ഐ.പി.എച്ചും വായനയുടെ ബലതന്ത്രവും
പുസ്തക പാരായണം നമ്മെ തനിച്ചും സമഗ്രമായും ആവശ്യപ്പെടുന്ന ഒരു പ്രക്രിയയാണെന്ന് പറയാറുണ്ട്. അവനവന്റെ സ്വകാര്യ സൂക്ഷ്മത്തില്‍നിന്ന് പ്രപഞ്ചത്തിന്റെ വിതാന സ്ഥൂലത്തിലേക്കും ആത്മത്തിന്റെ ശിഖരത്തില്‍നിന്ന് അപരത്തിന്റെ സമതലങ്ങളിലേക്കും നിരന്തരം സഞ്ചരിക്കുന്ന അര്‍ഥപൂര്‍ണമായൊരു ആഹ്ലാദമാണ് സത്യസന്ധമായ പാരായണം. അത്തരമൊരു പാരായണത്തിന് ചിലപ്പോള്‍ അക്ഷരമാലകള്‍ പോലുമാവശ്യമില്ല. അതുകൊണ്ടാണ് ഹിറാ ഗുഹയില്‍ പ്രവാചകന് ദൈവികസാക്ഷ്യം വായിക്കാന്‍ സാധിച്ചത്. കാലം കൊണ്ട് എഴുത്തും പാരായണവും എല്ലില്‍നിന്നും തോല്‍പാളികളില്‍നിന്നും താളിയോലകള്‍ മറിഞ്ഞ് ഗുട്ടന്‍ബര്‍ഗ് വിപ്ലവത്തിലൂടെ വിസ്താരമാര്‍ന്ന് ഇന്ന് ഇ- വായനയിലേക്ക് പടര്‍ന്നു നില്‍ക്കുന്നു. ഇനിയും രൂപപരമായ നിരവധി പുതുക്കലുകള്‍ക്ക് അത് വിധേയപ്പെടും. അപ്പോഴും വായനയെന്ന അത്യന്തം ദിവ്യതയാര്‍ന്ന പ്രക്രിയ മനുഷ്യനുള്ളിടത്തോളം തുടര്‍ന്നുകൊണ്ടിരിക്കും. കാരണം വായിക്കുമ്പോള്‍ ജീവിതം വിസ്തൃതമാവും. അകര്‍മണ്യതയുടെ അടച്ചിട്ട ആനവാതിലുകളൊക്കെയും മുട്ടാതെ തുറക്കപ്പെടും. ഇങ്ങനെ അലസതയുടെ ശിലാപാളികള്‍ മറിച്ചിട്ട് ആലോചനയുടെ ചക്രവാള വിസ്തൃതിയിലേക്ക് കേരളീയ മുസ്‌ലിംകളെ സവിശേഷമായി ആനയിച്ചൊരു വായനാ പ്രൗഢിയുടെ ഗോപുര സ്ഥാനമാണ് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്.
കൈയില്‍ വരുന്നതൊക്കെയും വായിച്ചു തീര്‍ക്കുന്ന വിദ്യാര്‍ഥിക്കാലം. ഒരധ്യാപകന്റെ ഗൃഹാന്തരീക്ഷത്തില്‍ വളര്‍ന്നതുകൊണ്ടാകാം വായനാ സാമഗ്രികള്‍ കാലദേശത്തിനൊത്ത് അന്ന് സുലഭമായിരുന്നു. ഇതില്‍ ഓര്‍മയില്‍ തിളങ്ങുന്ന ഒരു സാന്നിധ്യം 'ഇസ്‌ലാമിലെ സാമൂഹ്യനീതി' എന്ന സയ്യിദ് ഖുത്വ്ബിന്റെ ബൃഹദ് പുസ്തകമാണ്. സയ്യിദ് ഖുത്വ്ബിനെ കേട്ടിട്ടുണ്ട്, ആ മഹാ ജീവിതത്തെയും. ഒടുവില്‍ തന്റെ വിശ്വാസത്തിനു വേണ്ടി അദ്ദേഹം സ്വയം യാഗമായതും അറിയാം. കൃതികളൊന്നും വായനയില്‍ വന്നിട്ടില്ല. വി.പി അഹ്മദ് കുട്ടിയുടെ പരിഭാഷയില്‍ ആയിരത്തിത്തൊള്ളായിരത്തി അറുപത്തി ഒന്നില്‍ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസാധനം ചെയ്ത ഇസ്‌ലാമിലെ സാമൂഹ്യനീതിയുടെ ഒന്നാം പതിപ്പായിരുന്നു അത്. ആ പുസ്തകം ഇന്നും അലമാറയിലുണ്ട്. പിന്നീടൊരിക്കല്‍ വി.പി അഹ്മദ് കുട്ടി കേരളത്തില്‍ വന്നപ്പോള്‍ ആ പുസ്തകത്തില്‍ ഏറെ ആഹ്ലാദത്തോടെ ഓട്ടോഗ്രാഫ് വാങ്ങിച്ചു. അന്നാ പുസ്തകം അദ്ദേഹം മുന്തിയ പാരിതോഷികത്തിന് പകരം ചോദിച്ചു. പക്ഷേ കൗമാര കൗതുകം കുടഞ്ഞ് വായന ഗൗരവപൂര്‍ണമായൊരു യൗവനം പ്രാപിച്ചത് ഈയൊരു മൗലികതയാര്‍ന്ന പുസ്തക പാരായണത്തോടെയായതുകൊണ്ട് പരിഭാഷകന്റെ താല്‍പര്യം സൗമ്യമായി നിരസിക്കേണ്ടി വന്നു. വായനക്കാരന്റെ ഈയൊരു കൗതുകം അദ്ദേഹം സന്തോഷപൂര്‍വം സമ്മതിക്കുകയും ചെയ്തു. അന്നാ പുസ്തകവായന മനസ്സില്‍ തീര്‍ത്ത വിഭ്രമവും വിസ്മയവും അപാരമായിരുന്നു. അതുവരെ അപ്രാപ്യമായിരുന്ന ആലോചനയുടെ ഒരു ചന്ദ്ര മണ്ഡലമാണന്ന് കൈവെള്ളയില്‍നിന്ന് ചിരിച്ചത്. സമകാലീന സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ ഇസ്‌ലാം ഏറ്റെടുക്കേണ്ട പങ്കാളിത്തം ചരിത്രസാക്ഷ്യത്തിന്റെ നിറവെട്ടത്തില്‍ ആലോചിക്കുന്നുണ്ട് ആ പുസ്തകത്തില്‍. ഇസ്‌ലാം സാധ്യമാകുന്നതോടെ സമൂഹം എങ്ങനെ പ്രസന്നമാകുമെന്നതിന്റെ ഭൂതവും വര്‍ത്തമാനവും, അതില്‍നിന്ന് വിരിയിച്ചെടുക്കാവുന്ന ഭാവിയും. ഇത്തരമൊരു അവതരണം മതമീമാംസാ പഠന പാരായണത്തില്‍ ആദ്യാനുഭവമായിരുന്നു. പുസ്തകത്തിലെ അവതരണം പോലെ ഗംഭീരമായിരുന്നു അതിന്റെ ഭാഷയും. പാല്‍പ്പത പോലെ തെളിഞ്ഞു ശുഭ്രതയാര്‍ന്നൊരു മാനകഭാഷ.
കേരളത്തിലെ മുസ്‌ലിം ആധുനികതാവാദികള്‍ പുരോഹിത മതത്തിന് മേല്‍ അശ്വമേധം നടത്തുന്ന കാലമായിരുന്നു അത്. ഏറക്കുറെ അതില്‍ മതവാദികള്‍ പ്രതിരോധത്തിലേക്ക് വഴുക്കിയ കാലം. അതുകൊണ്ടുതന്നെ മതവാദികള്‍ ആധുനികതാവാദികളുമായി അന്യോന്യങ്ങള്‍ക്ക് തയാറാവാതെ ഭയന്നുനിന്നു. അവര്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല. മതവാദികള്‍ അനുഷ്ഠാനസംബന്ധിയായ കൈതര്‍ക്കങ്ങളില്‍ രമിച്ചു നില്‍ക്കുകയായിരുന്നു. അപ്പോഴാണ് സാമൂഹികജീവിതത്തെ പ്രതി ആത്മ വിശ്വാസത്തോടെ സംസാരിക്കുന്ന ഒരു മതത്തെ ഈ പുസ്തകം പരിചയപ്പെടുത്തുന്നത്. തീര്‍ച്ചയായും അത് വായനയില്‍ മാത്രമല്ല, കാഴ്ചപ്പാടുകളിലും ഒരു വഴിമാറലായി. പുതിയ പുസ്തകങ്ങളൊന്നും തെരഞ്ഞുപോകാതെ ഇതു തന്നെ നിരവധി ആവൃത്തി നെടുകെയും കുറുകെയും വായിച്ചുതീര്‍ത്തു. അന്ന് തുറന്നുകിട്ടിയത് ആശയബോധ്യങ്ങളുടെ പ്രസന്നങ്ങളായ ഒട്ടേറെ തീര്‍പ്പുകളായിരുന്നു. ഇതൊന്നും ഏതെങ്കിലുമൊരു വായനക്കാരന്റെ മാത്രം അനുഭൂതികളല്ല. കേരളീയ മുസ്‌ലിംകള്‍ പൊതുവെ പങ്കിട്ട കാഴ്ചകളായിരുന്നു. ഒരു സമൂഹം യഥാര്‍ഥമായ വിശ്വാസത്തീര്‍ച്ചകളിലേക്ക് സ്വയം ഉണര്‍ന്ന് പടര്‍ന്ന കാഴ്ച.
വായനയുടെ ഒരു പ്രഫുല്ല കാലമാണ് ഐ.പി.എച്ച് മലയാളിക്ക് നല്‍കിയത്. കാരണം അത് പ്രതിനിധാനം ചെയ്തത് ഉല്‍പാദനപരമായ വായനയെയായിരുന്നു. അത്തരം പാരായണങ്ങള്‍ നമ്മെ സക്രിയമാക്കുകയും നമ്മുടെ ഇടപെടല്‍ ശേഷിയെ ജാഗ്രത്താക്കുകയും ചെയ്യും. പിന്നീട് എത്രയെത്ര പുസ്തകങ്ങള്‍, എത്രയെത്ര എഴുത്തുകാര്‍! ജീവിതത്തെ മൗലികമായി നിര്‍ണയിക്കാന്‍ പ്രാപ്തി കാണിച്ച മഹാഗ്രന്ഥസാഫല്യം. അതോടെ അതുവരെ അപ്രാപ്യമായിരുന്ന നിരവധി വൈജ്ഞാനിക ഖനികള്‍ മലയാളികള്‍ക്കു മുന്നില്‍ വിസ്മയത്തോടെ തുറക്കപ്പെടുകയായിരുന്നു. അപ്പോള്‍ കാലമേറെ വേണ്ടിവന്നില്ല മലയാളി പ്രബുദ്ധമാവാന്‍.
വിഖ്യാത യൂഗ്ലോസാവിയന്‍ ദാര്‍ശനികനായ അലിയാ ഇസ്സത്ത് ബെഗോവിച്ചിനെ വായനയില്‍ കണ്ടെടുത്തത് ഐ.പി.എച്ചിലൂടെയാണ്. മതത്തെ കര്‍മശാസ്ത്ര കലഹങ്ങളുടെ ജഡികവല്‍ക്കങ്ങളില്‍നിന്നും വിമോചിപ്പിച്ച് കലയുടെയും സംഗീതത്തിന്റെയും സാന്ദ്രഭരിതമായ സാധ്യതകളില്‍ കൂടി ലാളിക്കാനും അങ്ങനെ പ്രാചിയും പ്രതീചിയും അരുമയായി സംഗമിക്കുന്ന ഇഹപര ക്ഷേമൈശ്വര്യങ്ങളിലേക്ക് കൂര്‍പ്പിച്ചെടുക്കാനും അലിയാ നടത്തുന്ന പിടയല്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും ദീപ്തമായ ഇസ്‌ലാമിക ആവിഷ്‌കാരങ്ങളില്‍ ഒന്നാണ്. ഇസ്‌ലാമിന്റെ ആ മസൃണതയെ തൊട്ടറിയാന്‍ പറ്റിയത് ഐ.പി.എച്ചിലൂടെ തന്നെയാണ്. കേവല രാഷ്ട്ര മീമാംസകനില്‍നിന്നുയര്‍ന്ന് അലിയായെന്ന മഹാദാര്‍ശനികപ്രതിഭയെ മലയാളി കണ്ടെടുത്തതും അങ്ങനെയാണ്.
ഇന്ത്യയില്‍ കൊളോണിയല്‍വിരുദ്ധ ദേശീയവിമോചന സ്വാതന്ത്ര്യസമരത്തെ സമാഹരിച്ചതും മുന്നില്‍ നിന്ന് നയിച്ചതും സത്യത്തില്‍ മലബാറിലെ മുസ്‌ലിംകളാണ്. എന്നാണോ കുരിശുയുദ്ധപ്രോക്തമായ കൊക്കേഷ്യന്‍ കൊള്ളസംഘം ഇന്ത്യയുടെ വിമലതീരം തൊട്ടിറങ്ങിയത് അന്നു തന്നെ അവര്‍ക്കെതിരെയുള്ള വിമോചന സമരങ്ങളും ഇവിടെ സംഘടിതമായിട്ടുണ്ട്. പാട്ടും ഫത്‌വകളുമായി നൂറ്റാണ്ടിലേക്കത് പടര്‍ന്നു പോയി. അക്കാലത്തിന്റെ സത്യമാര്‍ന്നൊരു ചരിത്രപഠനം പലപ്പോഴും സാധ്യമായിരുന്നില്ല. സവര്‍ണ ബ്രാഹ്മണ്യം പ്രക്ഷേപിച്ച വെറുപ്പിന്റെ ചരിത്രം കുടഞ്ഞെറിഞ്ഞ് സത്യവസ്തുതകള്‍ മാത്രം പറയുന്നൊരു സമഗ്ര മലബാര്‍ സമരകഥ ഇവിടെ മുഖ്യധാരയില്‍ ഉണ്ടായിരുന്നില്ല. മാപ്പിള സാംസ്‌കാരിക വ്യവഹാരങ്ങള്‍ പൊതുവെ തന്നെ അന്ന് സമുദായത്തിനകത്ത് തിരസ്‌കൃതമായിരുന്നു. ഉള്ളതാകട്ടെ അപൂര്‍ണവും. അന്ന് ഗവേഷകനായ കെ.കെ മുഹമ്മദ് അബ്ദുല്‍ കരീമിന്റെ മൗലിക രചനകള്‍ പോലും പ്രസാധിതമായത് ഏറനാട്ടിലെ തീര്‍ത്തും അപ്രശസ്തരായ പ്രസാധകരിലൂടെയായിരുന്നു. അവിടെയാണ് ഗവേഷകനായ ടി. മുഹമ്മദിന്റെ മാപ്പിള സമുദായം ഐ.പി.എച്ചിലൂടെ മലയാളിക്ക് സാധ്യമായത്. മാപ്പിള സാംസ്‌കാരിക പഠനങ്ങളിലേക്കുള്ള വലിയൊരു തുറവി വ്യക്തിപരമായി സാധ്യമായത് ഇതിന്റെ പാരായണത്തോടെയാണ്.
ഭാരതീയ സംസ്‌കൃതിയില്‍ ഏകദൈവ വിശ്വാസത്തിന്റെയും സെമിറ്റിക് പ്രവാചകന്മാരുടെ പ്രബോധനങ്ങളുടെയും അടിയാധാരങ്ങള്‍ തിരഞ്ഞുള്ള അന്വേഷണവ്യഗ്രമായ പഠനം മലയാളത്തില്‍ വിസ്താരപ്പെട്ടത് ഐ.പി.എച്ച് പ്രസിദ്ധീകരണമായ 'ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകളി'ലൂടെയാണ്. ഒന്നിലേറെ വാള്യങ്ങളിലേക്ക് വിടര്‍ന്ന ഈ ഗവേഷണ ഗ്രന്ഥം മലയാളത്തിലെ സമ്പന്നമായൊരു ഉപാദാനമാണ്. ഉദ്വേഗം ഇരമ്പിനില്‍ക്കുന്ന പാരായണക്ഷമത ഈ പുസ്തകത്തിനുണ്ട്. വിശ്വാസങ്ങള്‍ വിരുദ്ധരാശിയിലേക്ക് അകലാന്‍ വഴിതേടുന്ന ഒരു കാലത്ത് ഇത്തരം അന്വേഷണങ്ങള്‍ നല്‍കുന്ന പ്രസാദം തീര്‍ച്ചയായും സാന്ദ്രതയുള്ളതാണ്. നിരീക്ഷണങ്ങളുടെ ഇത്തരമൊരു മഴവില്ല് മലയാളികളുടെ ധൈഷണികാകാശത്ത് തെളിയിച്ചെടുക്കാന്‍ ഐ.പി.എച്ചിനായത് മലയാളത്തിന്റെ സൗഭാഗ്യമാണ്.
പ്രവാചകജീവിതത്തെ കേവല സ്‌നേഹപാരവശ്യത്തില്‍ മാത്രം കാണുന്നതിനു പകരം ആ മഹാ ജീവിതം നിവര്‍ത്തിച്ച ധന്യതയാര്‍ന്നൊരു പ്രയോഗജീവിതത്തെ തെളിമയേടെ മലയാളി വായനക്കാരുടെ മുമ്പിലെത്തിച്ചതും ഈ പ്രസാധനാലയം തന്നെയാണ്. ഏറ്റവും അവസാനം പുറത്തു വന്ന ഡോ: മുഹമ്മദ് ഹമീദുല്ലയുടെ 'ദൈവദൂതനായ മുഹമ്മദ്' ഉള്‍പ്പെടെ വായിച്ചുതീര്‍ത്ത പ്രവാചക ജീവചരിത്രാനുഭവങ്ങള്‍ അനവദ്യമാണ്. കൊളോണിയല്‍ ആധുനികതയുടെ ഇരമ്പത്തില്‍ ഉലഞ്ഞു തുടങ്ങിയ ഇസ്‌ലാമിക വ്യവസ്ഥയെ എങ്ങനെയാണു് സയ്യിദ് മൗദൂദിയും സയ്യിദ് ഖുത്വ്ബും ഹസനുല്‍ ബന്നായും വിശുദ്ധിയോടെ കാത്തുപോറ്റിയതെന്നും ഞങ്ങളുടെ തലമുറ കണ്ടറിഞ്ഞതും ഐ.പി.എച്ചിലൂടെ തന്നെയാണ്. വായന ദീപ്തമാകുന്നത് ഭാഷയുടെ അപാര സാധ്യതയില്‍നിന്നു കൂടിയാണ്. ഭാഷയുടെ ശേഷി ഊനമായാല്‍ അതില്‍ നിന്നും വിരിഞ്ഞിറങ്ങേണ്ട ആശയത്തിന്റെ വര്‍ണസൂനങ്ങള്‍ക്ക് പ്രഭാവം കുറയും. ഭാഷയുടെ തെളിച്ചം പ്രധാനം തന്നെയാണ്. അത് ഈ പ്രസാധനാലയം ആദ്യമേ തിരിച്ചറിഞ്ഞതാണ്. ഈ തീര്‍പ്പുകളും പ്രസാധക തീര്‍ച്ചകളും കൂടിയാണ് കേരളീയ മുസ്‌ലിംകളെ മലയാളത്തിലെ ഏറ്റവും വലിയ വായനാസമൂഹവും പ്രസാധക സമുദായവുമാക്കി വളര്‍ത്തിയത്. ഇന്ന് ആയിരത്തിലേക്കടുക്കുന്ന ഈ പുസ്തക വൈവിധ്യങ്ങള്‍ക്ക് എടയൂരിലെ മരപ്പെട്ടിയില്‍നിന്നുള്ള സഞ്ചാരവേഗം വിസ്മയം തന്നെയാണ്.
Comments