കുറ്റകൃത്യങ്ങള്‍ തടയാന്‍ ഈ കൂട്ടായ്മകള്‍ക്ക് ഒന്നും ചെയ്യാനില്ലേ?
ഇന്ത്യ യുവാക്കളുടെ രാജ്യമാണെന്ന് പറയാറുണ്ട്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇന്ത്യക്കാരില്‍ 29 ശതമാനവും 15-നും 29-നും ഇടക്ക് പ്രായമുള്ളവരാണ്. എണ്ണത്തില്‍ പറഞ്ഞാല്‍ മുപ്പത്തിയാറ് കോടി ജനങ്ങള്‍. ലോകത്താകമാനം ഈ പ്രായക്കാര്‍ 180 കോടിയാണ്. അവരിലെ ഇരുപത് ശതമാനവും ഇന്ത്യയില്‍നിന്നാണ് എന്നര്‍ഥം. ലോകത്തെ ഒട്ടുമിക്ക വികസിത രാജ്യങ്ങളിലും യുവജനങ്ങള്‍ ഗണ്യമായി കുറഞ്ഞുവരുമ്പോള്‍ ചോരത്തിളപ്പുള്ള മുപ്പത്തിയാറ് കോടി യുവാക്കള്‍ ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തും ഭാവിയിലേക്കുള്ള കരുതിവെപ്പുമാണ്. അതേസമയം ഇത്ര വലിയ യുവസഞ്ചയം രാജ്യത്തിന് മുന്നിലെ വലിയ വെല്ലുവിളിയുമാണ്. അവര്‍ക്ക് മതിയായ വിദ്യാഭ്യാസം നല്‍കുക, നൈപുണികള്‍ അഭ്യസിപ്പിക്കുക, തൊഴില്‍ നല്‍കുക, അവരുടെ കഴിവുകള്‍ രാജ്യപുരോഗതിക്കായി ഉപയോഗപ്പെടുത്തുക- ഇതൊക്കെയാണ് ആ വെല്ലുവിളികള്‍. രാജ്യത്തെ മൊത്തം കണക്ക് പരിശോധിക്കുമ്പോള്‍ സെക്കന്ററി - ബിരുദ തലങ്ങളിലെ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചുവരുന്നത് ശുഭസൂചനയാണെങ്കിലും, പഠിച്ച് പുറത്തുവരുന്ന ആ പുതുതലമുറക്ക് അനുദിനം ശുഷ്‌കിച്ച് വരുന്ന തൊഴില്‍ മേഖലയെയാണ് അഭിമുഖീകരിക്കേണ്ടിവരുന്നത്. നോട്ട് നിരോധത്തിന് അഞ്ച് വര്‍ഷം പിന്നിട്ട ഈ വേളയില്‍ അത് ഇന്ത്യന്‍ സമ്പദ്ഘടനയെയും തൊഴില്‍ മേഖലയെയും എത്രത്തോളം പിടിച്ചുലച്ചുവെന്ന് ഇന്ന് നാം തിരിച്ചറിയുന്നുണ്ട്. 2011 -'12 കാലയളവില്‍ വിദ്യാസമ്പന്നരുടെ തൊഴിലില്ലായ്മ 6.1 ശതമാനമായിരുന്നെങ്കില്‍ 2017- 18 കാലയളവില്‍ അത് 17.8 ശതമാനമായി കുതിച്ചുയരുകയുണ്ടായി. കോവിഡ് പ്രതിസന്ധി കൂടി വന്നതോടെ തൊഴിലില്ലായ്മ അതിരൂക്ഷമായിരിക്കുകയാണ്.
രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണിത്. തൊഴിലില്ലാത്ത യുവാക്കള്‍ അസ്വസ്ഥരും നിരാശരുമാകും. അവര്‍ വഴിതെറ്റിപ്പോകാനുള്ള സാധ്യത ഇത്തരം ഘട്ടങ്ങളില്‍ വളരെ കൂടുതലാണ്. തങ്ങളുടെ ദുഷ്ടലക്ഷ്യങ്ങള്‍ സാധിക്കാനായി രാഷ്ട്രീയ പാര്‍ട്ടികള്‍ വരെ അവരെ ഉപയോഗിക്കും. പലതരം കുറ്റകൃത്യങ്ങളിലേക്ക് അവര്‍ നയിക്കപ്പെടും. യുവാക്കള്‍ വഴിതെറ്റുന്നതിനുള്ള ഒന്നാമത്തെ കാരണക്കാര്‍ ഭരണാധികാരികള്‍ തന്നെയാണ്. അവരാണല്ലോ വിദ്യാഭ്യാസവും തൊഴിലും നല്‍കി യുവാക്കളുടെ ജീവിത സുരക്ഷ ഉറപ്പാക്കാന്‍ ബാധ്യതപ്പെട്ടവര്‍. പകരം കേന്ദ്രം ഭരിക്കുന്ന കക്ഷിയും അതിന്റെ പരിവാരവും വിഭാഗീയതയുടെ വിത്തുകളെറിഞ്ഞ് യുവജന ശ്രദ്ധ മറ്റു പല വഴികളിലേക്കും തിരിച്ചു വിടാന്‍ ശ്രമിക്കുകയാണ്. ഭരണകൂടത്തിന് മാത്രമല്ല സമൂഹത്തിനും ഇക്കാര്യത്തില്‍ തുല്യ ഉത്തരവാദിത്തമുണ്ട്. മുസ്‌ലിം സമൂഹത്തെ ഉദാഹരണമായെടുക്കാം. മുസ്‌ലിം വിദ്യാര്‍ഥികളെ സംബന്ധിച്ചേടത്തോളം വീടുകളില്‍നിന്നോ മദ്‌റസകളില്‍നിന്നോ അവര്‍ക്ക് മത ധാര്‍മിക വിദ്യാഭ്യാസം കൂടി ലഭിക്കുന്നുണ്ട്. ഈ അവബോധം കുറ്റകൃത്യങ്ങളിലേക്ക് വഴിതെറ്റുന്നതില്‍നിന്ന് മുസ്‌ലിം യുവതയെ തടയേണ്ടതായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ മാധ്യമ വാര്‍ത്തകള്‍ നല്‍കുന്ന ചിത്രം മറ്റൊന്നാണ്. മയക്കുമരുന്നു കടത്ത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ മുസ്‌ലിം പേരുള്ള ധാരാളമാളുകളെ കാണുന്നു. ഈയാളുകള്‍ ചേര്‍ന്നു നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയോ മത സംഘടനയോ മഹല്ല് സംവിധാനമോ അത്തരക്കാര്‍ക്കെതിരെ എന്തെങ്കിലും നടപടി എടുത്തതായി കാണുന്നില്ല. കുറ്റവാളികള്‍ക്കെതിരെ ഈ കൂട്ടായ്മകള്‍ ശക്തമായ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ കുറ്റകൃത്യങ്ങള്‍ ഗണ്യമായി കുറയുമായിരുന്നു. ഇത്തരക്കാരെ മഹല്ലുകളെങ്കിലും ബഹിഷ്‌കരിച്ചിരുന്നുവെങ്കില്‍ ഇത് ഇത്രത്തോളം ഗുരുതരമാവില്ലായിരുന്നു. എന്ത് ചെയ്യാനാവുമെന്ന് എല്ലാവരും കൂട്ടായി ചിന്തിക്കട്ടെ.
Comments