Prabodhanm Weekly

Pages

Search

2021 ജനുവരി 22

3186

1442 ജമാദുല്‍ ആഖിര്‍ 09

അടിയറ വെക്കാത്ത ആത്മാഭിമാനവും അവസാനിപ്പിച്ച ഉപരോധവും

പി.കെ നിയാസ്

ഖത്തറിനെതിരെ ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ (ജി.സി.സി) സഹോദര രാഷ്ട്രങ്ങളായ സുഊദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍ എന്നിവയും ഈജിപ്തും ഏര്‍പ്പെടുത്തിയ മൂന്നര വര്‍ഷം നീണ്ടുനിന്ന ഉപരോധം പിന്‍വലിക്കപ്പെട്ടത് മേഖല മാത്രമല്ല, ലോക രാഷ്ട്രങ്ങള്‍ പൊതുവെയും ആഹ്ലാദത്തോടെയാണ് വരവേറ്റത്. 'ഭീകര പ്രസ്ഥാനങ്ങളാ'യ ഹമാസ്, മുസ്‌ലിം ബ്രദര്‍ഹുഡ് തുടങ്ങിയവയെ ഖത്തര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നും മേഖലയില്‍ കുഴപ്പമുണ്ടാക്കുന്ന ഇറാനുമായി ഊഷ്മള ബന്ധം സ്ഥാപിച്ചുവെന്നും ആരോപിച്ച് 2017 ജൂണ്‍ 5-ലെ റമദാന്‍ ദിനത്തില്‍ പൊടുന്നനെ പ്രഖ്യാപിക്കപ്പെട്ട ഉപരോധം അങ്ങയറ്റം മനുഷ്യത്വവിരുദ്ധവും ഇസ്‌ലാമിക സാഹോദര്യത്തിനേല്‍പിച്ച കനത്ത ആഘാതവുമായിരുന്നു എന്നതില്‍ രണ്ടഭിപ്രായമില്ല. തങ്ങളുടെ ചെയ്തികള്‍ തെറ്റാണെന്ന് ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങള്‍ക്കു തന്നെ ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് അത് റദ്ദു ചെയ്തത്. എന്തിനുവേണ്ടിയായിരുന്നു ഉപരോധം എന്ന ചോദ്യത്തിന് മറുപടി നല്‍കേണ്ടത് അത് പ്രഖ്യാപിച്ച രാജ്യങ്ങള്‍ തന്നെയാണ്. എങ്കിലും, ഇരു ഹറമുകള്‍ക്കും നേതൃത്വം നല്‍കുന്ന രാജ്യമെന്ന നിലയില്‍ ഉപരോധം അവസാനിപ്പിക്കാന്‍ സുഊദി അറേബ്യയുടെ ഭാഗത്തുനിന്നുണ്ടായ നടപടി തീര്‍ച്ചയായും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. 
ഉപരോധം അവസാനിപ്പിക്കാന്‍ ഉപരോധ രാജ്യങ്ങള്‍ മുന്നോട്ടുവെച്ച പതിമൂന്നിന ആവശ്യങ്ങള്‍ തങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതായതിനാല്‍ അംഗീകരിക്കാനാവില്ലെന്നായിരുന്നു തുടക്കം മുതല്‍ ഖത്തറിന്റെ സുചിന്തിതമായ നിലപാട്. ദുര്‍ബലമായ വാദങ്ങളാണ് ഉപരോധ രാജ്യങ്ങള്‍ മുന്നോട്ടുവെച്ചതെന്നും അതിനാല്‍ നിലപാടുകളിലോ വിദേശ നയത്തിലോ ഒരു മാറ്റവും ഖത്തറിന് വരുത്തേണ്ടിവന്നില്ലെന്നും ദോഹയിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂനിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ജോസ് ലിന്‍ മിഷേല്‍ അഭിപ്രായപ്പെടുന്നു. പുനരൈക്യം ജി.സി.സിയുടെ വിജയമാണെന്നാണ് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ഥാനി അഭിപ്രായപ്പെട്ടത്.
അല്‍ ജസീറ ചാനല്‍ അടച്ചുപൂട്ടുന്നതു പോയിട്ട് അതിന് നിയന്ത്രണങ്ങള്‍ പോലും ഏര്‍പ്പെടുത്താതെയും ടര്‍ക്കിഷ് സൈനിക താവളം നിലനിര്‍ത്തിയും തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങളുമായുള്ള അടുത്ത ബന്ധങ്ങള്‍ ഊഷ്മളമാക്കിയും ഖത്തര്‍ അതിന്റെ സ്വതന്ത്ര വിദേശനയത്തില്‍ വെള്ളം ചേര്‍ക്കാതെ തലയുയര്‍ത്തി നില്‍ക്കുന്നു. ഫലസ്ത്വീനികളും ഗസ്സയും ചേര്‍ത്തുപിടിക്കേണ്ടവരാണെന്ന് ആവര്‍ത്തിച്ചു ഖത്തര്‍. ഫലസ്ത്വീനിലെ ഇസ്‌ലാമിക ചെറുത്തുനില്‍പ് പ്രസ്ഥാനത്തെ തള്ളിപ്പറയാന്‍ ഒരുക്കമല്ലെന്ന് അടിവരയിട്ടുകൊണ്ടാണ് ഇതെഴുതുമ്പോള്‍ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയെയും സംഘത്തെയും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ദോഹയില്‍ സ്വീകരിച്ചത്. 
അവശ്യവസ്തുക്കള്‍ പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന രാജ്യമായ ഖത്തര്‍ മൂന്നര വര്‍ഷത്തെ ഉപരോധത്തെ നേരിട്ടത് തികഞ്ഞ സംയമനത്തോടെയും ഇസ്‌ലാമിക മൂല്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ടുമായിരുന്നു. ഉപരോധത്തിന് തിരിച്ചടിയായി അയല്‍രാജ്യത്തേക്ക് പൈപ്പ്‌ലൈന്‍ വഴി നല്‍കുന്ന പ്രകൃതി വാതക വിതരണം (ഡോള്‍ഫിന്‍ ഗ്യാസ് പ്രോജക്റ്റ്) നിര്‍ത്തിവെക്കാമായിരുന്നിട്ടും അത്തരമൊരു നീക്കത്തിന് ഖത്തര്‍ തയാറായില്ല. ഉപരോധ രാജ്യങ്ങള്‍ തങ്ങള്‍ക്കെതിരെ നടത്തിയ സര്‍വ കുപ്രചാരണങ്ങള്‍ക്കും അതേരീതിയില്‍ മറുപടി നല്‍കുന്നതിനു പകരം അന്താരാഷ്ട്ര ഫോറങ്ങളെ സമീപിച്ച് തെളിവുകള്‍ സഹിതം കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്ന ശൈലിയാണ് ഈ കാലയളവിലുടനീളം ഖത്തര്‍ സ്വീകരിച്ചത്. വ്യോമപാതയിലെ അന്യായമായ വിലക്കിനും  മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും എതിരെ അന്താരാഷ്ട്ര ട്രൈബ്യൂണലുകളെ സമീപിച്ച ഖത്തര്‍  അനുകൂലമായ വിധികള്‍ സമ്പാദിച്ചു. സ്‌പോര്‍ട്‌സ് ചാനലായ ബിഇന്‍ സ്‌പോര്‍ട്‌സിന്റെ സംപ്രഷണാവകാശ നിയമം ലംഘിച്ച അയല്‍രാജ്യത്തിനെതിരെ ലോക വ്യാപാര സംഘടനയും ഖത്തറിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയുണ്ടായി.
ഉപരോധ രാജ്യങ്ങളോട് ശത്രുതാപരമായ നിലപാടില്ലെന്നും ഉപാധികളില്ലാത്ത ഏതു ചര്‍ച്ചകള്‍ക്കും തയാറാണെന്നും ഖത്തര്‍ തുടക്കം മുതല്‍ വ്യക്തമാക്കിയതാണ്. ഇക്കാര്യത്തില്‍ ഖത്തറിനു വേണ്ടി ഡിപ്ലോമസിയുമായി രംഗത്തുണ്ടായിരുന്നത് കുവൈത്തായിരുന്നു. അന്തരിച്ച കുവൈത്ത് അമീറിന്റെ നിരന്തരമായ ശ്രമങ്ങളുടെ കൂടി പര്യവസാനമാണ് ഈ മഞ്ഞുരുക്കം. തങ്ങളുടെ വിദേശനയം ആരുടെ മുന്നിലും അടിയറവെക്കാതെ തലയുയര്‍ത്തി അല്‍ ഉലാ സമ്മേളനത്തില്‍ സഹോദര രാജ്യങ്ങളിലെ ഭരണാധികാരികളെ അഭിസംബോധന ചെയ്യാന്‍ ഖത്തര്‍ അമീറിന് കഴിഞ്ഞതും നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതിരുന്ന സമീപനം കാരണമാണ്. തെറ്റിദ്ധാരണകളില്‍പെട്ട് ഉപരോധ രാജ്യങ്ങള്‍ക്കൊപ്പം ചേരുകയും ഖത്തറുമായുള്ള നയതന്ത്ര ബന്ധം മരവിപ്പിക്കുകയും ചെയ്ത ജോര്‍ദാന്‍, സെനഗല്‍ പോലുള്ള രാജ്യങ്ങള്‍ പിന്നീട് തെറ്റ് മനസ്സിലാക്കി നിലപാട് മാറ്റിയത് ഈ വിഷയത്തില്‍ ഖത്തര്‍ പിന്തുടര്‍ന്ന മാന്യമായ സമീപനം കാരണമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട ജോര്‍ദാന് പതിനായിരത്തോളം തൊഴില്‍ വിസകള്‍ പ്രഖ്യാപിക്കാന്‍  പോലും ഖത്തര്‍ തയാറായി.
ഖത്തറിനെതിരെ ഉപരോധം നടപ്പാക്കിയതിനു പിന്നില്‍ ട്രംപ് ഭരണകൂടത്തിന്റെ പങ്ക് ചില രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആദ്യ നാളുകളില്‍തന്നെ പ്രശ്‌നം പരിഹരിക്കാന്‍ അവസരമൊരുങ്ങിയിട്ടും അതിന് തുനിയാതിരുന്ന ട്രംപ്, സ്ഥാനമൊഴിയുന്നതിന്റെ അവസാന നാളുകളില്‍ അതിന് തയാറായി എന്നത് ചില താല്‍പര്യങ്ങള്‍ മുന്നില്‍ കണ്ടായിരുന്നു. ട്രംപിന്റെ മിഡിലീസ്റ്റ് പദ്ധതിയും നാലു അറബ് രാജ്യങ്ങളെക്കൊണ്ട് ഇസ്രയേലിനെ അംഗീകരിപ്പിച്ച നടപടിയുമൊക്കെ ഈ താല്‍പര്യങ്ങളുടെ ഭാഗമായിരുന്നു. ട്രംപിന്റെ പ്രഥമ വിദേശകാര്യ സെക്രട്ടറി റെക്‌സ് റ്റില്ലേഴ്‌സന്‍ പ്രസ്തുത പദവിയില്‍ അവരോധിക്കപ്പെടുന്നതിനു മുമ്പു തന്നെ ഖത്തറുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നയാളാണ്. പ്രശ്‌നപരിഹാരത്തിന് റ്റില്ലേഴ്‌സന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ട്രംപ് തള്ളിയെന്നു മാത്രമല്ല, അദ്ദേഹത്തെ പിന്നീട് തല്‍സ്ഥാനത്തുനിന്ന് മാറ്റി മൈക്ക് പോംപിയോയെ വിദേശകാര്യ സെക്രട്ടറിയായി പ്രതിഷ്ഠിക്കുന്നതാണ് കണ്ടത്.
മൂന്നു ഭാഗവും കടലും ഒരുഭാഗം മാത്രം സുഊദി അറേബ്യയുമായി കര അതിര്‍ത്തിയും പങ്കിടുന്ന രാജ്യമാണ് ഖത്തര്‍. ഉപരോധത്തിന്റെ ആദ്യ നാളുകളില്‍ ജനങ്ങള്‍ അവശ്യ സാധനങ്ങള്‍ കരുതിവെക്കാന്‍ തുടങ്ങിയതോടെ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലെയും സൂപ്പര്‍ മാര്‍ക്കറ്റുകളിലെയും ഷെല്‍ഫുകളില്‍ പാല്‍, ഡയറി ഉല്‍പ്പന്നങ്ങള്‍ കാലിയായി. എന്നാല്‍, ഒരു നിലക്കും ബേജാറാവേണ്ടതില്ലെന്നും കരുതല്‍ ശേഖരത്തിന്റെ ആവശ്യമില്ലെന്നും ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയ ഭരണകൂടം വളരെ പെട്ടെന്നാണ് തുര്‍ക്കിയില്‍നിന്നും ഇറാനില്‍നിന്നും ഉല്‍പന്നങ്ങളുടെ ഇറക്കുമതി തുടങ്ങിയത്. വിമാന മാര്‍ഗേണയുള്ള ചരക്കുനീക്കം ചെലവേറിയതായിരുന്നെങ്കിലും ജനങ്ങളുടെമേല്‍ അതിന്റെ ഭാരം അടിച്ചേല്‍പിക്കാതെ സബ്‌സിഡി നിരക്കില്‍ അവ വിതരണം ചെയ്യാനുള്ള നടപടികളാണ് ഗവണ്‍മെന്റ് കൈക്കൊണ്ടത്. അങ്ങനെയാണ് ടര്‍ക്കിഷ് ഭാഷയിലെ സുട്ടും (പാല്‍) ഐരനും (മോര്) ഖത്തര്‍ നിവാസികള്‍ക്ക് സുപരിചിതമായത്. വിദേശത്തുനിന്ന് മേത്തരം പശുക്കളെ ഇറക്കുമതി ചെയ്ത് ബലദ്‌ന എന്ന പേരില്‍ അത്യാധുനിക ഡയറി ഫാമും സ്ഥാപിച്ചതോടെ പാലുല്‍പന്നങ്ങളുടെ ഇറക്കുമതി പൂര്‍ണമായും അവസാനിപ്പിക്കാനും ഖത്തറിന് കഴിഞ്ഞു. ഉപരോധത്തിനു മുമ്പുവരെ അയല്‍രാജ്യത്തുനിന്ന് നൂറുകണക്കിന് ട്രക്കുകള്‍ എത്തിയാല്‍ മാത്രം പാലും പച്ചക്കറികളും കിട്ടിയിരുന്ന ഖത്തര്‍ ഇപ്പോള്‍ അവയൊക്കെ സ്വന്തമായി ഉല്‍പാദിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു.
മൂന്നര വര്‍ഷത്തെ ഉപരോധം ഖത്തറിന്റെ സാമ്പത്തിക മേഖലയെ സാരമായി ബാധിച്ചുവെന്നത് നേരാണ്. ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ക്കും ഇതുപോലുള്ള നഷ്ടം ഉണ്ടായിട്ടുണ്ട്. അതേസമയം, സാമ്പത്തിക രംഗത്തെ തിരിച്ചടി നേരിടാന്‍ കാര്യക്ഷമമായ പദ്ധതികളിലൂടെയാണ് ഖത്തര്‍ മുന്നോട്ടുപോയത്. സാമ്പത്തിക മേഖലയുടെ നട്ടെല്ലായ ബാങ്കുകളെ തകര്‍ച്ചയില്‍നിന്ന് കരകയറ്റാന്‍ സോവറിന്‍ ഫണ്ടില്‍നിന്ന് 4300 കോടി ഡോളറാണ് ഖത്തര്‍ പമ്പുചെയ്തത്. ബാങ്കുകളിലെ 2,200 കോടിയുടെ നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെട്ട സാഹചര്യത്തിലായിരുന്നു നീക്കം. ഖത്തറിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വെയ്‌സിനെയും ഉപരോധം വന്‍ നഷ്ടത്തിലാക്കി. 1994-ല്‍ നാലു വിമാനങ്ങളുമായി ആരംഭിക്കുകയും ഇപ്പോള്‍ 240-ലേറെ വിമാനങ്ങളുമായി 175-ലധികം രാജ്യങ്ങളില്‍ സര്‍വീസ് നടത്തുകയും ചെയ്യുന്ന ലോകത്തിലെ തന്നെ മുന്‍നിര വിമാനക്കമ്പനികളില്‍ ഒന്നായ ഖത്തര്‍ എയര്‍വെയ്‌സിന് മാത്രം 500 കോടി ഡോളറിന്റെ നഷ്ടമാണ് ഉപരോധമുണ്ടാക്കിയത്. നിരോധം കാരണം ഇറാന്റെ വ്യോമപാത ഉപയോഗിച്ച് സര്‍വീസ് നടത്താന്‍ കമ്പനി നിര്‍ബന്ധിതമായി. ഇതിനായി വര്‍ഷം തോറും 10 കോടി ഡോളര്‍ തെഹ്‌റാന് നല്‍കേണ്ടിവന്നു. ഉപരോധം നീങ്ങി പഴയതുപോലെ വ്യോമപാത തുറന്നുകിട്ടിയതിനാല്‍ വരും മാസങ്ങളില്‍ വന്‍ കുതിപ്പു നടത്താന്‍ കഴിയുമെന്നാണ് ഖത്തര്‍ എയര്‍വെയ്‌സിന്റെ പ്രതീക്ഷ.
ഇസ്രയേല്‍ ഒഴികെ മറ്റെല്ലാ രാജ്യങ്ങളുമായും ഊഷ്മള ബന്ധമുണ്ടായിരുന്നു ഖത്തറിന്. അധികാരം ഉറപ്പിക്കാനായി സ്വന്തം ജനതയെ കൂട്ടക്കൊല ചെയ്ത ഏകാധിപതിയായ ബശ്ശാറുല്‍ അസദിന്റെ സിറിയയുമായും ഖത്തറിന് ബന്ധം വിഛേദിക്കേണ്ടിവന്നു. 2017-ല്‍ ഉപരോധം ആരംഭിച്ച കാലത്ത് ഖത്തറുമായുള്ള ബന്ധം വിഛേദിക്കാന്‍ എരിത്രിയക്കുമേല്‍ സമ്മര്‍ദമുണ്ടായെങ്കിലും ആ രാജ്യം വഴങ്ങിയിരുന്നില്ല. എന്നാല്‍ ജിബൂത്തി ഉപരോധ രാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്നു. ലിബിയയില്‍ യു.എന്‍ അംഗീകാരമുള്ള ഫാഇസ് സറാജിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനൊപ്പമാണ് ഖത്തര്‍. സറാജ് സര്‍ക്കാറിന് സൈനിക പിന്തുണ നല്‍കി തുര്‍ക്കിയും രംഗത്തുണ്ട്. 
പല അന്താരാഷ്ട്ര തര്‍ക്ക പ്രശ്‌നങ്ങളിലും സജീവമായി ഖത്തര്‍ ഇടപെടാന്‍ തുടങ്ങിയതോടെയാണ് അറബ് മേഖലയിലെ ചില രാജ്യങ്ങള്‍ ഖത്തറിനെ സംശയത്തോടെ വീക്ഷിക്കാന്‍ തുടങ്ങിയത്. 2008-ല്‍ ലബനാന്‍ ഗവണ്‍മെന്റും ഹിസ്ബുല്ലയും തമ്മില്‍ ഔദ്യോഗികവും അനൗദ്യോഗികവുമായ ചര്‍ച്ചകള്‍ക്ക് മാധ്യസ്ഥം വഹിച്ചതു മുതല്‍ അന്താരാഷ്ട്ര തര്‍ക്കങ്ങളില്‍ സമാധാനപൂര്‍ണമായ പരിഹാരത്തിന് ഖത്തര്‍ സജീവമായി രംഗത്തുണ്ട്. 2009-ല്‍ സുഡാന്‍ ഗവണ്‍മെന്റും ദാര്‍ഫൂര്‍ പോരാട്ട ഗ്രൂപ്പുകളും തമ്മിലുള്ള അനുരഞ്ജന ചര്‍ച്ചകള്‍ക്കും, താലിബാനും അഫ്ഗാന്‍ സര്‍ക്കാറും അമേരിക്കയും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്കും ദോഹ വേദിയാവുകയും ഇതുസംബന്ധിച്ച കരാര്‍ ഒപ്പുവെക്കുകയുമുണ്ടായി. ഹമാസിനെയും ഫത്ഹിനെയും യോജിപ്പിക്കാനും ഖത്തര്‍ മുന്നോട്ടുവരികയുണ്ടായി.
ഫലസ്ത്വീനില്‍ തെരഞ്ഞെടുപ്പു വിജയം നേടിയ ഹമാസിനെ ഭരിക്കാന്‍ അനുവദിക്കാത്ത നിലപാടിനെതിരെയും ഈജിപ്തില്‍ ജനാധിപത്യരീതിയില്‍ അധികാരത്തില്‍ വന്ന ഡോ. മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ പട്ടാള മേധാവി അല്‍ സീസി നടത്തിയ അട്ടിമറിക്കെതിരെയും ശക്തമായി രംഗത്തുവന്നതോടെ ചില രാജ്യങ്ങള്‍ ഖത്തറിനെ ശത്രുവായി കാണാന്‍ തുടങ്ങി. ഈജിപ്തിലെ ജനകീയ വിപ്ലവത്തെയും അറബ് ലോകത്ത് വിവിധയിടങ്ങളില്‍ അരങ്ങേറിയ ജനാധിപത്യ പ്രക്ഷോഭങ്ങളെയും ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച അല്‍ ജസീറ ചാനല്‍ ശത്രുപക്ഷത്താക്കപ്പെടുന്നത് അങ്ങനെയാണ്.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ്‌സ് തലവന്‍ ഖാസിം സുലൈമാനിയെ മിസൈലയച്ച് വധിച്ച ട്രംപിന്റെ നടപടി മേഖലയില്‍ സൈനിക ഏറ്റുമുട്ടലിനുള്ള സാധ്യത വര്‍ധിപ്പിച്ചിരുന്നു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ തെഹ്‌റാന്‍ ഡിപ്ലോമസിയാണ് പ്രസ്തുത സംഘര്‍ഷം ആളിപ്പടരാതിരിക്കാന്‍ സഹായകമായത്. അമേരിക്കയുടെ തന്നെ അഭ്യര്‍ഥനപ്രകാരമാണ് അമീര്‍ തെഹ്‌റാന്‍ സന്ദര്‍ശനം നടത്തിയതെന്ന് ലണ്ടന്‍ കിംഗ്‌സ് കോളജിലെ ഡീന്‍ ക്രെയിഗ് ചൂണ്ടിക്കാട്ടുന്നു. ഇതേ സന്ദേശവുമായി ഖത്തര്‍ വിദേശകാര്യ മന്ത്രി ബഗ്ദാദും സന്ദര്‍ശിക്കുകയുണ്ടായി. അമേരിക്കയുടെ മാധ്യസ്ഥ ശ്രമങ്ങള്‍ക്ക് മുന്‍കൈയെടുത്തിരുന്ന ഒമാന്റെ റോളാണ് ഇപ്പോള്‍ ഖത്തര്‍ ഏറ്റെടുത്തിരിക്കുന്നത്. നേരത്തെ ഇറാനും പടിഞ്ഞാറന്‍ രാജ്യങ്ങളുമായുള്ള ആണവ കരാര്‍ ഒപ്പുവെക്കുന്നതിനു മുന്നോടിയായി തെഹ്‌റാനെയും വാഷിംഗ്ടണിനെയും ഒരു മേശക്കു ചുറ്റും കൊണ്ടുവരുന്നതില്‍ പങ്കുവഹിച്ചത് ഒമാന്റെ ഡിപ്ലോമസിയായിരുന്നു.
സുഊദി അറേബ്യയുമായാണ് തുടക്കത്തില്‍ ഖത്തര്‍ ധാരണയിലെത്തിയതെങ്കിലും യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും ഉപരോധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുകയും കരാര്‍ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. ഉപരോധം നീക്കുകയും യാത്രാ വിലക്കുകള്‍ അവസാനിപ്പിക്കുകയും ചെയ്യുന്നതിനാണ് കരാറില്‍ പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ സുഊദി അറേബ്യ ഖത്തറുമായുള്ള കര, കടല്‍, വ്യോമ പാതകള്‍ തുറക്കുകയും ഖത്തര്‍ എയര്‍വെയ്‌സ് വിമാനങ്ങള്‍ സുഊദി നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കുകയും ചെയ്തു. ഇതിനു പിന്നാലെ യു.എ.ഇയും ഖത്തരി വിമാനങ്ങള്‍ക്കായി എയര്‍പോര്‍ട്ട് തുറക്കുന്നതായി പ്രഖ്യാപിച്ചു. എന്നാല്‍ സര്‍വീസുകള്‍ ആരംഭിച്ചിട്ടില്ല. ബഹ്‌റൈനും വ്യോമപാത തുറന്നതോടെ യാത്രാ ഉപരോധം അവസാനിച്ചു. സുഊദി അറേബ്യയുമായി മാത്രമേ വളരെ പെട്ടെന്ന് സമ്പൂര്‍ണ നയതന്ത്ര ബന്ധം പുനരാരംഭിക്കുകയുള്ളൂ. മറ്റു രാജ്യങ്ങളുമായി ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ ഉണ്ടാകും.
ഗള്‍ഫ് രാജ്യങ്ങള്‍ ഐക്യപ്പെടുമ്പോള്‍ നിര്‍ത്തിവെക്കപ്പെട്ട വിവിധ പദ്ധതികള്‍ പൊടിതട്ടിയെടുക്കാനുള്ള സാധ്യതകളും വര്‍ധിച്ചിരിക്കുന്നു. കസ്റ്റംസ് യൂനിയന്‍, പൊതു കറന്‍സി, സംയുക്ത ജി.സി.സി വിപണി എന്നിവ ഇവയില്‍ ചിലതാണ്. ഗള്‍ഫ് രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന റെയില്‍വേ ലൈന്‍, ഖത്തറിനെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന ഫ്രണ്ട്ഷിപ്പ് കോസ്‌വെ തുടങ്ങിയ സ്വപ്‌ന പദ്ധതികളും അജണ്ടകളില്‍ വീണ്ടും സ്ഥാനം പിടിക്കുകയാണെങ്കില്‍ മേഖലയുടെ വന്‍കുതിപ്പിന് അത് വഴിയൊരുക്കും. ഈ വര്‍ഷം നടക്കാനിരിക്കുന്ന ദുബൈ എക്‌സ്‌പോ, അടുത്ത വര്‍ഷം ഖത്തര്‍ ആതിഥ്യമരുളുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ തുടങ്ങിയ ജി.സി.സിയുടെ അഭിമാനമായി മാറാവുന്ന മെഗാ ഇവന്റുകളെ അല്‍ ഉലാ കമ്യൂണിക്കെയില്‍ പ്രത്യേകമായി പരാമര്‍ശിച്ചത് ശ്രദ്ധേയമാണ്. ഫിഫാ ലോകകപ്പ് ജി.സി.സിയുടെ തന്നെ അഭിമാനമായാണ് അല്‍ ഊലാ പ്രഖ്യാപനത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
സ്വാലിഹ് നബിയുടെ കാല്‍പാദങ്ങള്‍ പതിഞ്ഞ മദായിനു സ്വാലിഹ് എന്ന പ്രവാചക നഗരത്തിന്റെ ശേഷിപ്പുകള്‍ കാണപ്പെടുന്ന അല്‍ ഊലാ പട്ടണം സാക്ഷ്യം വഹിച്ച ഈ കരാറിന് സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം തുടര്‍ന്നങ്ങോട്ടും പ്രസരിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് മേഖലക്ക് മുതല്‍ക്കൂട്ടാവും. ജി.സി.സി അതിന്റെ പഴയ പ്രതാപം വീണ്ടെടുക്കുമെന്നും ആറു ഗള്‍ഫ് രാജ്യങ്ങളും സകല ഭിന്നതകളും മാറ്റിവെച്ച് പരസ്പര സഹകരണത്തോടെ പുതിയ അധ്യായം കുറിക്കുമെന്നും പ്രവചിക്കുന്നത് അമിതാത്മ വിശ്വാസമാകും. ഇരുപത്തിയേഴ് രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യന്‍ യൂനിയന്‍ (ഇ.യു) പൊതു കറന്‍സിയും അംഗരാജ്യങ്ങള്‍ക്കിടയില്‍ വിസയില്ലാതെ യാത്ര ചെയ്യാവുന്ന ഷെംഗന്‍ സംവിധാനവും മറ്റു നിരവധി പദ്ധതികളും വിജയകരമായി പരീക്ഷിച്ചു മുന്നോട്ടു പോകുമ്പോഴാണ് 1981 മെയ് 25-ന് നിലവില്‍ വന്ന ആറ് ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മ നാല്‍പത് വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴേക്ക് ഒരു പിളര്‍പ്പില്‍നിന്ന് കരകയറുന്നത്. 2014-ലും ഖത്തറുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഇതേ രാജ്യങ്ങള്‍ തങ്ങളുടെ സ്ഥാനപതിമാരെ തിരിച്ചുവിളിക്കുകയുണ്ടായെങ്കിലും പിന്നീട് പ്രശ്‌നം പരിഹരിക്കപ്പെടുകയായിരുന്നു. ഇസ്‌ലാമിക പ്രസ്ഥാനങ്ങളുമായുള്ള അടുപ്പത്തിന്റെ പേരിലാണ് ഖത്തറിനെതിരെ മേല്‍രാജ്യങ്ങള്‍ രംഗത്തുവരാറുള്ളത്. ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യ ഇടപെടലുകള്‍ അവസാനിപ്പിച്ചും ഓരോ രാജ്യത്തിന്റെയും പരമാധികാരം അംഗീകരിച്ചും മുന്നോട്ടു പോകാന്‍ അംഗ രാജ്യങ്ങള്‍ക്ക് കഴിയുമെങ്കില്‍ അല്‍ ഊലാ കരാറിനും അതുവഴി ജി.സി.സി കൂട്ടായ്മക്കും പ്രസക്തിയുണ്ട്.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (11-21)
ടി.കെ ഉബൈദ്‌