Prabodhanm Weekly

Pages

Search

2021 സെപ്റ്റംബര്‍ 10

3216

1443 സഫര്‍ 03

വക്കം അബ്ദുല്‍ ഖാദര്‍ വെട്ടിമാറ്റാനാകാത്ത വെള്ളിനക്ഷത്രം

അഡ്വ. കെ.പി മുഹമ്മദ്

തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ് താലൂക്കിലെ വക്കം എന്ന തീരദേശ ഗ്രാമത്തില്‍ 1917 മേയ് 25-ന് വാവാക്കുഞ്ഞ്-ഉമ്മുസലുമ്മ ദമ്പതികളുടെ മൂത്ത മകനായാണ് അബ്ദുല്‍ ഖാദറിന്റെ ജനനം. പഠനത്തിലും കലാ സാഹിത്യ സാമൂഹിക രംഗങ്ങളിലും തിളങ്ങിനിന്ന ഖാദര്‍ നല്ലൊരു ഗായകനും സമപ്രായക്കാരുടെ പ്രിയ കൂട്ടുകാരനുമായി വളര്‍ന്നു. സ്വാതന്ത്ര്യ സമരം തിളച്ചുകൊണ്ടിരുന്ന കാലമാണ്. ഖാദറിന്റെ ആവേശം സമരത്തില്‍ പങ്കെടുക്കുന്നതിലേക്ക് വഴിമാറി. ആയിടക്കാണ് സമര പ്രചാരണവുമായി മഹാത്മജി കേരളത്തില്‍ എത്തുന്നത്. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഗാന്ധിജി സഞ്ചരിച്ച തീവണ്ടി വലിയൊരു ജനക്കൂട്ടം പൊതിഞ്ഞു. ആരോഗദൃഢഗാത്രനും ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയുമായ ഖാദര്‍ മിന്നല്‍പിണര്‍ പോലെ തീവണ്ടിയില്‍ ചാടിക്കയറി ഗാന്ധിജിയെ കെട്ടിപ്പുണര്‍ന്ന് ചുംബിച്ച രംഗം കണ്ട് സ്തംഭിച്ചുനില്‍ക്കാനല്ലാതെ പോലീസ് മേധാവികള്‍ക്കും നേതാക്കന്മാര്‍ക്കും ഒന്നുമായില്ല. ആ മധുരിക്കുന്ന ഓര്‍മ ജനങ്ങള്‍ എന്നും ആവേശപൂര്‍വം അയവിറക്കുമായിരുന്നു.
ഖാദറിന് ലഭിച്ച അംഗീകാരവും സ്‌നേഹവും പ്രസിദ്ധിയുമെല്ലാം വാവാക്കുഞ്ഞിനെ സന്തോഷിപ്പിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് വീട്ടില്‍ ഇരിക്കപ്പൊറുതിയില്ലായിരുന്നു. സമരക്കേസുകളുമായി ബന്ധപ്പെട്ട് പോലീസ് തുടര്‍ച്ചയായി ഖാദറിനെ അന്വേഷിച്ച് വീട്ടില്‍ വന്നുകൊണ്ടിരുന്നു. ഇതിന് അറുതിവരുത്താന്‍ എന്തെങ്കിലും ചെയ്‌തേ മതിയാവൂ. അക്കാലത്ത് ഖാദറിന്റെ നാട്ടുകാരും ബന്ധുക്കളുമായി ധാരാളം പേരുണ്ടായിരുന്നു മലേഷ്യയില്‍. അങ്ങനെ ഖാദറിനെ ജോലിക്ക് വേണ്ടി മലേഷ്യയിലേക്ക് അയക്കാന്‍ തീരുമാനമായി. മലേഷ്യയിലെത്തിയ 21 വയസ്സുകാരനായ ചുണക്കുട്ടന്‍ ഖാദര്‍ അവിടെയും കൊളോണിയല്‍ വിരുദ്ധ സമരമുഖത്ത് മുന്‍പന്തിയില്‍ തന്നെ നിന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി വിദേശത്ത് കേന്ദ്രീകരിച്ച് പോരാട്ടം നടത്തിയിരുന്ന ഇന്ത്യന്‍ നാഷ്ണല്‍ ആര്‍മിയുടെ പൊളിറ്റിക്കല്‍ വിഭാഗമായ ഇന്ത്യന്‍ ഇന്റിപെന്റന്‍സ് ലീഗ്, അബ്ദുല്‍ ഖാദര്‍ ഉള്‍പ്പെടെ ധീരന്മാരായ യുവാക്കളെ തെരഞ്ഞെടുത്ത് പെനാംഗിലെ ഇന്ത്യന്‍ സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനം നല്‍കി. ഗറില്ലാ യുദ്ധതന്ത്രങ്ങളും രഹസ്യനീക്കങ്ങളും നടത്തുന്നതിനുള്ള പരിശീലനം പൂര്‍ത്തിയാക്കിയ ഖാദറിനെയും ഏതാനും സുഹൃത്തുക്കളെയും ബ്രിട്ടീഷുകാര്‍ക്കെതിരെ ഒളിപ്പോരാളികളായി ഇന്ത്യന്‍ തീരത്തേക്ക് അയച്ചു. 
കടലിന്റെ അടിത്തട്ടിലെ ഭയാനക യാത്രാനുഭവങ്ങളുമായി അവര്‍ അന്തര്‍വാഹിനിയില്‍ 1942 സെപ്റ്റംബറില്‍ മലബാറിലെ തിരൂര്‍ കടപ്പുറത്തെത്തി. അവിടെ വെച്ച് ബ്രിട്ടീഷ് പട്ടാളം അവരെ പിടികൂടി മദ്രാസ് സെന്‍ട്രല്‍ ജയിലില്‍ അടച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തി അബ്ദുല്‍ ഖാദര്‍, ഫൗജാ സിംഗ് സത്യേന്ദ്ര ബര്‍ദാര്‍ പോണിഫേസ്, അനന്തന്‍ നായര്‍ എന്നിവരെ 1943 ഏപ്രില്‍ ഒന്നിന് തൂക്കിക്കൊല്ലാന്‍ വിധിച്ചു. 1943 സെപ്റ്റംബര്‍ 10-ന് ശിക്ഷ നടപ്പാക്കുകയും ചെയ്തു. കൊലക്കയറിനു മുന്നിലും അസാധാരണ ധീരതയും ആത്മാഭിമാനവും സ്വരാജ്യ സ്‌നേഹവും പ്രകടിപ്പിച്ച ഖാദര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ രക്തപുഷ്പമായി ഇന്നും സുഗന്ധം പരത്തുകയാണ്. മരിക്കുമ്പോള്‍ 26 വയസ്സ് പ്രായമുള്ള ഖാദര്‍ മരണസമയത്തിന് ഏതാനും മണിക്കൂര്‍ മുമ്പ് പിതാവിനെഴുതിയ വികാരോജ്ജ്വലമായ കത്ത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര രേഖകളില്‍ ഒളിമങ്ങാത്ത സുവര്‍ണ ഏടാണ്.
ബന്ധുക്കളെയും സുഹൃത്തുക്കളെയും പേരെടുത്തു പറഞ്ഞ് ഒരു തത്ത്വചിന്തകന്റെ ഉള്‍ക്കരുത്തോടും സ്‌നേഹസമ്പന്നന്റെ പ്രസന്നതയോടും ആത്മാര്‍ഥത തുളുമ്പുന്ന താളലയത്തോടും കൂടി പിതാവിനെഴുതിയ ആ ദീര്‍ഘമായ കത്തിന്റെ അവസാനം ഇങ്ങനെ: ''വന്ദ്യനായ പിതാവേ, വാത്സല്യ നിധിയായ ഉമ്മാ, പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, എനിക്കൊരു ആശ്വാസ വചനവും നിങ്ങളോട് പറയാനില്ല. ഞാന്‍ നിങ്ങളെ വിട്ടുപിരിയുന്നു. നമുക്ക് തമ്മില്‍ മഹ്ശറയില്‍ വെച്ച് വീണ്ടും കാണാം. എന്നെപ്പറ്റി ദുഃഖിക്കരുതേ, എന്റെ ജീവിത നാടകം അഭിനയിച്ച് തീരാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമേ ഉള്ളൂ. എന്നാല്‍ എത്രത്തോളം ധൈര്യത്തോടും സന്തോഷത്തോടും സമാധാനത്തോടും കൂടിയാണ് ഞാന്‍ മരിച്ചതെന്ന് നിങ്ങള്‍ ദൃക്‌സാക്ഷികളില്‍നിന്നും അറിയാന്‍ ഇടവരുമ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ സന്തോഷിക്കാതിരിക്കുകയില്ല. അഭിമാനിക്കുകതന്നെ ചെയ്യും. ഞാന്‍ നിര്‍ത്തുന്നു. അസ്സലാമു അലൈക്കും.''
വാത്സല്യ മകന്‍
മുഹമ്മദ് അബ്ദുല്‍ ഖാദര്‍

സ്വാതന്ത്ര്യ സമരപോരാട്ട ചരിത്രത്തില്‍നിന്ന് മുസ്‌ലിം രക്തസാക്ഷികളുടെ പേരുകള്‍ അധികാരികള്‍ വെട്ടിമാറ്റുമ്പോഴും വെള്ളിനക്ഷത്രം പോലെ ഖാദര്‍ ജ്വലിച്ചു നില്‍ക്കുകയാണ്. 
(കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ 
ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 7-9
ടി.കെ ഉബൈദ്‌