Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 25

3182

1442 ജമാദുല്‍ അവ്വല്‍ 10

മലയാള ലിപിയില്‍ ഇസ്‌ലാമിനെ എഴുതിയ  എഴുപത്തിയഞ്ചു വര്‍ഷങ്ങള്‍

ഡോ. ജമീല്‍ അഹ്മദ്

കേരള മുസ്‌ലിംകളെ സാമുദായിക പാരമ്പര്യത്തിന്റെ കെട്ടുപാടുകളില്‍നിന്ന് രക്ഷപ്പെടുത്തി ആധുനികതയുടെ സാധ്യതകളിലേക്ക് കൈപ്പിടിച്ചു നടത്താനുള്ള ശ്രമങ്ങളാണ് മലയാളത്തില്‍ 'മുസ്‌ലിം നവോത്ഥാനം' എന്നറിയപ്പെടുന്നത്. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ മഖ്ദി തങ്ങള്‍, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി,  വക്കം മൗലവി,  അബുസ്സ്വബാഹ് മൗലവി, കെ.എം മൗലവി, ഇ.കെ മൗലവി തുടങ്ങിയ മുസ്‌ലിം നവോത്ഥാന നേതാക്കളുടെ പ്രവര്‍ത്തനമണ്ഡലങ്ങള്‍ മാതൃഭാഷാ വിദ്യാഭ്യാസം, ഇംഗ്ലീഷ് പഠനം, സ്ത്രീജന സമുദ്ധാരണം, അത്യാചാര വിമോചനം, മാമൂല്‍ വിരുദ്ധത, തൊഴില്‍ ആഭിമുഖ്യം, സാമൂഹിക പദവിവല്‍ക്കരണം എന്നീ  അജണ്ടകളെ ചുറ്റിപ്പറ്റിയായിരുന്നു എന്നു കാണാം. 'മതഭ്രാന്തനും അപരിഷ്‌കൃത'നുമായ മാപ്പിളയെ 'സാമൂഹികവല്‍ക്കരിക്കാ'നായി ബ്രിട്ടീഷുകാര്‍ നിര്‍ദേശിച്ച പരിഹാരങ്ങളും ഇവ തന്നെയായിരുന്നു. മുസ്‌ലിംകളെ ആധുനികവല്‍ക്കരിക്കാനുള്ള ഇസ്‌ലാമിക നവോത്ഥാനത്തിന്റെ മാര്‍ഗങ്ങളും അവരെ മെരുക്കിയെടുക്കാനുള്ള അധികാരിവര്‍ഗ പ്രോജക്ടുകളും ഒരേ കാര്യപരിപാടിയായിപ്പോയത് യാദൃഛികമല്ല; രണ്ടിന്റെയും ലക്ഷ്യം ഭിന്നമാണെങ്കിലും. ഇങ്ങനെ കോളനിയനന്തര കേരളത്തിലെ മുസ്‌ലിം സമുദായത്തിന് അകത്തും പുറത്തും സാധ്യമാക്കേണ്ട ആധുനികീകരണത്തിന്റെ പദ്ധതികള്‍ പല തലങ്ങളിലും ആവിഷ്‌കരിക്കപ്പെട്ടുകൊണ്ടിരുന്ന സവിശേഷ ചരിത്രസന്ദര്‍ഭത്തിലേക്കാണ് കേരള ജമാഅത്തെ ഇസ്‌ലാമി (1948) കടന്നുവരുന്നത്. 
1947 ആഗസ്റ്റ് 26-ന് മദ്രാസില്‍ നടന്ന,  ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ ദക്ഷിണമേഖലാ സമ്മേളനത്തില്‍ വെച്ച് അബുല്‍ അഅ്‌ലാ മൗദൂദി നടത്തിയ ചരിത്രപ്രസിദ്ധമായ പ്രഭാഷണം ഓര്‍ക്കുക.  ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് നാല് പ്രവര്‍ത്തന പരിപാടികള്‍ അദ്ദേഹം അതില്‍ നിര്‍ദേശിച്ചിരുന്നു. ഒന്നാമത്തേത്, മുസ്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കുമിടയില്‍ സാധ്യമാക്കേണ്ട സൗഹാര്‍ദമാണ്. രണ്ടാമത്തേത്, മുസ്‌ലിം സമൂഹത്തിന്റെ ആഭ്യന്തര സംസ്‌കരണമാണ്. മൂന്നാമത്തേത്, കാലഘട്ടത്തിനു യോജിച്ച പണ്ഡിതരെ വാര്‍ത്തെടുക്കലാണ്. നാലാമത്തെ നിര്‍ദേശം ഇതായിരുന്നു: ''നമ്മുടെ എല്ലാ പ്രവര്‍ത്തകരും, ഇനി ഈ പ്രസ്ഥാനവുമായി ബന്ധപ്പെടുന്നവരും ഇന്ത്യയിലെ പ്രാദേശിക ഭാഷകള്‍ പഠിക്കുകയും അവയില്‍ എഴുതാനും പ്രസംഗിക്കാനുമുള്ള യോഗ്യത ആര്‍ജിച്ചെടുക്കുകയും വേണം. ഭാവിയില്‍ വിദ്യാഭ്യാസത്തിന്റെയും സാഹിത്യത്തിന്റെയും മാധ്യമങ്ങളായിത്തീരാവുന്ന ഈ ഭാഷകളില്‍ എത്രയും വേഗം അത്യാവശ്യ ഇസ്‌ലാമിക സാഹിത്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പരമാവധി ശ്രമിക്കണം'' വിഭജനാനന്തര ഇന്ത്യയില്‍ അദ്ദേഹം നടത്തിയ അവസാന പ്രഭാഷണങ്ങളിലൊന്നായിരുന്നു അത്. ഇന്ത്യയിലെ ഓരോ സംസ്ഥാന ഹല്‍ഖകളും ഒരു വസ്വിയ്യത്ത് കണക്കെ സ്ഥാപക നേതാവിന്റെ ആ ആഹ്വാനം ഏറ്റെടുത്തു എന്നതാണ് ചരിത്രം.  ആ ഏറ്റെടുപ്പ് ഇന്ത്യയിലെ പ്രധാന പ്രാദേശിക ഭാഷകളിലെ ആധുനിക ഇസ്‌ലാമിക ചിന്തയുടെ കൂടി ചരിത്രമാണ്.
അബുല്‍ അഅ്‌ലാ മൗദൂദി ഏല്‍പ്പിച്ചുകൊടുത്ത ഈ ഒസ്യത്ത് ഏറ്റവും ക്രിയാത്മകമായി സ്വീകരിച്ചതിന്റെ ഫലമാണ് കേരള ജമാഅത്തെ ഇസ്‌ലാമിക്ക് കലാ-സാഹിത്യ മേഖലകളടക്കമുള്ള എല്ലാ രംഗങ്ങളിലും മറ്റു സംസ്ഥാന ഘടകങ്ങളെ അപേക്ഷിച്ച് ഒരടി മുന്നില്‍ നടക്കാനായത്. 1944-ല്‍, വി. പി മുഹമ്മദലി എന്ന ഹാജി സാഹിബിനെയാണ് മലയാളത്തിലെ ഇസ്‌ലാമെഴുത്തിന്റെ ചുക്കാന്‍ കേന്ദ്ര കൂടിയാലോചനാ സമിതി ഏല്‍പ്പിച്ചത്. ആ ആവേശമായിരുന്നു ഐ.പി.എച്ച് എന്ന പ്രസാധനാലയത്തിന്റെ തന്നെ പിറവിക്കു കാരണം. അന്നുതൊട്ട് ഇന്നുവരെയുള്ള മുക്കാല്‍ നൂറ്റാണ്ടിന്റെ ചരിത്രയാത്രയില്‍ കേരളത്തിന്റെ ഇസ്‌ലാമിക ചിന്തയിലും മലയാള ലിപിയിലുള്ള ഇസ്‌ലാമെഴുത്തിന്റെ വികാസപരിണാമത്തിലും ഐ.പി.എച്ച് എന്തുചെയ്തു എന്ന കണക്കെടുക്കേണ്ടതുണ്ട്. അതു മാത്രമല്ല, ഏഴര പതിറ്റാണ്ടുകള്‍ നീണ്ട ഈ അക്ഷരവ്യാപാരം മലയാളത്തിന് എന്തു ചെയ്തു എന്ന് തിരിച്ചും അന്വേഷിക്കണമല്ലോ. ഈ രണ്ടു ചോദ്യങ്ങളെയും നിര്‍ധാരണം ചെയ്യാന്‍ ആവശ്യമായ ചില നിരീക്ഷണങ്ങളാണ് ഈ ലേഖനം പങ്കുവെക്കുന്നത്.

ഹാജി സാഹിബ് എന്ന സ്ഥാപകന്‍
അബുല്‍ അഅ്‌ലാ മൗദൂദി സ്വാംശീകരിച്ച ആദര്‍ശപരമായ രാഷ്ട്രീയ ഉള്ളടക്കമാണ്, കേരളത്തില്‍ അന്ന് പരിചിതമായ മറ്റു ഇസ്‌ലാമികചിന്തകളില്‍നിന്ന് ജമാഅത്തെ ഇസ്‌ലാമിയെ ആശയപരമായി വേര്‍തിരിച്ചത്. ആധുനികമായ അറിവുകളും ആഴത്തിലുള്ള വായനയും ആ പുത്തന്‍ ആശയത്തെ ഉള്‍ക്കൊള്ളാന്‍ അനിവാര്യമായിരുന്നു. അതുകൊണ്ടുതന്നെ വായന, പഠനം, ചിന്ത, സംവാദം തുടങ്ങിയവയിലൂടെ വളര്‍ന്നുപൊങ്ങിയതാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ഗര്‍ഭകാലം. കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ രൂപീകരണകാലത്തെ ചിന്താപരമായ അടിയുറപ്പിനെക്കുറിച്ചുള്ള അന്വേഷണം കേരള മുസ്‌ലിംകളുടെതന്നെ മതപരവും സാമൂഹികവുമായ വളര്‍ച്ചകളെക്കുറിച്ചുള്ള പഠനത്തിന് പുതിയ ദിശകള്‍ നല്‍കും. കേരളത്തില്‍ ജമാഅത്തിന് വിത്തിട്ട ഹാജി സാഹിബിന്റെ ധൈഷണിക പശ്ചാത്തലമാണ് ഇക്കാര്യത്തില്‍ ആദ്യം പരിഗണിക്കേണ്ടത്. 
1912-ല്‍ മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്തുള്ള എടയൂരിലാണ് ഹാജി സാഹിബിന്റെ ജനനം. വലിയപറമ്പില്‍ തറവാട്ടിലെ കാരണവരായ പോക്കാമുട്ടി ഹാജിയാണ് പിതാവ്. ഖിലാഫത്ത് സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ രണ്ടുവര്‍ഷം ജയിലിലായിരുന്നു അദ്ദേഹം. ഒരു മാപ്പിളപ്പോരാളിയുടെ മകനായ പത്തുവയസ്സുകാരന്റെ മനസ്സില്‍ ഖിലാഫത്ത് പ്രക്ഷോഭത്തിലെ സങ്കീര്‍ണമായ സംഭവങ്ങള്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ടാകുമെന്നത് നേരാണ്. വൈദ്യകുടുംബമായിരുന്ന ചങ്ങമ്പള്ളി കുഞ്ഞാലന്‍കുട്ടി ഗുരുക്കളുടെ മകള്‍ ഫാത്വിമയാണ് ഹാജി സാഹിബിന്റെ ഉമ്മ. പിതാവിന്റെ സമരപാരമ്പര്യവും മാതാവിന്റെ ജ്ഞാനപാരമ്പര്യവും രൂപപ്പെടുത്തിയ ചിന്തകളുമായാണ് ഹാജി സാഹിബ് എന്ന നവോത്ഥാന നായകന്‍ വളര്‍ന്നുണ്ടാകുന്നത്. എടക്കുളം, മണ്ണാര്‍ക്കാട്, ആലത്തൂര്‍, മഞ്ചേരി എന്നിവിടങ്ങളിലെ പള്ളിദര്‍സുകളില്‍നിന്ന് ഇസ്‌ലാമിന്റെ പാഠങ്ങളിലേക്ക് ആഴത്തിലിറങ്ങിയ അദ്ദേഹത്തിന് തത്ത്വശാസ്ത്രം, രാഷ്ട്രമീമാംസ എന്നീ വിജ്ഞാന ശാഖകളിലുള്ള ഗ്രന്ഥങ്ങളോടായിരുന്നുവത്രെ കൂടുതല്‍ താല്‍പര്യം. ഇമാം ഗസ്സാലിയുടെ 'ഇഹ്‌യാ ഉലൂമിദ്ദീനി'നെ ഹൃദയത്തിലേക്ക് ആവാഹിച്ചതിന്റെ ചോദനയിലാണ് മക്കയിലേക്കുള്ള സഞ്ചാരം. സ്വാതന്ത്ര്യസമരം കൊടുമ്പിരികൊള്ളുന്ന ഇന്ത്യന്‍ മണ്ണിലൂടെ ബോംബെ വരെ തീവണ്ടിയില്‍ യാത്രചെയ്ത് മക്കയിലേക്ക്. ആ യാത്രികന്റെ ലക്ഷ്യം ഹജ്ജ് മാത്രമായിരുന്നില്ല; ഇബ്‌നു തൈമിയ്യ, ഇബ്‌നുല്‍ ഖയ്യിം, മുഹമ്മദുബ്‌നു അബ്ദില്‍ വഹാബ് തുടങ്ങിയ ചിന്താഗൃഹങ്ങളിലേക്കുള്ള വിരുന്നുകൂടല്‍ കൂടിയായിരുന്നു. പില്‍ക്കാലത്ത് കുഞ്ഞാലന്‍ മുസ്‌ലിയാര്‍ എന്ന പേരില്‍നിന്ന് വി.പി മുഹമ്മദലി എന്ന പേരിലേക്ക് മാറാനുള്ള തീരുമാനവും ശ്രദ്ധേയമാണ്. ഐ.പി.എച്ച് മുതല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രബോധനഭാഷയെ വരെ ഒന്നടങ്കം സ്വാധീനിച്ച, മുസ്‌ലിം മലയാളത്തെ സംബന്ധിച്ചുള്ള ഒരു നിലപാടുകൂടിയാണ് അത്.  
ഹിജാസില്‍നിന്ന് തിരിച്ചെത്തിയ ശേഷം ഇന്ത്യയുടെ ഇസ്‌ലാമികചിന്തയെ കണ്ടെടുക്കാനുള്ള ശ്രമങ്ങളായിരുന്നു ഹാജി സാഹിബ് നടത്തിയത്. വെല്ലൂരിലെ 'ബാഖിയാത്തുസ്സ്വാലിഹാത്തി'ല്‍നിന്ന് ഉമറാബാദിലെ 'ദാറുസ്സലാമി'ലേക്ക്. അവിടെവെച്ചാണ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ ചിന്താലോകത്തേക്ക് ആനയിക്കപ്പെടുന്നത്. നാട്ടിലേക്ക് തിരിച്ചെത്തിയ ഹാജി സാഹിബ് തര്‍ജുമാനുല്‍ ഖുര്‍ആന്റെ സ്ഥിരം വായനക്കാരനായി. മൗദൂദി എഴുതിയ 'ഏക് സ്വാലിഹ് ജമാഅത്ത് കി സറൂറത്ത്' (ഒരു ഉത്തമ സംഘടനയുടെ ആവശ്യകത) എന്ന ലേഖനപരമ്പര വായിച്ചുതീര്‍ന്നതോടെ തന്റെ മാര്‍ഗപദ്ധതികള്‍ അദ്ദേഹം ഉറപ്പിച്ചിരുന്നു. മൗദൂദിയില്‍ നേരിട്ട് ശിഷ്യപ്പെട്ട് ഒമ്പതുമാസത്തെ വിജ്ഞാനപരിശീലനങ്ങള്‍ നേടിയ ശേഷം  1944-ല്‍ പുതിയ ദൗത്യവും വഹിച്ച് പഠാന്‍കോട്ടില്‍നിന്ന് തിരിച്ചെത്തിയ ഹാജി സാഹിബ് ഉടനടി ജമാഅത്തെ ഇസ്‌ലാമിയുടെ പ്രാദേശിക ഘടകം രൂപീകരിക്കുകയല്ല ചെയ്തത്. മറിച്ച്, പഠനവും വായനയും സ്വന്തം നിലക്ക് തുടരുകയായിരുന്നു. ഒരു വര്‍ഷത്തിനകം തന്നെ (1945), മലയാള ലിപിയിലുള്ള ഇസ്‌ലാമിക കൃതികളുടെ വിവര്‍ത്തനവും അച്ചടിയും ആരംഭിക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം ആലോചിച്ചുറപ്പിച്ചത്. ആ ഉറപ്പായിരുന്നു 'ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്' (ഐ.പി.എച്ച്) എന്ന മഹാസ്ഥാപനത്തിന്റെ തറക്കല്ലായത്.

മലയാളം എന്ന ഭാഷാസ്ഥാപനം
അന്ന് മുസ്‌ലിംകളുടെ സാമാന്യ ലിപിയായ അറബിമലയാളത്തെ മാറ്റിവെച്ച് എന്തുകൊണ്ട് ഹാജി സാഹിബ് മലയാള ലിപിയെ സ്വീകരിച്ചു എന്നത് ഇവിടെ അന്വേഷിക്കാവുന്നതാണ്. അദ്ദേഹം പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന പുസ്തകങ്ങള്‍ മലയാള ലിപിയില്‍ വായന ശീലിച്ചവരെയാണ് ലക്ഷ്യംവെച്ചത്. സാമാന്യ വിദ്യാഭ്യാസമുള്ള മുസ്‌ലിംകളില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ആശയമെത്തിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. മലയാള ലിപി അറിയുന്ന അമുസ്‌ലിംകള്‍ അത് വായിച്ചാലും കുഴപ്പമില്ല എന്ന ദൃഢബോധ്യത്തില്‍തന്നെയാണ് അത് ചെയ്തത്. അതിനനുയോജ്യമായ വിവര്‍ത്തന മലയാളമാണ് അദ്ദേഹം സ്വീകരിക്കുകയും ചെയ്തത്. കേരളത്തിലെ ഇസ്‌ലാമിക ചിന്തക്ക് അറബിമലയാളം ഉയര്‍ത്തിയ ലിപിയുടെ മതില്‍ക്കെട്ട് പൊളിച്ചുകളയുക എന്നതുതന്നെയായിരുന്നു ഈ പ്രസാധനാലയം സ്വീകരിച്ച ആദ്യ വ്യതിരിക്തത. അബുല്‍ അഅ്‌ലാ മൗദൂദിയുടെ 'രിസാലെ ദീനിയ്യാത്തി'ന്റെ വിവര്‍ത്തനം ഇസ്‌ലാംമതം എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചുകൊണ്ട് 1945-ല്‍ ഹാജി സാഹിബ് ആ സാഹിത്യസാക്ഷ്യത്തിന് തുടക്കംകുറിച്ചു. പ്രസാധകരുടെ പേരിന്റെ സ്ഥാനത്ത് 'ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്' എന്ന് ചേര്‍ത്തു.  എങ്ങനെയാണ് ഈ മലയാള പ്രസാധനാലയത്തിന് 'ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്' എന്ന ഇംഗ്ലീഷ് പേര് കിട്ടിയത് എന്ന ആലോചനയും സാധുവാണല്ലോ. തന്റെ ശിഷ്യന്മാരായ അബ്ദുല്‍ അഹദ് തങ്ങള്‍, വി.പി അബ്ദുല്ല തുടങ്ങിയവരുടെ ഇംഗ്ലീഷ് പരിജ്ഞാനം അതിനൊരു നിമിത്തമായിരിക്കാം എന്ന് ഊഹിക്കാനേ വഴിയുള്ളൂ. 
'ഇസ്‌ലാംമതം' പുറത്തുവന്ന് അധികം താമസിയാതെ 'രക്ഷാസരണി'യും (സലാമത് കാ രാസ്താ) പ്രസിദ്ധീകൃതമായി. കൊല്ലം ഇടവായിലെ സി.എം (കോറണേഷന്‍ മെമ്മോറിയല്‍) പ്രസ്സില്‍ മുദ്രണം ചെയ്ത ആ രണ്ടു പുസ്തങ്ങളുടെയും വിതരണം നിര്‍വഹിച്ചതും ഹാജി സാഹിബ് തന്നെയായിരുന്നു. എന്തുകൊണ്ട് എടയൂരില്‍നിന്ന്, അന്ന് തികച്ചും മറ്റൊരു രാജ്യമായിരുന്ന തിരുവിതാംകൂറിലേക്ക് ഈ പുസ്തകങ്ങള്‍ അച്ചടിക്കാന്‍ കൊണ്ടുപോയി എന്നും ചിന്തിക്കേണ്ടതാണ്. തിരുവിതാംകൂര്‍ രാജാവായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമവര്‍മയുടെ സ്മരണക്കായി 1932-ലാണ് സി. എം പ്രസ്സ് സ്ഥാപിക്കപ്പെട്ടത്. ഇടവാ മുട്ടിയാന്‍വിള വീട്ടില്‍ എം. എസ് ജമാല്‍ മുഹമ്മദ് ആന്റ് ബ്രദേഴ്‌സ് സ്ഥാപിച്ച് ദക്ഷിണേന്ത്യയിലെങ്ങും പ്രസിദ്ധമായിരുന്ന ഈ പ്രസ്സില്‍ അറബിമലയാളത്തിനു പുറമെ മലയാളം, ഇംഗ്ലീഷ്, തമിഴ്, അറബി, ഉര്‍ദു ഭാഷകളില്‍ അന്ന് മുദ്രണം നടന്നിരുന്നു. കേരളത്തിലെ ആദ്യകാല മുസ്‌ലിം മാസികയായ 'യുവകേസരി' (1940) പ്രസിദ്ധപ്പെടുത്തിയതും ഇതേ പ്രസ്സിന്റെ ഉടമസ്ഥതയിലായിരുന്നു. 'യുവകേസരി'യിലാണ് ഖുര്‍ആന്‍ വാക്യങ്ങളും നബിവചനങ്ങളും അറബിമൂലവും മലയാളപരിഭാഷയും ചേര്‍ത്ത് കേരളത്തില്‍ ആദ്യമായി അച്ചടിച്ചത്. ജമാലുദ്ദീന്‍ അഫ്ഗാനി, മൗലാനാ ആസാദ്, ഡോ. ഹമീദുല്ല, മുഹമ്മദ് അബ്ദുല്ല, റശീദ് രിദാ, ഡോ. ഫരീദ് വജ്ദി, ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ തുടങ്ങിയവരുടെ പുതു ഇസ്‌ലാമിക ചിന്തകള്‍ മലയാളീകരിച്ച് പ്രസിദ്ധീകരിച്ച ആദ്യകാല മാസികകളിലൊന്നാണ് 'യുവകേസരി' എന്നുമോര്‍ക്കണം. അബുല്‍ അഅ്‌ലാ മൗദൂദിയുടെ വിപ്ലവാത്മക ചിന്തകള്‍ ആദ്യമായി പുറത്തുവരേണ്ടതും അതേ അച്ചുകൂടത്തില്‍നിന്നാണെന്ന് ഹാജി സാഹിബിന് തോന്നാന്‍ ഇത്രയും കാരണങ്ങള്‍തന്നെ ധാരാളമായിരുന്നു. 
ആ ദശകത്തിലെ മലയാളത്തിലെ സമാന്തര പ്രസാധനലോകത്തെയും ഈ അന്വേഷണത്തോട് ചേര്‍ത്തുവെക്കാം. മലയാള ലിപിയിലുള്ള പുസ്തകപ്രസാധനത്തിന്റെ ചരിത്രം കൗമാരം പിന്നിട്ട കാലമാണ് തൊള്ളായിരത്തി നാല്‍പ്പതുകള്‍. സ്വകാര്യപ്രസാധകരുടെ ചൂഷണത്തിനെതിരെ എഴുത്തുകാരുടെ കൂട്ടായ്മ ഉണ്ടാവുകയും അത് 'സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം' എന്ന പ്രസാധകസംഘമായി മാറുകയും ചെയ്തത് 1945 മാര്‍ച്ചിലാണ്. തകഴിയും ബഷീറും ദേവും മുണ്ടശ്ശേരിയും പോളുമൊക്കെ എഴുതിത്തുളുമ്പുന്ന കാലമാണത്. മലയാള ലിപിയിലുള്ള മുസ്‌ലിം പ്രസാധനരംഗം പക്ഷേ, അറബിമലയാളത്തിന്റെ പിന്നില്‍ നടക്കുകയായിരുന്നു, അപ്പോഴും. പുസ്തകപ്രസാധനത്തിലുപരി ആനുകാലികങ്ങളിലായിരുന്നു മലയാളലിപിയിലുള്ള മുസ്‌ലിം ശ്രദ്ധ അന്ന് കേന്ദ്രീകരിച്ചിരുന്നത്. 'മുസ്‌ലിമും' 'അല്‍അമീനും' 'ചന്ദ്രിക'യുമടക്കം അമ്പതിലേറെ പ്രസിദ്ധീകരണങ്ങള്‍ ആ പതിറ്റാണ്ടിനു മുമ്പ് മലയാള ലിപിയില്‍ ആരംഭിക്കുകയും അവയില്‍ ബഹുഭൂരിപക്ഷവും അസ്തമിച്ചുപോവുകയും ചെയ്തിരുന്നു. ഇസ്‌ലാമിനെക്കുറിച്ച് സംസാരിക്കാന്‍ മലയാള ലിപിയും ഭാഷയും സ്വരൂപിക്കാനുള്ള ശ്രമങ്ങള്‍ പലനിലക്കും ആരംഭിച്ചുകഴിഞ്ഞിരുന്നു എന്നുകൂടിയാണ് അതിനര്‍ഥം. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമി മുന്നില്‍ വെക്കുന്ന ആദര്‍ശത്തിന് ഉപയുക്തമാക്കാന്‍ ആ ഭാഷയില്‍ കുറേക്കൂടി പണിത്തരങ്ങള്‍ ആവശ്യമുണ്ടായിരുന്നു എന്നുമാത്രം. 

ഇസ്‌ലാമിക മലയാളത്തിന്റെ വ്യവസ്ഥാപനം
കേരളമുസ്‌ലിംകളുടെ ഭാഷാസാഹിത്യ പാരമ്പര്യത്തെയും, ഈ ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച ആധുനികീകരണ പ്രക്രിയകളെയും ഈ ഇസ്‌ലാമിക പ്രസാധനത്തിന് ഒരേസമയം അഭിമുഖീകരിക്കേണ്ടതുണ്ടായിരുന്നു. നവോത്ഥാന ആധുനികതയുടെയും വഹാബിസത്തിന്റെയും ഘടകങ്ങളായ പാരമ്പര്യനിഷേധത്തെ എങ്ങനെ സ്വീകരിക്കണമെന്നും ഏത് തള്ളിക്കളയണമെന്നും ആദര്‍ശത്തിന്റെ അടിത്തറയില്‍നിന്ന് അവധാനതയോടെയും സംവാദാത്മകമായും ആലോചിച്ചുറപ്പിക്കേണ്ടതുണ്ടായിരുന്നു. അതിനുവേണ്ടി കേരള ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാല സാഹിത്യവ്യവഹാരങ്ങളില്‍ അനുവര്‍ത്തിച്ചിരുന്ന ഭാഷാപരമായ സൂക്ഷ്മതക്ക് മൂന്ന് ഘടകങ്ങള്‍ അനിവാര്യമായി: ഒന്ന്, നിലനില്‍ക്കുന്ന മാപ്പിളമാരുടെ തനതുഭാഷയെ 'ശുദ്ധീകരിക്കല്‍.' രണ്ട്, നിലനില്‍ക്കുന്ന പൊതുഭാഷയില്‍ മതാത്മകമായ പുതിയൊരു ഭാഷയെ ഉള്‍ച്ചേര്‍ക്കല്‍. മൂന്ന്, മലയാള സാഹിത്യത്തില്‍ ഇസ്‌ലാമികമായ വ്യവഹാരരൂപങ്ങളുമായി സര്‍ഗാത്മകമായി ഇടപെടല്‍. ഈ മൂന്നു നിര്‍ബന്ധങ്ങള്‍ കാരണം ബോധപൂര്‍വംതന്നെ  സാമുദായികമായ ഭാഷാവ്യവഹാരങ്ങളുടെ പുറത്തുകടന്ന് സമകാലികമായ മുഖ്യധാരയോട് ചേര്‍ന്നുനില്‍ക്കാനുള്ള ത്രാണി അന്നും ഇന്നും കേരള ജമാഅത്തെ ഇസ്‌ലാമിയുടെ ഭാഷാ - സാഹിത്യ സന്നാഹങ്ങള്‍ സാധ്യമാക്കിയിട്ടുണ്ട്. 
'എന്തുകൊണ്ട് ഇന്ത്യന്‍ ഭാഷയായ ഉര്‍ദുവിനെപ്പോലെ മലയാളം ഇസ്‌ലാമിന്റെ വൈജ്ഞാനികഭാഷയായി മാറിയില്ല?' എന്ന സന്ദേഹത്തിന് പലരും, അന്നത്തെ മുസ്‌ലിംകള്‍ക്ക് മലയാള ഭാഷയോടുണ്ടായിരുന്ന അകല്‍ച്ചയിലാണ് സമാധാനം കണ്ടെത്താറുള്ളത്. എന്നാല്‍, പൂര്‍ണവളര്‍ച്ചയെത്താത്ത അന്നത്തെ മലയാളം ഇസ്‌ലാമെന്നല്ല, ഒരു വൈജ്ഞാനിക ശാഖയെയും പേറാനാകുംവിധം കരുത്തുറ്റതായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ശാസ്ത്രവിഷയങ്ങളെയും വൈദേശിക ചിന്തകളെയും പൂര്‍ണമായും കൈകാര്യം ചെയ്യാനുള്ള പ്രാപ്തി ഇന്നത്തെ മലയാളം പോലും ഇപ്പോഴും നേടിയെടുത്തിട്ടില്ലല്ലോ. പതിനെട്ടാം നൂറ്റാണ്ടിലെ അതിശക്തമായ ഭാഷാധ്വാനം കൊണ്ട് ക്രിസ്തുമത ചിന്തകരാണ് ആ ഭാഷാപരിമിതിയെ വിജയകരമായി മറികടന്നത്. സംസ്‌കൃതത്തിന്റെ പിന്തുണയുള്ളതുകൊണ്ട് പതിനേഴാം നൂറ്റാണ്ടോടെ സവര്‍ണ സമുദായങ്ങളും സ്വന്തമായൊരു മലയാളം സൃഷ്ടിച്ചെടുത്തു. ആ സവര്‍ണ മലയാളം ആദ്യം കവിതയിലാണ് സാധ്യമായത്. അതു സാധ്യമാക്കിയതുകൊണ്ടാണ് എഴുത്തഛന്‍ 'ഭാഷാപിതാവാ'യത്. എന്നാല്‍, അഞ്ഞൂറു വര്‍ഷത്തെ കേരളത്തിന്റെ ഇസ്‌ലാമിക ചരിത്രം ഒട്ടനവധി പണ്ഡിതരെ സംഭാവന ചെയ്തിട്ടും മലയാളഭാഷ അവരെയോ അവര്‍ക്ക് മലയാള ഭാഷയെയോ അതിവേഗത്തില്‍ ഉള്‍ക്കൊള്ളാനാവാതെ പോയി. മഖ്ദി തങ്ങളും ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുമൊക്കെ പരിഷ്‌കരിക്കുന്നതുവരെ അറബിമലയാള ലിപിയില്‍ പോലും ചില മലയാള സ്വനിമങ്ങളെ ഫലപ്രദമായി കുറിച്ചുവെക്കാന്‍ അക്ഷരങ്ങളുണ്ടായിരുന്നില്ലെന്ന് ഉറപ്പാണല്ലോ. മാത്രമല്ല ഇസ്‌ലാമിക സാങ്കേതിക വിജ്ഞാനത്തെ ഉള്‍ക്കൊള്ളാനാകും വിധത്തിലുള്ള പദസമ്പത്തും മലയാളത്തിനില്ലായിരുന്നു.
പ്രഭാഷണങ്ങളിലും എഴുത്തിലും വക്കം മൗലവിയുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച നവ ഇസ്‌ലാമിക മലയാള മാതൃകകളെ പുനര്‍നിര്‍മിച്ചുകൊണ്ടുള്ള ഇടപെടലുകളുണ്ടായത് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രസാധനാലയങ്ങളില്‍നിന്നാണ്. വക്കം അബ്ദുല്‍ഖാദറിനെപ്പോലുള്ളവരുടെ ഭൗതികതയിലൂന്നിയ ആശയപ്രകടനങ്ങള്‍ അര നൂറ്റാണ്ടുമുമ്പേ മലയാളത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്. ആ മതഭാഷക്കു പകരം ഇസ്‌ലാമിനെ കേന്ദ്രമാക്കി എഴുതാനുള്ള ഒരു ലേഖനഭാഷ ജമാഅത്തെ ഇസ്‌ലാമിയുടെ എഴുത്തിടങ്ങള്‍ ആര്‍ജിച്ചെടുത്തു. മഖ്ദി തങ്ങള്‍ ക്രിസ്തുമതത്തെ നേരിട്ട ആശയസംവാദങ്ങളെ ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിനെതിരെയും ആധുനികതക്കെതിരെയും  തിരിച്ചുവെച്ച് പുതിയൊരു സംവാദരംഗവും അവര്‍ കെട്ടിയുയര്‍ത്തി. അബുല്‍ അഅ്‌ലാ മൗദൂദി, അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി, മസ്ഊദ് ആലം നദ്‌വി, സദ്‌റുദ്ദീന്‍ ഇസ്‌ലാഹി തുടങ്ങിയവര്‍ ആധുനിക ഉര്‍ദുഭാഷയില്‍ ഇത്തരമൊരു സവിശേഷശൈലി രചിച്ചവരാണ്.  ഹാജി സാഹിബിനെക്കൂടാതെ കെ.സി അബ്ദുല്ല മൗലവി, ടി. മുഹമ്മദ്, ടി. ഇസ്ഹാഖലി തുടങ്ങിയവരാണ് മലയാളത്തില്‍ ആ ആദര്‍ശഭാഷയെ വികസിപ്പിച്ചെടുത്തത്. ചിന്താശാലികളെയും വായനശീലമുള്ളവരെയും മാത്രം ആകര്‍ഷിക്കാന്‍ കഴിയുന്നു എന്ന ബാധ്യതയില്‍നിന്ന് ജമാഅത്തെ ഇസ്‌ലാമിക്ക് ഇപ്പോഴും ഊരിപ്പോരാനാകാത്തത്, അതിന്റെ ജനിതകമായ ഈ ഭാഷാ - സാഹിതീയ സവിശേഷത കൊണ്ടാണ്.

വിവര്‍ത്തനങ്ങളുടെ ഭാഷാഭൂമിക
ഉര്‍ദുവില്‍നിന്ന് മലയാളത്തിലേക്ക് സ്വതന്ത്രവിവര്‍ത്തനം ചെയ്യപ്പെട്ട ഒരു സുന്ദര രചനയാണ് 'ജമാഅത്തെ ഇസ്‌ലാമി കേരള.' അതുകൊണ്ടുതന്നെ ഐ.പി.എച്ച് പ്രസിദ്ധീകരിച്ച ആദ്യ പുസ്തകങ്ങളൊക്കെയും വിവര്‍ത്തനങ്ങളായിരുന്നു. ഉര്‍ദു, അറബി, ഇംഗ്ലീഷ് ഭാഷകളില്‍നിന്നുള്ള ധാരാളം രചനകള്‍ മലയാളത്തിലേക്ക് ഈ പ്രസാധനാലയത്തിലൂടെ മൊഴിമാറ്റപ്പെട്ടു. മലയാളത്തിലെ വിവര്‍ത്തന സാഹിത്യചരിത്രത്തില്‍ ഇപ്പോഴും രേഖപ്പെടുത്താതെയും പഠിക്കപ്പെടാതെയും പോയ വിപുലമായ ഒരു സഞ്ചയമാണിത്. ഐ.പി.എച്ച് പുറത്തിറക്കിയ, ജമാഅത്തെ ഇസ്‌ലാമിയുടെ 'അടിസ്ഥാന സാഹിത്യം' എന്നറിയപ്പെടുന്ന ആദര്‍ശഗ്രന്ഥങ്ങളില്‍ ഒട്ടുമുക്കാലും ഇപ്പോഴും വിവര്‍ത്തനങ്ങളാണ്. മലയാളത്തില്‍ ലക്ഷണമൊത്തതെന്ന് പലരും വിശേഷിപ്പിച്ച ഖുര്‍ആന്‍ പരിഭാഷയായ 'ഖുര്‍ആന്‍ ഭാഷ്യം' ഐ.പി.എച്ചിലൂടെ പുറത്തുവന്നത് വിവര്‍ത്തനവിവര്‍ത്തനമായിട്ടാണ് എന്നത് കൗതുകകരമാണ്. ഉര്‍ദു എന്ന ഇടനില ഭാഷയിലൂടെയാണ് അത് മലയാളത്തിലെത്തിയത്. ഇസ്‌ലാമിലെ പുതിയൊരു ചിന്താധാരയെ, ഇസ്‌ലാമിക പാരമ്പര്യത്തില്‍ പൊതുവെ അന്യമായ ഉര്‍ദുഭാഷയില്‍നിന്ന്, മലയാളം എന്ന പ്രാദേശികഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന സാംസ്‌കാരിക നിര്‍മിതികള്‍ അങ്ങനെ മലയാളമൊഴിയിലും ഉണ്ടായി. സമഗ്രത, വ്യവസ്ഥ, പ്രത്യയശാസ്ത്രം, പ്രസ്ഥാനം, സംഘടിത ജീവിതം, അനുസരണം, ആരാധന, ദൈവികനിയമങ്ങള്‍, കര്‍മശാസ്ത്രം, ആദര്‍ശം, പ്രബോധനം തുടങ്ങിയ ഒട്ടേറെ പദങ്ങള്‍ക്ക് അന്നുവരെയില്ലാത്ത 'ഇസ്‌ലാമികാര്‍ഥങ്ങള്‍' ഇക്കാലത്ത് കൈവന്നു. കേരളത്തിലെ ഇതര മുസ്‌ലിം സംഘടനകള്‍ക്ക് ജമാഅത്തെ ഇസ്‌ലാമിയോടുള്ള പ്രധാന സംവാദങ്ങള്‍ പോലും ഈ തര്‍ജമകളിലൂന്നിയാണ് എന്നത് രസകരമായ വസ്തുതയാണ്. അത്തരം ആശയപരമായ സംവാദങ്ങള്‍ കൂടുതലും കേരളത്തിലാണ് ഉണ്ടായത് എന്നതിലും ഈ പരിഭാഷകളുടെ സ്വാധീനമുണ്ടെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസ്സിലാക്കാം. 
ഈ ഭാഷാചികിത്സക്ക് സ്വാഭാവികമായും ചില പാര്‍ശ്വഫലങ്ങളുമുണ്ടായി. സ്വസമുദായത്തിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഭാഷയെയും ആവിഷ്‌കാരങ്ങളെയും തിരസ്‌കരിച്ചുകൊണ്ടുള്ള ഈ മുന്നേറ്റം സാധാരണ മുസ്‌ലിംകളില്‍നിന്ന് ജമാഅത്തെ ഇസ്‌ലാമിയെ ആശയപരമായും പ്രായോഗികമായും അല്‍പം ദൂരെ നിര്‍ത്തി. തങ്ങള്‍ക്കു 'തിരിയാത്ത' ഭാഷയില്‍ വ്യവഹരിക്കപ്പെട്ട ഒരാശയത്തെയും ഭാഷയെയും പലപ്പോഴും അപരമായാണ് മാപ്പിള സമുദായം കണ്ടത്. തുടക്കംതൊട്ടേ കേരള ജമാഅത്തെ ഇസ്‌ലാമിയുടെ ആശയങ്ങളില്‍ കലര്‍ന്ന വഹാബിസത്തിന്റെയും സലഫിസത്തിന്റെയും പൊടിപ്പുകള്‍കൂടി ചേര്‍ത്തുവെച്ച് ആ ആശങ്കയെ കൂടുതല്‍ കടുത്ത ചായംനല്‍കി എതിരാളികള്‍ പൊലിപ്പിച്ചെടുത്തു. മുജാഹിദ് വിഭാഗങ്ങളും സുന്നി വിഭാഗങ്ങളും ഒരുപോലെ ഇന്നും ജമാഅത്തിനെതിരെ ഉന്നയിക്കുന്ന വിമര്‍ശനങ്ങളില്‍ ഒന്ന് ഈ 'സംസ്‌കൃത മലയാള'മാണ്. അതോടൊപ്പം, ജമാഅത്തെ ഇസ്‌ലാമി സ്വരൂപിച്ചെടുത്ത പുതിയ ആദര്‍ശഭാഷ മതേതര സവര്‍ണ വിമര്‍ശകരെയും ചൊടിപ്പിച്ചു. മാപ്പിളമലയാളം, അറബിമലയാളം തുടങ്ങിയ പേരുകളില്‍ പരിഗണിക്കാതെ മാറ്റിനിര്‍ത്തിയ ഒരു വിഭാഗം, തങ്ങള്‍ക്കവകാശപ്പെട്ടതെന്ന് സ്വയം ധരിച്ച 'സംസ്‌കൃതമലയാള'ത്തില്‍ കയറിവന്ന് ആദര്‍ശം പറയുന്നത് തെല്ല് നടുക്കത്തോടെയാണ് അവര്‍ നേരിട്ടത്.  അവര്‍ക്ക് തള്ളിക്കളയാന്‍ സാധ്യമല്ലാത്ത ഭാഷയിലുള്ള ആ സംവാദങ്ങളെ നേരിടാന്‍ വലിയ വലിയ കരുക്കള്‍തന്നെ കളത്തിലിറങ്ങി. ശൈശവദശയില്‍ പോലും ജമാഅത്തിന്റെ സാഹിത്യങ്ങളോട് മല്ലിടാനെത്തിയത് ഇടമറുക്, ഇ.എം.എസ് മുതല്‍പേരായിരുന്നു എന്നോര്‍ക്കണം. ഇന്നും ജമാഅത്തെ ഇസ്‌ലാമിക്കെതിരെ കേരളത്തിലെ ഇടത്-വലത് വിമര്‍ശകര്‍ ഇത്രയും സന്നാഹങ്ങളോടെ രംഗത്തിറങ്ങുന്നതിനു കാരണം, ഭാഷാപരവും സാംസ്‌കാരികവുമായ സവര്‍ണ മൂലധനങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമി നേടുന്ന മേല്‍ക്കൈ കണ്ടുള്ള ഭയം മാത്രമാണ്.

ഇസ്‌ലാമിക വായനയുടെ രാഷ്ട്രീയ ഭൂമിക
ഐ.പി.എച്ച് മലയാളത്തിന് ചെയ്ത സാംസ്‌കാരിക സംഭാവനകളെ നാലു ഘട്ടങ്ങളായി തിരിക്കാം. ആരംഭം മുതല്‍ അടിയന്തരാവസ്ഥ വരെയുള്ള കാലമാണ് ഒന്നാമത്തെ ഘട്ടം. അടിയന്തരാവസ്ഥ മുതല്‍ ബാബരി മസ്ജിദിന്റെ തകര്‍ച്ച വരെ രണ്ടാം ഘട്ടമാണ്. ബാബരിയാനന്തര കേരളം മുതല്‍ ഒന്നാം മോദിക്കാലം വരെ മൂന്നാം ഘട്ടമായി തിരിക്കാം. 2014 മുതലിങ്ങോട്ട് അതിന്റെ ഏറ്റവും സമകാലികവും വ്യത്യസ്തവുമായ നാലാം ഘട്ടം ആരംഭിക്കുന്നു. ഇതില്‍ ഒന്നാം ഘട്ടത്തെക്കുറിച്ചാണ് ഈ ലേഖനത്തിന്റെ തുടക്കംമുതലേ പറഞ്ഞുകൊണ്ടിരുന്നത് എന്നതിനാല്‍ ആവര്‍ത്തിക്കുന്നില്ല.
അടിയന്തരാവസ്ഥക്കാലത്ത് ഇടതു-വലതു സാംസ്‌കാരിക മേഖലകളുമായുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ സഹജീവിതം പുതിയ ചില തുറസ്സുകള്‍ ജമാഅത്തിനു നല്‍കിയിട്ടുണ്ട്. വളരെ സ്വതന്ത്രവും മുസ്‌ലിംസമുദായത്തിന്റെ പൊതുസ്വരത്തില്‍നിന്ന് വേറിട്ടതുമായ ചില രീതികള്‍ ആശയപ്രകാശനങ്ങളില്‍ പരീക്ഷിക്കാന്‍ തടവറക്കും പുറത്തുമുള്ള ഈ സഹവര്‍ത്തിത്വം അവസരം നല്‍കി. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പൊതുസ്വഭാവത്തില്‍നിന്ന് കേരള ജമാഅത്തിന്റെ സാംസ്‌കാരിക വ്യവഹാരങ്ങള്‍ വ്യതിരിക്തമാകുന്നതിന് ഈ സാംസ്‌കാരിക ഭൂമികയുടെ അനുകൂലാവസ്ഥക്കുകൂടി നന്ദിപറയേണ്ടതുണ്ട്.  1975-നു ശേഷം ഐ.പി.എച്ച് പ്രസിദ്ധീകരിച്ച രചനകളില്‍ അത്തരമൊരു മാറ്റം വ്യക്തമായി കാണാം. ഐ.പി.എച്ച് കൃതികള്‍ ഇസ്‌ലാമിന്റെ വിമോചന പ്രത്യയശാസ്ത്രത്തെയും സാമൂഹികതയെയും അന്വേഷിക്കുന്ന മൗലിക, വിവര്‍ത്തന കൃതികളിലേക്ക് തിരിയുന്നത് അതിനുശേഷമാണ്. പ്രായോഗിക രാഷ്ട്രീയത്തെ അടുത്തറിഞ്ഞതു കാരണം ഇസ്‌ലാമിക രാഷ്ട്രസിദ്ധാന്തത്തിന്റെ പ്രായോഗിക മാതൃകകളെ അന്വേഷിക്കുന്ന ഗവേഷണാത്മക രചനകള്‍ ഒട്ടനവധി ഈ ഘട്ടത്തില്‍ പുറത്തുവന്നു. ഇസ്‌ലാമിലെ സാമൂഹ്യനീതി, ഇസ്‌ലാമും സംഘടിത ജീവിതവും, ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വിജയനിദാനങ്ങള്‍, ഇസ്‌ലാമിക സേവനം, രാഷ്ട്രീയവ്യവസ്ഥ ഇസ്‌ലാമില്‍ തുടങ്ങിയ ഒട്ടേറെ രചനകള്‍ ഈ ഘട്ടത്തിലാണ് പുറത്തുവന്നത്.
സ്വതന്ത്രമായ ആശയപ്രകാശനങ്ങളുടെ തിരമാലകളാണ് അടിയന്തരാവസ്ഥക്കു ശേഷം, അല്‍പം കൃത്യമായി പറഞ്ഞാല്‍ എണ്‍പതുകളില്‍ മലയാളസാഹിത്യത്തില്‍തന്നെ ഉണ്ടായത്. ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് ധാരാളം യുവാക്കള്‍ ആകൃഷ്ടരായ അക്കാലത്ത് ആഗോളതലത്തില്‍ തന്നെ ഉയര്‍ന്നുവന്ന 'വിജ്ഞാനത്തിന്റെ ഇസ്‌ലാമീകരണം' എന്ന ആശയത്തിന്റെ പ്രയോക്താക്കളായി കേരള മുസ്‌ലിം ധൈഷണികവിഭാഗം മാറി. അടിയന്തരാവസ്ഥക്കുശേഷം മലയാളസാഹിത്യം നേരിട്ട പുതിയ ഭാഷാ-സാഹിത്യ വിനിമയങ്ങളെയും ഐ.പി.എച്ച് ഏറ്റെടുത്തു. മലയാളത്തിലെ ഇസ്‌ലാമിക ചിന്തകള്‍ക്ക് പ്രത്യുല്‍പാദനശേഷി നല്‍കിയ ഒട്ടേറെ പുസ്തകങ്ങള്‍ ഈ കാലയളവില്‍ ഐ.പി.എച്ച് പുറത്തിറക്കി. കൂടുതലും വിവര്‍ത്തനങ്ങള്‍ തന്നെ. മുഹമ്മദ് അസദ്, ഇസ്സത്ത് ബെഗോവിച്ച്, സര്‍വത്ത് സൗലത് തുടങ്ങിയവരുടെ രചനകളുടെ മൊഴിമാറ്റം അന്ന് ആധുനികത സൃഷ്ടിച്ച ഇസ്‌ലാമോഫോബിയക്കെതിരെ മലയാളത്തിലെ യുവ വായനക്കാര്‍ക്കുള്ളില്‍ പ്രതിരോധങ്ങള്‍ തീര്‍ത്തു. അതോടൊപ്പം ശാസ്ത്രത്തെയും തത്ത്വശാസ്ത്രത്തെയും ഇസ്‌ലാമികമായി വായിക്കാനുള്ള ശ്രമങ്ങളുമുണ്ടായി. ഐ.പി.എച്ചിന്റെ കാറ്റലോഗില്‍ 'ശാസ്ത്രം' എന്ന തലക്കെട്ടിനു താഴെയുള്ള പുസ്തകങ്ങളില്‍ പലതും ഈ ഘട്ടത്തിന്റെ ഉല്‍പ്പന്നങ്ങളാണ്.
മലയാളത്തില്‍ രചിക്കപ്പെട്ട മൂലകൃതികളുടെ പ്രസാധനത്തിന് ഐ.പി.എച്ച് പ്രാധാന്യം നല്‍കുന്നതും ഈ രണ്ടാം ഘട്ടത്തിലാണ്. കെ.സി അബ്ദുല്ല മൗലവിയുടെ ഖുര്‍ആന്‍ ആസ്പദിച്ചുള്ള ഗവേഷണ പഠനങ്ങള്‍, ശൈഖ് മുഹമ്മദ് കാരകുന്നിന്റെ ചരിത്രരചനകള്‍, ടി. മുഹമ്മദിന്റെ ഭാരതസംസ്‌കാരത്തെയും കേരളസംസ്‌കൃതിയെയും വിശകലനം ചെയ്യുന്ന ഗവേഷണങ്ങള്‍, എന്‍.എം ഹുസൈന്റെ ഗവേഷണസ്വഭാവത്തിലുള്ള രചനകള്‍ തുടങ്ങി മലയാളഭാഷയില്‍ മികച്ച ഇസ്‌ലാമിക മൗലിക കൃതികള്‍ അക്കാലത്ത് ഐ.പി.എച്ചിലൂടെ പുറത്തെത്തി. കേരളത്തിലെ വിവിധ ഇസ്‌ലാമിയാ കോളേജുകളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ പ്രതിഭകള്‍ ഇത്തരം സാഹിത്യവ്യവഹാരങ്ങള്‍ക്കു നല്‍കിയ പിന്തുണ ചെറുതല്ല. മുസ്‌ലിം വിദ്യാര്‍ഥി-യുവജനങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമി ചെലുത്തിയ ആശയപരമായ സ്വാധീനത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു ഈ വായനാവിപ്ലവം.
കേരളത്തില്‍ വായന എന്നത് ഒരു രാഷ്ട്രീയപ്രവര്‍ത്തനമാകുന്നത് അടിയന്തരാവസ്ഥക്കു ശേഷമാണ്. ഗ്രന്ഥശാലാ സംഘം, സാക്ഷരത പ്രസ്ഥാനം, ലൈബ്രറി കൗണ്‍സില്‍ എന്നിവ യുവാക്കളെ മുഴുവന്‍ പുസ്തകങ്ങളിലേക്ക് വലിച്ചുകൊണ്ടുപോയി. കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് സ്വാധീനമുള്ളിടത്തും അവര്‍ സ്വാധീനമുറപ്പിക്കാന്‍ ആഗ്രഹിക്കുന്നിടത്തുമൊക്കെ ഇസ്‌ലാമിക് റീഡിംഗ് റും, ഇസ്‌ലാമിക് ലൈബ്രറി എന്നിവ സ്ഥാപിക്കപ്പെട്ടു. ഐ.പി.എച്ച് സാഹിത്യത്തെ സവിശേഷമായും ജമാഅത്തെ ഇസ്‌ലാമിയെ പൊതുവായും ഇത് പൊതുവായനക്കാരിലെത്തിച്ചു. പുസ്തക സ്‌ക്വാഡുകള്‍, പുസ്തകക്കുറികള്‍, സൗജന്യ പുസ്തകവിതരണം എന്നിവ തങ്ങളുടെ പ്രധാന പ്രവര്‍ത്തനമേഖലയായി ജമാഅത്ത് ഏറ്റെടുത്തത് ഐ.പി.എച്ച് കൃതികളുടെ പ്രചാരണത്തെ തെല്ലൊന്നുമല്ല സഹായിച്ചിട്ടുള്ളത്.
 ബാബരി മസ്ജിദിന്റെ തകര്‍ച്ചയോടെ ഇന്ത്യന്‍ മുസ്‌ലിംകള്‍ നേരിട്ട ആകുലതകളെയും അവരുടെ രാഷ്ട്രീയ ഉറപ്പിനെയും കൂടുതല്‍ ആത്മവിശ്വാസത്തോടെ ആവിഷ്‌കരിക്കാനുള്ള ബലം ഇസ്‌ലാമെഴുത്തിന് നല്‍കി എന്നതാണ് രണ്ടാമത്തെ ഘട്ടത്തിന്റെ സവിശേഷത. 'ബാബരി മസ്ജിദ്' എന്ന പേരില്‍ ഐ.പി.എച്ച് ഇറക്കിയ ഓര്‍മപ്പുസ്തകംതന്നെ ഇതിന് തെളിവാണ്. അതോടൊപ്പം ഇന്ത്യന്‍ സവര്‍ണ വംശീയ രാഷ്ട്രീയത്തെ ആശയപരമായി നേരിടാനുള്ള ഒരുക്കങ്ങളും ഐ.പി.എച്ച് ആരംഭിച്ചു. ഹിന്ദു-മുസ്‌ലിം സ്‌നേഹസംവാദങ്ങളുടെ പരിപാടികളുമായി മാതൃപ്രസ്ഥാനം മുന്നോട്ടുപോകുന്നതിന്റെ അകമ്പടിയായാണ് ഇത്തരം വിചാരമാതൃകകള്‍ ഐ.പി.എച്ച് മുന്നോട്ടുവെച്ചത്.  'താരതമ്യപഠനം' എന്ന പുതിയൊരു തലക്കെട്ട് ഐ.പി.എച്ച് കാറ്റലോഗില്‍ അങ്ങനെ ഉണ്ടായതാകാം.
ഈ മൂന്നാം ഘട്ടത്തിലാണ് പ്രസ്ഥാനസാഹിത്യത്തിനു പുറത്തുള്ള വിവര്‍ത്തന രചനകളുടെ വമ്പിച്ചൊരു ശേഖരം ഐ.പി.എച്ചിലൂടെ മലയാളത്തിലെത്തുന്നത്. മക്കയിലേക്കുള്ള പാത, ഇസ്‌ലാം രാജമാര്‍ഗം, ഇസ്‌ലാമിക സമൂഹം സംക്ഷിപ്ത ചരിത്രം, ഖിലാഫത്തും രാജവാഴ്ചയും തുടങ്ങിയ രചനകള്‍ ഇന്നും മലയാളത്തിലെ തര്‍ജുമരംഗത്തെ എണ്ണംപറഞ്ഞ പുസ്തകങ്ങളാണ്. ഐ.പി.എച്ച് ഇസ്‌ലാമിക വിജ്ഞാനകോശം എന്ന ബൃഹദ്പദ്ധതിയിലേക്ക് കാല്‍വെക്കുന്നതും ഈ ഘട്ടത്തിലാണെന്നത് പ്രസ്താവ്യമാണ്. തൊണ്ണൂറുകളുടെ ആദ്യത്തിലാണ് 'ഇസ്‌ലാമിക പുസ്തക മേളകള്‍' എന്ന ആശയത്തിലേക്ക് ഐ.പി.എച്ച് പ്രവേശിക്കുന്നത്. പലപ്പോഴും ഈ മേളകള്‍ പുസ്തകവില്‍പന മാത്രമല്ല സാധ്യമാക്കിയത്, ഐ.പി.എച്ച് മുന്നോട്ടുവെക്കുന്ന ആശയധാരയുടെ നേരിട്ടുള്ള സംവാദവും ചര്‍ച്ചയും കൂടിയാണ്. ഈ പുസ്തക മേളകളും അനുബന്ധ പരിപാടികളും ഒട്ടേറെ പുതിയ എഴുത്തുകാരെയും വായനക്കാരെയും ഐ.പി.എച്ചിലേക്ക് എത്തിച്ചു.

ചിന്തയുടെ പുതുവിഹായസ്സുകള്‍
മാപ്പിള/മുസ്‌ലിം സ്വത്വബോധത്തിന്റെ പിന്തുണയോടെ സ്വന്തം ആശയാടിത്തറകള്‍ തുറന്നുപറയാനാകുന്ന ബദല്‍ശബ്ദങ്ങളുടെ കാലമാണ് പുതുനൂറ്റാണ്ടിന്റെ ആദ്യ ദശകം പിന്നിട്ടപ്പോള്‍ മലയാളത്തില്‍ രൂപപ്പെട്ടത്. 'മുഖ്യധാര'യെ തിരുത്താന്‍ മാത്രമല്ല മുഖ്യധാര എന്ന 'പൊതു'സങ്കല്‍പം പോലും മുഖ്യമല്ല എന്ന പുതുബോധം ശക്തമായി. അതുകൊണ്ടുതന്നെ സാഹിത്യത്തിലും കലയിലും ക്ഷമാപണസ്വരത്തോടെ അല്ലാതെ ഇടപെടാനുള്ള പ്രവണത ജമാഅത്തെ ഇസ്‌ലാമിക്കു മാത്രമല്ല പൊതുവെ എല്ലാ മുസ്‌ലിം സംഘടനകള്‍ക്കും ഉണ്ടായി. എന്താണ് സാഹിത്യം? എന്താണ് സൗന്ദര്യം? തുടങ്ങിയ ചോദ്യങ്ങള്‍ക്ക്  ആധുനികത ഒപ്പിച്ചെടുത്ത അച്ചുകളില്‍ വാര്‍ത്തെടുത്ത ഉത്തരങ്ങളെ തകര്‍ത്ത് പുതിയ സങ്കല്‍പ്പനങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.  അതോടെ 'വിജ്ഞാനത്തിന്റെ ഇസ്‌ലാമീകരണം' അല്ല, ഇസ്‌ലാംതന്നെ സ്വയമേവ ഒരു വിജ്ഞാനപദ്ധതിയാണെന്ന് അംഗീകരിക്കേണ്ടിവന്നു. സര്‍ഗാത്മകത എന്നത് കലയിലും സാഹിത്യത്തിലും മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല എന്നും അത് ജീവിതത്തെ ആകെക്കൂടി പൊതിഞ്ഞുനില്‍ക്കുന്ന സൗന്ദര്യത്തിന്റെ സത്തയാണെന്നും ഉറക്കെ പറയാന്‍ കേരളത്തിലെ ഇസ്‌ലാമിക ബുദ്ധിജീവികള്‍ക്ക് കഴിഞ്ഞു. അങ്ങനെ പ്രസ്ഥാനത്തിന്റെ എല്ലാ അനുബന്ധ സംവിധാനങ്ങളും എഴുത്തിന്റെയും ആവിഷ്‌കാരത്തിന്റെയും സാംസ്‌കാരിക മുന്നേറ്റത്തില്‍ പങ്കാളിയായി. 
ഒപ്പംതന്നെ 'പൊതു'വിനെ നിരന്തരം ചോദ്യംചെയ്യുന്ന വൈജ്ഞാനിക രചനകള്‍ മൗലികമായിത്തന്നെ ഐ.പി.എച്ച് തയാറാക്കി. 2010-നു ശേഷം ഐ.പി.എച്ചില്‍നിന്ന് പുറത്തിറങ്ങിയ പുസ്തകങ്ങളില്‍ പലതും അതിന് ഉദാഹരണമാണ്. ഇസ്‌ലാമോഫോബിയ, ഭീകരാക്രമണം, സംവരണം, ജാതി, ഭരണകൂട ഹിംസ, അരികുവല്‍ക്കരണം തുടങ്ങിയവയെയൊക്കെ വിചാരണചെയ്യുന്ന പുസ്തകങ്ങളും വിവര്‍ത്തനങ്ങളുമായിരുന്നു അവ. എഴുത്തിലെ പുതിയൊരു തലമുറയെയും അതോടൊപ്പംതന്നെ രൂപപ്പെട്ട നവഭാഷയെയും ഐ.പി.എച്ച് തുറന്ന് സ്വീകരിച്ചു. സാമുദായികമായ സന്ദിഗ്ധതകൊണ്ടുമാത്രം അലമാരയിലിരിക്കേണ്ടിവന്ന, ടി. മുഹമ്മദിന്റെ 'മാപ്പിളസംസ്‌കാരം', കെ.കെ മുഹമ്മദ് അബ്ദുല്‍ കരീമിന്റെ 'വാരിയന്‍കുന്നത്ത്' തുടങ്ങിയ പുസ്തകങ്ങളുടെ പുനഃപ്രസാധനംപോലും ചരിത്രപരവും വിപ്ലവാത്മകവുമായ കുതിച്ചുചാട്ടമായിരുന്നു. ആഗോള ഇസ്‌ലാമിക ചിന്തയിലെ പുതുചിന്തകരെക്കൂടി അവതരിപ്പിക്കാനുള്ള ശ്രമമാണ് വിവര്‍ത്തനരംഗത്തുണ്ടായത്. പോസ്റ്റ് കൊളോണിയല്‍ പഠനങ്ങള്‍, തസ്വവ്വുഫ് തുടങ്ങിയ വിജ്ഞാനമേഖലകളെക്കൂടി ഐ.പി.എച്ച് ഇക്കാലത്ത് അഭിമുഖീകരിച്ചുവെന്നതും എടുത്തുപറയേണ്ടതുതന്നെ. 'പ്രതീക്ഷ'യെപ്പോലുള്ള സമാന്തര ചിറകുകളെ ഐ.പി.എച്ച് പരീക്ഷിക്കുന്നതും ഈ ഘട്ടത്തിലാണ്. 
വിസ്താരഭയം കൊണ്ട് ഇവിടെ ധിറുതിപിടിച്ച് അവസാനിപ്പിക്കുന്ന ഈ ലേഖനം, മണ്ഡനം മാത്രമാണെന്ന് വിമര്‍ശിക്കപ്പെട്ടേക്കാം. ഒരു പഠനത്തില്‍ അതുമാത്രമല്ലല്ലോ വേണ്ടത് എന്ന് ചോദിക്കപ്പെട്ടേക്കാം. ഖണ്ഡനത്തിനുള്ള സാധ്യതകളോ വസ്തുതകളോ ഐ.പി.എച്ചിന്റെ ചരിത്രപാതകളില്‍ ഇല്ല എന്നോ അവ പറയരുത് എന്നോ അല്ല അതിനര്‍ഥം. ഇസ്‌ലാമികമായ പുതുമലയാളത്തെ കണ്ടെത്താനുള്ള ഒരു പ്രസാധനാലയത്തിന്റെ മുക്കാല്‍ നൂറ്റാണ്ടിന്റെ ശ്രമങ്ങളെ വിശകലനം ചെയ്യുന്ന ഈ സന്ദര്‍ഭത്തില്‍ ഗുണാത്മക വശങ്ങളെ മാത്രം കാണുന്നതാണ് പ്രസംഗഭംഗി. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെ ജനകീയതക്കിടയില്‍ മാറിമറിയുന്ന വായനയുടെ രൂപവും ഭാവവും പ്രസാധനത്തിന്റെയും വില്‍പനയുടെയും രൂപഭാവങ്ങളെ മുഴുവനായും മാറ്റിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത്, കുറച്ചുകൂടി ഊക്കില്‍ ചിറകടിക്കേണ്ടിവരും; കുറച്ചുകൂടി വിശാലമായ ഭാവിയുടെ അക്ഷരാകാശങ്ങള്‍ കീഴടക്കാന്‍, എന്നുമാത്രം അവസാനമായി പറയാം. 

ഉദ്ധരണികള്‍ക്കും വിവരങ്ങള്‍ക്കും അവലംബം:
- പ്രബോധനം ജമാഅത്തെ ഇസ്‌ലാമി അമ്പതാം വാര്‍ഷികപ്പതിപ്പ് (1992)
- പ്രബോധനം കേരള മുസ്‌ലിം നവോത്ഥാന ചരിത്രം. സ്‌പെഷ്യല്‍ പതിപ്പ് (1998)
- അടയാളം. ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനം. പിന്നിട്ട വഴികള്‍ (2004)
- പ്രബോധനം അറുപതാം വാര്‍ഷികപ്പതിപ്പ് (2009)
- കര്‍മകാലം. പ്രബോധനം ജമാഅത്തെ ഇസ്‌ലാമി എഴുപതാം വാര്‍ഷികപ്പതിപ്പ് (2018)
- വി.കെ അലി. 'ഹാജി വി.പി മുഹമ്മദലി. എല്ലാം തികഞ്ഞ വ്യക്തിത്വം.' കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സ് പ്രബന്ധ സമാഹാരം (2017)
- ഐ.പി.എച്ച് കാറ്റലോഗ് (2017)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (71-76)
ടി.കെ ഉബൈദ്‌