Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 25

3182

1442 ജമാദുല്‍ അവ്വല്‍ 10

മലയാളത്തിലെ ഇസ്‌ലാമിക മുദ്ര എഴുപത്തഞ്ചാണ്ട് പിന്നിടുമ്പോള്‍

കെ.ടി ഹുസൈന്‍

മലയാള ഭാഷയിലെ ഇസ്ലാമിക സാഹിത്യത്തിന് ഒരു നൂറ്റാണ്ടിലും അല്‍പം കൂടുതല്‍ മാത്രമേ  പഴക്കം കാണൂ. അതിനു മുമ്പും ഇസ്ലാമിക ഗ്രന്ഥങ്ങള്‍ എഴുതിയ പണ്ഡിതന്മാര്‍ മലയാളക്കരയിലുണ്ടായിട്ടുണ്ട്. പക്ഷേ അവര്‍ ഗ്രന്ഥരചന നടത്തിയത് അറബിയിലും അറബി മലയാള ഭാഷയിലുമായിരുന്നു. ഒരുപക്ഷേ മഖ്ദി തങ്ങളായിരിക്കും മലയാള ഭാഷയില്‍ ആദ്യമായി ഗ്രന്ഥരചന നടത്തിയ മലയാളി മുസ്ലിം പണ്ഡിതന്‍. അദ്ദേഹം തന്നെയാണ് തന്റെ പുസ്തകങ്ങളുടെ പ്രസാധനത്തിന് 'മുഹമ്മദീയ പ്രസ്സ്' എന്ന പേരില്‍ 1890-ല്‍ ഒരു പ്രസാധനാലയം സ്ഥാപിച്ചതും. പക്ഷേ അധികകാലം അദ്ദേഹത്തിന്  അത് നടത്തിക്കൊണ്ട് പോകാന്‍ സാധിച്ചില്ല.
കേരളത്തിലെ ഏറ്റവും പഴക്കമുള്ളതും ഇന്നും നിലനില്‍ക്കുന്നതുമായ പ്രസാധനാലയം 1883-ല്‍ തിരൂരങ്ങാടിയില്‍ സ്ഥാപിതമായ ആമിറുല്‍ ഇസ്‌ലാം ലിത്തോ പ്രസ്സാണ്. പക്ഷേ കുറേക്കാലം ഈ പ്രസ്സില്‍നിന്ന് അറബി മലയാള പുസ്തകങ്ങള്‍ മാത്രമേ പസിദ്ധീകരിച്ചിരുന്നുള്ളൂ. പിന്നീട് വര്‍ഷങ്ങള്‍  ഏറെ കഴിഞ്ഞതിന് ശേഷമാണ് ആമിറുല്‍ ഇസ്‌ലാം  സി.എച്ച് ബുക്‌സ് എന്ന പുതിയ പേരില്‍  മലയാള പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. മലയാള പുസ്തകങ്ങള്‍ അച്ചടിച്ചിരുന്ന ഏറ്റവും പഴക്കമുള്ള മറ്റൊരു പ്രസാധനാലയം ഏകദേശം തൊണ്ണൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദക്ഷിണ കേരളത്തിലെ ഇടവയില്‍ സ്ഥാപിതമായ സി.എം പ്രസ്സാണ്. 1945-ല്‍ ഐ.പി.എച്ചിന്റെ പ്രഥമ കൃതിയായ  ഇസ്ലാം  മതം അടക്കം ധാരാളം മലയാള പുസ്തകങ്ങള്‍ ഇടവ സി.എം പ്രസ്സില്‍നിന്ന് അച്ചടിച്ചിരുന്നു.
75 വര്‍ഷം പൂര്‍ത്തിയാക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവു വലിയ ഇസ്‌ലാമിക പ്രസിദ്ധീകരണ സ്ഥാപനമായ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തെ  കുറിച്ച് എഴുതാനിരുന്നപ്പോഴാണ് ഐ.പി.എച്ചിനേക്കാള്‍ പഴക്കമുള്ള മുസ്ലിം പ്രസിദ്ധീകരണ സംരംഭങ്ങളിലേക്ക് ആലോചന പോയത്. പക്ഷേ ഐ.പി.എച്ചിനേക്കാള്‍ പഴക്കമുള്ള ഈ പ്രസിദ്ധീകരണ സംരംഭങ്ങളില്‍   അധികവും  ഇന്ന് നിലവിലില്ല എന്ന്  മനസ്സിലാക്കുമ്പോഴാണ് ഒരു പ്രസാധനാലയം എഴുപത്തഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ പ്രാധാന്യം.
ഐ.പി.എച്ചിന് മുമ്പും ശേഷവും ആരംഭിച്ച മുസ്ലിം പുസ്തക പ്രസാധക സംരംഭങ്ങളില്‍ പലതും ഇല്ലാതായിട്ടും 75 വര്‍ഷങ്ങള്‍ക്കു ശേഷവും ഐ.പി.എച്ച് നിലനില്‍ക്കുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. കേവലം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക എന്നതിലുപരി കൃത്യമായ ലക്ഷ്യബോധത്തോടെ തുടങ്ങിയ പ്രസാധനാലയമാണ് ഐ.പി.എച്ച് എന്നതാണ് അതിലേറ്റവും പ്രധാന കാരണം. കേരള ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപക നേതാവും  ഐ.പി.എച്ചിന്റെ പ്രഥമ സാരഥിയുമായിരുന്ന  വി.പി മുഹമ്മദലി ഹാജി സാഹിബ് തന്നെ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ച ഐ.പി.എച്ചിന്റെ ആദ്യത്തെ മൂന്ന്  കൃതികളായ ഇസ്ലാംമതവും  രക്ഷാസരണിയും ഖുത്വുബാത്തും  പരിശോധിച്ചാല്‍ തന്നെ ഐ.പി.എച്ചിന്റെ ലക്ഷ്യബോധം വ്യക്തമാകും. ഇസ്ലാംമതവും ഖുത്വ്ബാത്തും ഏറ്റവും ലളിതമായ രീതിയില്‍ ഇസ്ലാമിക വിശ്വാസത്തിന്റെയും  അനുഷ്ഠാനങ്ങളുടെയും ചൈതന്യവും താല്‍പര്യവും മുസ്ലിംകളെ  പഠിപ്പിക്കുമ്പോള്‍, രക്ഷാസരണി ഇസ്‌ലാം എങ്ങനെയാണ് തങ്ങളുടെ ഇഹപര ജീവിതത്തില്‍ രക്ഷയും സമാധാനവും ഉറപ്പു നല്‍കുന്നത്  എന്ന് യുക്തിഭദ്രമായി  മുസ്ലിംകളല്ലാത്തവര്‍ക്ക് കൂടി പറഞ്ഞുകൊടുക്കുകയാണ്. അതുവരെ ഇസ്‌ലാമിലെ ദൈവശാസ്ത്രവും കര്‍മശാസ്ത്രവും കൈകാര്യം  ചെയ്തിരുന്ന പുസ്തകങ്ങളില്‍നിന്ന് ലക്ഷ്യത്തിലും ശൈലിയിലും ആഖ്യാനത്തിലുമെല്ലാം  തീര്‍ത്തും വ്യത്യസ്തമായ ഒരു പാരഡൈം ഷിഫ്റ്റ് / വിചാര മാതൃകാമാറ്റം തന്നെയായിരുന്നു ഈ മുന്ന് പുസ്തകങ്ങളും. കാരണം ഇസ്ലാമിക ദൈവശാസ്ത്ര കൃതികളുടെയെല്ലാം ലക്ഷ്യം, വിശ്വാസം ഏത് രീതികളിലൂടെയെല്ലാം  കളങ്കപ്പെടുകയോ ദുര്‍ബലപ്പെടുകയോ ചെയ്യാം എന്ന് വ്യക്തമാക്കി  മുസ്‌ലിമിന്റെ വിശ്വാസത്തെസംരക്ഷിച്ചെടുക്കലായിരുന്നു. കര്‍മശാസ്ത്ര കൃതികളാകട്ടെ ഇസ്‌ലാമിലെ അനുഷ്ഠാനങ്ങള്‍ എങ്ങനെ ശരിയായി നിര്‍വഹിക്കാം എന്നതിന്റെ പ്രായോഗിക  പാഠങ്ങളാണ്. ഇത് രണ്ടും കഴിഞ്ഞാല്‍ പിന്നെയുള്ള ഇസ്ലാമിക വൈജ്ഞാനിക സാഹിത്യം, മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തെ ആത്മീയ തലത്തില്‍ മാത്രം നോക്കിക്കാണുന്ന സംസ്‌കരണപ്രധാനമായ കൃതികളാണ്. കര്‍മശാസ്ത്ര കൃതികളോ ദൈവശാസ്ത്ര കൃതികളോ കൈകാര്യം ചെയ്യാത്ത ഹിക്മത്തുത്തശ്‌രീഅ് (ശരീഅത്ത് വിധികളുടെ യുക്തി) എന്നോ അസ്റാറുത്തശ്രീഅ് (ശരീഅത്ത് വിധികളുടെ രഹസ്യം) എന്നോ  വിളിക്കാവുന്ന  ഒരു വിജ്ഞാന ശാഖയാണ് ഈ സംസ്‌കരണ സാഹിത്യം കൈകാര്യം ചെയ്യുന്നത്. ഇമാം അബൂഹാമിദില്‍ ഗസ്സാലിയുടെ പുകള്‍പെറ്റ ഇഹ്‌യാ ഉലൂമിദ്ദീന്‍ എന്ന കൃതിയാണ് ഈ വിജ്ഞാന ശാഖയുടെ ഏറ്റവും വലിയ റോള്‍  മോഡല്‍. ഇന്ത്യയിലെ പരിഷ്‌കര്‍ത്താവായ ഷാ വലിയ്യുല്ലാഹിദ്ദഹ്‌ലവിയുടെ ഹുജ്ജത്തുല്ലാഹില്‍ ബാലിഗയും ഈ വിജ്ഞാന ശാഖയിലെ മറ്റൊരു പ്രധാന നാഴികക്കല്ലാണ്. ഇഹ്‌യാ ഉലൂമിദ്ദീന്റെ ചുവടു പിടിച്ച് ധാരാളം കൃതികള്‍  മലയാളത്തില്‍ രചിക്കപെട്ടിട്ടുണ്ട്.
കുറേകൂടി സമഗ്രമായ അര്‍ഥത്തില്‍ അസ്‌റാറു തശ്രീഅ് അല്ലെങ്കില്‍ ഹിക്മത്തുത്തശ്‌രീഅ് എന്ന വിജ്ഞാനശാഖയില്‍പെട്ട കൃതികളാണ് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി രചിച്ച ഐ.പി.എച്ചിന്റെ ആദ്യ രണ്ട് കൃതികളായ ഇസ്ലാംമതവും ഖുത്വ്ബാത്തും. ഒരു മുസ്ലിമിന്റെ വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുകയോ കളങ്കപ്പെടുത്തുകയോ ചെയ്യുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും ഈ രണ്ട് കൃതികളുടെയും പ്രതിപാദ്യവിഷയമാണ്. ആ അര്‍ഥത്തില്‍ അവ ദൈവശാസ്ത്ര കൃതികളാണ്. അതു പോലെ ഇസ്ലാമിലെ കര്‍മാനുഷ്ഠാനങ്ങള്‍ ശരിയായ രീതിയിലും സ്വഭാവത്തിലും നിര്‍വഹിക്കാന്‍ ആവശ്യമായ കാര്യങ്ങളെ കുറിച്ചും അവ പ്രതിപാദിക്കുന്നുണ്ട്. അതിനാല്‍ അവ കര്‍മശാസ്ത്ര കൃതികളുമാണ്. ദൈവവും മനുഷ്യനും തമ്മിലുള്ള  ബന്ധത്തിലെ ആധ്യാത്മിക ഭാവവും ഈ കൃതികളുടെ പ്രതിപാദ്യവിഷയമാണ്. ആ അര്‍ഥത്തില്‍ അവ സംസ്‌കരണ ഗ്രന്ഥങ്ങളുമാണ്. എന്നാല്‍ ഇസ്‌ലാമിലെ വിശ്വാസങ്ങള്‍, കര്‍മാനുഷ്ഠാനങ്ങള്‍, സദാചാര-ധാര്‍മിക നിര്‍ദേശങ്ങള്‍, വ്യാവഹാരിക നിയമങ്ങള്‍ എന്നിവയെല്ലാം മുസ്ലിമായ ഒരു മനുഷ്യന്റെ അല്ലാഹുവുമായുള്ള ബന്ധത്തിലും സമസൃഷ്ടികളുമായുള്ള ബന്ധത്തിലും സമൂഹവുമായുള്ള ബന്ധത്തിലും എന്തെല്ലാം  മാറ്റങ്ങളും  സ്വാധീനങ്ങളും ഉണ്ടാക്കണം എന്നതാണ് ഈ കൃതികള്‍  പ്രധാനമായും ലക്ഷ്യം വെക്കുന്നത്. അതു തന്നെയാണ് ഈ കൃതികളുടെ പ്രത്യേകതയും. 
ചുരുക്കത്തില്‍ തന്റെ ജീവിതത്തെ  മതപരം, മതേതരം എന്നിങ്ങനെ വിഭജിക്കാതെ ദൈവത്തിന് വിധേയപ്പെടുത്തുകയും സമര്‍പ്പിക്കുകയും ചെയ്യുന്ന ഒരു സമ്പൂര്‍ണ മുസ്ലിമായി എങ്ങനെ  വിശ്വാസിക്ക്  മാറാന്‍ കഴിയും എന്നതാണ് ഈ പുസ്തകങ്ങളുടെ പ്രമേയം. രക്ഷാസരണി എന്ന പുസ്തകമാകട്ടെ ലളിതമായ ഇസ്‌ലാമിക പാഠങ്ങള്‍ നല്‍കി വിശ്വാസിയല്ലാത്ത  ഒരാളെ  ഇസ്ലാമിലേക്ക് നേര്‍ക്കു നേെര ക്ഷണിക്കുകയാണ്. പ്രബോധന സാഹിത്യം എന്ന വിശേഷിപ്പിക്കാവുന്ന ഇത്തരത്തില്‍ ഒന്ന് മലയാളത്തില്‍ ആദ്യത്തേതാണ്. മഖ്ദി തങ്ങളുടെ എഴുത്തുകളെ മറന്നുകൊണ്ടല്ല ഇത് പറയുന്നത്. മഖ്ദി തങ്ങളുടെ പ്രബോധനപരമായ ദൗത്യം നിര്‍വഹിച്ച എഴുത്തുകളും  പുസ്തകങ്ങളുമെല്ലാം ഖണ്ഡനപരമോ സംവാദപരമോ ആയിരുന്നു. എന്നാല്‍ സയ്യിദ് മൗദൂദിയുടെ രക്ഷാസരണി ചെറുതെങ്കിലും രചനാത്മകമായ രീതിയില്‍ ഇസ്ലാമിനെ  അമുസ്‌ലിംകളില്‍ പ്രബോധനം ചെയ്യുന്ന ലക്ഷണമൊത്ത ഒരു പ്രബോധന ഗ്രന്ഥമാണ്. 
ഐ.പി.എച്ചിന്റെ നിലനില്‍പ്പ് ഉറപ്പു വരുത്തും വിധം അതിന് ലക്ഷ്യബോധം നല്‍കിയത് ഈ മൂന്ന് കൃതികളാണെന്ന്  നിസ്സംശയം പറയാം. കഴിഞ്ഞ എഴുപത്തഞ്ചാണ്ടിനിടയില്‍  കേരളത്തിലെ ഇസ്ലാമിക നവോത്ഥാനത്തിന് ദിശാബോധം നല്‍കാനും ഇസ്ലാമിക ചിന്തയുടെ കേരളീയ പ്രതിനിധാനമാകാനും ഐ.പി.എച്ചിന് സാധിച്ചതും ഈ ലക്ഷ്യബോധം കൊണ്ടാണ്. അതിന്റെ അര്‍ഥം ഐ.പി.എച്ച്  പുസ്തകങ്ങള്‍ ഇസ്ലാംമതവും ഖുത്വ്ബാത്തും രക്ഷാസരണിയും കൈകാര്യം ചെയ്ത  വിഷയത്തില്‍ മാത്രം  പരിമിതമാണ് എന്നല്ല. ഇസ്ലാമിക വിജ്ഞാനീയങ്ങളായി അറിയപ്പെടുന്ന ഖുര്‍ആന്‍, ഹദീസ്,  ഖുര്‍ആന്‍ നിദാന ശാസ്ത്രം, ഹദീസ് നിദാന ശാസ്ത്രം, സ്വൂഫിസം, തത്ത്വചിന്ത, ഇസ്ലാമിക ചരിത്രം, ഇന്ത്യന്‍ മുസ്ലിം ചരിത്രം, കേരള മുസ്ലിം ചരിത്രം തുടങ്ങി മുതലാളിത്തം, കമ്യൂണിസം, ഫാഷിസം, സയണിസം, യുക്തിവാദം, നവനാസ്തികത, ഇസ്ലാമോഫോബിയ, പോസ്റ്റ് കൊളോണിയലിസം, അപകോളനീകരണം തുടങ്ങിയ സാമൂഹിക സിദ്ധാന്തങ്ങളെയും പ്രവണതകളെയും  ഇസ്ലാമിന്റെ മാത്രമല്ല, സാമൂഹിക ശാസ്ത്രത്തിന്റെയും നരവംശ ശാസ്ത്രത്തിന്റെയും അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്ന കൃതികളും ഐ.പി. എച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.  മനശ്ശാസ്ത്രം, മാനേജ്‌മെന്റ്, വ്യക്തിത്വവികാസം, ബാലസാഹിത്യം തുടങ്ങിയ മേഖലകളില്‍ വേറെയും.
ഇസ്‌ലാമിക ചിന്തയെയും വിജ്ഞാനങ്ങളെയും മലയാളത്തില്‍ പരിചയപ്പെടുത്തുക എന്നത്  ദൗത്യമായി സ്വീകരിച്ചതിനാല്‍ ഐ.പി.എച്ച് കൃതികളില്‍ മൂന്നിലൊന്നെങ്കിലും  വിവര്‍ത്തനങ്ങളായതില്‍ അത്ഭുതമില്ല. അറബി, ഉര്‍ദു, ഇംഗ്ലീഷ് ഭാഷകളിലുള്ള ഇസ്ലാമിക ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രസിദ്ധീകരിച്ചത് ഐ.പി.എച്ചാണ്. അതുകൊണ്ടുതന്നെഅറബിയില്‍നിന്ന് മലയാളത്തിലേക്കുള്ള വിവര്‍ത്തനത്തിന് ദോഹ ആസ്ഥാനമായ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാര്‍ഡ് 2019-ല്‍ ഐ.പി.എച്ചിന് ലഭിച്ചത് അര്‍ഥവത്താണ്. അതിനാല്‍ മുഹമ്മദ് അസദിനെയും ഇസ്സത്ത് ബെഗോവിച്ചിനെയും യുസുഫുല്‍ ഇസ്ലാമിനെയും മാല്‍ക്കം എക്സിനെയും മുഹമ്മദലിയെയും  ഗായ് ഈറ്റനെയും ജെഫ്റി ലാംഗിനെയും മുറാദ് ഹോഫ്മനെയും ലൈലാ അബൂലുഗ്ദിനെയും തലാല്‍ അസദിനെയും സല്‍മാന്‍ സയ്യിദിനെയും മലയാളി  മാതൃഭാഷയില്‍ ആദ്യമായി വായിച്ചത് ഐ.പി.എച്ചിലൂടെയാണ്. അതുപോലെ ഇമാം ഗസ്സാലിയും ഇബ്‌നു തൈമിയ്യയും ഷാ വലിയ്യുല്ലാഹിദ്ദഹ്‌ലവിയും  മുതല്‍ മൗലാനാ മൗദൂദി, മുഹമ്മദ് ഇഖ്ബാല്‍, സയ്യിദ് സുലൈമാന്‍ നദ്‌വി,  ഡോ. മുഹമ്മദ് ഹമീദുല്ല, അമീന്‍ അഹ്‌സന്‍ ഇസ്ലാഹി,  സദ്റുദ്ദീന്‍ ഇസ്ലാഹി, അബ്ദുല്‍ ഹഖ് അന്‍സാരി,  ഹസനുല്‍ ബന്നാ, സയ്യിദ് ഖുത്വ്ബ്, മുഹമ്മദ് ഖുത്വ്ബ്, അലി ശരീഅത്തി, മാലിക് ബിന്നബി,  മുഹമ്മദുല്‍ ഗസ്സാലി, റാഗിബ് സര്‍ജാനി, ത്വാരിഖ് സുവൈദാന്‍, ജാസിമുല്‍ മുത്വവ്വ  വരെ മലയാളി ഐ.പി.എച്ചിലൂടെ വായിച്ചിട്ടുണ്ട്.
ബഹു വാല്യങ്ങളുള്ള  ഖുര്‍ആന്‍ വ്യാഖ്യാനങ്ങളും ക്ലാസിക്കല്‍ ഹദീസ് സമാഹാരങ്ങളുടെ   പരിഭാഷയും മുതല്‍ അറബി മലയാള ശബ്ദകോശം ഏറ്റവും വലിയ ഇസ്‌ലാമിക വൈജ്ഞാനിക സംരംഭം എന്ന്  വിശേഷിപ്പിക്കപ്പെട്ട  ബൃഹദ്് വാല്യങ്ങളുള്ള 'ഇസ്ലാമിക വിജ്ഞാന കോശം' വരെ പടര്‍ന്നു നില്‍ക്കുന്നതാണ് ഇസ്ലാമിക വൈജ്ഞാനിക നവോത്ഥാനത്തിന് ഐ.പി.എച്ച് നല്‍കിയ സംഭാവനകള്‍. പ്രവാചക ചരിത്രം, സച്ചരിതരായ ഖലീഫമാരുടെ ചരിത്രം, സ്വഹാബികളുടെ ചരിത്രം, ഇമാമുകളുടെ ചരിത്രം, പൊതു ഇസ്‌ലാമിക ചരിത്രം, ഇന്ത്യന്‍ മുസ്ലിം ചരിത്രം,  കേരള മുസ്ലിം ചരിത്രം എന്നീ വിഷയങ്ങളിലും സമാനതകളില്ലാത്ത കൃതികളാല്‍ സമ്പന്നമാണ് ഐ.പി.എച്ച്  ഷെല്‍ഫുകള്‍. സോവിയറ്റ് യൂനിയന്റെ പതനം, ആഗോളവല്‍ക്കരണം, അമേരിക്കയുടെ ഭീകരതക്കെതിരെയുള്ള യുദ്ധം, ബാബരി മസ്ജിദിന്റെ തകര്‍ച്ച, ഇന്ത്യയിലെ ഭരണ കൂട ഭീകരത, മുസ്ലിം വേട്ട, ഗുജറാത്ത് വംശഹത്യ,  ബംഗ്ലാദേശിലെ ഭരണകൂട ഭീകരത, ഐ.എസ്, ഗോഹത്യയുടെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, പൗരത്വ പ്രക്ഷോഭം, കോവിഡാനന്തര  ലോകം തുടങ്ങിയ സമകാലിക സംഭവങ്ങളെ അപ്പപ്പോള്‍ വിശകലനം ചെയ്യുന്ന പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് കാലഘട്ടങ്ങളെ അടയാളപ്പെടുത്താനും ഡോക്യുമെന്റ് ചെയ്യാനും ഐ.പി. എച്ച് ശ്രമിച്ചുപോന്നിട്ടുണ്ട്.
അറബിയിലും അറബി മലയാളത്തിലും സാമാന്യം തരക്കേടില്ലാത്ത ഗ്രന്ഥങ്ങള്‍  കേരളത്തിലെ പൂര്‍വകാല മുസ്ലിം  പണ്ഡിതന്മാര്‍ രചിച്ചിട്ടുണ്ട് എന്നത് നേരാണ്. എങ്കിലും മതപ്രബോധനം, സംസ്‌കരണം, ഇസ്ലാമിക വൈജ്ഞാനിക പ്രചാരണം എന്നിവയില്‍ വരമൊഴിയേക്കാള്‍ വാമൊഴിയാണ് കേരളീയ മുസ്ലിം പാരമ്പര്യം എന്നു പറയാം. പിന്നിട് വന്ന ഇസ്‌ലാഹി പ്രസ്ഥാനവും ആശയപ്രചാരണത്തിന് കൂടുതല്‍ ആശ്രയിച്ചത് പ്രസംഗങ്ങളെയും ഖണ്ഡനമണ്ഡനങ്ങളെയും തന്നെയാണ്. എന്നാല്‍  വരമൊഴിക്ക് പ്രാധാന്യം നല്‍കി പ്രസ്തുത പാരമ്പര്യത്തില്‍ ഒരു പാരഡൈം ഷിഫ്റ്റുണ്ടാക്കുന്നതില്‍ ഐ.പി.എച്ച്  പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അത് സമൂദായത്തിലെ മറ്റു വിഭാഗങ്ങളെയും  സ്വാധീനിച്ചു. എഴുപത്തഞ്ച് വര്‍ഷമായിട്ടും  ഐ.പി.എച്ചിനെ നിലനിര്‍ത്തുന്ന ഒരു ഘടകം കേരള മുസ്ലിം പാരമ്പര്യത്തില്‍ ഐ. പി.എച്ചും അതിന്റെ  രക്ഷാധികാര സംഘടനയും ഉണ്ടാക്കിയ ഈ വിചാര മാതൃകാമാറ്റം കൂടിയാണ്.
എല്ലാം നേടി എന്നവകാശപ്പെടുകയല്ല. ഇസ്ലാമിക ചിന്തയുടെയും വിജ്ഞാനത്തിന്റെയും  പ്രചാരണത്തിലും തദ്വാരാ പുതിയ കാലത്തെ ഇസ്ലാമിന്റെ ശരിയായ  പ്രതിനിധാനത്തിലും ഇനിയും ഐ. പി.എച്ചിന് ഒരുപാട് മുന്നോട്ടു പോകാനുണ്ട്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഐ.പി.എച്ച് പ്ലാറ്റിനം ജൂബിലിയുടെ  പ്രധാന ടാര്‍ഗറ്റും അതു തന്നെയാണ്. ഈ വര്‍ഷം ഏപ്രില്‍ മാസം ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചതായിരുന്നു ഐ.പി.എച്ച് പ്ലാറ്റിനം ജൂബിലി. പക്ഷേ കോവിഡ് കാരണം അത് നീട്ടിവെക്കേണ്ടിവന്നു. അതാണിപ്പോള്‍ 2020 ഡിസംബര്‍ 28-ന് ഓഫ്‌ലൈനിലും ഓണ്‍ലൈനിലുമായി നടക്കുന്നത്. ഉദ്ഘാടന വേദി കോഴിക്കോട് വിദ്യാര്‍ഥി ഭവനാണ്. തുടര്‍ന്ന്  2021 ജനുവരി 31 വരെ നീണ്ടുനില്‍ക്കുന്ന പുസ്തക മേളയും നടക്കുന്നുണ്ട്. ഐ.പി.എച്ചിന്റെ കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ഷോറുമുകള്‍ കേന്ദ്രീകരിച്ച് ഓഫ്‌ലൈനിലും ഓണ്‍ലൈനിലുമാണ് പുസ്തക മേള നടക്കുക. പുസ്തകമേള നടക്കുന്ന കാലയളവില്‍ ചര്‍ച്ചകള്‍, സെമിനാറുകള്‍, ബുക്ക് ടോക്കുകള്‍ എന്നിവയും ഓണ്‍ലൈനില്‍ നടക്കും.
എഴുപത്താറാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന 2021  ജൂബിലി വര്‍ഷമായി കൊണ്ടാടാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഐ.പി.എച്ചിനെയും  അതിന്റെ പുസ്തകങ്ങളെയും കൂടുതല്‍ ജനകീയമാക്കലും ജൂബിലിയുടെ ലക്ഷ്യമാണ്. ഈ ഒരു വര്‍ഷത്തിനിടയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഐ.പി.എച്ച് പുസ്തകങ്ങള്‍ വിറ്റഴിക്കുകയും ഐ.പി.എച്ചിനെ ബ്രാന്റ് ചെയ്യുകയും ചെയ്യുന്ന പരിപാടികള്‍ നടത്താനും ഉദ്ദേശിക്കുന്നുണ്ട്. ഇസ്‌ലാം പഠിക്കാനുള്ള അനൗപചാരിക വിദ്യാഭ്യാസ സ്ഥാപനമായ ഐ.പി.എച്ചിന്, അതിനെ ഇന്നോളം താങ്ങിനിര്‍ത്തിയ വായനക്കാരുടെ സഹകരണവും  പിന്തുണയും ഈ സംരംഭത്തിന്റെ വിജയത്തിന്  ആവശ്യമാണ്.
ജമാഅത്തെ ഇസ്ലാമിയെ കേരളത്തില്‍ ആദ്യമായി പരിചയപ്പെടുത്തിയ ഹാജി സാഹിബ് എന്ന വി.പി മുഹമ്മദലിയാണ്  1945-ല്‍ ഐ.പി.എച്ച് നിലവില്‍ വരുമ്പോള്‍ അതിന്റെ  പ്രഥമ സാരഥി എന്ന് പറഞ്ഞല്ലോ. ഉര്‍ദുവില്‍നിന്നുള്ള ഐ.പി.എച്ചിന്റെ ആദ്യകാല വിവര്‍ത്തന ഗ്രന്ഥങ്ങളുടെയെല്ലാം  വിവര്‍ത്തകനായി അദ്ദേഹത്തിന്റെ പേരാണ് കാണുന്നത്. എങ്കിലും ഉര്‍ദു ഭാഷയില്‍ പരിണിതപ്രജ്ഞനായ അക്കാലത്തെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന  ടി.കെ അബ്ദുല്ലയും പ്രസ്തുത  വിവര്‍ത്തനങ്ങളില്‍  പങ്കു വഹിച്ചിട്ടുണ്ടാകാന്‍ സാധ്യതയുണ്ട്. ഇസ്ലാമും സംഘടിത ജീവിതവും, തൗഹീദ് അഥവാ ബഹുദൈവത്വം, ഖുര്‍ആനെ പരിചയപ്പെടുക എന്നീ മൂന്ന് പ്രൗഢ കൃതികള്‍ പരിഭാഷപ്പെടുത്തുകയും ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റഴിഞ്ഞ നമസ്‌കാരം എന്ന ഐ.പി.എച്ചിന്റെ ലഘുകൃതി രചിക്കുകയും ചെയ്ത പണ്ഡിതനായ മുഹമ്മദ് അബുല്‍ ജലാല്‍ മൗലവിയും ഇസ്ലാമിക  പ്രവര്‍ത്തകരുടെ പരസ്പര  ബന്ധങ്ങള്‍ വിവര്‍ത്തനം ചെയ്ത ടി.കെ ഇബ്‌റാഹീമും   കുറഞ്ഞ കാലം ഐ.പി.എച്ചിന്റെ നേതൃത്വം വഹിച്ചിട്ടുണ്ട്. കേരളത്തിലെ മൗലികതയുള്ള അപൂര്‍വം  ഇസ്ലാമിക ചിന്തകരില്‍ ഒരാളായ ടി. മുഹമ്മദാണ് ഐ.പി.എച്ചിന്റെ നേതൃത്വം വഹിച്ച മറ്റൊരാള്‍. ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍, മാപ്പിള സമുദായം ചരിത്രം  സംസ്‌കാരം,  ഇസ്ലാമിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ മൗലിക രചനകളാണ്. ദൈവസങ്കല്‍പ്പം കാലഘട്ടങ്ങളിലുടെ, മതേതരത്വം ജനാധിപത്യം ദേശീയത്വം താത്ത്വിക വിശകലനം, നിര്‍മാണവും സംഹാരവും, രൂപവും യാഥാര്‍ഥ്യവും തുടങ്ങിയ ഒട്ടേറെ ഗ്രന്ഥങ്ങള്‍ അദ്ദേഹം ഐ.പി.എച്ചിനു വേണ്ടി പരിഭാഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഹദീസ് ഭാഷ്യം, പ്രാര്‍ഥനകള്‍ തുടങ്ങിയവ സ്വന്തമായി രചിക്കുകയും ടി.കെ അബ്ദുല്ലയോടൊപ്പം തഫ്ഹീമുല്‍ ഖുര്‍ആന്റെ ആദ്യ വാള്യത്തിന്റെ വിവര്‍ത്തനത്തില്‍ പങ്കാളിത്തം വഹിക്കുകയും ചെയ്ത ടി. ഇസ്ഹാഖലി മൗലവിയും ഐ.പി.എച്ചിന്റെ ഗ്രന്ഥരചനാ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐ.പി.എച്ചിന്റെ സാരഥ്യം ഔദ്യോഗികമായി വഹിച്ചിട്ടില്ലെങ്കിലും പ്രബോധനം, ഐ.പി.എച്ച്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ എല്ലാ സംരംഭങ്ങളും കെട്ടിപ്പടുക്കുന്നതില്‍ ഹാജി സാഹിബിന്റെ വലംകൈയായി പ്രവര്‍ത്തിച്ച കെ.സി അബ്ദുല്ല മൗലവിയും ഐ.പി.എച്ചിന്റെ വളര്‍ച്ചയില്‍ ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്. അല്ലാഹു ഖുര്‍ആനില്‍, പരലോകം ഖുര്‍ആനില്‍, പ്രബോധനം ഖുര്‍ആനില്‍ തുടങ്ങിയ ഈടുറ്റ രചനകളും ഐ.പി.എച്ചിനു വേണ്ടി കെ.സി നിര്‍വഹിച്ചിട്ടുണ്ട്.
രണ്ട് ടേമുകളായി മുപ്പതു വര്‍ഷത്തോളം ഐ.പി. എച്ച് ഡയറക്ടറായിരുന്ന ശൈഖ് മുഹമ്മദ് കാരകുന്നാണ് ഏറ്റവും  കൂടുതല്‍ കാലം ഐ.പി.എച്ചിന് നേതൃത്വം നല്‍കിയത്. ഫാറൂഖ് ഉമര്‍, വൈവാഹിക ജീവിതം ഇസ്ലാമില്‍, ഖുര്‍ആന്‍ ലളിത സാരം തുടങ്ങിയ ഈടുറ്റ രചനകള്‍ അടക്കം എഴുപതോളം കൃതികള്‍ അദ്ദേഹം ഐ.പി.എച്ചിനു വേണ്ടി രചിക്കുകയുണ്ടായി. കൂടാതെ വിധിവിലക്കുകള്‍, ഇസ്ലാമിക സംസ്‌കാരം ശോഭന ചിത്രങ്ങള്‍ എന്നീ കൃതികള്‍ മൊഴിമാറ്റം നടത്തുകയും ചെയ്തു. തഫ്ഹീമുല്‍ ഖുര്‍ആന്‍ പരിഭാഷ ടി.കെ ഉബൈദ് പൂര്‍ത്തീകരിച്ചതും ഇസ്ലാമിക വിജ്ഞാന കോശ സംരംഭം ആരംഭിച്ചതും അദ്ദേഹത്തിന്റെ കാലത്താണ്. ടി.കെ ഫാറൂഖ്, വി.കെ അലി തുടങ്ങിയവരും കുറഞ്ഞ കാലം ഐ.പി.എച്ചിന്റെ സാരഥ്യം വഹിച്ചിട്ടുണ്ട്. പൊതു പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തിന് പ്രതീക്ഷാ ബുക്സ് എന്ന പുതിയ ബ്രാന്റ് ആരംഭിച്ചത് ടി.കെ ഫാറൂഖിന്റെ കാലത്താണ്. ഡോ. കൂട്ടില്‍ മുഹമ്മദലിയാണ് ഇപ്പോള്‍ ഡയറക്ടര്‍. 

(ഐ.പി.എച്ച് അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (71-76)
ടി.കെ ഉബൈദ്‌