Prabodhanm Weekly

Pages

Search

2021 ജൂണ്‍ 18

3206

1442 ദുല്‍ഖഅദ്‌ 07

ദേശീയ പാഠ്യപദ്ധതി പതിയിരിക്കുന്ന അപകടങ്ങള്‍

ഡോ. കെ. മുഹമ്മദ് അയിരൂര്‍

2005-നു ശേഷം പുതിയൊരു ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടും  (National Curriculum Frame work- NCF)  സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂടും (Kerala Curriculum Framework- KCF) രൂപപ്പെടുന്നു എന്നത് വിമര്‍ശിക്കപ്പെടേണ്ടതല്ല. നീണ്ട പതിനഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷമാണെങ്കിലും കൃത്യമായ ഒരു ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് രൂപപ്പെടുന്നു എന്നതുതന്നെ കാരണം. 2020 ജൂലൈ 29-ന് കേന്ദ്ര കാബിനറ്റ് അംഗീകരിച്ച് പ്രസിദ്ധീകരിച്ച NEP  2020 എന്ന രേഖ അടിസ്ഥാനമാക്കിയാണ് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടും സംസ്ഥാന ചട്ടക്കൂടുകളും രൂപീകരിക്കപ്പെടുക. NEP  2020-ന്റെ അടിസ്ഥാനത്തിലുള്ള ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ 2022 ഏപ്രിലോടു കൂടി പൂര്‍ത്തീകരിക്കണമെന്നാണ് NCERT വിഭാവനം ചെയ്യുന്നത്.
തൊഴില്‍ നൈപുണി പരിശീലനം (Vocational Skill Training), സമഗ്ര റിപ്പോര്‍ട്ട് കാര്‍ഡ് (Holistic Report Card), മാതൃഭാഷ അല്ലെങ്കില്‍ പ്രാദേശിക ഭാഷ പാഠ്യമാധ്യമമാക്കല്‍ (Local Language as Medium of Instruction) തുടങ്ങിയവയായിരിക്കും പരിഷ്‌കാരങ്ങളുടെ പ്രാരംഭ പരിഗണനാ വിഷയങ്ങള്‍. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രാലയത്തിനു കീഴിലായിരിക്കും പ്രവര്‍ത്തനങ്ങള്‍. സമ്പൂര്‍ണമായ മാറ്റമാണ് NEP 2020 ലക്ഷ്യമിടുന്നതെന്നും രേഖ വ്യക്തമാക്കുന്നുണ്ട്. ആദ്യഘട്ടമെന്ന നിലയില്‍ രാജ്യത്തെ 1239 കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കായിരിക്കും ഇവ നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം. NEP 2020 വിഭാവനം ചെയ്യുന്ന വിധത്തില്‍ ആറാം തരം തൊട്ടുതന്നെ തൊഴില്‍ നൈപുണി പരിശീലനം നടപ്പിലാക്കുന്നതിന് വ്യക്തിഗത വിദ്യാലയങ്ങളും (Individual Schools)  സംസ്ഥാന സര്‍ക്കാറുകളും പരിപാടികള്‍  ആസൂത്രണം ചെയ്യാന്‍ ബാധ്യസ്ഥവുമാണ്. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതികള്‍ (SCERTs)  പുതിയ  പാഠ്യപദ്ധതിയുമായി പൊരുത്തപ്പെടുകയും അത് സ്വീകരിക്കുകയും അപ്രകാരം 2022 അവസാനിക്കുന്നതോടുകൂടി പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് രൂപപ്പെടുത്തുകയും വേണം. തദടിസ്ഥാനത്തില്‍ 2024 -ഓടു കൂടി പാഠപുസ്തകങ്ങള്‍ പുനഃക്രമീകരിക്കണമെന്നും രേഖ ആവശ്യപ്പെടുന്നു.
എന്നാല്‍ ഇതു സംബന്ധമായ രേഖകള്‍ വായിക്കുമ്പോള്‍ ധാരാളം ആശങ്കകളാണ് മനസ്സിലേക്ക് കയറിവരുന്നത്. ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഏറ്റവും പാകമായ സമയമാണിതെന്നാണ് (The time is ripe to kick start the first phase.....) ഇതു സംബന്ധമായ രേഖയില്‍ പറയുന്നത്. രാജ്യം മഹാമാരിയുടെ ഭീഷണിയില്‍പെട്ട് പരസ്പരം കാണാനോ കൂടിയിരിക്കാനോ സാധ്യമല്ലാത്ത, സാമ്പത്തികവും മറ്റുമായ കാരണങ്ങളാല്‍ സാമാന്യ ജനം മറ്റൊന്നും ചിന്തിക്കാന്‍ കഴിയാതെ നട്ടം തിരിയുന്ന സന്ദര്‍ഭമാണ് ഏകപക്ഷീയമായി അജണ്ടകള്‍ നടപ്പിലാക്കാന്‍ പറ്റിയ സന്ദര്‍ഭമെന്നാണോ അര്‍ഥമാക്കുന്നത്? ധാരാളം വൈരുധ്യങ്ങളും അവ്യക്തതകളും നിഗൂഢതകളും നിറഞ്ഞ ഒന്നാണ് NEP 2020 എന്ന പുതിയ ദേശീയ പാഠ്യപദ്ധതി. 2016-ല്‍ ടി.സി.ആര്‍ സുബ്രഹ്മണ്യന്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെ ധാരാളം വിമര്‍ശനങ്ങളും എതിര്‍പ്പുകളും ശക്തമായി ഉയര്‍ന്നു വന്നിരുന്നു. അതു സംബന്ധമായി വ്യക്തമായ ഒരു നിലപാടും പൊതുസമൂഹത്തെ അറിയിക്കാതെയാണ് 2017-ല്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ ഡോ. കെ. കസ്തൂരിരംഗന്‍ അധ്യക്ഷനായി ഒരു കമ്മിറ്റിയെ നിശ്ചയിക്കുകയും ആ കമ്മിറ്റി 2019 മെയ് മാസത്തില്‍ 484 പേജ് വരുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തത്. സുതാര്യമോ ജനാധിപത്യപരമോ ആയ ഒരു ചര്‍ച്ചക്കും വിധേയമായിട്ടില്ലാത്ത ആ റിപ്പോര്‍ട്ടില്‍നിന്നാണ് വെറും 69 പേജ് വരുന്ന NEP 2020 ഉണ്ടാക്കിയെടുത്തിരിക്കുന്നത്. ടി.സി.ആര്‍ സുബ്രഹ്മണ്യന്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്തായി എന്നോ, ലക്ഷത്തില്‍പരം നിര്‍ദേശങ്ങള്‍ കിട്ടിയതിനോട് സ്വീകരിച്ച സമീപനം എന്തായിരുന്നുവെന്നോ ഇതില്‍ പരാമര്‍ശിക്കുന്നില്ല. അതേ പ്രകാരം NEP 2020നെ സംബന്ധിച്ചും ധാരാളം വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും വരികയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയോ എന്നതു സംബന്ധിച്ച് ഒരു പരാമര്‍ശവും ഉത്തരവാദപ്പെട്ടവരില്‍നിന്നുണ്ടായിട്ടില്ല. സമൂഹത്തിലെ വിവിധ തലത്തിലും തുറകളിലുമുള്ളവരുമായി സംവദിച്ചും തദടിസ്ഥാനത്തില്‍ രൂപപ്പെടുന്ന ആശയങ്ങള്‍ സമാഹരിച്ച് ചര്‍ച്ച നടത്തിയുമാണ് മുന്‍കാലങ്ങളില്‍ പാഠ്യപദ്ധതി ചട്ടക്കൂട് രൂപപ്പെടുത്താറുള്ളത്. ഒരു ജനാധിപത്യ ക്രമത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണിത്. എന്നാല്‍ അത്തരത്തില്‍ സുതാര്യമായ ഒരു ചര്‍ച്ചയോ അഭിപ്രായ രൂപീകരണമോ നടന്നിട്ടില്ല എന്നതാണ് വസ്തുത. 
NCF-ന്റെ ഭാഗമായി ഇരുപത്തിയൊന്നിലധികം ഫോക്കസ് ഗ്രൂപ്പുകളും പൊസിഷന്‍ പേപ്പറുകളും തയാറാക്കിയിട്ടുണ്ട്. പൊസിഷന്‍ പേപ്പറുകള്‍ തയാറാക്കുന്നതിലും ഫോക്കസ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങളിലും വേണ്ടത്ര സുതാര്യതയുണ്ടായിരുന്നില്ല എന്നു മാത്രമല്ല ഒരുതരം നിഗൂഢത അനുഭവപ്പെടുന്നതായി വിമര്‍ശനമുയരുകയും ചെയ്തിട്ടുണ്ട്. KCF 2007 രൂപീകരിച്ചപ്പോള്‍ പതിനാലു ഫോക്കസ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് ജില്ലകള്‍ കേന്ദ്രീകരിച്ച് വിവിധ തുറകളിലുള്ളവരും വ്യത്യസ്ത തലങ്ങളിലുള്ളവരുമായി ആശയവിനിമയം നടത്തുകയുണ്ടായി. ഏതാണ്ട് ഒരു വര്‍ഷമെടുത്താണ് ഇത് പൂര്‍ത്തിയാക്കിയത്. തദടിസ്ഥാനത്തില്‍ ഡ്രാഫ്റ്റ് കോപ്പി തയാറാക്കി പൊതുജനസമക്ഷം സമര്‍പ്പിച്ച് വിണ്ടും അഭിപ്രായങ്ങള്‍ സ്വീകരിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയ ശേഷമാണ് കരിക്കുലം കമ്മിറ്റി അംഗീകരിക്കുന്നതും പാഠ്യപദ്ധതികളും പാഠപുസ്തകങ്ങളും രചിക്കുന്നതും. KCF 2007ന്റെ രൂപീകരണത്തിന് മാത്രമായി ചെയ്ത കഠിനാധ്വാനങ്ങള്‍ എത്രമാത്രമാണെന്ന് അന്ന് ഒരു ഫോക്കസ് ഗ്രൂപ്പിന്റെ ഉത്തരവാദിത്തമുണ്ടായിരുന്ന ഈയുള്ളളവനയറിയാം. എന്നാല്‍ NCF 2021  അടിസ്ഥാനത്തില്‍ SCF-കള്‍ക്ക് (സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂടുകള്‍) 2022 അവസാനമാകുമ്പോഴേക്കും അന്തിമരൂപം നല്‍കണമെന്ന് പറയുമ്പോഴും അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കേരള എസ്.സി.ആര്‍.ടിയില്‍ ആരംഭിച്ചതായി അറിയില്ല. NEP മുന്നോട്ടുവെക്കുന്ന പല കാഴ്ചപ്പാടുകളിലുമുള്ള ആശങ്കയാണ് NCF-ഉം KCF -ഉം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നത്. 
ഒന്നാമതായി, സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ ഘടനാമാറ്റം നോക്കാം. 5+ 3+ 3+ 4 എന്ന പാറ്റേണാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രീ പ്രൈമറിയും ഒന്നും രണ്ടും ക്ലാസ്സുകളും ചേര്‍ത്ത്  അഞ്ചു വര്‍ഷത്തെ ഫൗണ്ടേഷന്‍ ഘട്ടമാണ് ആദ്യത്തേത്. മൂന്നു മുതല്‍ പതിനെട്ടു വയസ്സു വരെയുള്ള കുട്ടികളെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നുവെന്ന അശാസ്ത്രീയമായ സമീപനമാണിത്. ആദിബാല്യ (Early Childhood) ഘട്ടത്തിലാണ് (രണ്ടു വയസ്സു മുതല്‍ ഏഴു വയസ്സു വരെയുള്ള പ്രായം) കുട്ടികളില്‍ ബുദ്ധിശക്തിയുടെ എഴുപത്തഞ്ച് ശതമാനം വളര്‍ച്ചയും നടക്കുന്നത്. മസ്തിഷ്‌കത്തിന്റെയും പേശികളുടെയും ജ്ഞാനേന്ദ്രിയങ്ങളുടെയും വളര്‍ച്ചയും വികാസവും  ശാക്തീകരണവും ദ്രുതഗതിയില്‍ നടക്കുന്നതും ഇതേ കാലഘട്ടത്തില്‍ തന്നെയാണ്. തന്നിഷ്ടംപോലെ കളിക്കാനും ഇഷ്ടമുള്ളത് ചെയ്യാനും തനിക്ക് ഏറ്റവും വേണ്ടപ്പെട്ടവരുടെ കൂടെ കഴിയാനും യഥേഷ്ടം അവസരം കിട്ടിയിരുന്ന ഗൃഹാന്തരീക്ഷരത്തില്‍നിന്നാണ് അവന്‍/ അവള്‍ തികച്ചും അപരിചിതമായ ഒരു ചുറ്റുപാടിലേക്ക് പറിച്ചുനടപ്പെടുന്നത്. അതിനാല്‍ ഒരു തരത്തിലുള്ള നിര്‍ബന്ധങ്ങളോ നിയമങ്ങളുടെ വേലിക്കെട്ടുകളോ ഇല്ലാത്ത തികച്ചും അനൗപചാരികമായ ഒരു ചുറ്റുപാടാണ് കുട്ടിക്ക് അഭികാമ്യം. ആവശ്യാനുസരണം ഉറങ്ങാനും കളിക്കാനും മറ്റും തികച്ചും സ്വതന്ത്രമായ ഒരു ചുറ്റുപാടാണ് അവന് വേണ്ടത്. അതെല്ലാം കണക്കിലെടുത്തുകൊണ്ടാണ് 2009-ലെ വിദ്യാഭ്യാസ അവകാശരേഖയില്‍ നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ആറു മുതല്‍ പതിനാലു വയസ്സു വരെയെന്നു വ്യക്തമാക്കിയത്. ലോകരാഷ്ട്രങ്ങളില്‍ ഒരിടത്തും മൂന്നു വയസ്സുമുതല്‍  കുട്ടികളെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കിയതായി കാണാന്‍ കഴിയില്ല. ഫിന്‍ലാന്റ്, ദക്ഷിണ കൊറിയ, ജപ്പാന്‍, ഹോങ്കോങ്, സിംഗപ്പൂര്‍ തുടങ്ങി മിക്ക രാജ്യങ്ങളിലും ഏഴു വയസ്സു മുതലാണ് ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കുന്നത്. അഞ്ചു വയസ്സു മുതല്‍ ഏഴു വയസ്സുവരെയാണ് പലയിടങ്ങളിലും പ്രീസ്‌കൂള്‍ കാലഘട്ടം. ഒരു തരത്തിലുള്ള ഹോംവര്‍ക്കുകളോ വ്യവസ്ഥാ
പിത ടെസ്റ്റുകളോ ഹൈസ്‌കൂള്‍ തലംവരെയും നടക്കുന്നില്ല. ഒരു കുട്ടി തനിമ നഷ്ടപ്പെട്ട നിര്‍ബന്ധിത ചുറ്റുപാടില്‍ വളരുകയാണെങ്കില്‍ അത് അവന്റെ മസ്തിഷ്‌ക വളര്‍ച്ചയെ അപരിഹാര്യമായ വിധത്തില്‍ ബാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. അതിനാല്‍ വളരെയധികം ചിന്തയും ചര്‍ച്ചയും ഇക്കാര്യത്തില്‍ അനിവാര്യമാണ്. അത്തരത്തില്‍ ഗൗരവാവഹമായ ഒരു ചര്‍ച്ചയും നടന്നതായി അറിയില്ല.
ഭാഷാ സമീപനത്തിലും ആശങ്കകള്‍ ധാരാളമാണ്. നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ നിലനിന്നുവരുന്ന ത്രിഭാഷാ സമീപനം തുടരുമെന്ന് പറയുന്നു. എന്നാല്‍ മാതൃഭാഷക്ക് അമിതപ്രാധാന്യം നല്‍കുന്നു. അഞ്ചാംതരം വരെയും, സാധ്യതയനുസരിച്ച് എട്ടാംതരം വരെയും മാതൃഭാഷ നിഷ്‌കര്‍ഷിക്കുന്നു. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ത്രിഭാഷാ സമീപനം പിന്തുടരുന്നതോടൊപ്പം അറബി, സംസ്‌കൃതം, ഉര്‍ദു എന്നീ ഭാഷകള്‍ കൂടി പഠിതാക്കളുടെ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ട്. അത്തരം സാധ്യതകള്‍ അടഞ്ഞു പോകുമോ എന്ന സംശയം വര്‍ധിക്കുന്നു. മാതൃഭാഷയും മറ്റു രണ്ടു ഇന്ത്യന്‍ ഭാഷകളുമെന്ന് പറയുകയും അവയെക്കുറിച്ച് വ്യക്തതയില്ലാതിരിക്കുകയും ചെയ്യുന്നു. ഭാഷകളെക്കുറിച്ച് പ്രതിപാദിച്ചിടത്തെല്ലാം സംസ്‌കൃതവും അതിന്റെ അവാന്തരവിഭാഗങ്ങളും അമിത പ്രാധാന്യത്തോടെ പ്രതിപാദിക്കുന്നതായി കാണുന്നു. വിദേശ ഭാഷകളായി കൊറിയന്‍, ജാപ്പനീസ്, ചൈനീസ് തുടങ്ങിയ ഭാഷകള്‍ എടുത്തുപറയുന്നു. അതേസമയം നൂറ്റാണ്ടുകളായി  കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ പ്രീ പ്രൈമറി മുതല്‍ റിസര്‍ച്ച് തലംവരെ നിലനില്‍ക്കുന്ന  അറബിഭാഷാ പഠനം പരാമര്‍ശിക്കുന്നേയില്ല. ആധുനിക ലോകത്ത് സജീവമായി നിലനില്‍ക്കുന്ന സമ്പുഷ്ട ഭാഷകളില്‍ പ്രഥമഗണനീയമായ ഒന്നാകുന്നു അറബി ഭാഷ. ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതയുള്ളതോടൊപ്പം വിദേശ നാണയനിക്ഷേപം ഏറ്റവും കൂടുതല്‍ ലഭ്യമാക്കുന്നതിലും അറബിഭാഷക്ക് വലിയ പങ്കുണ്ട്. എന്നിട്ടും അറബി ഭാഷയെ വിദേശ ഭാഷകളുടെ കൂട്ടത്തില്‍ പരാമര്‍ശിച്ചിട്ടുപോലുമില്ല എന്നത് കൂടുതല്‍ ആശങ്കയുളവാക്കുന്നു. ഇത്തരത്തില്‍ മള്‍ട്ടിലിംഗ്വലിസം പറയുകയും ഒരുതരം ഭാഷാമേധാവിത്വം  (Language Imperialism)  അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നതായി അനുഭവപ്പെടുന്നു. 
കേന്ദ്രീയ വിദ്യാലയങ്ങള്‍ മുഖേന ആദ്യപടി ഉടന്‍ നടപ്പാക്കുമെന്നും സംസ്ഥാനങ്ങള്‍ 2022-ഓടുകൂടി SCF-കള്‍ പൂര്‍ത്തിയാക്കണമെന്നും പറയുന്ന NCERT രേഖ, വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതാണെന്ന് അംഗീകരിക്കുന്നുണ്ട്. കേരളത്തിലാണെങ്കില്‍ KCF-ന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി അറിയില്ല. ഈ സാഹചര്യത്തില്‍ ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. NEP 2020 മുന്നോട്ടു വെക്കുന്ന നയമനുസരിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിലും ധാരാളം ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.

ഉന്നത വിദ്യാഭ്യാസ മേഖല

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിശാലമായ ബഹുശിക്ഷണ (Multi Disciplinary) ലിബറല്‍ വിദ്യാഭ്യാസമായിരിക്കും അടിസ്ഥാനം എന്നു പറയുന്നു. നിലവിലുള്ള 800 സര്‍വകലാശാലകളും, 40000-ത്തോളം കോളേജുകളും ഏകീകരിച്ച് 15000-ത്തോളം ശ്രേഷ്ഠ സ്ഥാപനങ്ങളാക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്. കേന്ദ്രീകൃത രീതിയാണ് രേഖയില്‍ മുഴുക്കെ കാണുന്നത്. 3000-മോ അതിലധികമോ വിദ്യാര്‍ഥികളുള്ള മള്‍ട്ടിഡിസിപ്ലിനറി ഉന്നത വിദ്യാലയങ്ങള്‍ സ്ഥാപിക്കുക എന്നതാണ് ലക്ഷ്യമായി പറയുന്നത്. ഇപ്പോഴുള്ള അഫിലിയേഷന്‍ സംവിധാനം നിര്‍ത്തലാക്കും. നമ്മുടെ രാജ്യത്തിന്റെ സാമൂഹികാവസ്ഥയും ഭൂമിശാസ്ത്രവും പരിഗണിക്കുകയാണെങ്കില്‍ സാധാരണക്കാര്‍ക്ക് കലാലയ വിദ്യാഭ്യാസത്തിന്റെ ലഭ്യത (Accessibility)  നഷ്ടപ്പെടാന്‍ ഇത് കാരണമായിത്തീരും. ഉന്നത വിദ്യാഭ്യാസമെന്നത് ഒരു കിട്ടാക്കനിയായിത്തീരുന്നു. മള്‍ട്ടിഎന്‍ട്രി, മള്‍ട്ടിഎക്‌സിറ്റ് ഓപ്ഷനുകള്‍ ഉണ്ടായിരിക്കുമെന്നും അതോടൊപ്പം ക്ലാസ്സ്മുറികളിലെ അതേ ഗുണനിലവാരമുള്ള ഓപന്‍ ഡിസ്റ്റന്‍സ് ലേണിംഗ് (ODL) സംവിധാനമുണ്ടായിരിക്കുമെന്നും നയം വ്യക്തമാക്കുന്നു. ന്യൂനപക്ഷങ്ങള്‍ വിജയകരമായി നടത്തിവരുന്ന പല വിദ്യാഭ്യാസ സ്ഥാപനങ്ങളെയും, അത്തരം വിദ്യാര്‍ഥികളുടെ ഉപരിപഠനത്തെയും വിപരീതമായി ബാധിക്കുന്ന അവസ്ഥയാണ് ഇതുമുഖേന സംജാതമാകുക എന്നതാണ് വസ്തുത.
അണ്ടര്‍ ഗ്രാജുവേറ്റ് ബിരുദങ്ങള്‍ 3 അല്ലങ്കില്‍ 4 വര്‍ഷത്തെ ദൈര്‍ഘ്യമുള്ളതായിരിക്കും. ഇതില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും, വൊക്കേഷനല്‍ മേഖലയുള്‍പ്പെടെ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ അഡ്വാന്‍സ് ഡിപ്ലോമയും മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ബാച്ചിലേഴ്‌സ് ഡിഗ്രിയും നല്‍കും. ഗവേഷണം, ഓണേഴ്‌സ് ഡിഗ്രി, മാസ്റ്റേഴ്‌സ് ഡിഗ്രി തുടങ്ങി വിദ്യാഭ്യാസത്തിന്റെ മുഴുവന്‍ വ്യാപ്തിയും അനുഭവിക്കാന്‍ നാലുവര്‍ഷ പ്രോഗ്രാം പൂര്‍ത്തീകരിക്കണം. മൂന്നു വര്‍ഷത്തെ ഡിഗ്രി ചെയ്തവര്‍ക്ക് രണ്ടു വര്‍ഷത്തെ മാസ്റ്റേഴ്‌സ്, റിസര്‍ച്ചോടു കൂടി നാലു വര്‍ഷത്തെ ഡിഗ്രി ചെയ്തവര്‍ക്ക് ഒരു വര്‍ഷത്തെ മാസ്റ്റേഴ്‌സ്, അഞ്ചു വര്‍ഷത്തെ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് എന്നിങ്ങനെ വ്യത്യസ്ത ഓപ്ഷനുകള്‍ മാസ്റ്റേഴ്‌സിനും നല്‍കുന്നു. മാസ്റ്റേഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കോ റിസര്‍ച്ചോടുകൂടി നാലു വര്‍ഷത്തെ ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്കോ മാത്രമായിരിക്കും പി.എച്ച്.ഡി ചെയ്യാന്‍ സാധിക്കുക. നിലവിലുള്ള എംഫില്‍ നിര്‍ത്തലാക്കും. വലിയ ഒളിയജണ്ടകള്‍ അടങ്ങിയതാണിത്. ബഹുഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും വൈജ്ഞാനിക മികവും ഗവേഷണ മേഖലയും അപ്രാപ്യമാകുമെന്നു വേണം മനസ്സിലാക്കാന്‍. സമഗ്രമായ വ്യക്തിവികാസത്തിനു പകരം വൊക്കേഷണല്‍ വിദ്യാഭ്യാസം മുഖേന തൊഴില്‍ നൈപുണി നേടിയ വ്യക്തികളായിരിക്കും വളര്‍ന്നുവരിക. വൈജ്ഞാനിക മികവില്ലാത്ത ഒരു തലമുറയായിരിക്കും ഇതുമുഖേന സൃഷ്ടിക്കപ്പെടുന്നത്. വൈജ്ഞാനിക മുരടിപ്പും അടിമത്തവും (Epistemological Slavery) ആയിരിക്കും അനന്തരഫലം.
കേന്ദ്ര സര്‍വകലാശാല, സംസ്ഥാന സര്‍വകലാശാല എന്നിവയുടെ സ്വാതന്ത്ര്യം  ഹനിക്കപ്പെടുകയും എല്ലാം കേന്ദ്രീകൃത രൂപത്തിലായിത്തീരുകയും ചെയ്യുന്നു. സംസ്ഥാനങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും അവരവരുടെ ആവശ്യങ്ങളും വൈജാത്യങ്ങളും കണക്കിലെടുത്ത് വ്യത്യസ്ത കോഴ്‌സുകളും വ്യത്യസ്ത സിലബസുകളും  സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം  നഷ്ടമാകുന്നു. പൗരാണിക ഇന്ത്യയിലെ തക്ഷശില, നളന്ദ, വിക്രമശില മുതലായവയാണ് മാതൃകകളാക്കുന്നത്. ചരക, സുശ്രുത, ആര്യഭട്ട, ഭാസ്‌കരാചാര്യ, ചാണക്യ, പതജ്ഞലി, പാണിനി തുടങ്ങിയവരെ ഉദാഹരിക്കുകയും ചെയ്തിരിക്കുന്നു. പ്രസ്തുത വിദ്യാകേന്ദ്രങ്ങളും പണ്ഡിതന്മാരും ഇന്ത്യക്ക് അഭിമാനിക്കാന്‍ വകനല്‍കുന്നു എന്നതില്‍ സംശയമില്ല. പക്ഷേ പൗരാണിക ഇന്ത്യക്കിപ്പുറമുള്ള മധ്യകാല ഇന്ത്യയെക്കുറിച്ചും ആധുനിക ഇന്ത്യയെ കുറിച്ചും തികച്ചും മൗനം ദീക്ഷിക്കുന്നു. ഇതു മുഖേന മുഗളരുടെ ഉള്‍പ്പെടെ ഒട്ടനവധി കാലഘട്ടങ്ങളിലെ ആയിരത്താണ്ടു കാലത്തെ വിദ്യാഭ്യാസ സംഭാവനകളാണ് തമസ്‌കരിക്കപ്പെടുന്നത്. Institution of National Ranking Framework  എന്ന സ്ഥാപനം നടത്തിയ പഠനത്തില്‍ ഉന്നത സ്ഥാനത്തിനര്‍ഹരായ അലീഗഢ് യൂനിവേഴ്‌സിറ്റി, ഇന്ത്യയുടെ അഭിമാനസ്തംഭങ്ങളായി ഉയര്‍ന്നുനില്‍ക്കുന്ന ജെ.എന്‍.യു, ജാമിഅ മില്ലിയ്യ, ഹൈദറാബാദ് യൂനിവേഴ്‌സിറ്റി എന്നിവയുടെ ഭാവി എന്തായിരിക്കുമെന്നത് ആശങ്കാജനകമാണ്. ആധുനിക ഇന്ത്യയുടെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും മഹത്തായ സേവനങ്ങളര്‍പ്പിച്ച മഹാന്മാരും വിദ്വാന്മാരും പരാമര്‍ശിക്കപ്പെടുന്നില്ല എന്നതും ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സാധിക്കുകയില്ല. യു.ജി.സി, എ.ഐ.സി.ടി.ഇ തുടങ്ങി സ്വതന്ത്ര സ്വഭാവമുള്ള സ്ഥാപനങ്ങള്‍ നിര്‍ത്തലാക്കി പകരം മള്‍ട്ടി ഡിസിപ്ലിനറി എജുക്കേഷന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂഷന്‍സ് തുടങ്ങുന്നു. ഇത്തരത്തിലുള്ള കേന്ദ്രീരണം ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവെക്കുക. 
'സാര്‍വത്രിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതും നമ്മുടെ രാജ്യത്തെ ഒരു ചലനാത്മക വിജ്ഞാന സമൂഹമാക്കി പരിപോഷിപ്പിക്കുന്നതുമായ ഭാരതകേന്ദ്രീകൃത (Rooted in Indian Ethos) വിദ്യാഭ്യാസ സമ്പ്രദായമാണ് ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്യുന്നത്' എന്നാണ് വിഷന്‍ എന്ന നിലയില്‍ പറഞ്ഞിരിക്കുന്നത്. മൊത്തത്തില്‍ ഭാരതവല്‍ക്കരണം എന്നതില്‍ കേന്ദ്രീകരിച്ചാണ് അവതരണം. ആര്‍ഷഭാരതത്തിന് മഹത്തരമായ ഒരു പാരമ്പര്യവും സംസ്‌കാരവുമുണ്ട്. അത് അപരനെ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനുമുള്ള വിശാല മനസ്സ് കാണിച്ചിട്ടുണ്ട്. എന്നാല്‍ പൗരാണിക ഭാരത സംസ്‌കാരമെന്നതുകൊണ്ട്  പുരാതന വേദിക് കാലഘട്ടവും വര്‍ണാശ്രമ ചാതുര്‍വര്‍ണ്യ വ്യവസ്ഥയുമാണ് ലക്ഷ്യമാക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് നയരേഖയിലെ അധിക പരാമര്‍ശങ്ങളും. വിജ്ഞാനത്തെ സംബന്ധിച്ച കാഴ്ചപ്പാട് വളരെ ശുഷ്‌ക്കവും അസഹിഷ്ണുത നിറഞ്ഞതുമായിട്ടാണ് നയരേഖ വായിച്ചപ്പോള്‍ അനുഭവപ്പെടുന്നത്. വിശ്വപൗരന്‍ എന്ന കാഴ്ചപ്പാടും  നയരേഖ മുന്നോട്ടുവെക്കുന്നുണ്ട്. അന്യരാജ്യങ്ങളെയും അവിടങ്ങളിലെ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളാനും അപരനെ അംഗീകരിക്കാനും ആദരിക്കാനും സാധിച്ചാല്‍  മാത്രമേ വിശ്വപൗരന്‍ എന്ന നിലയിലേക്ക് ഉയരാന്‍ സാധിക്കുകയുള്ളൂ. സ്വന്തം രാജ്യത്ത് നിലനില്‍ക്കുന്ന വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും പോലും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത വിധത്തിലുള്ള പഠനാനുഭവങ്ങളാണ് നല്‍കുന്നതെങ്കില്‍ ലക്ഷ്യസാക്ഷാല്‍ക്കാരം എങ്ങനെ സാധിക്കും?
പ്രധാനമന്ത്രി അധ്യക്ഷനായ രാഷ്ട്രീയ ശിക്ഷാ ആയോഗ് (National Educational Commission) ആയിരിക്കും വിദ്യാഭ്യാസ സമ്പ്രദായത്തെ നയിക്കുകയെന്നു പറയുന്നു. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെയും ഭാഷാ സാംസ്‌കാരിക വൈവിധ്യത്തെയും ബഹുസ്വരതയെയും ഹനിക്കുന്നതാണിത്. വിശാലമായ നമ്മുടെ രാജ്യത്തിന്റെ ഭാഷാ, വേഷ, വര്‍ണ, സംസ്‌കാര വൈവിധ്യങ്ങളെ കണക്കിലെടുത്തും ഉള്‍ക്കൊണ്ടുമായിരുന്നു വിദ്യാഭ്യാസത്തെ കണ്‍കറന്റലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. കണ്‍കറന്റ് ലിസ്റ്റില്‍ വരുന്ന സംസ്ഥാന വിഷയമായ വിദ്യാഭ്യാസ നയരൂപീകരണത്തിലും പ്രഖ്യാപനത്തിലും സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കുകയോ അവരുമായി ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ല. ഇന്ത്യയുടെ ഫെഡറല്‍സ്വഭാവത്തെ നിരാകരിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഭരണഘടനാവിരുദ്ധമാകുന്നു എന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെയും സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളെയും പലയിടങ്ങളിലും ഒരേ രീതിയില്‍ കാണുകയും പരിഗണിക്കുകയും ചെയ്തിരിക്കുന്നു. എന്നു മാത്രമല്ല അവ്യക്തമായ ശൈലിയില്‍ സ്വകാര്യമേഖലക്ക് ധാരാളം ഇടങ്ങള്‍ കാണുകയും ചെയ്യുന്നു. ഇത് വിദ്യാഭ്യാസത്തെ സ്വകാര്യമേഖലക്ക് അടിയറ വെക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ്.   
ദേശവ്യാപകമായ ചര്‍ച്ചകളിലൂടെയും മറ്റുമാണ് ഒരു രാജ്യത്തിന്റെ വിദ്യാഭ്യാസ നയം രൂപീകൃതമാകേണ്ടത്. എന്നാല്‍ രാജ്യം കൊറോണയെന്ന  മഹാമാരിയുടെ ഭീഷണിയില്‍പെട്ട് പരസ്പരം കാണാനോ കൂടിയിരിക്കാനോ സാധ്യമല്ലാത്ത അവസരത്തിലാണ് ഏകപക്ഷീയമായ പ്രഖ്യാപനമുണ്ടായത്.  നോട്ടുനിരോധം, ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കല്‍ തുടങ്ങിയവ പോലെ ഒരു ചര്‍ച്ചയുമില്ലാതെ, പാര്‍ലമെന്റിനെ പോലും നോക്കുകുത്തിയാക്കിയാണ് വിദ്യാഭ്യാസനയം പ്രഖ്യാപിക്കപ്പെട്ടത്. ഇത് ആശങ്കയും ദുരൂഹതയും വര്‍ധിപ്പിക്കുന്നു. 
ഫാഷിസത്തിനു ആഴ്ന്നിറങ്ങാന്‍ ഫലഭൂയിഷ്ഠമായ മണ്ണാണ് വിദ്യാഭ്യാസം. ഫാഷിസത്തിന്റെ റോള്‍മോഡലായ നാസിജര്‍മനി ആദ്യമായി ചെയ്തത് ആര്യവംശീയ  മഹത്വത്തെയും ദേശീയതയെയും ഊതി വീര്‍പ്പിക്കുന്ന വിധത്തിലുള്ള വിദ്യാഭ്യാസ നയപ്രഖ്യാപനമാണ്. ആര്‍.എസ്.എസിന്റെ വിദ്യാഭ്യാസ വിഭാഗമായ ഭാരതീയ ശിക്ഷാ മണ്ഡല്‍, വിദ്യാഭാരതി അഭിയാന്‍ തുടങ്ങിയവ, തങ്ങള്‍ മുന്നോട്ടുവെച്ച നയരേഖ അറുപത് ശതമാനത്തിലധികവും ഉള്‍പ്പെടുത്തിയിരിക്കുന്നു എന്ന സന്തോഷം പ്രകടിപ്പിച്ചത് ഇതിനോട് ചേര്‍ത്തു വായിക്കണം. പൗരത്വ ഭേദഗതി ബില്ലും 370-ാം വകുപ്പ് റദ്ദാക്കലും ബാബരി മസ്ജിദ് വിധിയും രാമക്ഷേത്ര ഭൂമിപൂജക്ക് കാര്‍മികത്വം വഹിക്കലുമെല്ലാം പരസ്പരപൂരകങ്ങളാണ്. ഫാഷിസ്റ്റ് രാഷ്ട്രത്തിന്റെ ശിലാസ്ഥാപനമാണ് പുതിയ വിദ്യാഭ്യാസ നയപ്രഖ്യാപനം എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. വിമാനം കണ്ടുപിടിച്ചത് രാവണനാണെന്ന് വാദിച്ച, കൊറോണയെ അകറ്റാന്‍  പാത്രം മുട്ടാനും ലൈറ്റണച്ച് ടോര്‍ച്ചടിക്കാനും രാജ്യനിവാസികളോട് ആഹ്വാനം ചെയ്ത പ്രധാനമന്ത്രിയും, കൊറോണക്ക് ഗോമൂത്രപാനവും ഗോമൂത്ര സ്‌നാനവും മരുന്നായി വിധിച്ചവരുമാണ്  പൗരാണിക ഇന്ത്യന്‍ സംസ്‌കാരത്തിലധിഷ്ഠിതമായ വിദ്യാഭ്യാസ നയരേഖ പ്രഖ്യാപിച്ചിരിക്കുന്നത്. അന്ധവിശ്വാസാനാചരങ്ങളുടെ ആഴമുള്ള ഗര്‍ത്തത്തിലേക്കാണ് ഇവര്‍ നമ്മുടെ രാജ്യത്തെ തള്ളിവിടുന്നത്! ബഹുസ്വരതയിലും മതേതരത്വത്തിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ നമ്മുടെ രാജ്യത്തിന്റെ ഭാസുരമായ ഭാവി സ്വപ്‌നം കാണുന്ന ആര്‍ക്കും ഒരു നിലക്കും ആശ്വസിക്കാനോ അടങ്ങിയിരിക്കാനോ സാധ്യമല്ലാത്ത സ്ഥിതിവിശേഷത്തിലേക്കാണ് ഇതുവഴി രാജ്യം എത്തിപ്പെടുക. 
(സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയില്‍ (SCERT Kerala) കരിക്കുലം ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്ന് വിരമിച്ച ലേഖകന്‍ ഇപ്പോള്‍ വിക്ടറി എജുക്കേഷണല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാനായി സേവനമനുഷ്ഠിക്കുന്നു).

Comments