Prabodhanm Weekly

Pages

Search

2021 ജനുവരി 22

3186

1442 ജമാദുല്‍ ആഖിര്‍ 09

എസ്.എ റശീദ് മദീനി പണ്ഡിതന്‍, ഗുരുവര്യന്‍, പ്രബോധകന്‍

സിറാജുദ്ദീന്‍ ഉമരി

2020 ഡിസംബര്‍ 22-ന് കര്‍മഭൂമിയില്‍നിന്ന് എസ്.എ റശീദ് മദീനി അല്ലാഹുവിലേക്ക് യാത്രയായി. 1952-ല്‍ ആലപ്പുഴ ജില്ലയിലെ പൂച്ചാക്കല്‍ പുന്നാത്ര അബ്ദുല്ലയുടെയും അരങ്കശ്ശേരി പുത്തന്‍പുരയില്‍ സുഹ്‌റ ബീവിയുടെയും മൂത്തപുത്രനായി ജനിച്ച ഞങ്ങളുടെ സഹോദരന്‍ അബ്ദുര്‍റശീദ് ചെറുപ്പം മുതലേ ഇസ്‌ലാമിക കാര്യങ്ങളില്‍ വളരെയേറെ തല്‍പരനായിരുന്നു. നാട്ടിലെ സ്‌കൂള്‍ പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം കോഴിക്കോട് ചേന്ദമംഗല്ലൂരിലാണ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അദ്ദേഹം പിതാവിനോട് പറഞ്ഞു; 'ബാപ്പാ, എനിക്ക് സ്‌കൂളില്‍ പഠിക്കേണ്ട, അവിടത്തെ ഇസ്‌ലാഹിയാ കോളേജില്‍ പഠിച്ചാല്‍ മതി.' സ്ഥാപനത്തിലെ ഇസ്‌ലാമിക അന്തരീക്ഷവും അവിടെ പഠിപ്പിക്കപ്പെടുന്ന വിഷയങ്ങളുമൊക്കെയാണ് അദ്ദേഹത്തെ ആകര്‍ഷിച്ചത്.
സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജിലും ശാന്തപുരം ഇസ്‌ലാമിയാ കോളേജിലും ഉമറാബാദ് ജാമിഅ ദാറുസ്സലാമിലും ശേഷം സുഊദി അറേബ്യയിലെ മദീനാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലുമായാണ് അദ്ദേഹം പഠനം പൂര്‍ത്തിയാക്കിയത്. കേരളത്തിലെയും ഇന്ത്യയിലെയും അറബ് ലോകത്തെയും പല പ്രഗത്ഭ പണ്ഡിതന്മാരുടെയും ശിഷ്യനാകാനും ഭാഗ്യം ലഭിച്ചു. 1982-ല്‍ മദീനാ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദം നേടിയ ശേഷം റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമിയുടെ പ്രതിനിധിയായി നിയോഗിക്കപ്പെട്ടു. ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കായി ഏത് രാജ്യത്തേക്കാണ് പോകേതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം തന്റെ കര്‍മഭൂമിയായി തെരഞ്ഞെടുത്തത് സ്വദേശമായ കേരളം തന്നെയാണ്. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീറായിരുന്ന മൗലാനാ അബുല്ലൈസ് ഇസ്‌ലാഹിയുടെ ശിപാര്‍ശപ്രകാരം അദ്ദേഹം ഇന്ത്യയിലേക്ക് വരികയും കേരള അമീറായിരുന്ന കെ.സി അബ്ദുല്ല മൗലവിയുടെ ആവശ്യപ്രകാരം ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജില്‍ അധ്യാപകനാവുകയുമായിരുന്നു. അതിനു മുമ്പ് ഒരു വര്‍ഷം വളാഞ്ചേരി എടയൂര്‍ ഐ.ആര്‍.എസിലും അധ്യാപകനായിരുന്നു. ഉമറാബാദില്‍നിന്ന് ബിരുദമെടുത്ത ശേഷം 1978-ല്‍ ആലപ്പുഴ നീര്‍ക്കുന്നത്ത് മദ്‌റസയിലും പള്ളിയിലുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1983 മുതല്‍ നീണ്ട 23 വര്‍ഷക്കാലം ചേന്ദമംഗല്ലൂര്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ഇസ്‌ലാഹിയാ കോളേജിലെ അറബിഭാഷാ അധ്യാപകനായിരുന്നെങ്കിലും, തന്റെ വിദ്യാര്‍ഥികള്‍ക്ക് ഖുര്‍ആനികാശയങ്ങളും ഇസ്‌ലാമിന്റെ ചരിത്രവും പാരമ്പര്യവും പകര്‍ന്നുകൊടുത്തുകൊണ്ട് അവരെ ദിശാബോധമുള്ളവരാക്കി മാറ്റുന്നതില്‍ അദ്ദേഹം വലിയ അളവില്‍ വിജയിക്കുകയുണ്ടായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന അത്തരം നൂറുകണക്കിന് ശിഷ്യന്മാര്‍ അദ്ദേഹത്തിനുണ്ട്. തന്റെ ശിഷ്യന്മാരോട് ഒരു വിഷയത്തിലും അദ്ദേഹം കാര്‍ക്കശ്യം പുലര്‍ത്തിയില്ല. പിതൃതുല്യമായ വാത്സല്യത്തോടെ, സ്‌നേഹത്തോടെ, അതിനേക്കാളുപരി ബഹുമാനത്തോടെ, സുഹൃത്തുക്കളെന്ന പോലെ അദ്ദേഹം അവരോട് പെരുമാറി.
നല്ല ഓര്‍മശക്തിയുടെ ഉടമയായിരുന്നതിനാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് താന്‍ പഠിപ്പിച്ചവരുടെ പേരുകളും അവരുടെ കുടുംബത്തിലുള്ളവരുടെയും ബന്ധുക്കളുടെയും പേരുകളും സ്ഥലങ്ങളും വരെ കൃത്യമായി ഓര്‍ത്തുവെക്കുകയും അവരുമായി നിരന്തരബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു.
സമര്‍പ്പിതനായ ഇസ്‌ലാമിക പ്രബോധകനുമായിരുന്നു അബ്ദുര്‍റശീദ് മദീനി. ഇസ്‌ലാമിയാ കോളേജില്‍ പഠിക്കുന്ന കാലത്ത് 16-17 വയസ്സുള്ളപ്പോള്‍ തന്നെ അദ്ദേഹം പ്രബോധന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ജന്മനാട്ടിലെ ബന്ധുക്കളില്‍ ഏറ്റവും അടുപ്പം മാതൃസഹോദരീഭര്‍ത്താവായ സീതി സാഹിബിനോടായിരുന്നു. അദ്ദേഹവും സ്വന്തം പിതാവ് അബ്ദുല്ലാ സാഹിബുമായിരുന്നു പ്രദേശത്തെ ജമാഅത്ത് അംഗങ്ങള്‍. കോളേജില്‍ അവധി പ്രഖ്യാപിക്കുമ്പോള്‍ മൂത്താപ്പയായ സീതി സാഹിബിന് ഒരു കാര്‍ഡ് അയക്കും. കോളേജില്‍ ഇത്ര ദിവസം അവധിയാണ്, ഞാന്‍ നാട്ടില്‍ ഉണ്ടാകും, അത്രയും ദിവസം നമുക്ക് ചെയ്യാനുള്ള പ്രബോധന പരിപാടികള്‍ ഷെഡ്യൂള്‍ ചെയ്യണം. ഇതായിരിക്കും കത്തിലെ ഉള്ളടക്കം. അവധിക്ക് വരുമ്പോള്‍ മൂത്താപ്പയുടെ വീട്ടിലാണ് ആദ്യം എത്തുക. പിന്നെ സ്വന്തം വീട്ടില്‍ പോയി വേഗം മടങ്ങിയെത്തും. തുടര്‍ന്ന് മൂത്താപ്പ അദ്ദേഹത്തെയും കൂട്ടി ചുറ്റു പ്രദേശങ്ങളിലുള്ള പള്ളികളില്‍ പ്രഭാഷണങ്ങള്‍ നടത്തിയും പല സ്ഥലങ്ങളിലും വീടുകളിലും ഖുര്‍ആന്‍ ക്ലാസുകള്‍ സംഘടിപ്പിച്ചും അവധി കഴിയുന്നതുവരെ ഇരുവരും പ്രവര്‍ത്തനനിരതരായിരിക്കും.
അദ്ദേഹത്തിന്റെ പ്രധാന പ്രവര്‍ത്തന മേഖല ചേന്ദമംഗല്ലൂരും പരിസര പ്രദേശങ്ങളും തന്നെയായിരുന്നു. കോളേജ് അധ്യാപകന്‍ ആയതോടൊപ്പം തന്നെ ചേന്ദമംഗല്ലൂര്‍ മഹല്ല് പള്ളിയിലും തുടര്‍ന്ന് പരിസര പ്രദേശങ്ങളിലെ പള്ളികളിലും ഖത്വീബായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഖുത്വ്ബകള്‍ വിജ്ഞാനപ്രദവും ഇസ്‌ലാമിന്റെ വിശാലതയും സമഗ്രതയും പ്രായോഗികതയും വ്യക്തമാക്കുന്നവയുമായിരുന്നു. മറ്റെവിടെനിന്നും കേള്‍ക്കാത്ത ചരിത്രങ്ങളും സംഭവങ്ങളുമൊക്കെ ആ ഖുത്വ്ബകളില്‍ ഉണ്ടായിരിക്കും. ചെറുപ്പം മുതലേയുള്ള പരന്ന വായനാ ശീലമാണ് അതിന് കാരണം. ഉമറാബാദില്‍ പഠിക്കാന്‍ പോകുന്നതിനു മുമ്പുതന്നെ ഐ.പി.എച്ച് പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളും അദ്ദേഹം വായിച്ചുതീര്‍ത്തിരുന്നു. അറബിയിലും ഉര്‍ദുവിലുമുള്ള ആയിരക്കണക്കിന് പുസ്തകങ്ങള്‍ അദ്ദേഹം വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ക്ലാസുകളിലും പ്രഭാഷണങ്ങളിലും ആ വായനയുടെയും പഠനത്തിന്റെയും ഒപ്പം അപാരമായ ഓര്‍മശക്തിയുടെയും ആഴവും പരപ്പും ശ്രോതാക്കള്‍ക്ക് ബോധ്യപ്പെടും.
സരളവും സരസവുമായാണ് അദ്ദേഹം തന്റെ ക്ലാസുകളും പ്രഭാഷണങ്ങളും നടത്തുക. ഏത് സാധാരണക്കാരനും മനസ്സിലാകുന്ന ഭാഷാലാളിത്യവും ശൈലിയുമാണ് സ്വീകരിച്ചിരുന്നത്. ഒരു സംഭവം വിവരിക്കുമ്പോള്‍ തന്റെ സവിശേഷമായ ഭാഷാശൈലികൊണ്ടും ഹാവഭാവങ്ങള്‍ കൊണ്ടും ആ സംഭവത്തെ വിഷ്വലൈസ് ചെയ്യും. അത് കേട്ടു കഴിയുമ്പോള്‍ തങ്ങള്‍ ആ സംഭവസ്ഥലത്തെത്തി അത് നേരില്‍ കണ്ട് അനുഭവിക്കുന്ന പ്രതീതിയായിരിക്കും കേള്‍വിക്കാര്‍ക്ക്. അത്രയും ഹൃദയസ്പൃക്കായാണ് ഓരോ സംഭവവും വിവരിക്കുക.
1941 മുതല്‍ക്കുള്ള ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഇന്നുവരെയുള്ള ചരിത്രം പൂര്‍ണമായി മനസ്സില്‍ കൊണ്ടുനടന്ന അസാധാരണ മനുഷ്യനായിരുന്നു എസ്.എ. ലോക ഇസ്‌ലാമിക പ്രസ്ഥാന നായകരെക്കുറിച്ച് ദീര്‍ഘനേരം സംസാരിക്കാനുള്ള വിവരങ്ങള്‍ അദ്ദേഹം ശേഖരിച്ചുവെച്ചിട്ടുണ്ടാവും. കേരളത്തിലെയും അഖിലേന്ത്യാ തലത്തിലെയും പ്രസ്ഥാന നായകരുമായി അടുത്ത സഹവാസമുണ്ടായിരുന്നു. മുഹമ്മദ് ഖുത്വ്ബിനെപോലുള്ളവരുടെ ശിഷ്യനുമായിരുന്നല്ലോ അദ്ദേഹം. ഇവരുമൊക്കെയായുള്ള ആത്മബന്ധം അദ്ദേഹത്തില്‍ ഒരു വിപ്ലവകാരിയെ സൃഷ്ടിച്ചിരുന്നു.
പ്രസ്ഥാന തര്‍ബിയത്ത് പരിപാടികളില്‍ പ്രസ്ഥാന പഠനക്ലാസ് പലപ്പോഴും അദ്ദേഹത്തെയാണ് ഏല്‍പ്പിക്കുക. അറിയപ്പെട്ട പ്രസംഗ പരിഭാഷകനുമായിരുന്നു അദ്ദേഹം. 1981-ല്‍ ഹൈദറാബാദില്‍ നടന്ന ജമാഅത്തെ ഇസ്‌ലാമി 6-ാം അഖിലേന്ത്യാ സമ്മേളനത്തിലും 1983-ല്‍ ദഅ്‌വത്ത് നഗറില്‍ നടന്ന ജമാഅത്തെ ഇസ്‌ലാമിയുടെ കേരള സംസ്ഥാന സമ്മേളനത്തിലും പിന്നീടുള്ള നിരവധി സമ്മേളനങ്ങളിലും നേതാക്കളുടെ ഉര്‍ദു പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്താന്‍ അദ്ദേഹം നിയോഗിക്കപ്പെട്ടിരുന്നു. 1983-ല്‍ എസ്.ഐ.ഒ രുപീകൃതമായപ്പോള്‍ അതിന്റെ പ്രഥമ ദഅഇ മെമ്പറായും കേരള ശൂറാ അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട്, എറണാകുളം, ആലപ്പുഴ ജില്ലാ സമിതികളില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊടിയത്തൂര്‍ ഏരിയാ ഓര്‍ഗനൈസറായും ചേന്ദമംഗല്ലൂര്‍ പ്രാദേശിക അമീറായും ദീര്‍ഘകാലം സേവനം ചെയ്തു. മരിക്കുന്ന സന്ദര്‍ഭത്തില്‍ പൂച്ചാക്കല്‍ പ്രാദേശിക ജമാഅത്തിന്റെ അമീറും ചേര്‍ത്തല ഏരിയാ സമിതി അംഗവും ഉമറാബാദ് ജാമിഅ ദാറുസ്സലാം മലയാളി അലുംനി അസോസിയേഷന്‍ പ്രസിഡന്റുമായിരുന്നു.
പുഞ്ചിരിയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. സൗമ്യതയായിരുന്നു ഭാവം. ഒരാളെ ഒരിക്കല്‍ പരിചയപ്പെട്ടാല്‍ പിന്നീടയാള്‍ അദ്ദേഹത്തിന്റെ സുഹൃദ്‌വലയത്തിലായിരിക്കും. ചേന്ദമംഗല്ലൂരില്‍ ദീര്‍ഘകാലം താമസിച്ചിരുന്നതിനാല്‍ അവിടത്തെ ഓരോ വീടുമായും ഓരോ വീട്ടിലെയും അംഗങ്ങളുമായും അദ്ദേഹത്തിന് നല്ല സ്‌നേഹബന്ധമാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഒരുപക്ഷേ ഏറെ ദുഃഖിച്ചിരിക്കുക ചേന്ദമംഗല്ലൂര്‍ നിവാസികളായിരിക്കും. അദ്ദേഹത്തിന്റെ ഉറ്റചങ്ങാതിമാരില്‍ അധികവും സാധാരണക്കാരായിരുന്നു. ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ കുടുംബസന്ദര്‍ശനങ്ങള്‍ പതിവാക്കിയിരുന്നു. ഞങ്ങള്‍ മാതാവ് വഴിയും പിതാവ് വഴിയും വിപുലമായ രക്തബന്ധങ്ങള്‍ ഉള്ളവരാണ്. അവരില്‍ ഓരോ കുടുംബത്തെയും അതിലെ ഓരോ അംഗത്തെയും അദ്ദേഹത്തിന് കൃത്യമായി അറിയാം. അതുപോലെ ബന്ധുക്കളെയെല്ലാവരെയും അറിയുന്ന ആളുകള്‍ ഞങ്ങളുടെ കുടുംബത്തില്‍ വേറെ ഇല്ല.
വിദ്യാര്‍ഥിയായ പണ്ഡിതനായിരുന്നു എന്നും എസ്.എ. അറിവിനെ അദ്ദേഹം അത്രയധികം സ്‌നേഹിച്ചു. മരിക്കുന്നതുവരെ പ്രബോധനം വാരിക ഓരോ ലക്കവും ഒരു പേജ്‌പോലും വിടാതെ മുഴുവന്‍ വായിച്ചുകൊിരുന്നു. പ്രബോധനം മാത്രമല്ല പ്രസ്ഥാനത്തിന്റെ മേല്‍നോട്ടത്തില്‍ ഇറങ്ങുന്ന മലയാളത്തിലെയും ഉര്‍ദുവിലെയും എല്ലാ പത്രങ്ങളും വാരികകളും മാസികകളും പുസ്തകങ്ങളും പൂര്‍ണമായി വായിക്കുന്ന ശീലമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.
എല്ലാവരും അദ്ദേഹത്തിന്റെ ഇഷ്ടക്കാരും സ്വന്തക്കാരുമായിരുന്നു. നാട്ടില്‍ സ്ഥിരതാമസമാക്കിയതിനുശേഷം എല്ലാ വീടുകളിലും കയറിയിറങ്ങി സ്‌നേഹാന്വേഷണങ്ങള്‍ നടത്തുകയും സ്‌നേഹം പങ്കുവെക്കുകയും ചെയ്തിരുന്നു. ഒരാളെ പറ്റിയും അയാളുടെ ന്യൂനതകളും കുറ്റങ്ങളും പറയുമായിരുന്നില്ല. ആളുകളുടെ ഗുണങ്ങളും പോസിറ്റീവ് വശങ്ങളും മാത്രമാണ് പരാമര്‍ശിക്കുക. ഒരാളോടും മുഖം കറുത്ത് സംസാരിച്ചിട്ടില്ല. ഇസ്‌ലാം ആവശ്യപ്പെടുന്ന എല്ലാ സല്‍ഗുണങ്ങളും ഒത്തിണങ്ങിയ സാത്വിക വ്യക്തിത്വം.
ഇസ്‌ലാമിക പ്രസ്ഥാനമായിരുന്നു അദ്ദേഹത്തിന്റെ എല്ലാം. പത്തു വര്‍ഷമായി ഹൃദയസംബന്ധമായ രോഗങ്ങള്‍ അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നപ്പോഴും തന്റെ കര്‍മഭൂമിയില്‍ അദ്ദേഹം സജീവമായിരുന്നു. കഴിഞ്ഞ 13 വര്‍ഷമായി എറണാകുളം വാഴക്കാല മസ്ജിദുല്‍ ഫത്ഹിലെ ഖത്വീബായിരുന്നു. മരിക്കുന്നതിന് 2 മാസം മുമ്പ് വരെ ഖുര്‍ആന്‍ ക്ലാസുകളും അത്യാവശ്യം സ്റ്റഡി ക്ലാസുകളും നടത്തിക്കൊണ്ടിരുന്നു.
തന്റെ സ്വന്തം ജന്മനാട്ടില്‍ ഇസ്‌ലാമിക ചലനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാവാന്‍ നല്ലൊരു കേന്ദ്രവും സ്ഥാപനവും ഉണ്ടാവണം എന്നത് അദ്ദേഹത്തിന്റെ വളരെ കാലമായുള്ള ആഗ്രഹമായിരുന്നു. ജീവിതകാലത്ത് അത് സാക്ഷാല്‍ക്കരിക്കാനായില്ല. അതിനുവേണ്ടി മാതാപിതാക്കളില്‍നിന്ന് തനിക്ക് അനന്തരസ്വത്തായി ലഭിച്ച വിസ്തൃതമായ ഭൂമി മുഴുവന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ജില്ലാ ഭാരവാഹികളെ വഖ്ഫായി ഏല്‍പിച്ചുകൊണ്ടാണ് അദ്ദേഹം അല്ലാഹുവിലേക്ക് യാത്രയായത്. അല്ലാഹു അദ്ദേഹത്തിന്റെ സകല പാപങ്ങളും പൊറുത്തുകൊടുക്കുമാറാകട്ടെ. അദ്ദേഹത്തിന്റെ എല്ലാ സല്‍ക്കര്‍മങ്ങളും അല്ലാഹു സ്വീകരിക്കുകയും സ്വര്‍ഗത്തില്‍ ഉന്നത പദവിയും സ്ഥാനവും നല്‍കി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ - ആമീന്‍.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (11-21)
ടി.കെ ഉബൈദ്‌