Prabodhanm Weekly

Pages

Search

2021 ജൂണ്‍ 18

3206

1442 ദുല്‍ഖഅദ്‌ 07

അടിമുടി മാറുന്ന അധ്യയന രീതികള്‍

ഹബീബ് റഹ്മാന്‍ കൊടുവള്ളി 

അധ്യാപനവും അധ്യയനവും ചേരുന്നതാണ് വിദ്യാഭ്യാസം. ഒരു തലമുറയില്‍ നിന്ന് അടുത്ത തലമുറയിലേക്ക് സംസ്‌കാരം പകര്‍ന്ന് നല്‍കപ്പെടുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്. സംസ്‌കാരം, വിവേകം, സ്വഭാവം, പെരുമാറ്റമര്യാദകള്‍, ജീവിതാഭ്യാസം, ജീവിതത്തിലെ അച്ചടക്ക രീതികള്‍ എന്നിങ്ങനെയൊക്കെ വിദ്യാഭ്യാസത്തെ വിശദീകരിച്ചുവരുണ്ട്. അതെല്ലാം ഒരര്‍ഥത്തില്‍ ശരിയുമാണ്.
അറിവും തിരിച്ചറിവുമുള്ള, വിവരവും വിവേകവുമുള്ള,  ജ്ഞാനവും വിജ്ഞാനവുമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥ ലക്ഷ്യം. സംസ്‌കാര സമ്പന്നരും ലോകപരിചയമുള്ളവരുമാക്കി ജീവിതം ചിട്ടപ്പെടുത്താന്‍ വിദ്യാഭ്യാസം മനുഷ്യസമൂഹത്തെ പാകപ്പെടുത്തുന്നു. അതുവഴി മാനസിക, ശാരീരിക, സാമ്പത്തിക അഭ്യുന്നതി കൈവരിക്കാനും പരസ്പര ബന്ധങ്ങളിലും ഇടപെടലുകളിലും പെരുമാറ്റങ്ങളിലും സൗന്ദര്യപൂര്‍ണമായ സ്വഭാവ മഹിമ പുലര്‍ത്താനും കഴിയണം. ഒപ്പം പുതിയ പുതിയ കണ്ടുപിടിത്തങ്ങളിലൂടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും അവ പുതിയ തലമുറക്ക് കൈമാറാനും സാധിക്കണം.
വിജ്ഞാനം വിരല്‍ തുമ്പില്‍ നിന്നും മാറി തലച്ചോറിലേക്ക് നേരിട്ട് തന്നെ മെമ്മറൈസ് ചെയ്യാനോ ബ്ലൂടൂത്ത് ചെയ്യാനോ ഉള്ള  സാധ്യതാപരീക്ഷണങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ മുഖ്യ കഥാപാത്രമായിരുന്ന അധ്യാപകനെ കാണാനേയില്ല. ഈ മാറ്റത്തില്‍ സ്‌കൂളും ക്ലാസ്സ് റൂമുകളും പുസ്തകങ്ങളുമൊക്കെ അപ്രത്യക്ഷമാകും.
കോവിഡ്-19 ലോകത്തുണ്ടാക്കിയ ഏറ്റവും വലിയ നേട്ടം ഡിജിറ്റല്‍ പഠന രീതിയുടെ ആവശ്യകതയിലേക്ക് ലോകത്തെ നയിച്ചു എന്നതാണെന്ന് വിദ്യാഭ്യാസ വിചക്ഷണ പ്രിയങ്ക ഗൗതം അഭിപ്രായപ്പെടുന്നു. അതോടൊപ്പം ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതിയുടെ നേട്ടകോട്ടങ്ങള്‍ വിലയിരുത്തുന്നത് കാര്യക്ഷമമായ പഠന സ്ട്രാറ്റജി രൂപപ്പെടുത്താന്‍ സഹായിക്കും. സമയ - കാല - ഭൂമിശാസ്ത്ര പരിധികളെയും പരിമിതികളെയും മറികടക്കുന്നതോടൊപ്പം വീണ്ടും വീണ്ടുമുള്ള റഫറന്‍സിന് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉപകരിക്കുന്നു.
പഠനച്ചെലവ് ലഘൂകരിക്കുന്നതോടൊപ്പം എല്ലാ കോഴ്‌സ് - സ്റ്റഡി മെറ്റീരിയലുകളും ഓണ്‍ലൈനില്‍ ലഭ്യമാകുന്നു എന്നത് മാത്രമല്ല, കടലാസ്-പുസ്തക രഹിത സംവിധാനം പ്രകൃതിക്ക് ഏറെ അനുഗുണവുമാണ്. 
ഇത്തരം മെച്ചങ്ങളുള്ളതോടൊപ്പം പല കോട്ടങ്ങളുമു് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്. എല്ലാവര്‍ക്കും നെറ്റ് സൗകര്യങ്ങളും ഉപകരണങ്ങളും ലഭ്യമാകുന്നില്ല എന്നതാണ് അതിലൊന്ന്. തുടര്‍ച്ചയായി സ്‌ക്രീന്‍ ഉപയോഗിക്കുന്നതു മൂലമുാകുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും മടുപ്പും ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ  പോരായ്മയാണ്.
യഥാര്‍ഥത്തില്‍ ഒരു വിദ്യാര്‍ഥി കൂടുതല്‍ പഠിക്കുന്നതും അനുഭവങ്ങളാര്‍ജിക്കുന്നതും ജീവിതത്തോട് പൊരുതാനും സമരസപ്പെടാനുമുള്ള കഴിവുകള്‍ സ്വായത്തമാക്കുന്നതും ക്ലാസ്സ് റൂമുകള്‍, അധ്യാപകര്‍, സഹപാഠികള്‍, യാത്രകള്‍, സാമൂഹിക കൂടിച്ചേരലുകള്‍ എന്നിവയിലൂടെയാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇവക്കെല്ലാം വിഘാതം സൃഷ്ടിക്കുകയും ഒറ്റപ്പെടലിലേക്കും അന്തര്‍മുഖത്വത്തിലേക്കും വിദ്യാര്‍ഥിയെ കൊണ്ടത്തിക്കുകയും അന്തഃസംഘര്‍ഷങ്ങളിലേക്കും ജീവിത പരാജയത്തിലേക്കും വഴി തെളിക്കുകയും ചെയ്യുന്നു.
ഓണ്‍ലൈന്‍ ക്ലാസുകളെക്കുറിച്ചും അതിന്റെ രീതികളെക്കുറിച്ചും അധ്യാപകര്‍ക്കുണ്ടാവുന്ന അജ്ഞതയും പുതിയ പുതിയ ടെക്നോളജികള്‍ സന്ദര്‍ഭോചിതം അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയാത്തതും ഒപ്പം വിദ്യാര്‍ഥികളെ നേരില്‍ കാണാന്‍ കഴിയാത്തതുമൊക്കെ ഇതിന്റെ അപര്യാപ്തതകള്‍ തന്നെ.
കഴിഞ്ഞ പതിറ്റാണ്ടില്‍ തന്നെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് തുടക്കമായിട്ടുണ്ടെങ്കിലും ടി.വിയും സ്മാര്‍ട്ട് ഫോണും വ്യാപകമായതോടെ അതിന്റെ സാധ്യതകള്‍ വിദ്യാഭ്യാസ രംഗത്ത് പ്രയോജനപ്പെടുത്തുന്ന രാജ്യങ്ങളും എജന്‍സികളും വര്‍ധിച്ചു. മൊബൈല്‍ ലേണിംഗ് (എം - ലേണിംഗ്) എന്ന സംവിധാനം ലോകത്ത് വര്‍ധിച്ചുകൊണ്ടിരിക്കുന്നു. കിലോക്കണക്കിന് ഭാരമുള്ള പുസ്തകങ്ങളും ടിഫിന്‍ പാത്രങ്ങളുമായി വീടിന് മുന്നില്‍ വാഹനം കാത്തിരിക്കുന്ന കുട്ടികളുടെയും അമ്മമാരുടെയും ചിത്രം ഇനി മാറാന്‍ പോകുന്നു.
ഓണ്‍ലൈന്‍ വിദ്യാഭ്യാസവും പഠനവും മെച്ചപ്പെടുത്താനുതകുന്ന ഇ- ലേണിംഗ് പുസ്തകങ്ങള്‍, എഴുത്തുകള്‍, ക്ലാസുകള്‍, സോഫ്റ്റ്വെയറുകള്‍, ഉപകരണങ്ങള്‍ തുടങ്ങി മികച്ച സംവിധാനങ്ങള്‍ ഇന്ന് നമുക്ക് ലഭ്യമാണ്. മാത്രമല്ല അതിരുകളും പരിധികളുമില്ലാത്ത വിജ്ഞാനത്തിന്റെ വൈവിധ്യമാര്‍ന്ന മേഖലകള്‍ തുറന്നിടാന്‍ ഇ- ലേണിംഗിലൂടെ സാധിക്കുന്നു.  ഈ കോവിഡ്, ലോക്ക് ഡൗണാനന്തരം വിദ്യാഭ്യാസ സമ്പ്രദായം പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമാകും എന്നു തന്നെയാണ് മനസ്സിലാകുന്നത്. അതെല്ലാം കൂടുതല്‍ മികച്ചതും പുരോഗമനാത്മകവുമാകട്ടെ എന്ന് നമുക്കാശിക്കാം.  

Comments