Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 25

3182

1442 ജമാദുല്‍ അവ്വല്‍ 10

ആദ്യത്തെ പള്ളിപ്രവേശം

ജി.കെ എടത്തനാട്ടുകര

(ജീവിതം-3 )

പ്രിയപ്പെട്ട അമ്മ തുടക്കം മുതലേ കൂടെയുണ്ടായിരുന്നു. ഒരു എതിര്‍വാക്ക് പോലും പറയാറില്ല. ദൈവത്തെക്കുറിച്ചും പ്രവാചകനെക്കുറിച്ചുമൊക്കെ പറയുമ്പോള്‍ ആര്‍ത്തിയോടെ കേട്ടിരിക്കും. മുമ്പ് സൂചിപ്പിച്ച നസീം ഗാസി അദ്ദേഹത്തിന്റെ അമ്മക്കെഴുതിയ 'അമ്മേ! പ്രിയപ്പെട്ട അമ്മേ!' എന്ന കത്ത് വായിച്ചു കേള്‍പ്പിച്ചപ്പോള്‍ ഒരു കുട്ടിയെപ്പോലെ എല്ലാം ശ്രദ്ധയോടെ കേട്ട് ഉള്‍ക്കൊളളുകയായിരുന്നു.
ഒരു ദിവസം അസീസ് സാഹിബും മോഹന്‍ദാസുമായി വീട്ടില്‍ സംസാരിച്ചുകൊണ്ടിരിക്കെ നമസ്‌കാര സമയമായി. അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭക്തിയോടെ അവര്‍ ഞങ്ങള്‍ക്ക് നമസ്‌കരിക്കാന്‍ സൗകര്യമൊരുക്കിത്തന്നത് ഇന്നുമോര്‍ക്കുന്നു.
നമസ്‌കാരം കഴിഞ്ഞ് അവര്‍ രണ്ടു പേരും പോയപ്പോഴാണോര്‍ത്തത്, ജ്യേഷ്ഠനെങ്ങാനും ആ സമയത്ത് വന്നാല്‍ എന്തായിരിക്കും അവസ്ഥ? ചെറിയ ജ്യേഷ്ഠന്‍ തുടക്കം മുതലേ എതിരായിരുന്നു. സാഹചര്യത്തിന്റെ സമ്മര്‍ദം മൂലമോ മറ്റോ വഴിവിട്ടൊരു പോക്കായിരുന്നു ജ്യേഷ്ഠന്.
അങ്ങനെയിരിക്കെ ഒരു ദിവസം   ആത്മസുഹൃത്തുക്കളിലൊരാളായ അബ്ദുസ്സലാം വീട്ടില്‍ വെച്ച് ഖുര്‍ആന്‍ പരിഭാഷ വായിച്ച് അര്‍ഥം വിശദീകരിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ജ്യേഷ്ഠന്റെ വരവ്. ക്ഷുഭിതനായി എന്നു മാത്രമല്ല, പരുഷമായാണ് അവനോട് സംസാരിച്ചത്. കോപം കത്തുന്ന ആ മുഖം ഇന്നും മനസ്സില്‍നിന്ന് പോയിട്ടില്ല. ആ സംസാരത്തിന്റെ ഉന്നം ഖുര്‍ആനായിരുന്നു:
'വീട്ടില്‍ വരുന്നതിനും പോകുന്നതിനുമൊന്നും ഒരു പ്രശ്‌നോല്ല. ഇതുമായി ഇങ്ങോട്ട് വരാമ്പാടില്ല' - ഇതായിരുന്നു താക്കീത്. അധികം പ്രശ്‌നങ്ങളിലേക്ക് പോകാതെ അതവിടെ വെച്ച് അവസാനിച്ചു.
ഇത്തരമൊരു പശ്ചാത്തലത്തില്‍, ആരോരുമറിയാതെ സ്വകാര്യമായി വീട്ടില്‍ വെച്ച് നമസ്‌കാരം തുടങ്ങി. വീട്ടില്‍ ബാത്ത് അറ്റാച്ച്ഡ് റൂമുള്ള കാലമല്ല. ആരും കാണാതെ വേണം അംഗസ്‌നാനം നിര്‍വഹിക്കാന്‍. പ്രഭാത നമസ്‌കാരത്തിനു വേണ്ടി പലപ്പോഴും, സ്വുബ്ഹ് ബാങ്കിനു മുമ്പ് എഴുന്നേറ്റാണത് നിര്‍വഹിച്ചിരുന്നത്.
ഒരു ചെറിയ മുറിയിലാണ് കിടത്തം. അതിലിട്ടിരിക്കുന്ന കട്ടിലില്‍ (പടി) വേണം നമസ്‌കരിക്കാന്‍. സുജൂദിലേക്ക് പോകുമ്പോള്‍ കാല്‍മുട്ടുകള്‍ പടിയില്‍ കുത്തി ശബ്ദമുണ്ടാകുന്നതു പോലും ശ്രദ്ധിക്കണം. മുറിയുടെ അടുക്കള ഭാഗത്തേക്കുള്ള ചുമരിലെ കിളിവാതില്‍ തുണികൊണ്ട് മൂടും; ആരും കാണാതിരിക്കാന്‍. അങ്ങനെ ശ്വാസം പോലും അടക്കിപ്പിടിച്ച് നാഥനിലേക്ക് തിരിയുമ്പോഴുണ്ടായിരുന്ന ആ 'ഈമാന്‍!', അത് നിര്‍വചിക്കാന്‍ പോലും പറ്റാത്ത ഒരു ആനന്ദനിര്‍വൃതിയായിരുന്നു. അങ്ങനെയുള്ള നമസ്‌കാരത്തിന് ശേഷം,  ഭൂമിയില്‍ കണ്ണീരു വീഴ്ത്തി, ആകാശത്തേക്ക് കൈകളുയര്‍ത്തി ചോദിച്ച മിക്ക കാര്യങ്ങളും കാരുണ്യവാനായ നാഥന്‍ നിറവേറ്റിത്തന്നിട്ടുണ്ട് എന്നതാണ് അനുഭവം.
ദിവസങ്ങള്‍ മുന്നോട്ടു പോകവേ സൗകര്യമനുസരിച്ച് അയല്‍വാസിയും ആത്മസുഹൃത്തുമായ നാസറിന്റെ വീട്ടിലും അസീസ് സാഹിബിന്റെ വീട്ടിലുമൊക്കെയായി നമസ്‌കാരം.
അതിനിടയില്‍ ബലിപെരുന്നാള്‍ സമാഗതമായി. പള്ളിയില്‍ പോവാന്‍ തീരുമാനിച്ചു. അസീസ് സാഹിബിന്റെ കൂടെ സുഹൃത്തുക്കള്‍ക്കൊപ്പം ഞങ്ങള്‍ പള്ളിയിലേക്ക് പോയി. മഹല്ല് പള്ളിയും കഴിഞ്ഞ്, അല്‍പം കൂടി ദൂരെ യത്തീം ഖാനയിലുള്ള പള്ളിയിലേക്കാണ് പോയത്.
ജീവിതത്തിലെ ആദ്യത്തെ പള്ളിപ്രവേശം! ആരാധനാലയങ്ങള്‍ക്ക് പൊതുവില്‍ ഉണ്ടാവാറുള്ള ഒരു തരം നിഗൂഢതയും അവിടെയില്ല. അസ്പൃശ്യതകളില്ല. തുറന്ന അന്തരീക്ഷം, പെരുമാറ്റം. കണ്ടുമുട്ടുന്നവര്‍ പുഞ്ചിരിച്ച് പരസ്പരം കൈ കൊടുത്തു സലാം പറഞ്ഞും പെരുന്നാള്‍ ആശംസകള്‍ കൈമാറിയും  പള്ളിയിലേക്ക് കയറുന്നു. അണിയണിയായി ചേര്‍ന്ന് ഇരിക്കുന്നു. സ്ത്രീകള്‍ക്ക് പ്രത്യേക പ്രവേശന കവാടമാണ്. സ്ത്രീപുരുഷന്മാര്‍ തമ്മില്‍ ഇടകലരുന്നില്ല.
ആദ്യം നടന്നത് നമസ്‌കാരമാണ്. എല്ലാവരും അണിയണിയായി നിന്നുകൊണ്ടുള്ള നമസ്‌കാരത്തില്‍ ആത്മീയമായ ദൈവസ്മരണയോടൊപ്പം മാനവികമായ മനുഷ്യസമത്വവും കൂടി ചേര്‍ന്നു നിന്നിരുന്നതായി അനുഭവപ്പെട്ടു.
പിന്നീട് അതിനു നേതൃത്വം നല്‍കിയ ഇമാം ദൈവിക മാര്‍ഗത്തില്‍ നിലകൊള്ളേണ്ടതിന്റെ ആവശ്യകത ഉദ്‌ബോധിപ്പിക്കുന്നു, പ്രാര്‍ഥന നടത്തുന്നു.
ആരാധനാ ചടങ്ങുകള്‍ തീരുന്നതോടെ എല്ലാവരും പരസ്പരം കെട്ടിപ്പിടിച്ച്, സലാം പറഞ്ഞ് പിരിയുന്ന കാഴ്ച മാനവികതയുടെ ആഘോഷം തന്നെ എന്ന് തോന്നി. കാരണം, മനുഷ്യചരിത്രത്തിലെന്നും അസ്പൃശ്യത ഏറ്റവും തീക്ഷ്ണമായി കാലോങ്ങി നിന്നത് ആരാധനാലയങ്ങളിലാണ്. അത്തരം അസ്പൃശ്യതാ ബോധം ആരിലെങ്കിലും തങ്ങിനില്‍ക്കുന്നുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കാന്‍  ഒരവസരവും നല്‍കാത്ത വിധമാണ് ഇസ്ലാം നിശ്ചയിച്ച അനുഷ്ഠാനങ്ങളോരോന്നും.   
ആഘോഷങ്ങള്‍ പൊതുവെ അഴിഞ്ഞാട്ടങ്ങളായി രൂപാന്തരപ്പെടാറുണ്ടല്ലോ. ഇവിടെ ദൈവത്തിന്റെ പേരില്‍ മാനവികതയെത്തന്നെ ആഘോഷമാക്കുകയാണ്.
മഹല്ല് പള്ളിയില്‍നിന്ന് പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ്  പുറത്തിറങ്ങുമ്പോള്‍ എന്തോ 'കൗതുക വസ്തുക്കളെ' പ്പോലെ ഞങ്ങളെ നോക്കി നില്‍ക്കുകയാണ് ആളുകള്‍! ഞങ്ങളുടെ മനംമാറ്റം ചായക്കടകളിലും ചര്‍ച്ചയായി. അന്ന് നാട്ടിലെ ചായക്കടകളായിരുന്നു 'വാര്‍ത്താ വിതരണ കേന്ദ്രങ്ങള്‍.'   നാട്ടിലും വീട്ടിലും ചര്‍ച്ചയാവാന്‍ അധികകാലം വേണ്ടിവന്നില്ല.
നമസ്‌കാരം തുടങ്ങുക മതം മാറിയാലാണ്. മതം മാറുക എന്നാല്‍ 'മാപ്പിള'യാവലാണ്! ഇങ്ങനെയാണ് പൊതു സങ്കല്‍പം. ദൈവത്തിങ്കല്‍ ഏറ്റവും ശ്രേഷ്ഠമായൊരു കര്‍മമാണല്ലോ നമസ്‌കാരം. മനുഷ്യര്‍ക്ക് ദൈവം നല്‍കിയ സമുന്നത സംസ്‌കാരത്തിന്റെ പേരാണ് ഇസ്ലാം. അതംഗീകരിച്ച് ജീവിക്കാന്‍ തുടങ്ങുന്നതിനെ ഇങ്ങനെയൊക്കെ ആക്കിത്തീര്‍ത്തതാരാണ്? അടക്കാനാവാത്ത അമര്‍ഷത്തോടെ പലപ്പോഴും  സ്വയം ചോദിച്ചു പോയിട്ടുണ്ട്. 'മതംമാറ്റ'വാര്‍ത്ത സ്വന്തം കുടുംബങ്ങളിലുമെത്തി. എതിര്‍പ്പുകള്‍ വന്നു തുടങ്ങി. ഒരു ദിവസം ചെറിയ അമ്മാവന്‍ വീട്ടില്‍ വന്ന് ഉപദേശിച്ചു. എന്താണ് സംഭവമെന്ന് അദ്ദേഹത്തിന് അറിയില്ലല്ലോ. ഒരുപാട് തെറ്റിദ്ധാരണകളുമായാണ് വന്നിട്ടുള്ളത്.
നിങ്ങള്‍ വിചാരിച്ച പോലെ മതം മാറിയിട്ടില്ല എന്ന് നിരന്തരം ബോധ്യപ്പെടുത്തേണ്ടി വന്നു. സൃഷ്ടിച്ച ദൈവത്തെ അറിഞ്ഞു; ആ ദൈവത്തില്‍ വിശ്വസിച്ചു. ഇതല്ലാത്ത ഒന്നും ചെയ്തിട്ടില്ല. ഇതാണോ തെറ്റ്? മദ്യപിച്ചിട്ടില്ല, വ്യഭിചരിച്ചിട്ടില്ല, കളവ് നടത്തിയിട്ടില്ല, ആരെയും ഉപദ്രവിച്ചിട്ടില്ല. മനുഷ്യന്‍ പൊതുവില്‍ തെറ്റാണെന്ന് പറയുന്ന ഒരു തെറ്റും ചെയ്തിട്ടില്ല. അത്തരം തെറ്റുകളൊന്നും ചെയ്യരുത് എന്ന് പഠിപ്പിക്കുന്ന ദൈവത്തില്‍ വിശ്വസിച്ചു. അതനുസരിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. അതാണോ തെറ്റ്?
ഹിന്ദുക്കളെന്നു പറയുന്നവരെയും മുസ്‌ലിംകള്‍ എന്ന് പറയുന്നവരെയും ക്രിസ്ത്യാനികള്‍ എന്ന് പറയുന്നവരെയുമൊക്കെ സൃഷ്ടിച്ചത് ഒരു ശക്തിയാണല്ലോ. അതല്ലാത്തൊരു ദൈവമുണ്ടാവുന്നതെങ്ങനെ? ആ ദൈവത്തില്‍ വിശ്വസിച്ച് ജീവിക്കുന്നത് തെറ്റാകുന്നതെങ്ങനെ?
സംസാരം കഴിഞ്ഞപ്പോള്‍ ദൈവം ഒന്നാണെന്ന കാര്യം സമ്മതിച്ചാണ് അമ്മാവന്‍ തിരിച്ചുപോയത്. പോയപ്പോള്‍ വല്ലാത്ത സഹതാപം തോന്നി. സ്‌നേഹമില്ലാഞ്ഞിട്ടല്ലല്ലോ വന്ന് ഉപദേശിച്ചത്; സ്‌നേഹമുള്ളതുകൊണ്ടാണല്ലോ. അവര്‍ക്കൊക്കെ സത്യം ബോധ്യപ്പെട്ടെങ്കില്‍ എന്ന പ്രാര്‍ഥന മനസ്സില്‍ ഉരുവിട്ടു.
കുടുംബങ്ങളില്‍ മതംമാറ്റ ചര്‍ച്ച കൊടുമ്പിരി കൊള്ളുകയാണ്. ഒരു ദിവസം അമ്മ സ്വന്തം വീട്ടില്‍ പോയി. അമ്മയുടെ അമ്മയും സഹോദരന്മാരുമെല്ലാം ദേഷ്യത്തിലാണ്. എന്നും പിന്തുണ മാത്രം നല്‍കിയ അമ്മയെ അവര്‍ ഒന്നിച്ച് കുറ്റപ്പെടുത്തി. അതൊന്നും വകവെക്കാതെ, ന്യായീകരിച്ച് വാദിച്ചുകൊണ്ടിരിക്കെ, അയല്‍വാസിയായ 'തട്ടമിട്ടൊരു സ്ത്രീ'യും അമ്മയെ കുറ്റപ്പെടുത്തിയ കാര്യം സങ്കടത്തോടെയാണ് അമ്മ പങ്കുവെച്ചത്.
ഇത്തരം അനുഭവങ്ങള്‍ പലപ്പോഴുമുണ്ടായിട്ടുണ്ട്. അതിലൊരത്ഭുതവും തോന്നിയിട്ടില്ല. പ്രവാചകന്മാരുടെ കുടുംബങ്ങളില്‍ പോലും ഇസ്‌ലാമിനെതിരുനിന്നവരുണ്ടായിരുന്നല്ലോ. നൂഹ് നബിയുടെ ഭാര്യയും മകനും മുതല്‍ ലൂത്വ് നബിയുടെ ഭാര്യയും ഇബ്‌റാഹീം നബിയുടെ പിതാവുമടക്കം മുഹമ്മദ് നബിയുടെ കുടുംബത്തില്‍ പോലും അത്തരക്കാരുണ്ടായിരുന്നല്ലോ. അതിനര്‍ഥം, സത്യത്തിന്റെ പ്രതിനിധീകരണം ഒരു ജനിതക പാരമ്പര്യ പ്രക്രിയയല്ല എന്നാണ്. 'ഒരു സമുദായം ഇസ്‌ലാമിനു തെളിവാവുകയല്ല; ഇസ്‌ലാം ഒരു സമൂഹത്തിനു തെളിവാവുകയാണ് ചെയ്യുക' എന്നാരോ പറഞ്ഞത് എത്ര അര്‍ഥവത്താണ്!
നാട്ടിലും കുടുംബങ്ങളിലും വിഷയം നീറിപ്പുകഞ്ഞുകൊണ്ടിരിക്കെ ഓണം കടന്നുവന്നു. സത്യവിശ്വാസം സ്വീകരിച്ച ശേഷമുള്ള ആദ്യത്തെ ഓണം. അന്നത്തെ രണ്ട് സന്തോഷങ്ങളും ഒരു സങ്കടവും ഡയറിക്കുറിപ്പില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.    
ഒന്നാം ഓണം വലിയ ജ്യേഷ്ഠന്റെ മൂത്ത മോന്റെ പിറന്നാള്‍ കൂടിയാണ്. ചെറിയ ജ്യേഷ്ഠന്റെ ഭാര്യയെയും കുഞ്ഞിനെയും അവരുടെ വീട്ടില്‍നിന്ന് പ്രസവം കഴിഞ്ഞ് കൂട്ടിക്കൊണ്ടുവരുന്നതും അന്നാണ്. കുട്ടികളുടെ സാന്നിധ്യം എന്നും എപ്പോഴും സന്തോഷം നല്‍കാറുണ്ട്. സഹോദരിമാരുടേതടക്കം കുട്ടികള്‍ക്ക് പേരിടുന്ന കാര്യത്തില്‍  പങ്കുവഹിച്ചിരുന്നു.
മറ്റൊരു സന്തോഷം, വിഷയം ഇങ്ങനെ കത്തി നില്‍ക്കുന്നതിനിടയിലും ഒന്നാം ഓണനാളില്‍ അസീസ് സാഹിബ്, ഉണ്ണീന്‍ കാക്ക, ലത്തീഫ്, അബുട്ടി, അലി എന്നിവരെയെല്ലാം വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. അവരെല്ലാം വന്ന് ഭക്ഷണം കഴിക്കുമ്പോള്‍ അനുഭവപ്പെട്ട ആനന്ദം അമ്മയും അനുഭവിക്കുന്നുണ്ടായിരുന്നു.
അതേസമയം, ചെറിയ ജ്യേഷ്ഠന്റെ കോപം കത്തുന്ന മുഖം. അതായിരുന്നു സങ്കടം. ആ സങ്കടം പിന്നീട് പലപ്പോഴും കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനകളായി മാറിയിട്ടുണ്ട്. അമ്മ ഒരു പ്രതീക്ഷയും ജ്യേഷ്ഠന്‍ ഒരു പ്രതിസന്ധിയുമായി.
തിരുവോണമായതിനാല്‍ മൂന്ന് സഹോദരിമാരും അളിയന്മാരും വീട്ടിലെത്തി. അവര്‍ പലയിടങ്ങളില്‍നിന്നായി വിവരശേഖരണം നടത്തിയിട്ടുണ്ട്. എന്തോ ഒരു മുന്നൊരുക്കം ഓരോരുത്തരുടെ പെരുമാറ്റങ്ങളും വിളിച്ചു പറയുന്ന പോലെ. അതിനിടയില്‍ ഒരു സഹോദരി 'അണക്കിന്ന് കാണാട്ടോ' എന്നൊരു താക്കീതും നല്‍കി.
അത്താഴം കഴിഞ്ഞ് എല്ലാവരും പൂമുഖത്ത് പല ഭാഗങ്ങളിലായി ഇരിപ്പുറപ്പിച്ചു. ആരും ഒന്നും മിണ്ടുന്നില്ല. ചെറിയ ഉള്‍ഭയം തോന്നിയെങ്കിലും കാര്യങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാവുമല്ലോ എന്ന ധൈര്യത്തില്‍ ഒരു ഭാഗത്തിരുന്നു. എല്ലാവരും നിശ്ശബ്ദരായിരിക്കുന്നതിനിടയില്‍ അമ്മ പറഞ്ഞു: 'നിനക്കവരോട് പറയാനുള്ളത് പറഞ്ഞളടാ.'
അതോടെ അന്തരീക്ഷം മാറി. 'എന്താണവന് പറയാള്ളത്?' എന്ന് ചോദിച്ചു കൊണ്ട് ഒരു സഹോദരീഭര്‍ത്താവ് ഇടപെട്ടു. 'അവന്‍ പള്ളീലൊക്കെ പോവാന്തൊടങ്ങീട്ട്ണ്ട്' എന്ന് അമ്മ പറഞ്ഞതോടെ ഒരു പൊട്ടിത്തെറിയാണുണ്ടായത്.
പിന്നീടുണ്ടായ സംസാരങ്ങള്‍ കേട്ടപ്പോള്‍ എന്തൊക്കെയോ പൊട്ടിപ്പൊളിഞ്ഞ് തകരുന്ന പോലെയാണ് തോന്നിയത്. തിരിച്ചൊന്നും പറയാന്‍ സമ്മതിച്ചതേയില്ല. എല്ലാം ശാന്തമായി കേട്ടിരുന്നു. മനസ്സിന് ഒരിളക്കവും തട്ടിയില്ല.
അവസാനം പറഞ്ഞു നിര്‍ത്തിയത്: 'നിനക്ക് അവരാണ് വേണ്ടതെങ്കില്‍ അവരുടെ കൂടെ പോകാം. ഞങ്ങള് വേണമെങ്കില്‍ അതുപേക്ഷിച്ച് വരണം. ഇതോടെ നമ്മള്‍ തമ്മിലുള്ള ബന്ധം അവസാനിക്കുകയാണ്.'
ഇത് കേട്ടതോടെ സഹോദരിമാര്‍ പൊട്ടിക്കരയാന്‍ തുടങ്ങി. അവരുടെ ഏങ്ങലടിച്ചുള്ള കരച്ചില്‍ കേട്ട് ഉള്ളു പിടഞ്ഞ നിമിഷങ്ങള്‍... ആറ് വര്‍ഷങ്ങള്‍ക്കു മുമ്പ് അഛന്‍ മരിച്ചപ്പോഴാണ് ഇതുപോലെ അവര്‍ കരയുന്നത് കണ്ടിട്ടുള്ളത്.
പിന്നെ ആരും ഒന്നും മിണ്ടുന്നില്ല.  അന്തരീക്ഷം പതുക്കെ ശാന്തമായി. ഇടക്കിടെ സഹോദരിമാരുടെ തേങ്ങല്‍ മാത്രം...
എന്തു ചെയ്യണമെന്നറിയാതെ ഇരുന്നിടത്തു തന്നെയിരുന്നു. ആരാണിതില്‍ കുറ്റവാളി? ഒരുത്തരവുമില്ല. 'മനുഷ്യന്‍ താനറിയാത്തതിന്റെ ശത്രുവാണ്' എന്നാണല്ലോ. യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചിരിക്കുന്നത് എന്ന് അറിയാത്തതിന്റെ പേരിലാണല്ലോ ഇതെല്ലാം. അവരെ എങ്ങനെ കാര്യങ്ങളറിയിക്കും എന്ന ചിന്തയായി പിന്നെ.  

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (71-76)
ടി.കെ ഉബൈദ്‌