Prabodhanm Weekly

Pages

Search

2021 സെപ്റ്റംബര്‍ 10

3216

1443 സഫര്‍ 03

യാങ്കികളും സില്‍ബന്ധികളും നിരാശപ്പെടേണ്ടിവരും

കെ.സി ജലീല്‍ പുളിക്കല്‍

സോവിയറ്റ് യൂനിയന്റെ പതനത്തോടെ 'ഇസ്‌ലാംപേടിക്കാര്‍' 'ഗ്രീന്‍ ബെല്‍റ്റ്' സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നു. സോവിയറ്റ് യൂനിയനില്‍നിന്ന് സ്വതന്ത്രമായി പുറത്ത് വരുന്ന മുസ്‌ലിം പ്രവിശ്യകളും അഫ്ഗാനിസ്താനും പാകിസ്താനും ചേര്‍ന്നതാണ് അവര്‍ കണ്ട 'ഗ്രീന്‍ ബെല്‍റ്റ്.' അഫ്ഗാനിസ്താനായിരിക്കും ഗ്രീന്‍ ബെല്‍റ്റിന്റെ കേന്ദ്രമെന്നും കണ്ടു. അതിനാല്‍ എത്രയും വേഗം അഫ്ഗാനെ അസ്ഥിരപ്പെടുത്തി വരുതിയിലാക്കണം. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം അതിനുപയോഗപ്പെടുത്താം എന്നും അവര്‍ ചിന്തിച്ചു. അങ്ങനെ വടക്കന്‍ സഖ്യത്തെ സഹായിക്കാനെന്ന പേരില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന അഫ്ഗാനിലിറങ്ങി താലിബാന്‍ ഗവണ്‍മെന്റിനെ നീക്കി പാവ ഗവണ്‍മെന്റിനെ പ്രതിഷ്ഠിച്ചു. ആ പാവ ഗവണ്‍മെന്റിന് കീഴില്‍ ഗ്രീന്‍ ബെല്‍റ്റ് ഊരിയെറിഞ്ഞെന്ന ആശ്വാസത്തില്‍ സഖ്യസേന അഴിഞ്ഞാടി.
   ഇസ്‌ലാമിനെ ഭീകരമായി ചിത്രീകരിച്ച് വേട്ടയാടുകയാണല്ലോ 'ഇസ്‌ലാം പേടിക്കാര്‍' ചെയ്യുന്നത്. താലിബാനെയും അല്‍ഖാഇദയെയും മറയാക്കി അതൊക്കെ ചെയ്യാന്‍ അന്നവര്‍ക്ക് വേണ്ടത്ര അവസരം ലഭിച്ചു. അജ്ഞതയില്‍നിന്നും അവിവേകത്തില്‍നിന്നും ഉടലെടുത്ത താലിബാന്റെ തീവ്രസ്വഭാവം ശത്രുക്കള്‍ക്ക് മുതല്‍കൂട്ടായി. അല്‍ഖാഇദ എന്ന 'ഭൂത'ത്തെ പ്പറ്റിയും യഥേഷ്ടം സാങ്കല്‍പിക കഥകള്‍ മെനഞ്ഞു ഭീതിപരത്താന്‍ ശ്രമിച്ചു. എന്നാല്‍ അഫ്ഗാന്‍ ജനതയുടെ രാജ്യ സ്നേഹത്തിന് മുന്നില്‍ ഇതൊന്നും വിലപ്പോയില്ല. സോവിയറ്റ് യൂനിയന്റെ അധിനിവേശത്തിനെതിരെ പൊരുതിയ അവര്‍ ഇതിനകം അവരുടെ രാജ്യസ്നേഹം തെളിയിച്ചതാണ്. സോവിയറ്റ് യൂനിയന്‍ സര്‍വശക്തിയും സംഭരിച്ച് ആഞ്ഞടിച്ചിട്ടും അവരെ പരാജയപ്പെടുത്താനായില്ല. അമേരിക്കക്ക് വിയറ്റ്നാമില്‍ നിന്നേല്‍ക്കേണ്ടി വന്നതിനേക്കാള്‍ നാണം കെട്ടതായിരുന്നു സോവിയറ്റ് യൂനിയന് അഫ്ഗാനില്‍ നിന്നേറ്റ പരാജയം. ചെങ്കരടിയെ ചിന്നഭിന്നമാക്കിയത് തന്നെ അഫ്ഗാനില്‍ നിന്നേറ്റ പ്രഹരമായിരുന്നുവെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.
ദീര്‍ഘകാലത്തെ പോരാട്ടത്തിനും രക്തസാക്ഷിത്വത്തിനും ശേഷം വീണ്ടെടുത്ത നാടിനെ മറ്റൊരു അധിനിവേശ ശക്തിക്ക് അടിയറവെക്കാന്‍ ആരാണിഷ്ടപ്പെടുക. ഇതുതന്നെയാണ് അഫ്ഗാനില്‍ സംഭവിച്ചതും. കാബൂളില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള വിദേശസേന അധികാരമേറ്റിട്ടും പ്രവിശ്യകളിലെ ജനങ്ങള്‍ താലിബാന്റെ ഭരണമംഗീകരിച്ചിരുന്നു എന്നാണ് മനസ്സിലാവുന്നത്. അതുകൊണ്ടാണല്ലോ ചെറുത്ത് നില്‍പില്ലാതെ പ്രവിശ്യകള്‍ ഒന്നൊന്നായി കീഴടക്കി രക്തച്ചൊരിച്ചിലില്ലാതെ കാബൂളും അതിവേഗം കീഴടക്കാന്‍ താലിബാന് സാധിച്ചത്.
അമേരിക്കന്‍ അധിനിവേശ കാലത്ത് താലിബാനും കുറയൊക്കെ പക്വത കൈവന്നതായാണ് തോന്നുന്നത്. അധിനിവേശക്കാരോടും അവരുടെ ശിങ്കിടികളോടുമെല്ലാം ചര്‍ച്ച നടത്താനവര്‍ സന്നദ്ധരായത് തന്നെ അതുകൊണ്ടാണല്ലോ. ഖത്തറിലേതുപോലെ പക്വതയുള്ള  ഭരണകര്‍ത്താക്കളുടെ ഉപദേശം സ്വീകരിക്കാന്‍ താലിബാന്‍ സന്നദ്ധമായതും ഈ സ്വാഗതാര്‍ഹമായ മാറ്റത്തിന് തെളിവല്ലേ?  അധിനിവേശം നടത്തി അഴിഞ്ഞാടിയ വിദേശ സേനകള്‍ക്കും സില്‍ബന്ധികള്‍ക്കും സുരക്ഷിതമായി ഒഴിഞ്ഞുപോകാന്‍ അവസരമൊരുക്കിയത് എത്ര വിശാലമായ സമീപനമാണ്.  സമാധാന കാംക്ഷികളും മനുഷ്യസ്നേഹികളുമെല്ലാം ആഗ്രഹിക്കുന്നതും ഇതാണ്.
എന്നാല്‍  ചാനല്‍ ചര്‍ച്ചകളും സോഷ്യല്‍ മീഡിയയും ശ്രദ്ധിക്കുന്നവര്‍ക്ക് മടുപ്പം വെറുപ്പും ദുഃഖവും സഹതാപവും വന്നുപോവുകയാണ്. ബുദ്ധിജീവികളും നിഷ്പക്ഷരും മനുഷ്യാവകാശ പ്രവര്‍ത്തകരുമെന്നൊക്കെ സ്വയം വിശേഷിപ്പിക്കുന്നവരുടെ നിലപാടുകള്‍ കാണുമ്പോഴാണ് ദുഃഖവും സഹതാപവും തോന്നുന്നത്. രക്തം ചിന്താതെ, സമാധാനപരമായി  താലിബാന്‍ നടത്തുന്ന നീക്കങ്ങള്‍ അവരെയെല്ലാം അസ്വസ്ഥരാക്കുന്നതായാണ് തോന്നുക. താലിബാന്‍ മുന്നേറ്റമാരംഭിച്ചപ്പോള്‍, വിദേശികളും സ്വദേശികളും ഒന്നായി അറുകൊലചെയ്യപ്പെട്ട് രക്തപ്പുഴ ഒഴുകുമെന്ന് നിരന്തരം വിളിച്ചു പറഞ്ഞുകൊണ്ടിരുന്നവരാണ് ഈ മനുഷ്യസ്നേഹികളും മാധ്യമ പ്രവര്‍ത്തകരും. ഓരോ ദിവസവും രക്തം ചിന്താതെ മുന്നോട്ട് പോകുമ്പോള്‍ നാളെ രക്തപ്പുഴ ഒഴുകുമെന്നവര്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. അവസാനം കാന്തഹാറിലും കാബൂളിലും എന്തായാലും ഒഴുകുമെന്നവര്‍ വിളിച്ചുപറഞ്ഞു. അവിടെയും നിരാശയായിരുന്നു ഫലം. അവസാനം കാബൂള്‍ വിമാനത്താവളത്തിലായി പ്രതീക്ഷ. അവിടെ അധിനിവേശ സേന നിലയുറപ്പിച്ചിട്ടുണ്ട്. ഒഴിപ്പിക്കാന്‍ താലിബാനെത്തും. സേനയെത്തൊട്ടാല്‍ ഗുരുതരമായിരിക്കും എന്ന് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ അതൊന്നുമുണ്ടായില്ല. നിരാശ തന്നെ ബാക്കി.
അതിനിടക്കാണ് കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് സ്ഫോടനമുണ്ടായത്. ചാനലുകള്‍ക്കും മനുഷ്യാവകാശക്കാര്‍ക്കും ആവേശമായി. നൂറിലധികം പേര്‍ സ്ഫോടനത്തില്‍ മരിച്ചു. നിരപരാധികളായ സ്ത്രീകളും കുട്ടികളും എല്ലാമുണ്ട് മരണപ്പെട്ടവരില്‍. കൂട്ടത്തില്‍ പതിമൂന്ന് അമേരിക്കന്‍ പട്ടാളക്കാരുമുണ്ട്. ചാനലുകള്‍ക്കും മറ്റും ഈ പതിമൂന്ന് പട്ടാളക്കാര്‍ മരിച്ചതാണ് പ്രശ്നം. സ്ഫോടനം നടത്തിയത് ഐ.എസ് ആണെന്നും അവരെ തെരഞ്ഞുപിടിച്ചു വകവരുത്തുമെന്നും അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചു. അടുത്തദിവസം തന്നെ പ്രസിഡന്റിന്റെ പ്രസ്താവന വന്നു: 'ഐ.എസ് കേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണം നടത്തി സൂത്രധാരനെ വകവരുത്തി' എന്ന്. എവിടെയാണ് കേന്ദ്രം? ആരെയാണ് വകവരുത്തിയത്? ഉത്തരമില്ല, ഉണ്ടാവുകയുമില്ല. ഇറാഖിലെയും സിറിയയിലെയും ഐ.എസിനെ വകവരുത്തിയ അനുഭവം നമ്മുടെ മുന്നിലുണ്ട്. പ്രസ്തുത നാടുകളെ ശവപ്പറമ്പാക്കിയ പോലെ അഫ്ഗാനിനെയും ഐ.എസിനെ വേട്ടയാടി ശവപ്പറമ്പാക്കുമെന്ന 'പ്രതീക്ഷ'യാണ് ഇസ്‌ലാം പേടിക്കാര്‍ക്കുള്ളത്. എന്നാല്‍ കാറ്റ് മാറി വീശുന്ന ലക്ഷണമുണ്ട്. യാങ്കികളും സില്‍ബന്ധികളും കുഴലൂത്തുകാരും നിരാശപ്പെടേണ്ടി വരും.



 

ഗന്നൂശിയുടെ 'അന്നഹ്ദ'
തിരിച്ചു വരട്ടെ

ഡോ. മുഹമ്മദ് നബീല്‍, അമ്മിനിക്കാട്, പെരിന്തല്‍മണ്ണ

ലക്കം 3214-ലെ കവര്‍സ്റ്റോറി, റാശിദുല്‍ ഗന്നൂശി ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിന്റെ വിവര്‍ത്തനം തുനീഷ്യയിലെ നിലവിലെ അവസ്ഥ മനസ്സിലാക്കാന്‍ വളരെയധികം സഹായകമായി. പ്രസിഡന്റ് ഖൈസ് സഈദിന് ഉപജാപക ശക്തികളുടെ സമ്മര്‍ദങ്ങള്‍ക്കടിപ്പെട്ട് വന്നവഴി വിസ്മരിക്കേണ്ടി വന്നപ്പോള്‍, പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട സ്പീക്കര്‍ ഗന്നൂശിയുടെ വാക്കുകള്‍ 'സ്വേഛാധിപത്യത്തിലേക്കൊരു പിന്മടക്കം ഞങ്ങള്‍ക്കിനി സാധ്യമല്ല' എന്ന തലക്കെട്ട് സൂചിപ്പിക്കും പോലെ പ്രതീക്ഷക്ക് വകനല്‍കുന്നതാണ്.
രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ ഗന്നൂശിയുടെ 'അന്നഹ്ദ'ക്ക് ബഹുജനപിന്തുണയോടെ ജനാധിപത്യ രാഷ്ട്രീയാധികാരത്തില്‍ തുടരാനുള്ള സാഹചര്യം നിലവില്‍ വരട്ടെയെന്ന് പ്രാര്‍ഥിക്കാം. 


ഒളിമങ്ങാത്ത ഓര്‍മകളില്‍ 
ആ കര്‍മയോഗി

മുഹമ്മദ്കുട്ടി എളമ്പിലാക്കോട്

വി.കെ അബ്ദുല്‍ അസീസ് ബഹുമുഖ വ്യക്തിത്വം എന്ന തലക്കെട്ടില്‍ പ്രബോധനം ലക്കം 3215-ല്‍ കെ.എം ബഷീര്‍ എഴുതിയ സ്മരണ, കര്‍മകാണ്ഡത്തില്‍നിന്നു വിരമിച്ച് കാലയവനികക്കപ്പുറം മറഞ്ഞ മനുഷ്യസ്‌നേഹിയായ ആ മഹാനുഭാവനുള്ള സമുചിതമായ ആദരവു തന്നെയായി. പാവങ്ങളുടെ ജീവിതം ആയാസരഹിതമാക്കാനുതകുന്നതും സമൂഹത്തിന്റെ സുസ്ഥിതിയും സമാധാനവും ഉറപ്പുവരുത്തുന്നതുമായ കര്‍മപദ്ധതികളും കനവുകളുമായിരുന്നു അല്ലാഹുവിന്റെ ഈ ഉത്തമ ദാസനെ സദാ പ്രവര്‍ത്തന നിരതനാക്കിയത്. കേവലമായ ആചാരാനുഷ്ഠാനങ്ങളുടെ കെട്ടിക്കിടപ്പില്‍നിന്ന് കുതറിമാറി ഇസ്‌ലാമിനെ അതിന്റെ വിശ്വമാനവികമായ വിശാല വിഹായസ്സിന്റെ തനിമയില്‍ ഉള്‍ക്കൊള്ളാന്‍ സൗഭാഗ്യം സിദ്ധിച്ചതുകൊണ്ട് മാനവസേവയുടെ വഴിയിലെ നിര്‍മല പ്രവാഹമായി ജീവിതത്തെ മാറ്റിത്തീര്‍ക്കാന്‍ വി.കെ അബ്ദുല്‍ അസീസ് എന്ന കര്‍മയോഗിക്ക് കഴിഞ്ഞു.
രണ്ടുതവണ മാത്രമാണ് അദ്ദേഹത്തെ നേരില്‍ കാണാനായത്. രണ്ടും പ്രവാസ ഭൂമിയില്‍വെച്ച്. ജിദ്ദയില്‍, ഈയുള്ളവന്‍ ജോലിചെയ്തിരുന്ന പത്രമോഫീസില്‍ വെച്ചായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച. സംസാരത്തിലുടനീളം തെളിഞ്ഞുകണ്ടത് സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ രംഗങ്ങളിലെ പരിവര്‍ത്തനാഭിവാഞ്ഛയും സമുദായ സമുദ്ധാരണത്തിനുള്ള അടങ്ങാത്ത ത്വരയും. ഇതിനായി ഒട്ടേറെ വേറിട്ട പദ്ധതികളുടെ മാസ്റ്റര്‍ പ്ലാനും നൂതന സ്വപ്‌നങ്ങളും നെയ്‌തൊരുക്കി കര്‍മഭൂമിയില്‍ സജീവമായി. മനസ്സിലും വചസ്സിലും നിറഞ്ഞുതുളുമ്പുന്ന അലിവും ആര്‍ദ്രതയും ആത്മാര്‍ഥതയും. സാത്വിക മുഖ ഭാവത്തില്‍ സദാ ഒളിമിന്നുന്ന പ്രസന്നത. കുലീനമായ വേഷവിധാനം. ഒരിക്കല്‍ കണ്ടാല്‍ പിന്നെ മനസ്സില്‍നിന്ന് മായില്ല, ആ വ്യക്തിപ്രഭാവത്തിന്റെ തേജസ്സ്. ചെങ്കടലിന്റെ റാണിയായ ജിദ്ദയിലെ മനോഹരമായ കടല്‍തീരത്ത് തന്റെ ഉടമസ്ഥതയിലുള്ള സീഗള്‍സ് റെസ്റ്റോറന്റിലേക്കുള്ള സ്‌നേഹപൂര്‍വമായ ക്ഷണത്തോടെയായിരുന്നു അന്ന് അദ്ദേഹം പോയത്.
2016 ഫെബ്രുവരിയില്‍ ഇതേ റെസ്റ്റോറന്റില്‍വെച്ച്, കവിയും സുഹൃത്തുമായ റസാഖ് എടവനക്കാടിന്റെ 'കിളിക്കൂട്' എന്ന കുട്ടിക്കവിതാ സമാഹാരത്തിന്റെ പ്രകാശന വേളയിലായിരുന്നു ഒടുവിലത്തെ കൂടിക്കാഴ്ച. നാട്ടില്‍നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയായ 'സേവ'യുടെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് റെസ്റ്റോറന്റില്‍ നടന്ന സ്‌നേഹ സംഗമത്തിലെ പ്രൗഢ ഗംഭീരമായ സദസ്സില്‍വെച്ച് പുസ്തകത്തിന്റെ കോപ്പി ഈയുള്ളവന് നല്‍കിയാണ് വി.കെ അബ്ദുല്‍ അസീസ് പ്രകാശന കര്‍മം നിര്‍വഹിച്ചത്. ഈവിധം ഓര്‍മയുടെ തീരങ്ങളില്‍ ഒളിമങ്ങാത്ത മാരിവില്ലഴകായി ആ തേജോമയ വ്യക്തിത്വം ഉദിച്ചുനില്‍പുണ്ട്.
 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 7-9
ടി.കെ ഉബൈദ്‌