Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 25

3182

1442 ജമാദുല്‍ അവ്വല്‍ 10

വിധിയും സ്വാതന്ത്ര്യവും

ടി.കെ.എം ഇഖ്ബാല്‍

(വില്‍ക്കാനുണ്ട് നാസ്തിക യുക്തികള്‍-5)

എല്ലാ കാലത്തും മനുഷ്യനെ കുഴക്കിയതും മനുഷ്യചിന്തക്ക് ഒരിക്കലും പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുമാണ് ദൈവവിധിയുടെ സ്വഭാവം. ദൈവത്തിന്റെ ഇഛയും മനുഷ്യന്റെ സ്വാതന്ത്ര്യവും തമ്മിലുള്ള പ്രത്യക്ഷമായ വൈരുധ്യം മനുഷ്യന്റെ പരിമിതമായ അറിവിലും സ്ഥലകാലബോധത്തിലും നിന്നു കൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതല്ല. ഇസ്‌ലാമിക ചിന്തക്കുള്ളില്‍ തന്നെ ഒരു കാലത്ത് ഈ വിഷയത്തില്‍ ദീര്‍ഘമായ തര്‍ക്കങ്ങളും സംവാദങ്ങളും നടന്നിട്ടുണ്ട്. വിധിയുമായി ബന്ധപ്പെട്ട ഖുര്‍ആനിലെയും സുന്നത്തിലെയും പരാമര്‍ശങ്ങളെ പ്രായോഗിക ജീവിതവുമായി ബന്ധപ്പെടുത്തി മനസ്സിലാക്കുന്നതിനു പകരം തത്ത്വചിന്തയുടെ രീതിശാസ്ത്രം ഉപയോഗിച്ച് വിശകലനം ചെയ്യാന്‍ ശ്രമിച്ചതുകൊണ്ടാണ് അനാവശ്യമായ ഇത്തരം തര്‍ക്കങ്ങള്‍ ഉടലെടുത്തതെന്ന് ഈ വിഷയത്തിലെ വിവിധ കാഴ്ചപ്പാടുകളെ വിശകലനം ചെയ്തുകൊണ്ട് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി 'വിധിവിശ്വാസവും ഖുര്‍ആനും' എന്ന പഠനത്തില്‍ പറയുന്നുണ്ട് (ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച 'വിധിവിശ്വാസം' എന്ന പുസ്തകം കാണുക. വിവ: വി.എ കബീര്‍).
ശാസ്ത്രത്തിന്റെയും യുക്തിചിന്തയുടെയും വക്താക്കളായി സ്വയം വേഷമിടുന്ന നാസ്തികര്‍ മതവിശ്വാസികളെ ഉത്തരം മുട്ടിക്കാന്‍ വേണ്ടി സ്ഥിരമായി ഉന്നയിക്കുന്ന വിഷയമാണ് വിധിവിശ്വാസം. യഥാര്‍ഥത്തില്‍ മതത്തിലെ വിധിവിശ്വാസത്തേക്കാള്‍ സങ്കീര്‍ണമാണ് ശാസ്ത്രത്തിന്റെയും തത്ത്വചിന്തയുടെയും മേഖലയിലെ വിധിവാദങ്ങള്‍. Scientific Determinism  എന്നത്, മനുഷ്യന്റെ സ്വതന്ത്രമായ ഇഛയെ (Free Will) മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട പ്രകൃതി നിയമങ്ങള്‍ക്കും കാര്യകാരണ ബന്ധങ്ങള്‍ക്കും വിധേയമാക്കുന്ന തരത്തിലുള്ള നിരവധി സിദ്ധാന്തങ്ങളുടെ സാകല്യമാണ്. മനുഷ്യന് സ്വതന്ത്രമായ ഇഛ (Free Will) ഉണ്ടോ ഇല്ലേ എന്നത് നാസ്തികര്‍ക്കിടയിലെ ഒരു വലിയ തര്‍ക്ക വിഷയമാണ്. ദൈവത്തെ നിഷേധിക്കുന്ന പല നാസ്തികരും എത്തിപ്പെടുന്നത് അന്ധമായ പ്രകൃതിനിയമങ്ങള്‍ക്കും ഭൗതിക പ്രക്രിയകള്‍ക്കുമനുസരിച്ച്  റൊബോട്ടിനെ പോലെ ചലിക്കുന്ന ജന്തുവാണ് മനുഷ്യന്‍ എന്ന സിദ്ധാന്തത്തിലാണ്. ദൈവത്തെ മാറ്റിനിര്‍ത്തി മനുഷ്യജീവിതത്തെയും മനുഷ്യന്റെ പ്രവര്‍ത്തനങ്ങളുടെ കാരണങ്ങളെയും ഫലങ്ങളെയും വിലയിരുത്താന്‍ തുനിയുന്ന ഭൗതികവാദി അറ്റമില്ലാത്ത വൈരുധ്യങ്ങളിലും ആശയക്കുഴപ്പങ്ങളിലുമാണ് ചെന്നു ചാടുന്നത്.
ഭൗതികമായ കാര്യങ്ങളെക്കുറിച്ചു തന്നെ മനുഷ്യന്റെ അറിവിന് ധാരാളം പരിമിതികളുണ്ട്. ഭൂതകാലത്തെക്കുറിച്ച അവന്റെ അറിവുകള്‍ പലതും ഊഹങ്ങളിലും അനുമാനങ്ങളിലും അധിഷ്ഠിതമാണ്. വര്‍ത്തമാനത്തെക്കുറിച്ച അവന്റെ അറിവ് അപൂര്‍ണമാണ്. ഭാവിയെക്കുറിച്ച് അവന് ഒന്നും തീര്‍ച്ചയോടെ പറയാന്‍ കഴിയില്ല. ഭൗതികമായ കാര്യകാരണങ്ങളുടെ അടിസ്ഥാനത്തില്‍ അവന്‍ നടത്തുന്ന കണക്കുകൂട്ടലുകള്‍ എപ്പോഴും തെറ്റാം. തന്റെ ജീവിതത്തില്‍ അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് കൃത്യമായി പ്രവചിക്കാന്‍ അവന്‍ അശക്തനാണ്. കാലത്തെക്കുറിച്ചും സമയത്തെക്കുറിച്ചും കാര്യകാരണബന്ധങ്ങളെക്കുറിച്ചുമുള്ള സ്വന്തം ബോധത്തില്‍ നിന്ന് കൊണ്ട് മാത്രമേ, ദൈവത്തിന്റെ അറിവിനെയും ഇഛയെയും തീരുമാനത്തെയും മനുഷ്യന് സങ്കല്‍പിക്കാന്‍ കഴിയൂ എന്നതുകൊണ്ടാണ് മനുഷ്യബുദ്ധിക്ക് അവ പൂര്‍ണമായും വഴങ്ങാതെ നില്‍ക്കുന്നത്.

വിധിവിശ്വാസവും പ്രായോഗിക ജീവിതവും
ദൈവവിധിയുമായി ബന്ധപ്പെട്ട ഖുര്‍ആനിലെയും ഹദീസിലെയും പരാമര്‍ശങ്ങള്‍ വിധിയുടെ വിശദാംശങ്ങള്‍ മനുഷ്യര്‍ക്ക് വിശദീകരിച്ചുകൊടുക്കാന്‍ വേണ്ടിയുള്ളതല്ലെന്നും വിശ്വാസിക്ക് അവന്റെ/അവളുടെ ദൈനംദിന ജീവിതത്തില്‍ ധൈര്യവും പ്രതീക്ഷയും ആത്മവിശ്വാസവും പകര്‍ന്നുനല്‍കാനുള്ളതാണെന്നും സയ്യിദ് മൗദൂദി നിരീക്ഷിക്കുന്നുണ്ട്. വിധിയെക്കുറിച്ച തര്‍ക്കങ്ങളും ചോദ്യങ്ങളും സംശയങ്ങളും അധികവും സാങ്കല്‍പ്പികവും സൈദ്ധാന്തികവുമായ തലത്തില്‍ നിന്നു കൊണ്ടുള്ളതും വിശ്വാസിയുടെ പ്രായോഗിക ജീവിതവുമായി നേര്‍ക്കു നേരെ ബന്ധമില്ലാത്തതുമാണ്. ഭൂതവും വര്‍ത്തമാനവും ഭാവിയും എല്ലാം ദൈവത്തിന് അറിയാം എന്ന അറിവ് ഭൗതിക ജീവിതത്തില്‍ വിശ്വാസിയെ കര്‍മരാഹിത്യത്തിലേക്ക് തള്ളിവിടുന്നില്ല. ലോകത്ത് എന്തൊക്കെ സംഭവിക്കും എന്നത് ദൈവത്തിന്റെ അറിവിനും ഇഛക്കും വിധേയമാണ് എന്നതു പോലെ, കാര്യകാരണബന്ധത്തിലൂടെ അത് സംഭവിക്കണം എന്നതും ദൈവത്തിന്റെ  ഇഛയുടെ ഭാഗമാണ്. ഭൗതിക വിഭവങ്ങള്‍ നല്‍കുന്നത് ദൈവമാണെന്ന വിശ്വാസം ജീവിതായോധനത്തിനു വേണ്ടി അധ്വാനിക്കുന്നതില്‍നിന്ന് വിശ്വാസിയെ വിലക്കുന്നില്ല. ദൈവം ആകാശത്തു നിന്ന് ഭക്ഷണം ഇറക്കിത്തരും എന്ന് കരുതി വിശ്വാസി അലസനായിരിക്കുകയില്ല. രോഗവും പ്രയാസങ്ങളും വരുമ്പോള്‍ അത് പരിഹരിക്കാന്‍ വേണ്ടി പ്രയത്‌നിക്കാതിരിക്കുകയില്ല. മനുഷ്യനെ കര്‍മോത്സുകനാക്കുന്ന ഖുര്‍ആന്റെ വചനങ്ങളും പ്രവാചകന്റെ അധ്യാപനങ്ങളുമാണ് വിശ്വാസിയുടെ പ്രചോദനം. വിശപ്പ്  അല്ലാഹുവിന്റെ വിധിയാണെങ്കില്‍ ഭക്ഷണത്തിലൂടെ വിശപ്പു മാറുക എന്നതും അല്ലാഹുവിന്റെ വിധിയാണ്. രോഗവും ചികിത്സയും ഇങ്ങനെത്തന്നെ. രോഗങ്ങള്‍ മാത്രമല്ല മരുന്നുകളും അല്ലാഹുവിന്റെ വിധിയില്‍ പെട്ടതാണെന്ന് അനുചരന്മാരുടെ ഒരു ചോദ്യത്തിന് ഉത്തരമായി പ്രവാചകന്‍ പറഞ്ഞതായി വിശ്വാസയോഗ്യമായ ഹദീസില്‍ വന്നിട്ടുണ്ട്.
ഖലീഫാ ഉമറി(റ)ന്റെ പ്രശസ്തമായ ഒരു വാചകം ഈ യാഥാര്‍ത്ഥ്യത്തിലേക്ക് കൂടുതല്‍ വെളിച്ചം നല്‍കുന്നുണ്ട്. ശാം (സിറിയ) മുന്നേറ്റത്തിനിടയില്‍ അവിടെ കടുത്ത പ്ലേഗ് ബാധയുള്ളതായി അറിഞ്ഞപ്പോള്‍ ഉമര്‍ (റ) അങ്ങോട്ട് പോകാതെ മദീനയിലേക്ക് തിരിച്ചുപോകാന്‍ തീരുമാനിച്ചു. അപ്പോള്‍ അബൂഉബൈദ (റ) ചോദിച്ചു: 'സത്യവിശ്വാസികളുടെ നേതാവേ, താങ്കള്‍ അല്ലാഹുവിന്റെ ഖദ്‌റില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയോ?' അതിന് ഉമര്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: 'അതേ, നാം  അല്ലാഹുവിന്റെ വിധിയില്‍നിന്ന് അല്ലാഹുവിന്റെ വിധിയിലേക്ക് ഓടുകയാണ്.'
ഭൗതിക വിഭവങ്ങള്‍ക്കു വേണ്ടി അധ്വാനിക്കുന്നതു പോലെ മരണാനന്തരമുള്ള ശാശ്വതമായ മോക്ഷത്തിനു വേണ്ടിയും പണിയെടുക്കണം എന്നാണ് ഇസ്‌ലാം മനുഷ്യനോട് പറയുന്നത്. തന്റെ ഭക്ഷണം ദൈവം നേരത്തേ തീരുമാനിച്ചുവെച്ചിരിക്കുന്നു എന്ന് കരുതി ഒരു വിശ്വാസിക്ക് വെറുതെയിരിക്കാന്‍ കഴിയാത്തതുപോലെ തന്റെ സ്വര്‍ഗവും നരകവും നേരത്തേ തീരുമാനിക്കപ്പെട്ടിരിക്കുന്നു എന്ന് കരുതി അലസനായിരിക്കാന്‍ വിശ്വാസിക്ക് സാധ്യമല്ല. കാരണം ദൈവപ്രീതിയും അതിലൂടെ സ്വര്‍ഗവും കരസ്ഥമാക്കാന്‍ നിരന്തരം പരിശ്രമിക്കുക എന്നാണ് അവനോട് പറയപ്പെട്ടിരിക്കുന്നത്. പ്രവാചകന്മാരിലൂടെയും വേദഗ്രന്ഥത്തിലൂടെയും തെറ്റിന്റെയും ശരിയുടെയും വഴികള്‍ മനുഷ്യരുടെ മുമ്പില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. സത്യത്തിന്റെ വഴിയില്‍ ത്യാഗപരിശ്രമങ്ങള്‍ അര്‍പ്പിച്ച് മുന്നേറാന്‍ അവരോട് നിരന്തരം ആഹ്വാനം ചെയ്യപ്പെടുന്നു. ശരിയുടെയും തെറ്റിന്റെയും സൂക്ഷ്മമായ വിശദാംശങ്ങള്‍ പോലും വെളിപ്പടുത്തപ്പെട്ടിരിക്കുന്നു. മനുഷ്യന്റെ കര്‍മങ്ങള്‍ക്ക് ഖുര്‍ആന്‍ മനുഷ്യനെത്തന്നെ ഉത്തരവാദിയാക്കുന്നു. ഒരാളുടെയും കര്‍മഭാരം മറ്റൊരാള്‍ ചുമക്കുകയില്ലെന്ന് ഉണര്‍ത്തുന്നു. ആരുടെയും കര്‍മം പാഴായിപ്പോവുകയില്ലെന്നും മനുഷ്യന്‍ ചെയ്യുന്ന അണുമണിത്തൂക്കം നന്മയും തിന്മയും പരലോകത്ത് അവന്‍/അവള്‍ കാണുമെന്നും  ഓര്‍മപ്പെടുത്തുന്നു. ഇങ്ങനെ നിരന്തരം കര്‍മം ചെയ്യാന്‍ വിശ്വാസി പ്രചോദിപ്പിക്കപ്പെടുമ്പോള്‍, അജ്ഞേയമായ ദൈവവിധിയെക്കുറിച്ച ദാര്‍ശനിക സമസ്യകളുമായി കാലം കഴിക്കാന്‍ എങ്ങനെയാണ് അവന് സാധ്യമാവുക? ദൈവവിധിയുടെ പൊരുളറിയാന്‍ അവന്‍ ആഗ്രഹിച്ചാല്‍ പോലും തനിക്കു വേണ്ടി ദൈവം എന്താണ് നിശ്ചയിച്ചുവെച്ചിരിക്കുന്നത് എന്ന് ഒരറിവും ഇല്ലാത്ത കാലത്തോളം കര്‍മനിരതനായി ഭാവിയിലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുക എന്നതാണല്ലോ വിശ്വാസിയുടെ മുന്നിലുള്ള ശരിയും യുക്തിസഹവുമായ ഒരേയൊരു വഴി.
വിധിവിശ്വാസം മുസ്‌ലിമിനെ കര്‍മരാഹിത്യത്തിലേക്ക് നയിക്കുകയില്ലെന്നു മാത്രമല്ല, കര്‍മവഴികളിലെ പ്രതിസന്ധികളിലും പ്രതിബന്ധങ്ങളിലും അവന് പ്രത്യാശയും ആത്മവിശ്വാസവും നല്‍കും. എല്ലാം തന്റെ നിയന്ത്രണത്തിലാണെന്നും താന്‍ ആഗ്രഹിക്കുന്നതൊക്കെയും കൈപ്പിടിയിലൊതുക്കാമെന്നും കരുതുന്ന മനുഷ്യര്‍ പരാജയങ്ങളുടെ മുമ്പില്‍ തളര്‍ന്നുപോവും. വിശ്വാസിയുടെ അവസ്ഥ ഇതല്ല. ജീവിതരഥ്യയില്‍ കാലിടറുമ്പോഴും കണക്കുകൂട്ടലുകള്‍ തെറ്റുമ്പോഴും, സര്‍വജ്ഞനും സര്‍വശക്തനുമായ ദൈവത്തിന്റെ വിധിക്ക് അവന്‍ മനസ്സാ കീഴടങ്ങും. ദുരിതങ്ങളിലൂടെയും ദുഃഖങ്ങളിലൂടെയും ദൈവം തന്നെ പരീക്ഷിക്കുന്നത് തനിക്കറിയാത്തതും താന്‍ കാണാത്തതുമായ ഏതോ നന്മക്കു വേണ്ടിയാണെന്ന് അവന്‍ സമാശ്വസിക്കും. ഈ ലോകത്ത് ആ നന്മ അവന് ദൃശ്യമാവുന്നില്ലെങ്കില്‍ മരണത്തിനു ശേഷമെങ്കിലും അത് കാണാന്‍ കഴിയുമെന്ന് അവന്‍ പ്രത്യാശ പുലര്‍ത്തും. കാരണം സത്യത്തിന്റെ മാര്‍ഗത്തില്‍ അടിപതറാതെ മുന്നേറുന്ന ഒരു വിശ്വാസിക്ക് അന്തിമമായി വിജയവും ദൈവത്തിന്റെ അനുഗ്രഹവും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു  എന്നാണ് ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറയുന്നത്. ഇങ്ങനെ വിശ്വസിക്കുന്ന ഒരാള്‍ക്ക് വിധിയെക്കുറിച്ചോര്‍ത്ത് വിലപിക്കാന്‍ എങ്ങനെ കഴിയും? ദുരിതക്കയത്തില്‍ പെടുന്ന വിശ്വാസി 'എല്ലാം ദൈവത്തിന്റെ വിധി' എന്ന് ഉരുവിടുമ്പോള്‍, അത് നിരാശയുടെയല്ല, പ്രത്യാശയുടെയും സമര്‍പ്പണത്തിന്റെയും മന്ത്രമായി മാറുകയാണ്. തനിക്ക് ദുരിതങ്ങള്‍ സമ്മാനിക്കുന്ന ദൈവത്തിന് ഏതു നിമിഷവും അത് എടുത്തുമാറ്റാനും കഴിയും എന്ന വിശ്വാസവും പ്രതീക്ഷയുമാണ് അവനെ മുന്നോട്ട് നയിക്കുന്നത്.
''അല്ലാഹു നിങ്ങളെ സഹായിക്കുന്നുവെങ്കില്‍ പിന്നെ നിങ്ങളെ അതിജയിക്കാന്‍ ഒരാളും ഉണ്ടാവുകയില്ല. അവന്‍ നിങ്ങളെ കൈവെടിയുകയാണെങ്കില്‍ പിന്നെ മറ്റാരുണ്ട് നിങ്ങളെ സഹായിക്കാന്‍? അതിനാല്‍ വിശ്വാസികള്‍ അല്ലാഹുവില്‍ ഭരമര്‍പ്പിക്കട്ടെ'' (ഖുര്‍ആന്‍: 3:160).
''നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്‍പിക്കുകയാണെങ്കില്‍ അത് ദൂരീകരിക്കാന്‍ അല്ലാഹുവല്ലാതെ ഇല്ല. അവന്‍ വല്ല ഗുണവും നിനക്ക് ഉദ്ദേശിക്കുകയാണെങ്കില്‍ അവന്റെ അനുഗ്രഹം തടയുന്നവനുമില്ല'' (ഖുര്‍ആന്‍: 10:107).

സ്വാതന്ത്ര്യത്തിന്റെ അര്‍ഥം
വിധിയുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങളിലെ പ്രത്യക്ഷത്തിലുള്ള ചില വൈരുധ്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പലരും ദൈവവിധിയുടെ സ്വഭാവത്തെക്കുറിച്ച് സംശയങ്ങള്‍ ഉന്നയിക്കാറുള്ളത്. മനുഷ്യന്റെ ഇഛയെയും തെരഞ്ഞെടുക്കാനുള്ള  സ്വാതന്ത്ര്യത്തെയും ഊന്നിപ്പറയുന്ന നിരവധി ഖുര്‍ആന്‍ സൂക്തങ്ങളുണ്ട്. ദൈവം മനുഷ്യന് തെറ്റും ശരിയും വേര്‍തിരിച്ച് കാണിച്ചുകൊടുത്തിട്ടുണ്ടെന്നും ഇതില്‍ ഏത് തെരഞ്ഞെടുക്കുന്നു, എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യന്റെ ഭാഗധേയം നിര്‍ണയിക്കപ്പെടുക എന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു:
''നാം അവന് (മനുഷ്യന്) വഴികാണിച്ചുകൊടുത്തു. അവന് നന്ദിയുള്ളവനാകാം; നന്ദികെട്ടവനുമാകാം'' (അദ്ദഹ്ര്‍: 76:3).
''നന്മ പ്രവര്‍ത്തിച്ചവര്‍ക്ക് അതിന്റെ ഫലമുണ്ട്; തിന്മ പ്രവര്‍ത്തിച്ചവര്‍ക്ക് അതിന്റെ ഫലവും'' (അല്‍ ബഖറ: 286).
''വിശ്വസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ വിശ്വസിക്കട്ടെ. അവിശ്വസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ അവിശ്വസിക്കട്ടെ'' (അല്‍ കഹ്ഫ് 29).
''ഒരു ജനതയുടെ അവസ്ഥ അല്ലാഹു മാറ്റുകയില്ല, അവര്‍ സ്വയം അത് മാറ്റിയാലല്ലാതെ'' (അര്‍ റഅ്ദ്: 11).
മേല്‍ കൊടുത്തതു പോലുള്ള നിരവധി സൂക്തങ്ങളുടെ മറുവശത്ത് മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും തെരഞ്ഞെടുപ്പിനെയും അല്ലാഹുവിന്റെ ഇഛക്കു വിധേയമാക്കുന്നു എന്ന ആശയം ഉള്‍ക്കൊള്ളുന്ന വചനങ്ങളും കാണാന്‍ കഴിയുന്നു:
''ദൈവം ഉദ്ദേശിക്കുന്നതല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുന്നില്ല'' (അദ്ദഹ്ര്‍: 30).
''അല്ലാഹു അവന്‍ ഇഛിക്കുന്നവരെ ദുര്‍മാര്‍ഗത്തിലും അവന്‍ ഇഛിക്കുന്നവരെ നേര്‍മാര്‍ഗത്തിലുമാക്കുന്നു'' (അല്‍ അന്‍ആം: 39).
''നിന്റെ നാഥന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ ഭൂമിയിലുള്ളവര്‍ മുഴുക്കെ വിശ്വാസികളാകുമായിരുന്നു.... ദൈവത്തിന്റെ അനുമതി കൂടാതെ ഒരു ജീവാത്മാവിനും വിശ്വാസിയാവുക സാധ്യമല്ല'' (യൂനുസ്: 99).
മനുഷ്യനെ നേര്‍വഴിയിലാക്കുന്നതും വഴികേടിലാക്കുന്നതും ദൈവമാണെങ്കില്‍ പിന്നെ മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ഇഛക്കും എന്തര്‍ഥം എന്നാണ് ഇത്തരം സൂക്തങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് സാധാരണ ഉന്നയിക്കപ്പെടാറുള്ള ചോദ്യം.  പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളും അറിയുകയും തീരുമാനിക്കുകയും ചെയ്യുന്ന സര്‍വശക്തനും സര്‍വജ്ഞനുമായ ഒരു ശക്തിയെ മാത്രമേ ദൈവം എന്ന് വിളിക്കാന്‍ കഴിയൂ. പ്രപഞ്ചത്തിലെ ഓരോ ചലനവും സ്രഷ്ടാവായ ദൈവത്തിന്റെ ഇഛക്ക് വിധേയമായിരിക്കും. ദൈവത്തിന്റെ ഇഛയും അനുമതിയുമില്ലാതെ മനുഷ്യന് പ്രവര്‍ത്തിക്കാന്‍ കഴിയുക എന്നതിനര്‍ഥം അവന്‍ ദൈവത്തിന് തുല്യനായിത്തീരുക, അഥവാ ദൈവത്തിന്റെ ഇഛയെ അവന് മറികടക്കാന്‍ കഴിയുക എന്നതാണ്. ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന കാഴ്ചപ്പാട് അനുസരിച്ച് അങ്ങനെയൊരു കാര്യം അസാധ്യവും അസംഭവ്യവുമാണ്. മനുഷ്യന്റെ സ്വാതന്ത്ര്യം ദൈവത്തിന്റെ ഇഛക്ക് വിധേയമായിരിക്കും. ദൈവത്തിന്റെ അറിവും അനുമതിയുമില്ലാതെ ഒന്നും തീരുമാനിക്കാനോ പ്രവര്‍ത്തിക്കാനോ മനുഷ്യന് സാധ്യമല്ല. മനുഷ്യന് ഒരു കാര്യം ചെയ്യണോ വേണ്ടേ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും അത് നടപ്പില്‍ വരുത്താനുള്ള കഴിവും ഉണ്ട്. ഇത്തരം അനവധി തീരുമാനങ്ങളിലൂടെയും പ്രവൃത്തികളിലൂടെയുമാണ് മനുഷ്യര്‍ ഓരോ ദിവസവും ജീവിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ, സ്വന്തം ഇഛയുടെയും കര്‍മങ്ങളുടെയും മേല്‍ മനുഷ്യന് പരിമിതമായ നിയന്ത്രണമേയുള്ളൂ. ദൈവത്തിന്റെ അനുമതിയുണ്ടെങ്കിലേ തന്റേതെന്ന് മനുഷ്യന്‍ ധരിക്കുന്ന ബുദ്ധിയും കഴിവുകളും അവന് ഉപയോഗപ്പെടുത്താന്‍ കഴിയൂ. ഏതു നിമിഷവും അത് എടുത്തുകളയാനോ അതിനെ മനുഷ്യന്‍ ഉദ്ദേശിക്കാത്ത വഴികളിലേക്ക് തിരിച്ചുവിടാനോ ദൈവത്തിന് കഴിയും. ദൈവത്തിന്റെ അറിവും അനുമതിയും മനുഷ്യന്റെ തീരുമാനവും അധ്വാനവും കൂടിച്ചേരുമ്പോഴാണ് ഒരു കര്‍മം സംഭവിക്കുന്നത്. 'ദൈവം ഉദ്ദേശിക്കുന്നതല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുന്നില്ല' എന്ന ഖുര്‍ആന്‍ വചനം ഈ അര്‍ഥത്തിലാണ് മനസ്സിലാക്കാന്‍ കഴിയുക.
''ഒരു കാര്യത്തെക്കുറിച്ചും 'നാളെ ഞാന്‍ അത് ചെയ്യും' എന്ന് നീ പറയരുത്. അല്ലാഹു ഉദ്ദേശിച്ചെങ്കിലല്ലാതെ (നിന്റെ ആ ഉദ്ദേശ്യം പൂര്‍ത്തീകരിക്കപ്പെടുകയില്ല)'' (അല്‍കഹ്ഫ് 23-24) എന്ന വചനത്തില്‍നിന്ന് ഇക്കാര്യം വളരെ വ്യക്തമാണ്.
ഇത്തരം സൂക്തങ്ങളുടെ ഉദ്ദേശ്യം മനുഷ്യന്റെ സ്വാതന്ത്ര്യത്തെ നിഷേധിക്കുകയോ അവന്റെ ഓരോ തീരുമാനത്തിലും ദൈവം ഇടപെടുന്നു എന്ന് പറയലോ അല്ല, മറിച്ച് ദൈവത്തിന്റെ പരമമായ അധികാരത്തെയും ശക്തിയെയും  ഊന്നിപ്പറഞ്ഞുകൊണ്ട് മനുഷ്യനെ വിനീതനാക്കുകയാണെന്ന്  പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. ദൈവത്തിന്റെ അറിവിനും ഉദ്ദേശ്യത്തിനും വിരുദ്ധമായി മനുഷ്യന് പ്രവര്‍ത്തിക്കാന്‍ കഴിയുമോ എന്ന ചോദ്യം ഇവിടെ ഉന്നയിക്കപ്പെടാം. മനുഷ്യന്റെ ഓരോ പ്രവൃത്തിക്കും ദൈവമല്ലേ ഉത്തരവാദി എന്നാണ് ഈ ചോദ്യത്തിന്റെ സൂചന. സമയം, കാലം, കാര്യകാരണ ബന്ധങ്ങള്‍ ഇവയെക്കുറിച്ച നമ്മുടെ സങ്കല്‍പത്തില്‍നിന്നുകൊണ്ട് ദൈവത്തിന്റെ അറിവിന്റെയും ഇഛയുടെയും സ്വഭാവം മനസ്സിലാക്കാന്‍ സാധ്യമല്ല എന്നതാണ് ഇതിന് നല്‍കാന്‍ കഴിയുന്ന ഉത്തരം. മനുഷ്യന്റെ കര്‍മങ്ങള്‍ക്ക് മുഴുവന്‍ ദൈവമാണ് ഉത്തരവാദി എന്ന് വന്നു കഴിഞ്ഞാല്‍ പിന്നെ ഭൂമിയില്‍ ജീവിതം തന്നെ അസാധ്യമായിത്തീരും. കുറ്റവാളികളെ ശിക്ഷിക്കാന്‍ പോലും കഴിയാതെ വരും. ഒരാളും മറ്റൊരാളുടെ കര്‍മ ഭാരം ചുമക്കുകയില്ല എന്നും, ഓരോ വ്യക്തിയുടെയും കര്‍മങ്ങള്‍ക്കനുസരിച്ചാണ് അവന്റെ/അവളുടെ സ്വര്‍ഗവും നരകവും തീരുമാനിക്കപ്പെടുക എന്നും  പറയുന്ന ഖുര്‍ആന്‍ ഇത്തരം ഒരു വിധിസങ്കല്‍പം മുന്നോട്ടു വെച്ചിട്ടില്ല എന്ന കാര്യം ഉറപ്പാണ്. കുട്ടികള്‍, മനോരോഗികള്‍ തുടങ്ങി ബോധവും ബുദ്ധിയും ശരിയായ രീതിയില്‍ പ്രവര്‍ത്തനസജ്ജമല്ലാത്ത മനുഷ്യരെ അവരുടെ കര്‍മങ്ങളുടെ ഉത്തരവാദിത്തത്തില്‍നിന്ന് ഇസ്‌ലാം ഒഴിവാക്കിയിരിക്കുന്നത് മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും ഇഛാശക്തിയെയും അങ്ങേയറ്റം വിലമതിക്കുന്നതുകൊണ്ടാണ്.

നന്മയും തിന്മയും
ദൈവത്തിന്റെ അറിവിനും തീരുമാനത്തിനും എതിരായി മനുഷ്യന് ഉദ്ദേശിക്കാനോ പ്രവര്‍ത്തിക്കാനോ സാധ്യമല്ല എന്ന യാഥാര്‍ഥ്യം നിലനില്‍ക്കെത്തന്നെ, മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും തെരഞ്ഞെടുപ്പിനെയും അംഗീകരിക്കുകയും അതിന് അനുകൂലമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്യുക എന്നതാണ് ദൈവത്തിന്റെ നടപടിക്രമം എന്ന് കാണിക്കുന്ന നിരവധി ഖുര്‍ആന്‍ സൂക്തങ്ങളുണ്ട്. അല്ലാഹുവാണ് മനുഷ്യനെ സന്മാര്‍ഗത്തിലും ദുര്‍മാര്‍ഗത്തിലും ആക്കുന്നത് എന്ന് പറയുന്നതോടൊപ്പം തന്നെ, മനുഷ്യന്റെ തന്നെ സ്വഭാവത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും ഫലമായിട്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്നും സൂചിപ്പിക്കുന്നതു കാണാം.
''ഈ ഖുര്‍ആന്‍ മുഖേന അധര്‍മകാരികളെയല്ലാതെ അവന്‍ (അല്ലാഹു) ദുര്‍മാര്‍ഗത്തിലാക്കുന്നില്ല'' (അല്‍ബഖറ: 26).
''പക്ഷേ, അവരുടെ ധിക്കാരം മൂലം അവരുടെ മേല്‍ അല്ലാഹു മുദ്രവെച്ചിരിക്കുകയാണ്'' (അന്നിസാഅ്: 156).
''അവനിലേക്ക് (അല്ലാഹുവിലേക്ക്) ഖേദിച്ചുമടങ്ങുന്നവരെ അവന്‍ സന്മാര്‍ഗത്തിലാക്കുന്നു'' (അര്‍ റഅ്ദ്: 27).
മനുഷ്യന്‍ അവന് നല്‍കപ്പെട്ട സ്വാതന്ത്ര്യവും വിവേചനബുദ്ധിയും ഉപയോഗിച്ച് എടുക്കുന്ന തീരുമാനങ്ങളും അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളും തന്നെയാണ് അവനെ ദുര്‍മാര്‍ഗിയും സന്മാര്‍ഗിയും ആക്കുന്നത് എന്നാണ് മേല്‍വചനങ്ങളൊക്കെയും വ്യക്തമാക്കുന്നത്. എന്നിട്ടും മനുഷ്യന്റെ ദുഷ്‌കര്‍മങ്ങളെപ്പോലും ദൈവത്തിലേക്ക് ചേര്‍ത്തു പറയുന്നതിന്റെ അര്‍ഥം ദൈവമാണ് അവനെക്കൊണ്ട് തെറ്റു ചെയ്യിക്കുന്നത് എന്നല്ല, ദൈവത്തിന്റെ അനുമതിയില്ലാതെ അക്രമവും അധര്‍മവും പ്രവര്‍ത്തിക്കാന്‍ മനുഷ്യന് സാധ്യമല്ല എന്നാണ്. സല്‍പ്രവൃത്തികളുടെ കാര്യവും ഇങ്ങനെത്തന്നെയാണ്. മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും അതീതമായി, ദൈവത്തിന്റെ ഇഛയും തീരുമാനങ്ങളുമാണ് പ്രപഞ്ചത്തിലെ ഓരോ ചലനങ്ങളെയും നിയന്ത്രിക്കുന്നത് എന്ന മൗലിക യാഥാര്‍ഥ്യമാണ്  ഇവിടെയെല്ലാം ഊന്നിപ്പറയുന്നത്. മനുഷ്യന്റെ ഓരോ പ്രവൃത്തിയിലും ദൈവം ഇടപെടുമെന്നല്ല, ദൈവത്തിന്റെ അനുമതി കൂടാതെ ഒരു കാര്യവും സംഭവിക്കുകയില്ല എന്നാണ് ഇതിന്റെ അര്‍ഥം. ഈ സൂക്ഷ്മ വശങ്ങളൊന്നും മനസ്സിലാക്കാതെ,  ഖുര്‍ആന്‍ സൂക്തങ്ങളെ അക്ഷരവായന നടത്തിയാല്‍ ഗുരുതരമായ തെറ്റിദ്ധാരണകളില്‍ അകപ്പെടും.
'ഒരു നാടിനെ നാം നശിപ്പിക്കാന്‍ ഉദ്ദേശിച്ചാല്‍ അവിടെയുള്ള സുഖലോലുപര്‍ക്ക് നാം ആജ്ഞ നല്‍കും, അപ്പോള്‍ അവര്‍ അധര്‍മം പ്രവര്‍ത്തിക്കുന്നു' (ബനൂ ഇസ്രാഈല്‍: 16) എന്ന ഖുര്‍ആന്‍ വചനം അക്ഷരാര്‍ഥത്തില്‍ എടുത്താല്‍ ദൈവമാണ് മനുഷ്യരെക്കൊണ്ട് തെറ്റു ചെയ്യിക്കുന്നത് എന്ന് വരും. ഒരു നാട്ടിലെ ജനത സുഖലോലുപരായി മാറുമ്പോള്‍ അവരുടെ പതനം ആരംഭിക്കുന്നു എന്ന ആശയമാണ് മനോഹരമായി ഇവിടെ ആവിഷ്‌കരിക്കപ്പെടുന്നത്. മനുഷ്യസമൂഹങ്ങളുടെ വൃദ്ധിക്ഷയങ്ങള്‍ക്ക് അല്ലാഹു നിശ്ചയിച്ച നിയമങ്ങളുടെയും നടപടിക്രമങ്ങളുടെയും ഭാഗമാണിതെന്നും അല്ലാഹുവിന്റെ അനുമതിയോടു കൂടി മാത്രമേ ഇത് സംഭവിക്കുകയുള്ളൂവെന്നും പറയാന്‍ വേണ്ടിയാണ് വ്യത്യസ്തമായ ശൈലി ഖുര്‍ആന്‍ സ്വീകരിക്കുന്നതെന്നു കാണാം. 'മനുഷ്യകരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി കരയിലും കടലിലും കുഴപ്പങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു' (അര്‍റൂം: 41) എന്ന സൂക്തവുമായി ചേര്‍ത്തു വായിക്കുമ്പോള്‍ ഇതിന്റെ ആശയം വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും.
മനുഷ്യന്റെ ജനനവും മരണവും നേരത്തേ നിര്‍ണയിച്ചുവെച്ചിരിക്കുന്നു എന്നു പറയുന്ന ഖുര്‍ആന്‍ സൂക്തങ്ങളുണ്ട്. 
''ഒരു സ്ത്രീയും അവന്റെ അറിവോടു കൂടിയല്ലാതെ ഗര്‍ഭം ധരിക്കുകയോ പ്രസവിക്കുകയോ ചെയ്യുന്നില്ല. ഒരു ഏട്ടില്‍ രേഖപ്പെട്ടിട്ടല്ലാതെ ഒരു ദീര്‍ഘായുഷ്മാന്റെയും പ്രായം കൂടുകയോ കുറയുകയോ ചെയ്യുന്നുമില്ല'' (ഫാത്വിര്‍ 11). മരണം ഒഴിവാക്കാന്‍ കഴിയാത്ത ഒരു യാഥാര്‍ഥ്യം ആയതിനാല്‍ 'എന്നെ ഒരിക്കലും മരിപ്പിക്കരുതേ' എന്ന് പ്രാര്‍ഥിക്കാന്‍ മുസ്‌ലിമിന് അനുവാദമില്ല. അതേസമയം ആയുസ്സ് നീട്ടിത്തരണേ എന്ന് പ്രാര്‍ഥിക്കാം. മനുഷ്യന്റെ ജനനവും മരണവും ജീവിതവും ദൈവത്തിന്റെ ഇഛക്കു വിധേയമാണെന്നും ദൈവത്തിന്റെ ഇഛ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കാനോ വിധികല്‍പിക്കാനോ മനുഷ്യര്‍ക്ക് സാധ്യമല്ല എന്നുമുള്ള യാഥാര്‍ഥ്യത്തിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്.

കര്‍മങ്ങളുടെ കണക്കുപുസ്തകം
ജന്മനാ ലഭിക്കുന്ന കഴിവുകള്‍, സ്വഭാവ വിശേഷങ്ങള്‍, വിദ്യാഭ്യാസം, ശിക്ഷണം, സാഹചര്യങ്ങളുടെ സ്വാധീനം ഇതെല്ലാം ചേര്‍ന്നാണ് ഒരു മനുഷ്യന്റെ സ്വഭാവവും വ്യക്തിത്വവും രൂപീകരിക്കപ്പെടുന്നത് എന്ന് നമുക്കറിയാം. മനുഷ്യന്‍ സ്വയം ആര്‍ജിച്ചെടുക്കുന്ന അറിവുകളും കഴിവുകളും ഗുണവിശേഷങ്ങളും മാത്രമല്ല അവന്റെ തീരുമാനങ്ങളെയും പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നത്. അവന്റെ നിയന്ത്രണത്തിനപ്പുറമുള്ള ഒരുപാട് ഘടകങ്ങള്‍ അതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു കര്‍മം ആസൂത്രണം ചെയ്യാനും അത് പ്രയോഗത്തില്‍ വരുത്താനും മനുഷ്യന്‍ ഉപയോഗിക്കുന്ന ബുദ്ധിയും ശാരീരികാവയവങ്ങളും അവന്‍ സ്വന്തമായി ആര്‍ജിച്ചതല്ല. ആ പ്രവൃത്തി തടസ്സമില്ലാതെ പൂര്‍ത്തീകരിക്കാന്‍ കഴിയുമോ എന്ന് തീര്‍ത്തു പറയാന്‍ അവന് കഴിയില്ല. പക്ഷേ, എന്ത് കര്‍മമാണ് താന്‍ ചെയ്യാന്‍ പോകുന്നത്, എന്തിന് വേണ്ടിയാണ് അത് ചെയ്യുന്നത്, അത് തെറ്റാണോ ശരിയാണോ, തനിക്കും മറ്റുള്ളവര്‍ക്കും ഗുണകരമാണോ ദോഷകരമാണോ എന്നൊക്കെ ചിന്തിക്കാനും തീരുമാനിക്കാനുമുള്ള കഴിവും സ്വാതന്ത്ര്യവും മനുഷ്യന് നല്‍കപ്പെട്ടിട്ടുണ്ട്. ആ പ്രവൃത്തിയെ വിജയത്തിലേക്കെത്തിക്കാനുള്ള ഉപാധികള്‍ സജ്ജമാക്കാനും അവന് കഴിയും. ലക്ഷ്യം നേടുന്നതില്‍ പരാജയപ്പെട്ടാല്‍ കാര്യകാരണബന്ധത്തിന്റെ അടിസ്ഥാനത്തില്‍ അത് വിശകലനം ചെയ്യാനും കൂടുതല്‍ നന്നായി ആസൂത്രണം ചെയ്ത് അതിനെ വിജയത്തിലെത്തിക്കാനും മനുഷ്യന് കഴിയും. മനുഷ്യന്‍ അവന്റെ ബുദ്ധിയും ചിന്തയും സ്വാതന്ത്ര്യവും ഇഛാശക്തിയും ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഇത് സാധിക്കുന്നത്. മനുഷ്യന് മാത്രം നല്‍കപ്പെട്ടിരിക്കുന്ന ഇത്തരം ഗുണവിശേഷങ്ങളിലൂടെ ലോകത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അവന് കഴിയും. സ്വന്തം കഴിവില്‍ അഹങ്കരിക്കാനും ദൈവത്തെ നിഷേധിക്കാനും വെല്ലുവിളിക്കാനും വരെ അവന്‍ സന്നദ്ധനാവും. പക്ഷേ, ഇങ്ങനെയൊക്കെ ചെയ്യാന്‍ മനുഷ്യന് കഴിയുന്നത് ബുദ്ധിയും പ്രതിഭയും ഇഛാശക്തിയും ദൈവം അവന് നല്‍കിയിരിക്കുന്നതുകൊണ്ടും, ദൈവത്തെ നിഷേധിക്കാന്‍ പോലും അവന് ദൈവത്തിന്റെ അനുമതി ഉള്ളതുകൊണ്ടുമാണ്. അഹങ്കാരത്തിന്റെ കൊടുമുടിയില്‍ നില്‍ക്കെ, അവന്‍ പടുത്തുയര്‍ത്തിയത് മുഴുവന്‍ ഞൊടിയിടയില്‍ നാമാവശേഷമാക്കാന്‍ ദൈവത്തിന് കഴിയും. ഇത്തരം അഹങ്കാരികളുടെ നിരവധി കഥകള്‍ മനുഷ്യര്‍ക്ക് ഉദാഹരണമായി ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. മറുവശത്ത് ദുര്‍ബലരെയും അടിച്ചമര്‍ത്തപ്പെട്ടവരെയും അധികാര സോപാനങ്ങളിലേക്ക് ദൈവം കൈപ്പിടിച്ചുയര്‍ത്തിയതിന്റെ ഉദാഹരണങ്ങളുമുണ്ട്. മനുഷ്യ കര്‍മങ്ങളുടെ അനന്തരഫലങ്ങള്‍ ദൈവത്തിന്റെ ഇഛക്ക് വിധേയമായി മനുഷ്യന്‍ തന്നെ അനുഭവിക്കുന്നതിന്റെ കഥകളാണിതെല്ലാം. കര്‍മങ്ങളുടെ കണക്കുപുസ്തകത്തില്‍ അവസാനവിധി കല്‍പിക്കപ്പെടുക പരലോകത്താണ്. ഓരോ അണുമണിത്തൂക്കം നന്മയും തിന്മയും അവിടെ കാണും. ഓരോ കര്‍മവും വിലയിരുത്തപ്പെടുക അത് പ്രവര്‍ത്തിക്കുന്നയാളുടെ കഴിവുകളും ജീവിതസാഹചര്യങ്ങളും കൂടി മുന്‍നിര്‍ത്തിയായിരിക്കും. മനുഷ്യന്റെ കര്‍മങ്ങളില്‍ അവന്റെ നിയന്ത്രണത്തിനു പുറത്തുള്ള ഘടകങ്ങളും ഉള്‍ച്ചേര്‍ന്നിരിക്കാന്‍ സാധ്യതയുണ്ട്. ഇതെല്ലാം കൃത്യമായി അറിയുക സര്‍വജ്ഞനായ ദൈവത്തിനു മാത്രമാണ്. ഒരു മനുഷ്യന്റെ കര്‍മത്തില്‍ അവന്റെ/അവളുടെ തീരുമാനത്തിനും ഇഛക്കും എത്രത്തോളം പങ്കുണ്ടോ അതനുസരിച്ചായിരിക്കും അതിന്റെ ഫലം നിര്‍ണയിക്കപ്പെടുക. നീതിമാനായ ദൈവം ഒരു സൃഷ്ടിയോടും അനീതി പ്രവര്‍ത്തിക്കുകയില്ലെന്ന് ദൈവം തന്നെ അരുളിയിട്ടുണ്ട്. മനുഷ്യന്‍ നിര്‍ബന്ധിതാവസ്ഥയില്‍ ചെയ്യുന്ന കര്‍മങ്ങള്‍ സ്വയം സന്നദ്ധതയോടെ ചെയ്യുന്ന കര്‍മങ്ങള്‍ക്ക് തുല്യമായി ഇസ്‌ലാമില്‍ പരിഗണിക്കപ്പെടാത്തത് അതുകൊണ്ടാണ്. നന്മ, തിന്മ എന്നീ വാക്കുകള്‍ക്ക് അര്‍ഥമുണ്ടാകുന്നത് മനുഷ്യന്‍ സ്വയം തീരുമാനിച്ചും ഇഷ്ടപ്പെട്ടും കര്‍മം ചെയ്യുമ്പോഴാണ്.
'ഒരു ആത്മാവിനെയും അതിന്റെ കഴിവിനപ്പുറത്തുള്ള ഒന്ന് കൊണ്ട് അല്ലാഹു ക്ലേശിപ്പിക്കുകയില്ല. ആ ആത്മാവ് ചെയ്തുകൂട്ടിയ നന്മയുടെയും തിന്മയുടെയും ഫലം അത് അനുഭവിക്കും' (അല്‍ ബഖറ: 286) എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ഒരാളുടെ കഴിവിനപ്പുറത്തുള്ള കാര്യങ്ങളില്‍ സംഭവിക്കുന്ന വീഴ്ചകള്‍ക്ക് ദൈവം അയാളെ ഉത്തരവാദിയാക്കുകയില്ല എന്ന് കൂടി ഇതിനര്‍ഥമുണ്ട്.
മറവിയും ഉറക്കവും ആരാധനാകര്‍മങ്ങളില്‍ സംഭവിക്കുന്ന വീഴ്ചകളില്‍ ഇളവുകളായി പരിഗണിക്കപ്പെടുന്നത് ദൈവിക നീതിയുടെ സൂക്ഷ്മതലങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
മുസ്‌ലിമും നസാഈയും ഉദ്ധരിച്ച ഒരു ഹദീസ് മനുഷ്യന്റെ ഭാഗധേയവുമായി ബന്ധപ്പെട്ട ദൈവവിധിയുടെ സ്വഭാവത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്: ''മനുഷ്യനെ മരണാനന്തരം ഖബ്‌റില്‍ കൊണ്ട് വെച്ച് അയാളുടെ കൂട്ടുകാര്‍ പിരിഞ്ഞുപോകുമ്പോള്‍ അവരുടെ ചെരിപ്പുകളുടെ ഞരക്കം അവര്‍ കേള്‍ക്കും. ഉടനെ രണ്ട് മലക്കുകള്‍ വന്ന് അയാളെ ഇരുത്തും. എന്നിട്ട് മുഹമ്മദ് നബിയെ സംബന്ധിച്ച് എന്താണ് വിശ്വസിച്ചിരുന്നതെന്നു ചോദിക്കും. മരിച്ചയാള്‍ സത്യവിശ്വാസിയാണെങ്കില്‍, 'മുഹമ്മദ് നബി അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു' എന്നയാള്‍ പറയും. അപ്പോള്‍ മലക്കുകള്‍ അയാളോട് ഈ വിധം പറയും: 'അല്ലാഹുവെ നിഷേധിച്ച്, ധിക്കരിച്ച് ജീവിച്ച് മരിച്ചിരുന്നുവെങ്കില്‍ താങ്കള്‍ക്കു വേണ്ടി ഒരുക്കിവെച്ച നരകത്തിലെ താങ്കളുടെ സീറ്റ് നോക്കൂ. താങ്കള്‍ സത്യവിശ്വാസിയായതിനാല്‍ അല്ലാഹു അതിനു പകരം സ്വര്‍ഗത്തില്‍ ഒരു സീറ്റ് താങ്കള്‍ക്ക് അനുവദിച്ചിരിക്കുന്നു.' അങ്ങനെ അയാള്‍ സ്വര്‍ഗത്തിലും നരകത്തിലും തനിക്കു വേണ്ടി സജ്ജീകരിക്കപ്പെട്ടിരിക്കുന്ന രണ്ടു സീറ്റുകളും കാണും'' (അവലംബം: വിധിവിശ്വാസം: ചില ലളിത പാഠങ്ങള്‍. ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച പുസ്തകം). മനുഷ്യന്റെ സ്വാതന്ത്ര്യവും തെരഞ്ഞെടുപ്പിനുള്ള അവകാശവും നിഷേധിച്ചു കൊണ്ട് ഏകപക്ഷീയമായി അവന്റെ/അവളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതല്ല ദൈവവിധി എന്നാണ് ഈ ഹദീസ് വ്യക്തമാക്കുന്നത്.
ദൈവം യാഥാര്‍ഥ്യമായിക്കെ സമയ കാലങ്ങളെ കടന്നു നില്‍ക്കുന്ന ദൈവത്തിന്റെ അറിവും ഇഛയും അനിഷേധ്യമായ യാഥാര്‍ഥ്യങ്ങളാണ്. വിശ്വാസികള്‍ക്ക് അവരുടെ ജീവിതത്തില്‍ കരുത്തു പകരുന്നതാണ് വിധിവിശ്വാസം. ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നവര്‍ ദൈവവിധിയെച്ചൊല്ലി വേവലാതിപ്പെടേണ്ടതില്ല. ഒന്നും ഒന്നും രണ്ട് എന്ന് പറയുന്നതുപോലെ ലളിതമല്ല ജീവിതത്തിലെ സമവാക്യങ്ങള്‍. ദൈവത്തെ പരീക്ഷണനാളിയിലൂടെ തെളിയിച്ചു കൊടുക്കണം എന്ന് നിര്‍ബന്ധം പിടിക്കുന്നവര്‍ക്ക് മതത്തിന്റെ വിധിവിശ്വാസം വൈരുധ്യാത്മകമായി അനുഭവപ്പെടുന്നതില്‍ അത്ഭുതമില്ല. ദൈവത്തെ വിട്ട് ശാസ്ത്രത്തിന്റെയും യുക്തിചിന്തയുടെയും വിധിവാദ വൈരുധ്യങ്ങളില്‍ അവര്‍ അഭയം തേടേണ്ടി വരുമെന്നു മാത്രം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (71-76)
ടി.കെ ഉബൈദ്‌