Prabodhanm Weekly

Pages

Search

2021 സെപ്റ്റംബര്‍ 10

3216

1443 സഫര്‍ 03

'ഭീകരതാവിരുദ്ധ യുദ്ധ'വും മുസ്‌ലിം സമൂഹത്തിന്റെ അതിജീവനവും

2001 സെപ്റ്റംബര്‍ 20-ന് (ന്യൂയോര്‍ക്കില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ട് ഒമ്പതു ദിവസം കഴിഞ്ഞ്) അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തു കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷ് ഒരു പുതിയ യുദ്ധമുറ ആരംഭിക്കുകയാണെന്ന് പറഞ്ഞു. 'ഭീകരതാവിരുദ്ധ യുദ്ധം' എന്നാണ് അതിന്റെ പേര്. 'നാം നമ്മുടെ അധീനത്തിലുള്ള മുഴുവന്‍ വിഭവങ്ങളും എല്ലാ നയതന്ത്ര, രഹസ്യാന്വേഷണ, നിയമ സംവിധാനങ്ങളും നമ്മുടെ മുഴുവന്‍ സാമ്പത്തികക്കരുത്തും  യുദ്ധോപകരണങ്ങളും ഈ ആഗോള ഭീകര നെറ്റ് വര്‍ക്കിനെ തകര്‍ക്കാനായി ഉപയോഗിക്കും' എന്ന് പ്രഖ്യാപിച്ച ബുഷ് തുടങ്ങി വെച്ച ഈ യുദ്ധം ഇപ്പോള്‍ രണ്ട് പതിറ്റാണ്ട് (2001-2021) പിന്നിടുകയാണ്. ഈ യുദ്ധത്തില്‍ എതിരാളി ആരാണെന്ന് ഒട്ടും അവ്യക്തമല്ല. ശത്രു ആരാണെന്ന് മാലോകരറിയാന്‍ ഇസ്‌ലാമിക ഭീകരത, ജിഹാദീ ഭീകരത എന്നൊക്കെ ഇതിന്റെ വക്താക്കള്‍ നിരന്തരം ഉരിയാടിപ്പോന്നിട്ടുണ്ട്. കഴിഞ്ഞ ഇരുപത് വര്‍ഷമായി അമേരിക്കയുടെയും അതിന്റെ സഖ്യകക്ഷികളുടെയും സില്‍ബന്ധികളുടെയും ആഭ്യന്തരവും വൈദേശികവുമായ മുഖ്യ രാഷ്ട്രീയ അജണ്ട ഇതുതന്നെയായിരുന്നു. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ യുദ്ധങ്ങളിലൊന്നുമാണിത്. ഏഴ് ട്രില്യന്‍ അമേരിക്കന്‍ ഡോളര്‍ (ഒരു ട്രില്യന്‍: ഒന്നിന് ശേഷം പന്ത്രണ്ട് പൂജ്യം) ഇതിനകം ഈ യുദ്ധത്തിന് വേണ്ടി ചെലവഴിച്ചതായാണ് അമേരിക്കയിലെ ബ്രൗണ്‍ യൂനിവേഴ്‌സിറ്റിയിലെ വാറ്റ്‌സന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷ്‌നല്‍ ആന്റ് പബ്ലിക് അഫയേഴ്‌സ് കണക്കാക്കിയിരിക്കുന്നത്. ഇക്കാലയളവില്‍ ഇറാഖിലും അഫ്ഗാനിസ്താനിലുമായി ഏഴായിരം അമേരിക്കക്കാരെങ്കിലും വധിക്കപ്പെട്ടു. അമ്പതിനായിരത്തിലധികം അമേരിക്കന്‍ പട്ടാളക്കാര്‍ക്ക് പരിക്കേറ്റു. ഇറാഖിലും അഫ്ഗാനിലും മറ്റുമായി വധിക്കപ്പെട്ട തദ്ദേശീയരുടെ എണ്ണം ലക്ഷങ്ങള്‍ കവിയും. ഈ യുദ്ധത്തിന്റെ പേരില്‍ മൊത്തം 37 ദശലക്ഷം പേരെങ്കിലും കുടിയിറക്കപ്പെട്ടിട്ടുണ്ട്. പല തരത്തില്‍ അറുപതിലധികം രാഷ്ട്രങ്ങളിലാണ് ഈ യുദ്ധം നടന്നുകൊണ്ടിരുന്നത്. അതിനനുസരിച്ച് ആ നാടുകളുടെ ആഭ്യന്തര, വിദേശനയങ്ങളില്‍ വമ്പിച്ച മാറ്റങ്ങളുണ്ടായി. ലോകമൊട്ടുക്കും മുസ്‌ലിം സമൂഹം സംശയത്തിന്റെ നിഴലിലേക്ക് മാറ്റി നിര്‍ത്തപ്പെട്ടു. പാശ്ചാത്യ ദേശങ്ങളിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളാണ് ഇതിന്റെ കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത്. അവിടങ്ങളില്‍ അവര്‍ക്കെതിരെയുള്ള ഭരണകൂട വിവേചനങ്ങള്‍ മറനീക്കി പുറത്ത് വന്നിരിക്കുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷമായി ഭരണകൂടതലത്തില്‍ തന്നെ നടന്നുകൊണ്ടിരിക്കുന്ന ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച ഈ ഭീതിയുല്‍പ്പാദനമാണ് പാശ്ചാത്യ നാടുകളിലുടനീളം തീവ്ര വലതുപക്ഷ കക്ഷികളെ ഇത്രയും ശക്തിപ്പെടുത്തിയത്. 'കുടിയേറ്റക്കാര്‍' പാശ്ചാത്യ സംസ്‌കാരത്തിനും നാഗരികതക്കും അസ്തിത്വ ഭീഷണി തന്നെയാണ് സൃഷ്ടിക്കുന്നത് എന്ന പ്രൊപഗണ്ടയാണ് തീവ്ര വലതു പക്ഷത്തിന്റെ ഏക അജണ്ട. അതിന് പൊതുസ്വീകാര്യത കിട്ടുന്നുവെന്ന് കണ്ടപ്പോള്‍ മറ്റു മുഖ്യധാരാ കക്ഷികള്‍ വരെ തീവ്ര വലതുപക്ഷ നയങ്ങള്‍ ഏറ്റെടുക്കാന്‍ തയാറായി. ഫ്രാന്‍സിലൊക്കെ കണ്ടുകൊണ്ടിരിക്കുന്നത് അതാണ്.
ഇന്ത്യയിലടക്കം തീവ്ര വലതുപക്ഷ ഭരണകൂടങ്ങള്‍ സ്വീകരിക്കുന്ന കടുത്ത മുസ്‌ലിംവിരുദ്ധ നിലപാടുകളെ അമേരിക്ക തുടങ്ങി വെച്ച ഈ 'ഭീകരവേട്ട'യുടെ പശ്ചാത്തലത്തിലേ വായിക്കാവൂ. ചുരുക്കത്തില്‍ ലോകത്ത് നടക്കുന്ന രാഷ്ട്രീയമോ സാമ്പത്തികമോ ഒക്കെ ആയ ഏത് നീക്കങ്ങള്‍ക്ക് പിന്നിലും പ്രത്യക്ഷമോ പരോക്ഷമോ ആയ ഈയൊരു യുദ്ധപശ്ചാത്തലമുണ്ട്. അഫ്ഗാന്‍ അധിനിവേശത്തോടെയാണ് അമേരിക്ക ഈ യുദ്ധത്തിന് തുടക്കമിട്ടതെങ്കില്‍ അതിന് ഇരുപത് വര്‍ഷം പൂര്‍ത്തിയാകുന്ന ഈ വേളയില്‍ അമേരിക്ക അവിടെ നിന്ന് നാണംകെട്ട് തോറ്റോടിയ കാഴ്ചയാണ് നാമിപ്പോള്‍ കണ്ടത്. ഇറാഖില്‍ നിന്നും അത്തരമൊരു സമ്പൂര്‍ണ പിന്മാറ്റമുണ്ടാകും. ഇങ്ങനെ പ്രത്യക്ഷ അമേരിക്കന്‍ അധിനിവേശം ഇരു നാടുകളിലും ഏറക്കുറെ അവസാനിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഭീകരവേട്ടയുടെ അടുത്ത എപ്പിസോഡുകള്‍ എങ്ങനെയായിരിക്കും? ഇങ്ങനെ പല രീതിയില്‍ പഠിക്കപ്പെടേണ്ട ഒന്നാണ് അമേരിക്ക നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന 'ഭീകരതാവിരുദ്ധ യുദ്ധം.' മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചേടത്തോളം ഈ യുദ്ധത്തിലെ ഏക ടാര്‍ഗറ്റ് അവര്‍ മാത്രമായതു കൊണ്ട് അവരുടെ അതിജീവന യത്‌നങ്ങളില്‍ വളരെ പ്രധാനമാണ് ഈ നിര്‍മിത പ്രതിഭാസത്തെക്കുറിച്ച കൃത്യമായ അവലോകനവും അവബോധവും. പ്രബോധനം വാരിക ഈ ലക്കം മുതല്‍ ഇതു സംബന്ധമായ പഠനങ്ങള്‍ പ്രസിദ്ധീകരിച്ച് തുടങ്ങുകയാണ്. അടുത്ത ലക്കങ്ങളിലും ഇത്തരം ലേഖനങ്ങളുണ്ടാവും. കൃത്യമായ ധാരണകള്‍ രൂപപ്പെടുത്താന്‍ അത് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 7-9
ടി.കെ ഉബൈദ്‌