Prabodhanm Weekly

Pages

Search

2021 ജൂണ്‍ 18

3206

1442 ദുല്‍ഖഅദ്‌ 07

ദേശീയത നായാട്ടിനിറങ്ങുമ്പോള്‍

പി.ടി കുഞ്ഞാലി

എന്താണ് ദേശീയത? എന്തിനു വേണ്ടിയാകണം ദേശവും ദേശീയമായ ആലോചനകളും പ്രവര്‍ത്തിക്കേണ്ടത്? പ്രശസ്ത രാഷ്ട്രീയ ചിന്തകനായ പ്രഫ. ഗോപാല്‍ ഗുരു ദേശീയതയെ പ്രതി നടത്തുന്നൊരു നിരീക്ഷണമുണ്ട്. ദേശീയതയെന്നാല്‍ പൗരജനത്തിന് നല്‍കുന്ന വാഗ്ദാനങ്ങളും അതിന്റെ വര്‍ത്തമാനങ്ങളും ഭാവിയുമാണ്. അഥവാ ദേശത്തിലും ദേശീയതയിലും പ്രധാനമാകേണ്ടത് രാജ്യത്ത് ജീവിക്കുന്ന മനുഷ്യര്‍ തന്നെയാണ്. എന്നാല്‍ ദേശയുക്തിയില്‍ നിന്നും അവിടെയുള്ള സാധു ബഹുജനം നിര്‍ദയം പുറത്താവുകയും ദേശം മാത്രം ബാക്കിയാവുകയും ചെയ്യുന്നൊരു വൈരുധ്യം ഇന്ന് ലോകത്ത് അപൂര്‍വ രാജ്യങ്ങളില്‍ മാത്രം സംഭവിച്ചുകൊണ്ടിരിക്കുന്ന വിചിത്രതയാണ്. ഇന്ത്യയും ഇസ്രയേലും ഈ വഴിയില്‍ ബഹുദൂരം സഞ്ചാരം പൂര്‍ത്തിയാക്കിക്കഴിഞ്ഞ നാടുകളാണ്.
സത്യത്തില്‍ ദേശീയതയെന്നത് ഒരു നിര്‍മിതി മാത്രമാണ്. കാല്‍പനികമായൊരു നിര്‍മിതി. ദേശം ഭരിക്കുന്നവര്‍ക്ക് മറ്റുള്ളവരെ ഒതുക്കാനും അപരങ്ങളെ നിശ്ശബ്ദമാക്കാനുമുള്ള ഒരു സൃഗാല കൗശലം. ബഹുജനങ്ങളുടെ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും പരിഗണിക്കാതിരിക്കാനും അത്തരക്കാര്‍ക്കെതിരെ ഭരണകൂടം തന്നെ മര്‍ദനോപകരണങ്ങള്‍ നല്‍കി ഉന്മാദികളായ അനുയായികളെ ആസുരമായി തിരിച്ചു വിടാനും മാത്രം പ്രാപ്തമായ ഒരു കുടില സൂത്രം. ഇങ്ങനെയാണ് ലോകത്ത് ദേശീയത പ്രവര്‍ത്തിച്ചതും പ്രവര്‍ത്തിക്കുന്നതും. ഒന്നാം ലോകയുദ്ധശേഷം ജര്‍മനിയിലും ഇറ്റലിയിലും തിമിര്‍ത്താടിയത് ഈയൊരു ഉന്മാദ ദേശീയതയുടെ ചുടല താളം തന്നെയായിരുന്നു. അതോടെ ഭരണകൂട അനീതിക്കെതിരെ സംസാരിക്കുന്നവര്‍ ഒരു നിമിഷം കൊണ്ട് ദേശവിരുദ്ധരും രാജ്യദ്രോഹികളുമായി ചാപ്പ കുത്തപ്പെടും.
എന്നാല്‍ ഈയൊരു കപട ദേശീയാനുഷ്ഠാനങ്ങളിലേക്ക് മതത്തിന്റെ പരാഗങ്ങള്‍ കൂടി ഭരണകൂടം കുടഞ്ഞ് കുഴക്കുമ്പോള്‍ അധികാരത്തിന്റെ അപര വിരോധം കൂടുതല്‍ ഭീകരവും നിരാര്‍ദ്രവുമാവും. കാരണം ഒരു അധികാര ശേഷി അതിന്റെ സര്‍വ അധര്‍മങ്ങളെയും ദേശസ്‌നേഹത്തിന്റെ കള്ളത്താപ്പുകള്‍കൊണ്ട് അളക്കുകയും ഒളിക്കുകയും ചെയ്യുമ്പോള്‍ പ്രതിഷേധങ്ങളെ തച്ചുതകര്‍ക്കാന്‍ മതം ഒരു വരായുധമായി അവര്‍ക്ക് വഴങ്ങും. അപ്പോള്‍ ഭരണകൂടം പിന്തുണക്കുന്ന മത-സാംസ്‌കാരിക ബോധത്തിന്റെ ഉപകരണങ്ങള്‍ കൊണ്ട് പ്രതിഷേധങ്ങളെയും തിരുത്തല്‍ പ്രതിരോധങ്ങളെയും ആയുധങ്ങളൊന്നും കൂടാതെ അവര്‍ക്കെളുപ്പം തകര്‍ക്കാനാവും. ഈയൊരു രാഷ്ട്രീയ പ്രവര്‍ത്തനം ഇന്ന് നിഷ്ഠുരമായി മത്താടി നില്‍ക്കുന്ന രാഷ്ട്രങ്ങളാണ് ഇന്ത്യയും ഇസ്രയേലും. സ്വന്തം നാട്ടില്‍ ജനിച്ച് തലമുറകളായി ജീവിച്ച് മരിക്കേണ്ട സ്വന്തം പൗരസഞ്ചയങ്ങള്‍ക്കിടയില്‍ ഈ രണ്ട് രാഷ്ട്രങ്ങളും നടപ്പാക്കുന്ന ഉള്‍ക്കൊള്ളലിന്റെയും പുറംതള്ളലിന്റെയും മാനദണ്ഡങ്ങള്‍ ഒന്നാവുന്നത് അതുകൊണ്ടാണ്. ഈ രണ്ട് ദേശങ്ങളും ഇന്ന് കാണിക്കുന്ന അഭിരാമ സൗഹൃദം മറ്റൊന്നു കൊണ്ടുമല്ല.
ആയിരത്തിത്തൊള്ളായിരത്തി നാല്‍പത്തി എട്ടില്‍ തന്നെ സയണിസ്റ്റ് ദേശം പ്രഖ്യാപിച്ചൊരു നിയമമുണ്ട്; 'തിരിച്ചുവരവിന്റെ നിയമം.' ലോകത്തിന്റെ ഏത് വിദൂര വിജനതയില്‍നിന്നും ഒരു ജൂതന്‍ ഇസ്രയേലിലെ വിമാനത്താവളത്തിലൊന്നില്‍ വന്നിറങ്ങിയാല്‍ മതി അയാള്‍ ആ ദേശത്തിലെ ഉത്തമനായ പൗരനായിരിക്കും. ഈയൊരു പ്രഖ്യാപനത്തിന്റെ നേര്‍ത്തുടര്‍ച്ച തന്നെയാണ് വംശാവലിക്കപ്പുറം നിന്നേ ഫലസ്ത്വീന്‍ ദേശത്ത് ജീവിതം തുഴഞ്ഞ സാധുമനുഷ്യര്‍ അപരരാണെന്നതും അവര്‍ തുരത്തപ്പെടേണ്ടവര്‍ തന്നെയാണെന്നതുമായ തീര്‍പ്പുകള്‍. കരുണയില്ലാത്തൊരു തിരസ്‌കാരത്തിന്റെ അനുബന്ധമായി മാത്രമാകും നീതിരഹിതമായൊരു ഉള്‍ക്കൊള്ളല്‍ പ്രക്രിയ. ഇത് ഇത്തരം നാടുകള്‍ക്കൊരു അലങ്കാരമാകും. ഇത് രണ്ടും സയണിസ്റ്റ് രാഷ്ട്രത്തില്‍ നടക്കുന്നത് നിര്‍ലജ്ജമായാണ്. രണ്ടായിരത്തി പതിനെട്ടില്‍ ഇസ്രയേല്‍ നടത്തിയ ഒരു ഭരണഘടനാ ഭേദഗതിയുണ്ട്. അതനുസരിച്ച് വംശശുദ്ധിയുള്ള യഹൂദന്മാര്‍ക്ക് മാത്രമാണിന്ന് ആ ദേശത്ത് സമ്പൂര്‍ണ പൗരത്വമുള്ളത്; അവര്‍ ലോകത്തിന്റെ ഏത് വിദൂരതയില്‍നിന്ന് കുടിയേറുന്നവരാണെങ്കിലും. അവരൊക്കെയും വംശശുദ്ധിയുള്ളവരാണത്രെ! സയണിസ്റ്റ് സാംസ്‌കാരിക ചിഹ്നങ്ങള്‍ മാത്രമാകണമത്രെ അവിടത്തെ ഔദ്യോഗിക ദേശസൂചകങ്ങള്‍. ഇത് നിലനിര്‍ത്തണമെങ്കില്‍ അപരത്തോട് കടുത്ത രോഷവും ശത്രുതയും നുരയേണ്ടതുണ്ട്. ഭരണകൂടം ഇത് നിര്‍വഹിക്കുക ദേശീയതയുടെ പകിടയെറിഞ്ഞാവും. അപ്പോള്‍ വര്‍ധിതമാകുന്ന 'ഉന്മാദ ദേശാഭിമുഖ്യം' ഭരണകൂടത്തിന് ആത്മവിശ്വാസം പകരും. പൊടുന്നനെത്തന്നെ അതിന്റെ ഫലം കണ്ടുതുടങ്ങും. അപരര്‍ ദേശയുക്തിയില്‍നിന്ന് മാത്രമല്ല ദേശത്തുനിന്നു തന്നെ അദൃശ്യരാവും.  ഇതുതന്നെയാണ് ഇന്ന് നമ്മുടെ ഇന്ത്യയിലും സംഭവിക്കുന്നത്; കശ്മീര്‍ മുതല്‍ ലക്ഷദ്വീപ് വരെ ധിമിധിമിക്കുന്ന ഭരണകൂടഭീകരതകള്‍ സയണിസ്റ്റ് രാഷ്ട്രത്തിന്റെ കപട ദേശീയതയുമായി സമാനതകള്‍ പങ്കുവെക്കുന്നത് വെറുതെയല്ല.
ഏറെ ബഹുസ്വരവും ഭിന്ന വിശ്വാസ സമ്മിശ്രവുമാര്‍ന്നൊരു രാജ്യമാണ് നമ്മുടെ ഇന്ത്യ. ഇത്തരമൊരു ദേശത്തെ ഏകമാന മാത്രമായൊരു സാംസ്‌കാരിക ബോധത്തിലേക്ക് ബലാല്‍ക്കാരമായി കൂര്‍പ്പിച്ചു നിര്‍ത്തുകയും വളരെ ന്യൂനപക്ഷമായൊരു വരേണ്യ വര്‍ഗത്തെ മാത്രം അടിസ്ഥാന പൗരന്മാരായി വാഴ്ത്തിക്കാണുകയും ചെയ്യുക. അവിടെ സയണിസ്റ്റ് രാഷ്ട്രം ചെയ്യുന്നതു പോലെ അപര ജനതയെ അപ്പാടെ നിര്‍ദയം തിരസ്‌കരിക്കുക. ഒപ്പം തങ്ങളുടെ മാപിനിത്തോത് വെച്ച് വംശശുദ്ധിയുള്ളവരെ പരദേശങ്ങളില്‍നിന്ന് ആചാരവിധിപ്രകാരം ക്ഷണിച്ചുവരുത്തുക. എന്നിട്ട് ഈ തിരസ്‌കാരത്തിനും ഉള്‍ക്കൊള്ളലിനും ദേശസ്‌നേഹമെന്നൊരു കപട യുക്തി ഉന്നയിക്കുകയും ചെയ്യുക. അപ്പോള്‍ ലക്ഷ്യസാധ്യങ്ങള്‍ എളുപ്പമാകും. വെറുതെയല്ല സയണിസ്റ്റ് ദേശത്തെ മനുഷ്യ വിരോധികള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇത്ര ഹൃദ്യമായി ആശ്ലേഷിക്കുന്നത്. അപരത്തെ ഹനിക്കാനും അവരുടെ സാന്നിധ്യം തന്നെ അദൃശ്യമാക്കാനും ഏറ്റവും എളുപ്പം ദേശീയതക്ക് തീ കൊളുത്തലാണെന്ന് ലോകം നേരത്തേ കണ്ടതാണ്. അതില്‍ ആത്മീയത കൂടി കലര്‍ത്തിക്കുഴച്ചാല്‍ അതിന്റെ പ്രഹരശേഷി അപാരമായിരിക്കും. ഇത് ലോകത്ത് നേരത്തേ തിരിച്ചറിഞ്ഞ രാജ്യമാണ് ഇസ്രയേല്‍. ഇതറിഞ്ഞ് പ്രയോഗിക്കുകയാണിന്ന് ഇന്ത്യയിലെ സംഘ് പരിവാരങ്ങളും ഭരണ സംവിധാനപ്പടയും. ഇവരുടെ ലക്ഷ്യവും ഒരു സമൂഹത്തിന്റെ സമ്പൂര്‍ണമായ ഉന്മൂലനം തന്നെയാണ്. അതുകൊണ്ടു തന്നെയാണ് ആഗോളമാരി ഇന്ത്യക്കാരെയപ്പാടെ ചവിട്ടിക്കുഴച്ച ഈയൊരു ദൈന്യകാലത്തും പൗരത്വ നിയമത്തിന്റെ ധനുസ്സും ശരങ്ങളുമായി ഒരു ഭരണകൂടം നായാട്ടിനിറങ്ങിയത്. ദേശം തന്നെ ജീവവായുവില്ലാതെ പിടഞ്ഞു തീരുമ്പോഴും ചാണകം പൂശിയും കിണ്ണം കൊട്ടിയും കോമാളി കളിച്ചവര്‍ അപ്പോഴും ആലോചിച്ചുറപ്പിച്ചത് എങ്ങനെ ദേശവാസികളെ പുറത്താക്കാം എന്നു തന്നെയാകുന്നത് യാദൃഛികമാകില്ല. എന്നിട്ട് ഇസ്രയേലിനെപ്പോലെ ദേശവാസികളെ പുറത്താക്കുകയും പകരം കുലീന പൗരന്മാരായ ആര്യപ്രോക്ത ബ്രാഹ്മണ്യത്തിന്റെ സാംസ്‌കാരിക ചിഹ്നങ്ങളെയത്രയും ദേശത്തിന്റെ അടയാളമാക്കി കുലപ്പിച്ചു നിര്‍ത്തുകയും ചെയ്യുക. അപ്പോള്‍ പുറത്താക്കലിന് സിദ്ധാന്തം ചമയ്ക്കല്‍ എളുപ്പമാകും.
ദേശീയത ഉന്മാദമായി മാറുകയും അതില്‍ ആര്യപ്രോക്ത കാര്‍ക്കശ്യത്തിന്റെ പാഷാണം കലരുകയും ചെയ്താല്‍ മുസ്‌ലിം അപരനിഷ്‌കാസനം ഇതിഹാസ വേഗതയില്‍ സത്യമാവും.  പണ്ടൊരു മഹാരാജാവ് തനിക്ക് അലോസരമുണ്ടാക്കുംവിധം കരഞ്ഞ കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്തിയത് കുഞ്ഞിന്റെ കണ്ഠം ഛേദിച്ചുകൊണ്ടാണ്. ഇങ്ങനെയും ഛത്രപതിമാര്‍ ദേശത്ത് പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്. ഇതേ തിരുമനസ്സുകളുടെ ധര്‍മാനുചാരിമാര്‍ ദേശം വാഴുമ്പോള്‍ ഇങ്ങനെയൊക്കെ തന്നെയേ പ്രശന്പരിഹാരം പ്രതീക്ഷിക്കാന്‍ പറ്റൂ. തിരസ്‌കരിക്കപ്പെടേണ്ടവരെയും നിഷ്‌കാസിതരാകേണ്ടവരെയും നോട്ടമിട്ടു കഴിഞ്ഞാല്‍ പിന്നെ മത്സ്യം പിടിക്കുന്നത് മാത്രമല്ല ദ്വീപില്‍ താമസിക്കുന്നതു വരെ അപരാധമാകും. മാംസം കഴിക്കുന്നത് മാത്രമല്ല പാലും പാലുല്‍പാദനവും മഹാ പാപമാവും. നിഷ്‌കാസിതരെ നിര്‍ണയിച്ചു കഴിഞ്ഞാല്‍ പിന്നെ തൊണ്ടു തല്ലുന്നതും ചകിരി പിരിക്കുന്നതും കുറ്റം തന്നെയാകും. അപ്പോള്‍ തെങ്ങോലപ്പീലികള്‍ മുറ്റത്തുനിന്ന് ചിരിക്കുന്നതും പനിനീര്‍കരിക്കിന്റെ തൊണ്ടും കുറ്റവിചാരണകളില്‍ തൊണ്ടികളായി ഹാജറാക്കപ്പെടുക തന്നെ ചെയ്യും. അങ്ങനെ തലമുറകളായി ഈ മണ്ണില്‍ ജീവിച്ചു തീര്‍ക്കേണ്ടവര്‍ പൊടുന്നനെ അവര്‍ പോലും നിനക്കാതെ സ്വന്തം മണ്ണിന്റെ തുറസ്സില്‍നിന്നും ഭാവിയുടെ ഇരുണ്ട ഗുഹയിലേക്ക് തടവുകാരാവും. നേര്‍ത്ത പ്രതിഷേധം പോലും ദേശവിരുദ്ധതയുടെ പാപക്കള്ളിയില്‍ വരവാക്കപ്പെടും. അപ്പോള്‍ അവര്‍ ദേശദ്രോഹികളായി മാറിക്കഴിയും. ദേശദ്രോഹികള്‍ക്ക് ന്യായാസനങ്ങള്‍ ശിക്ഷ വിധിക്കും. ഇതിനായുള്ള നിയമശാസനകള്‍ ത്സടുതിയില്‍ ചുട്ടെടുക്കപ്പെടും.
ക്രമത്തില്‍ ദേശീയതയെന്നാല്‍ ഈ നാട്ടിലെ കുറേയേറെ മലകളും പര്‍വതങ്ങളും നദികളും മാത്രമാകും. പിന്നെ പശുക്കള്‍ വിശുദ്ധരും ചാണക വറളികള്‍ പുണ്യ വസ്തുക്കളുമാകും. അപ്പോള്‍ ആരണ്യകങ്ങളിലെ മണ്ടത്തരങ്ങള്‍ വിശുദ്ധ വാക്യങ്ങളും ശാസ്ത്ര സത്യങ്ങളുമാവും. അതില്‍നിന്നും തിരസ്‌കാരത്തിന്റെ പുതിയ ഹീനഗീതങ്ങള്‍ ഉറന്നു വരും. അതും മോന്തിയിറങ്ങുന്ന  ആര്യപ്രോക്ത ബ്രാഹ്മണ്യം പുതിയ ലങ്കാദഹനത്തിന് പട കൂട്ടിപ്പായും. ഒടുവില്‍ വൈവിധ്യങ്ങള്‍ പോയിട്ട് മനുഷ്യര്‍ പോലുമില്ലാത്തൊരു ദേശം മാത്രം ബാക്കിയാവും. മഹാപ്രസ്ഥാനത്തിനു പോലും ആളുകളില്ലാത്ത ദേശം. അവിടം കുന്നും മലകളും നദികളും പശുക്കളും അന്ന് വിഹ്വലപ്പെട്ടുനില്‍ക്കും.

Comments