ആദ്യത്തെ നോമ്പ്
(ജീവിതം - 6)
അമ്മയുടെ മരണം വിരഹദുഃഖമുണ്ടാക്കി. നഷ്ടബോധം ഉണ്ടാക്കിയതേയില്ല. കാരണം, മരണം ജീവിതത്തിന്റെ എന്നന്നേക്കുമുള്ള അന്ത്യമല്ല. കര്‍മജീവിതത്തിലെ ഒരു അനിവാര്യതയാണത്. ജീവിതത്തിന്റെ അവസാനമല്ലത്; കര്‍മജീവിതത്തിന്റെ അവസാനം മാത്രം.
അമ്മ മരണപ്പെട്ട പിറ്റേ ദിവസം പ്രഭാത നമസ്‌കാരത്തിനു ശേഷം ജ്യേഷ്ഠന്റെ കൂടെ അമ്മയുടെ ഖബ്ര്‍ സന്ദര്‍ശിച്ചു. എണ്‍പത് വര്‍ഷത്തോളം കുടുംബങ്ങളോടൊപ്പം, മനുഷ്യര്‍ക്കിടയില്‍ ജീവിച്ചതാണ്. ഇപ്പോള്‍ സ്വന്തം കര്‍മങ്ങള്‍ മാത്രം തുണയായ ഒരു ലോകത്താണ് അമ്മ ഉള്ളത്.
സലാം പറഞ്ഞ് ഖബ്‌റിനരികില്‍നിന്ന് പാപമോചനത്തിനായി ഉള്ളുരുകി പ്രാര്‍ഥിച്ചു. തൊട്ടടുത്തു നിന്ന് ജ്യേഷ്ഠന്‍ പ്രാര്‍ഥിക്കുന്നുണ്ട്. ജ്യേഷ്ഠന്റെ തേങ്ങല്‍ അണപൊട്ടുന്നുണ്ടായിരുന്നു. മരണപ്പെട്ട അമ്മക്കു വേണ്ടി ദൈവത്തോടുള്ള പ്രാര്‍ഥന, അത് നല്‍കുന്ന പ്രതീക്ഷ, അതില്‍നിന്നുണ്ടാകുന്ന ആശ്വാസം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രാര്‍ഥനയോളം തുണയാകുന്ന മറ്റെന്തെങ്കിലുമുണ്ടോ എന്നറിയില്ല.
'സുഖങ്ങളുടെ അന്തകനെ നിങ്ങള്‍ ഏറെ ഏറെ സ്മരിക്കുവിന്‍' എന്നൊരു പ്രവാചക വചനമുണ്ട്. മരണം കൂടെയുണ്ടെന്ന കാര്യം ഒരിക്കലും മറക്കരുത് എന്ന ഓര്‍മപ്പെടുത്തലാണത്. ഖബ്ര്‍ സന്ദര്‍ശനം മരണത്തെക്കുറിച്ച ഓര്‍മ സ്ഥായിയായി നില നിര്‍ത്തും. അതിനേക്കാള്‍ പ്രധാനമായി തോന്നിയത് മരിച്ചാലും തുടരുന്ന ആത്മബന്ധമാണ്. മരിച്ചാല്‍ പിരിയുന്നതല്ല ആത്മബന്ധം. മരിച്ചാല്‍ പിരിയുന്നത് ശരീരം മാത്രമാണ്. 'മരിച്ചു പിരിയല്‍' എന്നൊന്നില്ല. മരണം ഒരു താല്‍ക്കാലിക വിടവാങ്ങല്‍ മാത്രം. ദൈവാനുഗ്രഹമുണ്ടെങ്കില്‍, പരലോകത്തു വെച്ച് ഇനിയും കണ്ടുമുട്ടും. പ്രിയപ്പെട്ടവരെ ഇനിയും കണ്ടുമുട്ടും എന്ന യാഥാര്‍ഥ്യം തിരിച്ചറിയുന്നതോടെ പിന്നെവിടെയാണ് നഷ്ടബോധം? വിരഹദുഃഖമാകട്ടെ മനുഷ്യപ്രകൃതിയിലുള്ളതുമാണ്.
മരണശേഷം ഒരു ജീവിതമുണ്ടെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞതാണ് നേടിയ അറിവുകളില്‍ സര്‍വപ്രധാനം എന്ന് തോന്നിയിട്ടുണ്ട്. കാരണം, അതാണ് ജീവിതത്തിന് അര്‍ഥം നല്‍കുന്നത്. പതിനഞ്ച് വര്‍ഷത്തോളം പഠിച്ചെടുത്ത ഭൗതിക വിദ്യാഭ്യാസം ജീവിതത്തെപ്പറ്റി പറഞ്ഞുതന്നത്, 'വാല് നഷ്ടപ്പെട്ട ഒരു ജന്തുവിന്റെ ജീവിതമാണ് മനുഷ്യജീവിതം' എന്നാണ്. കാരണം, മനുഷ്യന്‍ അടിസ്ഥാനപരമായി ജന്തുവാണത്രെ! ജീവിതത്തെ ഇത്രത്തോളം അര്‍ഥശൂന്യമാക്കുന്ന മറ്റൊരു വീക്ഷണവുമില്ല. ഈ വീക്ഷണത്തില്‍നിന്നുള്ള 'മോക്ഷ'മാണ് ഇസ്ലാം നേടിത്തന്നത്.
മാതാവിന്റെ ഗര്‍ഭാശയത്തില്‍ പത്തു മാസക്കാലമാണല്ലോ നാം ജീവിച്ചത്. അവിടെ ഒരു കര്‍മവും ചെയ്യാനില്ലായിരുന്നു. പ്രസവത്തോടെ ആ കര്‍മരഹിത ജീവിതം അവസാനിക്കുന്നു. 'പ്രസവം' എന്ന നിമിത്തത്തിലൂടെ കര്‍മജീവിതം ആരംഭിക്കുകയാണ് ചെയ്യുന്നത് എന്നതുപോലെ, 'മരണം' എന്ന നിമിത്തത്തിലൂടെ കര്‍മഫല ജീവിതം ആരംഭിക്കും. ഇസ്ലാമിന്റെ ഈ വീക്ഷണം ഉള്‍ക്കൊണ്ട അമ്മ സ്വര്‍ഗത്തെ ജീവിത ലക്ഷ്യമാക്കുകയായിരുന്നു. അതോടെ സ്വാഭാവികമായി ജീവിതരീതിയും മാറി. ആ ലക്ഷ്യത്തിലെത്താന്‍ എന്ത് ത്യാഗം സഹിക്കാനും സന്നദ്ധയായി. ജീവിതത്തില്‍ അപാകതകള്‍ സംഭവിക്കാതിരിക്കാന്‍ സാധ്യമാകുന്നത്രയും ശ്രദ്ധിച്ചു. മരണാനന്തര ജീവിതത്തെ ഒരു യാഥാര്‍ഥ്യമായി ഉള്‍ക്കൊള്ളുമ്പോഴാണ് ജീവിതത്തില്‍ മാറ്റങ്ങളുണ്ടാവുക.
ഇസ്‌ലാം സ്വീകരണവുമായി ബന്ധപ്പെട്ട്, ഒരുപക്ഷേ, ഏറ്റവും അധികം ചിന്തിച്ച വിഷയങ്ങളിലൊന്നും മരണാനന്തര ജീവിതമാണ്. എന്തിനാണ് ഇസ്ലാം സ്വീകരിച്ചത് എന്ന ചോദ്യത്തിന്റെ ഉത്തരം പോലും ഇതുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. ഇത് ഒരാളെ ബോധ്യപ്പെടുത്തലാണ് ഏറ്റവും ശ്രമകരമായി തോന്നിയിട്ടുള്ളത്. ഈ വിഷയവുമായി ബന്ധപ്പെട്ട പഠനങ്ങളും ചിന്തകളും പിന്നീട് 'മരണം മരണാനന്തരം' എന്ന പേരില്‍ ഒരു ലഘു കൃതി പ്രസിദ്ധീകരിക്കുന്നതിന് പ്രേരണയായി. ശൈഖ് മുഹമ്മദ് കാരകുന്ന് അവതാരിക എഴുതി ഐ.പി.എച്ച് ആണത് പ്രസിദ്ധീകരിച്ചത്.
ധര്‍മാധര്‍മ ബോധത്തോടെയാണല്ലോ മനുഷ്യന്‍ കര്‍മങ്ങള്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ മനുഷ്യന്റെ കര്‍മങ്ങള്‍ക്ക് ഭൗതികമാനം മാത്രമല്ല, ധാര്‍മികമാനം കൂടിയുണ്ട്. അതിനാല്‍ സ്വാഭാവികമായും മനുഷ്യകര്‍മങ്ങള്‍ക്ക് ധാര്‍മിക നിയമങ്ങളും ധാര്‍മിക ഫലങ്ങളും ബാധകമാവണം. സല്‍ക്കര്‍മിക്ക് രക്ഷ, ദുഷ്‌കര്‍മിക്ക് ശിക്ഷ, നിരപരാധിക്ക് നീതി ഇതെല്ലാം കര്‍മങ്ങളുടെ ധാര്‍മിക ഫലങ്ങളുമായി ബന്ധപ്പെട്ടതാണല്ലോ.
എന്നാല്‍, പക്ഷിമൃഗാദികളുടെ കര്‍മങ്ങള്‍ക്ക് ധാര്‍മിക മാനങ്ങളില്ല. ശക്തനായ ഒരു പോത്ത് ദുര്‍ബലനായ ഒരു പോത്തിനെ കുത്തിക്കൊന്നാല്‍ വിചാരണയും ശിക്ഷയും അനിവാര്യമാവാത്തത് അതുകൊണ്ടാണ്. കാരണം പോത്തിന്റെ കര്‍മത്തിന് ഭൗതികമാനം മാത്രമാണുള്ളത്; ധാര്‍മിക മാനമില്ല. അതിനാലവിടെ ധാര്‍മിക നിയമം ബാധകമാക്കേണ്ടതില്ല. ആ കര്‍മത്തിന്റെ ധാര്‍മിക ഫലമായ ശിക്ഷ അനുഭവിക്കേണ്ടതുമില്ല. എന്നാല്‍, ശക്തനായ ഒരു മനുഷ്യന്‍ ദുര്‍ബലനായ ഒരു നിരപരാധിയെ കൊന്നാലോ? വിചാരണയും ശിക്ഷയും നിര്‍ബന്ധമാവും. കാരണം, മനുഷ്യ കര്‍മങ്ങള്‍ക്ക് ഭൗതിക മാനം മാത്രമല്ല, ധാര്‍മിക മാനവുമുണ്ട്. ഇവിടെ ധാര്‍മിക നിയമം ബാധകമാക്കണം എന്നുറപ്പല്ലേ? ഭൗതിക ലോകം പക്ഷേ, അതിനു പര്യാപ്തമാണോ? കുറ്റവാളിയായ കൊലയാളിയെ കൊല്ലാം. അതുകൊണ്ടു മാത്രം കൊല്ലപ്പെട്ട നിരപരാധിക്ക് നീതി കിട്ടുമോ? സ്വന്തം ജീവന്‍ വരെ ബലി നല്‍കി മറ്റുള്ളവരെ രക്ഷപ്പെടുത്തിയ എത്രയെത്ര നല്ല മനുഷ്യര്‍. ആ നല്ല മനുഷ്യരുടെ നല്ല കര്‍മങ്ങള്‍ക്ക് നല്ല പ്രതിഫലം നല്‍കാന്‍ ഇവിടെ എന്ത് സംവിധാനമാണുള്ളത്? ഇങ്ങനെയുള്ള പല പരിമിതികളും ഭൗതികലോകത്തിനുണ്ട്. കുറ്റമറ്റ നീതി ഇവിടെ അസാധ്യമാണ്. അതിനാല്‍, മരണാനന്തര ജീവിതം ഉണ്ടായേ മതിയാവൂ. സത്യസന്ധരായ പ്രവാചകന്മാരുടെ സാക്ഷ്യവും അതിനുണ്ട്. അതിനാല്‍ അതൊരു യാഥാര്‍ഥ്യമാണെന്നുറപ്പാണല്ലോ. ഈ ബോധ്യമാണ് ജീവിതത്തിന് അര്‍ഥവും ദിശാബോധവും നല്‍കിയത്.
പഴയകാല ഓര്‍മകള്‍ കുറിക്കുന്നതിനിടയിലാണ് ദൈവതീരുമാനപ്രകാരം അമ്മയുടെ മരണമുണ്ടായത്. അതിനാലാണ് മരണാനന്തര കാര്യങ്ങള്‍ അല്‍പം പങ്കുവെച്ചത്.
1995 ഫെബ്രുവരി ഒന്നാം തീയതിയായിരുന്നു ഇസ്‌ലാം സ്വീകരിച്ചതിനു ശേഷമുള്ള ആദ്യ റമദാന്‍ കടന്നുവന്നത്. ജീവിതത്തില്‍ ആദ്യമായി നോമ്പെടുക്കാന്‍ പോകുന്നു! ഒരുപക്ഷേ ഇത്രയും ജാഗ്രതയോടെ, സൂക്ഷ്മതയോടെ 'നിയ്യത്ത്' വെച്ച മറ്റൊരു നോമ്പും ഉണ്ടായിട്ടുണ്ടാവില്ല. ജീവിതത്തിലെ ആദ്യ നോമ്പാണല്ലോ. നോമ്പിന് ഉപവാസം എന്നും പറയും. ഉപവാസം എന്നാല്‍ 'കൂടെത്താമസം' എന്നര്‍ഥമുണ്ട്. സൃഷ്ടിച്ച ദൈവത്തിന്റെ കൂടെയുള്ള താമസമാണത്! അതിനവസരം ലഭിക്കുക എന്നതിനേക്കാള്‍ വലിയ ഭാഗ്യം മറ്റെന്തുണ്ട്?
അമ്മയൊഴിച്ച് സ്വന്തക്കാരാരുമറിയാതെ രഹസ്യമായിട്ടായിരുന്നു ആദ്യ നോമ്പ്. ആ സുദിനത്തില്‍ ഡയറിയില്‍ കുറിച്ചിട്ട വാചകങ്ങള്‍ ഇങ്ങനെയാണ്: 'വിശുദ്ധിയുടെ പരിമളം വീശുന്ന, നന്മയുടെ മുത്തുമണികള്‍ വഴിഞ്ഞൊഴുകുന്ന റമദാന്‍; അതിന്റെ രാപ്പകലുകള്‍ മനുഷ്യഹൃദയങ്ങളെ ജീര്‍ണതകളില്‍നിന്നകറ്റി, സദാചാര ബോധം നിലനിര്‍ത്താനുതകുന്ന തരത്തില്‍ പുണ്യനിര്‍ഭരങ്ങളാക്കുന്നു.' പരിശുദ്ധ റമദാനെ അങ്ങനെയാണ് മനസ്സിലാക്കിയത്.
ആദ്യ റമദാന്റെ പകലുകള്‍ വല്ലാത്ത പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോയത്. വിശപ്പും ദാഹവും പ്രയാസമായി തോന്നിയിട്ടേയില്ല. അതേസമയം ഗൃഹാന്തരീക്ഷം സുഗമമായി നോമ്പനുഷ്ഠിക്കാന്‍ പാകപ്പെട്ടിരുന്നില്ല. മുസ്‌ലിം സമുദായത്തില്‍ പിറന്ന ഒരാള്‍ക്ക് സ്വന്തം ഗൃഹാന്തരീക്ഷം റമദാന്‍ കാലത്ത് നോമ്പനുഷ്ഠിക്കാതിരിക്കാന്‍ പറ്റാത്ത വിധത്തിലായിരിക്കും. എന്നാല്‍, മറ്റൊരു കുടുംബാന്തരീക്ഷത്തില്‍നിന്ന് രഹസ്യമായി ദൈവമാര്‍ഗത്തിലേക്ക് വന്നവരെ സംബന്ധിച്ചേടത്തോളം സ്വന്തം ഗൃഹാന്തരീക്ഷവും ചുറ്റുപാടും നേരെ തിരിച്ചായിരിക്കുമല്ലോ.
ആരുമറിയാതെയാണ് ആദ്യത്തെ അത്താഴം കഴിച്ചത്. കരിച്ചതും പൊരിച്ചതുമില്ലാത്ത 'ദരിദ്രമായ' അത്താഴം. പരസ്പരം പറയാന്‍ ആരോരുമില്ലാത്ത, ചീവീടുകളുടെ സംഗീതം മാത്രം കേട്ടുകൊണ്ടുള്ള ആദ്യത്തെ അത്താഴം. പക്ഷേ, പ്രാര്‍ഥന കൊണ്ട് സമ്പന്നമായിരുന്നു. അന്നത്തെ ദരിദ്രമായ അത്താഴത്തോളം പുണ്യം ഇന്നത്തെ സമ്പന്നമായ അത്താഴങ്ങള്‍ക്കുണ്ടാവാന്‍ വഴിയില്ല. പ്രയാസങ്ങള്‍ക്കിടയിലും അമ്മ ഒപ്പം നിന്ന കാര്യം കഴിഞ്ഞ ലക്കത്തിലെ അനുസ്മരണക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നുവല്ലോ.
ആദ്യത്തെ നോമ്പുതുറ അസീസ് സാഹിബിന്റെ വീട്ടില്‍ വെച്ചായിരുന്നു. മോഹന്‍ദാസും കൂടെയുണ്ടായിരുന്നു. നാരങ്ങാ വെള്ളവും തരിക്കഞ്ഞിയും പഴങ്ങളും ഒരുക്കിവെച്ച ടേബിളിന്റെ മുമ്പില്‍ വറ്റിവരണ്ട ചുണ്ടുകളും ഒട്ടി ഉണങ്ങിയ വയറുമായി ബാങ്കിന്റെ വിളിയൊച്ച കേള്‍ക്കാനുള്ള കാത്തിരിപ്പിനെ എങ്ങനെ വിവരിക്കണമെന്നറിയില്ല. ഒഴിഞ്ഞ ആമാശയത്തെയും നിറഞ്ഞ ആത്മാവിനെയും പരസ്പരം ബന്ധിപ്പിക്കുകയായിരുന്നു നോമ്പുതുറ. ഭൗതികതയെയും ആത്മീയതയെയും ബന്ധിപ്പിക്കുന്ന, ഇഹലോകത്തെയും പരലോകത്തെയും ബന്ധിപ്പിക്കുന്ന പ്രക്രിയയായിട്ടാണ് നോമ്പു തുറക്കുന്ന നിമിഷങ്ങള്‍ അനുഭവപ്പെട്ടിട്ടുള്ളത്.
കുടുംബാന്തരീക്ഷം പ്രതികൂലമായതിനാല്‍ ആദ്യ റമദാനില്‍ എല്ലാ നോമ്പുകളും കൃത്യമായി അനുഷ്ഠിക്കാന്‍ കഴിഞ്ഞിട്ടില്ല. അനിവാര്യമായ കുടുംബസന്ദര്‍ശന വേളകളില്‍ നോമ്പ് മുറിക്കേണ്ടി വരും. എന്നാലും പരമാവധി പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കും. ഒരു ദിവസം സഹോദരിയുടെ വീട്ടില്‍ പോകേണ്ടിവന്നപ്പോള്‍ ബോധപൂര്‍വം യാത്ര വൈകിച്ച് മഗ്‌രിബ് ബാങ്കിന്റെ തൊട്ടുമുമ്പ് സഹോദരിയുടെ വീടിന്റെ തൊട്ടടുത്ത സ്റ്റോപ്പില്‍ ബസ്സിറങ്ങി. ബാങ്കു വിളി കേട്ട ഉടനെ പെട്ടിക്കടയില്‍നിന്ന് സര്‍ബത്ത് വാങ്ങി നോമ്പു തുറന്നതിന്റെ മധുരം ഇന്നത്തെ വിഭവസമൃദ്ധമായ നോമ്പുതുറക്കുണ്ടാവാറില്ല. നോമ്പ് തുറന്നതിന്റെയോ നോമ്പു തുറന്നപ്പോള്‍ കുടിച്ച സര്‍ബത്തിന്റെയോ മധുരമല്ല അത്. പ്രതികൂലമായ സാഹചര്യത്തില്‍ നോമ്പ് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതിന്റെ മധുരമായിരുന്നു.
ഇതിനിടയില്‍ എസ്.ഐ.ഒവിന്റെ മേല്‍നോട്ടത്തില്‍ വാഴകൃഷി ആരംഭിച്ചിരുന്നു. പെട്ടെന്ന് മഴ കിട്ടിയപ്പോള്‍ കൃഷിപ്പണി തുടങ്ങേണ്ടി വന്നു. നോമ്പെടുത്തുകൊണ്ടാണ് സുഹൃത്തുക്കളോടൊപ്പം പണിക്കിറങ്ങിയത്. പക്ഷേ, പൂര്‍ത്തീകരിക്കാന്‍ കഴിയാതെ നോമ്പു മുറിക്കേണ്ടി വന്നു. അതൊരു നൊമ്പരമായി. വേദനയോടെ നാഥനോട് മാപ്പിരന്ന കാര്യം ഡയറിയില്‍ കുറിച്ചിട്ടു.
ആദ്യ തറാവീഹ് നമസ്‌കാരം ചുണ്ടോട്ടുകുന്ന് പള്ളിയില്‍ വെച്ചായിരുന്നു. പള്ളിയുടെ പണി പൂര്‍ത്തിയായിട്ടുണ്ടായിരുന്നില്ല. ഇശാ നമസ്‌കാരാനന്തരം നീണ്ട ഖുര്‍ആന്‍ പാരായണത്തോടെ നടന്ന നമസ്‌കാരം ആത്മീയ ലോകത്തേക്കുള്ള ഒരു പാഞ്ഞുകയറ്റമായിരുന്നു. ശരീരത്തെ പിടിച്ചുകെട്ടി ആത്മാവിനെ അഴിച്ചുവിട്ടതുപോലെ. പകലന്തിയോളം ശാരീരികേഛകളെ പിടിച്ചുകെട്ടി രാത്രിയില്‍ ആത്മാവിനെ അഴിച്ചുവിടുന്ന ആരാധന! ശാരീരികേഛകളുടെ തടങ്കലില്‍നിന്ന് ആത്മാവിനെ മോചിപ്പിക്കുന്ന തരത്തിലുള്ള റമദാനിലെ വ്രതവും നീണ്ട നമസ്‌കാരവുമൊക്കെ പ്രത്യക്ഷത്തില്‍ ഒരു ശിക്ഷയായി തോന്നാം. അതിന്റെ പൊരുളറിയുമ്പോഴാണ് യഥാര്‍ഥത്തില്‍ അതൊരു ശിക്ഷണമാണെന്ന് തിരിച്ചറിയുക.
നോമ്പ് അനുഷ്ഠിക്കല്‍ തികച്ചും വ്യക്തിപരമായ ബാധ്യതയാണ്. എന്നാല്‍, 'നോമ്പു തുറപ്പിക്കല്‍' ഒരു സാമൂഹിക പ്രക്രിയയാണ്. പലരും നോമ്പു തുറക്കാന്‍ വേണ്ടി അവരുടെ വീടുകളിലേക്ക് വിളിച്ചിരുന്നു. അസീസ് സാഹിബ്, നാസര്‍, ലത്തീഫ്, ഉണ്ണീന്‍ കാക്ക, കുഞ്ഞായമു, മൗലവി മാഷ് ഇങ്ങനെ തുടങ്ങി പലരും. തികച്ചും വ്യക്തിപരമായൊരു ദൈവാരാധന പോലും സാഹോദര്യ ബന്ധങ്ങളെ ശക്തിപ്പെടുത്താനുള്ള നിമിത്തമായി മാറുന്നു! ഇത് വളരെ ശ്രദ്ധേയമായി തോന്നി. ഇസ്‌ലാമിന്റെ ഏത് ആരാധനകള്‍ എടുത്തുനോക്കിയാലും അതില്‍ ദൈവികതയും മാനവികതയും ചേര്‍ന്നു നില്‍ക്കുന്നതായി കാണാം.
വിവിധ വിശ്വാസക്കാരെയും വീക്ഷണക്കാരെയും ഒന്നിച്ചിരുത്തി നടത്തുന്ന 'ഇഫ്ത്വാര്‍ സംഗമങ്ങള്‍' വളരെ ആകര്‍ഷകമായി തോന്നിയിട്ടുണ്ട്. വിശ്വാസ വൈവിധ്യങ്ങള്‍ മാനുഷിക ബന്ധങ്ങള്‍ക്ക് തടസ്സമാവരുത് എന്ന സന്ദേശമാണതില്‍നിന്ന് വായിച്ചെടുക്കാന്‍ കഴിഞ്ഞത്. വ്യത്യസ്ത വിശ്വാസങ്ങളുള്ളവരെയും വീക്ഷണക്കാരെയും ഒന്നിച്ചിരുത്താന്‍ ഒരു ആരാധന തന്നെ കാരണമാവുകയാണല്ലോ. ഇതിന് സമാനമായ ഒരാരാധന മറ്റൊരു വിശ്വാസ സംസ്‌കാരത്തിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
റമദാന്‍ അവസാനിച്ചതോടെ ചെറിയ പെരുന്നാളായി. തലേന്നാള്‍ 'ഫിത്വ്ര്‍ സകാത്തി'ന്റെ വിതരണം നടന്നു. ജീവിതത്തിലാദ്യമായി ഫിത്വ്ര്‍ സകാത്ത് നല്‍കി. നോമ്പിലെ അപാകതകള്‍ പരിഹരിക്കാനുള്ളതാണ് അത്. ഫിത്വ്ര്‍ സകാത്ത് യഥാര്‍ഥത്തില്‍ ദരിദ്രന്റെ 'അവകാശ'മാണ്. അതിന്റെ വിതരണം കാരുണ്യത്തിന്റെ വിതരണം പോലെയാണ്. ഇസ്‌ലാമില്‍ ദരിദ്രനെ അവഗണിച്ചുകൊണ്ടുള്ള ഒരാഘോഷവുമില്ല. ദൈവാരാധനയില്‍ മുതല്‍ പ്രായശ്ചിത്തത്തില്‍ വരെ ദരിദ്രനെ പരിഗണിക്കണം. ഇസ്‌ലാമിന്റെ ഈ സമീപനം അതിമനോഹരമായി തോന്നി.
പെരുന്നാള്‍ സുദിനം കടന്നുവന്നു. കൂട്ടുകുടുംബങ്ങള്‍ കൂടെയില്ലാത്ത ആഘോഷം. ആഘോഷത്തിന് അതുണ്ടാക്കുന്ന പരിമിതി പറയേണ്ടതില്ലല്ലോ. അന്ന് വൈകുന്നേരം കാരക്കുളവന്‍ ഹാജിയാരുടെ മുറ്റത്തു വെച്ച് 'ഈദ് സുഹൃദ് സംഗമം' സംഘടിപ്പിച്ചു. പ്രദേശത്തെ ധാരാളം ആളുകള്‍ പങ്കെടുത്തിരുന്നു. മുമ്പ് സൂചിപ്പിച്ച, തൃശൂരില്‍ നടന്ന ഹിന്ദു-മുസ്‌ലിം ഡയലോഗിന്റെ സി.ഡി പ്രദര്‍ശനമായിരുന്നു മുഖ്യ പരിപാടി.
(തുടരും)
Comments