Prabodhanm Weekly

Pages

Search

2021 നവംബര്‍ 19

3227

1443 റബീഉല്‍ ആഖിര്‍ 14

ദലിത് പ്രസ്ഥാനങ്ങളുടെ പരാജയം

സയ്യിദ് സആദത്തുല്ലാ ഹുസൈനി

ഹിന്ദുത്വത്തിന്റെ വളര്‍ച്ച, ഇടതുപക്ഷത്തിന്റെ അപചയം - 2
 

 

ഹിന്ദുത്വ ആശയങ്ങളോടും പ്രസ്ഥാനങ്ങളോടും എന്തുകൊണ്ടും മത്സരിക്കാന്‍ പല നിലക്കും അര്‍ഹതയും യോഗ്യതയുമുമുണ്ടായിരുന്നു  ദലിത് പ്രസ്ഥാനങ്ങള്‍ക്ക്. മഹാരാഷ്ട്രക്കാരനും സാമൂഹിക പരിഷ്‌കര്‍ത്താവുമായ ജ്യോതിബാ ഫൂലെ (1827-1890) ബ്രിട്ടീഷ് ഭരണകാലത്ത് ദലിതര്‍ക്ക് തുല്യ പദവി ലഭ്യമാക്കുന്നതിനായി രൂപീകരിച്ച പ്രസ്ഥാനത്തിന്റെ മുഖ്യ ശില്‍പികളിലൊരാളാണ്. ദലിത് എന്ന വാക്കു തന്നെ ഉപയോഗിച്ചത് ജ്യോതിബായാണ്. പിന്നീട്, ദലിത് പ്രസ്ഥാനങ്ങള്‍ക്ക് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ശക്തമായ അടിത്തറ പാകിയതിന്റെ ക്രെഡിറ്റ്  തീര്‍ച്ചയായും പ്രശസ്ത രാഷ്ട്രീയ നേതാവും സൈദ്ധാന്തികനുമായ ഡോ. ഭീം റാവു റാംജി അംബേദ്കറിന് (1891-1965) തന്നെയാണ്.
അംബേദ്കര്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍നിന്ന് ഡോക്ടറേറ്റും നിയമത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ സാമ്പത്തിക ശാസ്ത്രജ്ഞനും നിയമ വിദഗ്ധനുമായിരുന്നു. ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്തിരുന്ന എഴുത്തുകാരനും ഗ്രന്ഥകാരനുമായിരുന്ന അദ്ദേഹത്തിന് നിയമസഭാ സാമാജികനെന്ന നിലയില്‍  ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഉന്നത സ്ഥാപനങ്ങളില്‍ പ്രവേശനമുണ്ടായിരുന്നു. വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. ബ്രിട്ടീഷ് ഭരണസംവിധാനങ്ങളിലുള്ള തന്റെ സ്വാധീനമുപയോഗിച്ച് അദ്ദേഹം ദലിത് പ്രശ്‌നങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു. ഹിന്ദു സമൂഹത്തില്‍ ജീവിക്കുന്നിടത്തോളം ദലിതരുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുക അസാധ്യമാണെന്ന് അദ്ദേഹം തുറന്നെഴുതി.20
തെരഞ്ഞെടുപ്പുകളില്‍ ദലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പ്രത്യേക സംവരണ മണ്ഡലങ്ങള്‍ ഉണ്ടാകണമെന്ന ആശയം അദ്ദേഹം മുന്നോട്ടുവെച്ചു. സ്വാതന്ത്ര്യാനന്തരം, ഭരണഘടനാ നിര്‍മാണ സമിതിയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയര്‍മാനെന്ന നിലയില്‍, പിന്നാക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങളും ജനാധിപത്യ മൂല്യങ്ങളും ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതില്‍ അദ്ദേഹം വിജയിച്ചു (എന്നാല്‍ ഭരണഘടനയില്‍ താന്‍ സമര്‍പ്പിച്ച  സുപ്രധാനമായ പല പോയിന്റുകളും ഉള്‍പ്പെടുത്തുന്നതില്‍ അദ്ദേഹം പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. അതില്‍ അദ്ദേഹം കടുത്ത നിരാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു).21
സ്വാതന്ത്ര്യത്തിനു മുമ്പ് അംബേദ്കര്‍ ഇന്റിപെന്റന്റ് ലേബര്‍ പാര്‍ട്ടി എന്ന പേരില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കിയിരുന്നു. സ്വാതന്ത്ര്യാനന്തരം പട്ടികജാതി ഫെഡറേഷന്‍ എന്ന പേരില്‍ മറ്റൊരു പ്രസ്ഥാനത്തിന് രൂപം നല്‍കി. മരണത്തിന് തൊട്ടുമുമ്പ്, സമാന ചിന്താഗതിക്കാരെയും പല വിഭാഗങ്ങളില്‍ പെട്ടവരെയും ഉള്‍പ്പെടുത്തി റിപ്പബ്ലിക്കന്‍ പാര്‍ട്ടി എന്ന പേരില്‍ മറ്റൊരു രാഷ്ട്രീയ വേദിയും രൂപകല്‍പന ചെയ്തിയിരുന്നു. പക്ഷേ, ഈ രാഷ്ട്രീയ പരീക്ഷണങ്ങളെല്ലാം പരാജയമായിരുന്നു. ഭരണഘടനാ വിദഗ്ധനായ അദ്ദേഹം ഭരണഘടനാ അസംബ്ലി അംഗമായി തെരഞ്ഞെടുക്കപ്പെടുക പോലുമുണ്ടായില്ല (പിന്നീട് മുസ്ലിം ലീഗാണ് ബംഗാളില്‍ അവരുടെ സിറ്റിംഗ് സീറ്റ് നല്‍കി മത്സരിപ്പിച്ച് ഭരണഘടനാ നിര്‍മാണ സഭയിലേക്ക് അദ്ദേഹത്തെ പറഞ്ഞയച്ചത്). ഭരണഘടന നിലവില്‍ വന്നതിനു ശേഷം നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പില്‍, നോര്‍ത്ത് ബോംബെയില്‍ മത്സരിച്ച അദ്ദേഹം മുമ്പ് തന്റെ സഹായിയായി കൂടെയുണ്ടായിരുന്ന വ്യക്തിയോട് പരാജയപ്പെടുകയായിരുന്നു. രണ്ട് വര്‍ഷത്തിനു ശേഷം നടന്ന ബാന്ദ്ര ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം വീണ്ടും മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു. അങ്ങനെ അസാധാരണമായ കഴിവുകളും യോഗ്യതകളുമുള്ള അദ്ദേഹം തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ വിജയിച്ചില്ല എന്നത് ഖേദകരമാണ്. തെരഞ്ഞെടുപ്പുകളിലെ ആവര്‍ത്തിച്ചുള്ള പരാജയങ്ങള്‍ക്കിടയിലും, രാജ്യത്ത് സമത്വവും ജനാധിപത്യവും പൗരാവകാശങ്ങളും നേടിയെടുക്കുന്നതില്‍ അദ്ദേഹം ഒരു പരിധിവരെ വിജയം കൈവരിച്ചു എന്നുതന്നെ വേണം കരുതാന്‍.   
പിന്നീട് വന്ന ദലിത് പ്രസ്ഥാനങ്ങള്‍ പലതവണ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചിട്ടുണ്ടെങ്കിലും അവക്കൊന്നും അംബേദ്കര്‍ വഴി ലഭ്യമായ രാഷ്ട്രീയ- സാമൂഹിക നേട്ടങ്ങളുടെ പത്തിലൊന്നുപോലും നേടാനായില്ല എന്നതാണ് വസ്തുത.
അംബേദ്കര്‍ കഴിഞ്ഞാല്‍ ഏറ്റവും ശക്തനായ ദലിത് രാഷ്ട്രീയ നേതാവായി കണക്കാക്കപ്പെടുന്നത് കാന്‍ഷിറാം(1934-2006) ആണ്. ബൗദ്ധിക തലത്തില്‍ ദലിത് ചിന്തകള്‍ക്ക് പുതിയ ദിശാബോധം നല്‍കുന്നതില്‍ മുന്‍പന്തിയിലുള്ള ദലിത് രാഷ്ട്രീയ സൈദ്ധാന്തികനാണ് വി.ടി രാജശേഖര്‍ (1932). ഇവരുടെ ചിന്തകളും രാഷ്ട്രീയവും ദലിതര്‍ക്ക് നിരവധി നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്  എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇവരുടെയൊക്കെ കാഴ്ചപ്പാടുകളും ചിന്തകളും നേട്ടങ്ങള്‍ മാത്രമല്ല, ദലിത് പ്രസ്ഥാനങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും അവ ദോഷവും വരുത്തിയിട്ടുണ്ടെന്നത് നിഷേധിക്കാനാകാത്ത യാഥാര്‍ഥ്യയാണ്.
അംബേദ്കറുടെ ചിന്തയുടെ പ്രധാന സവിശേഷത ജാതി ഉന്മൂലനം അദ്ദേഹം ആഗ്രഹിച്ചിരുന്നു എന്നതാണ്. യഥാര്‍ഥ ജനാധിപത്യം രാജ്യത്ത് പുലരുന്നതിന് ഇന്ത്യയിലെ ജാതി വ്യവസ്ഥ അവസാനിപ്പിക്കേണ്ടത് അനിവാര്യമായിരുന്നു എന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. അദ്ദേഹത്തിന്റെ Annihilation of Caste (ജാതി ഉന്മൂലനം) എന്ന പുസ്തകം ഈ വിഷയത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്രോതസ്സുകളില്‍ ഒന്നാണ്. ലാഹോര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഒരു കൂട്ടായ്മ സംഘടിപ്പിച്ച സമ്മേളനത്തിന്റെ അധ്യക്ഷനായി അദ്ദേഹത്തെ ക്ഷണിച്ചപ്പോള്‍, ജാതി ഉന്മൂലനത്തെക്കുറിച്ച് അദ്ദേഹം തന്റെ അധ്യക്ഷ പ്രഭാഷണം തയാറാക്കി അവര്‍ക്ക് നല്‍കി. ജാതി ഉന്മൂലനവുമായി ബന്ധപ്പെട്ട ധീരവും വിപ്ലവാത്മകവുമായ ആശയങ്ങള്‍ ഈ പ്രഭാഷണത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ സംഘാടകര്‍ അത്തരമൊരു പ്രഭാഷണം നടത്തുന്നതിന് എതിരായിരുന്നതിനാല്‍ അദ്ദേഹത്തോട് പ്രഭാഷണം മാറ്റിയെഴുതാന്‍ ആവശ്യപ്പെട്ടു. അംബേദ്കര്‍ അവരുടെ ആവശ്യം അംഗീകരിക്കാതെ  സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിക്കുകയും പ്രസ്തുത പ്രഭാഷണം സ്വന്തമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. അംബേദ്കര്‍ സ്വീകരിച്ച ഈ നിലപാടിനെ ഗാന്ധിജി പിന്നീട് വിമര്‍ശിച്ചപ്പോള്‍ ഗാന്ധിജിയുടെ വിമര്‍ശനവും അതിന് തന്റെ മറുപടിയും ഉള്‍പ്പെടുത്തി അടുത്ത പതിപ്പില്‍ വീണ്ടും ലേഖനം പ്രസിദ്ധീകരിച്ചു. പിന്നീട് ചില  കൂട്ടിച്ചേര്‍ക്കലുകളോടെ താന്‍ മുന്നോട്ടു വെച്ച ആശയത്തെ അദ്ദേഹം കൂടുതല്‍ വ്യക്തതയോടെ വീണ്ടും എഴുതി.
അടുത്തിടെ, അരുന്ധതി റോയ് തന്റെ Doctor and Saint23 എന്ന വിവാദ പുസ്തകത്തില്‍ വിശദീകരണസഹിതം ഈ സംവാദവും ചര്‍ച്ചയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അംബേദ്കര്‍ എഴുതുന്നു; 'ഹിന്ദു മത സംവിധാനത്തില്‍ ജാതിയുടെ സ്വാധീനം അങ്ങേയറ്റം അപലപനീയമാണ്. ജാതിബോധം ജനങ്ങളുടെ വികാരവിചാരങ്ങളെ തന്നെയില്ലാതാക്കി. അത് ജനസേവന ബോധത്തെ തകര്‍ത്തു. ജാതീയത പൊതുജനാഭിപ്രായം അസാധ്യമാക്കിയിരിക്കുന്നു. ഓരോ ഹിന്ദുവിലും ജാതി കുടികൊള്ളുന്നുണ്ട്. അവരുടെ ഉത്തരവാദിത്തങ്ങള്‍ അവരുടെ ജാതികളില്‍ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു. ഓരോരുത്തരും വിശ്വസ്തതയുടെ കേന്ദ്രമായി കരുതുന്നത് അവന്റെ ജാതിയാണ്. അവരുടെ ധാര്‍മിക മികവ് കണക്കാക്കുന്നത് ജാതിയുടെ  സ്വാധീനത്തിലാണ്. പ്രയാസമനുഭവിക്കുന്നവരോട് സഹതപിക്കുകയോ അവരുടെ അര്‍ഹതയെ അംഗീകരിക്കുകയോ കഴിവുകളെ അഭിനന്ദിക്കുകയോ ഇല്ല. കഷ്ടപ്പാടുകളോട് സംവേദനക്ഷമതയില്ല. എല്ലാം ജാതിയില്‍നിന്നും ആരംഭിച്ച് ജാതിയില്‍ തന്നെ ചെന്നവസാനിക്കുന്നു. ശരിയാണ്, അവര്‍ക്ക് അനുകമ്പയുണ്ട്, പക്ഷേ അത് സ്വന്തം ജാതിയില്‍ പെട്ടവരോട് മാത്രമാണ്. മറ്റു ജാതിയില്‍ പെട്ടവരോടല്ല. ഇത് യഥാര്‍ഥത്തില്‍ ജാതിയുടെ പേരില്‍ ഹിന്ദുക്കള്‍ ഈ രാജ്യത്തോട് തന്നെ കാണിക്കുന്ന വിശ്വാസ വഞ്ചനയാണ്.'24
മേലുദ്ധരണി അംബേദ്കറുടെ  കാഴ്ചപ്പാടുകള്‍ വ്യക്തതയോടെ മനസ്സിലാക്കാന്‍ പര്യാപ്തമാണ്. പടിപടിയായി ജാതീയത അവസാനിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ചിന്തയും ദര്‍ശനവുമെന്ന് അദ്ദേഹമെഴുതിയ പുസ്തകങ്ങളില്‍നിന്ന് മനസ്സിലാക്കാം. ജാതി അടിസ്ഥാനമാക്കിയുള്ള ഐഡന്റിറ്റികളൊന്നും അവശേഷിക്കാവതല്ല എന്നും അദ്ദേഹം സമര്‍ഥിക്കുന്നുണ്ട്. ജാതി വ്യവസ്ഥ അവസാനിപ്പിക്കാന്‍ അദ്ദേഹം മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിച്ചു.
ഹിന്ദു സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതീയതയുടെ പേരിലുള്ള വിവേചനങ്ങള്‍ ഉന്മൂലനം ചെയ്യുന്നതിന് അവരുടെ ചിന്തയിലും സിദ്ധാന്തങ്ങളിലും സമൂലമായ മാറ്റം   ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജീവിത സങ്കല്‍പ്പത്തിലും ജീവിത മൂല്യങ്ങളിലും അടിസ്ഥാനപരമായ മാറ്റമുണ്ടാവണം. ഒരു പുതിയ ജീവിതം തന്നെയാണ് വേണ്ടത്. അദ്ദേഹം പറഞ്ഞു; 'പുതുജീവന്‍ ഒരു മൃതശരീരത്തില്‍ ഒരിക്കലുമുണ്ടാകില്ല. ആയതിനാല്‍ പുതിയൊരു ശരീരം തന്നെ ആവശ്യമാണ്.'26
അംബേദ്കറുടെ പ്രത്യയശാസ്ത്രം ദലിത് വിഭാഗങ്ങളുടെ  വികസനത്തില്‍ പരിമിതമായിരുന്നില്ല. ഗൗരവമായി ചിന്തിക്കുന്ന സാമൂഹിക പരിഷ്‌കര്‍ത്താവെന്ന നിലയില്‍, രാജ്യത്തുടനീളം എല്ലാ ജനവിഭാഗങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കേണ്ട സമത്വത്തിലൂന്നിയ ദാര്‍ശനിക കാഴ്ചപ്പാട് അദ്ദേഹം മുന്നോട്ടു വെച്ചു. അതിനുള്ള പ്രായോഗിക പദ്ധതികളും പരിപാടികളും  നിര്‍ദേശിച്ചു.
'എന്റെ രാഷ്ട്രീയ കാഴ്ചപ്പാട് മൂന്ന് വാക്കുകളിലായി പറയാം : സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം. ഫ്രഞ്ച് വിപ്ലവത്തില്‍നിന്നാണ് ഞാന്‍ ഈ ആശയം സ്വീകരിച്ചതെന്ന് ആളുകള്‍ പറയും. ഒരിക്കലുമല്ല. എന്റെ ആശയങ്ങള്‍ മതത്തില്‍ വേരൂന്നിയതാണ്, കേവല രാഷ്ട്രീയമല്ല ഞാന്‍ പറയുന്നത്. ബുദ്ധമത ദര്‍ശനത്തില്‍ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വലിയ പ്രാധാന്യമുണ്ട്. സര്‍വതന്ത്ര സ്വാതന്ത്ര്യം സമത്വത്തെ ഇല്ലാതാക്കുകയാണ് ചെയ്യുക. അനന്തമായ സമത്വവാദത്തില്‍  സ്വാതന്ത്ര്യത്തിന് ഇടം ലഭിക്കുകയുമില്ല. സ്വാതന്ത്ര്യത്തിനും  സമത്വത്തിനുമെതിരായ  തടസ്സങ്ങള്‍ ഇല്ലാതാക്കുക എന്നതായിരിക്കണം നിയമം നടപ്പിലാക്കുന്നതിന്റെ ന്യായം.'27
അദ്ദേഹത്തിന്റെ ജനാധിപത്യ സങ്കല്‍പ്പം  ലോകത്ത് അറിയപ്പെടുന്ന പാശ്ചാത്യ രാഷ്ട്രീയ തത്ത്വചിന്തകളില്‍നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരുന്നു. അദ്ദേഹം എഴുതുന്നു: ''ജനാധിപത്യത്തിന്റെ വേര് കിടക്കുന്നത് ഭരണകൂടത്തിന്റെ മടിത്തട്ടിലല്ല. അതായത്, ഭരണകൂടം പാര്‍ലമെന്ററിയാണോ അതോ മറ്റേതെങ്കിലും രൂപത്തിലാണോ എന്നതല്ല പ്രശ്‌നം.  ജനാധിപത്യം ഒരു ഭരണരീതി എന്നതിലുപരി അടിസ്ഥാനപരമായി പരസ്പരം ആശ്രയിക്കുന്ന ജീവിതരീതിയാണ്. അതുകൊണ്ടുതന്നെ ജനാധിപത്യത്തിന്റെ വേരുകള്‍ കണ്ടെത്തേണ്ടത് സാമൂഹിക ബന്ധങ്ങളിലാണ്. അതായത്, സമൂഹത്തിന്റെ ഭാഗമായ ജനത പരസ്പര സഹവര്‍ത്തിത്വത്തോടെ (സമത്വത്തിന്റെ അടിസ്ഥാനത്തില്‍) എങ്ങനെ ജീവിക്കുന്നു എന്നതിന്റെയും,  എങ്ങനെയാണ് അന്യോന്യം ഉപകാരപ്രദമായ ജീവിതം നയിക്കാന്‍ അവര്‍ക്ക് സാധിക്കുന്നത് എന്നതിന്റെയും അടിസ്ഥാനത്തിലാണ് ജനാധിപത്യം കണക്കാക്കേണ്ടത്.''28
ഈ ആശയം സാക്ഷാല്‍ക്കരിക്കുന്നതിനായി അദ്ദേഹം പ്രതിബദ്ധതയോടെ നിലകൊണ്ടു. ലക്ഷ്യസാക്ഷാല്‍ക്കാരത്തിനായി കഠിനാധ്വാനം ചെയ്തു. ദലിതരോടൊപ്പം ന്യൂനപക്ഷങ്ങളുടെയും മറ്റു അധഃസ്ഥിത വിഭാഗങ്ങളുടെയും തുല്യതയും സമത്വവും ഉറപ്പുവരുത്തണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. ആദ്യകാലങ്ങളില്‍ അദ്ദേഹം ദലിതര്‍ക്കും മുസ്ലിംകള്‍ക്കും  വെവ്വേറെ നിയോജകമണ്ഡലങ്ങള്‍ വേണമെന്ന ആവശ്യമാണ് ഉന്നയിച്ചിരുന്നത്.29 പിന്നീട് നിയമസഭകളിലും പാര്‍ലമെന്റിലും മന്ത്രിസഭയിലും സര്‍ക്കാര്‍ ജോലികളിലും ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സംവരണം വേണമെന്ന നിര്‍ദേശം അദ്ദേഹം സമര്‍പ്പിച്ചു. എന്നല്ല, കരട് ഭരണഘടനയില്‍ ഈ നിര്‍ദേശം ഉള്‍പ്പെടുത്തുന്നതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു.30
ഭരണഘടനാ ഡ്രാഫ്റ്റ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുന്നതിനു മുമ്പ് തന്നെ അദ്ദേഹം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംബന്ധിച്ച വിശദമായ കരടു രേഖ തയാറാക്കുകയും പ്രസ്തുത കരട് കമ്മിറ്റിക്കു മുന്നില്‍ അവതരിപ്പിക്കുകയുമാണ് ചെയ്തത്. ഈ കരടു രേഖ ന്യൂനപക്ഷ അവകാശങ്ങളുടെ വ്യക്തമായ ചിത്രം നല്‍കുന്നതായിരുന്നു. രാഷ്ട്രവും ന്യൂനപക്ഷവും (The State and Minorities)  എന്ന പേരില്‍ പ്രസിദ്ധീകരിച്ച ഈ ഡ്രാഫ്റ്റ് ഇപ്പോഴും ലഭ്യമാണ്.31 ഈ ഡ്രാഫ്റ്റില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംബന്ധിച്ച  മുഴുവന്‍ വിശദാംശങ്ങളുമുണ്ട്.  പ്രസ്തുത  അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് കൃത്യതയുള്ള മാര്‍ഗനിര്‍ദേശങ്ങളും അംബേദ്കര്‍ മുന്നോട്ടുവെക്കുന്നു. പ്രബലരും ശക്തരുമായ ഹിന്ദു ജാതി വിഭാഗങ്ങളുടെ രാഷ്ട്രീയ അഭിലാഷങ്ങളും ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുകയെന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള അവരുടെ ആഗ്രഹവും ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്ന് അദ്ദേഹം  ചൂണ്ടിക്കാണിച്ചിട്ടുണ്ട്.  ഭൂരിപക്ഷ സ്വേഛാധിപത്യത്തിന്റെ അപകടം  മനസ്സിലാക്കി അത് തടയാനുള്ള വഴികളും നിര്‍ദേശിച്ചു. ഉദാഹരണമായി, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും കൗണ്‍സിലുകളിലെയും ഭൂരിപക്ഷ പ്രാതിനിധ്യം ഒരിക്കലും അവരുടെ ജനസംഖ്യാനുപാതത്തില്‍ കവിയുന്നില്ലെന്ന് നിയമപരമായും ഭരണഘടനാപരമായും ഉറപ്പുവരുത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.32 ന്യൂനപക്ഷങ്ങള്‍ക്കു സംവരണമുള്ളതോടൊപ്പം, ഭൂരിപക്ഷ വിഭാഗങ്ങള്‍ മത്സരിക്കുന്ന സീറ്റുകളിലും വിജയിക്കുന്ന സ്ഥാനാര്‍ഥിക്ക് നിശ്ചിത എണ്ണം ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കണമെന്നും, അതുവഴി ഭൂരിപക്ഷ വിഭാഗങ്ങളില്‍നിന്നും ജയിച്ചുവരുന്നവര്‍ക്ക് ന്യൂനപക്ഷ അവകാശങ്ങളോട് താല്‍പ്പര്യമുണ്ടാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. രാഷ്ട്രീയവും സാമൂഹികവുമായ അവകാശങ്ങള്‍ക്കൊപ്പം, സാമ്പത്തിക അവകാശങ്ങള്‍ക്കും സാമ്പത്തിക ജനാധിപത്യത്തിനും അംബേദ്കര്‍ വലിയ ഊന്നല്‍ നല്‍കുകയും സാമ്പത്തിക ജനാധിപത്യത്തിനായി വിപ്ലവകരവും ഉജ്ജ്വലവുമായ നടപടികള്‍ നിര്‍ദേശിക്കുകയും ചെയ്തു.33
അംബേദ്കര്‍ മുന്നോട്ടുവെച്ച മഹത്തായ ഈ ആശയങ്ങളും തത്ത്വങ്ങളും നിലനില്‍ക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ദലിത് പ്രസ്ഥാനങ്ങള്‍ മുന്നോട്ടുപോവുകയും ചെയ്തിരുന്നെങ്കില്‍ വിഭാഗീയ ചിന്താഗതികള്‍ വെച്ചുപുലര്‍ത്തുന്നവര്‍ക്ക് ഒരിക്കലും അവസരങ്ങള്‍ ലഭിക്കുമായിരുന്നില്ല. എന്നാല്‍ പിന്നീട് സംഭവിച്ചത് മറിച്ചാണ്. ദലിത് പ്രസ്ഥാനങ്ങളുടെ ദിശയും ശൈലിയും പാടേ മാറി. ഈ സാഹചര്യം ഹിന്ദുത്വ പ്രസ്ഥാനങ്ങള്‍  മുതലെടുക്കുകയും  രംഗം കൈയടക്കുകയുമായിരുന്നു.
ദലിത് പ്രസ്ഥാനങ്ങള്‍ ജാതി സ്വത്വം ഉയര്‍ത്തിപ്പിടിക്കുകയും തദടിസ്ഥാനത്തില്‍ ജാതീയതയെ രാഷ്ട്രീയവല്‍ക്കരിക്കുകയും ചെയ്തുതുടങ്ങിയതാണ് അവരിലുണ്ടായ ആദ്യ വ്യതിചലനമെന്നു പറയാം. മാര്‍ക്‌സിസ്റ്റ് വൈരുധ്യാത്മകത (Marxist Dialectics)  ഉപയോഗിച്ച് അവര്‍ ഇപ്രകാരം പറഞ്ഞുതുടങ്ങി; ആദ്യമാദ്യം ജാതികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വിവേചനങ്ങളും ഭിന്ന കാഴ്ചപ്പാടുകളും രൂക്ഷമാകും. പിന്നീട് സാമൂഹിക ഘടനയില്‍ മാറ്റങ്ങള്‍ വരികയും ഇത്തരം വിവേചനങ്ങളും ഭിന്നതകളും അവസാനിക്കുകയും ചെയ്യും. യഥാര്‍ഥ തദ്ദേശീയര്‍ (ഒറിജിനല്‍ റെസിഡന്‍സ്) എന്ന പുതിയൊരാശയം കൂടി അവര്‍ പിന്നീട് സമര്‍പ്പിച്ചു. അതുപ്രകാരം ദലിത് വിഭാഗങ്ങളെയും ആദിവാസികളെയും ന്യൂനപക്ഷങ്ങളെയും മറ്റു ജാതി-മത വിഭാഗങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന പ്രത്യേക വംശീയ വിഭാഗമായി കണക്കാക്കുകയും അവരാണ് ഇന്ത്യയുടെ യഥാര്‍ഥ നിവാസികളെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. രാജ്യത്തിന്റെ സാമൂഹിക ഘടനയെ മാറ്റിമറിച്ച് തദ്ദേശീയര്‍ക്ക് യഥാര്‍ഥ അധികാരവും മേല്‍ക്കോയ്മയും ലഭ്യമാക്കുകയും മറ്റുള്ളവരെയെല്ലാം രണ്ടാംതരം പൗരന്മാരായി കണക്കാക്കുകയും ചെയ്യുന്നതായിരുന്നു ഈ കാഴ്ചപ്പാട്. 
ചൂഷണ മനോഭാവത്തിന്റെ പേരാണ് ബ്രാഹ്മണിസം എന്ന് അംബേദ്കര്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. എന്നാല്‍ അംബേദ്കറുള്‍പ്പെടെ ദലിത് നേതാക്കളും പ്രസ്ഥാനങ്ങളും അക്കാലത്ത് ബ്രാഹ്മണ ജാതിയെ അന്ധമായി എതിര്‍ത്തിരുന്നില്ല, മറിച്ച് ചൂഷണത്തിന്റെയും അസമത്വത്തിന്റെയും മനോഭാവത്തോടാണ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നത്. ബ്രാഹ്മണ്യത്തിന് വേണമെങ്കില്‍ ദലിതരുടെ മനസ്സിനകത്തും  ജീവിക്കാന്‍ കഴിയും എന്നതാണ് ശരി.34 എന്നാല്‍ പഴയകാല നിലപാടുകളില്‍നിന്നും തികച്ചും വ്യത്യസ്തമായി ആധുനിക ദലിത് പ്രസ്ഥാനങ്ങള്‍ ഉയര്‍ന്ന ജാതികളില്‍ പെട്ടവരോടുള്ള എതിര്‍പ്പും ജാതി സംഘര്‍ഷവും അവരുടെ അടിസ്ഥാന ലക്ഷ്യമായി കാണുന്നു.
ഈ ചുവടുമാറ്റം ദലിത് പാര്‍ട്ടികള്‍ക്ക് അപ്രതീക്ഷിതവും പെട്ടെന്നുള്ളതുമായ രാഷ്ട്രീയ നേട്ടങ്ങള്‍  ലഭ്യമാക്കി എന്നതിലൊന്നും എതിരഭിപ്രായമില്ല. ഭരണഘടന തയാറാക്കിയതിനു ശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭരണഘടനാ ശില്‍പിയായ അംബേദ്കറിന് വിജയിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ദലിത് പ്രസ്ഥാനങ്ങളുടെ നയംമാറ്റത്തെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ച് കന്‍ഷിറാമിന്റെ ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) വിജയക്കൊടി പാറിച്ചു. പക്ഷേ, താല്‍ക്കാലിക രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി നയനിലപാടുകളില്‍ വെള്ളം ചേര്‍ക്കുകയും അടിസ്ഥാന നിലപാടുകളില്‍നിന്ന് പിറകോട്ടു പോവുകയും ചെയ്തതിന് പിന്നീടവര്‍ക്ക് കനത്ത വില നല്‍കേണ്ടി വന്നു. ദലിത് പുരോഗതിയുടെ യഥാര്‍ഥ ലക്ഷ്യങ്ങളില്‍നിന്ന് പിറകോട്ടു പോകാന്‍ ഈ നയംമാറ്റം നിമിത്തമായി.
സ്വത്വരാഷ്ട്രീയത്തില്‍ സംഘ് പരിവാറിന് അസാധാരണ വൈദഗ്ധ്യമുണ്ട്.  ജാതി ചിന്തകള്‍ ഉയര്‍ന്നുവന്നപ്പോള്‍ തന്നെ ദലിതര്‍ക്കുള്ളിലെ ഉപജാതി പ്രശ്‌നങ്ങളും രൂക്ഷമായി. പിന്നീടത് അവര്‍ക്കിടയിലെ ജാതി വഴക്കായി മാറാന്‍ അധിക കാലം വേണ്ടി വന്നില്ല. ഉപജാതികളുടെ സ്വത്വചിഹ്നങ്ങള്‍ (Symbols of Identity) ഉപയോഗിച്ച് സംഘ് പരിവാര്‍ ദലിതര്‍ക്കിടയില്‍ സ്വന്തമായി ഇടമുണ്ടാക്കി. ദലിതര്‍ക്കിടയില്‍ സംഘ് പരിവാര്‍ നേടിയെടുത്ത അതിവേഗ ജനപ്രീതിയുടെയും സ്വാധീനങ്ങളുടെയും കാരണങ്ങളിലേക്ക് വലിയ തോതില്‍ വെളിച്ചം വീശുന്നുണ്ട് ബദ്രി നാരായണിന്റെ അടുത്തിടെ പ്രസിദ്ധീകരിച്ച പുസ്തകം.35
രണ്ടാമത്തെ പ്രധാന മാറ്റം ബുദ്ധമതവുമായി ബന്ധപ്പെട്ടതാണ്. ഹിന്ദു ആശയങ്ങളിലും തത്ത്വങ്ങളിലും ജീവിതരീതിയിലും വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തി ദലിതര്‍ക്ക് സമത്വം കൊണ്ടുവരാനാണ് അംബേദ്കര്‍ ആദ്യം ശ്രമിച്ചത്.  ഈ ശ്രമത്തിന്  യാതൊരുവിധ വിജയ സാധ്യതയും കാണാതെ വന്നപ്പോള്‍ താന്‍ ഹിന്ദുമതം വിടുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നാസിക്കിനടുത്തുള്ള അയോലയില്‍ വെച്ച് അദ്ദേഹം  മതംമാറ്റ പ്രഖ്യാപനം നടത്തിയപ്പോള്‍ പലരും കരുതിയത് ഇസ്ലാമോ ക്രിസ്തുമതമോ ആയിരിക്കും അദ്ദേഹം തെരഞ്ഞെടുക്കുക എന്നായിരുന്നു. ഇന്ത്യയില്‍ ഇസ്ലാം ആചരിക്കപ്പെടുന്ന രീതിയെക്കുറിച്ച് അംബേദ്കറിന് ചില പരാതികള്‍ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ഇസ്ലാമിന്റെ വലിയ 'ആരാധകന്‍' ആയിരുന്നു.  എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍, തങ്ങളുടെ സാമൂഹികവും രാഷ്ട്രീയവുമായ ആവശ്യങ്ങള്‍ക്ക് ഇസ്ലാം സ്വീകരിക്കുന്നത് ഗുണകരമാകില്ലെന്നാണ് അവര്‍ കണക്കുകൂട്ടിയത്. പിന്നീട് സ്വാതന്ത്ര്യാനന്തരം ബുദ്ധമതം സ്വീകരിക്കുന്നതായി അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു.36
നാം ഹിന്ദുത്വ ആശയധാരയെ പറ്റി പറഞ്ഞ സന്ദര്‍ഭത്തില്‍ ഹിന്ദുത്വം എല്ലാ 'ഇന്ത്യന്‍ മതങ്ങളെ'യും സ്വീകാര്യമായി കണക്കാക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ മതങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന എല്ലാ മതങ്ങളെയും വ്യാഖ്യാനിക്കാനും വിശാലമായ ഹിന്ദു ജീവിതരീതിയിലേക്ക് സമന്വയിപ്പിക്കാനും അനായാസേന സാധ്യമാകുമെന്നതാണ് ഇതിന് കാരണം. ഈ മതങ്ങളിലെല്ലാം വ്യക്തമായ നിയമങ്ങളുടെയും സ്ഥിരമായ മൂല്യങ്ങളുടെയും അഭാവം പ്രകടമായിരിക്കും. അങ്ങനെ ദലിതര്‍ ബുദ്ധമതം സ്വീകരിക്കാന്‍ തുടങ്ങിയപ്പോള്‍ ഹിന്ദുത്വ ശക്തികള്‍ അവരുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന രീതികള്‍ സ്വീകരിക്കാനും അവ പരീക്ഷിക്കാനും തുടങ്ങി. ഒരു ദലിത് ചിന്തകന്‍ അന്നത്തെ സാഹചര്യം വ്യക്തമായി ചിത്രീകരിക്കുന്നുണ്ട്: ''ബുദ്ധമതത്തെ ബ്രാഹ്മണവല്‍ക്കരിക്കാനുള്ള പ്രക്രിയ അവര്‍ ആരംഭിച്ചു. വിഭാഗീയ ശക്തികള്‍ ബുദ്ധനെ വിഷ്ണുവിന്റെ പത്താമത്തെ അവതാരമായി ചിത്രീകരിക്കാന്‍ തുടങ്ങി. വൈദിക പാരമ്പര്യമനുസരിച്ച് ബുദ്ധ പ്രതിമകളെ ദേവതകളായി ചിത്രീകരിച്ച് പൂജാകര്‍മങ്ങളും ആരാധനകളും അര്‍പ്പിക്കാന്‍ തുടങ്ങി. ബുദ്ധ മതത്തിലേക്ക് പുതുതായി കടന്നുവന്നവര്‍ പുതിയ മതത്തിലേക്ക് അവരുടെ സ്വന്തം ജാതിയെ കൂടി കൊണ്ടുന്നു. ഒപ്പം അവരുടെ പ്രത്യേക ഗേറ്റോകള്‍ നിര്‍മിക്കുകയും ചെയ്തു. ബുദ്ധമതം സ്വീകരിച്ച പുതു ദലിതുകള്‍ അവരുടെ വിവാഹങ്ങളും മറ്റും അവര്‍ക്കിടയില്‍ നിലനിന്നിരുന്ന പഴയ ജാതീയതയെ അടിസ്ഥാനമാക്കിയാണ്  നടത്തിവന്നത്. സമൂഹത്തില്‍ സമൂലമായ മാറ്റത്തിനായുള്ള പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്ന സാമൂഹിക പ്രവര്‍ത്തകര്‍ സമരമൊക്കെ ഉപേക്ഷിച്ച് ധ്യാനത്തിലും സന്യാസത്തിലും മുഴുകിയിരിക്കുകയാണ് എന്നതാണ് മറ്റൊരു ആശങ്ക. പോരാടാനുള്ള അവരുടെ കഴിവും സാമൂഹിക മാറ്റത്തെക്കുറിച്ചുള്ള അവരുടെ സ്വപ്‌നങ്ങളും അപ്രത്യക്ഷമായിരിക്കുന്നു.''37
തങ്ങള്‍ക്ക് വലിയ ഭീഷണിയായി കരുതിയ അംബേദ്കറെ  സംഘ് പരിവാര്‍ ആദ്യകാലത്ത് ശക്തമായി എതിര്‍ത്തു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തില്‍ (1997) അരുണ്‍ ഷൂരി ഒരു പുസ്തകമെഴുതിയിരുന്നു. Worshipping False God എന്നാണ് ആ പുസ്തകത്തിന്റെ പേര്.38 അംബേദ്കറെ ബ്രിട്ടീഷുകാരുടെ സ്തുതിപാഠകനായും  രാജ്യദ്രോഹിയായും വംശീയവാദിയായും ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ പുസ്തകം. അക്കാലത്ത്, വലതുപക്ഷ വൃത്തങ്ങളില്‍ ഈ പുസ്തകത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാലിന്ന്, ദലിത് സ്വത്വരാഷ്ട്രീയത്തിന്റെ  ഉപകരണമെന്ന നിലയില്‍ അവര്‍ അംബേദ്കറെ സ്വീകരിക്കാനും തങ്ങളുടേതാക്കി മാറ്റാനും തുടങ്ങിയിരിക്കുന്നു. എന്നല്ല, തെറ്റായ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ ആരോപിച്ച് തങ്ങളുടെ വിഭാഗീയ അജണ്ടകള്‍ക്ക് ശക്തി പകരുന്ന വാദങ്ങള്‍ പടച്ചുണ്ടാക്കാനുള്ള നെട്ടോട്ടത്തിലുമാണ് സംഘ് പരിവാര്‍ സൈദ്ധാന്തികര്‍. 'ഓര്‍ഗനൈസറി'ല്‍ സംഘ് സൈദ്ധാന്തികനായ കൃഷ്ണ ഗോപാല്‍  എഴുതിയത് മുസ്ലിം ഭരണകാലഘട്ടങ്ങളിലാണ് ജാതിവേര്‍തിരിവ് ആരംഭിച്ചത് എന്നായിരുന്നു!39 കാവി പതാക രാജ്യത്തിന്റെ ദേശീയ പതാകയാക്കാന്‍ അംബേദ്കര്‍ ആഗ്രഹിച്ചിരുന്നതായി മോഹന്‍ ഭാഗവത് എഴുതി.40
ചുരുക്കിപ്പറഞ്ഞാല്‍, അംബേദ്കര്‍ മുന്നോട്ടു വെച്ച സമത്വത്തിന്റെയും ജനാധിപത്യത്തിന്റെയും തത്ത്വങ്ങളുമായി ദലിത് പ്രസ്ഥാങ്ങള്‍  മുന്നോട്ടു പോയിരുന്നെങ്കില്‍, അത് രാജ്യത്തെ മുഴുവന്‍ ദുര്‍ബല വിഭാഗങ്ങളുടെയും ശബ്ദമായി മാറുമായിരുന്നു. പക്ഷേ, ജാതി സംഘര്‍ഷങ്ങളുടെ കുരുക്കിലകപ്പെട്ട പ്രസ്ഥാനങ്ങളായി മാറാനായിരുന്നു അവയുടെ വിധി. അതോടെ ദലിത് പ്രസ്ഥാനങ്ങള്‍ ചുരുക്കം ചില അജണ്ടകളില്‍ പരിമിതപ്പെടുക മാത്രമല്ല, അവയുടെ അജണ്ടകള്‍ക്ക് തന്നെ അന്ത്യം കുറിക്കാന്‍ സംഘ് പരിവാറിന് എളുപ്പമായി. ജാതി സംഘര്‍ഷം എന്ന തത്ത്വം സംഘ് പരിവാര്‍ സ്വന്തം നേട്ടത്തിനായി അതിവിദഗ്ധമായി ഉപയോഗിച്ചു. മഹാന്മാരായ നേതാക്കള്‍ മുന്നോട്ടുവെക്കുന്ന തത്ത്വങ്ങളും സിദ്ധാന്തങ്ങളും വിസ്മരിക്കപ്പെടുമ്പോള്‍ നേതാക്കള്‍ വെറും പ്രതീകങ്ങളോ വിഗ്രഹങ്ങളോ ആയി മാറുന്നു. അവരുടെ ആശയങ്ങളെ ചവിട്ടിമെതിക്കാന്‍ അവരുടെ വിഗ്രഹങ്ങളെ തന്നെ ഉപയോഗപ്പെടുത്തുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അംബേദ്കര്‍ തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം.  ഇന്ന് സകല നഗരങ്ങളിലും അദ്ദേഹത്തിന്റെ പ്രതിമയുണ്ട്. ഓരോ ഇന്ത്യക്കാരനും അംബേദ്കറെ ഓര്‍ക്കുന്നത്, ഭരണഘടനാ ശില്‍പി എന്ന നിലക്കും സമുന്നതനായ രാഷ്ട്രീയ നേതാവ് എന്ന നിലക്കുമാണ്. എന്നാല്‍ അദ്ദേഹം സമര്‍പ്പിച്ച തത്ത്വങ്ങളും പ്രത്യയശാസ്ത്രങ്ങളും സാമൂഹിക മണ്ഡലത്തില്‍നിന്ന് പൂര്‍ണമായും അപ്രത്യക്ഷമായിരിക്കുന്നു. ദലിത് പ്രസ്ഥാനങ്ങളില്‍ തന്നെ അംബേദ്കര്‍ തത്ത്വങ്ങളുടെയും  സിദ്ധാന്തങ്ങളുടെയും ഒരു അടയാളവുമില്ല എന്നതാണ് നേര്.  
(അവസാനിച്ചു)
വിവ: അബ്ദുല്‍ ഹകീം നദ്വി
  
കുറിപ്പുകള്‍:

20.    B.R Ambedkar (2016) - Riddles of Hinduism, Navayana Publicaitons
21.     Dr. B.R. Ambedkar (1947) State and Minorities; available on internet at 
    https://drambedkar.co.in/wp-content/uploads/books/category2/11states-and-minorities.pdf retrieved on 10-07-2021
22.     B.R. Ambdekar (2019) Annihilation of Caste With Reply to Gandhi; MJP Publishers, Delhi
23.     B.R. Ambedkar (2014) with introduction By Arundhati Roy; Annihilation of Caste the Annotated Critical Edition,  Navayana Publications
24.     B.R. Ambedkar (2016) Annihilation of Caste in Dr. Baba Saheb Ambedkar: Writings and Speeches; Ambedkar Foundation, Mumbai, pages 56-57
25.     Ibid page 109
26.     Ibid page 78
27.     Moon Vasant Ed, Dr. Babasaheb Ambedkar, Writings and Speeches, op. cit., Vol-3, pp.25-26.
28.     Prospects of Democracy in India, 1956] at https://velivada.com/2015/02/07/what-are-the-prospects-of-democracy-in-india-by-dr-b-r-ambedkar/
29.      Official Report (2014, Sixth reprint); Constituent Assembly Debates;Volume 9; Lok Sabha Secretariat; New Delhi; pages 597 to 670.
30.     Vasant Moon Ed. (2014) Dr. Babasaheb Ambedkar Writings and Speeches; Volume 13; Dr. Ambedkar Foundation New Delhi. Pages 105-313 (അധിക വായനക്ക് പേജ് 240 കൂടി നോക്കുക)
31.     Ambedkar, B. (2018). States and Minorities. (n.p.): Amazon Digital Services LLC - KDP Print US.
32.     Ibid
33.     B. Shiva Rao et. Al (1968) The Framing of India's Constitution: Select Documents; Indian Institute of Public Admin. New Delhi. Page 755 and also 760-761
34.     Thoughts of Dr. Babasaheb Ambedkar, Ed. Y.D. Sontakke. (c) 2004: Samyak Prakashan. Page 88
35.      Badri Narayan(2021) Republic of Hindutva; Penguin Random House India; Gurgaon.
36.     ഈ വിഷയം വിശദമായി മനസ്സിലാക്കുന്നതിന് സഹായകമായ പുസ്തകമാണിത്.
    Strategy of Conversion to Buddhism: Intent and Aftermath, Anand Teltumbde, from The Radical In Ambedkar: Critical Reflections, edited by Suraj Yengde and Anand Teltumbde, Penguin Books India.
37. https://thewire.in/politics/the-days-of-identity-in-dalit-politics-is-over-we-need-to-focus-on-ideology
38.     Shourie, A. (2012). Worshipping False Gods : Ambedkar, And The Facts Which Have Been Erased. India: Harper Collins Publishers India.
39.     Dr. Krishna Gopal (2020) Multifaceted Ambedkar in Organiser 14-04-2020
40.    https://www.indiatoday.in/india/story/mohan-bhagwat-ambedkar-sangh-ideology-rss-240342-2015-02-14
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 53-55
ടി.കെ ഉബൈദ്‌

ഹദീസ്‌

ഏറ്റവും പ്രതിഫലാര്‍ഹമായ ദാനം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌