ഉപരിലോകത്ത് ദൈവവും മാലാഖമാരും മനുഷ്യസൃഷ്ടിപ്പിന്റെ പശ്ചാത്തലത്തില്‍ നടത്തിയ സംഭാഷണമാണ്. ഭൂമിയില്‍ ഞാന്‍ ഒരു പ്രതിനിധിയെ നിശ്ചയിക്കാന്‍ പോകുന്നു എന്നാണ് മനുഷ്യസൃഷ്ടിയുടെ പശ്ചാത്തലത്തില്‍ ദൈവം പ്രഖ്യാപിക്കുന്നത്. മാലാഖമാരുടെ പ്രതികരണം ഇപ്രകാരമായിരുന്നു: 'ഭൂമിയില്‍ അതിന്റെ സംവിധാനം താറുമാറാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെ നിശ്ചയിക്കുകയോ? ഞങ്ങള്‍ നിന്നെ സ്തുതിക്കുകയും പ്രകീര്‍ത്തിക്കുകയും നിന്റെ വിശുദ്ധിയെ വാഴ്ത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ടല്ലോ.' മാലാഖമാരില്‍നിന്നും ഭിന്നമായി സ്വതന്ത്രമായി തെരഞ്ഞെടുപ്പും സ്വയംനിര്‍ണയാവകാശവും ഉള്ള സൃഷ്ടിയാണ് മനുഷ്യന്‍. മാലാഖമാര്‍ക്ക് ദൈവകല്‍പനകള്‍ക്കതീതമായി സഞ്ചരിക്കാന്‍ സാധ്യമല്ല എന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ദൈവം മനുഷ്യന് സ്വന്തത്തെ തീരുമാനിക്കാന്‍ ദൈവത്തെ നിരാകരിക്കാന്‍ വരെ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. പക്ഷേ ഈ തെരഞ്ഞെടുപ്പവകാശം സ്വാര്‍ഥമായ താല്‍പര്യങ്ങള്‍ക്കും മലീമസമായ ലക്ഷ്യങ്ങള്‍ക്കും വേണ്ടി മനുഷ്യന്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യം ഭൂമിയില്‍ കുഴപ്പവും കലാപവും യുദ്ധവും അധാര്‍മികതയും വിതക്കും. ഈ സാധ്യത മുന്‍നിര്‍ത്തിയാണ് 'ഭൂമിയില്‍ രക്തം ചിന്തുകയും നാശം വിതക്കുകയും ചെയ്യാന്‍ സാധ്യതയുള്ള ഒരു സൃഷ്ടിയെയാണോ നീ നിശ്ചയിക്കാന്‍ പോകുന്നത്' എന്ന് മാലാഖമാര്‍ ചോദിച്ചത്. 'വാഴ്ത്താനും സ്തുതികീര്‍ത്തനങ്ങള്‍ അര്‍പ്പിക്കാനും ഞങ്ങളുണ്ടല്ലോ'എന്നു കൂടി അവര്‍ പറഞ്ഞുവെച്ചിട്ടുണ്ടായിരുന്നു.എന്നാല്‍, മനുഷ്യജീവിതത്തിന് അതിനുമപ്പുറം ചില ലക്ഷ്യങ്ങള്‍ ഉണ്ട് എന്നു തന്നെയാണ് 'നിങ്ങള്‍ക്കറിയാത്തത് നമുക്കറിയാം' എന്ന വിശദീകരണത്തിലൂടെ ദൈവം മാലാഖമാരെ അറിയിക്കുന്നത്.
വിശാലമായ ജീവിത ലക്ഷ്യം
എന്താണ് മനുഷ്യജീവിതത്തിന്റെ ആ ലക്ഷ്യം എന്ന് ഭൂമിയുടെ പ്രാതിനിധ്യം എന്ന ഉദാത്ത സങ്കല്‍പത്തിലൂടെ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ദൈവം സുശക്തമായ അടിത്തറയില്‍ സംവിധാനിച്ചിരിക്കുന്ന ഭൗതികലോകത്തെ ശരിയായ സ്വഭാവത്തില്‍ പരിപാലിച്ചും സംരക്ഷിച്ചും ജീവിക്കേണ്ടവരാണ് മനുഷ്യര്‍ എന്നര്‍ഥം. ഈ ഉത്തരവാദിത്തം നിര്‍വഹിക്കാനുള്ള മനുഷ്യന് അതിനാവശ്യമായ എല്ലാ സിദ്ധികളും ആദിയില്‍ തന്നെ ദൈവം നല്‍കിയിട്ടുണ്ട്. സ്വാതന്ത്ര്യം, ആശയവിനിമയ ശേഷി, സര്‍ഗാത്മകത എന്നിവ തുടക്കം മുതല്‍ മനുഷ്യന് ലഭിച്ചിട്ടുണ്ട്. ഇവയൊന്നും പരിണാമത്തിലൂടെയോ പോരാട്ടത്തിലൂടെയോ മനുഷ്യന്‍ നേടിയെടുത്തതല്ല. പരിണാമത്തിലൂടെ നേടിയതാണ് മനുഷ്യന്റെ ബൗദ്ധികശേഷി എന്നും, സാമൂഹിക പോരാട്ടത്തിലൂടെ നേടിയെടുത്തതാണ് സ്വാതന്ത്ര്യം എന്നുമുള്ള വീക്ഷണങ്ങളെ നിരാകരിച്ചുകൊണ്ടു തന്നെയാണ് ഉത്തരവാദിത്തമുള്ള മനുഷ്യന്‍ എന്ന സങ്കല്‍പം പൂര്‍ണമാവുക. ഈ ഉത്തരവാദിത്തം മുന്‍നിര്‍ത്തി ഭൂമിയുടെ പരിപാലനം നിര്‍വഹിക്കണമെന്ന് അല്ലാഹു മനുഷ്യനോട് കല്‍പിക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആന്‍ ഏഴാം അധ്യായത്തിലെ അമ്പത്തിയാറാം വാക്യം ഇപ്രകാരം വായിക്കാം:''ഭൂമിയുടെ സംസ്‌കരണം കഴിഞ്ഞിരിക്കെ അതില്‍ നാശം ഉണ്ടാക്കരുത്.'' പ്രപഞ്ച സൃഷ്ടിപ്പിനെ കുറിച്ചും മറ്റും വിശദീകരിച്ച ശേഷമാണ് ദൈവം മനുഷ്യരോട് ഭദ്രമായ അടിത്തറകളിലും സുരക്ഷിതമായ നിയമങ്ങളാലും സംവിധാനിക്കപ്പെട്ടിരിക്കുന്ന ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കരുത് എന്നുണര്‍ത്തുന്നത്.
നാശം സൃഷ്ടിക്കാതെ ഭൂമിയെയും പ്രപഞ്ചത്തെയും നല്ല രൂപത്തില്‍ സന്തുലിതമായി കാത്തുകൊള്ളണമെന്നതാണ് ദൈവം മനുഷ്യവംശത്തിനു നല്‍കുന്ന ഉപദേശം. മതനിയമങ്ങളും മതകീയമായ ധാര്‍മിക തത്ത്വങ്ങളും മനുഷ്യജീവിതത്തില്‍ പ്രസക്തമാകുന്നത് നാശത്തില്‍നിന്നും കുഴപ്പത്തില്‍നിന്നും ലോകത്തെ രക്ഷിക്കാന്‍ കൂടിയാണ്. അജ്ഞാന യുഗത്തില്‍ രൂപപ്പെട്ട അപരിഷ്‌കൃത ആചാരങ്ങളും അസംബന്ധങ്ങളുമാണ് മതനിയമങ്ങള്‍ എന്ന മതനിരാസകരുടെ എല്ലാ നിലപാടുകളെയും റദ്ദു ചെയ്യുന്നതാണ് ഇസ്‌ലാമിന്റെ ഈ കാഴ്ചപ്പാട്. മതനിയമങ്ങളെല്ലാം ഉണ്ടായത് ഇല്ലാത്ത ഒരു ദൈവത്തെ പ്രസാദിപ്പിക്കാനാണെന്നും ദൈവത്തിന്റെ പേരില്‍ മനുഷ്യരെ കബളിപ്പിക്കുന്ന പുരോഹിതന്മാരുടെ തട്ടിപ്പ് മാത്രമാണ് മതങ്ങളെന്നും വാദിക്കുന്നവര്‍ വ്യക്തിയുടെ സംസ്‌കരണം, കുടുംബത്തിന്റെ ഭദ്രത, സമ്പത്തിന്റെ നീതിപൂര്‍വകമായ വിതരണം, രാഷ്ട്രത്തിന്റെ സാമൂഹിക ഉത്തരവാദിത്തം എന്നിവ ഉറപ്പു വരുത്തുന്ന ഇസ്‌ലാമിക നിയമങ്ങള്‍ എപ്രകാരമാണ് മനുഷ്യനെ പുറന്തള്ളി ദൈവത്തെ പ്രസാദിപ്പിക്കുന്നതെന്ന് വിശദീകരിക്കേണ്ടതുണ്ട്. പുരോഹിതന്മാരുടെ ചൂഷണത്തെയും ഭരണാധികാരികളുടെ ആധിപത്യമോഹത്തെയും നിഷേധിക്കുന്ന ഇസ്ലാമിക നിയമങ്ങള്‍ മതപൗരോഹിത്യത്തിന്റെ ഏതു താല്‍പര്യങ്ങളെയാണ് സംരക്ഷിക്കുന്നതെന്ന് അവര്‍ക്ക് ചൂണ്ടിക്കാട്ടാനാകുമോ? കൊല, കവര്‍ച്ച, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, ചൂതാട്ടം, പലിശ എന്നിവ തടയുന്ന ഇസ്‌ലാമിലെ നിയമങ്ങള്‍ ഇല്ലാത്ത ദൈവത്തിന്റെ ചൂഷണോപാധിയാക്കി മനുഷ്യനെ മാറ്റുന്നതിന്റെ റൂട്ട് മാപ്പ് കൂടി അവര്‍ വരച്ചുകാട്ടേണ്ടിവരും.
മതത്തെ ആചാരാനുഷ്ഠാനങ്ങളിലും പുരോഹിതകേന്ദ്രീകൃതമായ ചടങ്ങുകളിലും ഒതുക്കുന്ന മതസങ്കല്‍പങ്ങളെ റദ്ദു ചെയ്തുകൊണ്ടുതന്നെയാണ് മതനിയമങ്ങളുടെ വിശാലമായ സാമൂഹിക ഉള്ളടക്കം ഇസ്‌ലാം വികസിപ്പിക്കുന്നത്.
മനുഷ്യജീവിതത്തിന്റെ അന്തിമലക്ഷ്യം ദൈവപ്രീതിയാണെന്നും, ദൈവം മനുഷ്യനെ വിലയിരുത്തുന്നത് അവന്റെ കര്‍മം നോക്കിയാണെന്നും വിശദീകരിക്കുന്ന ഇസ്‌ലാം ദൈവപ്രീതി നേടാനുള്ള മാര്‍ഗങ്ങള്‍ കേവലം ആരാധനാകര്‍മങ്ങള്‍ മാത്രമാണെന്ന് അവകാശപ്പെടുന്നില്ല. എന്നാല്‍ ആരാധനാ കര്‍മങ്ങള്‍ക്ക് മനുഷ്യനെ ദൈവവുമായി ചേര്‍ത്തു നിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുണ്ട്. മനുഷ്യജീവിതത്തിന്റെ പ്രധാനപ്പെട്ട ഒരു തലം തന്നെയാണ് സഹായം നല്‍കുന്നവനോട് കൂറും സംരക്ഷിക്കുന്നവനോട് വിധേയത്വവും വെച്ചുപുലര്‍ത്തുക എന്നത്. തളര്‍ന്നു പോകുമ്പോള്‍ താങ്ങായി ആരെങ്കിലും ഉണ്ടാകണമെന്ന് കൊതിക്കാത്ത ആരുമുണ്ടാവില്ല. മനുഷ്യപ്രകൃതത്തിന്റെ സ്വാഭാവികമായ ഈ അവസ്ഥയെ ഉപയോഗപ്പെടുത്തിയാണ് മനുഷ്യനെ ഇതര മനുഷ്യരുടെ, നിര്‍ജീവ വസ്തുക്കളുടെ വരെ അടിമകളാക്കുന്ന പുരോഹിത മതങ്ങളും പാഗണ്‍ വിശ്വാസങ്ങളും ഉണ്ടായത്. മനുഷ്യന്റെ ഈ ദുര്‍ബലാവസ്ഥയെ ചൂഷണം ചെയ്യാന്‍ ആരെയും അനുവദിക്കാതിരിക്കുന്നുണ്ട് ഏകനായ പ്രപഞ്ചനാഥനു മാത്രം മനുഷ്യന്‍ കീഴടങ്ങിയാല്‍ മതി എന്ന ഇസ്‌ലാമിക നിര്‍ദേശം. ദൈവത്തെ പ്രസാദിപ്പിക്കാന്‍ നിവേദ്യങ്ങള്‍ അര്‍പ്പിക്കുക എന്നതല്ല, ദൈവത്തോട് ചേര്‍ന്നു നിന്നും ദൈവിക സാന്നിധ്യം അനുഭവിച്ചും മനുഷ്യജീവിതം ഉദാത്തവും വിശുദ്ധവുമാക്കുക എന്നതാണ് ആരാധനാ കര്‍മങ്ങളുടെ പ്രധാന ലക്ഷ്യം.
എന്നാല്‍ ദൈവാരാധന പോലും സ്വീകാര്യമാകണമെങ്കില്‍ മനുഷ്യര്‍ നിര്‍വഹിക്കുന്ന എല്ലാ പ്രവൃത്തികളും ധര്‍മത്തിലും നീതിയിലും അധിഷ്ഠിതമായിരിക്കണമെന്ന് ഇസ്‌ലാം ഉണര്‍ത്തുന്നു. ഒട്ടനവധി ആരാധനകളും ചടങ്ങുകളും നിര്‍വഹിച്ച ശേഷം ദൈവത്തെ പാരത്രിക ജീവിതത്തില്‍ സമീപിക്കുന്ന ചിലരെ കുറിച്ച് പ്രവാചകന്‍ പറഞ്ഞത് എല്ലാം നഷ്ടപ്പെട്ടവര്‍ എന്നാണ്. കാരണമോ? പ്രവാചകന്‍ വിശദീകരിച്ചതിന്റെ ചുരുക്കം ഇപ്രകാരമാണ്:'പക്ഷേ അവര്‍ ചിലരുടെ ധനം അപഹരിച്ചു, ചിലരെ മര്‍ദിച്ചു, മറ്റു ചിലരുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചു, മനുഷ്യാവകാശ ലംഘനത്തിന്റെ നീണ്ട കുറ്റപത്രവുമായാണ് അവര്‍ ദൈവത്തെ സമീപിക്കുന്നത്. അത്തരമൊരു ഘട്ടത്തില്‍ ആരാധനകളൊന്നും മനുഷ്യനെ രക്ഷിക്കില്ല എന്നും അവര്‍ ദൈവികശിക്ഷ അനുഭവിക്കുമെന്നും പ്രവാചകന്‍ പറയുന്നു. മനുഷ്യരെ സ്‌നേഹിച്ചും ജീവികളോട് ദയ കാണിച്ചും ഭൂമിയെ സംരക്ഷിച്ചും മനുഷ്യജീവിതം ശാന്തവും സമാധാനപരവുമാക്കിയും നേടേണ്ട ദൈവപ്രീതിയെ കുറിച്ചാണ് ഇസ്ലാം സംസാരിക്കുന്നത്. മനുഷ്യന് ദൈവവുമായി ചേര്‍ന്നു നില്‍ക്കണമെങ്കില്‍ മറ്റു മനുഷ്യരോടും ഇതര സൃഷ്ടികളോടും നല്ല ബന്ധം സ്ഥാപിക്കണമെന്നത് ഇസ്‌ലാമിന്റെ വളരെ പ്രധാനപ്പെട്ട നിര്‍ദേശമാണ്. പ്രവാചകന്‍ പറഞ്ഞത് ഇപ്രകാരം: 'ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുക; എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും.' ഇസ്‌ലാമിനെ ഒരു മതം എന്നതിനേക്കാള്‍ ഒരു ജീവിതദര്‍ശനം എന്ന് വിലയിരുത്തേണ്ടി വരുന്നത് ഇസ്‌ലാമിന്റെ ഇതുപോലുള്ള നിലപാട് കാരണമാണ്.
മനുഷ്യജീവിതം അര്‍ഥവത്തായ കര്‍മങ്ങള്‍ ചെയ്യാനുള്ളതാണ് എന്ന സന്ദേശമാണ് ഇസ്‌ലാമിക ജീവിത വീക്ഷണം മനുഷ്യവംശത്തെ ഉണര്‍ത്തുന്നത്. മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം ദൈവപ്രീതിക്ക് കാരണമാകുന്ന കര്‍മം നിര്‍വഹിക്കലാണെന്ന് വരുമ്പോള്‍ മനുഷ്യന്‍ ഇതര സൃഷ്ടികളുടെയും ലോകത്തിന്റെയും നന്മ ലക്ഷ്യംവെച്ച് ചെയ്യുന്ന ഏതു പ്രവൃത്തിയും ദൈവം നിര്‍ദേശിച്ച ധാര്‍മിക പരിധികള്‍ പാലിച്ചും അവന്റെ തൃപ്തി ആഗ്രഹിച്ചും നിര്‍വഹിക്കും. അപ്പോള്‍ അതെല്ലാം ദൈവപ്രീതിക്ക് കാരണമായിത്തീരും. ഈ വീക്ഷണമനുസരിച്ച് ശാസ്ത്രീയാന്വേഷണം മുതല്‍ തത്ത്വചിന്താ പ്രവര്‍ത്തനം വരെ മതത്തില്‍നിന്ന് പുറത്തു നില്‍ക്കുന്ന ഒരു കര്‍മമല്ല. ഭൂമിയില്‍ മനുഷ്യജീവിതം എളുപ്പമാക്കാനും പ്രകൃതിയുടെ നാശം തടയാനും മനുഷ്യന്‍ പരീക്ഷണനിരീക്ഷണങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ പ്രസ്തുത കര്‍മം ഒരു മതകര്‍മം തന്നെയാണ്. പ്രാപഞ്ചിക രഹസ്യം തേടി മനുഷ്യന്‍ യാത്രയാകുമ്പോള്‍, ചരിത്രത്തിന്റെ പുറകോട്ടുള്ള ഏടുകള്‍ കണ്ടെത്താന്‍ മനുഷ്യന്‍ ശ്രമിക്കുമ്പോള്‍ അത്തരം കര്‍മങ്ങള്‍ മതവുമായി ബന്ധമില്ലാത്ത മതേതര പ്രവര്‍ത്തനമല്ല. മതവും ശാസ്ത്രവും രണ്ടു വ്യത്യസ്ത സരണികളല്ല ഇസ്‌ലാമിക വീക്ഷണത്തില്‍; എല്ലാ ശാസ്ത്രീയ അന്വേഷണങ്ങളും മതകീയ പ്രവര്‍ത്തനമാണ് എന്നതാണ് ഇസ്ലാമിന്റെ നിലപാട്. ഈ നിലപാടാണ് ചരിത്രത്തില്‍ ഒട്ടനവധി ശാസ്ത്രീയ സംഭാവനകള്‍ അര്‍പ്പിക്കാന്‍ മുസ്‌ലിംകള്‍ക്ക് പ്രചോദനമായത്. ഗോളശാസ്ത്രവും ഭൂമിശാസ്ത്രവും ഗണിതവും വൈദ്യവും രസതന്ത്രവും ഒരുകാലത്ത് ഇസ്‌ലാമിക നാഗരികതയുടെ അവിഭാജ്യ ഭാഗമായത് അങ്ങനെയാണ്. വേദവാക്യങ്ങളില്‍ അഗാധപാണ്ഡിത്യമുള്ള മഹാ പണ്ഡിതന്മാരില്‍ ചിലര്‍ തന്നെയായിരുന്നു ശാസ്ത്രത്തിന്റെ വ്യത്യസ്ത ധാരകളില്‍ ഉജ്ജ്വലമായ സംഭാവനകളര്‍പ്പിച്ചത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
മതവും ശാസ്ത്രവും ഒരുമിച്ചു പോകാനാകാത്ത സമാന്തര രേഖകളാണെന്ന മുന്‍വിധിയെഈ കാഴ്ചപ്പാട് നിരാകരിക്കുന്നു. ദൈവഹിതം ലംഘിച്ചപ്പോഴാണ് മനുഷ്യന് പുരോഗതി നേടാനായത് എന്നത് പ്രബുദ്ധതാ കാലഘട്ടം അടിച്ചേല്‍പിച്ച അന്ധവിശ്വാസമാണ്. ജ്ഞാനത്തിന്റെ കനി തിന്നപ്പോഴാണ് ആദമിന് സ്വര്‍ഗലോകം നഷ്ടപ്പെട്ടതെന്ന പഴയ നിയമത്തിലെ ഉല്‍പത്തിക്കഥ ആദിയില്‍ മനുഷ്യന് ജ്ഞാനം നിഷേധിക്കപ്പെട്ടിരുന്നു എന്ന ആരോപണം ഉന്നയിക്കുന്നുണ്ട്. ദൈവകല്‍പന ധിക്കരിച്ചപ്പോഴാണ് മനുഷ്യന്‍ അറിവുള്ളവനായത് എന്ന് അവകാശപ്പെടുന്നുമുണ്ട്. വിശ്വാസവും ശാസ്ത്രവും ഒത്തുപോകില്ല എന്നത് ഒരു മതനിലപാടാണെന്ന് സ്ഥാപിക്കാന്‍ ചിലരെങ്കിലും ഈ കഥ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. നാഗരികതയുടെ വികാസത്തില്‍ നിര്‍ണായക പങ്കു വഹിച്ച അഗ്നി ദൈവം മനുഷ്യന് നിഷേധിച്ചു എന്ന കഥ ഗ്രീക്ക് ഇതിഹാസങ്ങളിലുണ്ട്. ഗ്രീക്കുകാരുടെ സൃഷടിദേവന്‍സ്യൂസ് മനുഷ്യന് തടഞ്ഞുവെച്ച തീ ഉപരിലോകത്തുനിന്നും അപഹരിച്ച് മനുഷ്യന് നല്‍കിയ പ്രോമിത്ത്യൂസ് എന്ന ദേവന്‍ ദേവലോകത്തു നിന്നും ആട്ടിപ്പുറത്താക്കപ്പെട്ടു എന്നതാണ് ഗ്രീക്ക് മിത്ത്. ഈ കഥയും മുന്നോട്ടു വെക്കുന്നത് ദൈവവുമായി പോരാടി നേടാനുള്ളതാണ് പുരോഗതി എന്ന ആശയം തന്നെയാണ്. മുന്നോട്ട് സഞ്ചരിക്കാന്‍ കൊതിക്കുന്ന മനുഷ്യന്‍, പിന്നോട്ടു വലിക്കാന്‍ ഉദ്യമിക്കുന്ന ദൈവം; അറിയാന്‍ ഉദ്യമിക്കുന്ന സൃഷടി, ജ്ഞാനം നിഷേധിക്കുന്ന സ്രഷ്ടാവ്; പുരോഗതി തേടുന്ന ശാസ്ത്രം, മാറ്റം തടയുന്ന മതം തുടങ്ങിയ എല്ലാ തരം ദ്വന്ദ്വങ്ങളും ഇത്തരം തെറ്റായ പരികല്‍പനകളുടെ അനന്തര ഫലമാണ്. ഇവയിലൊന്നിനെയും പിന്തുണക്കുന്ന ചെറുസൂചന പോലും ഇസ്‌ലാമിക ദര്‍ശനത്തില്‍ കാണാനാവില്ല.
Comments