Prabodhanm Weekly

Pages

Search

2021 ജൂണ്‍ 18

3206

1442 ദുല്‍ഖഅദ്‌ 07

നേതൃത്വത്തിന്റെ സമീപനങ്ങള്‍, അനുയായികളുടെ കര്‍മശേഷി

പി.കെ ജമാല്‍

ജനങ്ങള്‍ക്ക് ദിശാബോധം നല്‍കി ചിന്തയും പ്രവര്‍ത്തനവും രൂപപ്പെടുത്തുകയും തങ്ങളില്‍ വിശ്വാസമര്‍പ്പിച്ച സമൂഹത്തെ ചിട്ടയോടെ നയിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയുമാണ് നേതൃത്വത്തിന്റെ ധര്‍മം.  ജനപദങ്ങളുടെ ഉത്ഥാന-പതനങ്ങള്‍ നേതാക്കളുടെ സ്വഭാവ സവിശേഷതകളെയും കൂടി ആശ്രയിച്ചിരിക്കുന്നു. ജനസമൂഹത്തെ നന്നാക്കുന്നതും നശിപ്പിക്കുന്നതും നേതാക്കളാണ്. ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്ന ഒരു സംഭവം: ഒരു സ്ത്രീ അബൂബക്‌റി(റ)നോട് ചോദിച്ചു: 'ജാഹിലിയ്യത്തിന്റെ കൂരിരുട്ടിനു ശേഷം അല്ലാഹു നമുക്കേകിയ ഈ വെളിച്ചത്തില്‍ ജീവിക്കാന്‍ എത്രകാലം നമുക്ക് ഭാഗ്യമുണ്ടാകും?' അബൂബക്ര്‍: 'നിങ്ങളുടെ നേതാക്കന്മാര്‍ നിങ്ങളെ സ്ഥിരനിഷ്ഠയോടെ നേര്‍മാര്‍ഗത്തിലൂടെ നയിക്കുന്ന കാലമത്രയും ഈ വെളിച്ചം കെടാതെ നിങ്ങളുടെ കൂട്ടിനുണ്ടാവും.' അവര്‍ വീണ്ടും: 'നേതാക്കന്മാര്‍ എന്നതുകൊണ്ട് അങ്ങ് ആരെയാണ് ഉദ്ദേശിച്ചത്?' അബൂബക്ര്‍: 'നിങ്ങളുടെ ജനതക്ക് ആജ്ഞകള്‍ നല്‍കാനും ഉത്തരവുകള്‍ പുറപ്പെടുവിക്കാനും ചില നേതാക്കന്മാരെ നിങ്ങള്‍ തെരഞ്ഞെടുത്തിട്ടില്ലേ? അവരുടെ കല്‍പനകള്‍ നിങ്ങളൊക്കെ അനുസരിക്കാറുമില്ലേ?' അവര്‍ പറഞ്ഞു: 'തീര്‍ച്ചയായും ഉണ്ട്.' അബൂബക്ര്‍: 'അവരാണ് ഞാന്‍ ഉദ്ദേശിച്ച ജനനേതാക്കന്മാര്‍' (ഇര്‍ശാദുസ്സാരീ ലി ശറഹി സ്വഹീഹുല്‍ ബുഖാരി 6/175). ഇബ്‌നു ഹജര്‍ (റ) വിശദീകരിക്കുന്നു: 'നേതാക്കന്മാരുടെ അപഭ്രംശം അനുയായികളുടേത് കൂടിയാണ്. ഭരണാധികാരികള്‍ക്ക് വഴിതെറ്റിയാല്‍ പ്രജകള്‍ക്കും വഴിതെറ്റും. യഥാ രാജാ തഥാ പ്രജ -അന്നാസു അലാ ദീനി മുലൂകിഹിം, (അല്‍ കൗസറുല്‍ ജാരി ഇലാ രിയാദി അഹാദീസില്‍ ബുഖാരി 7/42).
ഇബ്‌നു കസീര്‍ രേഖപ്പെടുത്തിയ ഒരു സംഭവം: സഅ്ദുബ്‌നു അബീവഖാസ് (റ) പേര്‍ഷ്യയില്‍നിന്ന് കിട്ടിയ വമ്പിച്ച യുദ്ധമുതലുകള്‍ ഉമറി(റ)ന്റെ സന്നിധിയിലേക്കയച്ചു. സ്വര്‍ണവും വെള്ളിയും അമൂല്യരത്‌നങ്ങളും നിധിശേഖരങ്ങളുമെല്ലാമടങ്ങിയ ഗനീമത്ത് മുതല്‍ മസ്ജിദുന്നബവിയുടെ അങ്കണത്തില്‍ കൂമ്പാരമായി കൂട്ടിയിട്ട കാഴ്ച കണ്ട അമീറുല്‍ മുഅ്മിനീന്‍ ഉമര്‍ (റ): 'വിശ്വസ്തരായ സൂക്ഷിപ്പുകാരെത്തന്നെയാണ് ജനങ്ങള്‍ ഇവയെല്ലാം ഏല്‍പിച്ചിട്ടുള്ളത്.' ഇതു കേട്ട അലി (റ): 'അമീറുല്‍ മുഅ്മിനീന്‍, താങ്കള്‍ വിശുദ്ധനായി ജീവിക്കുന്നു. അതിനാല്‍ പ്രജകളും വിശുദ്ധരായിത്തന്നെ ജീവിക്കുന്നു. ഇനി അങ്ങ് സുഖഭോഗങ്ങളില്‍ മുഴുകിയാണ് ജീവിക്കുന്നതെങ്കില്‍ പ്രജകളും സുഖഭോഗ തൃഷ്ണകളില്‍ തിമിര്‍ത്താടുമായിരുന്നു' (അല്‍ ബിദായ വന്നിഹായ 7/67). ഭരണാധികാരികളുടെയും നേതാക്കളുടെയും ജീവിതം ജനസമൂഹത്തെ സ്വാധീനിക്കുന്ന രീതിയാണ് അലി (റ) നിരീക്ഷിച്ചത്. 
ഭരണാധികാരികളുടെ ജീവിതം ജനങ്ങളുടെ ചിന്താരീതികളെയും കാഴ്ചപ്പാടുകളെയും എങ്ങനെ രൂപപ്പെടുത്തുന്നു എന്ന് ഇബ്‌നു കസീര്‍ (റ) രേഖപ്പെടുത്തിയിട്ടുണ്ട്: ''ഭരണാധികാരിയായ വലീദിന്റെ ശ്രദ്ധ മുഴുവന്‍ മനോഹര രമ്യഹര്‍മ്യങ്ങള്‍ നിര്‍മിക്കുന്നതിലായിരുന്നു. പ്രജകളും ആ വിധത്തില്‍ മാറി. ഒരാള്‍ തന്റെ സുഹൃത്തിനെ കണ്ടാല്‍ അന്വേഷണ വിഷയം, 'നിങ്ങള്‍ ഇപ്പോള്‍ ഏതു കെട്ടിടമാണ് ഉണ്ടാക്കുന്നത്, എത്ര സമ്പാദിച്ചു, എന്തെല്ലാം ജീവിത സൗകര്യങ്ങളാണ് നിങ്ങള്‍ക്കുള്ളത്?' എന്നൊക്കെയായിരിക്കും. വലീദിന്റെ സഹോദരന്‍ സുലൈമാനുബ്‌നു അബ്ദില്‍ മലികിന്റെ താല്‍പര്യം മുഴുവന്‍ സ്ത്രീകളിലായിരുന്നു. അതിനാല്‍ അക്കാലത്ത് കണ്ടുമുട്ടുന്നവരൊക്കെ അന്വേഷിക്കുക, 'നിങ്ങള്‍ എത്ര കല്യാണം കഴിച്ചു, എത്ര വെപ്പാട്ടിമാരുണ്ട്, എത്ര ചിന്ന വീടുകളുണ്ട് നിങ്ങള്‍ക്ക്?' എന്നായിരിക്കും. എന്നാല്‍ പിന്നീട് വന്ന ഉമറുബ്‌നു അബ്ദില്‍  അസീസിന്റെ മുഖ്യശ്രദ്ധ ഖുര്‍ആന്‍ പാരായണത്തിലും നമസ്‌കാരത്തിലും ഇബാദത്തുകളിലുമായിരുന്നു. അന്ന് ജനങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍ ആദ്യത്തെ അന്വേഷണം, 'നിങ്ങള്‍ ഇന്ന് എത്ര ഖുര്‍ആന്‍ പാരായണം ചെയ്തു, ഇന്നത്തെ ദിക്‌റും വിര്‍ദും എന്തായിരുന്നു, ഇന്നലെ തഹജ്ജുദ് നമസ്‌കരിച്ചോ?' എന്നൊക്കെയായിരിക്കും. 'യഥാ രാജാ തഥാ പ്രജ' എന്നാണ് പ്രമാണം. ഭരണാധികാരി മദ്യപാനിയാണെങ്കില്‍ അയാളുടെ രാജ്യത്ത് മദ്യം ലോഭമില്ലാതെ ഒഴുകും. ഇനി സ്വവര്‍ഗരതിയിലാണ് അയാള്‍ക്ക് താല്‍പര്യമെങ്കില്‍ പ്രജകളും ആ രീതിയില്‍ അഴിഞ്ഞാടും. ഇനി പിശുക്കനും ദുര്‍മോഹിയുമാണെങ്കില്‍ ജനങ്ങളും തഥൈവ. നേതാവ് ഉദാരമതിയും ധീരനുമാണെങ്കില്‍ ജനങ്ങള്‍ക്കും മറ്റൊന്നാകാന്‍ കഴിയില്ല. അയാള്‍ ദുരാഗ്രഹിയും അക്രമിയുമാണെങ്കില്‍ പ്രജകള്‍ അയാളേക്കാള്‍ അവയിലെല്ലാം മുന്നിലായിരിക്കും. ഇനി ഭരണാധികാരി ദീനീനിഷ്ഠയും ദൈവഭയവും നന്മയും എല്ലാം തിളങ്ങിനില്‍ക്കുന്ന വ്യക്തിയാണെങ്കില്‍ ജനങ്ങളും അപ്രകാരം ആയിത്തീരും. ഇതാണ് ലോകക്രമം'' (അല്‍ബിദായ വന്നിഹായ: 9/165).
ജനങ്ങളുടെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ ഭരണനേതൃത്വത്തിനുള്ള പങ്കിനെക്കുറിച്ച ഈ പാഠങ്ങള്‍ സംഘടനാ നേതൃത്വത്തിനും ബാധകമാണ്. നേതൃത്വത്തിന് അനിവാര്യമായി ഉണ്ടാകേണ്ട വിശിഷ്ട ഗുണങ്ങളെ സംബന്ധിച്ച് നിരവധി പഠനങ്ങളുണ്ട്. മുഹമ്മദ് നബി(സ)യുടെ നേതൃത്വം കൈവരിച്ച വിജയം പഠനവിധേയമാക്കിയാല്‍, ഈ തത്ത്വങ്ങളുടെയും സിദ്ധാന്തങ്ങളുടെയും പ്രയോഗവല്‍ക്കരണത്തിലൂടെയാണ് അവ സാധിതമായതെന്ന് കാണാന്‍ കഴിയും. മാത്രമല്ല, ചരിത്രത്തില്‍ കഴിഞ്ഞുപോയ ഒരു നേതാവിനും മുഹമ്മദ് നബിയുടേതു പോലെ തിളക്കമുള്ള നേതൃപാടവം ഉണ്ടായിട്ടില്ല. ഇന്ന് സംഘടനയെയും പ്രസ്ഥാനത്തെയും നയിക്കുന്നവര്‍ക്ക് പ്രകാശഗോപുരം കണക്കെ വെളിച്ചം നല്‍കേണ്ടതും മുഹമ്മദ് നബിയുടെ ജീവിതം തന്നെ.
നേതൃഗുണങ്ങള്‍ ഒത്തിണങ്ങിയ വ്യക്തിത്വങ്ങള്‍ക്കു മാത്രമേ സമൂഹത്തെ സമര്‍ഥമായി നയിക്കാന്‍ കഴിയുകയുള്ളൂ എന്ന് നബി(സ)യുടെ പാഠശാലയില്‍നിന്ന് പഠിച്ചിറങ്ങിയ ഉമറിന് ബോധ്യമുണ്ടായിരുന്നു. ഉമറിന്റെ സങ്കല്‍പത്തിലുള്ള നേതാവ് ആരാണ്? ഒരു ആലോചനാ സദസ്സില്‍ ഉമര്‍ അത് വ്യക്തമാക്കി: 'ഒരു കൂട്ടരുടെ അമീര്‍ അല്ലെങ്കിലും അവരുടെ അമീര്‍ ആണെന്ന് തോന്നിക്കുന്ന വ്യക്തി. ഇനി അവരുടെ അമീര്‍ ആയെന്നിരിക്കട്ടെ അവരില്‍ ഒരാളെ പോലെ പെരുമാറുന്ന വ്യക്തി' (അല്‍ ഇസ്വാബ 1/504, അല്‍ അഖ്ദുല്‍ ഫരീദ് 46).

നേതാവിന്റെ നീതിനിഷ്ഠ

നേതൃത്വത്തിനു വേണ്ട ഒന്നാമത്തെ സവിശേഷഗുണം നീതിനിഷ്ഠയാണ്; തന്റെ മുന്നില്‍ ഒരു പ്രശ്‌നം എത്തിയാല്‍ ഇരു വിഭാഗത്തിനും പറയാനുള്ളത് സശ്രദ്ധം, മുന്‍ധാരണകളില്ലാതെ കേള്‍ക്കുകയെന്നുള്ളതാണ്. നേതൃപദവിയിലുള്ള പലര്‍ക്കും പിണയാറുള്ള അബദ്ധം, തങ്ങളുടെ സന്നിധിയില്‍ കേസുമായി ആദ്യമെത്തുന്ന വ്യക്തിയുടെ വാദങ്ങളും വാക്കുകളും അപ്പടി വിശ്വസിച്ച്, മറുഭാഗത്തിന് പറയാനുള്ള അവസരം നല്‍കാതെ തീരുമാനം എടുക്കുകയെന്നതാണ്. ഇത്തരം വിധിതീര്‍പ്പുകള്‍ ബന്ധപ്പെട്ടവരുടെ മനസ്സിനേല്‍പിക്കുന്ന മുറിപ്പാടുകള്‍ സൃഷ്ടിക്കുന്നതാണ് പല ആഭ്യന്തര പ്രശ്‌നങ്ങളും. മറുകക്ഷിക്ക് പറയാനുള്ളത് കേള്‍ക്കാതെ ഝടുതിയില്‍ വിധി പ്രസ്താവിക്കുകയും നീതിനിഷേധിക്കുകയും ചെയ്യുന്നത് നേതൃത്വത്തിന്റെ ഗുരുതര വീഴ്ചയായാണ് അല്ലാഹു കാണുന്നത്. ഈ വിഷയത്തില്‍, ഖുര്‍ആന്‍ അവതരിപ്പിച്ച 'കേസ് സ്റ്റഡി' ദാവൂദ് നബി(അ)യുമായി ബന്ധപ്പെട്ട ഒരു സംഭവമാണ്. ''മതിലു കയറി അദ്ദേഹത്തിന്റെ അറയിലേക്ക് നുഴഞ്ഞു കടന്ന ആ വ്യവഹാരക്കാരെക്കുറിച്ച് നിനക്ക് വല്ല വിവരവും ലഭിച്ചിട്ടുണ്ടോ? അവര്‍ ദാവൂദിന്റെ അടുക്കലെത്തിയപ്പോള്‍ അദ്ദേഹം നടുങ്ങിപ്പോയി. അവര്‍ പറഞ്ഞു: ഭയപ്പെടേണ്ട. ഒരു തര്‍ക്കത്തിലെ രണ്ട് കക്ഷികളാണ് ഞങ്ങള്‍. ഒരാള്‍ അപരനോട് അന്യായം ചെയ്തിരിക്കുന്നു. അങ്ങ് ഞങ്ങള്‍ക്കിടയില്‍ തികച്ചും ന്യായമായ വിധി പറയണം. അന്യായം വിധിക്കരുത്. ഞങ്ങള്‍ക്ക് നേര്‍വഴി കാണിക്കുകയും വേണം- ഇയാള്‍ എന്റെ സഹോദരന്‍. ഇയാള്‍ക്ക് തൊണ്ണൂറ്റൊമ്പത് പെണ്ണാടുകളുണ്ട്. എന്റെ പക്കല്‍ ഒരു പെണ്ണാട് മാത്രവും. ഈയൊരു പെണ്ണാടിനെക്കൂടി തനിക്കേല്‍പിച്ചുതരേണമെന്ന് ഇയാള്‍ എന്നോടാവശ്യപ്പെട്ടു. വാദത്തില്‍ ഇയാള്‍ എന്നെ മുട്ടിച്ചിരിക്കുന്നു. ദാവൂദ് ഉത്തരം കൊടുത്തു; തന്റെ ആടുകള്‍ക്കൊപ്പം നിന്റെ ആടിനെ ചേര്‍ക്കാന്‍ ആവശ്യപ്പെട്ടു ഇവന്‍ തീര്‍ച്ചയായും നിന്നോട് അക്രമം ചെയ്തിരിക്കുന്നു. കൂടിക്കലര്‍ന്നു കഴിയുന്ന ആളുകള്‍ അധികവും പരസ്പരം അന്യായം പ്രവര്‍ത്തിക്കുന്നു എന്നതാകുന്നു വസ്തുത. സത്യവിശ്വാസമുള്ളവരും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവരും മാത്രം ഇതില്‍നിന്ന് ഒഴിവാകുന്നു. അങ്ങനെയുള്ളവരോ, വളരെ അപൂര്‍വവും. (ഇക്കാര്യം പറഞ്ഞുകൊണ്ടിരിക്കെ) ദാവൂദിന് മനസ്സിലായി, എന്തെന്നാല്‍ യഥാര്‍ഥത്തില്‍ ഇത് നാം അദ്ദേഹത്തെ പരീക്ഷിച്ചതായിരുന്നു എന്ന്. അങ്ങനെ അദ്ദേഹം തന്റെ റബ്ബിനോട് മാപ്പിരന്നു. സുജൂദില്‍ വീണു മടങ്ങി. അപ്പോള്‍ നാം അദ്ദേഹത്തിന്റെ ആ തെറ്റ് പൊറുത്തുകൊടുത്തു. നിശ്ചയം അദ്ദേഹത്തിന് നമ്മുടെ സന്നിധിയില്‍ സാമീപ്യവും ശ്രേഷ്ഠമായ പര്യവസാനവുമുണ്ട്'' (സ്വാദ് 21-25).
എന്തായിരുന്നു പ്രവാചകനും ഭരണാധികാരിയുമായിരുന്ന ദാവൂദ് (അ) ചെയ്ത തെറ്റ്? ഈ സൂക്തം വിശദീകരിച്ച് സയ്യിദ് ഖുത്വ്ബ് ഫീ ളിലാലില്‍ ഖുര്‍ആനില്‍ എഴുതിയ ഭാഗം ഉദ്ധരിക്കാം: ''എന്തായിരുന്നു ദാവൂദ് നബി (അ) നേരിട്ട പരീക്ഷണം? പ്രവാചകനും രാജാവുമായിരുന്ന ദാവൂദ് (അ) രാജ്യകാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സമയം നീക്കിവെച്ചിരുന്നു. കേസുകളില്‍ തീര്‍പ്പ് കല്‍പിക്കുന്നതും അന്നേരമാണ്. കുറേസമയം മിഹ്‌റാബില്‍ ഏകാന്ത ധ്യാനത്തിനും ആരാധനക്കും സങ്കീര്‍ത്തനങ്ങള്‍ ഉരുവിടാനും അദ്ദേഹം വിനിയോഗിക്കും. ആരാധനക്കും ധ്യാനത്തിനും ഏകാഗ്ര ചിന്തകള്‍ക്കുമായി അദ്ദേഹം മിഹ്‌റാബില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍, പുറത്തു കടക്കുന്നതു വരെ ആരും അവിടെ കടക്കില്ല.
ഒരു ദിവസം ആകസ്മികമായി, അടച്ചിട്ട മിഹ്‌റാബിന്റെ മതിലുകള്‍ ചാടിക്കടന്ന് രണ്ടാളുകള്‍ അദ്ദേഹത്തിന്റെ സന്നിധിയില്‍ വന്നു. ഒരു വിശ്വാസിയോ വിശ്വസ്തനോ ഇങ്ങനെ ചെയ്യില്ലല്ലോ. പേടിച്ചരണ്ട ദാവൂദിനെ സമാധാനിപ്പിച്ച് അവര്‍ ഇരുവരും തങ്ങളുടെ കേസ് ദാവൂദിന്റെ മുന്നില്‍ അവതരിപ്പിച്ചു: 'പേടിക്കേണ്ട, ഒരു തര്‍ക്കത്തിലെ രണ്ട് കക്ഷികളാണ്...'
കേസ് കക്ഷികളില്‍ ഒരാള്‍ സൂചിപ്പിച്ചതുപോലെ, ഒരു വ്യാഖ്യാനത്തിനും പഴുതില്ലാത്ത കൊടിയ അക്രമമാണ്, അങ്ങേയറ്റം പ്രകോപനപരമാണ്. നെറികെട്ട അക്രമം വെളിവാക്കുന്ന ഈ കേസ് കേട്ടമാത്രയില്‍ ദാവൂദ് കേസില്‍ വിധി പറയാന്‍ മുതിര്‍ന്നു. മറുകക്ഷിയോട് ഒന്നും ഉരിയാടിയില്ല. അയാളുടെ വിശദീകരണം കേള്‍ക്കാനും തയാറായില്ല. അയാളുടെ വാദമുഖങ്ങള്‍ക്ക് ചെവികൊടുത്തതുമില്ല. ദാവൂദ് തന്റെ വിധി ഉടനെ പ്രസ്താവിച്ചു: 'തന്റെ ആടുകള്‍ക്കൊപ്പം നിന്റെ ആടിനെ ചേര്‍ക്കാന്‍ ആവശ്യപ്പെട്ട ഇവന്‍ തീര്‍ച്ചയായും നിന്നോട് അക്രമം ചെയ്തിരിക്കുന്നു...'
ഈ ഘട്ടത്തില്‍ വന്ന വ്യക്തികള്‍ അപ്രത്യക്ഷരായതായാണ് മനസ്സിലാകുന്നത്. ദാവൂദിനെ പരീക്ഷിക്കാന്‍ വന്ന രണ്ട് മലക്കുകളായിരുന്നു ഇരുവരും. ജനങ്ങളുടെ ഭരണഭാരം ഏല്‍പിക്കപ്പെട്ട ദാവൂദിനെ പരീക്ഷിക്കാനായിരുന്നു അത്. ജനങ്ങള്‍ക്കിടയില്‍ നീതിയോടും സത്യാധിഷ്ഠിതമായും വിധിപറയാന്‍ ബാധ്യസ്ഥനാണ് അദ്ദേഹം. വിധി പ്രസ്താവിക്കുന്നതിനു മുമ്പ് സത്യം എന്തെന്ന് വ്യക്തമായി അറിയുകയും ബോധ്യപ്പെടുകയും വേണം. അവധാനത വേണം. ക്ഷിപ്ര പ്രതികരണം ന്യായാധിപന് ഭൂഷണമല്ല. അയാള്‍ ധൃതി കാണിക്കരുത്. ഒരാളുടെ മാത്രം വാക്കുകള്‍ മുഖവിലക്കെടുക്കരുത് അയാള്‍. മറുകക്ഷിക്കും വാദങ്ങള്‍ നിരത്താനും തങ്ങളുടെ നിലപാട് വിശദീകരിക്കാനും അവസരം നല്‍കാതെ വിധി പ്രസ്താവിക്കരുത് ന്യായാധിപന്‍. ഇങ്ങനെ മറുകക്ഷിക്കും അവസരം നല്‍കിയാല്‍ കേസിന്റെ മുഖം പൂര്‍ണമായോ ഭാഗികമായോ മാറും. ആദ്യം കേട്ട കാര്യങ്ങള്‍ ശരിയല്ലെന്നും കേട്ട കാര്യങ്ങള്‍ അപൂര്‍ണമായിരുന്നുവെന്നും, മറുകക്ഷിയെയും കേള്‍ക്കാതിരുന്നുവെങ്കില്‍ കബളിപ്പിക്കപ്പെടുമായിരുന്നു എന്നും ന്യായാധിപന് ബോധ്യം വരും. അങ്ങനെ ഇതൊരു പരീക്ഷണമായിരുന്നുവെന്ന് ദാവൂദിന് മനസ്സിലായി. തന്റെ വീഴ്ച തിരിച്ചറിഞ്ഞ ദാവൂദ് പാപമോചനത്തിന് അര്‍ഥിക്കുകയും ചെയ്തു. അല്ലാഹു അദ്ദേഹത്തിന് ആ വീഴ്ച പൊറുത്തുകൊടുത്തു'' (ഫീ ളിലാലില്‍ ഖുര്‍ആന്‍, പേജ് 3018).
തന്റെ മുമ്പാകെ വരുന്ന പ്രശ്‌നങ്ങളിലും കേസുകളിലും എല്ലാ വാദമുഖങ്ങളും സശ്രദ്ധം ശ്രവിച്ചുവേണം നേതാവ് നിലപാട് സ്വീകരിക്കാന്‍. നീതി നടത്തിയതു കൊണ്ടായില്ല, നടന്നത് നിഷ്‌കൃഷ്ടമായ നീതിയാണെന്ന് ഇരു വിഭാഗത്തിനും തോന്നുകയും വേണം. നീതി നിഷേധിക്കപ്പെടുന്നവരുടെ ആത്മനൊമ്പരങ്ങളാണ് പലപ്പോഴും പലരും അകര്‍മണ്യതയിലേക്ക് ഉള്‍വലിയാനും നിര്‍ജീവമാകാനും കാരണമായിത്തീരുന്നത്. മനുഷ്യന്‍ പ്രതികരണശേഷിയില്ലാത്ത കല്ലും മരവും ലോഹവും അല്ലല്ലോ. കണിശമായ നീതിയില്‍ അധിഷ്ഠിതമായിരുന്നു നബിയുടെ നിലപാടുകളും തീരുമാനങ്ങളും വിധിതീര്‍പ്പുകളും. ഗനീമത്ത് മുതലിന്റെ വിതരണവേളയില്‍, 'റസൂലേ നീതി കാട്ടണം' എന്നാവശ്യപ്പെട്ട വ്യക്തിയോട് നബിയുടെ മറുപടി: 'എന്താണ് നിങ്ങള്‍ കരുതിയത്? ഞാന്‍ നീതി ചെയ്യുന്നില്ലെങ്കില്‍ പിന്നെ ആരാണ് നീതി ചെയ്യുക? നീതി ചെയ്യുന്നില്ലെങ്കില്‍ ഞാന്‍ പരാജയപ്പെട്ടു. എനിക്ക് എല്ലാം നഷ്ടമായി' (ബുഖാരി, മുസ്‌ലിം).

ദൗത്യം ഏല്‍പിക്കുക

ഉത്തരവാദിത്വങ്ങളെല്ലാം തന്നില്‍ കേന്ദ്രീകരിച്ച്, താന്‍ തന്നെ എല്ലാം നോക്കി നടത്തണം എന്ന ശാഠ്യമനസ്സ് നേതാവിന് ചേര്‍ന്നതല്ല. ഓരോ വ്യക്തിയുടെയും ഒഴിവും കഴിവും യോഗ്യതയും അര്‍ഹതയും വിലയിരുത്തി ഉത്തരവാദിത്വങ്ങള്‍ അവരെ ഏല്‍പിക്കുകയാണ് നേതൃവൈഭവം. അധികാര കേന്ദ്രീകരണം സ്വേഛാധിപത്യത്തിന്റെ ശൈലിയാണ്. അനുചരന്മാരില്‍ ഓരോരുത്തരുടെയും കഴിവുകള്‍ വിലയിരുത്തി ഉത്തരവാദിത്വങ്ങള്‍ ഏല്‍പിച്ചുകൊടുത്ത നബി(സ)യുടെ നേതൃപാടവം നമുക്ക് മാതൃകയാവണം. ഉത്തരവാദിത്വങ്ങള്‍ ഏല്‍ക്കാന്‍ കരുത്തുള്ള ചുമലുകള്‍ നിരന്തര പരിശീലനത്തിലൂടെ മാത്രമേ ഉണ്ടാവുകയുള്ളൂ. യോഗ്യരായ സഹായികള്‍ ശൂന്യതയില്‍നിന്ന് പിറന്നുവീഴില്ല. 'തനിക്കു ശേഷം പ്രളയം' എന്ന ചിന്ത പേറുന്ന നേതാവിന് തന്റെ തിരോധാനത്തോടെ നാശമടയുന്ന പ്രസ്ഥാനത്തെയാണ് വിട്ടേച്ചുപോകേണ്ടിവരിക. ഈ വസ്തുത നന്നായി മനസ്സിലാക്കിയായിരുന്നു നബി (സ) ഉത്തരവാദിത്വങ്ങള്‍ ഓരോരുത്തരുടെയും കഴിവ് നോക്കി വിഭജിച്ചു നല്‍കിയത്. അലിയ്യുബ്‌നു അബീത്വാലിബിനെയും ഉസ്മാനുബ്‌നു അഫാനെയുമായിരുന്നു വഹ്‌യ് എഴുതി രേഖപ്പെടുത്തിവെക്കാന്‍ ചുമതലപ്പെടുത്തിയത്. അവരുടെ അഭാവത്തില്‍ ഈ ചുമതല നിര്‍വഹിച്ചത് ഉബയ്യുബ്‌നു കഅ്ബും സൈദുബ്‌നു സാബിതുമായിരുന്നു. സകാത്ത്-സ്വദഖ കണക്കുകള്‍ സൂക്ഷിച്ചത് സുബൈറുബ്‌നുല്‍ അവ്വാമും ജുഹൈമുബ്‌നു സ്വല്‍ത്തുമായിരുന്നു. കൃഷി-റവന്യൂ കണക്കുകള്‍ തിട്ടപ്പെടുത്തിയതും നബി(സ)ക്ക് റിപ്പോര്‍ട്ടു നല്‍കിയതും ഹുദൈഫതുബ്‌നുല്‍ യമാന്‍. ബജറ്റ്/ പബ്ലിക് റിലേഷന്‍സ് ചുമതല മുഗീറത്തുബ്‌നു ശുഅ്ബക്കും ഹസനുബ്‌നു നിമിറിനും ആയിരുന്നു. ഇതേ രീതി തന്നെയായിരുന്നു ഖുലഫാഉര്‍റാശിദീനും സ്വീകരിച്ചത്. ഉത്തരവാദിത്വങ്ങള്‍ ഏല്‍പിക്കുന്നവരെ വിശ്വാസത്തിലെടുത്താവണം നേതാവിന്റെ ഇടപെടല്‍. എബിലിറ്റി ടു ഡലിഗേറ്റ് എന്നത് നേതാവിനുണ്ടാവേണ്ട വിശിഷ്ട ഗുണമാണ്.

അഭിനന്ദനം, പ്രശംസ

സഹപ്രവര്‍ത്തകരുടെയും അനുയായികളുടെയും പ്രവര്‍ത്തനങ്ങളെ അകമഴിഞ്ഞ് അഭിനന്ദിക്കാന്‍ കഴിയുന്നവനാവണം നേതാവ്. പ്രശംസയും അഭിനന്ദനവും ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? പ്രശംസാവചനങ്ങള്‍ ചൊരിയുന്നതില്‍ ലുബ്ധ് കാണിച്ചിരുന്നില്ല നബി (സ). അത് അവരെ പ്രചോദിപ്പിക്കുകയും കര്‍മോത്സുകരാക്കുകയും ചെയ്യുമെന്ന് നബിക്ക് നന്നായി അറിയാമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ന് നമുക്കില്ലാതെ പോയതും ഈ ഗുണമാണ്. സേവനം ചെയ്തുതന്നവര്‍ക്ക് നന്ദിവാക്ക് ചൊല്ലാന്‍ മറന്നുപോകുന്നവരാണ് നാം. നിങ്ങള്‍ക്ക് എന്റെ സേവനം ആവശ്യമുണ്ടോ എന്നു ചോദിച്ചാല്‍, വേണ്ടെങ്കില്‍ 'നോ, താങ്ക്‌സ്' എന്നും ആവശ്യമാണെങ്കില്‍ 'യെസ് പ്ലീസ്' എന്നും പറയുന്നതു യൂറോപ്യന്റെ ശീലമാണ്. ചെയ്തു കിട്ടിയ സേവനത്തിന് 'താങ്ക്യു' പറയാത്ത ഒരു യൂറോപ്യനെയും കാണില്ല. ഇത് ഇസ്‌ലാമിക സംസ്‌കാരമാണ്. നബി (സ) പഠിപ്പിച്ചതും നാം മറന്നുകളഞ്ഞതുമായ സംസ്‌കാരം. അബുഹുറയ്‌റ റിപ്പോര്‍ട്ട് ചെയ്യുന്നു: നബി (സ) പറഞ്ഞു: 'ജനങ്ങളോട് നന്ദി പ്രകടിപ്പിക്കാത്തവന്‍ അല്ലാഹുവിനോടും നന്ദി പ്രകടിപ്പിക്കുന്നില്ല' (അഹ്മദ്, അബൂദാവൂദ്, ബുഖാരി, ഇബ്‌നു ഹിബ്ബാന്‍). 'ജനങ്ങളില്‍ അല്ലാഹുവിനോട് ഏറ്റവും നന്ദി പ്രകാശിപ്പിക്കുന്നവന്‍ ആരെന്ന് വെച്ചാല്‍  ജനങ്ങളോട് ഏറ്റവും നന്ദി പ്രകടിപ്പിക്കുന്നവനാണ്' (ഇബ്‌നു അബീശൈബ, ബൈഹഖി, സ്വഹ്ഹഹു അല്‍ബാനി). സ്വഹീഹായ മറ്റൊരു ഹദീസ്: 'ആരെങ്കിലും നിങ്ങള്‍ക്കൊരു ഉപകാരം ചെയ്താല്‍ നിങ്ങള്‍ തുല്യമായ പ്രത്യുപകാരം ചെയ്യണം. ഇനി അങ്ങനെ ഒരു സമ്മാനം നല്‍കാനോ പ്രത്യുപകാരം ചെയ്യാനോ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ അയാള്‍ക്കു വേണ്ടി പ്രാര്‍ഥിക്കണം. അങ്ങനെ നിങ്ങള്‍ അയാള്‍ക്ക് പ്രത്യുപകാരം ചെയ്തു എന്ന് നിങ്ങള്‍ക്ക് സ്വയം ബോധ്യപ്പെടട്ടെ.' ഉസാമ റിപ്പോര്‍ട്ട് ചെയ്ത ഹദീസ്: ''സേവനം ചെയ്തുതന്ന ആളോട് 'ജസാകല്ലാഹു ഖൈറന്‍' (അല്ലാഹു നിങ്ങള്‍ക്ക് ഉത്തമമായ പ്രതിഫലം നല്‍കട്ടെ) എന്നു പറഞ്ഞാല്‍ അത് നന്ദിയുടെയും ഉപകാരസ്മരണയുടെയും പാരമ്യമാണ്'' എന്ന് നബി (സ) പറഞ്ഞു (ഇബ്‌നുബാസ്, സ്വഹ്ഹഹു സുയൂത്വി, തിര്‍മിദി, നസാഈ).
തന്റെ അനുയായികളുടെ സേവനങ്ങള്‍ വിലമതിച്ച് റസൂല്‍ പ്രശംസാ വചനങ്ങള്‍ കൊണ്ട് അവരെ മൂടും, അവരുടെ മനസ്സ് കുളിര്‍പ്പിക്കും. ഒരു പ്രസംഗവേളയില്‍; 'അന്‍സ്വാര്‍ സമൂഹമേ, നിങ്ങള്‍.... അല്ലാഹു നിങ്ങള്‍ക്ക് ഉത്തമ പ്രതിഫലം നല്‍കട്ടെ. വിശുദ്ധരാണ് നിങ്ങള്‍, ക്ഷമയുടെ നിറകുടമാണ് നിങ്ങള്‍' (ഇബ്‌നു ഹിബ്ബാന്‍, ഹാകിം, സ്വഹ്ഹഹു  അല്‍ബാനി).
ധിഷണാപരവും ബുദ്ധിപരവുമായ സേവനങ്ങള്‍ അര്‍പ്പിക്കുന്നവരെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കണം. ശാരീരികവും സാമ്പത്തികവുമായ പിന്തുണ നല്‍കുന്നവരെ പ്രാര്‍ഥനകളിലുടെയും അനുമോദനത്തിലൂടെയും പ്രചോദിപ്പിക്കണം. ഒന്ന് തോളില്‍ പിടിച്ചും പുറത്തു തട്ടിയും പ്രശംസിക്കുകയും അഭിനന്ദന വാക്കുകള്‍ പറയുകയും ചെയ്യുന്നതുകൊണ്ട് എന്താണ് നഷ്ടം? അത് ഇസ്‌ലാം നിരുത്സാഹപ്പെടുത്തിയ പ്രശംസയില്‍പെടുമെന്നാണ് ചിലരുടെ തെറ്റായ ധാരണ. ഈ ധാരണ റസൂല്‍ (സ) തിരുത്തുന്നതിങ്ങനെ: അബൂദര്‍റ് (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: 'ഒരാള്‍ നബി(സ)യോട് ചോദിച്ചു; 'ഒരാള്‍ ഒരു നല്ല പ്രവൃത്തി ചെയ്യുന്നു. ജനങ്ങള്‍ അതിന്റെ പേരില്‍ അയാളെ പ്രശംസിക്കുന്നു. അതിനെക്കുറിച്ച് എന്താണ് അങ്ങയുടെ അഭിപ്രായം!' നബി (സ) പറഞ്ഞു: 'അത് സത്യവിശ്വാസിക്ക് നേരത്തേത്തന്നെ ലഭിക്കുന്ന സന്തോഷ വാര്‍ത്തയാണ്' (മുസ്‌ലിം). അല്ലാഹുവിന്റെ തൃപ്തിയുടെയും സ്വര്‍ഗലബ്ധിയുടെയും മുന്‍കൂട്ടിയുള്ള സൂചനയാണെന്നു സാരം. അത്തരം അഭിനന്ദനങ്ങളിലും പ്രശംസയിലും അനുചിതമായി ഒന്നുമില്ല.
പ്രശംസാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ നല്ല വാക്കു കൊണ്ട് അഭിനന്ദിക്കാനോ പ്രചോദനം നല്‍കി പ്രോത്സാഹിപ്പിക്കാനോ അറയ്ക്കുന്ന നേതാക്കന്മാര്‍ക്ക് നല്ല അനുയായിവൃന്ദത്തെ സൃഷ്ടിക്കാന്‍ ആവില്ലെന്ന് നബി(സ)ക്ക് അറിയാമായിരുന്നു. വാഖിദി രേഖപ്പെടുത്തിയ സംഭവം: സൈനികരെയുമായി ഹുനൈനിലേക്ക് തിരിച്ച നബി (സ) സ്വഹാബിമാരുടെ നേരെ തിരിഞ്ഞ് ചോദിച്ചു: 'ഇന്ന് രാത്രി നമുക്ക് കാവല്‍ നില്‍ക്കാന്‍ ഏതെങ്കിലും അശ്വാരൂഢന്‍ തയാറുണ്ടോ?' ഉനൈസുബ്‌നു അബീ മര്‍സദ് തന്റെ കുതിരപ്പുറത്തേറി നബി(സ)യെ സമീപിച്ചു: 'ഞാനിതാ റസൂലേ തയാറായി നില്‍ക്കുന്നു.' നബി (സ) പ്രതിവചിച്ചു: 'നിങ്ങള്‍ ചെന്ന് ആ കുന്നിന്‍പുറത്ത് നിലകൊള്ളുക. നമസ്‌കാരത്തിനോ പ്രാഥമികാവശ്യനിര്‍വഹണത്തിനോ ആയല്ലാതെ കുതിരപ്പുറത്തു നിന്ന് ഇറങ്ങരുത്. ശത്രുക്കള്‍ നിങ്ങളെ പിറകില്‍നിന്ന് ആക്രമിക്കാതെ നോക്കണം.' വാഖിദി വിവരിക്കുന്നു: 'അങ്ങനെ ഞങ്ങള്‍ ഉറങ്ങി. നേരം പുലര്‍ന്നു. നമസ്‌കാരത്തിന് തയാറായി നിന്നപ്പോള്‍ റസൂല്‍ വന്നു ചോദിച്ചു: 'നമ്മുടെ കാവല്‍ക്കാരന്‍ കുതിരപ്പടയാളിയെ രാത്രിയില്‍ നിങ്ങളാരെങ്കിലും കാണുകയുണ്ടായോ?' ഞങ്ങള്‍ പറഞ്ഞു: 'ഇല്ല റസൂലേ കണ്ടില്ല.' ഇഖാമത്ത് കൊടുത്തു. റസൂലും ഞങ്ങളും നമസ്‌കരിച്ചു. സലാം വീട്ടി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ കാണുന്നത്, മരങ്ങള്‍ക്കിടയിലൂടെ അകലേക്ക് കണ്ണ് നട്ട് ആരെയോ തെരയുന്ന റസൂലിനെയാണ്. 'ഒരു സന്തോഷവാര്‍ത്ത, അതാ നമ്മുടെ കുതിരപ്പടയാളി വരുന്നുണ്ട്'- നബി പറഞ്ഞു. അയാള്‍ പറഞ്ഞു തുടങ്ങി; 'റസൂലേ, അങ്ങ് പറഞ്ഞതുപോലെ ഞാന്‍ ആ കുന്നിന്‍മുകളില്‍ ഇമവെട്ടാതെ നിലയുറപ്പിച്ചു. കുതിരയുടെ പുറത്തു തന്നെയായിരുന്നു ഞാന്‍. നമസ്‌കാരത്തിനും പ്രാഥമികാവശ്യ നിര്‍വഹണത്തിനുമായി മാത്രം താഴെ ഇറങ്ങി. അങ്ങനെ നേരം വെളുപ്പിച്ചു. ഞാന്‍ ആരെയും കണ്ടില്ല.' റസൂല്‍: 'ശരി, വരൂ, കുതിരപ്പുറത്തു നിന്നിറങ്ങൂ. ഇങ്ങോട്ടടുത്തു വരൂ.' തുടര്‍ന്ന് നബി (സ) എല്ലാവരോടുമായി: 'ഈ പ്രവര്‍ത്തനത്തിനു ശേഷം ഇനി സ്വര്‍ഗപ്രവേശത്തിന് ഇയാള്‍ക്ക് മറ്റൊരു കര്‍മം ആവശ്യമില്ല.'
നബി(സ)യുടെ അന്വേഷണം, അയാളുടെ സന്നദ്ധത, ദൗത്യനിര്‍വഹണം കഴിഞ്ഞു വന്ന അയാള്‍ക്ക് തന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കാന്‍ അവസരം നല്‍കിയത്, സ്വഹാബിമാരുടെ നിറഞ്ഞ സദസ്സില്‍ വെച്ച് അയാള്‍ക്ക് നബി നല്‍കിയ അംഗീകാരം- ഇങ്ങനെ നിരവധി പാഠങ്ങള്‍ ഈ സംഭവത്തില്‍ അടങ്ങിയിട്ടുണ്ട്.

ശീലവും സംസ്‌കാരവും

അറബ് സമൂഹം ഈ സംസ്‌കാരം ഉള്‍ക്കൊണ്ടവരാണ്. ഒരു സേവനമോ ഉപകാരമോ ആര് ചെയ്തു കൊടുത്താലും 'ജസാകല്ലാഹു ഖൈറന്‍' (അല്ലാഹു താങ്കള്‍ക്ക് ഉത്തമ പ്രതിഫലം നല്‍കട്ടെ), 'ബാറകല്ലാഹു ഫീക്' (അല്ലാഹു നിന്നെ ആശീര്‍വദിക്കട്ടെ), 'ശുക്‌റന്‍' (നിങ്ങള്‍ക്കു നന്ദി) എന്നും, നിങ്ങളുടെ അധ്വാനവും പരിശ്രമവും അങ്ങേയറ്റം വിലമതിച്ചുകൊണ്ട് 'അല്ലാഹു യുഅ്ത്വീകല്‍ ആഫിയ' (അല്ലാഹു നിങ്ങള്‍ക്ക് സൗഖ്യം നല്‍കട്ടെ), 'അല്ലാഹു യര്‍ഹം വാലിദയ്ക്' (അല്ലാഹു നിങ്ങളുടെ മാതാപിതാക്കളെ അനുഗ്രഹിക്കട്ടെ, അവര്‍ക്ക് കരുണ ചെയ്യട്ടെ) എന്നെല്ലാം പ്രാര്‍ഥനാപൂര്‍വം പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്യുമ്പോള്‍ ഏത് ഹൃദയമാണ് കുളിരണിയാത്തത്! കൂടുതല്‍ മെച്ചപ്പെട്ട സേവനം ചെയ്യാന്‍ പ്രചോദനം നല്‍കുകയില്ലേ ഈ വാക്കുകള്‍? പ്രസ്ഥാന നായകന്‍ ഇത് പറയുമ്പോള്‍ അനുയായികളെ അത് പ്രചോദിപ്പിക്കില്ലേ?
അബൂബക്‌റി(റ)ന്റെ കരളില്‍ കുളിര് കോരിയിട്ടു നബി(സ)യുടെ പ്രശംസാ വചനങ്ങള്‍: 'എന്റെ സമുദായത്തില്‍ ഒരു ഖലീലിനെ (ആത്മമിത്രത്തെ) ഞാന്‍ വരിക്കുമായിരുന്നെങ്കില്‍ അത് അബൂബക്ര്‍ ആയേനെ! എന്നാല്‍ ഇസ്‌ലാമിക സാഹോദര്യവും സ്‌നേഹവുമാണ് ഞങ്ങള്‍ തമ്മില്‍. അല്ലാഹുവിനെ കണ്ടുമുട്ടുന്നതുവരെ. പള്ളിയിലേക്കുള്ള എല്ലാ വാതിലുകളും അടച്ചുപൂട്ടുക, അബൂബക്‌റിന്റെ വാതില്‍ ഒഴികെ.'
അബൂഹുറയ്‌റ (റ): നബി (സ) പറഞ്ഞു: 'എനിക്ക് ഉപകാരം ചെയ്തവര്‍ക്കെല്ലാം പ്രത്യുപകാരം ചെയ്യാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ അബൂബക്ര്‍! അദ്ദേഹം എനിക്ക് ചെയ്ത സേവനങ്ങള്‍ക്ക് പ്രത്യുപകാരം ചെയ്യാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. അത് അല്ലാഹു അര്‍ഹമായവിധം നല്‍കിക്കൊള്ളും. അബൂബക്‌റിന്റെ സമ്പത്ത് എനിക്ക് ഉപകാരപ്പെട്ടതുപോലെ മറ്റൊരു സമ്പത്തും എനിക്ക് ഉപകാരപ്പെട്ടിട്ടില്ല.'
ഉമറി(റ)നെ പ്രശംസിച്ചുകൊണ്ട് ഒരിക്കല്‍ നബി (സ): 'ഉബ്‌നുല്‍ ഖത്ത്വാബ്! അല്ലാഹുവാണ, നിങ്ങള്‍ ഒരു വഴിയിലൂടെ പ്രവേശിച്ചാല്‍ നിങ്ങളെ ഭയപ്പെട്ട് പിശാച് ആ വഴി മാറിപ്പോകും.'
ഉസ്മാ(റ)നെക്കുറിച്ച് നബി (സ): 'മലക്കുകള്‍ പോലും ലജ്ജാപൂര്‍വം നിരീക്ഷിക്കുന്ന ഒരു വ്യക്തിയുടെ കാര്യത്തില്‍ എനിക്കും ലജ്ജ തോന്നേണ്ടതില്ലേ?' ഉസ്മാന്റെ ലജ്ജാശീലത്തെയും ജീവിത വിശുദ്ധിയെയും പ്രകീര്‍ത്തിക്കുകയായിരുന്നു നബി (സ).
അലി(റ)യെ പ്രചോദിപ്പിച്ചും അനുമോദിച്ചും നബി (സ): 'നാളെ ഞാന്‍ യുദ്ധപതാക ഏല്‍പിക്കാന്‍ പോകുന്നത് അല്ലാഹുവും റസൂലും സ്‌നേഹിക്കുന്ന ഒരു വ്യക്തിക്കാണ്. അദ്ദേഹം മുഖേന അല്ലാഹു നമുക്ക് വിജയം നല്‍കും.'
സഅ്ദുബ്‌നു അബീവഖാസി(റ)നോട് നബി: 'എന്റെ പിതാവിനെയും മാതാവിനെയും പകരം തരാം, സഅ്ദ്, താങ്കള്‍ അമ്പെയ്യൂ. കരുത്തനായ യുവാവേ അമ്പെയ്യൂ.'
മുആദുബ്‌നു ജബലി(റ)നോട് നബി (സ): 'അല്ലാഹുവാണ, ഞാന്‍ താങ്കളെ ഇഷ്ടപ്പെടുന്നു മുആദേ!'
ഖാലിദുബ്‌നു വലീദി(റ)നോട്: 'ഖാലിദ് നിങ്ങള്‍ അല്ലാഹുവിന്റെ ദാസന്‍, അനുഗൃഹീതന്‍! ഖാലിദ് അല്ലാഹുവിന്റെ ഖഡ്ഗങ്ങളില്‍ ഒരു ഖഡ്ഗമാണ്.'
ഇബ്‌നു അബ്ബാസ് (റ): 'അശജ്ജ് അബ്ദില്‍ ഖൈസിനെ അഭിനന്ദിച്ച് നബി പറഞ്ഞു: 'അല്ലാഹു ഇഷ്ടപ്പെടുന്ന രണ്ട് വിശിഷ്ട ഗുണങ്ങളുണ്ട് താങ്കളില്‍. വിവേകവും അവധാനതയും.'
അനുയായികളെ അനുമോദന വചസ്സുകള്‍ കൊണ്ട് മനം കുളിര്‍പ്പിച്ച റസൂല്‍, കുടുംബത്തോടും ഇതേ രീതി സ്വീകരിച്ചു. പരിചാരകര്‍ക്കും നബിയെക്കുറിച്ച് അതേ ഓര്‍ക്കാനുള്ളൂ.
പത്‌നി ഖദീജ(റ)യോടുള്ള സ്‌നേഹവായ്പ് അഭിനന്ദനരൂപേണ പ്രകടിപ്പിച്ചതിങ്ങനെ: 'അവരോടുള്ള സ്‌നേഹം എനിക്ക് അല്ലാഹു നല്‍കിയ വരപ്രസാദമാണ്.'
അംറുബ്‌നുല്‍ ആസ്വ് (റ) ഒരിക്കല്‍ നബി(സ)യോട്: 'റസൂലേ, അങ്ങേക്ക് ഈ ജീവിതത്തില്‍ ആരോടാണ് ഏറെ സ്‌നേഹം?' നബി (സ): 'സംശയമെന്ത്? ആഇശയോട്.' 'പിന്നെയോ?' 'അവരുടെ പിതാവ് അബൂബക്‌റിനോട്.'
ഭരണാധികാരിയായാലും സംഘടനാ നേതാവായാലും സ്ഥാപന മേധാവിയായാലും ഗൃഹനാഥനായാലും, തന്റെ കീഴിലുള്ളവരോട് നന്ദിയുടെയും അനുമോദനത്തിന്റെയും പ്രശംസയുടെയും ഒരു വാക്ക് ഉച്ചരിച്ചാല്‍ ആ വാക്ക് അവരെ എത്രമാത്രം പുളകം കൊള്ളിക്കും! നല്ല വാക്കും അഭിനന്ദനവും കേള്‍ക്കാന്‍ കൊതിക്കാത്തവരായി ആരുണ്ട് ലോകത്ത്?
കാര്യക്ഷമമായ നേതൃത്വവും ഫലപ്രദമായ ആശയവിനിമയവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. തന്റെ ആശയം സ്ഫുടമായും ഋജുവായും വ്യക്തതയോടെയും വിനിമയം ചെയ്യാന്‍ നേതാവിന് കഴിയണം. തനിക്ക് അതിനു കഴിയില്ലെന്ന് ബോധ്യമായതുകൊണ്ടാണല്ലോ മൂസാ നബി (അ) ആശയവിനിമയത്തിന് പ്രാപ്തിയും വാചാലതയും സാമര്‍ഥ്യവും ഉള്ള സഹോദരന്‍ ഹാറൂനെ തന്നോടൊപ്പം പ്രവാചകനാക്കാന്‍ അല്ലാഹുവിനോട് അഭ്യര്‍ഥിച്ചത്. തന്നോട് സംസാരിക്കുന്നവരെ നേതാവ് സശ്രദ്ധം ശ്രവിക്കണം. ഒരു നല്ല ശ്രോതാവുക എന്ന തത്ത്വം അക്ഷരാര്‍ഥത്തില്‍ പ്രാവര്‍ത്തികമാക്കി റസൂല്‍. ഖുറൈശികളെ പ്രതിനിധാനം ചെയ്ത് ചര്‍ച്ചക്കെത്തിയ മുശ്‌രിക് നേതാവ് ഉത്ബതുബ്‌നു റബീഅ തനിക്ക് പറയാനുള്ളതെല്ലാം ദീര്‍ഘ സമയമെടുത്ത് പറഞ്ഞുതീര്‍ത്തു. ഒരു ഇടപെടലും നടത്താതെ നബി (സ) അവയെല്ലാം ശ്രവിച്ചുകഴിഞ്ഞ്, അയാള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട പേരില്‍ അയാളെ വിളിച്ചു സംസാരം തുടങ്ങി: 'എല്ലാം പറഞ്ഞുകഴിഞ്ഞോ അബൂവലീദ്? ഇനി എനിക്ക് പറയാനുള്ളത് നിങ്ങള്‍ കേള്‍ക്കുക.'
മികച്ച നേതാവിനുണ്ടാകേണ്ട ഗുണം സ്വന്തത്തെ തിരിച്ചറിയുക എന്നതാണ്. സ്വന്തം കഴിവും കഴിവുകേടും മനസ്സിലാക്കി വേണം  അയാള്‍ മറ്റുള്ളവരുമായി ഇടപെടേണ്ടത്.
പഠന ഔത്സുക്യമാണ് നേതാവിന് വേണ്ട മറ്റൊരു ഗുണം. കാലത്തോടും ലോകത്തോടുമൊപ്പം വളരാന്‍ അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുന്ന, താന്‍ വ്യാപരിക്കുന്ന മേഖലയില്‍ ആവശ്യമായ വിജ്ഞാനം ആര്‍ജിക്കാനുള്ള അടങ്ങാത്ത തൃഷ്ണയാണത്. എന്നും പുതിയത് കേള്‍ക്കാനും ഉള്‍ക്കൊള്ളാനും തുടിച്ചുകൊണ്ടിരിക്കുന്നതാണ് മനുഷ്യ മനസ്സ്. പഠനം, അനുഭവം, അധ്വാനം എന്നിവയിലൂടെ ആര്‍ജിക്കുന്നതാണ് വിജ്ഞാനം.
സാഹചര്യങ്ങളെ നേരിടാനുള്ള കരുത്തും ധീരതയും പ്രധാനമാണ്. അപരിചിതവും ഭയാനകവുമായ ശബ്ദം കേട്ട ദിക്കിലേക്ക് ആദ്യം കുതിച്ചെത്തുന്ന വ്യക്തി നബി (സ) ആയിരിക്കുമെന്ന് സ്വഹാബിമാര്‍ ഓര്‍ക്കുന്നു. 'ഉറക്കത്തില്‍ കാണുന്നതല്ല സ്വപ്നം, നിങ്ങളെ  ഉറങ്ങാന്‍ അനുവദിക്കാത്തതാണ് സ്വപ്നം' എന്ന് അബ്ദുല്‍ കലാം പറഞ്ഞല്ലോ. താന്‍ നിര്‍മിക്കാന്‍ പോകുന്ന നവലോകത്തെ കിനാവ് കാണുന്ന മിഷനറിയാവണം നേതാവ്. ത്വാലൂത്തിനെ ഇസ്രാഈല്യര്‍ക്ക് നേതാവായി വാഴിക്കുമ്പോള്‍, അദ്ദേഹത്തിനുള്ള സവിശേഷ ഗുണമായി ഖുര്‍ആന്‍ എണ്ണിയത് 'വിപുലമായ അറിവും ശക്തിയും' ആണ്. വിജ്ഞാനവും, ശാരീരികവും ധിഷണാപരവുമായ കരുത്തുമാണ് അദ്ദേഹത്തെ അല്ലാഹു നേതാവാക്കി വാഴിക്കാന്‍ കാരണം. ആത്മവിശ്വാസവും ഇഛാശക്തിയും സര്‍വ പ്രധാനമാണ്. ഭാവിയെ കുറിച്ച ശുഭപ്രതീക്ഷ വേണം. മരണത്തെ മുന്നില്‍ കണ്ട നിമിഷത്തില്‍ പോലും കിസ്‌റാ-കൈസര്‍മാരുടെ ഖജനാവുകളും അധികാര ദണ്ഡും തങ്ങളെ പിടിക്കാന്‍ വന്ന സുറാഖതുബ്‌നു മാലികിന് നല്‍കുമെന്ന് വാഗ്ദാനം ചെയ്യാന്‍ കരുത്തുള്ളതായിരുന്നു നബിയുടെ ആത്മവിശ്വാസവും ഇഛാശക്തിയും. ഉത്തരവാദിത്വബോധമാണ് മറ്റൊന്ന്. ബഗ്ദാദിലെ തെരുവില്‍ കഴുത കാല്‍ തെന്നി വീണാല്‍ ആ വീഴ്ചക്കു പോലും അല്ലാഹുവിനോട് ഉത്തരം ബോധിപ്പിക്കേണ്ടിവരുമെന്ന ബോധമാണ് ഉമറിനെ ഒരു മികച്ച നേതാവും ഭരണാധികാരിയുമാക്കിയത്. സ്വകാര്യ ജീവിതത്തിലും പൊതു ജീവിതത്തിലും 'സുതാര്യത' കാത്തുസൂക്ഷിക്കാന്‍ കഴിയുന്നവനാണ് നല്ല നേതാവ്. 'അസമയത്ത് തന്നെ തിരക്കി വന്നത് ഭാര്യ സ്വഫിയ്യയായിരുന്നു' എന്ന് വ്യക്തമാക്കി അനുയായികളില്‍ ആരുടെയെങ്കിലും മനസ്സില്‍ ഉണ്ടായേക്കാവുന്ന സംശയം അകറ്റുന്നതില്‍ അപാകത കാണാത്ത നേതാവായിരുന്നു നബി (സ). അങ്ങനെ വേണം നല്ല നേതാവ്. 

 

റഫറന്‍സ്:
ഡോ. യൂസുഫുല്‍ ഖറദാവി - അസ്സ്വഹ്‌വത്തുല്‍ ഇസ്‌ലാമിയ്യ മിനല്‍ മുറാഹഖതി ഇലര്‍റുശ്ദ് 
Stephen R. Covey þ Principle Centered Leadership
മുഹമ്മദുല്‍ ഗസ്സാലി - ഫിഖ്ഹുസ്സീറ
മുഹമ്മദ് അഹ്മദ് റാശിദ് - സ്വിനാഅത്തുല്‍ ഹയാത്ത്
സയ്യിദ് ഖുത്വ്ബ് - ഫീ ളിലാലില്‍ ഖുര്‍ആന്‍

Comments