Prabodhanm Weekly

Pages

Search

2021 ജനുവരി 22

3186

1442 ജമാദുല്‍ ആഖിര്‍ 09

നവനാസ്തികതയുടെ ഇസ്‌ലാംവിരുദ്ധത

പി.ടി കുഞ്ഞാലി

ഭൂമിയില്‍ മനുഷ്യജീവിതം ദൃശ്യപ്പെട്ട കാലത്തു തന്നെ അവരുടെ സ്വത്വത്തിനകത്തുള്ള ബോധ്യമാണ്  ആസ്തികത.  ഈ വിസ്തൃത പ്രപഞ്ചം മുതല്‍ പരമാണുവിന്റെ പൊരുളില്‍ വരെ ഒരു സ്രഷ്ടാവിന്റെ സാന്നിധ്യമുണ്ടെന്നും ആ പരാശക്തിയാണ് ഇതിന്റെയത്രയും സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ നിയന്ത്രിക്കുന്നതെന്നും അന്നേ അവര്‍ക്കറിയാം. ഇതില്‍ നാഗരികരെന്നും, കല്‍ഗുഹകളില്‍  ജീവിതം തുഴയുന്നവരെന്നും വ്യത്യാസങ്ങളില്ല. വിശ്വാസപരമായ ഈ തീര്‍പ്പ് കാലാതിവര്‍ത്തിയാണ്. ഇതാണ് ആസ്തികത. എന്നാല്‍ ഈയൊരു സഹജാവസ്ഥയെ വെല്ലുവിളിക്കുന്ന ഒരു ചെറു ന്യൂനപക്ഷം എക്കാലത്തും മാനവചരിത്രത്തിലുണ്ട്. നാസ്തികര്‍ മുതല്‍ ഒരു പരിധി വരെ സന്ദേഹവാദികള്‍ വരെ ഇതിലുള്‍പ്പെടും. സ്രഷ്ടാവിനെ പഠിച്ചെടുക്കാനുള്ള നാനാതരം പ്രമാണ പാഠങ്ങള്‍ മനസ്സെത്തും ദൂരത്ത് നിരവധി ഉണ്ടായിട്ടും എവിടെയും മനസ്സെത്താതെ സ്വയം പണിയുന്ന അന്ധബോധ്യങ്ങളുടെ പെരും തടവറയില്‍ പെട്ടുപോയവരാണിവര്‍. സ്വയം യോഗ്യരെന്ന് നിരൂപിക്കുകയും കുടില സ്വാര്‍ഥങ്ങളുടെ തേരേറി മറ്റുള്ളവരെയൊക്കെയും യുക്തിബോധമില്ലാത്ത കീടജന്മങ്ങളെന്ന് തെറിവിളിക്കുകയും ചെയ്യുന്ന ഇവര്‍ സ്വയം പരിചയപ്പെടുത്തുന്നത് യുക്തിവാദികള്‍ എന്നാണ്. നവോത്ഥാനവും മതനവീകരണവും സംഭവിച്ചതോടെ യൂറോപ്പില്‍ ഇത്തരം ദൈവനിരാസ പ്രവണതകള്‍ ശക്തിപ്പെട്ടു.  യുക്തിവാദമെന്നും നാസ്തികതയെന്നും സന്ദേഹവാദമെന്നും തരാതരം പോലെ പല പേരുകളിലിത് യൂറോപ്പിലും പതിയെ മറ്റു ദേശങ്ങളിലും ശേഷി കാട്ടിത്തുടങ്ങി. ഇന്ന് പക്ഷേ യുക്തിവാദം ഉദ്ദേശ്യലക്ഷ്യങ്ങളിലും മാര്‍ഗങ്ങളിലും പല രാശികള്‍ മാറി എത്തിനില്‍ക്കുന്നത് നവനാസ്തികതയെന്ന പുത്തന്‍ താര്‍ക്കികഘടനയിലാണ്.  ഈ യൂറോ-അമേരിക്കന്‍ നവനാസ്തികത എന്തുമാത്രം മനുഷ്യവിരുദ്ധവും സാമൂഹികവിരുദ്ധവുമാണെന്ന് കാട്ടിത്തരികയാണ് ടി.കെ.എം ഇഖ്ബാലിന്റെ 'നവനാസ്തികത, മതവിരുദ്ധ യുക്തിയുടെ രാഷ്ട്രീയം' എന്ന പുസ്തകം.
യൂറോപ്പിലും അമേരിക്കയിലും നാസ്തികത ജനിതകഭേദം വന്ന് നവനാസ്തികതയായി ഇരമ്പാന്‍ തുടങ്ങിയത് അമേരിക്കയുടെ വ്യാപാര ഗോപുരം തകര്‍ന്ന രണ്ടായിരത്തി ഒന്ന് സെപ്റ്റംബര്‍ പതിനൊന്നോടെയാണ്. യുക്തിവാദ ചരിത്രത്തിലെ കൃത്യതയാര്‍ന്ന വഴിമാറല്‍ ഘട്ടം കൂടിയാണിത്. ഈ വഴിമാറല്‍ പ്രക്രിയയുടെ സൂക്ഷ്മ  വിശകലനത്തോടെയാണ് ഇഖ്ബാലിന്റെ പുസ്തകം ആരംഭിക്കുന്നതു തന്നെ. അമേരിക്കയുടെ മേല്‍നോട്ടത്തില്‍ നടന്ന മുസ്‌ലിം വിരുദ്ധ യുദ്ധങ്ങള്‍ തന്നെയാണ് നവനാസ്തികതക്ക് ദിശാമാറ്റത്തിന് സിദ്ധാന്ത പരിസരമൊരുക്കിയതെന്ന് ഗ്രന്ഥകാരന്‍ സ്ഥാപിക്കുന്നു. നവനാസ്തികതക്ക് രണ്ട് ആശയദളങ്ങളുണ്ട്. ഒന്നതിന്റെ സിദ്ധാന്ത പരത. മറ്റൊന്ന് അതിന്റെ രാഷ്ട്രീയ സമീക്ഷ. ഇതില്‍ എഴുത്തുകാരന്‍ ഊന്നുന്നത് നവനാസ്തികതയുടെ രാഷ്ട്രീയത്തെയാണ്. അതു തന്നെയാണ് പ്രധാനവും. നവനാസ്തികത മുന്നോട്ടു വെക്കുന്നത് നേര്‍ക്കുനേര്‍ ഇസ്‌ലാംവിരുദ്ധതയാകുമ്പോള്‍ പ്രത്യേകിച്ചും.
റിച്ചാഡ് ഡോക്കിന്‍സ്, സാം ഹാരിസ്, ക്രിസ്റ്റഫര്‍ ഹിച്ചന്‍സ്, ഡാനിയല്‍ ഡെന്നറ്റ് എന്നീ നാല് പേരാണ് നവനാസ്തികതയുടെ വഴികാട്ടികള്‍. ഇതില്‍ ഡോക്കിന്‍സും അദ്ദേഹത്തിന്റെ 'ദൈവ വിഭ്രാന്തി'യെന്ന പുസ്തകവുമാണ് പ്രധാനം. ഈ നാല് പേരും മുന്നോട്ടു വെക്കുന്ന മതവിമര്‍ശനത്തിന്റെ കാതല്‍ അവരുടെ വലതുപക്ഷ നിലപാടുകളും പിന്നെ കടുത്ത ഇസ്‌ലാംവിരുദ്ധതയും തന്നെയാണ്. ഒരുകാലത്ത് ഇടതുപക്ഷത്തോട് ഓരം ചാരി നിന്നിരുന്ന നാസ്തികത ഡോക്കിന്‍സിന്റെ കാര്‍മികത്വത്തില്‍  വലതുപക്ഷ പന്തിയില്‍ എത്തിച്ചേരുകയായിരുന്നു. ഈയൊരു ചരിത്രസന്ദിഗ്ധതയെ പുസ്തകം വിശദമാക്കുന്നുണ്ട്. 
'നമ്മുടെ മഹത്തായ മധ്യകാല കത്തീഡ്രലുകളില്‍ ഒന്നായ വിന്‍ചസ്റ്ററിലെ മനോഹരമായ മണിനാദം കേട്ടുകൊണ്ടിരിക്കുകയാണ് ഞാന്‍. അല്ലാഹു അക്ബര്‍ എന്ന  അക്രമാസക്തമായ ശബ്ദത്തേക്കാള്‍ എത്രയോ ഹൃദ്യം!'
നവനാസ്തികരുടെ ആചാര്യനായ ഡോക്കിന്‍സിന്റെ പ്രഖ്യാപനമാണ്. ഫലസ്ത്വീനില്‍ ഇസ്രയേല്‍ ജൂതന്മാര്‍ നടത്തുന്ന മുസ്‌ലിം വേട്ടയെ നവനാസ്തികര്‍ നിരന്തരം ന്യായീകരിക്കുന്നത് കൊളോണിയലിസത്തിന്റെ അതേ യുക്തി ഉപയോഗിച്ചാണ്. ഇത്തരം സൂക്ഷ്മ പഠനങ്ങളിലൂടെയാണ് നവനാസ്തികരുടെ മനോധര്‍മത്തിലേക്ക് എഴുത്തുകാരന്‍ ധീരമായി സഞ്ചരിക്കുന്നത്. യുക്തിബോധത്തിന്റെ ചുട്ടി കുത്തും ശാസ്ത്ര ചിന്തയുടെ ഉടുത്തു കെട്ടുമായി നവനാസ്തികത എങ്ങനെയാണ് തങ്ങളുടെ ഇസ്‌ലാംവിരുദ്ധത രാഷ്ട്രീയ കമ്പോളങ്ങളില്‍ സമര്‍ഥമായി വിറ്റഴിക്കുന്നതെന്നറിയാന്‍ നാം ഈ പുസ്തകം വായിക്കണം. സത്യത്തില്‍ പുറമെ കാണുന്നതല്ല നവനാസ്തികതയുടെ മഞ്ഞുമല. ഇസ്‌ലാംവിരോധത്തിന്റെയും മുസ്‌ലിം വെറുപ്പിന്റെയും പാമ്പിന്‍കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങുന്ന നാഗമടകളാണത്. ശാസ്ത്രത്തിന്റെ മേനിയത്രയും സ്വയം ഏറ്റെടുക്കുകയും മതത്തെ ശാസ്ത്രവിരുദ്ധമായി പ്രഖ്യാപിക്കുകയും ആ മതത്തിന്റെ പ്രതലത്തില്‍ ഇസ്ലാമിനെ മാത്രം സ്ഥാപിക്കുകയും ചെയ്യുക. ഇതാണ് നവനാസ്തികരുടെ മതവിമര്‍ശനം. ഇത് കൃത്യമായും കണ്ടെത്തുകയും നവനാസ്തികരെ വിചാരണ നടത്തുകയുമാണ് ഗ്രന്ഥകാരന്‍.
പക്ഷേ കേരളീയ സാമൂഹികതയില്‍ ഈയൊരു ആശയക്ഷുദ്രത വേണ്ട രീതിയില്‍ പഠിക്കപ്പെട്ടിട്ടില്ല. അത് ഈ പുസ്തകത്തിലൂടെ ഏതാണ്ട് സാധ്യമാകുമെന്ന് കരുതാം. 'നവനാസ്തികതയുടെ കേരളീയ പരിസര'മെന്ന ഒരധ്യായം തന്നെ പുസ്തകത്തിലുണ്ട്. കേരളത്തിലെ മതനിരാസം സാമൂഹികപ്രാധാന്യമാര്‍ജിച്ചത് സഹോദരന്‍ അയ്യപ്പനിലൂടെയാണെങ്കിലും അത്  തിടം വെച്ച് വികസിച്ചത് മിക്കവാറും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ലാളനയേറ്റാണ്. അന്ന് കേരളീയ യുക്തിവാദികളിലും നാസ്തിക പ്രചാരകരിലും ഒരുതരം സാമൂഹിക സത്യസന്ധത പ്രകടമായിരുന്നു. പവനനും കലാനാഥനും ഈ വംശത്തെ പ്രതിനിധീകരിക്കുന്നു. അവരുടെയൊക്കെ മതവിമര്‍ശനത്തില്‍ സാമൂഹികനവോത്ഥാനത്തിനായുള്ള സന്നാഹപ്പെടല്‍ പ്രകടമായിരുന്നു. മാത്രമല്ല മതവിരുദ്ധതയുടെ പരികല്‍പനയില്‍ ഒരു ജനാധിപത്യവും ഉള്ളടങ്ങിയിരുന്നു. പക്ഷേ കേരളത്തിലും നവനാസ്തികത പ്രവര്‍ത്തിക്കുന്നത് അത്യന്തം ഇസ്ലാംവിരുദ്ധമായാണെന്ന സത്യം പുസ്തകത്തിലൂടെ നമുക്ക് ഉറപ്പിച്ചെടുക്കാനാവുന്നുണ്ട്. അതിന് മാത്രം കൃത്യതയാര്‍ന്ന സ്ഥിതിവിവരങ്ങള്‍ എഴുത്തുകാരന്‍ മുന്നോട്ട് വെക്കുന്നു. നാസ്തികത അതിന്റെ ഇടത് പക്ഷ അനുഭാവം മറിച്ചിട്ട് ഇപ്പോള്‍ സംഘപരിവാര്‍ വലത് പക്ഷത്തെ പുണരാനാണ് കുതറുന്നത് എന്ന് പുസ്തകം നമ്മെ ബോധ്യമാക്കുന്നു. ഇന്ന് ഇടതുപക്ഷ ബുദ്ധിജീവികളില്‍ വലിയൊരു വിഭാഗം ഏറിയോ കുറഞ്ഞോ ഇസ്‌ലാംവിരുദ്ധതക്ക് അടിപ്പെട്ടുകഴിഞ്ഞു. ഇന്ന് കേരളത്തിലെ നാസ്തിക ചിന്തയുടെ നിര്‍വാഹക കേന്ദ്രം സംഘ്പരിവാര്‍ പരിസരത്താണ്. നാസ്തികത സമം ഇസ്‌ലാംവിരുദ്ധത എന്നായിത്തീര്‍ന്നിരിക്കുന്നു സമവാക്യം.
കേരളത്തിലെ നവനാസ്തികരെ ഇന്ന് മുന്നില്‍ നിന്ന് നയിക്കുന്നത് സി. രവിചന്ദ്രനും സംഘവുമാണ്. മുസ്‌ലിം സമൂഹത്തെ നിര്‍ണായകമായി ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കു നേരെ രവിചന്ദ്രനും സംഘവും സ്വീകരിക്കുന്ന നിലപാടുകള്‍ തീര്‍ത്തും മുസ്‌ലിംവിരുദ്ധവും അത്രമേല്‍ സംഘ്പരിവാര്‍ താല്‍പര്യങ്ങള്‍ക്ക് അനുരോധവുമായി വരുന്നതെന്തുകൊണ്ടെന്നും  പ്രമാണങ്ങള്‍ നിരത്തി പുസ്തകത്തില്‍ പരിശോധിക്കുന്നുണ്ട്.
പുസ്തകത്തിലെ അവസാന അധ്യായങ്ങള്‍ നാസ്തികവാദികള്‍ പൊതുവെ പറഞ്ഞു പരത്തുന്ന പെരും കളവിന്റെ ഗോപുരം തരിപ്പണമാക്കുന്ന ഏറെ കൗതുകമാര്‍ന്ന ഒരവതരണ ഭാഗമാണ്. യുക്തിവാദത്തിലും നാസ്തികതയിലും സത്യസന്ധത വേണ്ടതില്ലല്ലോ. നാസ്തികതയെന്ന കള്ളത്തെയും അതിനകത്തേക്ക് പുതിയ കാലം ഒളിച്ചുകടത്തിയ ഇസ്ലാംപേടിയുടെ രാഷ്ട്രീയത്തെയും വളരെ സമര്‍ഥമായി ഈ പുസ്തകം വിശകലനത്തിന് വെക്കുന്നുണ്ട്.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (11-21)
ടി.കെ ഉബൈദ്‌