Prabodhanm Weekly

Pages

Search

2021 നവംബര്‍ 19

3227

1443 റബീഉല്‍ ആഖിര്‍ 14

നിയമവും ധര്‍മവും ഒന്നിച്ചു നീങ്ങട്ടെ

റഹ്മാന്‍ മധുരക്കുഴി

മന്ത്രവാദവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്നതിന് നിയമ പരിഷ്‌കാര കമീഷന്‍ സര്‍ക്കാറിന് സമര്‍പ്പിച്ച കരട് ബില്‍ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലുണ്ടെന്നറിയുന്നു. താമസിയാതെ നിയമസഭയില്‍ അവതരിപ്പിച്ചേക്കാം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ  പിഴയും ഉറപ്പാക്കുന്നതാണ് നിയമം. മന്ത്രവാദം, കൂടോത്രം, പ്രേതബാധ ഒഴിപ്പിക്കല്‍, നിധി തേടിയുള്ള ഉപദ്രവം, ചികിത്സ തടയല്‍ തുടങ്ങിയവയും ശിക്ഷാര്‍ഹമായിരിക്കും. മന്ത്രവാദത്തിന്റെ മറവില്‍ ലൈംഗിക പീഡനം നടത്തുന്നതും കടുത്ത കുറ്റമായിരിക്കും. സംസ്ഥാനത്ത് മന്ത്രവാദവുമായും ആഭിചാരവുമായും ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അതിന് തടയിടാന്‍ കര്‍ശന നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ സര്‍ക്കാര്‍ ഗൗരവപൂര്‍വം ആലോചിച്ചിരുന്നു.
കോഴിക്കോട് വെള്ളയിലെ 29-കാരി ഷമീന ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചത് ജിന്ന് ചികിത്സക്കിടെ പൊള്ളലേറ്റിട്ടാണ്. മന്ത്രവാദ ചികിത്സക്കിടെ, പെട്രോള്‍ കത്തിച്ചപ്പോള്‍ തീ ആളിപ്പടര്‍ന്ന് മാരകമായി പൊള്ളലേറ്റായിരുന്നു ഷമീനയുടെ മരണം. ഷമീനയുടെ പുനര്‍ വിവാഹം കഴിയും വേഗം നടക്കുന്നതിന് വഴിയൊരുക്കാനായിരുന്നുവത്രെ ജിന്ന്  ബാധ ഒഴിപ്പിക്കാനായി ഒരു സ്ത്രീയെ ഷമീന സമീപിച്ചത്. ഇപ്പോഴിതാ കണ്ണൂര്‍ സിറ്റിയില്‍നിന്ന് ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത വന്നിരിക്കുന്നു. കണ്ണൂര്‍ സിറ്റിയിലെ ഒരു പള്ളി ഇമാം നടത്തിയ മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് ഒരു വിദ്യാര്‍ഥിനി മരണമടഞ്ഞു. ആശുപത്രിയില്‍ പോകരുതെന്നും മരുന്ന് കഴിക്കരുതെന്നും ഇതര ചികിത്സാ രീതികള്‍ വിശ്വാസത്തിനും മതത്തിനും എതിരാണെന്നുമൊക്കെയുള്ള, മതത്തിന്റെ അധ്യാപനവുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങളാണ് ഈ 'ഇമാം മന്ത്രവാദി' തട്ടിവിട്ടത്. അന്ധവിശ്വാസജഡിലമായ മനസ്സുകളുടെ ഉടമകളെ അവരുടെ ഈ ദൗര്‍ബല്യം ചൂഷണം ചെയ്ത് മുതലെടുപ്പ് നടത്തുന്ന ഇത്തരം തട്ടിപ്പ് സംഘങ്ങളെ ജയിലിലടക്കാന്‍ സര്‍ക്കാര്‍ ജാഗ്രത കാണിച്ചേ പറ്റൂ. അപസ്മാര രോഗത്തെ പ്രേതബാധയായും ജിന്ന് കൂടലുമായി വ്യാഖ്യാനിച്ചാണ് പല തട്ടിപ്പുകളും അരങ്ങ് തകര്‍ക്കുന്നത്. കൊടിയ പീഡനവും ചിലപ്പോള്‍ ലൈംഗിക ചൂഷണവും മന്ത്രവാദത്തിന്റെ മറവില്‍ നടക്കുന്നുണ്ട്.
കര്‍ണാടകയും മഹാരാഷ്ട്രയുമാണ് അന്ധവിശ്വാസങ്ങള്‍ക്കെതിരെ നടപടിയുമായി മുന്നോട്ടു വന്നത്. കര്‍ണാടകയില്‍ ദുരാചാരങ്ങള്‍ക്കിരയായി ജീവന്‍ നഷ്ടപ്പെട്ടവരും, ക്രൂരമായി പീഡനങ്ങള്‍ക്കിരയായവരും ഏറെയുണ്ട്. നിധി കണ്ടെത്താന്‍ ഏഴു വയസ്സുകാരനെ ബലി കൊടുക്കാന്‍ ഒരു കൂട്ടമാളുകള്‍ തയാറായത് കര്‍ണാടകയിലെ നഞ്ചല്‍ കോട്ടിലാണ്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ രംഗത്തു വന്ന മാധ്യമ പ്രവര്‍ത്തക ഗൗരീ ലങ്കേഷ് ക്രൂരമായി വധിക്കപ്പെട്ടു. സാഹിത്യ പ്രതിഭ കല്‍ബുര്‍ഗിയും ഇതേ 'കുറ്റ'ത്തിന് കര്‍ണാടകയില്‍ വധിക്കപ്പെട്ടു. ഈദൃശങ്ങളായ ക്രൂരവും മനുഷ്യത്വരഹിതവുമായ ചെയ്തികള്‍ വെച്ചുപൊറുപ്പിക്കുന്നത് നാടിനെ കൊടിയ അപായ ഗര്‍ത്തത്തിലേക്ക് തള്ളിവിടുമെന്ന ആശങ്കയായിരുന്നു കര്‍ണാടക സര്‍ക്കാറിനെ അന്ധവിശ്വാസ നിരോധന നിയമം കൊണ്ടുവരാന്‍ നിര്‍ബന്ധിച്ചത്. മഹാരാഷ്ട്ര സര്‍ക്കാര്‍ ഇത്തരമൊരു ബില്ല് നേരത്തേ പാസ്സാക്കിയിട്ടുണ്ട്.
അന്ധവിശ്വാസ-ദുരാചാരങ്ങള്‍ക്കെതിരെ വിവിധ മതവിഭാഗങ്ങളുടെ നേതൃനിര തന്നെ രംഗത്തു വരണം. അവരുടെ യുവജന വിഭാഗങ്ങള്‍ ഈ കൊടിയ തിന്മക്കെതിരെ ബോധവത്കരണ യജ്ഞങ്ങളില്‍ വ്യാപൃതരാവണം. കേവല നിയമനിര്‍മാണങ്ങള്‍ കൊണ്ട് പ്രശ്‌നപരിഹാരം സാധ്യമാവില്ല. നിയമം നടപ്പില്‍ വരുത്താന്‍ ശ്രമിക്കുമ്പോള്‍ യാഥാസ്ഥിതിക ജനവിഭാഗങ്ങളില്‍നിന്ന് ശക്തമായ എതിര്‍പ്പ് വരുമെന്നും അത് തങ്ങളുടെ രാഷ്ട്രീയ ഭാവിക്ക് ദോഷം ചെയ്യുമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയപ്പെടുന്നു. നിര്‍ദിഷ്ട നിയമം ഉദ്ദിഷ്ട ഫലം നല്‍കണമെങ്കില്‍ അധികാരം വാഴുന്ന അധികൃതര്‍ അത് നടപ്പാക്കാനുള്ള ഇഛാശക്തി കൂടി കാണിക്കേണ്ടതുണ്ട്. 


പ്രഭാഷണ വിസ്മയം

നേമം താജുദ്ദീന്‍ തിരുവനന്തപുരം

ടി.കെയുടെ വിയോഗം തീര്‍ത്താല്‍ തീരാത്ത നഷ്ടമാണ്. ടി.കെയുടെ ഓരോ പ്രസംഗവും പകരം വെക്കാന്‍ കഴിയാത്ത വിധം ഗംഭീരവും ശില്‍പഭംഗിയുള്ളതുമായിരുന്നു. ഹൃദയാന്തരങ്ങളിലേക്ക് അത് ഒഴുകിയെത്തി. ആ പ്രസംഗങ്ങള്‍ മുറിയാതെ, താളം തെറ്റാതെ ഓര്‍മിച്ചെടുക്കാന്‍ കഴിയുന്നതായിരുന്നു. പാട്ടും കവിതയുമൊക്കെയായി കേള്‍വിക്കാരെ ആഹ്ലാദിപ്പിക്കുന്നതും ഒപ്പം ചിന്തിപ്പിക്കുന്നതുമാണ് ഓരോ പ്രസംഗവും.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 53-55
ടി.കെ ഉബൈദ്‌

ഹദീസ്‌

ഏറ്റവും പ്രതിഫലാര്‍ഹമായ ദാനം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌