Prabodhanm Weekly

Pages

Search

2021 സെപ്റ്റംബര്‍ 10

3216

1443 സഫര്‍ 03

അഫ്ഗാനിസ്താനിലെ കുറ്റവാളികള്‍

എ.ആര്‍

അമേരിക്കന്‍ പട അഫ്ഗാനിസ്താനില്‍നിന്ന് കെട്ട് കെട്ടുകയും അത് പൂര്‍ണമാവുന്നതിനു മുന്നേ അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി, ഡോളര്‍ കെട്ടുകളുമായി തടിതപ്പുകയും ചെയ്തതിനെത്തുടര്‍ന്ന് ഉളവായ അതിസങ്കീര്‍ണമായ സാഹചര്യത്തിലൂടെയാണിപ്പോള്‍ പതിറ്റാണ്ടുകളായി സ്വാസ്ഥ്യം നഷ്ടപ്പെട്ട ആ രാജ്യം കടന്നുപോവുന്നത്. അമേരിക്കയും താലിബാനും തമ്മില്‍ ദോഹയില്‍ നിരന്തരം തുടര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരുകക്ഷികളും ഒപ്പു വെച്ചതു പ്രകാരമാണ് നാറ്റോ സേനയുടെ പിന്മാറ്റവും താലിബാന്റെ നേതൃത്വത്തിലെ സര്‍വകക്ഷി സര്‍ക്കാറിന്റെ അരങ്ങേറ്റവും സംഭവിക്കേണ്ടിയിരുന്നത്. മാത്രമല്ല 1996-2001 കാലഘട്ടത്തില്‍ കാബൂളില്‍ ഭരണത്തിലിരുന്ന താലിബാന്‍ കാട്ടിക്കൂട്ടിയ വിക്രയകളൊന്നും ആവര്‍ത്തിക്കുകയില്ലെന്നും അക്രമരഹിതമായി സമവായത്തിലൂടെയുള്ള ഭരണമാണ് നിലവില്‍ വരികയെന്നും അമേരിക്കക്കും സഖ്യശക്തികള്‍ക്കും സുരക്ഷാ ഭീഷണി ഉണ്ടാവില്ലെന്നുമൊക്കെ ദോഹാകരാറില്‍ വ്യവസ്ഥ ചെയ്തിരുന്നതാണ്. എന്നാല്‍ താലിബാന്‍ സര്‍ക്കാറിന്റേതായി പുറത്തുവന്നുകൊണ്ടിരുന്ന വിവരങ്ങള്‍ വിശ്വസിക്കാമെങ്കില്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിട്ടുണ്ട്. കാബൂള്‍ വിമാനത്താവളത്തിലൂടെ ജീവനും കൊണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്ന സ്വദേശികളും വിദേശികളുമായ ആയിരങ്ങള്‍ ആക്രമിക്കപ്പെടുന്നുണ്ട്. ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്ത ചാവേര്‍ ആക്രമണത്തില്‍ നൂറില്‍പരം പേര്‍ക്ക് ജീവഹാനി നേരിട്ടിട്ടുമുണ്ട്. അരാജകത്വം അവസാനിപ്പിച്ച് വ്യവസ്ഥാപിത ഭരണവും സമാധാനവും പുനഃസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്നാണ് ലഭിക്കുന്ന വാര്‍ത്തകള്‍. അത് സത്യമായിപ്പുലരട്ടെ എന്ന് പ്രാര്‍ഥിക്കുന്നതോടൊപ്പം താലിബാന്റെ രണ്ടാം വരവുമായി ബന്ധപ്പെട്ട് നമ്മുടെ സമൂഹത്തില്‍ തദ്‌വിഷയകമായി നടക്കുന്ന ആരോപണ പ്രത്യാരോപണങ്ങളും വിവാദങ്ങളും ഒട്ടും ആരോഗ്യകരമല്ലെന്ന് ചൂണ്ടിക്കാട്ടാതെ വയ്യ. യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ത് എന്ന് ചുരുക്കി പരിശോധിക്കാം.
ഒന്ന്, അഫ്ഗാന്‍ പ്രശ്‌നം തുടങ്ങിവെച്ചത് താലിബാനോ അമേരിക്കയോ അല്ല. കമ്യൂണിസ്റ്റുകാരും സോവിയറ്റ് യൂനിയനുമാണ്. സാമ്പ്രദായിക രാജഭരണത്തിനെതിരെ കലാപം നടത്തി രാജ്യത്ത് ആദ്യമായി കമ്യൂണിസ്റ്റ് ഏകകക്ഷി ഭരണം കൊണ്ടുവരാന്‍ വഴിയൊരുക്കിയത് അവരാണ്. 1973-ല്‍ സാഹിര്‍ഷാ രാജാവില്‍നിന്ന് അധികാരം പിടിച്ചെടുത്ത മുഹമ്മദ് ദാവൂദ് ഖാന്‍ സോവിയറ്റ് അനുകൂലിയായിരുന്നു. പിന്നീട് ദാവൂദ് ഖാനുമായി പിണങ്ങിയ സോവിയറ്റ് യൂനിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി നൂര്‍ മുഹമ്മദ് തറാകിയെ 1978-1979 കാലത്ത് പ്രസിഡന്റും പ്രധാനമന്ത്രിയുമായി പ്രതിഷ്ഠിച്ചു. അയാള്‍ ഭൂപരിഷ്‌കരണത്തിന്റെ മറവില്‍ നടപ്പാക്കിയ നിയമങ്ങള്‍ ജനങ്ങളില്‍നിന്ന് കടുത്ത എതിര്‍പ്പ് ക്ഷണിച്ചുവരുത്തി. ഈയവസരം ഉപയോഗിച്ച് പാര്‍ട്ടിയിലെ വിമതവിഭാഗം നേതാവ് ഹഫീസുല്ലാ അമീന്‍ അധികാരം പിടിച്ചെടുത്ത് തറാക്കിയുടെ കഥ കഴിച്ചു. അഫ്ഗാനിസ്താനിലെ ആഭ്യന്തര കുഴപ്പങ്ങള്‍ ഒതുക്കാനാവില്ലെന്നും മുസ്‌ലിം പ്രതിരോധം ശക്തമാണെന്നും കണ്ട സോവിയറ്റ് യൂനിയന്‍ അതിര്‍ത്തിയിലുടനീളം സൈനിക സന്നാഹം ഊര്‍ജിതമാക്കുകയും പട്ടാളത്തെ ഇറക്കി 1979 ഡിസംബര്‍ 25-ന് കാബൂള്‍ ഭരണം പിടിച്ചെടുക്കുകയും ചെയ്തു. രണ്ടു ദിവസങ്ങള്‍ക്കകം ഹഫീസുല്ലാ അമീനെ കുരുതികൊടുത്ത സോവിയറ്റ് പട കെ.ജി.ബിയുടെ വളര്‍ത്തുപുത്രന്‍ ബാബ്രക് കാര്‍മലിനെ ഭരണാധികാരിയായി അവരോധിച്ചു. പക്ഷേ, ലക്ഷത്തിലധികം വരുന്ന സോവിയറ്റ് സൈന്യത്തിന് മലനിരകളില്‍ നിലയുറപ്പിച്ച മുജാഹിദ് പോരാളികളില്‍നിന്ന് കടുത്ത പ്രത്യാക്രമണമാണ് നേരിടേണ്ടിവന്നത്. രണ്ട് ലക്ഷത്തിലധികം അഫ്ഗാനികള്‍ പാകിസ്താനിലും ഇറാനിലുമായി അഭയം തേടി. സോവിയറ്റ് യൂനിയനില്‍തന്നെ ആഭ്യന്തര വെല്ലുവിളികള്‍ ഉരുണ്ടു കൂടുന്ന സമയമായിരുന്നു അത്. അഫ്ഗാനിസ്താന്‍ ഒരിക്കലും ശാന്തമായില്ല. ഒരു ലക്ഷത്തോളം അഫ്ഗാനികളും 15000 സോവിയറ്റ് സൈനികരും ഇതിനകം കൊല്ലപ്പെട്ടുകഴിഞ്ഞിരുന്നു താനും.
രണ്ട്, ഈ പ്രതിസന്ധിയിലാണ് സോവിയറ്റ് മേധാവിത്വം തകര്‍ക്കാനും മേഖയില്‍ മാത്രമല്ല പശ്ചിമേഷ്യയിലാകെത്തന്നെ സ്വാധീനം കൂടുതല്‍ ശക്തിപ്പെടുത്താനുമായി അമേരിക്ക അഫ്ഗാനിസ്താനില്‍ ഇടപെടുന്നത്. മുജാഹിദ് ഗ്രൂപ്പുകള്‍ക്ക് കനത്ത ആയുധ-ധനസഹായങ്ങള്‍ പാകിസ്താന്‍ സര്‍ക്കാര്‍ മുഖേന അമേരിക്ക ലഭ്യമാക്കിത്തുടങ്ങി. സ്ഥിതിഗതികള്‍ നേരിടുന്നതില്‍ ബാബ്രക് കാര്‍മല്‍ തികഞ്ഞ പരാജയമാണെന്ന് തിരിച്ചറിഞ്ഞ സോവിയറ്റ് യൂനിയന്‍ 1987-ല്‍ അയാള്‍ക്ക് പകരം മുഹമ്മദ് നജീബുല്ലയെ പാവ ഭരണാധികാരിയാക്കി. പക്ഷേ കാബൂളിലൊഴിച്ച് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സോവിയറ്റ് പാവ സര്‍ക്കാറിന്റെ സാന്നിധ്യം തെളിയിക്കാനായില്ല. തദ്ഫലമായി 1988-ല്‍ ജനീവ സമാധാന കരാറുകളില്‍ അഫ്ഗാനിസ്താന്‍, സോവിയറ്റ് യൂനിയന്‍, അമേരിക്ക, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ ഒപ്പുവെച്ചു. അതനുസരിച്ച് സോവിയറ്റ് സേനയുടെ പിന്മാറ്റവും ആരംഭിച്ചു. 1989 ഫെബ്രുവരി 15-ഓടെ അവസാനത്തെ സൈനികനും അഫ്ഗാന്‍ വിട്ടു. നിസ്സഹായനായ നജീബുല്ലയുടെ കമ്യൂണിസ്റ്റനുകൂല ഗവണ്‍മെന്റ് പിടിച്ചുനില്‍ക്കാന്‍ അവസാന ശ്രമവും നടത്തിയെങ്കിലും അയാള്‍ക്ക് ചുറ്റും മുജാഹിദുകളുടെ പിടിമുറുകുകയായിരുന്നു. ഒടുവില്‍ കാബൂളിലെ യു.എന്‍ കമ്പൗണ്ടില്‍ അഭയം തേടേണ്ടിവന്നു. ഭരണം പരസ്പരം പോരടിക്കുന്ന മുജാഹിദ് ഗ്രൂപ്പുകളുടെ കൈകളിലെത്തി.
മൂന്ന്, ചെമ്പടയോട് പോരാടി രാജ്യത്തെ അധിനിവേശ ശക്തികളില്‍നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ മാത്രം യോജിച്ച മുജാഹിദുകളിലെ വിവിധ വംശീയ ഗ്രൂപ്പുകളുടെ വിഭാഗീയത, അവരുടെ ഏകീകരണത്തിന് തടസ്സമായി. മൊത്തം ജനസംഖ്യയില്‍ 45 ശതമാനം വരുന്ന പഷ്തു വിഭാഗത്തിലെ കരുത്തനായ ഹിസ്‌ബെ ഇസ്‌ലാമി നേതാവ് ഗുല്‍ബുദ്ദീന്‍ ഹിക്മത്തിയാറാണ് 1992-ല്‍ കാബൂള്‍ പിടിച്ചടുക്കുന്നതില്‍ വിജയിച്ചത്. എന്നാല്‍, നാന്തക്, ഉസ്ബക്, ഹസാറ (ശീഈ) വംശജരുടെ ഇത്തിഹാദെ ഇസ്‌ലാമി, ജബ്ഹയെ നജാതെ മില്ലി, ഹറകത്തെ ഇന്‍ഖിലാബ് തുടങ്ങിയ ഒരുപാട് ഗ്രൂപ്പുകള്‍ വേറെയും സജീവമായി രംഗത്തുണ്ടായിരുന്നു. സുചിന്തിത പരിപാടികളോ അച്ചടക്കമോ ഇസ്‌ലാമിക ഭരണത്തെക്കുറിച്ച നേരായ കാഴ്ചപ്പാടോ ഇല്ലാതിരുന്ന ഈ ഗ്രൂപ്പുകള്‍ വംശീയതയുടെ പേരില്‍ പരസ്പരം പോരടിക്കാന്‍ അധികനാള്‍ വേണ്ടിവന്നില്ല. അഫ്ഗാന്‍ ആഭ്യന്തര കലഹങ്ങളുടെ വിളനിലമായി മാറുകയായിരുന്നു അനന്തര ഫലം. ഈ ഘട്ടത്തില്‍ അരാജകത്വം അവസാനിപ്പിച്ച് രാജ്യഭരണം പിടിച്ചുപറ്റാന്‍ പാകിസ്താന്‍ ഭരണകൂടത്തിന്റെ പിന്‍ബലത്തോടെ, ഇന്ന് ഖൈബര്‍ പക്തൂണ്‍ഖാ എന്ന പേരില്‍ അറിയപ്പെടുന്ന വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയില്‍ ഒരുപറ്റം മത വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് മുന്‍ സൈനിക ഉദ്യോഗസ്ഥരും ദയബൂന്ദി ചിന്താധാരക്കാരായ ജംഇയ്യത്തു ഉലമായെ ഇസ്‌ലാമിലെ മത പണ്ഡിതന്മാരും ചേര്‍ന്ന് പരിശീലനവും ആയുധങ്ങളും നല്‍കി നിയോഗിക്കുകയായിരുന്നു. അവരാണ് ഇന്ന് ലോകമാകെ അറിയപ്പെടുന്ന താലിബാന്‍ (വിദ്യാര്‍ഥികള്‍).  മത ചിന്താധാരകളില്‍ സലഫിസത്തോടാണ് താലിബാന്റെ നേരിയ ആഭിമുഖ്യമെങ്കിലും പൂര്‍ണാര്‍ഥത്തില്‍ അവരുടേത് സലഫിസമോ, വഹാബിസമോ അല്ല. കടുത്ത യാഥാസ്ഥിതിക മനോഭാവമാണ് അവരുടെ മുഖമുദ്ര. ദക്ഷിണ അഫ്ഗാനിസ്താനിലെ കാന്തഹാറാണ് താലിബാന്റെ ആസ്ഥാനം. 1994-ല്‍ കാന്തഹാറില്‍നിന്നാണ് അവരുടെ അരങ്ങേറ്റം ആരംഭിക്കുന്നതും. 1996 മെയില്‍ കാബൂള്‍ പിടിച്ചടക്കിയതോടെ അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭരണം യാഥാര്‍ഥ്യമായി. മുല്ലാ ഉമറായിരുന്നു മുഖ്യ ഭരണാധികാരി. സ്ത്രീ വിദ്യാഭ്യാസത്തിനും തൊഴിലിനും സഞ്ചാരത്തിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍, ശിക്ഷാവിധികള്‍ നടപ്പാക്കുന്നതിലെ പ്രാകൃത രീതികള്‍, ബാമിയാനിലെ ബുദ്ധ പ്രതിമാ ധ്വംസനം പോലുള്ള നടപടികള്‍ താലിബാന്റെ പ്രതിഛായ തകര്‍ത്തു. ഉള്ളതും ഇല്ലാത്തതുമായ കഥകള്‍ അവരെക്കുറിച്ച് ലോക മാധ്യമങ്ങള്‍ കൊണ്ടാടി. പക്ഷേ തരിമ്പും കൂസാതെ കാര്‍ക്കശ്യപാതയിലൂടെ താലിബാന്‍ മുന്നോട്ടു പോയി.
നാല്, 2001 സെപ്റ്റംബര്‍ 11-ലെ അമേരിക്കന്‍ വ്യാപാര കേന്ദ്രത്തില്‍ അല്‍ഖാഇദ നടത്തിയ ലോകത്തെ ഞെട്ടിച്ച ആക്രമണമാണ് അഫ്ഗാനിസ്താന്റെയും താലിബാന്റെയും ഗതിമാറ്റിത്തിരിച്ചത്. അല്‍ഖാഇദയുടെ ശില്‍പി സുഊദി പൗരനായ ഉസാമാ ബിന്‍ലാദിനാണ് വേള്‍ഡ് ട്രേഡ് സെന്ററിന്റെ ആക്രമണത്തിന്റെ പിന്നിലെന്ന് കണ്ടെത്തിയ അമേരിക്ക ഒളിത്താവളത്തില്‍നിന്ന് അയാളെ വിട്ടുകൊടുക്കാന്‍ താലിബാനോട് ആവശ്യപ്പെട്ടുവെങ്കിലും അവര്‍ വഴങ്ങിയില്ല. രാജ്യം ആക്രമിച്ച് ഉസാമാ ബിന്‍ലാദിനെ പിടികൂടാന്‍ ഇത് അമേരിക്കക്ക് ന്യായീകരണമായി. 2001 ഒക്‌ടോബര്‍ 7-ന് അമേരിക്കയുടെ നേതൃത്വത്തില്‍ നാറ്റോ സൈന്യം കാബൂളിലിറങ്ങി താലിബാന്‍ സര്‍ക്കാറിനെ അട്ടിമറിച്ച് ഹാമിദ് കര്‍സായി എന്ന അമേരിക്കന്‍ പൗരനായ പശ്തു വംശനെ തലപ്പത്തിരുത്തി പാവ ഭരണകൂടത്തെ പ്രതിഷ്ഠിച്ചതാണ് പിന്നീട് സംഭവിച്ചത്. പക്ഷേ 8300 കോടി ഡോളര്‍ ചെലവിട്ട് ൈസനികരും അത്യാധുനിക ആയുധങ്ങളും പങ്കാളികളായ അധിനിവേശം രണ്ട് പതിറ്റാണ്ട് പിന്നട്ടപ്പോഴും രണ്ടു ലക്ഷത്തോളം സിവിലിയന്മാരുടെയും 3500 നാറ്റോ സൈനികരുടെയും കൂട്ടക്കൊലള്‍ക്ക് കാര്‍മികത്വം വഹിക്കാനല്ലാതെ ഒരു ദിവസം പോലും സ്വസ്ഥമായി രാജ്യം ഭരിക്കാന്‍ അമേരിക്കന്‍ പാവ സര്‍ക്കാറിന് സാധിച്ചില്ല. അഴിമതിയിലാകട്ടെ റെക്കോഡിടുകയും ചെയ്തു. പത്തു വര്‍ഷം മുമ്പ് ഉസാമാ ബിന്‍ലാദിനെ പാകിസ്താന്റെ സഹായത്തോടെ ഒളിത്താവളത്തില്‍നിന്ന് പിടികൂടി കൊന്ന് കടലിലെറിയാന്‍ കഴിഞ്ഞത് മാത്രമാണ് അമേരിക്കക്ക് എടുത്തു പറയാവുന്ന നേട്ടം. താലിബാനെ ഉന്മൂലനം ചെയ്യുന്നതുപോകട്ടെ അവരുടെ ശക്തി ക്ഷയിപ്പിക്കാന്‍ പോലും 'വിശ്വമഹാ ശക്തിക്ക്' സാധിച്ചില്ലെന്നത് ചരിത്രം രേഖപ്പെടുത്താതിരിക്കില്ല. ജോര്‍ജ് ബുഷും ബറാക് ഒബാമയും ഡൊണാള്‍ഡ് ട്രംപും പരാജയപ്പെട്ട പോരാട്ടത്തിന്റെ അപമാനം പേറേണ്ടിവന്നത് ജോ ബൈഡനാണെങ്കിലും അമേരിക്കയുടെ മൊത്തം ദയനീയ പരാജയമായേ ഈ സംഭവം വിലയിരുത്തപ്പെടൂ. സാരമായ പരിക്കുകളോടെയെങ്കിലും ആഗസ്റ്റ് 15-ന് കാബൂളില്‍നിന്ന് നിശ്ശേഷം പിന്മാറാന്‍ പോലും ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ നീണ്ട കാലയളവില്‍ താലിബാന്‍ വക്താക്കളുമായി ചര്‍ച്ചകളിലേര്‍പ്പെടേണ്ടിവന്നു. എന്നിട്ടും കരാറില്‍ വ്യവസ്ഥ ചെയ്തപോലെ സമാധാനപരമായ അധികാരകൈമാറ്റം നടന്നില്ല. പ്രാണനും കൊണ്ടോടുന്ന ലക്ഷത്തില്‍പരം അഭയാര്‍ഥികളുടെ കാര്യത്തില്‍ നിസ്സഹായരായി കിതക്കുകയാണ് അമേരിക്ക.
അഞ്ച്, ദോഹാ കരാറില്‍ വ്യവസ്ഥ ചെയ്ത സമാധാനവും സുരക്ഷയും ഉറപ്പുവരുത്താന്‍ താലിബാന്‍ തയാറാവുമോ, തയാറായാല്‍ തന്നെ അവര്‍ക്കതിന് സാധിക്കുമോ എന്ന് കണ്ടറിയേണ്ടതാണ്. അഫ്ഗാനിസ്താന്‍ മുഴുവനുമായി താലിബാന്റെ നിയന്ത്രണത്തിലാവാനുള്ള സാധ്യതയും തല്‍ക്കാലമില്ല. വിരുദ്ധ വംശീയതകളെ സംയോജിപ്പിച്ച് സര്‍വകക്ഷി ഭരണകൂടം എന്ന കരാര്‍ വ്യവസ്ഥയുടെ പ്രായോഗികതയും അങ്ങേയറ്റം സംശയകരമാണ്. വടക്കന്‍ പ്രവിശ്യകളില്‍ താലിബാന്റെ നിയന്ത്രണം പൂര്‍ണമല്ല. ചെറുത്തുനില്‍പ് ശക്തമാണ് ആ മേഖലയില്‍. താലിബാന്റെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞാല്‍ വ്യവസ്ഥാപിത ഭരണകൂടത്തിന് രൂപം നല്‍കുന്നതില്‍ തടസ്സം നേരിടും. മുന്‍ചരിത്രം ആവര്‍ത്തിക്കുകയാവും ഫലം.
ഇസ്‌ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്താന്‍ എന്ന പുനര്‍ നാമകരണത്തിലൂടെ താലിബാന്‍ ലക്ഷ്യമിട്ടത് ഒരു സമ്പൂര്‍ണ ഇസ്‌ലാമിക സ്റ്റേറ്റിന്റെ നിര്‍മിതിയാണെങ്കില്‍ അതേക്കുറിച്ച അവരുടെ സങ്കല്‍പം എന്താണെന്ന് വ്യക്തമാക്കേണ്ടതുണ്ട്. ദോഹ കരാറില്‍ വ്യവസ്ഥചെയ്ത കാര്യങ്ങള്‍ നടപ്പാക്കണമെങ്കില്‍ പോലും യാഥാസ്ഥിതിക മതനേതൃത്വത്തിന്റെയും അനുയായികളുടെയും പൂര്‍ണ സഹകരണം വേണ്ടിവരും. ഇസ്‌ലാമിക സ്റ്റേറ്റ് എന്നാല്‍ ക്രിമിനല്‍ കുറ്റങ്ങളുടെ ശിക്ഷാ വിധികളല്ല. കുറ്റങ്ങള്‍ പെരുകാന്‍ കാരണമായ അജ്ഞതയും നിരക്ഷരതയും ദാരിദ്ര്യവും തൊഴിലില്ലായ്മയും ഇല്ലാതാക്കുകയാണ് പ്രഥമപടി. അത് സാധിക്കണമെങ്കില്‍ ദൈവഭയവും ധാര്‍മിക ബോധവും നീതിനിഷ്ഠയുമുള്ള സഹകാരികളും ഉദ്യോഗസ്ഥരും ജുഡീഷ്യറിയും വേണം. മാനവികതയും സാമൂഹിക നീതിയും കാരുണ്യവും സ്‌നേഹവുമാണ് ശരീഅത്തിന്റെ കാതല്‍. ക്രമേണയെങ്കിലും അത്തരം ഗുണങ്ങള്‍ സ്ഥാപിച്ചെടുക്കാനുള്ള ദൃഢനിശ്ചയം  താലിബാനുണ്ടോ? അത്തരമൊരു അജണ്ട അവരുടെ പരിഗണനയിലുണ്ടോ? ഇപ്പോള്‍ മിത്രങ്ങളായി ചിത്രത്തിലുള്ള പാകിസ്താന്‍, ചൈന, ഇറാന്‍ പോലുള്ള രാജ്യങ്ങള്‍ ആ ദിശയിലുള്ള നീക്കങ്ങളെ അംഗീകരിക്കുമോ, അനുവദിക്കുമോ? തീവ്രവാദ, മൗലികവാദ ആരോപണങ്ങളില്‍ മുങ്ങിപ്പോവാതിരിക്കാനുള്ള സമചിത്തതയും കരളുറപ്പും താലിബാന്‍ മാനേജര്‍മാരില്‍നിന്ന് പ്രതീക്ഷിക്കാമോ? ഒരു സൈനിക അട്ടിമറിയോ വീണ്ടും ഒരു വിദേശാധിനിവേശമോ ഉടന്‍ ഭയക്കേണ്ടതില്ല എന്നതു മാത്രമാണ് അനുകൂല ഘടകം. നാനാ ഭാഗത്തുനിന്നുള്ള കുത്തിത്തിരിപ്പുകള്‍ കരുതിയിരിക്കേണ്ടതുണ്ടെന്നതും പ്രധാനാണ്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 7-9
ടി.കെ ഉബൈദ്‌