Prabodhanm Weekly

Pages

Search

2021 സെപ്റ്റംബര്‍ 10

3216

1443 സഫര്‍ 03

'ഭീകരതക്കെതിരായ യുദ്ധം' ഭീകരത ഉല്‍പ്പാദിപ്പിക്കുന്ന യുദ്ധം

ഇര്‍ഫാന്‍ അഹ്മദ്

ഭീകരതക്കെതിരെ പോരാട്ടം നയിക്കുന്നവരെന്ന് സ്വയം അവകാശപ്പെടുന്ന ഇസ്രയേലിനെ പോലുള്ള ചില രാജ്യങ്ങളുടെ  പിറവി തന്നെ ഭീകരതയില്‍ നിന്നായിരുന്നു.....
പടിഞ്ഞാറ് നയിക്കുന്ന ഭീകരതക്കെതിരായ യുദ്ധം രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍ ചില ചോദ്യങ്ങള്‍ ഉയരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്താണ് ഭീകരത എന്നതാണ് ഉയരേണ്ട ഒന്നാമത്തെ ചോദ്യം.  കൂടുതല്‍ വായിച്ച് 'ഭീകരത' എന്താണെന്ന് അടുത്തറിയാന്‍ ശ്രമിക്കുന്തോറും അതിനെ സംബന്ധിച്ച ബോധ്യം  കുറഞ്ഞുപോകുന്നുവെന്നതാണ് പരമാര്‍ഥം. തീവ്രവാദത്തിന്റെ മര്‍മം തൊടാതെ അതിനെ കുറിച്ച് പ്രാന്തത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍  ആ പ്രതിഭാസത്തെയും അതിന്റെ രാഷ്ട്രീയത്തെയും കൂടുതല്‍ നിഗൂഢമാക്കുന്നു. ഭീകരതയുമായി ബന്ധപ്പെട്ട് പ്രാമാണികതയാര്‍ജിച്ച പൊതുപക്ഷത്തെയും പടിഞ്ഞാറ് നയിച്ച ഭീകരവിരുദ്ധ യുദ്ധങ്ങളെയും നിരൂപണം നടത്താനും, അതുവഴി മാന്യവും പക്ഷപാതരഹിതവുമായ ചര്‍ച്ചക്ക് വേണ്ട മൗലികവും എന്നാല്‍ അഹിതകരവുമായ ചില ചോദ്യങ്ങള്‍ ചോദിക്കാനുമാണ്  ഈ ലേഖനം ശ്രമിക്കുന്നത്. മൂന്ന് വാദമുഖങ്ങളാണ് ഞാന്‍ നിരത്തുന്നത്:
ഒന്ന്, സര്‍ക്കാരിതര ഏജന്‍സികള്‍ രാഷ്ട്രീയമാറ്റം ലക്ഷ്യമിട്ട് ഭീതി പരത്തിക്കൊണ്ട് നടത്തുന്ന ഹിംസയാണ് ഭീകരത എന്നാണ് പൊതുസമ്മതിയുള്ള നിര്‍വചനം. ഇത് സംശയാസ്പദവും ചരിത്രപരമായി നിലനില്‍ക്കാത്തതുമാണെന്നു മാത്രമല്ല, അധാര്‍മികവുമാണ്. കാരണം, ഭരണകൂട അതിക്രമത്തെയും ഹിംസയെയും അത് സാധൂകരിക്കുന്നു. മാത്രവുമല്ല, ഭീകരര്‍ കൊലപ്പെടുത്തിയതിനേക്കാള്‍ എത്രയോ കൂടുതലുള്ള ഭീകരതയുടെ പേരിലെ അരുംകൊലകള്‍ക്ക് ഉത്തരവാദികള്‍ അവരാണ്.
രണ്ട്, പ്രതിഭീകരത നടത്തുന്ന ഭീകരതയെ കുറിച്ച് എഴുതി വേണം തുടങ്ങാന്‍ എന്ന് ഞാന്‍ വാദിക്കുന്നു. കാരണം, പ്രതിഭീകരര്‍ നടത്തുന്നതും തീവ്രവാദം തന്നെയാണ്. എന്നല്ല, അവര്‍ നടത്തുന്നത് കൂടുതല്‍ മാരകവുമാണ്. ആ ഭീകരത നിയമാനുസൃതമാക്കപ്പെടുന്നു. അതിന് അതിവിപുലമായ സംവിധാനങ്ങളുടെ പിന്തുണയുണ്ട്. നശീകരണായുധങ്ങളുടെ പിന്‍ബലമുള്ളതിനാല്‍ ഭരണകൂട ഭീകരതക്കു അതിന്റേത് മാത്രമായ വിപുലനവും വ്യാപ്തിയുമുണ്ട്. ഈ ലക്ഷ്യത്തോടെ 'നവഭീകരത'യെന്ന സംജ്ഞഞയിലെ 'പ്രതീകാത്മക ഭീകരത'യെ ഞാന്‍ ചര്‍ച്ചക്കെടുക്കുന്നു. സമകാലിക ഭീകരതയെ മതപരവും ഇസ്‌ലാമികവു(പലപ്പോഴും പേരുപറയാതെ, സൂചന മാത്രമേ നല്‍കുകയുള്ളൂ)മായി നിര്‍വചിക്കുക വഴി സുരക്ഷാ വിദഗ്ധരെന്നും ഭീകരതാ വിചക്ഷണരെന്നും സ്വയം പേരുവിളിക്കുന്നവര്‍ ഇസ്‌ലാമിനെതിരായ പ്രതീകാത്മക ഭീകരതക്കാണ് പ്രചാരം നല്‍കുന്നത്.
മൂന്ന്, ഭീകരതയുടെ പ്രഭവം വികലമായി ചിന്തിക്കുന്ന വ്യക്തികളില്‍നിന്നോ ഹിംസയിലൂന്നിയ ഒരു മതത്തില്‍നിന്നോ, അഥവാ ഇസ്‌ലാമില്‍നിന്നോ (21-ാം നൂറ്റാണ്ടിലെ തീവ്രവാദ  പൊതു ചര്‍ച്ചകളെല്ലാം ഒടുവില്‍ ചെന്നു തൊടുന്നത് ഇസ്‌ലാമിലാണ്)  ആണെന്ന പൊതുധാരണയെ തള്ളി ഞാന്‍  വാദിക്കുന്നത്, ഭീകരര്‍ നടത്തുന്ന ഹിംസകള്‍ ശരിക്കും  നാം ജീവിക്കുന്ന തീവ്രവാദജടിലമായ ദേശീയ, അന്തര്‍ദേശീയ ഭരണസംവിധാനങ്ങളെ കൂടിയാണ് പ്രതിഫലിപ്പിക്കുന്നത് എന്നാണ്. ഭീകരതക്ക് ഒറ്റമൂലി, 'പ്രതിഭീകരതാ വിശാരദര്‍' പ്രചരിപ്പിക്കുംപോലെ,  'ആഭ്യന്തര സുരക്ഷ' കര്‍ക്കശമാക്കലും അസാന്മാര്‍ഗികമാംവിധം 'ദേശീയ താല്‍പര്യങ്ങളെ' ഊതിവീര്‍പ്പിക്കലുമല്ല.  മറിച്ച്, മാനുഷിക താല്‍പര്യങ്ങളിലൂന്നിയ മാനുഷിക ലോകം പടുത്തുയര്‍ത്തലാണ്.
പ്രതിഭീകരത (Counter - Terrorism) എന്ന് ഞാന്‍ ഉപയോഗിച്ച പദം ഒന്നുകൂടി വിശദീകരിക്കാം. യു.എസ് വിദേശനയം അതിനെ നിര്‍വചിക്കുന്നത്, 'ഭീകരത ഉയര്‍ത്തുന്ന യഥാര്‍ഥമോ ആരോപിതമോ ആയ വെല്ലുവിളികള്‍, പ്രവൃത്തികള്‍ എന്നിവക്ക് പ്രതികരണമെന്നോണം ഭരണകൂടങ്ങള്‍, സൈനിക വിഭാഗങ്ങള്‍, പോലീസ് വകുപ്പുകള്‍, കോര്‍പറേഷനുകള്‍ എന്നിവ സ്വീകരിക്കുന്ന നയങ്ങള്‍, സങ്കേതങ്ങള്‍, തന്ത്രങ്ങള്‍, പ്രവൃത്തികള്‍' ഒക്കെ ആയാണ്.  ഭീകരതാ പണ്ഡിതന്മാര്‍, സുരക്ഷാ വിദഗ്ധര്‍ എന്നിവരെക്കൂടി ഞാന്‍ ഈ നിര്‍വചനത്തിന്റെ പരിധിയില്‍ പെടുത്തുകയാണ്.

ഭീകരതയെ നിര്‍വചിക്കുന്നതിലെ (അ)സാധ്യത

ലോകം മുഴുക്കെ പൊതുസമ്മതമായ  നിര്‍വചനം ഇനിയും ഭീകരതക്ക് നല്‍കപ്പെട്ടിട്ടില്ല. 1984-ല്‍ ഇതിനെ സംബന്ധിച്ച നൂറിലേറെ നിര്‍വചനങ്ങള്‍ പരിശോധിച്ച ശേഷം അലക്‌സ് ഷ്മിഡ്  പറഞ്ഞത്, ഭീകരതയെ കുറിച്ച് സര്‍വാംഗീകൃതമായ നിര്‍വചനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ് എന്നാണ്. അക്കാദമിക വിശാരദരും സുരക്ഷാ വിദഗ്ധരും നല്‍കിയവ മാറ്റിനിര്‍ത്തി, ഒരേ ഭരണ സംവിധാനത്തിന്റെ വ്യത്യസ്ത വകുപ്പുകള്‍ നല്‍കിയ നിര്‍വചനങ്ങള്‍ പരിശോധിച്ചാല്‍ തന്നെ അവയോരോന്നും വ്യത്യസ്തമാണെന്ന് കാണാനാകും. യു.എസ് പ്രതിരോധ വകുപ്പ്,  സ്റ്റേറ്റ് വകുപ്പ്, എഫ്.ബി.ഐ എന്നിവ നല്‍കിയവ മാത്രം പരിശോധിക്കുക.
''ഭീകരതയെന്ന പദം അര്‍ഥമാക്കുന്നത്, നിഗൂഢ ശക്തികളോ ദേശത്തിനകത്തെ പ്രത്യേക വിഭാഗങ്ങളോ നിരായുധര്‍ക്കെതിരെ ആസൂത്രിതവും രാഷ്ട്രീയപ്രേരിതവുമായി നടത്തുന്ന ആക്രമണമാണ്, ചില കേന്ദ്രങ്ങളെ സ്വാധീനിക്കാന്‍ വേണ്ടിയാവുമത്'' (പാറ്റേണ്‍സ് ഓഫ് േഗ്ലാബല്‍ ടെററിസം 2003, പേജ് 12, യു.എസ് സ്റ്റേറ്റ് വിഭാഗം).
''രാഷ്ട്രീയ, സാമൂഹിക താല്‍പര്യങ്ങള്‍ സാക്ഷാത്കരിക്കാനായി... സര്‍ക്കാരിനെയോ സിവിലിയന്‍ ജനതയെയോ ഭീതിയുടെ മുനയില്‍ നിര്‍ത്തി വ്യക്തികള്‍ക്കും സ്വത്തുക്കള്‍ക്കുമെതിരെ നടത്തുന്ന ഹിംസയും നിയമവിരുദ്ധ ബലപ്രയോഗവും.. '' (Terrorism 2002-2005, പേ. iv, FBI, US Department of Justice)
''സര്‍ക്കാറുകളെയോ സമൂഹങ്ങളെയോ ഭീതിയിലാഴ്ത്താനും വഴങ്ങുന്നവരാക്കാനും ലക്ഷ്യമിട്ട് ഹിംസയോ ഭീഷണിയോ പ്രയോഗിക്കുക. മത, രാഷ്ട്രീയ, പ്രത്യയശാസ്ത്രപരമായ വിശ്വാസങ്ങളാണ് പൊതുവെ പിന്നിലുണ്ടാകുക. ലക്ഷ്യങ്ങളാകട്ടെ, രാഷ്ട്രീയവും'' (Department of Defence Dictionary of Military and Aossciated  Terms 2012ല്‍ ഭേദഗതി വരുത്തിയത് -പേജ്. 317).
രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി നടത്തുന്ന ഹിംസ എല്ലാ നിര്‍വചനങ്ങളിലും വരുന്നു. പക്ഷേ, മറ്റു തലങ്ങളില്‍ അവ ഒന്നിനൊന്ന് വ്യത്യാസപ്പെടുകയും ചെയ്യുന്നു. ആദ്യത്തേതില്‍, ഭീകരര്‍ 'ദേശാതിര്‍ത്തികള്‍ക്കകത്തെ സംഘങ്ങളോ നിഗൂഢ ശക്തികളോ' ആകും. രണ്ടിലും മൂന്നിലും അവര്‍ ആരെന്ന് വിശദമാക്കുന്നില്ല- ദേശാതിര്‍ത്തികള്‍ക്കകത്തെ സംഘങ്ങളെന്നോ നിഗൂഢ ശക്തികളെന്നോ പേരെടുത്ത് പറയുന്നില്ല. ആദ്യ നിര്‍വചനത്തില്‍, ഭീകരരുടെ ലക്ഷ്യം നിരായുധരായ സാധാരണക്കാരാണ്. രണ്ടാമത്തേതില്‍ സ്വത്തുക്കള്‍ കൂടി ലക്ഷ്യമാക്കപ്പെടുന്നുണ്ട്.  ആദ്യ നിര്‍വചനത്തില്‍ ഭീകരര്‍ ലക്ഷ്യംവെക്കുന്നത്, 'ചില കേന്ദ്രങ്ങളെ സ്വാധീനിക്കലാ'ണ്.  രണ്ടാമത്തേതില്‍, രാഷ്ട്രീയ, സാമൂഹിക താല്‍പര്യങ്ങള്‍ വിജയിപ്പിച്ചെടുക്കലാണ്. ഭീകരരുടെ പ്രചോദനം പരിഗണിക്കുമ്പോള്‍ മൂന്നാം നിര്‍വചനം ശ്രദ്ധയൂന്നുന്നത്, രണ്ടാമത്തേതുപോലെ, ഭരണകൂടങ്ങളെയും സിവിലിയന്‍ ജനതയെയും സമൂഹങ്ങളെയും ഭീതിയുടെ മുനയില്‍ നിര്‍ത്തുന്നതിലാണ്.
'പ്രത്യയശാസ്ത്രപരമായ വിശ്വാസങ്ങള്‍', 'മതപരം', 'ദേശപരിധിക്കകത്തെ', 'ഹിംസ' തുടങ്ങി  'സമൂഹങ്ങള്‍' വരെ ഈ നിര്‍വചനങ്ങളിലെ സൂചക പദങ്ങള്‍ ഓരോന്നും സാന്ദര്‍ഭികവും സൗകര്യപ്രദവുമായി ഭീകരതയെന്ന് എണ്ണപ്പെടുന്നവയെ അകത്താക്കുംപോലെ പുറത്തുനിര്‍ത്താനും സഹായിക്കുന്നതാണ്. ഇന്ത്യന്‍ 'ഭീകരവിരുദ്ധ നിയമം 2002' പ്രകാരം ഭീകരതയെന്നാല്‍, ഇന്ത്യയുടെ ഐക്യം, സുരക്ഷ, പരമാധികാരം എന്നിവയെ ഭീഷണിപ്പെടുത്താനും ജനങ്ങളില്‍ ഭീതി വിതക്കാനും ലക്ഷ്യമിട്ടുള്ള ഏതു ഉദ്ദേശ്യവുമാണ്.' മുഖ്യധാരാ വിവക്ഷകളില്‍, രാഷ്ട്രീയം എന്ന പദം പൊതുവെ 'സമനില തെറ്റിയ' വ്യക്തി നടത്തുന്ന കുറ്റകൃത്യത്തെ- വ്യക്തിപരമായ താല്‍പര്യത്തിന് വ്യക്തി നടത്തുന്ന വെടിവെപ്പ് ഉദാഹരണം-  മാറ്റിനിര്‍ത്തുന്നുണ്ട്. പക്ഷേ, അങ്ങനെ 'രാഷ്ട്രീയം' എന്ന പദത്തെ വിവക്ഷിക്കുന്നതിലുമുണ്ട് പ്രശ്‌നം. കാരണം, മറ്റൊരു നിര്‍വചനപ്രകാരം, എന്തും രാഷ്ട്രീയമാണ് എന്നുണ്ടല്ലോ. 'വ്യക്തിപരമായതും രാഷ്ട്രീയമാണ്' എന്ന ഫെമിനിസ്റ്റ് സിദ്ധാന്തം പോലെ.
ഈ മൂന്ന് നിര്‍വചനങ്ങള്‍ക്കും ആഴത്തില്‍ ചില സമാനതകളുണ്ട്. ഈ മൂന്നിലും ഭീകരത നടത്തുന്നവര്‍ ഒരിക്കലും ഭരണകൂടമോ സ്റ്റേറ്റോ അല്ല. പഴയ നിര്‍വചനത്തില്‍നിന്നുള്ള വലിയ മാറ്റമാണിത്. 1978-ല്‍ സി.ഐ.എ ഉദ്യോഗസ്ഥനും പണ്ഡിതനുമായ എഡ്വേഡ് മിക്കൊലൂസ് ഭരണകൂട ഭീകരതയെയും ഭീകരതയുടെ പരിധിയിലാണ് എണ്ണിയിരുന്നത്. 'സ്റ്റേറ്റ് ഭീകരതയെന്നാല്‍ ദേശീയ ഭരണകൂടം സ്വന്തം ഭൂമിശാസ്ത്ര പരിധിയില്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളാണ്' (പേ. 128). സോവിയറ്റ് യൂനിയനെ ആണ് അദ്ദേഹം ഉദാഹരണമായി പറയുന്നത്. റീഗന്‍ ഭരണകൂടം, സോവിയറ്റ് യൂനിയന്‍ ഭീകരതയെ പിന്താങ്ങുകയാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരന്‍ സല്‍മാന്‍ റുശ്ദിയെ പോലുള്ള ബുദ്ധിജീവികള്‍ പാകിസ്താനെ ഭീകര രാജ്യമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഒരു ഭരണകൂടം തങ്ങള്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് സ്വയം ഭീകരമുദ്ര ചാര്‍ത്തില്ലെന്നുറപ്പാണ്. പക്ഷേ, സുരക്ഷാ/ഭീകരതാ വിദഗ്ധര്‍ എന്തിനാണ് അവരുടെ നിര്‍വചനങ്ങളുടെ പരിധിയില്‍നിന്ന് സ്റ്റേറ്റിനെ മാറ്റിനിര്‍ത്തുന്നത്? ഭീകരതാ വിദഗ്ധനായ ബ്രൂസ് േഹാഫ്മാന്‍ വിഷയത്തിലടങ്ങിയ സങ്കീര്‍ണതകളെയെല്ലാം അവഗണിച്ച് ഭീകരതയെ വിശേഷിപ്പിച്ചത് 'ദേശാതിര്‍ത്തിക്കുള്ളിലുള്ളതോ സര്‍ക്കാറിതരമോ ആയ സംഘങ്ങള്‍ നടത്തുന്നത്' എന്നാണ് (Inside Terrorism, 2006, p., 40). സമാനമായി, ജെയിംസ് ലുട്‌സും ബ്രെന്‍ഡ ലുട്‌സും ഇങ്ങനെ നിര്‍വചിച്ചു: 'ഭീകരതയെന്നാല്‍ ഹിംസാത്മകമോ ഹിംസയെ പ്രകോപിപ്പിക്കുന്നതോ ആണ്; നടത്തുന്നവര്‍ സര്‍ക്കാരിത വ്യക്തിയോ കൂട്ടമോ ആയിരിക്കും' (Global Terrorism, 2008, p. 6).
എന്തിനാണ് സ്റ്റേറ്റിനെ ഈ നിര്‍വചനങ്ങള്‍ ഭീകരതയുടെ പരിധിയില്‍നിന്ന് പുറത്തു നിര്‍ത്തുന്നത്? 20-ാം നൂറ്റാണ്ടില്‍  ഭീകരര്‍ അരുംകൊല നടത്തിയത് അഞ്ചു ലക്ഷം പേരെയാണെങ്കില്‍ യുദ്ധങ്ങളുടെ പേരില്‍ മാത്രം ആ കാലയളവില്‍ ഭരണകൂടങ്ങള്‍ ഇല്ലാതാക്കിയത് 3.4 കോടി മനുഷ്യരെയാണ്. യുദ്ധത്തിന്റെ പേരിലല്ലാതെ 17 കോടി പേര്‍ വേറെയും കാലപുരിയിലേക്കയക്കപ്പെട്ടു (David Wright-Neville, Dictionary of Terrorism, 2010, p. x).
നിര്‍വചനങ്ങളിലെ ഈ തിരിമറി ഭീകര പ്രവൃത്തികള്‍ നടത്തുന്ന ഭരണകൂടങ്ങള്‍ നല്‍കുന്ന നിര്‍വചനങ്ങളുമായി ഒത്തുവരാനാകാം, അല്ലെങ്കില്‍ അവര്‍ കാണിച്ചുകൂട്ടിയ അതിക്രമങ്ങളെ കഴുകിക്കളയാനാവാം. അത് മറ്റൊന്നിനു കൂടി സൗകര്യം ചെയ്തു കൊടുക്കുന്നുണ്ട്. അതായത്, ജന്മഭൂമി കവര്‍ന്നെടുക്കപ്പെട്ട ഫലസ്ത്വീനികളെ പോലുള്ളവരെ കൂടി ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അവര്‍ക്ക് അവസരം ലഭിക്കും.  ഇസ്രയേല്‍ അധിനിവേശത്തിനെതിരെ ചെറുത്തുനിന്നതു കൊണ്ട് മാത്രമായിരുന്നില്ല ഈ ചാപ്പകുത്തല്‍. അവര്‍ എങ്ങനെ ഭൂമി ഇല്ലാത്തവരായി എന്ന ചോദ്യം ഉയരാതെ നോക്കാനും ഇതുവഴി സാധ്യമാകും.
    ഹോഫ്മാനും ലുട്‌സും പോലുള്ളവര്‍ ചിലതു മാത്രം സൂക്ഷിച്ച് തെരഞ്ഞെടുക്കുക(Selective) യാണ്. ഭീകരതയുടെ ചരിത്രത്തില്‍നിന്ന് 'ഉപകാരപ്രദമായവ' മാത്രം പൊക്കിയെടുത്ത് വര്‍ത്തമാനത്തെ ആവിഷ്‌കരിക്കുന്നു. ഞാന്‍ താഴെ വിശദീകരിക്കുംപോലെ, ഭീകരതയുടെ ചരിത്രം ഭരണകൂടങ്ങളും ഭരണത്തിലുള്ള ചില പ്രമുഖരും നടത്തിയ ഭീകരതകളുടെ കൂടി ചരിത്രമാണ്. സ്റ്റേറ്റ് ഭീകരതയെന്നാല്‍  സര്‍ക്കാര്‍ ഭീകരതക്ക് നല്‍കുന്ന പിന്തുണ മാത്രമല്ല; സ്വന്തം അതിര്‍ത്തിക്കുള്ളില്‍ സ്റ്റേറ്റ് തന്നെ അത് നടത്തുന്നു എന്നുകൂടിയാണ്. എന്നല്ല, പല സ്റ്റേറ്റുകളെ നിര്‍മിക്കുന്നതു പോലും ഇതേ ഭീകരതയാണ്. എനിക്ക് പറയാനുള്ളത് ഇതാണ്: സ്റ്റേറ്റ്, സ്റ്റേറ്റിതരം എന്നൊക്കെയുള്ളത്  ലളിതവല്‍ക്കരണമാണ്. സ്റ്റേറ്റുകള്‍ക്ക് വളരെ എളുപ്പത്തില്‍ സ്റ്റേറ്റ് ഇതരമാകാനും മറുപക്ഷത്തിന് സ്റ്റേറ്റ് ആകാനും അവസരമൊരുങ്ങുന്നുണ്ട്. േജാണ്‍ പെര്‍കിെന്റ Confession of an Economic Hitman എന്ന കൃതിയില്‍, സ്റ്റേറ്റും സ്റ്റേറ്റ് ഇതരരും പൊതുജനത്തിനു മുന്നില്‍ തങ്ങള്‍ അകന്നുനില്‍ക്കുന്നവരായി കാണിക്കാന്‍ വേണ്ടി എങ്ങനെ പരസ്പരം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു എന്ന് വിശദീകരിച്ചിട്ടുണ്ട്.

ഭരണകൂട ഭീകരത: എഡിറ്റ് 
ചെയ്യപ്പെടാത്ത ലഘു ചരിത്രം
ഭീകരതയെ കൈകാര്യം ചെയ്യുന്നതിനു പകരം, പ്രധാന നിര്‍വചനങ്ങളൊക്കെയും കേന്ദ്രീകരിച്ചുനില്‍ക്കുന്നത് അത് ആര് ചെയ്യുന്നു എന്നതിലാണ്. സര്‍ക്കാരിതര്‍ ആകുമ്പോഴേ ഭീകരരാകൂ.  ചെയ്ത ഭീകര പ്രവൃത്തി, അതിന്റെ സ്വഭാവം എന്നിവയില്‍നിന്ന് വിഷയം മാറി  ആരു ചെയ്യുന്നു എന്നതിലേക്ക് ചുരുക്കുമ്പോള്‍ അതിന് വലിയ അര്‍ഥധ്വനികളുണ്ട്. ഉദാഹരണത്തിന്, ഇത് ചെയ്യുന്നവര്‍ക്കിടയില്‍ സര്‍ക്കാരും സര്‍ക്കാരിതരരുമെന്ന വ്യത്യാസത്തിന് പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട് ഹോഫ്മന്‍. ഇവ രണ്ടും തമ്മിലെ സമാനതകള്‍ അദ്ദേഹം തള്ളുന്നു. അങ്ങനെ ഭരണകൂട ഭീകരതക്ക് നിയമാനുസൃതത്വം കല്‍പ്പിച്ചു നല്‍കുന്നു. രണ്ടിനെയും ഒരുപോലെ കണ്ടാല്‍ അത് ഭീകരര്‍ക്ക്  വളമാകുമെന്നാണ് അദ്ദേഹം പറയുന്ന കാരണം. തിരക്കുപിടിച്ച മാര്‍ക്കറ്റിലെ മാലിന്യക്കൂനയില്‍ വെച്ച പൈപ്പ് ബോംബും സൈനിക പോര്‍വിമാനങ്ങള്‍ 20,000 അടി മുകളില്‍നിന്ന് തൊടുക്കുന്ന അത്യാധുനിക ആയുധങ്ങളും തമ്മില്‍ പ്രവൃത്തിയില്‍ വ്യത്യാസമില്ലെന്നും ഉണ്ടാക്കുന്ന ഫലം ഒന്നാണെന്നും പറയുന്ന ഭീകരതയുടെ വക്താക്കള്‍ക്ക് അത് സഹായകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നാടന്‍ കൈ ബോംബ് എറിയുന്നത് തിന്മ; ബോംബ് വിമാനത്തില്‍ നിന്ന് താഴേക്കിട്ടാല്‍ അത് നന്മ! ഏത് വേഷമണിയുന്നു എന്ന് നോക്കിയാണ് ഭീകരതയാണോ അല്ലേ എന്ന് തീരുമാനിക്കപ്പെടുക.
ഭീകരത എക്കാലവും ഭരണകൂടവുമായി അള്ളിപ്പിടിച്ചാണ് നിലകൊണ്ടിരുന്നത്. ചന്ദ്രഗുപ്തെന്റ ഉപദേശകനായിരുന്ന ചാണക്യന്‍ (ജനനം ബി.സി 280) ശത്രുക്കളെ ഭയപ്പെടുത്തി കീഴടക്കാന്‍ പല നിഗൂഢ വഴികളും ആ പ്രശസ്ത ഇന്ത്യന്‍ ഭരണാധികാരിയെ ഉപദേശിക്കുന്നുണ്ട്. 'അര്‍ഥശാസ്ത്ര'ത്തില്‍ ലക്ഷ്യമാണ്, മാര്‍ഗമല്ല സ്റ്റേറ്റിന് സ്വാഭാവികമായും പ്രധാനമായി വരിക എന്ന് വ്യക്തമാക്കുന്നു. ചാണക്യന് (മാക്യവെല്ലിയോടാണ് മാക്‌സ്‌വെബര്‍ അദ്ദേഹത്തെ തുലനം ചെയ്തത്) ധാര്‍മികതയേക്കാള്‍ ഭരണകൂടത്തിെന്റ അതിജീവനവും വ്യാപനവുമായിരുന്നു വലുത്. ആയുധം പ്രയോഗിച്ചോ തീ കൊളുത്തിയോ വിഷം നല്‍കിയോ ഒരു നിര്‍ണിത വ്യക്തിയെ  കൊലപ്പെടുത്താനാവുമെങ്കില്‍, അത് പൂര്‍ണസജ്ജമായ സേനക്ക് ചിലപ്പോള്‍ കഴിയില്ലെന്നതിനാല്‍, അത്തരം രഹസ്യ ആക്രമണങ്ങള്‍ ആകാമെന്നാണ് ചാണക്യന്‍ പറയുന്നത്.
ശത്രു രാജാക്കന്മാരെയും അവരുടെ ഉദ്യോഗസ്ഥരെയും വധിക്കുന്നത് എങ്ങനെ എന്നു മാത്രമല്ല, സിവിലിയന്മാരെ ഭീതിയിലാഴ്ത്തുന്നതിെന്റ വഴികളും അദ്ദേഹം ഉപദേശിച്ചു. ചാരന്മാര്‍, വനിതകള്‍, ഗൂഢാലോചന, കിംവദന്തി, പ്രചാരവേല എന്നിങ്ങനെ പല വഴികള്‍ ഉപയോഗിച്ച് ലക്ഷ്യത്തിലെത്തണം (Randall Law, Terrorism: A History, 2009, pp. 13-14).
പഴയ കാലത്തു നിന്ന് കൂടുതല്‍ ഉദാഹരണങ്ങള്‍ നിരത്താന്‍ നില്‍ക്കാതെ, ഭീകരത ഇംഗ്ലീഷ് ഭാഷയിലേക്കു വന്ന കാലത്തെ ആധുനിക ഫ്രാന്‍സിലേക്കു വരാം. അവിടെ പക്ഷേ, 1789-നു ശേഷമുള്ള ഭരണാധികാരികളും റാഡിക്കല്‍ വിപ്ലവകാരികളും ജാക്കൊബിനുകളും നടത്തിയ ഭീകര ഭരണമാണ് ഭീകരത. പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഇവിടെ ഭരണകൂടം നടത്തിയതാണ് ഭീകരത; സര്‍ക്കാരിതര ഗ്രൂപ്പുകള്‍ നടത്തിയതല്ല. ലൂയി 16-ാമനെ പുറത്തിട്ട ശേഷം റോബസ്പിയറെ പോലുള്ള ജാക്കൊബിനുകള്‍ക്ക് മേല്‍ക്കൈയുള്ള പുതിയ നിയമസഭയായ കണ്‍വെന്‍ഷന്‍ നിലവില്‍വന്നു. 1793-ല്‍ കണ്‍വെന്‍ഷന്‍ പാസ്സാക്കിയ പുതിയ ഉത്തരവ് പറഞ്ഞത് 'ഭീകരത ഇന്ന് സര്‍വവ്യാപിയാണ്' എന്നാണ്. സംശയിക്കപ്പെടുന്നവര്‍ക്കായി നിയമവും കണ്‍വെന്‍ഷന്‍ പാസ്സാക്കി. 'എകാധിപത്യത്തിന് രേഖാമൂലമോ വാക്കാലോ പെരുമാറ്റത്തിലോ സ്വഭാവത്തിലോ കൂടെ നിന്നവരെയും സ്വാതന്ത്ര്യത്തിെന്റ ശത്രുക്കളെയും' അറസ്റ്റ് ചെയ്യാനായിരുന്നു ഉത്തരവ്. 1793-നും 1794-നുമിടയില്‍ മാത്രം 17,000 പേരാണ് വധശിക്ഷക്കിരയായത്. അഞ്ചു ലക്ഷം പേര്‍ തടവുകാരാക്കപ്പെട്ടു. ഈ ഭീകര ഭരണത്തില്‍ മൊത്തം കുരുതിക്കിരയായത് 40,000 ആയിരുന്നു.
ഭീകരതയെന്നാല്‍ 'സ്വേഛാ ഭരണകൂടം നടത്തുന്ന തീവ്രവാദം' എന്നായിരുന്നു ബ്രിട്ടീഷ് കൊളോണിയലിസ്റ്റായ സര്‍ ജോണ്‍ ലോറന്‍സ് പറഞ്ഞത്. 1857-ലെ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം അടിച്ചമര്‍ത്തി മുഗള്‍ ഭരണാധികാരി ബഹാദുര്‍ ഷാ സഫറെ പിടികൂടിയ ഉടന്‍ ലോറന്‍സ് എഴുതിയത് 'ഇത്തരം ആളുകളെ (ബഹദൂര്‍ ഷായുടെ മക്കളെ) വധിക്കുന്നത് മുഹമ്മദന്‍ ജനതക്കിടയില്‍ ഭീതി വിതക്കുമെന്നാണ്.'
20-ാം നൂറ്റാണ്ടിലും ഭരണകുട ഭീകരത തുടര്‍ന്നു. നാസി ഭീകരതയും സ്റ്റാലിന്‍ ഭരണവും എടുത്ത് പറയാവുന്ന മാതൃകകളാണ്. ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റം ബോംബ് വര്‍ഷിച്ചതും അതുപോലെത്തന്നെ. കോണര്‍ ഗിയര്‍ട്ടി അതിനെ 'ശുദ്ധ രാഷ്ട്രീയ ഭീകരത' എന്ന് വിശേഷിപ്പിച്ചു. സുഹാര്‍ത്തോ ഭരണത്തില്‍ 10 ലക്ഷത്തിലേറെ ഇന്തോനേഷ്യക്കാരാണ് അരുംകൊല ചെയ്യപ്പെട്ടത്. പുറമെ 80,000 പേരെ വിചാരണയില്ലാതെ ജയിലിലടക്കുകയും ചെയ്തു.
1974-1979-ല്‍ പോള്‍ പോട്ട് ഇല്ലാതാക്കിയത് 13 ലക്ഷം കേമ്പാഡിയക്കാരെ. ചിലിയിലെ ജനാധിപത്യ ഭരണകൂടത്തെ സി.ഐ.എ അട്ടിമറിച്ച ശേഷം എത്തിയ പിനോച്ചെ തെന്റ കിരാത വാഴ്ചക്കിടെ 15,000 പേരെയാണ് കുരുതി നടത്തിയത്. സാന്റിയാഗോയിലെ സ്റ്റേഡിയങ്ങള്‍ അന്ന്  തടവറകളായിരുന്നു. 1976- 1983 കാലത്ത് അര്‍ജന്റീനാ ഭരണകൂടം 10,000-നും 20,000-നും ഇടയില്‍ ആളുകളെയാണ് കൊന്നത്.
ലോലമായ വേര്‍തിരിവുകള്‍
1975-ല്‍ ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ അടിയന്തരാവസ്ഥ അടിച്ചേല്‍പിച്ച ശേഷം നടപ്പാക്കിയത് ഭീകരതയായിരുന്നു. എതിരാളികളെ അവര്‍ ജയിലിലടച്ചു. 'ഗ്രേറ്റ് ബിട്രെയല്‍' എന്ന പുസ്തകത്തില്‍ ആര്‍.എസ്.എസ് അനുഭാവി കവിത നരവനെ ഇതിനെ വിശേഷിപ്പിച്ചത് ഭീകര ഭരണമെന്നാണ്. ഇന്ദിരയെ ഹിറ്റ്‌ലറായും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഉപയോഗിച്ച ഭരണഘടനാ അനുഛേദത്തെ 'ഏകാധിപത്യപരം' എന്നും അവര്‍ വിശേഷിപ്പിച്ചു. പുതിയ ചാര വിഭാഗമായി 'റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗും' (റോ) മറ്റു അര്‍ധ സൈനിക വിഭാഗങ്ങളും രൂപവത്കരിച്ചതിനെയും അവര്‍ വിമര്‍ശിക്കുന്നു. ഇന്ദിര ഇതത്രയും ചെയ്തത് 'സാധാരണക്കാരെന്റ മനസ്സില്‍ ഭീതി നിറക്കാനും അതുവഴി ഈ ഏകാധിപതിക്കെതിരെ ഒരു വിരല്‍ പോലും ഉയരാതിരിക്കാനും' ആയിരുന്നു (പേജ് 111-13).
നരവനെയുടെ പുസ്തകത്തെ പിന്തുണച്ച് അന്നത്തെ പ്രതിപക്ഷ നേതാവായ അടല്‍ ബിഹാരി വാജ്‌പേയി ഭീകരതയെക്കുറിച്ച് ഗ്രന്ഥകാരിയുടെ അഭിപ്രായം പങ്കുവെച്ചിരുന്നു. എന്നാല്‍, രണ്ടു പതിറ്റാണ്ട് കഴിഞ്ഞ് വാജ്‌പേയി പ്രധാനമന്ത്രിയായപ്പോള്‍ തെന്റ സര്‍ക്കാര്‍ 9/11-നു പിന്നാലെ തീവ്രവാദ വിരുദ്ധ നിയമം (The Prevention of Terrorism Act) പാസ്സാക്കി. വാജ്‌പേയി ഇതുകൂടി പറഞ്ഞു: 'മുസ്‌ലിംകള്‍ എവിടെ ജീവിച്ചാലും അവര്‍ക്ക് മറ്റുള്ളവരുമായി സമാധാനത്തില്‍ ജീവിക്കാനിഷ്ടമല്ല', പകരം 'അവര്‍ മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയും പേടിപ്പിച്ചുമാണ് ജീവിക്കുക.'
1970-കളില്‍ സര്‍ക്കാരിതര കക്ഷിയായിരുന്ന വാജ്‌പേയിയുടെ പാര്‍ട്ടി അന്നത്തെ സര്‍ക്കാറിനെ 'ഭീകര ഭരണം' എന്നു വിശേഷിപ്പിച്ചു.  പതിറ്റാണ്ടുകള്‍ കഴിഞ്ഞ് ആ പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ അവര്‍ തന്നെ കരാളമായ ഭീകരവിരുദ്ധ നിയമവും പാസ്സാക്കി.  1970-കളിലെ സര്‍ക്കാരിതര കക്ഷികള്‍ പിന്നീട് അധികാരത്തിലെത്തുമ്പോള്‍ ഭീകരതയുടെ നിര്‍വചനം അവര്‍ മാറ്റിമറിക്കുന്നതാണ് നാമിവിടെ കാണുന്നത്. അങ്ങനെ സര്‍ക്കാര്‍, സര്‍ക്കാരിതര ഭീകരതകള്‍ തമ്മിലെ അതിര്‍വരമ്പുകള്‍ മാഞ്ഞുപോവുകയാണ്.
1866-ല്‍ രൂപം നല്‍കപ്പെട്ടതാണ് കു ക്ലക്‌സ് ക്ലാന്‍ (കെ.കെ.കെ) എന്ന വെള്ള ഭീകര സംഘടന. അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തില്‍ പങ്കാളികളായ ആറ് കോണ്‍ഫെഡറേറ്റ് നേതാക്കളാണ് സംഘടന ഉണ്ടാക്കിയത്. അവര്‍ തന്നെയായിരുന്നു അതിലെ പ്രധാന അംഗങ്ങളും. 1867-68-ല്‍ എണ്ണമറ്റ കറുത്ത വംശജര്‍ കൊല ചെയ്യപ്പെട്ടപ്പോള്‍ ടെന്നസിയിലെയും അറകന്‍സാസിലെയും പ്രാദേശിക ഭരണകൂടങ്ങള്‍ കെ.കെ.കെക്കൊപ്പം നിന്നു. ഈ ഭീകരതയെ ചെറുക്കാന്‍ സൈന്യത്തെ അയച്ചില്ല.
പോലീസ് സേനയില്‍ കെ.കെ.കെ അണികള്‍ നുഴഞ്ഞുകയറിയതിനാല്‍ പോലീസ് നടപടിയുമുണ്ടായില്ല. എന്നുമാത്രമല്ല, 20-ാം നൂറ്റാണ്ടിെന്റ ആരംഭത്തില്‍ നാലു ഗവര്‍ണര്‍മാരും അഞ്ച് സെനറ്റര്‍മാരും കെ.കെ.കെ അംഗങ്ങളായിരുന്നു (Randall Law, pp. 137,138). 20-ാം നൂറ്റാണ്ടിലെ മറ്റൊരു ഉദാഹരണമാണ്,  ഉസ്മാനിയ ഭരണകൂടത്തെ തച്ചുടച്ച് പകരം പടിഞ്ഞാറ് സൃഷ്ടിച്ച ഇസ്രയേല്‍.
ബ്രിട്ടീഷ് ഭരണം നിലനിന്ന ഫലസ്ത്വീനില്‍ 1923-ല്‍ ജൂത ജനസംഖ്യ 15 ശതമാനത്തില്‍ താഴെയായിരുന്നു. അത് വര്‍ധിച്ചുവന്നപ്പോള്‍ അറബികള്‍ സമരത്തിനിറങ്ങി. ജൂതരാഷ്ട്രം സാധ്യമാക്കാന്‍ സയണിസ്റ്റ് ഭീകരത ഉഗ്രരൂപം പൂണ്ടു. സീവ് ജബോടിന്‍സ്‌കി 'ഇര്‍ഗുന്‍ സാവി ല്യൂമി' (ദേശീയ സൈനിക സംഘടന) എന്ന ഭീകര സംഘടനയുണ്ടാക്കി. ഇതേ സംഘടനയില്‍നിന്ന് പിരിഞ്ഞുണ്ടായ ലൊഹാമെയ് ഹെറൂത് ഇസ്രയേല്‍ (LEHI) നടത്തിയ കൊടും ഭീകരതകളില്‍ നൂറുകണക്കിന് ജീവനാണ് പൊലിഞ്ഞത്. ഇതിെന്റ നേതാവായിരുന്ന യിറ്റ്‌സാക് ഷമിര്‍ പറഞ്ഞത്, 'യുദ്ധമാര്‍ഗമെന്ന നിലക്ക് ജൂത ധാര്‍മികതയോ ജൂത പാരമ്പര്യമോ തീവ്രവാദത്തെ മാറ്റിനിര്‍ത്തുന്നില്ല ' എന്നാണ്. 1943-ല്‍ ഇര്‍ഗുന്‍ കമാന്‍ഡറായി വന്ന മെനച്ചം ബെഗിന്‍ ആയുധങ്ങളും പ്രചാരണ വിഭാഗങ്ങളും റിക്രൂട്ട്‌മെന്റ് ഓഫീസര്‍മാരുമായി തെന്റ സംഘത്തെ പുനഃസംഘടിപ്പിച്ചു. മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനെത്തിയ യു.എന്‍ ഏജന്‍സി രണ്ടു വട്ടമാണ് ബെഗിനെ കണ്ടത് (Randall Law, p. 182, 185). 
ഇര്‍ഗുന്‍ നടത്തിയ ഭീകരതകളുടെ കഥകളിലേക്ക് കടക്കാതെ ഒരു കാര്യം പറയാം. ഈ ഭീകരതകള്‍ അഴിച്ചുവിട്ട ബെഗിനും ഷമിറും പിന്നീട് ഇസ്രയേല്‍ പ്രധാനമന്ത്രിമാരാവുകയുണ്ടായി. ഭീകരാക്രമണങ്ങള്‍ അനവധി നടത്തിയ ഇര്‍ഗുന്‍, 'ലെഹി' സംഘങ്ങളെ ലയിപ്പിച്ചാണ് 1948-ല്‍ ഇസ്രയേല്‍ പ്രതിരോധ സേനക്ക് രൂപം നല്‍കിയത്.  ദക്ഷിണാഫ്രിക്കന്‍ വര്‍ണവെറിയന്‍ ഭരണകൂടം തീവ്രവാദ മുദ്ര ചാര്‍ത്തിക്കൊടുത്തിരുന്ന നെല്‍സണ്‍ മണ്ടേലയെ അദ്ദേഹം പ്രസിഡന്റ് പദവിയിലെത്തിയ ശേഷമാണ് അമേരിക്ക ഭീകര പട്ടികയില്‍നിന്ന് അദ്ദേഹത്തിെന്റ പേരു വെട്ടിയത്.
2008-ല്‍ മാലെഗാവിലെ മസ്ജിദിനു സമീപത്തെ ഭീകരാക്രമണത്തിന് ജയിലിലായ ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത് ഇന്ത്യന്‍ സേനയില്‍ ഉദ്യോഗസ്ഥനായിരുന്നു. റുവാന്‍ഡയിലെന്ന പോലെ ഇന്തോനേഷ്യയിലും അവിടത്തെ സേനയും രഹസ്യാന്വേഷണ വിഭാഗവും  തങ്ങള്‍ നടത്തുന്ന കൊലകളില്‍ നാട്ടുകാരെ (സര്‍ക്കാര്‍ ഇതരരെ)  കൂടി പങ്കാളികളാക്കിയിരുന്നു.
സ്റ്റേറ്റ്,  സ്റ്റേറ്റിതര ഭീകരതകള്‍ക്കിടയിലെ വേര്‍തിരിവ് ഇങ്ങനെ ചോദ്യം ചെയ്യപ്പെടുന്നുവെങ്കില്‍, പിന്നെ ഭീകരതയെ സ്റ്റേറ്റ് ഇതരരുടേത് മാത്രമായി ചുരുക്കുന്നതിന് എന്തര്‍ഥമാണുള്ളത്? രാഷ്ട്രീയ ഹിംസയും ഭീതി പരത്തലും  അധിക്ഷേപാര്‍ഹമാണെങ്കില്‍ അത് നടത്തുന്നവര്‍ യൂനിഫോം ഇട്ടവരായാലും അല്ലെങ്കിലും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്?
ഓക്‌സ്ഫഡ് ഇംഗ്ലീഷ് നിഘണ്ടു ഭീകരതക്ക് നല്‍കിയ നിര്‍വചനം ശരിയാണെന്ന് തോന്നുന്നു. മൂന്നാം ബ്രാക്കറ്റ് ഇല്ലാതെ വായിച്ചു നോക്കുക: ''രാഷ്ട്രീയ നേട്ടത്തിന് അനൗദ്യോഗികമോ അനുമതിയില്ലാത്തതോ ആയ ഹിംസയും ഭീതിയിലാഴ്ത്തലും; (അടിസ്ഥാനപരമായി) സര്‍ക്കാരോ ഭരണകക്ഷിയോ (അര്‍ധസൈനികരെയോ അനൗദ്യോഗിക സായുധ വിഭാഗത്തെയോ ഉപയോഗിച്ച്) ഒരു ജനതക്കു മേല്‍ ആധിപത്യം ഉറപ്പാക്കാന്‍ വേണ്ടി നടത്തുന്നത്; (ഇപ്പോള്‍ പൊതുവെ) നിഗൂഢ, വിദേശ സംഘടനകള്‍ തങ്ങളുടെ താല്‍പര്യ സംരക്ഷണത്തിനായി ചെയ്യുന്ന ഇത്തരം പ്രവൃത്തികളും.'' 

(ആസ്‌ത്രേലിയയിലെ മൊണാഷ് യൂനിവേഴ്‌സിറ്റിയില്‍ അധ്യാപകനും 'ഇസ്‌ലാമിസം ആന്റ് ഡമോക്രസി ഇന്‍ ഇന്ത്യ: ദ ട്രാന്‍സ്ഫമേഷന്‍ ഓഫ്  ജമാഅത്തെ ഇസ്‌ലാമി' എന്ന കൃതിയുടെ കര്‍ത്താവുമാണ് ഇന്ത്യക്കാരനായ ഇര്‍ഫാന്‍ അഹ്മദ്)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 7-9
ടി.കെ ഉബൈദ്‌