Prabodhanm Weekly

Pages

Search

2020 ആഗസ്റ്റ് 21

3164

1442 മുഹര്‍റം 02

പിണറായിയില്‍ തുടങ്ങി പിണറായിയില്‍ തീരുമോ?

ബഷീര്‍ മാടാല 

'ബംഗാളില്‍നിന്ന് ഒരു വാര്‍ത്തയുമില്ല. 
ബംഗാളില്‍നിന്ന് മാത്രം
യാതൊന്നും അറിയുന്നില്ല
യാതൊന്നും
ഒന്നും'........

'പക്ഷേ കരിയില കെടുതികള്‍ പെറ്റുകൂട്ടുന്ന
വിശപ്പിന്റെ തള്ളപ്പിശാച്
കാത്തുകിടക്കുകയാണ്
നിസ്സാരമായ ഒരു കാറ്റൂതിയാല്‍
കരിയിലകള്‍ ആര്‍ത്തുണരും
ആരും ശ്രദ്ധിക്കില്ല,
പെട്ടെന്ന് സംഘടിക്കും
ഭയങ്കരമായി ചുഴലിയുണ്ടാകും
എല്ലാം അട്ടിമറിക്കും
വൃത്തികെട്ട കുഴികളില്‍ തണുത്ത് തണുത്ത് ചിതറിക്കിടക്കുന്ന
ഈ കിടപ്പുണ്ടല്ലോ,
ഇത് വിശ്വസിച്ചുകൂടാ
ഓര്‍ക്കാപ്പുറത്ത് ചുഴലി പൊങ്ങും
വഴിതടയുന്ന കൂറ്റന്‍ പര്‍വതങ്ങളെ 
ഞെരിച്ചമര്‍ത്തും'

ബംഗാളില്‍നിന്നു മാത്രമല്ല, ദല്‍ഹിയില്‍നിന്നും ഒരു വാര്‍ത്തയും ഇല്ലാതെ വന്നപ്പോള്‍ ഓര്‍മ വന്നത് എഴുപതുകളില്‍ കെ.ജി ശങ്കരപ്പിള്ള എഴുതിയ 'ബംഗാള്‍' എന്ന കവിതയിലെ മേല്‍പ്പറഞ്ഞ വരികളാണ്. അരനൂറ്റാണ്ട് മുമ്പ് ബംഗാളിന്റെ ഇന്നത്തെ രാഷ്ട്രീയം സ്വപ്നം കണ്ട കവിയുടെ വരികള്‍ കാലാതീതമാണ്. 'ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ കുഞ്ഞുങ്ങള്‍' എന്ന് മറ്റൊരു കവി പാടിയെങ്കില്‍ കെ.ജി ശങ്കരപ്പിള്ള ആ കുഞ്ഞുങ്ങളെ പോലെ ഇന്ത്യന്‍ അവസ്ഥയെ ദീര്‍ഘദര്‍ശനം ചെയ്ത വിപ്ലവകവിയാണ്. 
ഒരുകാലത്ത് ബംഗാള്‍ എന്നു കേട്ടാല്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരെല്ലാം ആവേശഭരിതരാകുമായിരുന്നു. ഇന്ന് അതേ ബംഗാളില്‍ പാര്‍ട്ടി ഓഫീസുകള്‍ വാടകക്ക് കൊടുത്ത് അതില്‍നിന്ന് കിട്ടുന്ന പ്രതിഫലം കൊണ്ടാണ് മഹത്തായ പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവിടെ മുന്നോട്ടുപോകുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ മൂന്ന് പതിറ്റാണ്ടിലേറെ അടക്കിഭരിച്ച ബംഗാളിന്റെ സ്ഥിതിയാണ് ഏതു കമ്മ്യൂണിസ്റ്റുകാരനെയും വേദനിപ്പിക്കുന്നത്. ത്രിപുരയുടെ കാര്യവും പ്രതിസന്ധിയിലാണ്. ഒരുകാലത്ത് ആന്ധ്രയിലും കര്‍ണാടകയിലുമെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭരണ ഭാഗധേയങ്ങള്‍ നിശ്ചയിച്ചിരുന്നു.
ഇ.എം.എസും സുര്‍ജിത്തും ജനറല്‍ സെക്രട്ടറിമാരായിരുന്ന കാലത്ത് ഇന്ത്യ ആര് ഭരിക്കണം എന്ന് നിശ്ചയിക്കുന്ന തലത്തിലേക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വളര്‍ന്നിരുന്നു. രാജീവ് ഗാന്ധിയും സോണിയയും അടക്കമുള്ള നേതാക്കള്‍ എ.കെ.ജി ഭവന്‍ എന്തുപറയുന്നു എന്ന് കേള്‍ക്കാന്‍ കാത്തിരുന്ന കാലം. ജ്യോതി ബസുവും ബുദ്ധദേവ് ഭട്ടാചാര്യയും മുഖ്യമന്ത്രിമാരായിരുന്ന ബംഗാള്‍ പാര്‍ട്ടിയുടെ ശക്തിദുര്‍ഗമായിരുന്നു. എന്താണ് ബംഗാളില്‍ സംഭവിച്ചതെന്ന് ഇന്നത്തെ പാര്‍ട്ടി പരിശോധിച്ചു തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മമതാ ബാനര്‍ജി അധികാരത്തിലെത്തിയതോടെ സി.പി.എമ്മിന് അവിടെ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥ. തദ്ദേശ തെരഞ്ഞെടുപ്പുകളിലും അസംബ്ലി തെരഞ്ഞെടുപ്പുകളിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചുള്ള പരാജയങ്ങള്‍. ജനങ്ങളില്‍നിന്ന്, സാധാരണക്കാരില്‍നിന്ന് പാര്‍ട്ടി അകന്നുപോയി എന്ന് പല പാര്‍ട്ടി കോണ്‍ഗ്രസുകള്‍ വിലയിരുത്തി. പരിഹാരം കണ്ടെത്താനായി പഠനങ്ങള്‍ നടത്തി. എന്നിട്ടും ബംഗാളില്‍ ഒരു മാറ്റവുമുണ്ടായില്ല. പിന്നാലെ ത്രിപുരയിലും അതുതന്നെ സംഭവിച്ചു. 64-ലേറെ എം.പിമാരുണ്ടായിരുന്ന സി.പി.എമ്മിന്റെ പാര്‍ലമെന്റിലെ അംഗബലം ഇന്ന് നാലു മാത്രമാണ്. അതും രണ്ടെണ്ണം രാഹുല്‍ ഗാന്ധിയുടെ സഹായത്തോടെ വിജയിച്ചവ. 
സി.പി.എമ്മിന്റെ അവശേഷിക്കുന്ന ശക്തികേന്ദ്രമാണ് കേരളം. ഇ.എം.എസും ഇ.കെ നായനാരും സി. അച്യുത മേനോനും പി.കെ.വിയും വി.എസും ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഭരിച്ച കേരളം. ഇപ്പോള്‍ സി.പി.എം കേരളത്തിലും വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് നേരിടുന്നത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ഭരണത്തില്‍ വരുമെന്നായിരുന്നു കണക്കുകൂട്ടല്‍. ആ പ്രതീക്ഷയെ അപകടപ്പെടുത്തിക്കൊണ്ടാണ് ശിവശങ്കറിന്റെയും സ്വപ്നയുടെയും രൂപത്തില്‍ ഭരണ സിരാകേന്ദ്രത്തില്‍ അവതാരങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രിയായി അധികാരമേറ്റ ദിവസം പിണറായി പറഞ്ഞിരുന്നു, 'എന്റെ ആളുകള്‍ എന്നുപറഞ്ഞ് പല അവതാരങ്ങളും കടന്നുവരും. അടുത്തിടെ അത്തരം ഒരു അവതാരം ബാംഗ്ലൂരില്‍ പ്രത്യക്ഷപ്പെട്ടതായി കേട്ടു. എല്ലാവരും സൂക്ഷിക്കണം. അത്തരം അവതാരങ്ങളെ ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ല. അവരെ അകറ്റിനിര്‍ത്തണം'. മുഖ്യമന്ത്രി തന്നെ പറഞ്ഞ വാക്കുകള്‍ അദ്ദേഹത്തിന് ഭരണത്തിന്റെ നാലാം കൊല്ലത്തില്‍ കൈമോശം വന്നു. അവതാരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെ തമ്പടിച്ചു. മാധ്യമങ്ങളും പ്രതിപക്ഷവും ചേര്‍ന്നു നടത്തുന്ന കുപ്രചാരണങ്ങള്‍ എന്നുപറഞ്ഞ് ഈ സംഭവങ്ങളെ നിസ്സാരവല്‍ക്കരിക്കാന്‍ കഴിയുമോ? കുറ്റക്കാര്‍ ആരായാലും വെച്ചുപൊറുപ്പിക്കില്ല എന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രിക്ക് പറ്റിയ തെറ്റുകള്‍ തിരുത്താനും നഷ്ടപ്പെട്ട പ്രതിഛായ തിരിച്ചുപിടിക്കാനും ഇനിയുള്ള ഒരു വര്‍ഷത്തിനുള്ളില്‍ കഴിഞ്ഞില്ലെങ്കില്‍ പിണറായിയില്‍ തുടങ്ങിയ പാര്‍ട്ടി പിണറായിയില്‍ അവസാനിക്കുമോ?.

Comments

Other Post

ഹദീസ്‌

നീതികെട്ട സമൂഹം വരണ്ട പുഴയാണ്
അബ്ദുര്‍റഹ്മാന്‍ ചെറുവാടി

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (29-31)
ടി.കെ ഉബൈദ്‌