Prabodhanm Weekly

Pages

Search

2021 ജനുവരി 22

3186

1442 ജമാദുല്‍ ആഖിര്‍ 09

'മറ്റുള്ളവരുടെ അജണ്ടയില്‍ വീണ് മുസ്‌ലിം സമൂഹം ഭിന്നിക്കരുത്'

അബ്ദുസ്സമദ് പൂക്കോട്ടൂര്‍/ ബഷീര്‍ തൃപ്പനച്ചി

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തില്‍ സി.പി.എം ആരംഭിച്ച സാമുദായിക ധ്രുവീകരണ പ്രചാരണങ്ങളും ആരോപണങ്ങളും ഇപ്പോഴും തുടരുകയാണ്. സമസ്തയും മുസ്‌ലിം ലീഗുമടക്കമുള്ള കൂട്ടായ്മകള്‍ക്കെതിരെയും സി.പി.എം നേതാക്കള്‍ വര്‍ഗീയ ചുവയുള്ള ആരോപണം ഉയര്‍ത്തിയിരുന്നു. ഹസന്‍-കുഞ്ഞാലിക്കുട്ടി-അമീര്‍ എന്നിങ്ങനെ ചിലരെ മാത്രം ചേര്‍ത്തു പറഞ്ഞ് ഇതര സമൂഹങ്ങളെ ഭീതിയിലാഴ്ത്താനുള്ള ശ്രമങ്ങളും നടന്നു. ഇതെല്ലാം കേരളീയ സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എന്തെല്ലാമാണ്?


ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി മതസൗഹാര്‍ദം ആഴത്തില്‍ വേരൂന്നിയ സംസ്ഥാനമാണ് കേരളം. അതിനെ തകര്‍ക്കുന്ന പ്രചാരണം ആര് നടത്തിയാലും അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും. അത്തരം പ്രചാരണങ്ങള്‍ വോട്ട് നേടാനും ഭരണം നിലനിര്‍ത്താനുമൊക്കെ സഹായകമായേക്കാം. പക്ഷേ വര്‍ഗീയ ധ്രുവീകരണം സംഭവിച്ചാല്‍ കേരളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സാമൂഹിക സൗഹാര്‍ദാന്തരീക്ഷത്തിന് മാറ്റം വരും. അത് ഭാവി സാമൂഹിക ജീവിതം ദുസ്സഹമാക്കും. ഭരണപക്ഷമായാലും പ്രതിപക്ഷമായാലും ഇത്തരം പ്രചാരണങ്ങളിലൂടെ അധികാരം ലക്ഷ്യമിടുന്നത് തികച്ചും ആത്മഹത്യാപരമാണ്. വോട്ടിനു വേണ്ടി ഏതു രീതിയും സ്വീകരിക്കാന്‍ തീരുമാനിച്ചാല്‍ ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ മോഡലിലേക്ക് കേരളവും മാറാന്‍ അധികകാലം വേണ്ടിവരില്ല. സാമുദായിക ധ്രുവീകരണ ശ്രമങ്ങള്‍ക്ക് തടയിടേണ്ട ഉത്തരവാദിത്വം ഭരണകൂടത്തിനാണ്. അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ തന്നെ ഈ ധ്രുവീകരണത്തില്‍ പങ്കാളികളാകുന്നത് ഒട്ടും ആശാസ്യമല്ല. സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ എല്‍.ഡി.എഫോ, യു.ഡി.എഫോ ആര് നടത്തിയാലും തെറ്റാണ്. സമൂഹമൊന്നടങ്കം ഭാവിയില്‍ അതിന് കനത്ത വില നല്‍കേണ്ടിവരും.

ഈ സാമുദായിക ധ്രുവീകരണ പ്രചാരണങ്ങള്‍ കാരണമായി കേരളത്തിലെ മുസ്‌ലിം -ക്രൈസ്തവ സമൂഹങ്ങള്‍ക്കിടയില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുസ്‌ലിം സമുദായം അനര്‍ഹമായി ന്യൂനപക്ഷ ക്ഷേമപദ്ധതികളും ഫണ്ടുകളും കൈയടക്കുന്നുവെന്ന ഗുരുതരമായ ആരോപണം ക്രൈസ്തവ സമൂഹത്തിലെ ചിലര്‍ ഉന്നയിക്കുകയുണ്ടായി. ഈ ആരോപണത്തില്‍ വസ്തുതകളുണ്ടോ?

കേരളത്തില്‍ പതിറ്റാണ്ടുകളായി വളരെ സൗഹാര്‍ദത്തില്‍ കഴിയുന്ന രണ്ട് ന്യൂനപക്ഷ വിഭാഗങ്ങളാണ് മുസ്‌ലിംകളും ക്രൈസ്തവരും. ആ സൗഹാര്‍ദത്തെ തകര്‍ക്കാനുള്ള ഗൂഢശ്രമങ്ങളുടെ ഭാഗമായി ഈ ആരോപണങ്ങളെ കാണാവുന്നതാണ്. മുസ്‌ലിംകള്‍ അനര്‍ഹമായി ന്യൂനപക്ഷ പ്രോജക്ടുകളും ഫണ്ടുകളും കൈയടക്കുന്നു എന്നത് തെറ്റായ പ്രചാരണമാണ്. എണ്‍പത് ശതമാനം മുസ്‌ലിംകള്‍ക്ക് ലഭിക്കുന്നുവെന്ന് പറയപ്പെടുന്ന മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പുകളും പോസ്റ്റ് -പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പുകളും പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടികളില്‍ പെട്ട മറ്റു ആനുകൂല്യങ്ങളും സച്ചാര്‍ കമീഷന്റെ ശിപാര്‍ശ പ്രകാരം മുസ്‌ലിംകള്‍ക്ക് ലഭിക്കുന്നതാണ്. ഇന്ത്യയിലെ മുസ്‌ലിം പിന്നാക്കാവസ്ഥ പഠിച്ച് അതിന് പ്രതിവിധി നിശ്ചയിക്കാന്‍ നിയുക്തമായ കമ്മിറ്റിയാണല്ലോ സച്ചാര്‍ കമീഷന്‍. ഇന്ത്യയിലെ മുസ്‌ലിംകള്‍ ദലിത്-ആദിവാസികളേക്കാള്‍ പിന്നാക്കമാണെന്നാണ് കണക്കുകളുടെയും വസ്തുതകളുടെയും വെളിച്ചത്തില്‍ സച്ചാര്‍ കമീഷന്‍ കണ്ടെത്തിയത്. ഇത് പരിഹരിക്കാന്‍ സാധ്യമായ ചില പ്രോജക്ടുകളും സ്‌കോളര്‍ഷിപ്പുകളും അവര്‍ നിര്‍ദേശിച്ചു. മുസ്‌ലിം സ്ഥാപനങ്ങളില്‍ നടന്നുവരുന്ന യുവജനങ്ങള്‍ക്കുള്ള കോച്ചിംഗ് സെന്ററുകള്‍ മുസ്‌ലിംകള്‍ക്ക് മാത്രമായി സച്ചാര്‍ കമീഷന്‍ നിര്‍ദേശിച്ച പശ്ചാത്തലമിതാണ്. മുസ്‌ലിംകളുടെ ഉന്നമനത്തിനായുള്ള കമീഷനായതിനാല്‍ മുസ്‌ലിം സമുദായത്തിന് മാത്രമായുള്ള പ്രോജക്ടുകളാണവര്‍ നിര്‍ദേശിച്ചത്. ഇന്ത്യയിലത് ആദ്യ സംഭവവുമല്ല. ഓരോ വിഭാഗത്തിന്റെയും സ്ഥിതി പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട കമീഷനുകള്‍ അവര്‍ക്ക് മാത്രമായുള്ള പ്രോജക്ടുകളാണ് സമര്‍പ്പിക്കാറുള്ളത്. വ്യത്യസ്ത കമ്യൂണിറ്റികളെ കുറിച്ച് പഠിക്കാനുള്ള കമീഷനുകളും അവയുടെ പരിഹാര പ്രോജക്ടുകളും ഇന്ത്യയില്‍ ധാരാളമുണ്ടായിട്ടുമുണ്ട്.
കേരളത്തിലിപ്പോള്‍ ജെ.ബി കോശി ചെയര്‍മാനായ കമീഷന്‍ ക്രിസ്ത്യാനികളുടെ മാത്രം പിന്നാക്കാവസ്ഥ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചതാണ്. ക്രിസ്റ്റി ഫെര്‍ണാണ്ടസും ജേക്കബ് പുന്നൂസുമാണ് അതിലെ മറ്റ് അംഗങ്ങള്‍. ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഉന്നമനത്തിനുള്ള ശിപാര്‍ശകളും പദ്ധതികളും മാത്രമായിരിക്കും ഈ കമീഷന്‍ സമര്‍പ്പിക്കുക. അതില്‍ മുസ്‌ലിംകള്‍ ഉള്‍പ്പെടില്ല. ആ കമീഷന്‍ വഴി നടപ്പാക്കുന്ന പദ്ധതികളിലും സ്‌കോളര്‍ഷിപ്പുകളിലും മുസ്‌ലിംകള്‍ക്ക് അര്‍ഹത ഉണ്ടാവില്ല. അതില്‍ അവകാശവാദം ഉന്നയിക്കാന്‍ മുസ്‌ലിംകള്‍ക്ക് പറ്റുകയുമില്ല.
എന്നാല്‍, മുസ്‌ലിംകളുടെ ഉന്നമനത്തിനായി മാത്രം രൂപം കൊണ്ട സച്ചാര്‍ കമീഷന്‍ പദ്ധതികള്‍ എങ്ങനെ കേരളത്തില്‍ നടപ്പിലാക്കണമെന്ന് ആലോചിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പാലൊളി കമ്മിറ്റിയെ നിശ്ചയിക്കുകയുണ്ടായി. അവരില്‍ ചിലര്‍ കേരളത്തിന്റെ പശ്ചാത്തലത്തില്‍, സച്ചാര്‍ കമീഷന്‍ നിര്‍ദേശിച്ച മുസ്‌ലിം പ്രോജക്ടുകളുടെ പേര് മാറ്റി മൈനോറിറ്റി പ്രോജക്ടുകള്‍ എന്നാക്കണമെന്ന് ശഠിച്ചു. പദ്ധതികളുടെ പേരിലൊക്കെ മുസ്‌ലിം എന്ന് കാണുന്നതും കേള്‍ക്കുന്നതും പ്രശ്‌നമാകുമെന്നായിരുന്നു അവരുന്നയിച്ച വാദം. അങ്ങനെയാണ് സച്ചാര്‍ കമീഷന്‍ നിര്‍ദേശിച്ച പല പദ്ധതികളുടെയും പേര് കേരളത്തില്‍ മൈനോറിറ്റിയായി മാറിയത്. യഥാര്‍ഥത്തിലത് ന്യൂനപക്ഷ സമൂഹങ്ങള്‍ക്കാകെ ഉപയോഗിക്കാന്‍ ഉണ്ടായതല്ല. മൈനോറിറ്റി എന്ന് ആ പ്രോജക്ടുകളില്‍ വന്നതോടെ ക്രിസ്ത്യാനികളും അതില്‍ അവകാശവാദം ഉന്നയിച്ചു. അതിനെ എതിര്‍ക്കാനോ വിവാദമാക്കാനോ മുസ്‌ലിം സമുദായമോ അന്നത്തെ ഭരണകൂടമോ തയാറായില്ല. സഹിഷ്ണുതാ മനോഭാവത്തോടെ ക്രൈസ്തവ ആവശ്യം പരിഗണിക്കപ്പെടുകയാണുണ്ടായത്. ക്രിസ്ത്യാനികളില്‍ ഇരുപത് ശതമാനത്തോളം വിഭാഗങ്ങളേ പിന്നാക്കമുള്ളൂവെന്നതിനാല്‍ മുസ്‌ലിംകള്‍ക്ക് മാത്രമായി രൂപംകൊണ്ട ഈ പ്രോജക്ടുകളില്‍ ഇരുപത് ശതമാനം അവര്‍ക്കും അനുവദിക്കുകയുണ്ടായി.
ഈയൊരു ചരിത്രവും സച്ചാര്‍ കമീഷന്റെ പശ്ചാത്തലവും മറച്ചുവെച്ചാണിപ്പോള്‍ ഈ പദ്ധതികളിലെ എണ്‍പത് ശതമാനവും മുസ്‌ലിംകള്‍ അനര്‍ഹമായി കൈയടക്കുന്നുവെന്ന പ്രചാരണം നടത്തുന്നത്. നൂറ് ശതമാനവും മുസ്‌ലിംകള്‍ക്ക് അര്‍ഹതപ്പെട്ട പ്രോജക്ടുകളാണിതെന്ന യാഥാര്‍ഥ്യമാണിവിടെ മറച്ചുവെക്കുന്നത്.

ആരോപണവിധേയമായ പ്രോജക്ടുകളുടെ യഥാര്‍ഥ പശ്ചാത്തലം ഇതാണെന്ന് സര്‍ക്കാറിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും അറിയാവുന്നതാണല്ലോ. എന്നിട്ടും സാമുദായിക ധ്രുവീകരണം ശക്തിപ്പെടാന്‍ സഹായകമായ ഈ പ്രചാരണം  അവസാനിപ്പിക്കാന്‍ ഭരണകൂടം ഇടപെടാത്തതിന് എന്താണ് കാരണം?
യഥാര്‍ഥത്തില്‍ ക്രൈസ്തവ സമൂഹത്തിന് ഇങ്ങനെയൊരു പരാതിയുണ്ടെങ്കില്‍ നാലര വര്‍ഷമായി ഭരണം നടത്തുന്ന ഈ സര്‍ക്കാറിനോടായിരുന്നു അവരത് ഉന്നയിക്കേണ്ടത്. ഈ ഭരണകൂടത്തിന് മുമ്പേ പരാതിയുണ്ടായിരുന്നുവെങ്കില്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ തലപ്പത്ത് ഉമ്മന്‍ ചാണ്ടിയും കെ.എം മാണിയുമുണ്ടായിരുന്നു. ക്രൈസ്തവ സമൂഹവുമായി അടുപ്പമുള്ള അവരുമായി വിഷയം പങ്കുവെക്കാമായിരുന്നു. അതൊന്നുമില്ലാതെ തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് സാമുദായിക ധ്രുവീകരണമുണ്ടാക്കുന്ന ഇത്തരം പ്രചാരണങ്ങളുണ്ടായപ്പോള്‍ അതിന്റെ യാഥാര്‍ഥ്യം വ്യക്തമാക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാറിനുണ്ടായിരുന്നു. അവര്‍ക്ക് ഇനിയുമത് നിര്‍വഹിക്കാന്‍ അവസരമുണ്ട്.
സമൂഹത്തിനകത്ത് ആശയക്കുഴപ്പങ്ങളും അവ്യക്തതകളും രൂപപ്പെടുമ്പോള്‍ അത് നീക്കാന്‍ ബ്രിട്ടീഷ് കാലത്തെ ഭരണകൂടങ്ങള്‍ സ്വീകരിക്കുന്ന മാര്‍ഗമാണ്, വസ്തുതകളും കണക്കുകളും സഹിതം ആ വിഷയത്തെക്കുറിച്ച് ധവളപത്രം ഇറക്കുക എന്നത്. സര്‍ക്കാറിന്റെ ആധികാരിക റിപ്പോര്‍ട്ടാണത്. അത് പുറത്തുവന്നാല്‍ മറ്റുള്ളവയെല്ലാം വ്യാജമാകും. മതവും ജാതിയും സമുദായവും തിരിച്ച് കേരളത്തിലെ ഉദ്യോഗങ്ങളും സര്‍ക്കാര്‍ പദ്ധതികളും ആര്‍ക്ക്, എത്ര ലഭിച്ചുവെന്ന കണക്ക് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിടട്ടെ. കേരളത്തിലെ നമ്പൂതിരി, നായര്‍, ഈഴവ, മുസ്‌ലിം, ക്രൈസ്തവ, പട്ടിക ജാതി-വര്‍ഗ, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ സര്‍ക്കാര്‍ പദ്ധതികള്‍ എത്ര നേടിയെന്ന് എല്ലാവരുമറിയട്ടെ. അത് പുറത്തുവരുന്നതു വരെ മാത്രമേ മുസ്‌ലിംകള്‍ അനര്‍ഹമായി നേടുന്നുവെന്ന ഇപ്പോഴത്തെ പ്രചാരണത്തിന്റെ ആയുസ്സ് നിലനില്‍ക്കൂ. ഇടതു സര്‍ക്കാര്‍ ആ ധവളപത്രം ഇറക്കണമെന്നാണ് മുസ്‌ലിം സമുദായം ആവശ്യപ്പെടേണ്ടത്. ഉള്ളത് ഉള്ളതുപോലെ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിടട്ടെ.

ജനസംഖ്യാനുപാതികമായി മുസ്‌ലിം സമൂഹം അര്‍ഹിക്കുന്ന ഗവണ്‍മെന്റ് പദ്ധതികളും ഉദ്യോഗങ്ങളുമൊന്നും ലഭിച്ചിട്ടില്ല എന്നതല്ലേ യാഥാര്‍ഥ്യം?

സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതികളായാലും ഔദ്യോഗിക സ്ഥാനങ്ങളായാലും സര്‍ക്കാര്‍ ജോലിയായാലും വിദ്യാഭ്യാസ അവസരങ്ങളായാലും ജനസംഖ്യാനുപാതികമായ പങ്കും പ്രാതിനിധ്യവും  മുസ്‌ലിം സമൂഹത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. ഉദ്യോഗ മേഖലയില്‍ നിലവിലെ സ്ഥിതിവിവരണക്കണക്കനുസരിച്ച് മൈനസ് 136-ലാണ് മുസ്‌ലിം സമുദായമുള്ളത്. ചില സവര്‍ണ വിഭാഗങ്ങള്‍ സ്വന്തം സമുദായാംഗങ്ങളുടെ ശതമാനക്കണക്കിനേക്കാള്‍ ഇരട്ടിയിലധികം ഉദ്യോഗം നേടിയ സന്ദര്‍ഭത്തിലാണിതെന്ന് ഓര്‍ക്കണം. മലയാളം, സംസ്‌കൃത സര്‍വകലാശാലകള്‍ ഉള്ള കേരളത്തില്‍ അറബിക് സര്‍വകലാശാലക്കായുള്ള ആവശ്യം പരിഗണിക്കപ്പെടുന്നില്ല. ഏത് മുന്നണി ഭരിച്ചാലും കേരള കോണ്‍ഗ്രസ്സിന്റെ ഒരു കഷ്ണം ഭരണപക്ഷത്തുണ്ടാകും. അതിന്റെ ഗുണഫലവും അവര്‍ക്ക് കിട്ടിവരുന്നു. ഡോ. കെ.ടി ജലീല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായപ്പോള്‍ മനസ്സില്‍ സന്തോഷം തോന്നിയത് ഞാന്‍ മറച്ചുവെക്കുന്നില്ല. പക്ഷേ ഈയിടെ വിവിധ കോളേജുകളില്‍ ഒട്ടേറെ കോഴ്‌സുകള്‍ നല്‍കിയപ്പോഴും ഒരു എയ്ഡഡ് അറബി കോളേജിനും ഒരു കോഴ്‌സും കിട്ടിയില്ല. അദ്ദേഹത്തിന്റെ കഴിവുകേടായിരിക്കില്ല, സര്‍ക്കാറിന്റെ നയമായിരിക്കാം. ഇവിടെയെല്ലാം മുസ്‌ലിം സമുദായം അവഗണിക്കപ്പെടുമ്പോഴാണ് അനര്‍ഹമായി നേടുന്നു എന്ന പഴിചാരല്‍ നിരന്തരം അരങ്ങേറുന്നത്. ഈ യാഥാര്‍ഥ്യം പല ക്രൈസ്തവ നേതാക്കള്‍ക്കും അറിയാം. ഈ പ്രചാരണം ബാലിശമായ വാദങ്ങളാണെന്ന് അവര്‍ തന്നെ ചാനല്‍ ചര്‍ച്ചകളിലടക്കം തുറന്നു പറഞ്ഞിട്ടുമുണ്ട്.  ഇനി വല്ല തെറ്റിദ്ധാരണകളും ക്രൈസ്തവ സമൂഹത്തില്‍ വല്ലവര്‍ക്കുമുണ്ടെങ്കില്‍ സൗഹാര്‍ദപൂര്‍വം അത് തിരുത്താനുള്ള ശ്രമം മുസ്‌ലിം നേതാക്കള്‍ നടത്തേണ്ടതാണ്. ക്രിസ്ത്യന്‍ വിഭാഗം അര്‍ഹിക്കുന്നത് അവര്‍ക്ക് ലഭിക്കുന്നതില്‍ മുസ്‌ലിം സമുദായം ഒരിക്കലും തടസ്സം നില്‍ക്കില്ല. ഏത് സമുദായത്തിനും ജാതിക്കും അവര്‍ അര്‍ഹിക്കുന്നത് ലഭിക്കുന്നതിലോ ജനാധിപത്യപരമായി അവ നേടിയെടുക്കുന്നതിലോ മുസ്‌ലിം സമൂഹം എതിരല്ല. മുസ്‌ലിം സമുദായത്തിന് അര്‍ഹതപ്പെട്ടത് അവര്‍ക്കും ലഭിക്കണമെന്നു മാത്രം. അത് തടയാന്‍ മറ്റു സമുദായങ്ങള്‍ക്കും അവകാശമില്ല. ചുരുക്കത്തില്‍, സാമുദായിക ധ്രുവീകരണമുണ്ടാക്കുന്ന പ്രചാരണത്തില്‍നിന്ന് മാറിനില്‍ക്കാന്‍ എല്ലാവര്‍ക്കും സാധിക്കേണ്ടതുമുണ്ട്.

മുസ്‌ലിം സമുദായം ജനസംഖ്യാനുപാതികമായി അര്‍ഹിക്കുന്ന പലതും ഭാവിയില്‍ ജനാധിപത്യപരമായി ആവശ്യപ്പെടുന്നത് തടയാനുള്ള ബോധപൂര്‍വ ശ്രമവും 'അനര്‍ഹമായി അധികം നേടുന്നു' എന്ന ഈ പ്രചാരണങ്ങള്‍ക്ക് പിന്നിലുണ്ടെന്ന നിരീക്ഷണത്തെ എങ്ങനെ കാണുന്നു?

തീര്‍ച്ചയായും, അത്തരം ഗൂഢലക്ഷ്യങ്ങളുള്ള ചില ലോബികളും ഈ പ്രചാരണങ്ങളുടെ പിന്നിലുണ്ട്. യാഥാര്‍ഥ്യങ്ങളോ വസ്തുതകളോ അറിയാത്തവരെ ഒപ്പം കൂട്ടിയാണിവര്‍ ഈ പ്രചാരണം അഴിച്ചുവിട്ടത്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ മുസ്‌ലിം രാഷ്ട്രീയ സംഘാടനത്തെ മുന്‍നിര്‍ത്തി ജനാധിപത്യപരമായി മുസ്‌ലിംകള്‍ ഉന്നയിക്കാന്‍ സാധ്യതയുള്ള അര്‍ഹമായ ആവശ്യങ്ങള്‍ തടയാനുള്ള മുന്‍കൂര്‍ ശ്രമം കൂടി ഇതിന്റെ പിന്നിലുണ്ട്. ഇതിന്റെ യഥാര്‍ഥ മാസ്റ്റര്‍ബ്രെയ്‌നുകള്‍ ലക്ഷ്യം വെക്കുന്നതും അതാണ്. ഇനി ഇടതു ഭരണകൂടം തന്നെ മുസ്‌ലിം സ്ഥാപനങ്ങള്‍ക്കോ മറ്റോ നല്‍കാന്‍ സാധ്യതയുള്ള പ്രോജക്ടുകള്‍ തടയാനുള്ള ശ്രമവുമാകാം ഇതിനു പിന്നിലുള്ളത്.

ക്രൈസ്തവ സമുദായത്തിനിടയില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്തുന്ന മറ്റൊരു വിഷയം 'ലൗ ജിഹാദാ'ണ്. കോടതിയും പോലീസുമൊക്കെ വ്യാജമാണെന്ന് പറഞ്ഞിട്ടും അതിപ്പോഴും സാമുദായിക ധ്രുവീകരണത്തിന് ഉപയോഗിക്കപ്പെടുന്നതിനെ കുറിച്ച്?

ഒരു ഘട്ടത്തില്‍ ദേശീയ വനിതാ കമീഷന്‍ അധ്യക്ഷ രേഖാ ശര്‍മ 'ലൗ ജിഹാദ്' ഉണ്ടെന്ന തരത്തില്‍ ഒരു പരാമര്‍ശം നടത്തിയിരുന്നു. എന്നാല്‍ അവരുടെ പ്രസ്താവനക്ക് വസ്തുതാപരമായ തെളിവില്ലെന്ന് ദേശീയ വനിതാ കമീഷനു തന്നെ പിന്നീട് പരസ്യമായി അംഗീകരിക്കേണ്ടിവന്നു. അശോകാ യൂനിവേഴ്‌സിറ്റി പ്രഫസര്‍ അനികേത് ആഗ വിവരാവകാശ നിയമ പ്രകാരം കൊടുത്ത അപേക്ഷയിലാണ് വനിതാ കമീഷന്‍ അധ്യക്ഷ പറഞ്ഞതിന് ഞങ്ങളുടെയടുത്ത് രേഖയില്ലെന്ന് മറുപടി നല്‍കിയത്.
'ലൗ ജിഹാദ്' നടക്കുന്നില്ലെന്നും അതൊരു ഫോബിയ പരത്താന്‍ ഉണ്ടാക്കിയതാണെന്നും കോടതികള്‍ പലതവണ വ്യക്തമാക്കിയതാണ്. അത് പോലീസ് ഉദ്യോഗസ്ഥരും ശരിവെക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. കേരള പോലീസും 'ലൗ ജിഹാദ്' കെട്ടുകഥയാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. എന്നിട്ടുമിങ്ങനെ ആവര്‍ത്തിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്? ഒരു യുവാവും യുവതിയും പരിചയപ്പെട്ട് പിന്നീടത് പ്രണയമാവുകയും ശേഷം വിവാഹത്തില്‍ കലാശിക്കുകയും ചെയ്യുന്ന സാധാരണ സംഭവങ്ങള്‍ 'ലൗ ജിഹാദി'ന്റെ അക്കൗണ്ടിലാണ് പലരും ഉള്‍പ്പെടുത്തുന്നത്.
മിശ്ര വിവാഹം ഇസ്‌ലാമികമല്ല. ദുരുദ്ദേശ്യത്തോടുകൂടി നടത്തേണ്ട ഒരു കര്‍മവുമല്ല വിവാഹം. കുടുംബജീവിതം പ്രവാചക ചര്യയാണ്. മറ്റു മതസ്ഥരെ മതം മാറ്റി ആരംഭിക്കേണ്ടതല്ല കുടുംബ ജീവിതം. മതം മാറ്റാന്‍ വേണ്ടി മാത്രം വിവാഹം കഴിക്കുന്നത് ശരിയായ രീതിയല്ല. അതിനാല്‍ 'ലൗ  ജിഹാദ്' മതപരമായി തന്നെ ഇസ്‌ലാം അംഗീകരിക്കുന്നില്ല. അങ്ങനെയൊന്ന് നിലവിലുമില്ലെന്ന് കോടതിയും പോലീസും കമീഷനുകളും വ്യക്തമാക്കിയ സ്ഥിതിക്ക് സാമുദായിക ധ്രുവീകരണമുണ്ടാക്കുന്ന ഇത്തരം പ്രചാരണങ്ങളില്‍നിന്ന് ബന്ധപ്പെട്ടവര്‍ വിട്ടുനില്‍ക്കുകയാണ് വേണ്ടത്.

മുസ്‌ലിംകള്‍ക്ക് അധികാരം ലഭിച്ചാല്‍ അവര്‍ എന്തെല്ലാമോ ചെയ്തുകളയുമെന്ന പേടി സമൂഹത്തില്‍ പടര്‍ത്തുന്നത് എന്തുകൊണ്ടാണ്? ഇസ്‌ലാമോഫോബിയ എന്ന വാക്ക് പ്രചരിക്കും മുമ്പേ ഈ മുസ്‌ലിം പേടി കേരളത്തിലുണ്ടായിരുന്നില്ലേ?

മുസ്‌ലിംപേടി കേരളത്തില്‍ മുമ്പേയുണ്ട്. ചിലരത് ബോധപൂര്‍വം നിലനിര്‍ത്തിപ്പോരുകയാണ്. അതിനെ മറികടക്കാന്‍ ഇരു മുന്നണികള്‍ക്കും സാധിക്കുന്നുമില്ല. അവര്‍ വേണ്ടവിധം അതിന് ശ്രമിക്കുന്നുമില്ല. ബോധപൂര്‍വം ഇത് പടച്ചുവിടുന്ന ഒരു ലോബിക്ക് കീഴടങ്ങുകയാണ് അവരെന്നും ചെയ്യുന്നത്. മുസ്‌ലിംകള്‍ സംസ്ഥാനത്തെ ഏതെങ്കിലുമൊരു കീ പോസ്റ്റില്‍ നിയോഗിക്കപ്പെട്ടാല്‍ ഈ മുസ്‌ലിംപേടി മുന്‍നിര്‍ത്തിയുള്ള വിവാദങ്ങള്‍ എന്നുമുണ്ടാകാറുണ്ട്. മറ്റു സമുദായങ്ങളിലെ ഒന്നിലധികം പേര്‍ ഒരുമിച്ച് ഇത്തരം കീ പോസ്റ്റുകളില്‍ വന്നാല്‍ ഒട്ടും വിവാദം ഉണ്ടാകാറുമില്ല. ഇതൊരു കേരളീയ യാഥാര്‍ഥ്യമാണ്. ഒട്ടനവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും.
സത്താര്‍ കുഞ്ഞ് കേരളത്തില്‍ ഡി.ജി.പിയായപ്പോള്‍ ഉണ്ടായ വിവാദങ്ങള്‍ ഓര്‍ക്കുക. കേരള ചരിത്രത്തിലെ ആദ്യ മുസ്‌ലിം ഡി.ജി.പിയായിരുന്നു അദ്ദേഹം. ഡി.ജി.പി പദവി അദ്ദേഹത്തിന് ലഭിച്ചപ്പോള്‍ ലോ ആന്റ് ഓര്‍ഡര്‍ പദവി സത്താര്‍ കുഞ്ഞിന് നല്‍കാന്‍ പാടില്ലെന്ന് ചിലര്‍ ശഠിച്ചു. ലോ ആന്റ് ഓര്‍ഡര്‍ പദവിയില്ലാതെ ഡി.ജി.പി ആയിട്ടെന്താണ് കാര്യം? എന്നാല്‍ അതിന് മുമ്പുണ്ടായിരുന്ന ഡി.ജി.പിമാരും വ്യത്യസ്ത സമുദായങ്ങളിലെ അംഗങ്ങളായിരുന്നുവല്ലോ. അവര്‍ക്കൊന്നുമില്ലാത്ത എന്ത് പ്രശ്‌നമാണ് സത്താര്‍ കുഞ്ഞിനുണ്ടായിരുന്നത്? മുസ്‌ലിം ഡി.ജി.പി ലോ ആന്റ് ഓര്‍ഡര്‍ കൈകാര്യം ചെയ്താല്‍ എന്ത് പ്രശ്‌നമാണ് കേരളത്തിലുണ്ടാവുക? ലഖ്‌നൗ സ്വദേശി മുഹമ്മദ് റിയാസുദ്ദീന്‍ കേരള ചീഫ് സെക്രട്ടറിയായപ്പോഴും സമാന വിവാദമുണ്ടായി. മികച്ച ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തെ ചീഫ് സെക്രട്ടറിയായ ശേഷം കഴിവുകെട്ട ഉദ്യോഗസ്ഥനായി ചിത്രീകരിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നു. എട്ടര മാസമേ ചീഫ് സെക്രട്ടറി സ്ഥാനത്ത് അദ്ദേഹത്തിന് തുടരാനായുള്ളൂ. സര്‍വീസ് കാലം പൂര്‍ത്തീകരിക്കാന്‍ പോലും അദ്ദേഹത്തെ സമ്മതിച്ചില്ല. കൃത്യമായ ഒരു സവര്‍ണ ഉദ്യോഗസ്ഥ ലോബിയും സമാന കൂട്ടായ്മകളുമാണ് ഇതിനൊക്കെ പിന്നില്‍ അന്നും ഇന്നും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
ഇതര സമുദായങ്ങള്‍ക്ക് ഈ പ്രശ്‌നം ഒട്ടുമില്ല. കേരളത്തില്‍ 1956 മുതല്‍ 46 ചീഫ് സെക്രട്ടറിമാര്‍ വന്നിട്ടുണ്ട്. ഇതില്‍ ഒരൊറ്റയാള്‍ മാത്രമേ മുസ്‌ലിമുള്ളൂ. ബാക്കിയൊക്കെ ഹൈന്ദവരോ ക്രൈസ്തവരോ ആണ്. കരുണാകരന്‍ മുഖ്യമന്ത്രിയായപ്പോള്‍ ചീഫ് സെക്രട്ടറി പത്മകുമാര്‍. ഡി.ജി.പി മധുസൂദനന്‍. യു.ഡി.എഫ് കണ്‍വീനറാകട്ടെ ശങ്കരനാരായണന്‍. സംസ്ഥാന ഭരണകൂടത്തെ നിയന്ത്രിക്കുന്ന കീ പോസ്റ്റിലുള്ള നാലു പേരും ഒരേ സമുദായക്കാര്‍. ആര്‍ക്കുമത് അസ്വാഭാവികമായി തോന്നിയില്ല. ആന്റണി മുഖ്യമന്ത്രിയായ സന്ദര്‍ഭത്തില്‍ ബാബു ജേക്കബ് ചീഫ് സെക്രട്ടറി, ഹോര്‍മിസ് തരകന്‍ ഡി.ജി.പി, ഉമ്മന്‍ ചാണ്ടി യു.ഡി.എഫ് കണ്‍വീനര്‍. നാലു പേരും ഒരേ സമുദായക്കാര്‍. എന്നാല്‍ ഈ നാലു പേരിലൊരാള്‍ മുസ്‌ലിമായാല്‍ പോലും ഇവിടെ വിവാദമുയരും. അദ്ദേഹത്തെ ആ സ്ഥാനത്ത് തുടരാന്‍ അനുവദിക്കില്ല.

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതിനെതിരെ സമസ്തയടക്കം മുന്നോട്ടു വന്നിരുന്നല്ലോ. എന്തിനാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് നല്‍കുന്ന സംവരണത്തെ എതിര്‍ക്കുന്നത്?

സംവരണത്തിന്റെ മാനദണ്ഡം തന്നെ അട്ടിമറിക്കുന്നതാണ് സാമ്പത്തിക സംവരണം. ദരിദ്രര്‍ക്ക് ജോലി കൊടുക്കലും സഹായിക്കലുമല്ല സംവരണത്തിന്റെ ലക്ഷ്യം. അതിനു വേണ്ടി ഉണ്ടാക്കിയതല്ല സംവരണം. തൊഴിലിന് ഒരുപാട് സാധ്യതകള്‍ നമുക്ക് മുന്നിലുണ്ട്. കച്ചവടം ചെയ്യാം, സ്വയം തൊഴില്‍ ആവാം, ഗള്‍ഫില്‍ പോകാം. പണമുണ്ടാക്കാന്‍ ഇങ്ങനെ പല മാര്‍ഗങ്ങളുമുണ്ട്. കലക്ടറേക്കാള്‍ ശമ്പളം വാങ്ങുന്ന ഗള്‍ഫുകാരുണ്ട്. ഒരു ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനേക്കാള്‍ വരുമാനമുണ്ടാക്കുന്ന കച്ചവടക്കാരനുണ്ടാകും. പക്ഷേ ഇവര്‍ക്കൊന്നും ഭരണകൂടത്തില്‍ അധികാര പങ്കാളിത്തമുണ്ടാകില്ല, പണമുണ്ടാക്കാമെന്നു മാത്രം. സംവരണം ഒരു തൊഴില്‍ദാന പദ്ധതിയല്ല, അധികാര പങ്കാളിത്തമാണ് അതിന്റെ ലക്ഷ്യം. ചരിത്രപരമായ കാരണങ്ങളാല്‍ അധികാരം വേണ്ടത്ര ലഭിക്കാതെ പോയവര്‍ക്ക് അത് നേടിയെടുക്കാനാണ് സംവരണം നടപ്പിലാക്കിയത്. അത് ഇന്നും വേണ്ടതിലധികമുള്ള സവര്‍ണ വിഭാഗങ്ങള്‍ക്ക് വീണ്ടുമത് കൂടുതല്‍ നല്‍കാനുള്ള അവസരമേര്‍പ്പെടുത്തുന്നത് ആ പദ്ധതിയുടെ ആത്മാവ് തകര്‍ക്കുന്നതാണ്. അതിനാലാണ് സാമ്പത്തിക സംവരണത്തെ എതിര്‍ത്തുന്നത്.

മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം നല്‍കുക വഴി നിലവിലെ സംവരണീയ സമൂഹങ്ങള്‍ക്ക് ഒരുവിധ നഷ്ടമോ കുറവോ ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രിയടക്കമുള്ള ഇടതു നേതാക്കള്‍ ആവര്‍ത്തിക്കുന്നത്. ഇതില്‍ വല്ല ശരിയുമുണ്ടോ?

നിലവില്‍ എല്ലാവര്‍ക്കും അവകാശപ്പെട്ട മെറിറ്റ് സീറ്റില്‍നിന്നാണ് ഈ മുന്നാക്ക വിഭാഗക്കാര്‍ക്ക് പത്ത് ശതമാനം സംവരണം അനുവദിക്കുന്നത്. അതു തന്നെ പിന്നാക്ക വിഭാഗങ്ങള്‍ക്കടക്കം ലഭിച്ചുകൊണ്ടിരുന്നതില്‍ കുറവു വരുത്തും. പത്ത് ശതമാനം കണക്കാക്കിയതിലെ രീതിയിലാണ് മറ്റൊരു അട്ടിമറിയും നഷ്ടവും സംഭവിച്ചിരിക്കുന്നത്. നിലവില്‍ മെറിറ്റിലെ  സീറ്റുകളില്‍നിന്നായിരുന്നു മുന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം നിജപ്പെടുത്തേണ്ടിയിരുന്നത്. എന്നാലിതിനെ ബോധപൂര്‍വം അട്ടിമറിച്ച് മൊത്തം നൂറ് ശതമാനത്തിന്റെ പത്ത് ശതമാനമാണ് മുന്നാക്ക സംവരണത്തിനായി നിശ്ചയിച്ചത്. കണക്കിലെ ഈ കളിയിലൂടെ മാത്രം ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സീറ്റുകള്‍ പിന്നെയും നഷ്ടപ്പെട്ടു. ഇതിലെ കണക്കുകളെല്ലാം പുറത്തുവന്നതാണ്. ചിലതിവിടെ സൂചിപ്പിക്കാം: 
കഴിഞ്ഞ പ്ലസ് വണ്‍ അലോട്ട്‌മെന്റിന് 11313 സീറ്റുകളാണ് സംവരണം വഴി മുസ്‌ലിംകള്‍ക്ക് ലഭിച്ചത്. എന്നാല്‍ മുസ്‌ലിംകളേക്കാള്‍ എത്രയോ കുറവ് ജനസംഖ്യയുള്ള മുന്നാക്ക വിഭാഗത്തിലെ സംവരണക്കാര്‍ക്ക് ലഭിച്ചത് 16711 സീറ്റുകള്‍. മുസ്‌ലിംകള്‍ക്ക് ലഭിച്ച പി.ജി സീറ്റുകള്‍ 84, ഈഴവര്‍ക്ക് 94 സീറ്റുകള്‍, മുന്നാക്ക സംവരണീയര്‍ക്ക് 130 സീറ്റുകള്‍. ഈ വൈരുധ്യമെങ്ങനെയാണ് സംഭവിച്ചത്? കേവലം അഞ്ചു ശതമാനത്തില്‍ താഴെയുള്ള സവര്‍ണരിലെ പിന്നാക്കക്കാര്‍ക്ക് 130 മെഡിക്കല്‍ സീറ്റ് ലഭിക്കുമ്പോള്‍ 27 ശതമാനമുള്ള മുസ്‌ലിംകള്‍ 84 സീറ്റില്‍ തൃപ്തിപ്പെടണമെന്നത് എന്തുതരം നീതിയാണ്?

ഇത് വിവാദമായപ്പോള്‍ സൂപ്പര്‍ ന്യൂമററിയായി കണക്കില്‍ പെടുന്ന സീറ്റുകളാണ് അവര്‍ക്ക് നല്‍കിയതെന്നാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. ഒരു സമുദായത്തിന് മാത്രമായി സൂപ്പര്‍ ന്യൂമററിയെന്ന പേരില്‍ അധികം സീറ്റുകള്‍ നല്‍കുന്നതിന്റെ മാനദണ്ഡമെന്താണ്? അങ്ങനെ കൊടുക്കാന്‍ കേന്ദ്ര നിയമം പറഞ്ഞിട്ടില്ലല്ലോ. ഇതൊക്കെ പിന്നാക്കക്കാര്‍ക്ക് സംഭവിക്കുന്ന നഷ്ടങ്ങളല്ലേ? പി.ജി മെഡിക്കല്‍ സീറ്റിലും കാണാം ഇത്തരം അട്ടിമറികള്‍. ഈഴവര്‍ക്ക് 13 സീറ്റുകളും മുസ്‌ലിംകള്‍ക്ക് 9 സീറ്റും സംവരണത്തിലൂടെ ലഭിച്ചപ്പോള്‍ മുന്നാക്കക്കാര്‍ക്ക് ലഭിച്ച സംവരണ സീറ്റുകളുടെ എണ്ണം 30. അപ്പോള്‍ മുന്നാക്ക സംവരണം വഴിയും അത് നടപ്പിലാക്കിയ അശാസ്ത്രീയ രീതികള്‍ വഴിയും സംവരണ സമുദായങ്ങള്‍ക്ക് നഷ്ടമുണ്ടായിട്ടില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയുടെയടക്കം വാദങ്ങള്‍ യാഥാര്‍ഥ്യത്തോട് ചേര്‍ന്നു പോകുന്നതല്ലെന്ന് വ്യക്തമായി.

മുസ്‌ലിം സമുദായത്തിനടക്കം വമ്പിച്ച നഷ്ടങ്ങള്‍ സംഭവിക്കുന്ന മുന്നാക്ക സംവരണത്തെ ശക്തമായി ചോദ്യം ചെയ്യുന്ന ജനാധിപത്യ നീക്കങ്ങള്‍ സംഘടിതമായി ശക്തിപ്പെടാത്തത് എന്തുകൊണ്ടാണ്?
സംവരണം നടപ്പാകുന്ന രീതികളെ കുറിച്ചും അത് എത്ര ശതമാനം, വീതം ഏതെല്ലാം മേഖലകളില്‍ ലഭിക്കുന്നു എന്നതിനെ കുറിച്ചുമുള്ള പ്രാഥമിക വിവരം പോലും മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിലുള്ള പലര്‍ക്കുമില്ല. എല്ലാ മേഖലകളിലും പത്തോ പന്ത്രണ്ടോ ശതമാനം മുസ്‌ലിം സംവരണമുണ്ടെന്നാണ് വിദ്യാ സമ്പന്നരായ പല നേതാക്കളുടെ പോലും ധാരണ. അതിനാല്‍ ഇത് നഷ്ടപ്പെടാതെ മുന്നാക്കക്കാര്‍ക്ക് കിട്ടുന്നതില്‍ എതിര്‍ക്കാനെന്തിരിക്കുന്നു എന്ന് വിചാരിക്കുന്നവരും അവരിലുണ്ട്.  സംവരണം പോലെ ഗൗരവമായൊരു വിഷയം പഠിക്കാന്‍ പോലും പല മുസ്‌ലിം സംഘടനാ നേതാക്കളും തയാറായിട്ടില്ലെന്നതാണ് ഖേദകരമായ സത്യം. അതുകൊണ്ടുകൂടിയാണ് സംവരണം അട്ടിമറിക്കാനും അതില്‍ അപകടകരമായ വ്യവസ്ഥകള്‍ ഉള്‍ച്ചേര്‍ക്കാനും തല്‍പരകക്ഷികള്‍ക്ക് നിഷ്പ്രയാസം സാധിക്കുന്നത്.
സര്‍ക്കാര്‍ ജോലിയിലെ സംവരണത്തെ കുറിച്ചേ പലര്‍ക്കുമറിയൂ, ആ ജോലി നേടിയെടുക്കാനാവശ്യമായ വിദ്യാഭ്യാസ രംഗത്തെ സംവരണത്തോത് മിക്കവര്‍ക്കുമറിയില്ല. ഈ രംഗത്താണ് പല അട്ടിമറികളും നടക്കുന്നത്. ഹയര്‍ സെക്കന്ററി മുതലാണ് വിദ്യാഭ്യാസ രംഗത്ത് സംവരണം ആരംഭിക്കുന്നത്. ഹയര്‍ സെക്കന്ററിയില്‍ 52 ശതമാനമാണ് മെറിറ്റ് സീറ്റ്. ബാക്കി സംവരണമാണ്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് മൊത്തമായി 28 ശതമാനമാണ് സംവരണം. എസ്.സി-എസ്.ടി വിഭാഗങ്ങള്‍ക്ക് 20 ശതമാനവും. ഒ.ബി.സിക്കുള്ള 28 ശതമാനത്തില്‍നിന്ന് ഏഴ് ശതമാനമേ മുസ്‌ലിംകള്‍ക്ക് ലഭിക്കൂ.  കോളേജിലും യൂനിവേഴ്‌സിറ്റിയിലുമെത്തുമ്പോള്‍ ഇരുപത് ശതമാനമാണ് പിന്നാക്ക സംവരണം. അതിലും ഏഴ് ശതമാനമാണ് മുസ്‌ലിംകള്‍ക്കുള്ളത്. പ്രഫഷണല്‍ കോളേജുകളില്‍/ കോഴ്‌സുകളില്‍ 30 ശതമാനമാണ് പിന്നാക്ക സംവരണം. മുസ്‌ലിംകള്‍ക്ക് എട്ട് ശതമാനം. ഏറ്റവുമധികം ഡിമാന്റുള്ള പ്രഫഷണല്‍ പി.ജി കോഴ്‌സുകളില്‍ മൊത്തം പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ളത് 9 ശതമാനമാണ്. ഇതില്‍ വെറും രണ്ട് ശതമാനമേ മുസ്‌ലിംകള്‍ക്ക് ലഭിക്കൂ. ഈ കണക്കുകള്‍ പലര്‍ക്കുമറിയില്ല. എന്നാല്‍ മുന്നാക്ക സംവരണം വഴി  വെറും അഞ്ചു ശതമാനത്തില്‍ താഴെയുള്ള മുന്നാക്കക്കാരിലെ  പിന്നാക്കക്കാര്‍ക്ക് ഈ കോഴ്‌സുകളിലെല്ലാം  ലഭിക്കുന്നത് 10 ശതമാനം സീറ്റുകളാണ്. എത്ര വലിയ അനീതിയും വഞ്ചനയും അട്ടിമറിയുമാണ് മുന്നാക്ക സംവരണം വഴി നടക്കുന്നതെന്ന് നോക്കൂ.
കേരളത്തിലെ മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാരെ നിര്‍ണയിക്കുന്നതിലും ഈ അട്ടിമറി നടന്നിട്ടുണ്ട്. കേന്ദ്ര മാനദണ്ഡം ലംഘിച്ച് നാലു ലക്ഷം വാര്‍ഷിക വരുമാനമുള്ളയാളെയും പിന്നാക്കക്കാരനാക്കി. കൊച്ചി-കോഴിക്കോട് - തിരുവനന്ത
പുരം പോലുള്ള കോര്‍പ്പറേഷനുകളില്‍ 50 സെന്റ് ഭൂമിയുള്ള മുന്നാക്കക്കാരനും 'പിന്നാക്ക'ക്കാരനാണ്! കേരളത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര മാനദണ്ഡം നിശ്ചയിച്ചാല്‍ കേരളത്തിലെ സവര്‍ണരില്‍ സംവരണത്തിനര്‍ഹരായ പിന്നാക്കാവസ്ഥയുള്ളവര്‍ പറ്റേ കുറവായിരിക്കുമെന്ന് പറഞ്ഞ് ശശിധരന്‍ നായര്‍ കമ്മിറ്റി തന്നെയാണ് കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്താന്‍ മാനദണ്ഡം അട്ടിമറിച്ചത്. എന്നിട്ടും മുന്നാക്കക്കാരിലെ ഈ 'പിന്നാക്കക്കാര്‍' കേരളീയ സമൂഹത്തില്‍ എത്ര ശതമാനം വരുമെന്ന് നിര്‍ണയിക്കാന്‍ പോലും ശശിധരന്‍ നായര്‍ കമ്മിറ്റിക്കായിട്ടില്ല.
ഇങ്ങനെ എത്ര ശതമാനം വരുമെന്ന് നിര്‍ണയിക്കാതെയാണ് കേന്ദ്ര ഗവണ്‍മെന്റ് നയമെന്നു പറഞ്ഞ് ഇടതുപക്ഷം 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത്. 'മാക്‌സിമം' നല്‍കാവുന്നത് 10 ശതമാനം എന്നാണ് കേന്ദ്ര നയം. സംസ്ഥാനങ്ങളിലെ അവരുടെ ശതമാനവും പിന്നാക്കാവസ്ഥയുടെ ആഴവുമനുസരിച്ചാണ് അത് നിര്‍ണയിക്കേണ്ടതെന്ന് കേന്ദ്ര നയത്തിലുണ്ട്. പശ്ചിമ ബംഗാളില്‍ അവിടത്തെ സര്‍ക്കാര്‍ 5.2 ശതമാനമായാണ് അത് നിര്‍ണയിച്ചത്. തമിഴ്‌നാടാവട്ടെ ഈ സംവരണം തന്നെ തള്ളിക്കളഞ്ഞു. അതിന്റെ പേരിലുള്ള കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതിന്റെ അന്തിമവിധി പോലും കാത്തിരിക്കാതെയാണ് ഈ മുന്നാക്ക സംവരണ നയത്തിന് ഇടതുപക്ഷം ധൃതി കാണിച്ചത്. 27 ശതമാനം വരുന്ന മുസ്‌ലിംകള്‍ക്ക് ചില മേഖലകളില്‍ രണ്ട് ശതമാനം വരെ സീറ്റുകള്‍ ലഭിക്കുന്നിടത്ത് മാക്‌സിമം അഞ്ച് ശതമാനത്തില്‍ താഴെ വരാന്‍ സാധ്യതയുള്ള മുന്നാക്ക സംവരണീയര്‍ക്ക് സര്‍വ മേഖലകളിലും 10 ശതമാനം സംവരണം കൊടുക്കുന്ന കൊടിയ വഞ്ചനയെ തുറന്നുകാണിക്കാനും അതിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കാനും നമുക്കാവണം.

ഏറ്റവും വലിയ പിന്നാക്ക സംവരണീയ വിഭാഗമായ ഈഴവര്‍ സാമ്പത്തിക സംവരണത്തിനെതിരെ ശക്തമായ വാദങ്ങളുമായി രംഗത്തു വരാത്തതെന്തുകൊണ്ടാണ്?

സര്‍ക്കാര്‍ ഉദ്യോഗ മേഖലയില്‍ ഈഴവര്‍ക്ക് സംവരണം കൊണ്ട് ലഭിക്കേണ്ട പ്രാതിനിധ്യം ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഇനി സമരത്തിനിറങ്ങിയാല്‍ അതിന്റെ മുഖ്യനേട്ടം ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ലഭിക്കാത്തവര്‍ക്കായിരിക്കുമെന്ന് അവര്‍ക്കറിയാം. അതിലവര്‍ക്ക് താല്‍പര്യമില്ലാത്തതിനാലാണ് അര്‍ഥഭഗര്‍ഭമായ ഈ മൗനം തുടരുന്നത്. എന്നാല്‍ മറ്റു സംവരണീയ സമുദായങ്ങള്‍ സമരരംഗത്തുണ്ട്. അവരുമായി ചേര്‍ന്ന് ഇനിയും പൊതു സമരങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.

മുസ്‌ലിം ലീഗ് ഇപ്പോള്‍ സാമ്പത്തിക സംവരണത്തിനെതിരെയുള്ള സമരത്തിനൊപ്പമുണ്ട്. എന്നാല്‍ യു.ഡി.എഫിലെ കോണ്‍ഗ്രസടക്കം സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്നവരുമാണ്. അടുത്ത സംസ്ഥാന ഭരണം യു.ഡി.എഫിന് ലഭിച്ചാല്‍ ലീഗ് ഈ വിഷയത്തില്‍ മൗനം പാലിക്കാം. അപ്പോഴും സമരവുമായി ഒറ്റക്ക് മുന്നോട്ടുപോകേണ്ടിവരും എന്നതിനാലാണോ സമസ്ത സ്വന്തമായ പരിപാടികള്‍ ഈ വിഷയത്തില്‍ ആവിഷ്‌കരിച്ച് ശക്തമായി മുന്നോട്ടു  പോകുന്നത്?

മുസ്‌ലിം ലീഗിന്റെ പരിമിതിയോ അവരുടെ പ്രയാസങ്ങളോ സമസ്ത ഈ വിഷയത്തില്‍ പരിഗണിച്ചിട്ടില്ല. സമുദായത്തിന്റെ മുന്നേറ്റത്തില്‍ നിര്‍ണായക ഘടകമായാണ് സംവരണത്തെ സമസ്ത കാണുന്നത്. മുസ്‌ലിം ലീഗ് അവര്‍ക്ക് ലഭിക്കുന്ന ജനാധിപത്യവേദികളില്‍ ഈ വിഷയം ഉന്നയിക്കട്ടെ. കോണ്‍ഗ്രസ്സില്‍ മുന്നാക്ക സംവരണത്തെ അനുകൂലിക്കുന്നവര്‍ മാത്രമല്ല പ്രതികൂലിക്കുന്നവരുമുണ്ട്. കോണ്‍ഗ്രസ് നയിക്കുന്ന ഒരു മുന്നണിയുടെ ഭാഗമെന്നത് ഈ വിഷയം ഉന്നയിക്കാന്‍ തടസ്സമല്ലെന്നര്‍ഥം. എണ്‍പത് ശതമാനം വരുന്ന ജനങ്ങളുടെ ഒരാവശ്യം അവഗണിച്ചാല്‍ ഭാവിയില്‍ യു.ഡി.എഫിനു അത് ദോഷം ചെയ്യുമെന്നാണ് അവരോടും പറയാനുള്ളത്.
സമസ്തയുടെ നയം വ്യക്തമാക്കേണ്ടത് അതിന്റെ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമാണ് എന്ന് വ്യക്തമാക്കിക്കൊണ്ടുതന്നെ പറയട്ടെ, സമസ്ത മുന്നാക്ക സംവരണ വിഷയത്തില്‍ മുന്നിട്ടിറങ്ങിയത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പരിമിതി കണ്ടിട്ടല്ല; മറിച്ച് അതൊരു ബാധ്യതയായി തിരിച്ചറിഞ്ഞതുകൊണ്ടാണ്. ശരീഅത്ത് സംവാദകാലത്തും അഖിലേന്ത്യാ പേഴ്‌സണല്‍ ലോ ബോര്‍ഡിനൊപ്പം ആ ബാധ്യതയാണ് സമസ്ത നിര്‍വഹിച്ചത്. സമുദായത്തെ ബാധിക്കുന്ന പൊതു പ്രശ്‌നങ്ങളില്‍ ഇടപെടുകയെന്നത് സമസ്തയുടെ ഭരണഘടനയിലെ അഞ്ച് ഉദ്ദേശ്യലക്ഷ്യങ്ങളിലൊന്നാണ്. മുസ്‌ലിം സമുദായത്തിന്റെ മതപരവും സാമുദായികവുമായ അവകാശ സംരക്ഷണമെന്നതാണ് ഭരണഘടനയിലെ ആ ലക്ഷ്യം. മതപരമെന്ന് പറഞ്ഞതിനു ശേഷം 'സാമുദായികവുമായ' എന്നത് പൂര്‍വികര്‍ ബോധപൂര്‍വം തന്നെ ചേര്‍ത്തതാണ്. സമുദായത്തെ മൊത്തം ബാധിക്കുന്ന വിഷയത്തില്‍ സംരക്ഷണ മനോഭാവം പുലര്‍ത്തി അതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നത് സമസ്തയുടെ ഭരണഘടനാ ലക്ഷ്യമാണ്.
ഇടതുമുന്നണിയെയോ വലതുമുന്നണിയെയോ, രാഷ്ട്രീയ കക്ഷികളെയോ നോക്കിയല്ല സമുദായത്തെ ബാധിക്കുന്ന വിഷയത്തില്‍ സമസ്ത നിലപാട് സ്വീകരിക്കുന്നത്. അതിനാല്‍ ഭരണം നടത്തുന്നത് ഏതു മുന്നണിയായാലും സമസ്തയുടെ കീഴില്‍ നിലവില്‍ വന്ന സംവരണ സംരക്ഷണ മുന്നണി സമാധാനപരമായ ജനാധിപത്യ ഇടപെടലുകളുമായി മുന്നോട്ടു പോകും. കേരളത്തിലെ സൗഹൃദാന്തരീക്ഷം തകര്‍ക്കുന്ന വിധത്തിലോ മറ്റു സമുദായങ്ങളില്‍ വെറുപ്പോ വിദ്വേഷമോ ഉണ്ടാകുംവിധമോ ഉള്ള ഇടപെടലുകള്‍ സമസ്തയില്‍നിന്നുണ്ടാവില്ല. ദലിത്-പിന്നാക്ക വിഭാഗങ്ങള്‍ക്ക് കൂടി സ്വീകാര്യമായ വിധത്തിലുള്ള ഇടപെടലാകും സമസ്ത നടത്തുക. അത് രാഷ്ട്രീയപ്രേരിതമായിരിക്കുകയുമില്ല.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫുമായി നടത്തിയ രാഷ്ട്രീയ നീക്കുപോക്കിന്റെ പേരില്‍ സമുദായത്തില്‍ ഭിന്നതകളുണ്ടാക്കാന്‍ പലരും ശ്രമിച്ചിരുന്നു. ഇത്തരം രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുക സമസ്തയുടെ നയമല്ലെന്ന സമസ്ത അധ്യക്ഷന്‍  ബഹുമാന്യനായ ജിഫ്‌രി തങ്ങളുടെ മറുപടിയിലാണ് ആ വിവാദം അവസാനിച്ചത്. യഥാര്‍ഥത്തില്‍ സമസ്തയുടെ രാഷ്ട്രീയ നിലപാട് എന്താണ്?

വ്യക്തികള്‍ക്ക് രാഷ്ട്രീയമാകാം; സംഘടനക്ക് രാഷ്ട്രീയമില്ലെന്നതാണ് സമസ്തയുടെ രാഷ്ട്രീയ നിലപാട്. വെല്‍ഫെയര്‍ പാര്‍ട്ടി-യു.ഡി.എഫ് നീക്കുപോക്ക് വിഷയത്തിലും ഈ നയമാണ് സമസ്ത അധ്യക്ഷന്‍ ബഹുമാന്യനായ ജിഫ്‌രി തങ്ങള്‍ വ്യക്തമാക്കിയത്. ജമാഅത്തെ ഇസ്‌ലാമിയോട് ആദര്‍ശവിഷയങ്ങളില്‍ സമസ്ത എന്നും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ആ ആദര്‍ശ വിയോജിപ്പ് എന്നും നിലനില്‍ക്കും. എന്നാല്‍ ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടി എന്ന നിലക്ക് വെല്‍ഫെയര്‍ പാര്‍ട്ടി രംഗത്തു വരുമ്പോള്‍ അവര്‍ ആരുമായി കൂട്ടുചേരണം/ ചേരണ്ട എന്ന് തീരുമാനിക്കേണ്ട അവകാശം കൂട്ടു കൂടുന്നവര്‍ക്കാണ്. അതിന്റെ നേട്ടങ്ങളും കോട്ടങ്ങളും അവര്‍ക്ക് മാത്രമാണ് ബാധകം. സമസ്തക്ക് അത് ബാധകമല്ല. ഇത്തരം രാഷ്ട്രീയ ചേരിതിരിവിലേക്ക് സമസ്ത പോകാറുമില്ല. അതാണ് ഉദാഹരണസഹിതം വിവാദസമയത്ത് ജിഫ്‌രി തങ്ങള്‍ പറഞ്ഞത്. 'ജോസ് കെ. മാണി ഒരു മുന്നണി വിട്ട് മറ്റൊരു മുന്നണിയിലേക്ക് പോയപ്പോള്‍ എന്നോടാരും അഭിപ്രായം ചോദിച്ചിട്ടില്ലല്ലോ. അതുകൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി ഏതെങ്കിലുമൊരു മുന്നണിക്ക് പിന്തുണ കൊടുക്കുന്നതോ നീക്കുപോക്ക് ഉണ്ടാക്കുന്നതോ എന്നോടെന്തിന് ചോദിക്കണം' എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നു പറഞ്ഞാല്‍ ആ വിഷയത്തില്‍ സമസ്ത ഇടപെടില്ലെന്നര്‍ഥം. രാഷ്ട്രീയമായ ഒരു ചേരിതിരിവും സമസ്ത ഉണ്ടാക്കുകയില്ല.

സമസ്ത മുശാവറ അംഗമായ ഉമര്‍ ഫൈസി മുക്കം ഇതില്‍നിന്ന് ഭിന്നമായ അഭിപ്രായമായിരുന്നു ആ സമയത്ത് പ്രകടിപ്പിച്ചത്. അത് വാര്‍ത്താ മാധ്യമങ്ങള്‍ വിവാദമാക്കുകയും ചെയ്തിരുന്നു....
ബഹുമാന്യനായ ഉമര്‍ ഫൈസി മുക്കം സമസ്തയുടെ ഒരു മുശാവറ അംഗം മാത്രമാണ്. ആ നിലക്ക് ഞാനടക്കം എല്ലാവരും അദ്ദേഹത്തെ ബഹുമാനിക്കുന്നുണ്ട്. അദ്ദേഹത്തിന് സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. ഓരോരുത്തര്‍ക്കും അവരുടെ വ്യക്തിപരമായ അഭിപ്രായം രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യവും അവകാശവും സമസ്ത നല്‍കുന്നുമുണ്ട്. പക്ഷേ അതൊന്നും സമസ്തയുടെ ഔദ്യോഗിക അഭിപ്രായമാവില്ലെന്നു മാത്രം. സമസ്തയുടെ അഭിപ്രായം ഔദ്യോഗികമായി പറയേണ്ടത് അതിന്റെ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും  ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുമാണ്. അവര്‍ രണ്ടു പേര്‍ പറയുന്നതൊഴികെ മറ്റുള്ളവരുടേതൊന്നും സമസ്തയുടെ ഔദ്യോഗിക അഭിപ്രായമല്ല. സമസ്തയുടെ നാല്‍പതംഗ മുശാവറ കൂടി എടുക്കുന്ന തീരുമാനമാണ് ഔദ്യോഗിക നിലപാടായി  പ്രഖ്യാപിക്കുക. അതല്ലാതെ എന്റേതടക്കമുള്ള സംസാരം സമസ്തയുടെ ഔദ്യോഗിക അഭിപ്രായമല്ല; വ്യക്തിപരമായ നിലപാടുകള്‍ മാത്രമാണ്.

പൊതുവിഷയങ്ങളില്‍ ഒന്നിച്ചുള്ള പരിപാടികള്‍ക്ക് ആദര്‍ശ നിലപാടുകളിലെ വിയോജിപ്പുകള്‍ തടസ്സമല്ല എന്നതല്ലേ സമസ്തയുടെ നിലപാട്?

സമസ്തയില്‍നിന്ന് ആദര്‍ശവ്യതിയാനം സംഭവിച്ചവര്‍, സമസ്തയുടെ ആദര്‍ശത്തെ എതിര്‍ക്കുന്നവര്‍ ഈ രണ്ട് വിഭാഗങ്ങളോടുമുള്ള ആദര്‍ശ വിയോജിപ്പ് സമസ്ത തുടര്‍ന്നുകൊണ്ടേയിരിക്കും. എന്നാല്‍ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ മാതൃക കാണിച്ചതുപോലെ പൊതുപ്രശ്‌നങ്ങളില്‍ ഒന്നിച്ചുനില്‍ക്കുകയും ചെയ്യും. പൊതു പ്രശ്‌നങ്ങളില്‍ ഒന്നിക്കുകയും ആദര്‍ശ വിഷയത്തില്‍ ആദര്‍ശ വിയോജിപ്പ് തുറന്നു പറയുകയും ചെയ്യുക എന്നതാണ് സമസ്തയുടെ നയം.
ശരീഅത്ത് വിവാദകാലത്ത് സമസ്തയുടെ സമുന്നത നേതാവ് ശംസുല്‍ ഉലമ എല്ലാ മുസ്‌ലിം വിഭാഗങ്ങളോടുമൊപ്പം ഒന്നിച്ചിരുന്ന് കോഴിക്കോട്ട് വലിയൊരു സമ്മേളനം നടത്തി. പൊതു പ്രശ്‌നങ്ങളില്‍ നമ്മള്‍ ഒന്നിച്ചുനില്‍ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അതൊരു വലിയ സന്ദേശമായിരുന്നു. പിന്നീട് കേരള സര്‍ക്കാര്‍ പ്ലസ്ടു അനുവദിച്ചതില്‍ മുസ്‌ലിം സമുദായത്തോട് വിവേചനം കാണിച്ച സന്ദര്‍ഭത്തിലും സമുദായം ഒന്നിച്ചുനിന്നാണ് അതിനെ അഭിമുഖീകരിച്ചത്. ഇങ്ങനെ പല പൊതുപ്രശ്‌നങ്ങള്‍ വന്നപ്പോഴും എല്ലാവരും ഒരുമിച്ച്, സഹകരിച്ച് മുന്നോട്ടുപോയിരുന്നു. സി.എ.എ-എന്‍.ആര്‍.സി വിരുദ്ധ സമര പ്രക്ഷോഭങ്ങളിലും ഒരുമിച്ചുള്ള മുന്നേറ്റം തന്നെയാണ് ആവര്‍ത്തിച്ചത്.
മുസ്‌ലിം ഐക്യം തകര്‍ക്കുന്ന നയം ഇന്നേവരെ ഒരിക്കലും സമസ്തയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഐക്യത്തിന് ഉപോദ്ബലകമായ പ്രവര്‍ത്തനങ്ങളേ സമസ്തയില്‍നിന്ന് ഉണ്ടാവുകയുള്ളൂ. വ്യക്തികളില്‍നിന്നോ മറ്റോ മറിച്ചൊരു പ്രവര്‍ത്തനമുണ്ടായാല്‍ നേതാക്കള്‍ ഇടപെട്ട് ആ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്യും.

ഫാഷിസ്റ്റ് ഭീഷണിയുടെ മുള്‍മുനയിലൂടെയാണ് ഇന്ത്യയിലെ മുസ്‌ലിം സമൂഹം മുന്നോട്ടു പോകുന്നത്. പതിവ് പ്രവര്‍ത്തന രീതികളിലും അജണ്ടകളിലും മുന്‍ഗണനാ ക്രമങ്ങളിലുമെല്ലാം കാലം മാറ്റങ്ങള്‍ ആവശ്യപ്പെടുന്നില്ലേ?

മുസ്‌ലിം സമുദായ നേതൃത്വം പലപ്പോഴും തര്‍ക്ക-വിവാദ വിഷയങ്ങളില്‍ അകപ്പെട്ടുപോവുകയാണ്. പല ഭിന്നചിന്തകളിലും പല നിലക്കും നമ്മെ തളച്ചിടാനും ഭിന്നിപ്പിക്കാനും പലരും ശ്രമിക്കുകയും അതില്‍ വിജയിക്കുകയുമാണ്. ഇത് നാമാദ്യം തിരിച്ചറിയണം. നമ്മുടെ അജണ്ടകളും മുന്‍ഗണനാക്രമങ്ങളും നമുക്ക് നിശ്ചയിക്കാന്‍ സാധിക്കണം.
പുതിയ കാലത്ത് മുസ്‌ലിം സമൂഹത്തിലുണ്ടായ വിദ്യാഭ്യാസ ഉണര്‍വിനെയും മുന്നേറ്റങ്ങളെയും കൃത്യമായ ദിശാബോധവും ഗൈഡന്‍സും നല്‍കി സമുദായത്തിന് ഏറ്റവും  ഉപകാരപ്പെടുന്ന മേഖലയിലേക്ക് തിരിച്ചുവിടാന്‍ മുഴുവന്‍ മുസ്‌ലിം സംഘടനകള്‍ക്കും അജണ്ടകളുണ്ടാവേണ്ടതുണ്ട്. സമുദായത്തിന് നാമമാത്ര പ്രാതിനിധ്യം പോ ലുമില്ലാത്ത ഇന്ത്യന്‍ അഡ്മിനിസ്‌ട്രേഷന്‍ സര്‍വീസുകളായ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് തുടങ്ങിയവ അവരുടെ മുന്‍ഗണനയില്‍ വരണം. ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമൊക്കെ അത്യാവശ്യത്തിന് സമുദായത്തില്‍ ഇപ്പോഴുണ്ട്. ഈ പ്രഫഷനുകളിലേക്കുള്ള ഒഴുക്ക് അഡ്മിനിസ്‌ട്രേഷന്‍ ഫീല്‍ഡിലേക്ക് മാറ്റാന്‍ സംഘടനകള്‍ക്ക് സാധിക്കണം. ജനസംഖ്യാനുപാതികമായി ലഭ്യമാകേണ്ടതിന്റെ അടുത്തെങ്ങും പ്രാതിനിധ്യമില്ലാത്ത കേന്ദ്ര-സംസ്ഥാന അഡ്മിനിസ്‌ട്രേഷന്‍ സര്‍വീസുകളിലേക്കുയരാന്‍ സമുദായാംഗങ്ങള്‍ക്ക്  നിരന്തരം കോച്ചിംഗും ട്രെയ്‌നിംഗും നല്‍കി ഓഫീസ് പ്യൂണ്‍ മുതല്‍ സെക്രട്ടേറിയറ്റ് തലം വരെയുള്ള സംവിധാനങ്ങളിലേക്കെത്തിക്കാന്‍ സമുദായത്തിന് സാധിക്കണം. അധികാര ഇടങ്ങളില്‍ അര്‍ഹമായ പ്രാതിനിധ്യവും സ്വാധീനവുമുണ്ടാക്കാനുള്ള നിയമാധിഷ്ഠിതമായ മുന്നേറ്റമാണ് ഇനി സമുദായത്തിനകത്തുണ്ടാകേണ്ട ഒരു മാറ്റം.
രാഷ്ട്രീയമായി ചിന്നിച്ചിതറി നില്‍ക്കുന്നതിനൂ പകരം ഒന്നിച്ചുനില്‍ക്കാന്‍ സമുദായത്തിന് സാധിക്കേണ്ടതുണ്ട്. മതേതര കക്ഷികള്‍ക്കൊപ്പം ചേര്‍ന്ന് അര്‍ഹമായ പ്രാതിനിധ്യ സ്വഭാവത്തോടെ സമുദായാംഗങ്ങളെ പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും എത്തിക്കാന്‍ അജണ്ടകളുണ്ടാവണം. അതിനുള്ള രാഷ്ട്രീയ സ്ട്രാറ്റജികളാണ് സമുദായത്തിനകത്ത് രൂപപ്പെടേണ്ടത്. നമ്മുടെ ഭിന്നിപ്പ് മുതലാക്കുക ഫാഷിസ്റ്റുകളായിരിക്കും. മതേതര വോട്ടുകള്‍ ഭിന്നിച്ചതുകൊണ്ടാണ് വെറും 30 ശതമാനം വോട്ട് ലഭിച്ചവര്‍ രാഷ്ട്രം ഭരിക്കുന്നതെന്ന തിരിച്ചറിവ് നമുക്കുണ്ടാവണം.
ഇസ്‌ലാമിനെതിരിലുള്ള തീവ്രവാദ ആരോപണങ്ങളടക്കം സമൂഹത്തില്‍ നിലനില്‍ക്കുന്നുവെന്നത് ഒരു യാഥാര്‍ഥ്യമാണ്. 'ഞങ്ങള്‍ തീവ്രവാദികളല്ല' എന്നു പറഞ്ഞതുകൊണ്ടു മാത്രം അതിനെ മറികടക്കാനാവില്ല. ഇസ്‌ലാമിക സംസ്‌കാരം എന്താണെന്ന് ഇവിടെയുള്ള വിവിധ സമൂഹങ്ങളെ ബോധ്യപ്പെടുത്തുന്ന വ്യത്യസ്ത പ്രവര്‍ത്തനങ്ങളും പരിപാടികളും നമ്മുടെ പ്രധാന അജണ്ടകളില്‍ ഉള്‍പ്പെടേണ്ടതുണ്ട്.
ഇന്ത്യയുടെ സാമൂഹിക നിര്‍മിതിയിലും വളര്‍ച്ചയിലും മുസ്‌ലിംകള്‍ വഹിച്ച ചരിത്രപരമായ പങ്കും സംഭാവനകളും മുഴുവന്‍ സമൂഹങ്ങളെയും ബോധ്യപ്പെടുത്താന്‍ നമുക്കാവണം. നമ്മള്‍ കൂടി ചേര്‍ന്നതാണ് ഈ രാജ്യമെന്ന് തിരിച്ചറിയാന്‍ അത് ഉപകരിക്കും. സമുദായത്തെ വിദ്യാസമ്പന്നരാക്കുമ്പോള്‍ തന്നെ മത-ധാര്‍മിക ബോധമുള്ളവരാക്കാനുമുള്ള  ബോധപൂര്‍വ അജണ്ടകളും സംഘടനകള്‍ക്കുണ്ടാകേണ്ടതുണ്ട്. ഈ അജണ്ടകള്‍ നമുക്ക് വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചാല്‍ നമ്മളെ പരാജയപ്പെടുത്താന്‍ മറ്റാര്‍ക്കും സാധ്യമാവില്ല.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (11-21)
ടി.കെ ഉബൈദ്‌