Prabodhanm Weekly

Pages

Search

2021 ജൂണ്‍ 18

3206

1442 ദുല്‍ഖഅദ്‌ 07

'അവസാനത്തെ അത്താഴം'

ജി.കെ എടത്തനാട്ടുകര

ശാന്തപുരത്തേക്ക് മാറിത്താമസിക്കുന്നതിനു തൊട്ടു മുമ്പുള്ള, തറവാട്ടിലെ അവസാനത്തെ ദിവസം ഒരു വല്ലാത്ത ദിവസമായിരുന്നു. ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും ഇത് ഇവിടെ നിന്നു കൊണ്ടുള്ള അവസാനത്തേതാണല്ലോ എന്ന ചിന്ത മനസ്സിനെ വേട്ടയാടിക്കൊണ്ടേയിരുന്നു. രാത്രി ഭക്ഷണം കഴിക്കുമ്പോള്‍ ഇത് തറവാട്ടിലിരുന്നുകൊണ്ടുള്ള 'അവസാനത്തെ അത്താഴ'മാണല്ലോ എന്ന ചിന്ത മനസ്സില്‍  വിങ്ങലുണ്ടാക്കി. ഉറങ്ങാന്‍ കിടന്നപ്പോള്‍ ഇത് ഇവിടെയുള്ള അവസാനത്തെ അന്തിയുറക്കമാണല്ലോ എന്ന ചിന്തയിലേക്ക് പോയി. ക്രമേണ കഴിഞ്ഞകാല ഓര്‍മകള്‍ ഓരോന്നോരോന്നായി താളം തെറ്റി കടന്നുവന്നു.
എത്രയെത്ര ഒത്തുകൂടലുകള്‍ നടന്നതാണിവിടെ! വ്യത്യസ്ത ആഘോഷങ്ങളോടനുബന്ധിച്ചും മറ്റും മിക്കവാറും എല്ലാവരും ഒരുമിച്ചുകൂടാറുണ്ട്; കളികളും തമാശകളുമായി. അയല്‍വീടുകളിലെ സുഹൃത്തുക്കളെകൂട്ടിയുള്ള എന്തെല്ലാം കളികള്‍ക്കാണ് തറവാട്ടുമുറ്റം സാക്ഷ്യം വഹിച്ചിട്ടുള്ളത്. ഗോട്ടി കളി, അണ്ടിക്കളി, കുട്ടിയും കോലും കളി, കക്ക് കളി, തലമ്മ പന്ത് കളി, കബഡി അങ്ങനെ പലതും. കടലാസു കൊണ്ട് കെട്ടിയുണ്ടാക്കിയ പന്ത് കൊണ്ടുള്ള 'ഫുട്‌ബോള്‍ ടൂര്‍ണമെന്റ്' വരെ അവിടെ നടന്നിരുന്നു.  സഹോദരിമാരുടെയും സഹോദരന്മാരുടെയുമൊക്കെ വിവാഹങ്ങള്‍ നടന്നത് ഈ തറവാട്ടുമുറ്റത്തു വച്ചാണ്. അഛന്റെ ശവസംസ്‌കാരച്ചടങ്ങ് നടന്നതും ഇവിടെ വെച്ചായിരുന്നു. കുരുമുളകും ഇഞ്ചിയും കപ്പയുമൊക്കെ അതത് സീസണില്‍ ഉണക്കിയെടുത്തിരുന്നത് ഈ മുറ്റത്താണ്.
അഛനും അമ്മയും കഠിനാധ്വാനികളായിരുന്നു. അതുകൊണ്ടുതന്നെ ഓരോ സീസണിലും പറ്റുന്ന കൃഷി നടത്തിയിരുന്നു. ഇഞ്ചി കൃഷിയും കപ്പ കൃഷിയും പ്രധാനമായിരുന്നു. കപ്പ വെട്ടി ഉണക്കി ചാക്കിലാക്കി സൂക്ഷിക്കുമായിരുന്നു. 'പഞ്ഞ മാസ'ത്തെ (കര്‍ക്കടകം) പ്രാതല്‍ മിക്കവാറും ഉണക്ക കപ്പ പുഴുങ്ങിയതായിരിക്കും. തേങ്ങ ചുരണ്ടിയിട്ട് തയാറാക്കുന്ന ഉണക്ക കപ്പ പുഴുങ്ങിയതിന്റെ രസം ഇന്നും 'രസ'മായി നാവിന്‍തുമ്പിലുണ്ട്.
ഇഞ്ചി പച്ചയായും വരണ്ടി ഉണക്കി ചുക്കാക്കിയും വില്‍ക്കാറുണ്ട്. ഇഞ്ചി കൃഷിയുടെ കൂടെ ചേമ്പ്, പാല്‍ ചേമ്പ്, ചേന, കാവത്ത്, കൂര്‍ക്കിള്‍ തുടങ്ങിയവയും കൃഷി ചെയ്തിരുന്നു. കൂട്ടത്തില്‍ പയറ്, വെണ്ട, വെള്ളരി, മത്തന്‍, കുമ്പളങ്ങ, കയ്പ്പങ്ങ, ചിരങ്ങ, ചീര ഇങ്ങനെ പലതും. ഒരു ഘട്ടത്തില്‍ തിനയും കൃഷി ചെയ്തിരുന്നു. 'പള്ള്യേലി'ല്‍ നെല്‍കൃഷി വരെ നടത്തിയ കാലം ഉണ്ടായിട്ടുണ്ട്. 'മോടന്‍' എന്നാണതിനു പറയാറ്.
നെല്ലുകൊണ്ട് അവില്‍ ഇടിക്കുന്ന ദിവസം നല്ല രസമാണ്. വെള്ളത്തിലിട്ട നെല്ല് 'ഓട്ടക്കല'ത്തില്‍ വറുത്ത്, ഉരലിലിട്ട് ഉലക്ക കൊണ്ട് ഇടിച്ചാണ് അവില്‍ ഉണ്ടാക്കുക. അമ്മ നെല്ല് വറുക്കും. സഹോദരിമാര്‍ മാറിമാറി ഇടിക്കും. അത് ഇടിക്കുമ്പോള്‍ ഉണ്ടാവുന്ന ഒരു മണമുണ്ട്. വിഷാംശങ്ങളില്ലാത്ത ശുദ്ധമായ നെല്ല് ചൂടാവുമ്പോഴുണ്ടാകുന്ന മണം. അവിലിടിക്കുന്ന ആ കാഴ്ച ഇന്നും മങ്ങലേല്‍ക്കാതെ മനസ്സിലുണ്ട്.
അരി വറുത്തതും ചുരണ്ടിയ തേങ്ങയും കട്ടന്‍ ചായയിലിട്ട് കുടിക്കുന്നതും വല്ലാത്ത രസമാണ്. 'നെല്ല് കുത്തിയ അരി'യിട്ടു വെച്ച കഞ്ഞിയില്‍ തേങ്ങ ചുരണ്ടിയിട്ട് കുടിക്കുന്നതും ഓര്‍മയായിപ്പോയ രസങ്ങളിലുണ്ട്. പഴുത്ത പ്ലാവില ഈര്‍ക്കിള്‍ കൊണ്ട് കുത്തിയുണ്ടാക്കിയ 'കൈല്' കൊണ്ടാണ് കഞ്ഞി കുടിക്കുക. കശുവണ്ടി സീസണ്‍ വന്നാല്‍, കശുവണ്ടി പെറുക്കി 'നടുവൊടിഞ്ഞ' ദിവസങ്ങള്‍ വരെ ഉണ്ടാവാറുണ്ട്. 'വളപ്പി'ലും 'തൊടി'യിലുമായി ധാരാളം കശുമാവുകളുണ്ടായിരുന്നു. 'പറങ്കിമൂച്ചി' എന്നാണതിന് നാട്ടില്‍ പറയുക.
അഛനോ അമ്മയോ വ്യാഴാഴ്ച ദിവസങ്ങളില്‍ അലനല്ലൂര്‍ ചന്തയില്‍ കൊണ്ടുപോയാണ് അണ്ടി വില്‍ക്കാറുള്ളത്. ചിലപ്പോള്‍ കൂടെ പോകാന്‍ അവസരം കിട്ടും. ചന്തയില്‍നിന്നാണ് മിക്കവാറും സാധനങ്ങള്‍ വാങ്ങാറുള്ളത്. പ്ലാസ്റ്റിക് കവറുകളുടെ അകമ്പടിയില്ലാത്ത ആ 'ഷോപ്പിംഗ്' വല്ലാത്ത രസമുള്ള ഓര്‍മയാണ്.
കശുവണ്ടിയുടെ സീസണ്‍ കഴിയാറാവുമ്പോള്‍, 'അണ്ടി വറുക്കുന്ന ദിവസം' വരവായി. കടകളില്‍ അണ്ടി എടുക്കല്‍ നിര്‍ത്തിയാല്‍ പിന്നീടുണ്ടാവുന്ന അണ്ടിയാണ് വറുക്കുന്നത്. ഓട്ടക്കലത്തിലാണ് വറുക്കുക. അത് വറുക്കുമ്പോഴുണ്ടാകുന്ന മണവും അന്യം നിന്നുപോയ നല്ല മണങ്ങളില്‍ പെട്ടതാണ്.
വറുത്തെടുത്ത അണ്ടി എല്ലാവരും വട്ടത്തിലിരുന്ന് മുട്ടി പൊളിച്ച് പരിപ്പെടുക്കും. കൂട്ടി വെച്ച അണ്ടിപ്പരിപ്പ് അമ്മ തുല്യമായി വീതിക്കും. ഇങ്ങനെ എത്രയെത്ര ഹൃദ്യമായ കൂടിയിരിക്കലുകള്‍ കഴിഞ്ഞുപോയി.
ചക്കയും മാങ്ങയും തേങ്ങയുമൊക്കെ സുലഭമായൊരു കാലം. ആ മുറ്റത്ത് അയല്‍വാസികളും സുഹൃത്തുക്കളുമൊക്കെയായി ഒന്നിച്ചിരുന്ന് എത്രയെത്ര ചക്കയും മാങ്ങയും പങ്കു വെച്ച് കഴിച്ചിട്ടുണ്ട്.  മുറ്റത്തോട് ചേര്‍ന്ന് പന്തലിച്ചു നിന്നിരുന്ന പുളിമരം കുറേക്കാലം  തണലായി, കുളിരായി നിന്നിരുന്നു. മുഴുപ്പെത്തിയിട്ടില്ലാത്ത ചെറിയ 'പുളിങ്ങ' ഉപ്പു കൂട്ടി തിന്നിരുന്നതോര്‍ക്കുമ്പോള്‍ ഇപ്പോഴും നാവില്‍ വെള്ളം വരും. ആ പുളിമര കൊമ്പില്‍ എത്രയോ കാലം ഊഞ്ഞാലാടി കളിച്ചിട്ടുണ്ട്. അതില്‍ പടര്‍ന്നു കയറിയ കോവക്ക വള്ളി, സീസണ്‍ വരുമ്പോള്‍ കൊട്ടക്കണക്കിന് കോവക്കയാണ് സമ്മാനിച്ചിരുന്നത്.
പുളിമരത്തിന്റെ തൊട്ടപ്പുറത്തായിരുന്നു അമ്പഴങ്ങ മരം. ഇളം പ്രായത്തില്‍ പറിച്ച അമ്പഴങ്ങ ഉപ്പിലിട്ടതും ചൂടുള്ള കഞ്ഞിയും എന്തൊരു രസമായിരുന്നു. അമ്പഴങ്ങയിട്ട് വച്ച ചക്കക്കുരു കറി കൂട്ടി ചോറ് തിന്നാല്‍ വയറ് നിറഞ്ഞാലും അറിയില്ല. മാങ്ങയുടെ സീസണായാല്‍ പലപ്പോഴും സുഹൃത്തുക്കളോടൊപ്പം മാവില്‍ കയറി മാങ്ങ പറിച്ച്, കഥകളും തമാശകളും പറഞ്ഞ് കഴിക്കുന്ന അനുഭൂതിക്ക് പകരമുണ്ടായിട്ടേയില്ല. മാങ്ങയുടെയും സൗഹൃദത്തിന്റെയും മധുരങ്ങള്‍ ചേരുമ്പോഴുണ്ടാകുന്ന 'അതിമധുര'മാണ് കാലത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോയത്. ചക്ക, മാങ്ങ, പുളി, അമ്പഴങ്ങ, കോവക്ക, കൈതച്ചക്ക പോലെയുള്ളവ അമ്മ അയല്‍വീടുകളിലേക്ക് കൊടുത്തയച്ചിരുന്നതും നല്ല ഓര്‍മയായി നില്‍ക്കുന്നുണ്ട്.
വെറുതെ ഓരോന്നോരോന്ന് ഓര്‍ത്താണ് അന്ന് കിടന്നത്. സാധാരണ കിടക്കാറുള്ള റൂമില്‍ തന്നെയാണ് അന്നും കിടന്നത്. ഇവിടെയുള്ള 'അവസാനത്തെ അന്തിയുറക്ക'മാണല്ലോ ഇത് എന്ന ചിന്ത വന്നപ്പോഴും ഒരു വിങ്ങല്‍ അനുഭവപ്പെട്ടു. നമസ്‌കരിക്കുന്ന സമയത്തും ഇവിടെ വെച്ചുള്ള അവസാനത്തെ നമസ്‌കാരമാണല്ലോ എന്ന ചിന്ത മനസ്സില്‍ കടന്നുകൂടി. ആരോരുമറിയാതെ ഒരുപാട് നമസ്‌കാരങ്ങള്‍ ഈ റൂമില്‍ വെച്ച് നിര്‍വഹിച്ചിട്ടുണ്ട്. ഒരുപാട് കരഞ്ഞ് പ്രാര്‍ഥിച്ചിട്ടുണ്ട്. ഇന്നത്തെ നമസ്‌കാരം ഇവിടെ എന്നന്നേക്കുമായി അവസാനത്തേതാണല്ലോ എന്നോര്‍ത്തുകൊണ്ട്, വിഷമത്തോടെയാണ് നമസ്‌കരിച്ചതും പ്രാര്‍ഥിച്ചതും.
ഓരോ നമസ്‌കാരവേളയിലും ഇത് അവസാനത്തേതാണ് എന്ന ബോധത്തോടെ നമസ്‌കരിക്കാന്‍ പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. 'മരണം മടിയിലിരിക്കുന്നു' എന്ന ബോധം എപ്പോഴും വേണമെന്നാണ് ആ പറഞ്ഞതിനര്‍ഥം.
പക്ഷേ, എത്ര ശ്രമിച്ചാലും അങ്ങനെ ഒരു ബോധത്തിലേക്ക് പൂര്‍ണമായി എത്താന്‍ കഴിയാറില്ല. കാരണം, അവസാനത്തേത് ആവാതിരിക്കാനുള്ള ഒരു 'സാധ്യത' നിലനില്‍ക്കുന്നുണ്ടല്ലോ. അങ്ങനെ ഒരു 'സാധ്യത' നിലനില്‍ക്കുന്നില്ലെങ്കിലാണ് ഇത് അവസാനത്തെ നമസ്‌കാരമാണല്ലോ എന്ന ബോധം ആത്മാവിനെ ശരിക്കും സ്പര്‍ശിക്കുക. അങ്ങനെ വരുമ്പോഴാണ് ശരിക്കും ഒരു 'വിടവാങ്ങല്‍ നമസ്‌കാരം' നിര്‍വഹിക്കാനാവുക എന്നാണ് തോന്നിയിട്ടുള്ളത്. ഒരര്‍ഥത്തില്‍, അങ്ങനെയുള്ള ഒരു 'വിടവാങ്ങല്‍ നമസ്‌കാര'മാണ് അന്ന് തറവാട്ടു വീടിന്റെ മുറിയില്‍ വെച്ച് നിര്‍വഹിച്ചത്. കാരണം, യഥാര്‍ഥത്തില്‍ തന്നെ അവിടെ വെച്ചുള്ള അവസാനത്തെ നമസ്‌കാരമായിരുന്നു അത്.
ഹൃദയബന്ധം സ്ഥാപിക്കപ്പെട്ട ഓരോന്നിന്റെയും 'അവസാനത്തേതി'നെക്കുറിച്ച ചിന്ത മുമ്പു മുതലേ  ഉണ്ടാവാറുണ്ട്. ഒന്നാം ക്ലാസ്സില്‍നിന്ന് അവസാനമായി ഇറങ്ങിപ്പോന്നത് എന്നായിരുന്നു? ഒന്നാം ക്ലാസ്സിലെ ക്ലാസ്സ് ടീച്ചറെ അവസാനം കണ്ടതെന്നാണ്? എല്‍.പി സ്‌കൂളില്‍നിന്ന് അവസാനമായി പടിയിറങ്ങിയതെന്നായിരുന്നു? ഇങ്ങനെ യു.പി സ്‌കൂള്‍, ഹൈസ് കൂള്‍, കോളേജ് ഇവിടെനിന്നൊക്കെ അവസാനം പോന്നതെന്നാണ് എന്നൊക്കെ വെറുതെ ചിന്തിക്കാറുണ്ട്. പ്രിയപ്പെട്ട സഹപാഠികളോട് അവസാനമായി വിടവാങ്ങിയതെന്നൊക്കെയായിരുന്നു?
സുഹൃത്തുക്കള്‍ക്കൊപ്പം അവസാനത്തെ കുട്ടിയും കോലും കളി എന്നായിരുന്നു? അവസാനം പന്ത് കളിച്ചത് എന്നാണ്? അവസാനമായി പുഴയില്‍ ചാടിക്കുളിച്ചത് എന്നായിരുന്നു? മുമ്പ് സൂചിപ്പിച്ച 'കിണര്‍ക്കടവി'ല്‍നിന്ന് അവസാനമായി കുളിച്ചത് എപ്പോഴാണ്?
ജീവിതത്തില്‍ ഇങ്ങനെ പലതും അവസാനത്തേതാണ്. അത് പക്ഷേ മനസ്സിലാവുക പിന്നീടാണെന്നു മാത്രം.
അമ്മയുടെ അമ്മ മരിച്ച വിവരം അറിഞ്ഞത് ഗള്‍ഫിലുള്ള സമയത്താണ്. അന്ന് രാത്രി ആരെയും അറിയിക്കാതെ ഓരോന്നോര്‍ത്ത് കരഞ്ഞപ്പോരഴും അമ്മമ്മയെ അവസാനമായി കണ്ടത് എന്നായിരുന്നു, അമ്മമ്മ അവസാനം പറഞ്ഞതെന്താണ് എന്നൊക്കെ വെറുതെ ഓര്‍ത്തുപോയി.
അഛന്‍ അവസാനമായി നേരിട്ട് പറഞ്ഞത് എന്തായിരുന്നു? നേരിട്ട് മുഖാമുഖം കണ്ടതെന്നാണ്? അഛനോടൊന്നിച്ചിരുന്ന് അവസാനമായി രാമായണ പാരായണം നടത്തിയതെന്നാണ്?    
കുട്ടിക്കാലത്ത്, മിക്ക ദിവസങ്ങളിലും അഛന്‍ ജോലി കഴിഞ്ഞ് വന്നാല്‍, ഭക്ഷണം കഴിച്ചതിനു ശേഷം രാമായണ പാരായണം നടന്നിരുന്നു. ചെറിയ ജ്യേഷ്ഠന്‍ പാരായണം നടത്തും. അഛന്‍ കഥ പറയും. അത് കേട്ടിരിക്കാന്‍ നല്ല രസമായിരുന്നു.
ഇങ്ങനെ ഹൃദയബന്ധം സ്ഥാപിക്കപ്പെട്ട ഓരോ കാര്യത്തിലും അത് അവസാനമായി നടന്നത് സംബന്ധിച്ച്  ചിന്തിക്കാറുണ്ടെങ്കിലും ഉത്തരം കിട്ടാറില്ല. കാരണം, ഒന്നിനെയും സമീപിക്കുന്നത് ഇത് അവസാനത്തേതാണ് എന്ന പൂര്‍ണ ബോധത്തോടെയല്ല എന്നതാണ്.
അമ്മയുടെ കൂടെയിരുന്ന് അവസാനമായി ഭക്ഷണം കഴിച്ചതെന്നായിരുന്നു? അവസാനമായി അമ്മ മുഖത്തേക്ക് നോക്കി പറഞ്ഞത് എന്തായിരുന്നു? 'ഞാന്‍ പോവാണ്' എന്ന് അക്ഷരസ്ഫുടതയില്ലാതെ അമ്മ പറഞ്ഞത് ഓര്‍ക്കുന്നുണ്ട്. മരണാസന്നയായ സമയത്താണത് പറഞ്ഞത്. മരിക്കാന്‍ പോകുന്നു എന്ന അര്‍ഥത്തിലാണോ, അതോ വാര്‍ധക്യസഹജമായ താളം തെറ്റിയ ചിന്തകൊണ്ട് വന്ന വര്‍ത്തമാനമാണോ എന്നറിയില്ല. പിന്നെ പലപ്പോഴും അവ്യക്തമായി പറഞ്ഞുകൊണ്ടിരുന്നത് 'അല്‍ഹംദു ലില്ലാഹ്', 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നൊക്കെയാണ്.
എന്തായാലും, അന്ത്യമൊഴികള്‍ ഇങ്ങനെ ആവുന്നതൊരു മഹാഭാഗ്യമാണല്ലോ. 'കലിമ ചൊല്ലി മരിക്കുക' എന്ന ആഗ്രഹം എപ്പോഴും മനസ്സിലുണ്ട്; പ്രാര്‍ഥനയും.
യഥാര്‍ഥത്തില്‍, ജീവിതയാത്രയിലെ ഓരോ നിമിഷവും അവസാനത്തേതാണ്. ഓരോ മിനിറ്റും ഓരോ മണിക്കൂറും അവസാനത്തേതാണ്. ഓരോ ദിവസവും ഓരോ വര്‍ഷവും അവസാനത്തേതാണ്.
അതിനിടയിലെ ചില കണ്ടുമുട്ടലുകളും വേര്‍പിരിയലുകളും അവസാനത്തേതാവാം. ഈ സാധ്യതയെക്കൂടി കണക്കിലെടുത്തിട്ടു വേണം ഒരു വിശ്വാസി ജീവിതത്തെ ചിട്ടപ്പെടുത്താന്‍.
ഒരു വിശ്വാസിക്ക് ഈലോക ജീവിതം ലക്ഷ്യമല്ല; മാര്‍ഗമാണ്. ലക്ഷ്യം സ്വര്‍ഗമാണ്. ഈലോക ജീവിതത്തെക്കുറിച്ച് പ്രവാചകന്‍ ഒരിക്കല്‍ പറഞ്ഞത്, 'ഒരു യാത്രക്കാരന്‍ മരത്തിന്റെ ചുവട്ടിലിരുന്ന് വിശ്രമിച്ച് സ്ഥലം വിടുന്നതുപോലെ മാത്രമാണ് ഞാനും ഈ ലോകവും' എന്നാണ്.
'അമ്പിന് ലക്ഷ്യത്തിലെത്താന്‍ വില്ലിനോട് വിട പറയണം' എന്നൊരു മഹദ് വചനമുണ്ട്. ഐഹിക ജീവിതമാകുന്ന വില്ലിനോടുള്ള വിടപറയലാണ് മരണം. പരലോകത്തേക്കുള്ള ഒരു 'എന്‍ട്രന്‍സ്' ആണത്. അവിടെ ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തണമെങ്കില്‍ മാര്‍ഗം തെറ്റാതെ  ജീവിക്കണം. മനുഷ്യപ്രകൃതമനുസരിച്ച് ലക്ഷ്യം തെറ്റാനുള്ള സാധ്യത എപ്പോഴുമുണ്ട്. അത് എളുപ്പത്തില്‍ മനസ്സിലാക്കാന്‍, ലോകപ്രശസ്തനായ ഒരു ഓട്ടക്കാരന്റെ വീട്ടില്‍ കള്ളന്‍ കയറിയ കഥ പറയാറുണ്ട്.    
കള്ളന്റെ കാല്‍പെരുമാറ്റം കേട്ട ഓട്ടക്കാരന്‍ ഞെട്ടി ഉണര്‍ന്നു. ഇതറിഞ്ഞ കള്ളന്‍ പുറത്തിറങ്ങി ഓടി. 'കള്ളനെ പിടിക്കുക' എന്ന ലക്ഷ്യത്തോടെ ഓട്ടക്കാരന്‍ കള്ളന്റെ പിറകെ ഓടി. അങ്ങനെ കള്ളന്‍ മുമ്പിലും ഓട്ടക്കാരന്‍ പിന്നിലുമായി ഓടിക്കൊണ്ടിരിക്കെ, ഓട്ടക്കാരന്റെ മനസ്സില്‍ ഒരു ചിന്ത മുള പൊട്ടി; 'ഞാന്‍ ലോകപ്രശസ്തനായ  ഓട്ടക്കാരനാണ്. എന്റെ മുമ്പില്‍ ഇന്നേ വരെ ആരും ഇങ്ങനെ ഓടിയിട്ടില്ല. ഇങ്ങനെ വിട്ടാല്‍ പറ്റില്ല.' ഈ ചിന്ത വന്നതോടെ ഓട്ടക്കാരന്‍ സര്‍വശക്തിയും എടുത്ത് ഓടി. അങ്ങനെ കള്ളനെയും മറികടന്ന് ഓടി. കുറേ മുമ്പോട്ട് പോയപ്പോഴാണ് കള്ളനെ പിടിക്കേണ്ട കാര്യം ഓര്‍മയില്‍ വന്നത്. തിരിഞ്ഞു നോക്കിയപ്പോഴേക്കും കള്ളന്‍ രക്ഷപ്പെട്ടിരുന്നു.
തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ലക്ഷ്യം തെറ്റിയുള്ള നെട്ടോട്ടം മനുഷ്യനെ പരാജയപ്പെടുത്തും എന്നതിനുള്ള ഉദാഹരണമാണിത്. ലക്ഷ്യവും മാര്‍ഗവും എപ്പോഴും പച്ചയായി മനസ്സിലുണ്ടാവണം. വിശുദ്ധ ഖുര്‍ആന്‍ നിരന്തരമായി ഈ കാര്യം ഉണര്‍ത്തുന്നുണ്ട്. മാത്രമല്ല, പ്രവാചകന്‍ പഠിപ്പിച്ചതനുസരിച്ച് ഒരു വിശ്വാസി ഓരോ നമസ്‌കാരത്തിലും പല തവണ 'ഞങ്ങളെ നീ നേര്‍മാര്‍ഗത്തിലാക്കേണമേ' എന്ന് പ്രാര്‍ഥിക്കണം. വിശ്വാസികളെക്കൊണ്ട് എന്തിനാണിങ്ങനെ നിരന്തരമായി പറയിപ്പിക്കുന്നത് എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
അതിനു കിട്ടിയ ഉത്തരം, സന്മാര്‍ഗത്തിലെ 'മെമ്പര്‍ഷിപ്പ്' എന്നത് ഏതെങ്കിലും സ്ഥാപനാധികൃതരുടെ 'ഒപ്പും സീലും' ഉള്ള സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ ഉറപ്പിക്കാവുന്ന ഒന്നല്ല എന്നതാണ്. സന്മാര്‍ഗത്തില്‍ ജീവിച്ച പൂര്‍വികരുമായുള്ള ബന്ധവും അതിന് മതിയാവുകയില്ല. സ്വന്തം നിലക്ക് ജീവിച്ച് നിലനിര്‍ത്തിപ്പോരേണ്ട ഒന്നാണത്. വിശുദ്ധ ഖുര്‍ആനിലെ മൂന്നാം അധ്യായം നൂറ്റി രണ്ടാം വാക്യം ഇതിനാണ് അടിവരയിടുന്നത്:
''വിശ്വസിച്ചവരേ, നിങ്ങള്‍ ദൈവത്തെ യഥാവിധി സൂക്ഷിക്കുക. നിങ്ങള്‍ മുസ്ലിംകളായല്ലാതെ മരിക്കരുത്.'' മുസ്ലിം ആയിട്ടല്ലാതെ മരിക്കാനുള്ള സാധ്യത ഏതൊരു വിശ്വാസിയുടെയും കൂടെത്തന്നെയുണ്ട് എന്ന ഓര്‍മപ്പെടുത്തലാണിത്.
'മുസ്‌ലിം' എന്നത് ജന്മം കൊണ്ട് കിട്ടുന്ന ഒരു 'ജാതി പദവി' അല്ല എന്ന് ഇതില്‍നിന്നുതന്നെ വ്യക്തമാണല്ലോ. 'ദൈവത്തെ അനുസരിക്കുന്നവന്‍' എന്നാണതിനര്‍ഥം. ദൈവത്തെ അനുസരിക്കാത്തവര്‍ മുസ്ലിംകള്‍ ആവുകയില്ല.
ചില പാരമ്പര്യ സമുദായവാദികളോട് സംവദിക്കുമ്പോള്‍ ഇത് പറയുമ്പോളാണ് സമ്മതിക്കാറുള്ളത്. മൗലാനാ മൗദൂദിയുടെ 'ഇസ്‌ലാം' എന്ന പുസ്തകത്തില്‍ ആരാണ് മുസ്ലിം എന്ന കാര്യം പറയുന്നുണ്ട്. ഇസ്ലാം പഠനം ആരംഭിച്ച ആദ്യകാലത്ത് അത് അത്ഭുതത്തോടെയാണ് വായിച്ചത്. സാമുദായികതയോട് നേരത്തേയുള്ള വിയോജിപ്പായിരിക്കാം അത് കൂടുതല്‍ മനോഹരമായി തോന്നാന്‍ കാരണം. മാത്രമല്ല, ഒരു മനുഷ്യന്റെ പരലോക വിജയത്തിന്റെ അടിസ്ഥാനമായി അദ്ദേഹം പറഞ്ഞ കാര്യവും വല്ലാതെ ആകര്‍ഷണീയമായി തോന്നിയിട്ടുണ്ട്. സാധാരണ അഭിമുഖീകരിക്കാറുള്ള പല ചോദ്യങ്ങള്‍ക്കും മറുപടിയും ഇതില്‍നിന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഗാന്ധിജി, മദര്‍ തെരേസ പോലെയുള്ളവരൊക്കെ സ്വര്‍ഗത്തിലോ നരകത്തിലോ എന്ന സംശയം പലരും ചോദിക്കാറുണ്ട്.
അദ്ദേഹം പറഞ്ഞത്, 'ദൈവത്തിങ്കല്‍ പരിഗണനീയമായിട്ടുള്ളത് നിങ്ങളുടെ വര്‍ഗീയതയല്ല; സത്യവിശ്വാസവും സല്‍ക്കര്‍മവുമാണ്. ആ അമൂല്യ സമ്പത്തുമായി ദൈവസന്നിധിയില്‍ ഹാജരാവുന്ന ഏതൊരു മനുഷ്യനും അവങ്കല്‍നിന്ന് തക്ക പ്രതിഫലം ലഭിക്കും. ദൈവത്തിങ്കല്‍ തീരുമാനം മനുഷ്യന്റെ സ്വഭാവഗുണങ്ങള്‍ പരിഗണിച്ചായിരിക്കും; നിങ്ങളുടെ കാനേഷുമാരി രജിസ്റ്ററുകളുടെ അടിസ്ഥാനത്തിലല്ല' എന്നാണ്.  മാത്രമല്ല, ഖുര്‍ആന്‍ പറയുന്നതനുസരിച്ച് നരകത്തിന്റെ അടിത്തട്ടിലുള്ളവര്‍ 'മുനാഫിഖുകള്‍' അഥവാ കപട വിശ്വാസികള്‍ ആണല്ലോ. അവരാകട്ടെ മുസ്ലിം സമൂഹത്തിലുള്ളവരുമാണ്.
എന്തായാലും നീതിമാനായ ദൈവം സാമുദായികാടിസ്ഥാനത്തില്‍ സ്വര്‍ഗം നിശ്ചയിക്കുകയില്ലെന്നുറപ്പാണ്. അതേസമയം സ്വര്‍ഗത്തിലേക്കുള്ള മാര്‍ഗം നിശ്ചയിച്ചു തന്നിട്ടിണ്ട്. സ്വര്‍ഗം ലക്ഷ്യം വെച്ച് ആരാണോ ആ മാര്‍ഗത്തില്‍ ജീവിക്കുന്നത് അവര്‍ക്കുള്ളതാണ് സ്വര്‍ഗം. അത് ആര്‍ക്കൊക്കെ എന്ന് നിശ്ചയിക്കാനുള്ള പൂര്‍ണ അധികാരം ദൈവത്തിങ്കല്‍ നിക്ഷിപ്തമാണ്. ഈ കാര്യം ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇങ്ങനെ മനസ്സിലാക്കിയതോടെ, 'ഗാന്ധിജി, മദര്‍ തെരേസ പോലെയുള്ളവരൊക്കെ സ്വര്‍ഗത്തിലോ നരകത്തിലോ?' എന്ന ചോദ്യത്തിന് മറുപടി പറയുന്നതു തന്നെ അപ്രസക്തമായി തോന്നി. കാരണം, സ്രഷ്ടാവിന്റെ അധികാരത്തില്‍പെട്ട ഒരു കാര്യത്തില്‍ സൃഷ്ടികള്‍ വിധി പറയുന്നത് അര്‍ഥശൂന്യമാണ്.  എന്തായാലും, പരലോകജീവിതം ഒരു യാഥാര്‍ഥ്യമാണെന്ന് ഉറച്ച ബോധ്യമുള്ളവര്‍ക്ക് മാത്രമേ സത്യത്തിന്റെ മാര്‍ഗത്തില്‍ ജീവിക്കാന്‍ കഴിയൂ.
നേരേ ചൊവ്വേ ചിന്തിക്കുന്ന ഏതൊരാള്‍ക്കും മരിച്ചുകഴിഞ്ഞാലുള്ള ഒരു ജീവിതത്തിന്റെ ആവശ്യം ബോധ്യപ്പെടും. മനുഷ്യന്റെ സാമാന്യബുദ്ധിക്കിണങ്ങുന്ന ലളിതമായൊരു സത്യമാണത്. ഇത് പറയുമ്പോള്‍ ഓര്‍മ വരുന്നത് പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്ന ഡോ. കെ.കെ രാഹുലനുമായി വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഒരു ചര്‍ച്ചയാണ്. തൃശൂരിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായിരുന്നു ചര്‍ച്ച. പ്രിയ സുഹൃത്ത് നൗഷാദ് ബിന്‍ അലിയുമുണ്ടായിരുന്നു കൂടെ. പല വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കെ, മരണാനന്തരം എന്ത് എന്ന വിഷയവും കടന്നുവന്നു. അതു സംബന്ധിച്ച് വ്യക്തമായി അദ്ദേഹം ഒന്നും പറഞ്ഞില്ല. ആ ചര്‍ച്ചക്കിടയില്‍ ചില കാര്യങ്ങള്‍ വിശദീകരിച്ചു. 'ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതനും ചിന്തകനുമായ മൗലാനാ മൗദൂദി പറഞ്ഞ ഒരു ഉദാഹരണമുണ്ട്' എന്ന് ആമുഖം പറഞ്ഞാണ് വിഷയത്തിലേക്ക് കടന്നത്.
'വലിയ'മനുഷ്യരോട് 'ചെറിയ' മനുഷ്യര്‍ ചില കാര്യങ്ങള്‍ പറയുമ്പോള്‍, മഹാന്മാരുടെ ഉദ്ധരണികള്‍ക്കും ഉദാഹരണങ്ങള്‍ക്കും പ്രസക്തി കൂടുക സ്വാഭാവികമാണല്ലോ.
പറഞ്ഞ കാര്യങ്ങളെല്ലാം അദ്ദേഹം സശ്രദ്ധം കേട്ടു. പറഞ്ഞതിന്റെ ചുരുക്കം ഇതായിരുന്നു: 'ഖുര്‍ആന്‍ പറയുന്നതനുസരിച്ച് മനുഷ്യജീവിതത്തിന് പ്രധാനമായും മൂന്ന് ഘട്ടങ്ങളുണ്ട്. അതില്‍ ഒന്നാംഘട്ട ജീവിതം മറ്റൊരു രണ്ടാംഘട്ട ജീവിതത്തിലേക്കും രണ്ടാംഘട്ട ജീവിതം മറ്റൊരു മൂന്നാംഘട്ട ജീവിതത്തിലേക്കും വിരല്‍ ചൂണ്ടുന്നതായി കാണാം. അതില്‍ ഒന്നാംഘട്ട ജീവിതം പത്തുമാസത്തോളം ദൈര്‍ഘ്യമുള്ള ഗര്‍ഭാശയത്തിലുള്ള ജീവിതമാണ്. കര്‍മ ജീവിതത്തിന്റെ മുന്നോടിയായ കര്‍മരഹിത ജീവിതമാണവിടെ. രണ്ടാം ഘട്ടം അതിനേക്കാള്‍ ദൈര്‍ഘ്യമുള്ള ജനനാന്തര ജീവിതമാണ്. അത് കര്‍മ ജീവിതമാണ്. മൂന്നാം ഘട്ടം അനന്തമായ മരണാനന്തര ജീവിതമാണ്. അത് കര്‍മഫലം അനുഭവിക്കുന്ന ജീവിതമാണ്. ഓരോ ജീവിതഘട്ടത്തിലെയും ലക്ഷണങ്ങള്‍ ശേഷം വരാനിരിക്കുന്ന ജീവിത ഘട്ടത്തിലേക്ക് ന്യായങ്ങള്‍ തരുന്നതായി കാണാം. ഉദാഹരണത്തിന്, വെളിച്ചം കടക്കാത്ത ഗര്‍ഭാശയ ലോകത്തുവെച്ച് കുഞ്ഞിന് കണ്ണുകളുണ്ടാവുന്നത് കാണാന്‍ വേണ്ടിയാണല്ലോ. ഗര്‍ഭാശയത്തില്‍ പക്ഷേ, കാണാന്‍ കഴിയില്ല. അതിനര്‍ഥം കണ്ണുകള്‍ സൃഷ്ടിക്കപ്പെട്ടതിന്റെ ഉദ്ദേശ്യം പൂര്‍ത്തിയാവണമെങ്കില്‍ മറ്റൊരു ഘട്ടത്തിലേക്ക് വരണമെന്നല്ലേ?'
'അതേ.'
'കുഞ്ഞിന് കാലുകളുണ്ടാവുന്നത് നടക്കാന്‍ എന്ന ഉദ്ദേശ്യത്തോടെയാണ്. ഗര്‍ഭാശയത്തിലൂടെ പക്ഷേ നടക്കാനാവില്ല. അതുകൊണ്ടുതന്നെ കാലുകള്‍ സൃഷ്ടിക്കപ്പെട്ടതിന്റെ ഉദ്ദേശ്യം പൂര്‍ത്തിയാവണമെങ്കില്‍ നടക്കാന്‍ പറ്റുന്ന മറ്റൊരു ലോകത്ത് വരണം.
ഗര്‍ഭാശയത്തില്‍ രൂപപ്പെടുന്ന പൊക്കിള്‍ക്കൊടിയല്ലാത്ത, ഏതാണ്ട് എല്ലാ അവയവങ്ങളുടെയും സൃഷ്ടിപ്പിന്റെ ഉദ്ദേശ്യം പൂര്‍ത്തിയാവാന്‍ ഗര്‍ഭാശയ ലോകത്തു നിന്ന് പുറത്തുവരണം എന്നര്‍ഥം.
ഇങ്ങനെ, ഗര്‍ഭാശയത്തില്‍ വെച്ചുണ്ടാകുന്ന ഓരോ അവയവവും ഒരു പുതിയ ലോകത്തെ തേടുന്നുണ്ടല്ലോ.
ഒന്നാംഘട്ട ജീവിതത്തില്‍ തന്നെ രണ്ടാംഘട്ട ജീവിതത്തിനുള്ള ന്യായങ്ങളും തെളിവുകളുമുണ്ടെന്നാണല്ലോ ഇതിനര്‍ഥം?'
'ശരിയാണ്.'
'രണ്ടാം ഘട്ട ജീവിതം ഗര്‍ഭസ്ഥശിശുവിന് അജ്ഞാതമാണെങ്കിലും ശിശുവിന്റെ സൃഷ്ടി പ്രകൃതിയിലെ തേട്ടങ്ങള്‍ ജനനാനന്തരം പൂര്‍ത്തിയാവുന്നു.
ജനനാന്തരം കര്‍മഭൂമിയില്‍ ജീവിക്കുന്ന മനുഷ്യന് നീതിബോധം അഥവാ ധര്‍മബോധം എന്നൊന്നുണ്ടല്ലോ.  ഈ നീതിബോധത്തിന് കൃത്യമായ ചില തേട്ടങ്ങളുണ്ട്. അതനുസരിച്ച് സല്‍ക്കര്‍മിക്ക് രക്ഷയും ദുഷ്‌കര്‍മിക്ക് ശിക്ഷയും നിരപരാധിക്ക് നീതിയും ലഭിക്കണം. അക്രമികളായ മനുഷ്യര്‍ പോലും ഇതിനെ നിഷേധിക്കുകയില്ല. കാരണം കണ്ണിന്റെ തേട്ടമാണ് നോട്ടം എന്ന പോലെ, കാതിന്റെ തേട്ടമാണ് കേള്‍വി എന്ന പോലെ നീതിബോധത്തിന്റെ തേട്ടങ്ങളാണിവ.
ഈ തേട്ടം പൂര്‍ത്തീകരിക്കാനാണ് കോടതിയും വിചാരണയും ശിക്ഷാസംവിധാനങ്ങളും മനുഷ്യന്‍ ഒരുക്കിയത്. എന്നാല്‍ നീതിബോധത്തിന്റെ തേട്ടങ്ങളെ പൂര്‍ത്തിയാക്കാന്‍ ഈ സംവിധാനങ്ങള്‍ക്കാവുന്നില്ലല്ലോ. ഒരാളെ കൊന്ന കുറ്റവാളിക്ക് നല്‍കാവുന്ന ശിക്ഷയും ലക്ഷങ്ങളെ കൊന്ന കൊടുംകുറ്റവാളിക്ക് നല്‍കാവുന്ന ശിക്ഷയും ഒരേ വധശിക്ഷയാണ്. മാത്രമല്ല, കുറ്റവാളിക്ക് ശിക്ഷ നല്‍കി എന്നതുകൊണ്ടുമാത്രം മരണപ്പെട്ട നിരപരാധികള്‍ക്ക് നീതി ലഭിക്കുമോ?
ഇത് പൂര്‍ത്തിയാവാത്തിടത്തോളം ജീവിതകഥ അപൂര്‍ണമല്ലേ. ഇതിനൊരു പൂര്‍ണത ഉണ്ടാവേണ്ടതില്ലേ?'
'അത് വേണം.'
'കണ്ണിന്റെ തേട്ടം നോട്ടമാണ്. അത് ഗര്‍ഭാശയത്തില്‍ പൂര്‍ത്തിയാവുന്നില്ല. അത് പൂര്‍ത്തിയാവുന്നത് രണ്ടാം ഘട്ട ജീവിതത്തിലാണെന്ന പോലെ, രണ്ടാം ഘട്ട ജീവിതത്തിലെ നീതിബോധത്തിന്റെ തേട്ടം പൂര്‍ത്തിയാവുന്ന ഒരു മൂന്നാം ഘട്ട ജീവിതം എന്തുകൊണ്ടുണ്ടായിക്കൂടാ?
മനുഷ്യന് നീതിബോധമുണ്ടെന്നിരിക്കെ മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിനും അതുണ്ടാവുമെന്നുറപ്പാണല്ലോ. എന്നിരിക്കെ, ദൈവം ജീവിതകഥ ഇവിടെ അവസാനിപ്പിക്കുമോ?'
'ശരിയാണ്. മരിച്ചുകഴിഞ്ഞാല്‍ ഒരു ജീവിതമുണ്ടാവാന്‍ നല്ല സാധ്യതയുണ്ട്.'
തലയാട്ടിക്കൊണ്ട് അദ്ദേഹം അത് അംഗീകരിച്ചപ്പോള്‍ വലിയ സന്തോഷം തോന്നി. ആ സന്തോഷം അദ്ദേഹത്തിനു വേണ്ടി, മനസ്സില്‍ ഒരു പ്രാര്‍ഥനയായി മാറി. 

(തുടരും)

Comments