Prabodhanm Weekly

Pages

Search

2021 ജൂണ്‍ 18

3206

1442 ദുല്‍ഖഅദ്‌ 07

ഫാഷിസത്തിന്റെ മുന്നേറ്റം തടയിടപ്പെടുമോ?

എ.ആര്‍

ശാന്തരും സമാധാനപ്രിയരുമായ ലക്ഷദ്വീപ് നിവാസികളുടെ ഭാവി തീര്‍ത്തും അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടുകൊണ്ട്, അവരുടെ തനിമയും സംസ്‌കാരവും വിശ്വാസാചാരങ്ങളുമൊക്കെ തകിടം മറിക്കുന്ന 'നിയമ പരിഷ്‌കാരങ്ങള്‍' ഒന്നൊന്നായി അടിച്ചേല്‍പിക്കുന്നതിനെതിരെ ചരിത്രത്തിലാദ്യമായി  ജനവാസമുള്ള പത്ത് ദ്വീപുകളിലെ നിവാസികള്‍ ഒറ്റക്കെട്ടായി ആണ്‍-പെണ്‍ യുവജന-വയോധിക വ്യത്യാസമില്ലാതെ 12 മണിക്കൂര്‍ നിരാഹര സമരം നടത്തി. കേരള നിയമസഭ ഒന്നടങ്കം ഗുജറാത്തുകാരനായ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിനെ തിരിച്ചുവിളിക്കാനും കരിനിയമങ്ങള്‍ റദ്ദാക്കാനും കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെടുന്ന പ്രമേയം ഏകകണ്ഠമായി പാസ്സാക്കിയത് രണ്ട് ദിവസങ്ങള്‍ക്കു മുമ്പാണ്. ബി.ജെ.പി ഒഴിച്ച് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഏതാണ്ടെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുസ്‌ലിം സംഘടനകളും ലക്ഷദ്വീപിലെ  ജനതയോട് ചെയ്യുന്ന കൊടിയ അനീതിക്കെതിരെ പ്രതിഷേധിച്ചിട്ടുണ്ട്. അവരെ കേരളത്തിന്റെ ഭാഗമാക്കണമെന്ന അഭിപ്രായവും ഉയര്‍ന്നുവന്നിരിക്കുന്നു. പക്ഷേ 'എലി എത്ര കരഞ്ഞിട്ടെന്താ പൂച്ചയുടെ കണ്ണില്‍ ഒരിറ്റ് കണ്ണീര്‍ പൊഴിയാന്‍ പോകുന്നില്ല' എന്ന പഴഞ്ചൊല്ലിനെ ഓര്‍മിപ്പിച്ചുകൊണ്ട് ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞ പരിഷ്‌കരണ നടപടികളൊന്നും തിരുത്താന്‍ പോവുന്നില്ലെന്നു മാത്രമല്ല പൂര്‍വാധികം ക്രൂരമായ നടപടികള്‍ ദിനേനെ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് ഭരണകൂടം. ജനങ്ങള്‍ തെരഞ്ഞെടുത്ത പരിമിതാധികാര പഞ്ചായത്തുകളെ പോലും നിരായുധമാക്കി, നോക്കുകുത്തികളാക്കിത്തീര്‍ക്കുകയും തൊഴില്‍, ഭക്ഷണം, യാത്ര, ഗതാഗതം, സംസ്‌കാരം തുടങ്ങി എല്ലാറ്റിലും കടന്നുകയറുകയും ചെയ്യുന്ന പ്രക്രിയ അതിശീഘ്രം പൂര്‍ത്തിയാക്കാനാണ് പട്ടേലിന്റെ പുറപ്പാടെന്ന് പകല്‍വെളിച്ചം പോലെ സ്പഷ്ടമാണ്. അതിനിടെ ലക്ഷദ്വീപിലെ ബി.ജെ.പി നേതാക്കളെ ദല്‍ഹിയിലേക്ക് വിളിച്ചുവരുത്തി നല്‍കിയതായി പറയപ്പെടുന്ന ഉറപ്പുകളും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നല്‍കിയ ആശ്വാസ വാക്കുകളുമെല്ലാം 'ത്വിഫ്‌ലാന തസല്ലി' എന്ന ഉര്‍ദു പ്രയോഗത്തില്‍ കവിഞ്ഞ ഒന്നുമല്ല. കുട്ടികളെ ആശ്വസിപ്പിക്കുന്ന ചക്കരവാക്കുകള്‍ക്കും മിഠായിക്കുമൊക്കെയാണ് അങ്ങനെ പ്രയോഗിക്കാറുള്ളത്. 
ഇത്തരമൊരു നടപടിക്ക് മോദി സര്‍ക്കാറിനെ പ്രേരിപ്പിച്ചതെന്താണ്, എന്താണവര്‍ ഇതുവഴി ലക്ഷ്യം വെക്കുന്നത് എന്നതിനെക്കുറിച്ചൊക്കെ കൃത്യമായ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. പക്ഷേ ഹിന്ദുത്വ ഭരണകൂടത്തിന്റെ ഇതഃപര്യന്ത പ്രഖ്യാപനങ്ങളും പദ്ധതികളും പ്രവര്‍ത്തനങ്ങളും ശ്രദ്ധാപൂര്‍വം വിലയിരുത്തുന്ന ആര്‍ക്കും അത്രയൊന്നും ദുരൂഹമല്ല ഭരണത്തിന്റെ രണ്ടാമൂഴത്തില്‍ ധൃതിപ്പെട്ടു പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്ന ആസൂത്രിത പരിപാടികള്‍. മുത്ത്വലാഖിന് നിയമനിര്‍മാണത്തിലൂടെ ഏര്‍പ്പെടുത്തിയ കഠിന ശിക്ഷ, ബാബരി മസ്ജിദ് ഭൂമിയില്‍ കോടതിവിധിയുടെ പിന്‍ബലത്തില്‍ രാമക്ഷേത്ര നിര്‍മാണ നടപടികള്‍, ഭരണഘടനയുടെ 370-ാം വകുപ്പ് നിര്‍വീര്യമാക്കി ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കി കേന്ദ്രഭരണ പ്രദേശമാക്കി പ്രഖ്യാപിക്കല്‍, ഈ നടപടിയോട് വിയോജിക്കുമെന്ന് കരുതപ്പെടുന്ന മുഴുവന്‍ രാഷ്ട്രീയ നേതാക്കളെയും തടങ്കലില്‍ പാര്‍പ്പിക്കല്‍, വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ മുഴുക്കെ ഛേദിക്കല്‍, പൗരത്വ ഭേദഗതി നിയമം പാസ്സാക്കി രാജ്യത്തെ മുസ്‌ലിംകളില്‍ വലിയൊരു വിഭാഗത്തിന്റെ പൗരാവകാശങ്ങള്‍ക്ക് തടയിടല്‍ എന്നീ നടപടികള്‍ക്കു ശേഷം ഇപ്പോള്‍ ആരുടെയും കണ്ണില്‍ പെടാതെ ലക്ഷദ്വീപ് സമൂഹങ്ങളെ ടൂറിസത്തിന്റെ മേല്‍വിലാസത്തില്‍ കുത്തകകള്‍ക്ക് വീതിച്ചുകൊടുക്കാനും 96 ശതമാനവും മുസ്‌ലിംകളായ ദ്വീപ് ജനതയെ അടിമകളും വിറകുവെട്ടികളും വെള്ളം കോരികളുമാക്കി മാറ്റി അവരുടെ തനിമയും വിശ്വാസാചാരങ്ങളും നശിപ്പിക്കാനുമുള്ള ആസൂത്രണമാണ് ശീഘ്രഗതിയില്‍ പുരോഗമിക്കുന്നത്. കേരളവുമായുള്ള ദ്വീപുകളുടെ നൂറ്റാണ്ടുകളായുള്ള ബന്ധത്തെ മുറിച്ചുമാറ്റി അവരെ ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയിലെ മംഗളൂരുമായി ബന്ധിപ്പിക്കാന്‍ നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. കരയില്‍നിന്നുള്ള മലയാളികളടങ്ങിയ പതിനായിരം തൊഴിലാളികള്‍ക്ക് ദ്വീപിലേക്ക് പ്രവേശനം വിലക്കിയിരിക്കുന്നു. ഇനിമേല്‍ ഗുജറാത്ത്, ബിഹാര്‍, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള കാവിപ്പടക്ക് മാത്രമായിരിക്കും ലക്ഷദ്വീപിലേക്കുള്ള പ്രവേശം. അങ്ങനെ ക്രമേണ കശ്മീര്‍ മാതൃകയില്‍ മുസ്‌ലിം ജനസംഖ്യ ന്യൂനീകരിക്കാന്‍ നടപടികളുണ്ടാവും. പ്രതിഷേധിക്കുന്നവരെ കാത്തിരിക്കുന്നത് ഇതിനകം ഏര്‍പ്പെടുത്തിയ ഗുണ്ടാ ആക്ടും യു.എ.പി.എയുമാവും. ഗോക്കളെ പൂജിക്കുന്ന ഒരുത്തനും ദ്വീപിലില്ലെന്നിരിക്കെ ഗോവധ നിരോധ നിയമം അടിച്ചേല്‍പിക്കാന്‍ പോകുന്നു. എന്നല്ല മാംസാഹാരം തന്നെ ഫലത്തില്‍ അപ്രാപ്യമാക്കുന്ന വിധം കന്നുകാലി വളര്‍ത്തലിന് വിലങ്ങു വീഴുന്നു. പാവപ്പെട്ട ദ്വീപുകാരുടെ തൊഴിലായ കന്നുകാലി വളര്‍ത്തലിന്റെ സാധ്യതകളവസാനിപ്പിച്ച് ഡയറി ഫാമുകള്‍ അടച്ചുപൂട്ടി അഡ്മിനിസ്‌ട്രേറ്ററുടെയും അയാളുടെ യജമാനന്മാരുടെയും നാടായ ഗുജറാത്തില്‍നിന്നുള്ള അമുല്‍ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്തു ക്ഷീര വിപണി 'ദേശസാത്കരിച്ചു' കഴിഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നല്‍കിയ പോലെ ആദ്യം കശ്മീര്‍, പിന്നെ ലക്ഷദ്വീപ്, ഇനി കേരളം. ആരുണ്ട് തടയാന്‍ എന്നാണ് ചോദ്യം. രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യവാദികളും പാര്‍ട്ടികളും ചെറുവിരലനക്കിയിരുന്നെങ്കില്‍ ഭരണഘടനയെ നോക്കുകുത്തിയാക്കി കശ്മീരിനെ കേന്ദ്ര ഭരണപ്രദേശമാക്കാന്‍ കാണിച്ച ധാര്‍ഷ്ട്യത്തില്‍ കാലതാമസമെങ്കിലും ഉണ്ടാവുമായിരുന്നല്ലോ. ഏറ്റവുമൊടുവില്‍ കോവിഡ് പ്രതിരോധ നയത്തിലെ പിടിപ്പുകേടിന്റെയും അതിരൂക്ഷമായ സാമ്പത്തികത്തകര്‍ച്ചയുടെയും എണ്ണ വിലക്കയറ്റത്തിന്റെയുമൊക്കെ പേരില്‍ നരേന്ദ്ര മോദിയുടെ ജനസമ്മിതി ഇടിഞ്ഞുകൊണ്ടിരിക്കുന്നതായി അഭിപ്രായ സര്‍വേ വെളിപ്പെടുമ്പോഴും അതേ സര്‍വേയില്‍ പങ്കെടുത്തവരില്‍ 54 ശതമാനവും സംഘ് പരിവാര്‍ സര്‍ക്കാറിന്റെ കശ്മീര്‍ നയത്തിനനുകൂലമായാണ് അഭിപ്രായം രേഖപ്പെടുത്തിയത്. എന്നുവെച്ചാല്‍ ഇന്ത്യയിലെ ഭൂരിപക്ഷ മനസ്സില്‍ മുസ്‌ലിം ന്യൂനപക്ഷത്തിനു നേരെ വെറുപ്പും വിദ്വേഷവും കുത്തിവെക്കുന്നതില്‍ വലിയ അളവില്‍ സംഘ് പരിവാര്‍ വിജയിച്ചുകഴിഞ്ഞിരിക്കുന്നു എന്നല്ലേ ഇത് നല്‍കുന്ന സൂചന? അതല്ലെങ്കില്‍ സ്വാതന്ത്ര്യലബ്ധി മുതല്‍ തലവേദനയായി തുടരുന്ന ഒരു പ്രശ്‌നത്തിന് അങ്ങനെയെങ്കിലും പരിഹാരമായത് നന്നായി എന്ന പൊതുബോധമോ? തകര്‍ക്കപ്പെട്ട ബാബരി മസ്ജിദിന്റെ വഖ്ഫ് ഭൂമി ഏകപക്ഷീയമായി ഹൈന്ദവ സംഘടനകള്‍ക്ക് സുപ്രീം കോടതി പതിച്ചുനല്‍കിയപ്പോഴും പ്രകടമായി ഈ സമാശ്വാസവും നിസ്സംഗതയും.
ഒടുവില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബംഗാളില്‍ മമത ബാനര്‍ജിയും തമിഴ്‌നാട്ടില്‍ എം.കെ സ്റ്റാലിനും കേരളത്തില്‍ പിണറായി വിജയനും നേടിയ തകര്‍പ്പന്‍ വിജയങ്ങള്‍ ഫാഷിസത്തെ തളക്കാന്‍ കരുത്തുറ്റ ഒരു പ്രതിപക്ഷം ഉയര്‍ന്നുവരുന്നു എന്ന ശുഭപ്രതീക്ഷക്ക് വഴിയൊരുക്കിയിട്ടുണ്ട്. മോദി-അമിത് ഷാ പാളയത്തില്‍ അങ്കലാപ്പ് പ്രകടവുമാണ്. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യു.പിയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവ് നേടിയ മേല്‍ക്കൈയും കാവിപ്പടയെ ബേജാറാക്കിയിട്ടുണ്ട്. ഇപ്രകാരം സംസ്ഥാനങ്ങളില്‍ ശക്തിപ്പെടുന്ന ഫാഷിസ്റ്റ്‌വിരുദ്ധ മുന്നേറ്റങ്ങളെ ഏകീകരിക്കാനും മൂര്‍ത്തമായ പരിസമാപ്തിയിലെത്തിക്കാനും തന്ത്രപരമായ നീക്കങ്ങള്‍ മതനിരപേക്ഷ പാര്‍ട്ടികളുടെ ഭാഗത്തു നിന്നുണ്ടായാല്‍ ഒരുവേള മോദി-അമിത് ഷാ-ഭാഗവത് ടീമിന്റെ കുതിപ്പിന് കടിഞ്ഞാണിടാന്‍ കഴിഞ്ഞേക്കുമെന്ന് പ്രതീക്ഷിക്കാനേ ഈ ഘട്ടത്തില്‍ കഴിയൂ.

Comments