Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 25

3182

1442 ജമാദുല്‍ അവ്വല്‍ 10

തദ്ദേശ തെരഞ്ഞെടുപ്പ് നല്‍കുന്ന സന്ദേശം

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കാണ് വ്യക്തമായും മേല്‍ക്കൈ ലഭിച്ചിരിക്കുന്നത്. ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും കോര്‍പറേഷനുകളിലും എല്‍.ഡി.എഫ് നല്ല പ്രകടനം കാഴ്ചവെച്ചപ്പോള്‍ മുനിസിപ്പാലിറ്റികളില്‍ മാത്രമാണ് ഐക്യ ജനാധിപത്യ മുന്നണിക്ക് എതിരാളികളെ അല്‍പമെങ്കിലും പിന്നിലാക്കാനായത്. എല്‍.ഡി.എഫിന്റെ മേല്‍ക്കൈ അപ്രതീക്ഷിതമായിരുന്നില്ല. അതേസമയം, ഇതിനേക്കാള്‍ നല്ല പ്രകടനം യു.ഡി.എഫില്‍നിന്ന്, പ്രത്യേകിച്ച് അതിലെ മുഖ്യ കക്ഷിയായ കോണ്‍ഗ്രസില്‍നിന്ന് ജനം പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നു. എല്‍.ഡി.എഫിന് ലഭിച്ച മേല്‍ക്കൈ അപ്രതീക്ഷിതമായിരുന്നില്ല എന്നു പറയാന്‍ കാരണം, ലോക്‌സഭാ - നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിടുമ്പോഴും തദ്ദേശ തെരഞ്ഞെടുപ്പുകളിലെ മേധാവിത്തം എല്‍.ഡി.എഫ് നിലനിര്‍ത്തിപ്പോന്നിരുന്നു എന്നതാണ്. സി.പി.എമ്മിന്റേത് ഏറക്കുറെ ഭദ്രമായ സംഘടനാ സംവിധാനമാണ്. അത് താഴെ തട്ടില്‍ വരെ നിരന്തരം ചലിച്ചുകൊണ്ടിരിക്കും. തൃണമൂല തലത്തിലെ സംഘടനാ സംവിധാനം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ വളരെ പ്രധാനമാണ്. ഓരോ വോട്ടറെയും നേരില്‍ ചെന്നുകണ്ട് സംസാരിക്കേണ്ടിവരും. പ്രശ്‌നങ്ങള്‍ കണ്ടെത്തി അപ്പപ്പോള്‍ താല്‍ക്കാലിക പരിഹാരമെങ്കിലും കാണാന്‍ സ്ഥാനാര്‍ഥിയുടെ കൂടെ ഒരുപറ്റം പ്രവര്‍ത്തകര്‍ എപ്പോഴുമുണ്ടാവണം. ഇത്തരമൊരു സംഘടനാ സംവിധാനത്തിന്റെ കാര്യത്തില്‍ യു.ഡി.എഫ്, പ്രത്യേകിച്ച് അതിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസ് വളരെ പിറകിലാണ് എന്നതാണ് വാസ്തവം. കോണ്‍ഗ്രസിന് നേരത്തേയുണ്ടായിരുന്ന സംഘടനാ സംവിധാനം പോലും ദുര്‍ബലമായി വരികയാണെന്നും അതാണ് തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ പ്രതിഫലിക്കുന്നതെന്നും അതിന്റെ മുതിര്‍ന്ന നേതാക്കള്‍ തന്നെ തുറന്നു സമ്മതിച്ചു കഴിഞ്ഞു.
സ്വര്‍ണക്കടത്ത്, മയക്കുമരുന്നു കടത്ത് പോലുള്ള ഇടതുപക്ഷ സര്‍ക്കാറിനെ തീര്‍ത്തും പ്രതിരോധത്തിലാക്കിയ വിഷയങ്ങള്‍ ചര്‍ച്ചയാക്കുന്നതില്‍ യു.ഡി.എഫ് വിജയിച്ചുവെങ്കിലും താഴെ തട്ടില്‍ വോട്ടര്‍മാര്‍ക്കിടയില്‍ അത് കാര്യമായ പ്രതിഫലനം ഉണ്ടാക്കിയതായി കാണുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ അത്തരം വിഷയങ്ങളല്ല വോട്ടിംഗിനെ കാര്യമായി സ്വാധീനിക്കുക എന്നത് ശരിയാണെങ്കിലും, യു.ഡി.എഫ് ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച വാര്‍ഡുകളില്‍ കാര്യങ്ങള്‍ കുറേയൊക്കെ തങ്ങള്‍ക്കനുകൂലമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കേണ്ട മറ്റൊരു വിഷയമായിരുന്നു ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരുന്ന സംവരണ അട്ടിമറി. മുന്നാക്ക വിഭാഗങ്ങളെ തൃപ്തിപ്പെടുത്താന്‍, ഭരണഘടന മുന്നോട്ടു വെക്കുന്ന സംവരണ തത്ത്വത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചുകൊണ്ടുള്ള ഈ കുത്സിത നീക്കം കുറച്ച് മുന്നാക്ക വോട്ടുകള്‍ അവര്‍ക്ക് നേടിക്കൊടുത്തിട്ടുണ്ടാവും. പക്ഷേ ആ നീക്കം ഏറ്റവും പ്രതികൂലമായി ബാധിക്കുക സി.പി.എമ്മിന്റെ ഏറ്റവും വലിയ വോട്ട് ബാങ്കായ ഈഴവ സമുദായത്തെയാണ്. അതൊരു വിഷയമാക്കി ഉയര്‍ത്തിക്കൊണ്ടു വരാന്‍ യു.ഡി.എഫിന് സാധിക്കാതിരുന്നത് കോണ്‍ഗ്രസ് മുന്നാക്ക സംവരണത്തിന് അനുകൂലമായിരുന്നതുകൊണ്ടാണ്. നിലവിലെ എല്ലാ സംവരണ തത്ത്വങ്ങളും കാറ്റില്‍ പറത്തിയുള്ള നിയമനങ്ങളെയും സ്ഥാപനങ്ങളിലെ അഡ്മിഷനുകളെയും കോണ്‍ഗ്രസ് നേതൃത്വം സ്പര്‍ശിച്ചതേയില്ല. മുസ്‌ലിം ലീഗിന് തീര്‍ച്ചയായും വ്യത്യസ്ത നിലപാടുണ്ടെങ്കിലും മുന്നണി സംവിധാനത്തില്‍ അവര്‍ നിസ്സഹായരായിരുന്നു.
ഒരുപക്ഷേ തദ്ദേശ തെരഞ്ഞെടുപ്പിലെ ഈ തിരിച്ചടി വീഴ്ചകളും തകരാറുകളും കണ്ടെത്താനും അവ തിരുത്താനുമുള്ള അവസരമായി യു.ഡി.എഫ് നേതൃത്വം കാണുകയാണെങ്കില്‍ ആറ് മാസം കഴിഞ്ഞ് നടക്കാനിരിക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ അതവര്‍ക്ക് ഗുണം ചെയ്‌തേക്കും. അതിന് കൃത്യമായ പഠനങ്ങള്‍ നടക്കണം. അപ്പോള്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള ചേര്‍ച്ചയില്ലായ്മയും പരസ്പരം കുത്തിപ്പറയലുമൊക്കെ ജനവിശ്വാസം നഷ്ടപ്പെടുത്തുന്നുണ്ടെന്ന തിരിച്ചറിവിലേക്ക് എത്താതിരിക്കില്ല. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും എം.എം ഹസനുമൊക്കെ പറയുന്നതിന് ഇടങ്കോലിടുന്ന വിധത്തിലാണ് പലപ്പോഴും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനകള്‍ വരിക; തെരഞ്ഞെടുപ്പു കാലത്ത് മാത്രമല്ല, അതിനു മുമ്പും. നിലപാടുകളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയും പ്രതിയോഗിക്ക് വടി കൊടുക്കുകയും ചെയ്യുന്ന ഇത്തരം നീക്കങ്ങള്‍ക്ക് തടയിടാനാവണം. മുന്‍ കെ.പി.സി.സി അധ്യക്ഷന്മാരായ വി.എം സുധീരന്റെയും രമേശ് ചെന്നിത്തലയുടെയും കാലത്തുള്ള സംഘടനാ സെറ്റപ്പിലേക്കെങ്കിലും കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരാന്‍ കഴിയണം. എങ്കില്‍, നിയമസഭാ തെരഞ്ഞെടുപ്പ് തികച്ചും മറ്റൊരു ഫോര്‍മാറ്റ് ആയതുകൊണ്ട്, ഈ തിരിച്ചടികളില്‍ നിരാശരാവാതെ ആത്മവിശ്വാസത്തോടെ അതിനെ അഭിമുഖീകരിക്കാന്‍ യു.ഡി.എഫ് നേതൃത്വത്തിന് കഴിയും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (71-76)
ടി.കെ ഉബൈദ്‌