മാലിക് ബിന്നബി ഇസ്‌ലാമിക നാഗരികതയുടെ ദാര്‍ശനികന്‍
1905-ല്‍ അള്‍ജീരിയന്‍ നഗരമായ കോണ്‍സ്റ്റന്റൈനില്‍ ഒരു ദരിദ്ര കുടുംബത്തിലാണ് മാലിക് ബിന്നബിയുടെ ജനനം. തബസ്സ നഗരഭരണസമിതിയില്‍ സാധാരണ ഉദ്യോഗസ്ഥനായിരുന്ന പിതാവ് ഉമറും, നെയ്ത്തുജോലി ചെയ്തിരുന്ന കുടുംബിനിയായ ഉമ്മ സഹീറയും ചേര്‍ന്ന നല്ല ദീനീ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. 'ശാഹിദുല്‍ ഖര്‍ന്' എന്ന തന്റെ ഓര്‍മക്കുറിപ്പില്‍, ഉമ്മയുടെ പൂര്‍വികര്‍ തുനീഷ്യയിലേക്കും അള്‍ജീരിയയിലേക്കും കുടിയേറിയതിനെ കുറിച്ച് മാലിക് ബിന്നബി പറയുന്നുണ്ട്. ഫ്രഞ്ച് അധിനിവേശ പട്ടാളം തങ്ങളുടെ പെണ്‍മക്കളെ മാനഭംഗപ്പെടുത്തുമോ എന്ന ഭയമായിരുന്നു ആ കുടിയേറ്റത്തിന് കാരണം. സ്വന്തം ഉമ്മൂമ്മയില്‍നിന്നാണ് ഫ്രഞ്ച് കോളനിവത്കരണത്തിന്റെ അതിക്രമങ്ങളെ കുറിച്ചും, ഇസ്‌ലാമിക മൂല്യങ്ങളിലും അറബി ഭാഷയിലും ആത്മാഭിമാനം കൊള്ളേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും മാലിക് ബിന്നബി മനസ്സിലാക്കുന്നത്. ഇസ്‌ലാഹി പ്രസ്ഥാനങ്ങളുമായും സൂഫി ത്വരീഖത്തുകളുമായും, പ്രത്യേകിച്ച് ഈസവിയ്യ ത്വരീഖത്തുമായി അദ്ദേഹത്തിന്റെ കുടുംബത്തിന് ബന്ധമുണ്ടായിരുന്നു. ഇതൊക്കെയും ഇസ്‌ലാഹി - നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ മാലിക് ബിന്നബിക്ക് പ്രേരണയായി.
അദ്ദേഹത്തെ ഖുര്‍ആന്‍ പഠിപ്പിക്കണമെന്ന് മാതാവിന് അതിയായ ആഗ്രഹമുണ്ടായിരുന്നു. എത്രത്തോളമെന്നു വെച്ചാല്‍, അധ്യാപകന് വേതനം നല്‍കാന്‍ വേണ്ടി അവര്‍ സ്വന്തം വീട്ടുപകരണം വരെ പണയം വെക്കുകയുണ്ടായി. ഇതൊക്കെ മാലികിന് ഖുര്‍ആനുമായി ആഴത്തില്‍ അടുപ്പമുണ്ടാകാനും, അള്ളാഹിറതുല്‍ ഖുര്‍ആനിയ്യ (ഖുര്‍ആനിക പ്രതിഭാസം) എന്ന ഗ്രന്ഥത്തിലൂടെ ഓറിയന്റലിസ്റ്റുകള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാനും നിമിത്തമായി. അള്‍ജീരിയയിലെ കുത്താബില്‍നിന്നും ഫ്രഞ്ച് സ്‌കൂളുകളില്‍നിന്നും വിദ്യാഭ്യാസം നേടിയ മാലിക് ബിന്നബി, പിന്നീട് അള്‍ജീരിയയിലെ തന്നെ 'മദ്‌റസത്തു സയ്യിദില്‍ ജലീസ്' എന്ന ഇസ്‌ലാമിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ബിരുദം നേടി. ഉന്നത വിദ്യാഭ്യാസത്തിനായി ഫ്രാന്‍സിലെത്തിയ അദ്ദേഹം 1930-ല്‍ എഞ്ചിനീയറിംഗ് ബിരുദം കരസ്ഥമാക്കി.
പഠനകാലങ്ങളില്‍ അദ്ദേഹം ധാരാളമായി വായിക്കുകയും സമാനതകളില്ലാത്ത വിധം സ്വയം പഠിക്കുകയും ചെയ്തിരുന്നു.
പാശ്ചാത്യ - പൗരസ്ത്യ ദേശങ്ങള്‍ക്കിടയില്‍
ഫ്രാന്‍സിലെ 30 വര്‍ഷത്തെ ജീവിതത്തിനു ശേഷം 1956 -ല്‍ മാലിക് ബിന്നബി ഈജിപ്തിലേക്ക് പോയി. കെയ്‌റോവില്‍ വെച്ചാണ് അദ്ദേഹം അറബി ഭാഷ ആഴത്തില്‍ പഠിച്ചത്. അതിനു മുമ്പ് ഫ്രഞ്ച് ഭാഷയിലായിരുന്നു അദ്ദേഹം അധികവും സംസാരിക്കുകയും എഴുതുകയും ചെയ്തിരുന്നത്. ഈജിപ്തില്‍ ആയിരിക്കെ അദ്ദേഹത്തിന്റെ ചില പ്രധാന കൃതികള്‍ ഡോ. അബ്ദുസ്സ്വബ്ബൂര്‍ ശാഹീന്‍ അറബിയിലേക്ക് മനോഹരമായി വിവര്‍ത്തനം ചെയ്യുകയുണ്ടായി. ഈ വിവര്‍ത്തനങ്ങളാണ് അറബ് വൃത്തങ്ങളില്‍ മാലികിനെ പ്രശസ്തനാക്കിയത്. ഈജിപ്തിലെ അന്നത്തെ പ്രസിഡന്റ് അബ്ദുന്നാസിറുമായും അദ്ദേഹത്തിന് സമ്പര്‍ക്കമുണ്ടായിരുന്നു. ഈജിപ്ഷ്യന്‍ ഭരണകൂടം അദ്ദേഹത്തിന് പ്രതിമാസ ശമ്പളം അനുവദിച്ചു. ഇത് ഏഴു വര്‍ഷക്കാലം എഴുത്തിനും പ്രഭാഷണത്തിനുമായി ഒഴിഞ്ഞിരിക്കാന്‍ അദ്ദേഹത്തിന് സൗകര്യമൊരുക്കി. അദ്ദേഹം കെയ്‌റോവിലായിരിക്കെയാണ് അള്‍ജീരിയന്‍ വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്. ആ സന്ദര്‍ഭത്തില്‍ അതിനു വേണ്ടി മാത്രം അദ്ദേഹം അനവധി രചനകള്‍ നടത്തുകയുണ്ടായി.
1963-ല്‍ അള്‍ജീരിയയില്‍ തിരിച്ചെത്തിയ മാലിക് ഉന്നത വിദ്യാഭ്യാസ ഉപദേഷ്ടാവ്, അള്‍ജീരിയന്‍ സര്‍വകലാശാലാ ഡയറക്ടര്‍, ഉന്നതവിദ്യാഭ്യാസ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള നിരവധി അക്കാദമിക പദവികള്‍ വഹിച്ചു. ധൈഷണിക പ്രവര്‍ത്തനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനായി 1967-ല്‍ ജോലി രാജിവെച്ചു. 1973 ഒക്‌ടോബര്‍ 31-ന് ഈ ലോകത്തോട് വിടവാങ്ങുന്നതു വരെ അദ്ദേഹം എഴുത്തും വായനയുമായി കഴിഞ്ഞു. മുപ്പതോളം ഗ്രന്ഥങ്ങളടങ്ങിയ ധന്യമായ ധൈഷണിക പൈതൃകം അദ്ദേഹത്തിനുണ്ടെങ്കിലും അതില്‍ 20 ഗ്രന്ഥങ്ങളാണ് ഇതുവരെയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. ബാക്കി കൈയെഴുത്തു പ്രതികളാക്കി അവശേഷിക്കുന്നു. അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ് അള്ളാഹിറതുല്‍ ഖുര്‍ആനിയ്യ, വിജഹതുല്‍ ആലമില്‍ ഇസ്‌ലാമി, ശൂറൂത്വുന്നഹ്ദ, മുശ്കിലതുല്‍ അഫ്കാര്‍ ഫില്‍ ആലമില്‍ ഇസ്‌ലാമി എന്നിവ.
ഫെസ് പണ്ഡിതനും അതിന്റെ ചരിത്രകാരനുമായ ഡോ. അബ്ദുല്‍സ്സലാം അല്‍ ഹര്‍റാസ് ഈജിപ്തില്‍ മാലിക് ബിന്നബിയുടെ കൂടെ ഒരേ വീട്ടില്‍ താമസിച്ചിരുന്നു. അദ്ദേഹം പറയുന്നു: ''മാലിക് തന്റെ ജീവിതത്തിലും വ്യക്തിബന്ധങ്ങളിലും വിനയം കാത്തുസൂക്ഷിച്ചിരുന്ന സാധാരണ വ്യക്തിയായിരുന്നു. വളരെ ലളിതമായിരുന്നു ഞങ്ങളോടൊപ്പമുള്ള അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹത്തിന്റെ കൃതികള്‍ക്ക് പണം കിട്ടാന്‍ തുടങ്ങിയപ്പോള്‍ വീട്ടിലെ തന്റെ വിഹിതം അദ്ദേഹം നല്‍കിയിരുന്നു. ഞങ്ങള്‍ പരസ്പരം കണക്കുകള്‍ ചോദിച്ചിരുന്നതു പോലെ അദ്ദേഹത്തോടും ചോദിക്കും. അദ്ദേഹം നല്‍കും. ചിലപ്പോള്‍ ഞാന്‍ നിങ്ങളെ സഹായിക്കട്ടെ എന്ന് ചോദിക്കും. അപ്പോള്‍ ഞങ്ങള്‍ വേണ്ടെന്നു പറയും. അദ്ദേഹം അഭിമാനിയായിരുന്നു. താന്‍ കൊണ്ടുനടക്കുന്ന അറിവിന്റെയും ചിന്തയുടെയും മൂല്യത്തെ കുറിച്ച് ബോധ്യമുണ്ടായിരുന്നു. ചിലപ്പോള്‍ പരുഷമായി പെരുമാറും, ദേഷ്യപ്പെടും. അപ്പോള്‍ കൂട്ടുകാര്‍ക്ക് അദ്ദേഹത്തെ ഭയമാണ്. മറ്റു സന്ദര്‍ഭങ്ങളില്‍ അദ്ദേഹം ഉദാരനും സൗമ്യനും കൂട്ടുകാരോട് അങ്ങേയറ്റം ആത്മാര്‍ഥതയുള്ളവനുമായിരുന്നു.''
നവോത്ഥാന പാതയിലെ വെളിച്ചം
മാലിക് ബിന്നബിയുടെ നവോത്ഥാന യത്‌നങ്ങളെ രണ്ടായി തിരിക്കാം: ഒന്ന്, ഖുര്‍ആനിക പഠനം. രണ്ട്, നവോത്ഥാന ചിന്ത. മാലിക് ബിന്നബിയുടെ 'അള്ളാഹിറതുല്‍ ഖുര്‍ആനിയ്യാക്ക് ഡോ. മുഹമ്മദ് അബ്ദുല്ലാ ദറാസ് ആണ് ആമുഖം എഴുതിയത്. ഖുര്‍ആനിക സന്ദേശത്തിന്റെ മൗലികത സ്ഥാപിക്കുന്നതിനു വേണ്ടി ഭാഷാ വിശകലനത്തേക്കാള്‍ ചരിത്രപരവും യുക്തിപരവുമായ അപഗ്രഥനത്തെ അവലംബമാക്കുന്ന പുതിയ രീതി അദ്ദേഹം ആവിഷ്‌കരിക്കുകയുണ്ടായി. നവോത്ഥാനവുമായി ബന്ധപ്പെട്ടാണ് അധിക ഗ്രന്ഥങ്ങളും എന്നതിനാല്‍ അവയെ കേന്ദ്രീകരിച്ചാണ് നമ്മുടെ വിശകലനം.
മാലിക് ബിന്നബി ആധുനിക ഇസ്ലാമിക ചിന്തയുടെ നവീകരണത്തിനു വേണ്ടിയും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ഇസ്‌ലാമിക പ്രസ്ഥാനം ആശ്രയിച്ചിരുന്ന ചിന്താസ്രോതസ്സിന്റെ ശുദ്ധീകരണത്തിനു വേണ്ടിയും മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മാലിക് ബിന്നബി രൂപം നല്‍കിയ ചില സാങ്കേതിക പദങ്ങള്‍ വളരെ ജനകീയമാവുകയുണ്ടായി. അതില്‍ പെട്ടതാണ് കോളനിവല്‍ക്കരണവും കോളനിവല്‍ക്കരണ ആഭിമുഖ്യവും (അല്‍ ഖാബിലിയ്യത്തു ലില്‍ ഇസ്തിഅ്മാര്‍) തമ്മിലുളള ബന്ധം, മൃത ചിന്തകളും മാരക ചിന്തകളും (അല്‍ അഫ്കാറുല്‍ മൈതത്തു/ വല്‍ മുമയ്യിതഃ) തമ്മിലുള്ള ബന്ധം തുടങ്ങിയവ. ഇസ്‌ലാമിക നാഗരികതയുടെ പരിവര്‍ത്തന ഘട്ടങ്ങളെക്കുറിച്ച് പറയുമ്പോള്‍ ആധ്യാത്മികത (റൂഹ് )ക്ക് പ്രാമുഖ്യമുള്ളത്, ധൈഷണികത (അഖ്ല്‍)ക്ക് പ്രാമുഖ്യമുള്ളത്, ശാരീരികേഛകള്‍(ഗരീസ)ക്ക് വിധേയപ്പെടുന്നത് എന്നിങ്ങനെ മൂന്നായി തിരിക്കുന്ന അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ കേട്ടിട്ടില്ലാത്തവര്‍ കുറവായിരിക്കും.
മുസ്‌ലിം സമുദായം നേരിടുന്ന പ്രതിസന്ധി അടിസ്ഥാനപരമായി പ്രവര്‍ത്തന രീതിയുടെ പ്രശ്‌നമാണെന്നും അതൊരു നവോത്ഥാന വെല്ലുവിളിയാണെന്നും മാലിക് ബിന്നബി കരുതുന്നു. മൗലികമായതും പ്രയോഗക്ഷമമായതുമായ ഒരു രീതിശാസ്ത്രത്തിന്റെ അഭാവമാണ് യഥാര്‍ഥ പ്രശ്‌നം. സാമൂഹിക പരിവര്‍ത്തനത്തില്‍ ക്രിയാത്മകത വളരെ പ്രധാനമാണ്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പ്രത്യക്ഷപ്പെട്ട ചില പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ പ്രാചീന ദൈവശാസ്ത്ര മാതൃകയില്‍ അമൂര്‍ത്തമായ വിശ്വാസ കാര്യങ്ങളില്‍ മുഴുകി എന്നും, ചരിത്രത്തില്‍ ചലനത്തെ ത്വരിതപ്പെടുത്തുന്ന സര്‍ഗ ചിന്ത അവരില്‍ ഉണ്ടായില്ലെന്നും അദ്ദേഹം വിമര്‍ശിക്കുന്നു. അതുകൊണ്ട് ഈ പ്രസ്ഥാനങ്ങള്‍ക്ക് അവയുടെ യഥാര്‍ഥ സന്ദേശം പകര്‍ന്നുനല്‍കാനോ ചരിത്രപരമായ പങ്ക് നിര്‍വഹിക്കാനോ കഴിഞ്ഞില്ല. മുസ്‌ലിം അവന്റെ വിശ്വാസ സംഹിത ഉപേക്ഷിച്ചതല്ല ഇതിനൊന്നും കാരണം. മറിച്ച് വിശ്വാസത്തിന്റെ സാമൂഹിക ശോഭ വിട്ടുപോയതിനാല്‍, അതിന്റെ ക്രിയാത്മകത നഷ്ടപ്പെട്ടുപോയതാണ്.
അതിനാല്‍ മുസ്‌ലിമിനെ വീണ്ടും വിശ്വാസ കാര്യങ്ങള്‍ പഠിപ്പിക്കുക എന്നതല്ല, മറിച്ച് ഈ വിശ്വാസത്തിലേക്ക് അതിന്റെ ക്രിയാത്മകതയും യഥാര്‍ഥ കരുത്തും സാമൂഹിക പ്രതിബദ്ധതയും തിരിച്ചുകൊണ്ടുവരിക എന്നതാണ്, ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍, നമ്മള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളി. മുസ്‌ലിമിനോട് വീണ്ടും ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നതിനു പകരം, തന്റെ അസ്തിത്വത്തെക്കുറിച്ച് ആ മനുഷ്യനെ ബോധവാനാക്കുക എന്നതാണ് പ്രധാനം.
മനുഷ്യസത്തയുടെ പരിവര്‍ത്തനം
മാലിക് ബിന്നബി ഈജിപ്തുകാരനായ മുഹമ്മദ് അബ്ദുവിന്റെയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മഹാകവി മുഹമ്മദ് ഇഖ്ബാലിന്റെയും രീതിശാസ്ത്രങ്ങളെ താരതമ്യം ചെയ്തുകൊണ്ട്, രണ്ടും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിക്കുന്നുണ്ട്.
മുഹമ്മദ് അബ്ദുവിന്റേത് ദൈവശാസ്ത്ര താര്‍ക്കിക യുക്തിയാണ്. കേവല യുക്തി മാത്രമേ അതിന് ആവശ്യമുള്ളൂ. ഇഖ്ബാലിന്റേതാകട്ടെ, കര്‍മപരവും മനുഷ്യപ്രകൃതത്തെയും അവന്റെ സാമൂഹിക ചുറ്റുപാടിനെയും മാറ്റാന്‍ ലക്ഷ്യം വെച്ചുകൊണ്ടുള്ളതുമാണ്. മാലിക് എഴുതുന്നു: 'മുഹമ്മദ് അബ്ദുവിന്റെ നേതൃത്വത്തിലുള്ള ഉല്‍പ്പതിഷ്ണുക്കള്‍ വിഷയം അവതരിപ്പിക്കുന്നത് ദൈവശാസ്ത്രത്തിന്റെ ഭാഷയിലാണ്; ഇഖ്ബാല്‍ ആകട്ടെ, മറ്റു സാങ്കേതികപദങ്ങളെ കൂട്ടുപിടിച്ചും. ദൈവത്തെക്കുറിച്ച അറിവ് എന്നതിനേക്കാളുപരി, വിശാലവും സൂക്ഷ്മവുമായ അര്‍ഥത്തില്‍ ദൈവവുമായുള്ള ബന്ധം ആണ് ചര്‍ച്ചയാവേണ്ടത്. അതിനെ വചനശാസ്ത്ര ചര്‍ച്ചയായി ചുരുക്കരുത്. ഓരോ വ്യക്തിയിലും ദൈവാസ്തിക്യത്തിന്റെ പരംപൊരുളിന്റെ വെളിപ്പെടല്‍ (തജല്ലി) ആണ് സംഭവിക്കേണ്ടത്.' ഈയൊരു വ്യത്യാസം കാരണമാണ്, മുഹമ്മദ് അബ്ദുവിന്റെ നേതൃത്വത്തിലുള്ള ഇസ്‌ലാഹീ ചിന്താധാരക്ക് നിപുണരായ ജ്ഞാനികളെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞപ്പോഴും അവരെ നിസ്വാര്‍ഥരായ പ്രബോധകരാക്കി മാറ്റാന്‍ കഴിയാതിരുന്നത്. പ്രബോധകന്റെ ദൗത്യവും ആകുലതകളും അവരെ അലട്ടിയിരുന്നില്ല. കര്‍മത്തിനു പകരം വാദപ്രതിവാദ നൈപുണിയാണ് ആ ചിന്താധാരയിലെ പണ്ഡിതന്മാര്‍ ആര്‍ജിച്ചത്.
മാലിക് ബിന്നബിയുടെ അഭിപ്രായത്തില്‍ ഇസ്‌ലാഹി ചിന്താധാരക്ക് ഇസ്‌ലാമിക സമൂഹത്തില്‍ കുറേക്കൂടി ക്രിയാത്മകമായ സ്വാധീനം സൃഷ്ടിക്കാന്‍ സാധിക്കുമായിരുന്നു, ഇസ്‌ലാഹീ ചിന്താധാരക്ക് അതിന്റെ ചിന്തകളെ ഏകോപിപ്പിക്കാനും ഘടകങ്ങളെ സമന്വയിപ്പിക്കാനും സാധിച്ചിരുന്നെങ്കില്‍. മുഹമ്മദ് അബ്ദുവിന്റെ മൗലികാദര്‍ശ ചിന്തകളെയും അഫ്ഗാനിയുടെ രാഷ്ട്രീയ-സാമൂഹിക ചിന്തകളെയും ഐക്യപ്പെടുത്തിയിരുന്നുവെങ്കില്‍, കേവല വിശ്വാസ സംസ്‌കരണം എന്നതിനപ്പുറത്തേക്ക് വളരാന്‍ ഇസ്‌ലാഹി ചിന്തക്ക് കഴിയുമായിരുന്നു.
ഖുര്‍ആനിക പരിചിന്തയും പ്രായോഗിക രീതിശാസ്ത്രത്തിലൂടെയുള്ള അതിന്റെ ആശയഗ്രഹണവും വഴി വിശ്വാസമുള്ള മനസ്സിന് സംതൃപ്തി സാധ്യമായിട്ടില്ലെങ്കില്‍ ആധ്യാത്മിക വെളിപാടോ യുക്തിചിന്തയോ ഫലം ചെയ്യുകയില്ല എന്ന് മാലികിനു മുമ്പേ ഇഖ്ബാല്‍ പറഞ്ഞിട്ടുണ്ട്. ഇഖ്ബാല്‍ തന്റെ 'ജിബ്‌രീലിന്റെ ചിറക്' എന്ന കവിതാ സമാഹാരത്തില്‍ പറയുന്നു:
ആത്മാവ്, ഖുര്‍ആനില്‍നിന്ന് പ്രയോജനം സ്വീകരിച്ചില്ലെങ്കില്‍
വെളിപാടോ വെളിപാട് കിട്ടിയവനോ അതിന് പ്രയോജനം ചെയ്യുകയില്ല.
മാലികിനു മുമ്പു തന്നെ ഇഖ്ബാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഖുര്‍ആനികാശയങ്ങളെ പര്യാലോചന (തദബ്ബുര്‍) നടത്തുകയും എന്നിട്ട് സുശക്തമായ ഒരു കര്‍മപദ്ധതി ആവിഷ്‌കരിക്കുകയും ചെയ്തില്ലെങ്കില്‍ 'കശ്ഫി'നോ 'കശ്ശാഫി'നോ ഒന്നും ചെയ്യാനാവില്ലെന്നാണ് ഇഖ്ബാല്‍ പറഞ്ഞത് (സൂഫി ചിന്തയെ പ്രതിനിധീകരിക്കുന്ന കശ്ഫും സമഖ്ശരിയുടെ 'കശ്ശാഫ്' എന്ന ഗ്രന്ഥത്തിലൂടെ പ്രതീകവല്‍ക്കരിച്ച ദൈവശാസ്ത്രവും എന്നര്‍ഥം). പരമ്പരാഗത ദൈവശാസ്ത്രം അടിസ്ഥാന മുസ്‌ലിം പ്രശ്‌നത്തെ അതിന്റെ ആധാരങ്ങളില്‍ തെറ്റിച്ചുകളയുന്നു എന്നാണ് ഇഖ്ബാലും മാലികും സമാന ചിന്താഗതിക്കാരും വാദിച്ചത്. മുസ്‌ലിംകളുടെ ചരിത്ര അനുഭവം ഇതിനു സാക്ഷിയത്രെ. മാലിക് പറഞ്ഞതു പോലെ, തര്‍ക്കിക്കുന്നവര്‍ യാഥാര്‍ഥ്യങ്ങളെയല്ല, തെളിവുകളെയാണ് അന്വേഷിക്കുന്നത്. ഇല്‍മുല്‍ കലാം എന്ന ദൈവശാസ്ത്രശാഖക്ക്, ദീനിന്റെ സാമൂഹിക ധര്‍മം എന്ന പ്രശ്‌നത്തെ അഭിസംബോധന ചെയ്യാന്‍ കഴിയില്ല.
മാലിക് ബിന്നബിയുടെ അഭിപ്രായത്തില്‍, അദൃശ്യകാര്യങ്ങളെ സംബന്ധിച്ച തര്‍ക്കങ്ങളില്‍ സമകാലീന മുസ്‌ലിം സമൂഹം പെട്ടുപോകാനുള്ള കാരണമിതാണ്. സകല മനുഷ്യേന്ദ്രിയങ്ങള്‍ക്കും അപ്രാപ്യമായ കാര്യങ്ങളെക്കുറിച്ചാണ് ചര്‍ച്ച എന്നതിനാല്‍ ഖണ്ഡിതമായ ഒരു തീരുമാനത്തിലും എത്താന്‍ കഴിയില്ല. വൈജ്ഞാനിക മൂല്യവും അത്തരം ചര്‍ച്ചകള്‍ക്ക് ഉണ്ടാവാറില്ല. ഒരു കര്‍മപദ്ധതിയും ആ ചര്‍ച്ച വഴി ഉരുത്തിരിഞ്ഞു വരില്ല. ഇതു വഴി നഷ്ടപ്പെട്ടതൊക്കെ തിരിച്ചുപിടിക്കാനായിരുന്നു ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ആവിര്‍ഭവിച്ചത്.
ഇസ്‌ലാമിക നാഗരികതയുടെ ദാര്‍ശനികനായ മാലിക് ബിന്നബിയുടെ മേല്‍ അല്ലാഹു കാരുണ്യം ചൊരിയുമാറാകട്ടെ.
വിവ: ഹുദ അബ്ദുല്‍ കരീം
(അല്‍ ജാമിഅ ശാന്തപുരം)
Comments