അമ്പലങ്ങാടന്‍ മുഹമ്മദ്
കൊണ്ടോട്ടി മേലങ്ങാടി-കാഞ്ഞിരപ്പറമ്പ് പ്രദേശങ്ങളില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ നട്ടുവളര്‍ത്തുന്നതില്‍ അമ്പലങ്ങാടന്‍ മുഹമ്മദ് എന്ന ബാപ്പുട്ടി നല്‍കിയ സംഭാവനകള്‍ വാക്കുകള്‍ക്കതീതമാണ്. ഇസ്‌ലാമിക പ്രസ്ഥാനത്തിനു വേണ്ടി സമര്‍പ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പ്രകടനാത്മകത ഒട്ടുമില്ലാത്ത, അംഗീകാരങ്ങള്‍ ഒന്നും കൊതിക്കാത്ത നിശ്ശബ്ദ പ്രവര്‍ത്തകന്‍. ആരെയും കുറ്റപ്പെടുത്താതെ, ആരോടും പിണക്കങ്ങളില്ലാതെ മിതഭാഷിയായി, പലരുടേയും അറിയപ്പെടാത്ത അത്താണിയായി ജീവിച്ചാണ് മുഹമ്മദ് സാഹിബ് അല്ലാഹുവിലേക്ക് യാത്രതിരിച്ചത്. കാറ്റിലും കോളിലും ആടിയുലയാതെ പ്രസ്ഥാനത്തിന്റെ ആദ്യനാളുകളില്‍ ധൈര്യപൂര്‍വം നെഞ്ചുവിരിച്ചുനിന്നു മുഹമ്മദ് സാഹിബ്. ഇസ്‌ലാമിക പ്രസ്ഥാനത്തോട് ആഭിമുഖ്യുള്ളവര്‍ ചുരുക്കമായിരുന്ന മേലങ്ങാടി പ്രദേശത്ത് (അന്ന് മേലങ്ങാടി കാഞ്ഞിരപറമ്പ് സംയുക്ത ഹല്‍ഖയായിരുന്നു) ഹല്‍ഖ രൂപീകരിക്കുന്നതിന് കൊണ്ടോട്ടി അബ്ദുര്‍റഹ്മാന്‍ സാഹിബിന് വലിയ പിന്തുണയായി വര്‍ത്തിച്ചത് മുഹമ്മദ് സാഹിബ് ആയിരുന്നു. ദീര്‍ഘകാലം മേലങ്ങാടി ഹല്‍ഖാ സെക്രട്ടറിയായും പിന്നീട് കാഞ്ഞിരപറമ്പ് ഹല്‍ഖ രൂപീകരിച്ചപ്പോള്‍ ആരോഗ്യസ്ഥിതി മോശമാകുന്നതു വരെ അവിടെ ദീര്‍ഘകാലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. പ്രബോധനം ഏജന്റായിരുന്ന കാലത്ത് വായനയില്‍ തല്‍പരരായിരുന്നവര്‍ക്ക് സ്വന്തം ചിലവില്‍ വരി ചേര്‍ത്ത് പ്രബോധനം വിതരണം ചെയ്തിരുന്നു.
അയല്‍വാസികള്‍ക്കെല്ലാം അദ്ദേഹം സ്വന്തം'വായിച്ചി'യായിരുന്നു. നാട്ടുകാരുടെ 'വായിച്ചി' വിളിയില്‍, ഉപ്പയുടെ സ്ഥാനത്ത്‌നിന്നുകൊ് അനാഥത്വം മാറ്റി കൊടുത്ത ഒരു വലിയ മനുഷ്യന്റെ തലോടലിന്റെയും ചേര്‍ത്തുപിടിക്കലിന്റെയും നനുത്ത കരസ്പര്‍ശമുണ്ടായിരുന്നു. മത, ജാതി, വര്‍ഗ, പാര്‍ട്ടി പരിഗണനകള്‍ക്ക് അതീതമായി അദ്ദേഹം പ്രവര്‍ത്തിച്ചു. ആശയ ആദര്‍ശ വ്യതിരിക്തതകള്‍ക്കതീതമായി വിശാലമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതിലും ബദ്ധശ്രദ്ധനായിരുന്നു. കൊണ്ടോട്ടി പി.സി.സി സൊസൈറ്റിയില്‍ ദീര്‍ഘകാലം സെക്രട്ടറിയായിരുന്ന അദ്ദേഹം കൊണ്ടോട്ടി മര്‍കസ് സ്ഥാപനങ്ങള്‍ നടത്തുന്ന എ.ഐ.സി.സി ട്രസ്റ്റ് ഭാരവാഹിയുമായിരുന്നു
ഭാര്യ: ചുള്ളിയന്‍ അഹമ്മദ്ക്കയുടെ മകള്‍ ഖദീജ. മക്കള്‍: മുഹമ്മദലി (നാസിം, കാഞ്ഞിരപ്പറമ്പ് ഹല്‍ഖ), അബ്ദുല്‍ റഷീദ് (ജിദ്ദ), നജ്മുദ്ദീന്‍ (ജിദ്ദ), മുഹമ്മദ് അസ്‌ലം (ജിദ്ദ), റഹ്മത്തുള്ള (ഖത്തര്‍), ഫസ്‌ലുര്‍റഹ്മാന്‍ (ഐ.ബി.എം ബംഗ്‌ളൂരു), ഹദീല (മഞ്ചരി). മരുമക്കള്‍: പി.കെ ഷറീന, കെ.വി ഉമ്മു നസീബ, കെ.കെ മുഹ്‌സിന, പി. ഫായിസ നുസ്‌റത്ത്, ടി.പി നിഹ്‌ല സ്വാലിസ്, പി.കെ ബുഷൈന, പി. അജ്മല്‍ (ഖത്തര്‍).
എം. അബ്ദുല്‍ അസീസ്
തിരൂരിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുന്‍നിര പ്രവര്‍ത്തകരിലൊരാളായിരുന്നു എം. അബ്ദുല്‍ അസീസ് സാഹിബ്. വിദ്യാഭ്യാസ സാംസ്‌കാരിക രംഗങ്ങളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഫാറൂഖ് കോളേജില്‍നിന്നും ഡിഗ്രി പൂര്‍ത്തീകരിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ ചേരുകയും വിവിധ വകുപ്പുകളില്‍ ജോലിയെടുക്കുകയും ചെയ്തു.
എറണാകുളത്ത് സര്‍വീസിലിരിക്കെയാണ് ജമാഅത്തെ ഇസ്‌ലാമിയെ അടുത്തറിഞ്ഞതും പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായതും. ഫിഷറീസ് വകുപ്പില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തീരദേശവാസികളുടെ ദുരിതങ്ങള്‍ ലഘൂകരിക്കാന്‍ സാധ്യമാകുന്നതൊക്കെ ചെയ്തു. കടലോരവാസികള്‍ക്ക് ഫിഷറീസിലെ മൗലവിയായിരുന്നു അസീസ് സാഹിബ്.
പരപ്പനങ്ങാടി ഫിഷറീസ് വകുപ്പില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ 1985-ല്‍ സര്‍വീസില്‍നിന്ന് സ്വയം വിരമിക്കുകയും തിരൂരില്‍ പ്രസ്ഥാന രംഗത്ത് സജീവമാവുകയും ചെയ്തു. തിരൂര്‍ ഇസ്‌ലാമിക് സെന്റര്‍ രൂപീകരണത്തിലും സ്വഫാ പള്ളി നിര്‍മാണത്തിലും സ്തുത്യര്‍ഹമായ പങ്കാളിത്തം വഹിച്ചു. ടി.ഐ.സി സ്‌കൂളില്‍ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രസ്ഥാനത്തിന്റെ റിലീഫ് പ്രവര്‍ത്തനങ്ങളിലും സകാത്ത് കമ്മിറ്റിയിലും സജീവ സാന്നിധ്യമായി. ഉദാരശീലനായ അദ്ദേഹം അര്‍ഹരായ ആളുകള്‍ക്ക് സഹായമെത്തിക്കുന്നതിലും തല്‍പരനായിരുന്നു. മാധ്യമം ദിനപത്രത്തിന്റെ തുടക്കത്തില്‍ കോഴിക്കോട് ഓഫീസില്‍ കാഷ്യറായി സേവനം ചെയ്തിട്ടുണ്ട്. പത്രത്തിന്റെ പ്രചാരണത്തിലും വിതരണത്തിലും ഉത്സാഹിച്ചു.
കൈയിലുള്ള ബാഗില്‍ ആവശ്യമായ ഇസ്‌ലാമിക സാഹിത്യങ്ങള്‍, കിം ബുക്ക്‌ലെറ്റുകള്‍, ലഘുലേഖകള്‍, പ്രബോധനം വാരിക മുതലായവ എപ്പോഴും കരുതുമായിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്ന ആളുകളെ ദഅ്‌വാരംഗത്ത് പ്രത്യേകം ലക്ഷ്യംവെച്ചിരുന്നു. പെന്‍ഷനേഴ്‌സുമായി സൗഹൃദം പങ്കിട്ട് അവര്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തും. തിരൂര്‍ സബ്ജയിലില്‍ ജയില്‍പുള്ളികള്‍ക്ക് വേണ്ടി സാംസ്‌കാരിക ക്ലാസുകള്‍ ജയില്‍ വാര്‍ഡന്റെ സഹകരണത്തോടെ അദ്ദേഹം സംഘടിപ്പിച്ചിരുന്നു.
തിരൂര്‍ പ്രാദേശിക ജമാഅത്ത് അമീറായും വളരെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ പരേതയായ ബീഫാത്തിമ്മ ടീച്ചര്‍, മക്കള്‍ സുബൈദ (റിട്ട. ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ്), മുഹമ്മദ് ബഷീര്‍ (റിട്ട. അസി. ഡയറക്ടര്‍ സഹകരണവകുപ്പ്), മിന്നത്ത് (അധ്യാപിക, തെയ്യാല ഹൈസ്‌കൂള്‍).
എം. കുഞ്ഞാലി തിരൂര്‍
അബ്ദുര്‍റഹ്മാന്‍ ചെറുതുരുത്തി
ചെറുതുരുത്തി അബ്ദുര്‍റഹ്മാന്‍ സാഹിബ്(96) വിടവാങ്ങി. ജീവിതാന്ത്യം വരെ അദ്ദേഹം കര്‍മരംഗത്ത് സജീവമായിരുന്നു. സാമൂഹിക പരിവര്‍ത്തനത്തില്‍ തനിക്ക് നിര്‍വഹിക്കാനുള്ള പങ്കിനെകുറിച്ച് ഉറച്ച ബോധ്യമുണ്ടായിരുന്നു. ഇസ്‌ലാമിക പ്രസ്ഥാനത്തെയും വെല്‍ഫെയര്‍ പാര്‍ട്ടിയെയും നെഞ്ചേറ്റിയ സാധാരണക്കാരനായ ഒരു വലിയ മനുഷ്യന്‍. ചിലരെ നോക്കി നമ്മള്‍ പറയാറുണ്ടല്ലോ, അയാള്‍ വ്യക്തിയല്ല പ്രസ്ഥാനമാണെന്ന്. ആ വിശേഷണം അദ്ദേഹത്തിന് നന്നായി ചേരും. ഗുണകാംക്ഷാപൂര്‍ണമായ അദ്ദേഹത്തിന്റെ സമീപനം ജാതി മത ഭേദമന്യേ എല്ലാവരെയും ആകര്‍ഷിച്ചു. സത്യസന്ധനായ കച്ചവടക്കാരനും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അനുസ്മരണ യോഗത്തില്‍ കോഴിക്കോട് എഫ്.എം റേഡിയോ അവതാരക മീര, 'എനിക്ക് നഷ്ടപ്പെട്ടത് എന്റെ ഉപ്പയെയാണ്' എന്ന് പറയുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് കാണാമായിരുന്നു. മതത്തിനും ജാതിക്കും രക്ത ബന്ധത്തിനുമപ്പുറം ഹൃദയത്തില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞ വ്യക്തിത്വം. അദ്ദേഹം എല്ലാവരെയും സ്‌നേഹിച്ചു, എല്ലാവരും അദ്ദേഹത്തെയും.
അദ്ദേഹം വായിച്ചു തീര്‍ത്ത പുസ്തകങ്ങള്‍ നിരവധി. താന്‍ വായിച്ചതെല്ലാം മറ്റുള്ളവരെക്കൊണ്ട് വായിപ്പിക്കാനും ഉത്സാഹിച്ചു. ഖുര്‍ആനും പരിഭാഷയും ഇല്ലാത്ത ഒരു ദിനരാത്രം പോലും അദ്ദേഹം കടന്നുപോയിട്ടുണ്ടാവില്ല. തൃശൂര്‍ ജില്ലയിലെ ആദ്യകാല പ്രബോധനം ഏജന്റ് കൂടിയായിരുന്നു അദ്ദേഹം. അതിന്റെപേരില്‍ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു. സൈക്കിളില്‍ കിലോമീറ്ററോളം സഞ്ചരിച്ചായിരുന്നു പ്രബോധനം വിതരണം ചെയ്തിരുന്നത്. പലര്‍ക്കും അദ്ദേഹം ഉപ്പയായും സഹോദരനായും സുഹൃത്തായും മാറി. സൗജന്യമായി മരുന്നുകള്‍ നല്‍കി ചികിത്സ നടത്തിയിരുന്ന ഹോമിയോ ചികിത്സകന്‍ കൂടിയായിരുന്നു അദ്ദേഹം. പഠനത്തിന് സാമ്പത്തികമായി പ്രയാസമനുഭവിച്ചിരുന്നവര്‍ക്ക് സ്വന്തം ചിലവില്‍ തുടര്‍പഠനത്തിന് വേണ്ട സൗകര്യമൊരുക്കി. ആശുപത്രികള്‍ സന്ദര്‍ശിക്കാനും രോഗികളുടെ വിവരങ്ങള്‍ അന്വേഷിക്കാനും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യാനും എപ്പോഴും സന്നദ്ധനായിരുന്നു. ആര്‍ക്കും മറക്കാനാവില്ല ആ സഹവാസം. ചോര്‍ന്നു പോകില്ല അദ്ദേഹം പകര്‍ന്നുകൊടുത്ത ഊര്‍ജം.
മുഹമ്മദ് ശക്കീര്‍
അബ്ദുല്‍ അസീസ് ഇരട്ടക്കുളം
അസീക്ക എന്നറിയപ്പെടുന്ന ഞങ്ങളുടെ അമ്പ (അബ്ദുല്‍ അസീസ് ഇരട്ടക്കുളം) അല്ലാഹുവിലേക്ക് യാത്രയായി. ക്വാറന്റൈനില്‍ ആയിരുന്നപ്പോഴും ആലത്തൂര്‍ ക്രസന്റ് ആശുപത്രിയില്‍ ആയിരുന്നപ്പോഴും ദിനേന സംസാരിക്കുമായിരുന്നു. നല്ല സംഘാടകനായ അദ്ദേഹത്തിന്റെ ഏഴു പതിറ്റാിന്റെ ജീവിതാനുഭവങ്ങള്‍ എന്നും ഞങ്ങള്‍ക്ക് ആവേശമായിരുന്നു. ഇരട്ടകുളം കാര്‍കൂന്‍ ഹല്‍ഖയിലെ മുത്തഫിക്ക് ആണെങ്കിലും മിക്ക ഹല്‍ഖ യോഗങ്ങളും (വനിത ഹല്‍ഖയുടെതുള്‍പ്പെടെ) നടക്കാറുായിരുന്നത് അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു. എല്ലാ പരിപാടികള്‍ക്കും പീക്ക് ടൈമില്‍ പോലും കടയടച്ച് വരും, മുഴുസമയവും അവയുടെ വിജയത്തിനായി ഓടിനടക്കും.
ഇരട്ടകുളം ജുമുഅത്ത് പള്ളിയുമായും നിരന്തര ബന്ധം പുലര്‍ത്തി. മഹല്ല് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. ഇരട്ടക്കുളം പ്രദേശത്ത് ആരും മരണപ്പെട്ടാലും അദ്യം എത്തുക പലപ്പോഴും അദ്ദേഹമായിരിക്കും. മയ്യത്ത് കുളിപ്പിക്കാന്‍ നേതൃത്വം നല്‍കുകയും കബറടക്കം വരെ എല്ലാ ചടങ്ങുകളിലും മുന്‍പന്തിയിലുാവുകയും ചെയ്യും.
പ്രബോധനം കൈയില്‍ കിട്ടിയാല്‍ രണ്ടു ദിവസത്തിനകം മുഴുവന്‍ വായിച്ചശേഷം നേര്‍ക്കുനേര്‍ കാണുമ്പോഴോ, അടുത്ത ഹല്‍ഖായോഗത്തിലോ വിശദമായി വിലയിരുത്തുകയും അദ്ദേഹത്തിന്റെ ജീവിതാനുഭവുമായി ബന്ധപ്പെടുത്തി ആ വിഷയം അവതരിപ്പിക്കുകയും ചെയ്യുമായിരുന്നു. നാലോളം യുവാക്കളുള്ള ഹല്‍ഖയില്‍ ഹദീസ് ക്ലാസ് മിക്കവാറും അദ്ദേഹത്തിന്റേതായിരിക്കും.
അബ്ദുല്‍ കലാം
മമ്മള്ളി മൂസ മാസ്റ്റര്‍
കോഴിക്കോട്-കണ്ണൂര്‍ ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ പെരിങ്ങത്തൂരില്‍ 1979-ല്‍ രൂപീകരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി ഹല്‍ഖയിലെ ആദ്യപ്രവര്‍ത്തകരിലൊരാളായിരുന്നു ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ മമ്മള്ളി മൂസ മാസ്റ്റര്‍. കച്ചേരി നോര്‍ത്ത് എല്‍.പി സ്‌കൂള്‍ അധ്യാപകനായിരുന്നു. സൗമ്യതയും വിനയവും ഒത്തുചേര്‍ന്ന മൂസ മാസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കും അയല്‍ക്കാര്‍ക്കും നാട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സ്‌നേഹസമ്പന്നനായ സഹോദരനെപ്പോലെയായിരുന്നു. ഏല്‍പിക്കുന്ന എല്ലാ ഉത്തരവാദിത്തങ്ങളും വളരെ സത്യസന്ധമായും നിഷ്‌കര്‍ഷതയോടെയും നിര്‍വഹിക്കും. ജാതിമത കക്ഷിഭേദമന്യെ എല്ലാവരുടെയും സ്‌നേഹവും ആദരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
പ്രസ്ഥാനികമായ ഉള്‍ക്കാഴ്ചയും ചിന്തയുമുള്ള അദ്ദേഹം പ്രസ്ഥാന പ്രവര്‍ത്തന പാതയില്‍ നേരിടേണ്ടി വന്ന ഭീഷണികളെയും എതിര്‍പ്പുകളെയും യുക്തിപൂര്‍വം കൈകാര്യം ചെയ്ത അനുഭവങ്ങള്‍ പുതിയ പ്രവര്‍ത്തകര്‍ക്ക് ആവേശവും പ്രതീക്ഷയും നല്‍കുന്നതാണ്. പെരിങ്ങത്തൂര്‍ കാര്‍കുന്‍ ഹല്‍ഖാ നാസിം, ബൈത്തുസ്സക്കാത്ത് പെരിങ്ങത്തൂര്‍ അല്‍ഹുദ ചാരിറ്റബ്ള്‍ ട്രസ്റ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ കുഞ്ഞിപ്പാത്തു. മക്കള്‍: അസ്‌ലം, മുഹമ്മദ്.
ഖാദര്‍ മാസ്റ്റര്‍ ചൊക്ലി
ഷാനവാസ്
പ്രസ്ഥാന ബന്ധുക്കളെയും നാട്ടുകാരെയും സങ്കടത്തിലാഴ്ത്തിയ വേര്‍പാടായിരുന്നു കയ്പമംഗലം ചളിങ്ങാട് സ്വദേശി പോക്കാക്കില്ലത്ത് ഷാനവാസിന്റേത്. 33-ാം വയസ്സില്‍ ഭാര്യയെയും ആറും മൂന്നും വയസ്സുള്ള രണ്ട് കുഞ്ഞുമക്കളെയും അനാഥമാക്കിയായിരുന്നു ഷാനുവിന്റെ വേര്‍പാട്. പതിറ്റാണ്ടിലധികമായി കാളമുറി ഹല്‍ഖയുടെ നാസിം സ്ഥാനത്തുള്ള പി.എ മുസ്തഫയുടെയും പരേതയായ ത്വാഹിറയുടെയും ഒറ്റ മകനായിരുന്നു. ചെറുപ്പത്തില്‍ തന്നെ പ്രസ്ഥാന ശിക്ഷണത്തില്‍ വളര്‍ന്ന ഷാനു എസ്.ഐ.ഒ, സോളിഡാരിറ്റി എന്നിവയുടെ യൂനിറ്റ് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു. പ്രസ്ഥാനത്തിനു കീഴിലുള്ള തണല്‍ പാലിയേറ്റീവ് കെയര്‍ വളന്റിയറായി സേവനമനുഷ്ഠിക്കാന്‍ കാത്തിരിക്കെ ജൂണ്‍ 15-നായിരുന്നു മരണം. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ, ന്യൂമോണിയ മൂര്‍ഛിച്ച് മരണം സംഭവിക്കുകയായിരുന്നു. തളിക്കുളം ഇസ്‌ലാമിയ കോളേജിലും തുടര്‍ന്ന് അന്നൂര്‍ ഐ.ടി.സിയിലും പഠനം പൂര്‍ത്തിയാക്കി നിര്‍മാണ മേഖലയില്‍ സജീവമായിരുന്നു. ഏഴു വര്‍ഷത്തിനിടെ നിരവധി വീടുകള്‍ നിര്‍മിച്ചു നല്‍കി. ഇടപാടുകളില്‍ കണിശതയും സൂക്ഷ്മതയും പാലിച്ചു. സ്വതഃസിദ്ധമായ പുഞ്ചിരി കൊണ്ട് പരിചയപ്പെടുന്നവര്‍ക്ക് മറക്കാനാവാത്ത വ്യക്തിത്വമായിരുന്നു. പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുക വഴി മഹല്ലില്‍നിന്ന് പലതവണ ബഹിഷ്‌കരണം നേരിട്ടിരുന്ന കുടുംബമായിരുന്നിട്ടും അയല്‍വാസികളടക്കം എല്ലാവരോടും ഊഷ്മളമായ ബന്ധം കാത്തു സൂക്ഷിക്കാനും സഹായങ്ങള്‍ എത്തിക്കാനും മുന്നിലുണ്ടായിരുന്നു. വാടാനപ്പള്ളി ബീച്ച് ഹല്‍ഖാ നാസിം ഹാരിസിന്റെ മകള്‍ ഫര്‍ഹയാണ് ഭാര്യ. ഫസീല, ഷാനിബ, ഐഷ മെസ്‌റിന്‍ എന്നിവര്‍ സഹോദരികളാണ്.
മാലിക്ക് വീട്ടിക്കുന്ന്
ബീറായക്കുട്ടി
വെളിയങ്കോട് ആദ്യമായി ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ശബ്ദം കേള്‍പ്പിച്ച മര്‍ഹൂം പി.സി മൊയ്തു സാഹിബിന്റെ സഹധര്‍മിണിയാണ് ഈയിടെ വെളിയങ്കോട് അന്തരിച്ച ബീറായക്കുട്ടി. വെളിയങ്കോട് വനിതാ ഹല്‍ഖ നിലവില്‍ വന്നതു മുതല്‍ അവര്‍ അതിലംഗമായിരുന്നു. നിഷ്‌കളങ്കത സത്യവിശ്വാസത്തില്‍പെട്ടതാകുന്നു എന്ന തിരുവചനം അന്വര്‍ഥമാക്കുന്നതായിരുന്നു അവരുടെ ജീവിതം. ഹജ്ജിന് പോയപ്പോള്‍ മിനായില്‍ കഴിയവെ വെളുപ്പിന് രണ്ട് മണിക്ക് വുദൂ എടുക്കാന്‍ പോയി തിരിച്ചുവരുമ്പോള്‍ മുന്നില്‍ കണ്ട ഏതോ കവാടത്തിലൂടെ കയറി അവിടെ ഇരുന്നു. സ്വുബ്ഹ് നമസ്‌കാരം കഴിഞ്ഞിട്ടും ആളെ കാണാതായപ്പോള്‍ ഞാനും ഭാര്യയും ആളെ തിരക്കിയിറങ്ങിയപ്പോഴാണ് ഒരു സ്ത്രീയുടെ കൂടെ വരുന്നത് കത്. അമ്മായി എവിടെയായിരുന്നു എന്ന ഭാര്യയുടെ ചോദ്യത്തിനുള്ള മറുപടി കൗതുകകരമായിരുന്നു; 'ഞാന്‍ വുദൂ എടുത്ത് വരുമ്പോള്‍ നമ്മുടെ സ്ഥലമാണെന്ന് കരുതിയാണ് അവിടെ കയറിയത്. നിങ്ങളെയൊന്നും കാണാതായപ്പോള്‍ ഒരു നിസ്‌കാരക്കുപ്പായം മേടിച്ചു നിസ്‌കരിച്ചു. പിന്നെ ഒരു മുസ്വ്ഹഫ് മേടിച്ചു ഓതി. സ്വുബ്ഹ് നമസ്‌കാരം കഴിഞ്ഞു അവിടെ ഇരുന്നപ്പോള്‍ ഈ കുട്ടി ചോദിച്ചു, റൂമിലേക്ക് പോകണ്ടേയെന്ന്. അങ്ങനെ ഈ കുട്ടിയുടെ കൂടെ പോന്നതാണ്.'
ആരുടെ എന്തു വിഷമം അറിഞ്ഞാലും കഴിയുന്നത്ര സഹായം ചെയ്തുകൊടുക്കും. രോഗി അടുത്ത കുടുംബാംഗമാണെങ്കില്‍ പിന്നെ അവിടെ ശുശ്രൂഷയില്‍ മുഴുകും. അവരുടെ നാല് സഹോദരന്മാര്‍ അവരുടെ മടിയില്‍ തലവെച്ചാണ് അന്ത്യശ്വാസം വലിച്ചത്.
കുടുംബമെന്നോ അന്യരെന്നോ വ്യത്യാസമില്ലാതെ സ്ത്രീകളുടെ മയ്യിത്ത് കുളിപ്പിക്കാന്‍ അവര്‍ മുമ്പിലുാവും. മയ്യിത്ത് കുളിപ്പിക്കാന്‍ ചില സ്ത്രീകള്‍ അവരോട് വസ്വിയ്യത്ത് ചെയ്യുമായിരുന്നു.
ഒ.ടി മുഹ്‌യിദ്ദീന്‍ വെളിയങ്കോട്
കെ. ഇബ്‌റാഹീം മാസ്റ്റര്‍
കര്‍മോത്സുകനും മത-വിദ്യാഭ്യാസ മേഖലകളിലെ സാന്നിധ്യവുമായിരുന്ന തിരൂര്‍ക്കാട് കെ. ഇബ്‌റാഹീം മാസ്റ്റര്‍(80). മഹല്ല് മുത്തവല്ലിയും കര്‍ഷക പ്രമുഖനുമായിരുന്ന കോല്‍ക്കാട്ടില്‍ അലവി ഹാജിയുടെയും ഫാത്വിമയുടെയും മകനാണ്. തിരൂര്‍ക്കാട് എ.എം ഹൈസ്‌കൂളിലെ കായികാധ്യാപകന്‍, സ്‌കൂള്‍ മാനേജര്‍, നുസ്‌റത്തുല്‍ ഇസ്‌ലാം അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി, നുസ്‌റത്തുല്‍ ഇസ്‌ലാം ട്രസ്റ്റ് മെമ്പര്‍, തിരൂര്‍ക്കാട് യതീംഖാന ഭരണ സമിതിസാരഥി, ഖാസിം ദര്‍വേശ് മഹല്ല് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. പടിഞ്ഞാറേപ്പാടം പാടശേഖര കമ്മിറ്റി പ്രസിഡന്റായി പ്രവര്‍ത്തിച്ച അദ്ദേഹം പഞ്ചായത്ത് കര്‍ഷക ശ്രീ അവാര്‍ഡ് ജേതാവ് കൂടിയാണ്.
ശാന്തസ്വഭാവവും സ്‌നേഹമസൃണമായ പെരുമാറ്റവും ഇബ്‌റാഹീം മാസ്റ്ററുടെ സവിശേഷതകളായിരുന്നു. വിനയാന്വിതമായ പ്രവര്‍ത്തന ശൈലി അദ്ദേഹത്തെ നാട്ടുകാരുടെ ഇഷ്ട സുഹൃത്താക്കി മാറ്റി. മലപ്പുറം ജില്ലയിലെ ജമാഅത്തെ ഇസ്‌ലാമി ആദ്യകാല നേതാക്കളിലൊരാളായ കൂട്ടിലങ്ങാടി കടുങ്ങൂത്തിലെ പരേതനായ ചിറയില്‍കുത്ത് മോയിന്‍ ഹാജിയുടെ മകള്‍ ഹാജറുമ്മയാണ് ഭാര്യ. മക്കള്‍: നസീര്‍ ഹുസൈന്‍, സാജിദ, അനീസുര്‍റഹ്മാന്‍, തൗഫീഖ് ഇബ്‌റാഹീം, പരേതയായ സോഫിയ.
പി.എ.എം അബ്ദുല്‍ഖാദര്‍ തിരൂര്‍ക്കാട്
Comments