Prabodhanm Weekly

Pages

Search

2020 ആഗസ്റ്റ് 21

3164

1442 മുഹര്‍റം 02

അല്ലാഹുവിന്റെ സഹായത്തിനായി നാം എന്തു ചെയ്യണം?

ജി.കെ എടത്തനാട്ടുകര

അല്ലാഹുവിന്റെ സവിശേഷ സഹായം കൊണ്ടല്ലാതെ മുസ്‌ലിംകള്‍ ഇന്നനുഭവിക്കുന്ന പ്രതിസന്ധികളെ മറികടക്കാന്‍ കഴിയില്ലെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ അല്ലാഹുവിന്റെ സഹായം കിട്ടാനുള്ള യഥാര്‍ഥ വഴിയെന്താണെന്ന ആലോചനക്ക് പ്രസക്തി ഏറിയ സന്ദര്‍ഭമാണിത്. ഈ ആലോചന 'എന്തിനാണ് മുസ്‌ലിംകള്‍?' എന്ന ചോദ്യത്തില്‍നിന്നു വേണം തുടങ്ങാന്‍. വിശുദ്ധ ഖുര്‍ആന്റെ അധ്യാപന പ്രകാരം ഹിന്ദു, ബുദ്ധ, ജൈന, സിഖ്, പാഴ്‌സി, ക്രിസ്ത്യന്‍ ജനവിഭാഗങ്ങളും മുസ്‌ലിംകളുമെല്ലാം ഒരേ മാതാപിതാക്കളുടെ മക്കളാണ്. അതിനാല്‍ അടിസ്ഥാനപരമായി ഒരേ തറവാട്ടുകാരാണ്. ഇതില്‍ മുസ്‌ലിംകള്‍ എന്ന പേരില്‍ ഒരു കൂട്ടര്‍ നിലനില്‍ക്കുന്നതിന്റെ ന്യായം എന്താണ്? ഇക്കൂട്ടരുടെ യഥാര്‍ഥ റോള്‍ എന്താണ്?
ഇന്ന് മുസ്‌ലിംകള്‍ എന്നറിയപ്പെടുന്നത് അന്ത്യപ്രവാചകന്റെ അനുയായികളെയാണ്. 'അന്ത്യപ്രവാചകന്റെ അനുയായികള്‍' എന്ന് പറഞ്ഞാല്‍ തന്നെ അതിന്റെ അര്‍ഥം പ്രവാചകത്വ പരമ്പരയുടെ ഒരു തുടര്‍ച്ചയാണ് ഈ സമൂഹം എന്നാണ്. മനുഷ്യനെ നേര്‍മാര്‍ഗത്തിലേക്ക് നയിക്കാനുള്ള ദൈവത്തിന്റെ നടപടിക്രമമാണല്ലോ പ്രവാചകത്വം. ആ ഒരു മഹത്തായ ബാധ്യത ഏല്‍പിക്കപ്പെട്ടവരാണ് മുസ്‌ലിംകള്‍ എന്നര്‍ഥം. വിശുദ്ധ ഖുര്‍ആന്‍ ഈ വശം അടിവരയിട്ടു പറയുന്നുണ്ട്: ''ഇവ്വിധം നിങ്ങളെ നാം ഒരു മിത സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങളുടെ മേല്‍ സാക്ഷികളാകാന്‍. ദൈവദൂതന്‍ നിങ്ങള്‍ക്കു മേല്‍ സാക്ഷിയാകാനും'' (2:143). അന്ത്യപ്രവാചകന്‍ ദൈവിക സന്ദേശത്തിന്റെ ജീവിക്കുന്ന സാക്ഷിയായതുപോലെ മുസ്‌ലിംകളും ജനങ്ങളുടെ മുന്നില്‍ സാക്ഷികളാവണമെന്നര്‍ഥം. പ്രവാചകത്വത്തിന്റെ ആവശ്യമെന്തോ അത് സാധ്യമാകേണ്ടത് മുസ്‌ലിംകളിലൂടെയാണെന്ന് ചുരുക്കം.
പ്രവാചകത്വം എന്നത് എല്ലാ കാലത്തും മനുഷ്യനെ നേര്‍വഴിയില്‍ നടത്താനുള്ള ദൈവത്തിന്റെ നടപടിക്രമമാണ്. അത് ജീവവായു പോലെ, ജീവജലം പോലെ മനുഷ്യന്റെ, മനുഷ്യനെന്ന നിലക്കുള്ള അവന്റെ നിലനില്‍പിന്റെ അടിസ്ഥാനമാണ്. പ്രവാചക സന്ദേശം മറച്ചുവെക്കുക എന്നത് മാനവ സമൂഹത്തോട് ചെയ്യുന്ന അക്രമമാണ്. അതിന്റെ ഗൗരവം ബോധ്യപ്പെടുത്തി അല്ലാഹു പറയുന്നു: ''നാം അവതരിപ്പിച്ച വ്യക്തമായ തെളിവുകളും മാര്‍ഗനിര്‍ദേശങ്ങളും മറച്ചുവെക്കുന്നവര്‍ ആരോ - അതും മുഴുവന്‍ മനുഷ്യര്‍ക്കുമായി നാം വേദഗ്രന്ഥത്തില്‍ വിശദീകരിച്ച ശേഷം- അവരെ ഉറപ്പായും അല്ലാഹു ശപിക്കുന്നു, ശപിക്കുന്നവരൊക്കെയും ശപിക്കുന്നു'' (2:159). 
മുഴുവന്‍ മനുഷ്യര്‍ക്കുമായി അല്ലാഹു അവതരിപ്പിച്ച വ്യക്തമായ തെളിവുകളും മാര്‍ഗനിര്‍ദേശങ്ങളും മറച്ചുവെക്കല്‍, അഥവാ മനുഷ്യരുടെ മുന്നില്‍ തുറന്നുവെക്കാതിരിക്കല്‍ അല്ലാഹുവിന്റെ ശിക്ഷക്ക് കാരണമാകുമെന്ന് വ്യക്തം. അപ്പോള്‍ പിന്നെ അല്ലാഹുവിന്റെ സഹായം ലഭിക്കാനുള്ള വഴി എന്താണെന്ന കാര്യം ഇവിടെ വ്യക്തമാണ്. ഒരു സമുദായത്തെ 'മുസ്‌ലിംകള്‍' എന്ന പേരില്‍ ജനങ്ങള്‍ക്കിടയില്‍ വെറുതെ നിലനിര്‍ത്തുക എന്നത് അല്ലാഹുവിന്റെ ലക്ഷ്യമാവുകയില്ലല്ലോ. ഇനി പ്രവാചകന്മാരെ നിയോഗിക്കുകയില്ല എന്നിരിക്കെ, ഈ കാലഘട്ടത്തിലെ പ്രവാചകത്വത്തിന്റെ വിടവ് നികത്തലാണ് മുസ്‌ലിംകളുടെ നിലനില്‍പിനുള്ള ന്യായം. ഈ ദൗത്യം മറന്ന് അക്രമം പ്രവര്‍ത്തിച്ച ചില സമുദായങ്ങളെ അല്ലാഹു ശത്രുക്കളെ നിയോഗിച്ച് ശിക്ഷിച്ച സംഭവങ്ങളും ഖുര്‍ആനിലുണ്ട്.
ബനൂ ഇസ്രാഈല്‍ സമൂഹം (അന്നത്തെ പാരമ്പര്യ മുസ്‌ലിം സമുദായം) ദൗത്യം മറന്ന് അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ അല്ലാഹു അവരോട് സ്വീകരിച്ച നിലപാട് ഖുര്‍ആന്‍ അറിയിക്കുന്നു: ''... നാം നിങ്ങള്‍ക്കെതിരെ നമ്മുടെ ദാസന്മാരിലെ അതിശക്തരായ ആക്രമണകാരികളെ അയച്ചു. അവര്‍ നിങ്ങളുടെ വീടുകള്‍ക്കിടയില്‍ പോലും നിങ്ങളെ പരതി നടന്നു...'' (17:5). അന്നത്തെ പാരമ്പര്യ മുസ്‌ലിം സമുദായത്തിനെതിരില്‍ അസ്സീറിയക്കാരെയും ബാബിലോണിയക്കാരെയും അല്ലാഹു നിയോഗിച്ച ചരിത്ര സംഭവമാണിവിടെ സൂചിപ്പിക്കുന്നത്. പിന്നീട് ദീര്‍ഘനാള്‍ കടുത്ത പീഡനങ്ങള്‍ക്കവര്‍ വിധേയരായി. ഇത് നമുക്ക് നല്‍കുന്ന പാഠങ്ങളിലൊന്ന് അല്ലാഹു ഒരു 'സാമുദായികവാദി' അല്ല എന്ന കാര്യമാണ്. തൊട്ടുടനെ അല്ലാഹു വീണ്ടും പറയുന്നു: ''പിന്നീട് നിങ്ങള്‍ക്ക് നാം അവരുടെ മേല്‍ വീണ്ടും വിജയം നല്‍കി. സമ്പത്തും സന്താനങ്ങളും നല്‍കി സഹായിച്ചു. നിങ്ങളെ കൂടുതല്‍ അംഗബലമുള്ളവരാക്കുകയും ചെയ്തു'' (17:6,7).
ഈ സൂക്തങ്ങളെ വിശദീകരിച്ചുകൊണ്ട് മൗലാനാ മൗദൂദി എഴുതുന്നു: ''എങ്കിലും യഹൂദികളില്‍ (ഇസ്രാഈല്യര്‍) നന്മക്കു വേണ്ടി നിലകൊള്ളുകയും നന്മയിലേക്ക് പ്രബോധനം നടത്തുകയും ചെയ്യുന്ന ഒരു ചെറിയ വിഭാഗം അവശേഷിച്ചിട്ടുണ്ടായിരുന്നു. അവര്‍ യഹൂദായില്‍ അങ്ങിങ്ങായി നിവസിച്ചിരുന്ന മറ്റുള്ളവരിലും പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും ബാബിലോണിയയിലേക്കും മറ്റു പ്രദേശങ്ങളിലേക്കും നാടുകടത്തപ്പെട്ടവരില്‍ പശ്ചാത്താപബോധം സൃഷ്ടിച്ചുകൊണ്ടിരിക്കുകയും ചെയ്തു. അവസാനം അല്ലാഹുവിന്റെ സഹായം അവരെ സഹായിക്കാനെത്തി. ബാബിലോണിയക്കാരുടെ ആധിപത്യം അവസാനിച്ചു'' (തഫ്ഹീമുല്‍ ഖുര്‍ആന്‍, രണ്ടാം വാള്യം പേജ് 516).
ദൗത്യം മറന്ന് ജീവിക്കുന്ന ഒരു സമുദായത്തെ, അവര്‍ പീഡിതരാണ് എന്ന കാരണത്താല്‍ മാത്രം അല്ലാഹു സഹായിക്കണമെന്നില്ല. അല്ലാഹുവിന്റെ ശിക്ഷയായും ഇങ്ങനെയുള്ള പീഡനങ്ങള്‍ ഉണ്ടാവാനിടയുണ്ട്. മൂസാ നബിയുടെ കാലത്തെ സംഭവവും അല്ലാഹുവിന്റെ സഹായം കിട്ടാനുള്ള വഴി നമുക്ക് പറഞ്ഞുതരുന്നുണ്ട്. കാലങ്ങളായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന ആ ജനതയിലേക്ക് അല്ലാഹുവിന്റെ സഹായം എത്തിയത് എപ്പോഴാണ്? മൂസാ നബിയെ നിയോഗിച്ചിട്ടു പോലും പീഡനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അതുകൊണ്ടാണ് മൂസാ നബിയോട് അവര്‍ പറഞ്ഞത്: ''നീ വരുന്നതിന് മുമ്പും ഞങ്ങള്‍ മര്‍ദിക്കപ്പെട്ടിരുന്നു. നീ വന്നതിനു ശേഷവും ഞങ്ങള്‍ക്ക് മര്‍ദനം തന്നെ'' (7:129). ഈ മര്‍ദന പീഡനങ്ങളില്‍നിന്ന് അവരെ അല്ലാഹു രക്ഷപ്പെടുത്തുന്നത് അതിന്റെ പല ഘട്ടങ്ങള്‍ അവര്‍ താണ്ടിയതിനു ശേഷമാണ്. അതിലൊന്ന് മൂസാ നബിയും ഹാറൂന്‍ നബിയും ഫറോവയുടെ കൊട്ടാരത്തില്‍ ചെന്ന് ദഅ്‌വത്ത് നിര്‍വഹിച്ച ഘട്ടമാണ് (ഖുര്‍ആന്‍ 7:103-112). ആ ദൗത്യനിര്‍വഹണഘട്ടത്തെ പറ്റി ഖുര്‍ആന്‍ പറയുന്നു: ''അങ്ങനെ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ മുഴുവനും നാം ഫിര്‍ഔന് കാണിച്ചുകൊടുത്തു. എന്നിട്ടുമയാള്‍ നിഷേധിക്കുകയും പിന്തിരിയുകയുമാണുണ്ടായത്'' (20:56).
രണ്ടാമത്തെ ഘട്ടത്തില്‍, ജനങ്ങളെ മുഴുവന്‍ ഒരു ഉത്സവപ്പറമ്പില്‍ ഒരുമിച്ചുകൂട്ടി മൂസാ നബി ദൈവിക ദൃഷ്ടാന്തം അവതരിപ്പിച്ച് അവരെ സത്യത്തിലേക്ക് ക്ഷണിക്കുകയാണ് (20:61-69). ആ ദൗത്യനിര്‍വഹണത്തിന്റെ ഒടുവില്‍ എന്തു സംഭവിച്ചു എന്നും ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്: ''അവസാനം ജാലവിദ്യക്കാരെല്ലാം സാഷ്ടാംഗം പ്രണമിച്ചു. അവര്‍ പ്രഖ്യാപിച്ചു: 'ഞങ്ങള്‍ ഹാറൂന്റെയും മൂസായൂടെയും നാഥനില്‍ വിശ്വസിച്ചിരിക്കുന്നു'' (20:70). ഇതിനിടയില്‍ ഫറോവയുടെ ഭാര്യയും കോപ്റ്റ് വംശജരില്‍പെട്ട ചിലരും മൂസാ നബിയില്‍ വിശ്വസിക്കുന്നുണ്ട്. സ്വന്തം വംശത്തില്‍ പെട്ടവരും ബന്ധുക്കളുമായ ചിലര്‍ മൂസാ നബിയുടെ പ്രതിയോഗികളായി മാറുന്നുമുണ്ട്. അതില്‍ മുഖ്യനായിരുന്നു ഖാറൂന്‍. ഈ ഖാറൂന്‍ മുതലാളിയെ ഭൂകമ്പത്തില്‍പെടുത്തി ഭൂമിയിലാഴ്ത്തിയ സംഭവവും ഖുര്‍ആന്‍ വിവരിക്കുന്നു.
ഈ സംഭവം വലിയ പാഠങ്ങളാണ് നമുക്ക് തരുന്നത്. മൂസാ നബിയുടെ വരവ് വരെയും ഈജിപ്തില്‍ നടന്നിരുന്നത് വംശീയ കൊലകളാണ്. ഒരു പാരമ്പര്യ സമുദായം അവിടെ നിലനിന്നു എന്നതിന്റെ പേരില്‍ ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ ആ ജനതക്ക് കഴിഞ്ഞില്ല. അത് സ്വാഭാവികമാണ്. അതിനാല്‍തന്നെ ഇസ്‌ലാമും ജാഹിലിയ്യത്തും തമ്മിലുള്ള ഏറ്റുമുട്ടലല്ല അവിടെ നടന്നിരുന്നത്. ഹഖും ബാത്ത്വിലും അവിടെ വേര്‍തിരിഞ്ഞിട്ടില്ലായിരുന്നു. എന്നാല്‍ മൂസാ നബിയുടെയും ഹാറൂന്‍ നബിയുടെയും വരവോടെ പല ഘട്ടങ്ങളിലായി ആ  ജനതക്ക് മുഴുവന്‍ ദൈവത്തിന്റെ സന്ദേശം എത്തിക്കുന്നുണ്ട്. അതോടുകൂടിയാണ് അക്രമികളായ ജനതക്കെതിരില്‍ അല്ലാഹുവിന്റെ സഹായം അവര്‍ക്ക് ലഭിക്കുന്നത്.
ഈ ചരിത്ര സംഭവങ്ങള്‍ മുസ്‌ലിം സമൂഹത്തിന് പുനരാലോചനക്കുള്ള വലിയ പാഠങ്ങള്‍ നല്‍കുന്നുണ്ട്. അതിലേറ്റവും പ്രധാനം, മുസ്‌ലിം പീഡനങ്ങളുടെയും കൊലകളുടെയും പിന്നിലെ വംശീയ കാരണത്തെ ആദര്‍ശപരമായ കാരണത്തിലേക്ക് പരിവര്‍ത്തിപ്പിക്കണം എന്നതാണ്. ഇത് അല്ലാഹുവിന്റെ ഇടപെടലുണ്ടാവാനും സഹായം കിട്ടാനുമുള്ള ന്യായത്തില്‍ പെട്ടതാണ്. സത്യം കൃത്യമായി ബോധ്യപ്പെടുത്തപ്പെട്ട ഒരു സമൂഹം ചെയ്യുന്ന അക്രമവും സത്യം കൃത്യമായി ബോധ്യപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ഒരു സമൂഹം ചെയ്യുന്ന അക്രമവും ഒരു പോലെയല്ല. 'ദൂതന്‍ നിയോഗിക്കപ്പെടാത്ത ഒരു സമൂഹത്തെയും നാം ശിക്ഷിക്കുകയില്ല' (17:15) എന്ന് അല്ലാഹു പറഞ്ഞത് ഇതിലേക്ക് കൂടിയാണ് വിരല്‍ ചൂണ്ടുന്നത്. സത്യവും അസത്യവും (ഹഖും ബാത്ത്വിലും) വ്യക്തികള്‍ക്ക് ബോധ്യപ്പെടുക എന്നതും, അതിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍ വേര്‍തിരിവുണ്ടാവുക എന്നതും അല്ലാഹുവിന്റെ ഇടപെടലിനുള്ള അല്ലെങ്കില്‍ സഹായം ലഭിക്കാനുള്ള ന്യായത്തില്‍ പെട്ടതാണെന്ന് ചുരുക്കം.
ഈ യാഥാര്‍ഥ്യം മുന്നില്‍ വെച്ച് ആലോചിക്കുക. നമ്മുടെ രാജ്യത്ത് ഇന്ന് അന്ത്യപ്രവാചകന്റെ അനുയായികള്‍ പീഡനങ്ങള്‍ക്ക് ഇരകളാവുന്നത് എന്തെല്ലാം കാരണങ്ങളാലാണ്? ഒരു സമുദായത്തില്‍ ജനിച്ചു എന്നതിന്റെ പേരില്‍ അല്ലെങ്കില്‍ അറബിപ്പേരുണ്ടായതിന്റെ പേരില്‍, അതുമല്ലെങ്കില്‍ ബീഫ് തിന്നതിന്റെ പേരില്‍.... എന്നാല്‍, റസൂലിന്റെ കാലത്ത് മുസ്‌ലിംകള്‍ പീഡനങ്ങള്‍ക്ക് ഇരകളായത് എന്തെല്ലാം കാരണങ്ങളാലായിരുന്നു? ഒന്നുകില്‍ ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ അല്ലെങ്കില്‍ ഇസ്‌ലാം പ്രബോധനം ചെയ്തതിന്റെ പേരില്‍, അതുമല്ലെങ്കില്‍ തിന്മക്കെതിരെ പോരാടിയതിന്റെ പേരില്‍. ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരിലോ ഇസ്‌ലാമിനെ പ്രബോധനം ചെയ്തതിന്റെ പേരിലോ ഇസ്‌ലാമിന്റെ പ്ലാറ്റ്‌ഫോമില്‍ നിന്നുകൊണ്ട് തിന്മക്കെതിരില്‍ പോരാടിയതിന്റെ പേരിലോ ഉള്ള പീഡനങ്ങളും കൊലകളും നമ്മുടെ നാട്ടില്‍ അപവാദങ്ങള്‍ മാത്രമാണ്.
അതുകൊണ്ടുതന്നെ മുഹമ്മദ് നബിയുടെ കാലത്തുണ്ടായ മുസ്‌ലിം പീഡനങ്ങളോടല്ല, മൂസാ നബിയുടെ കാലത്തുണ്ടായ വംശീയ പീഡനങ്ങളോടാണ് ഇന്നിവിടെ നടക്കുന്ന മുസ്‌ലിം പീഡനങ്ങള്‍ക്ക് സാമ്യം. 'ഇസ്‌ലാമോഫോബിയ' എന്ന ആഗോള പ്രതിഭാസത്തിന്റെ സ്വാധീനം തീരെ ഇല്ലെന്നുമല്ല പറഞ്ഞുവരുന്നത്. എന്തായാലും അല്ലാഹുവിന്റെ സഹായം ലഭിക്കണമെങ്കില്‍ മുസ്‌ലിം സമൂഹം ഇസ്‌ലാമിനെ ശരിയാംവിധം പ്രതിനിധാനം ചെയ്ത് പ്രബോധനം നിര്‍വഹിക്കുക തന്നെ വേണം. ജാഹിലിയ്യാ സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അനാവശ്യമായ തമ്മില്‍തല്ലുമൊക്കെ അതേപടി നാം മുസ്‌ലിം സമുദായത്തിലും കാണുന്നില്ലേ? ഈ കാലഘട്ടത്തില്‍ പ്രവാചകത്വത്തിന്റെ ആവശ്യം നിറവേറ്റാന്‍ ബാധ്യതപ്പെട്ട ഒരു വിഭാഗത്തെ ഇങ്ങനെത്തന്നെ നിലനിര്‍ത്താന്‍ എന്തു ന്യായമാണുള്ളത്?
അതിനാല്‍ ദൗത്യനിര്‍വഹണത്തിനായി സടകുടഞ്ഞെഴുന്നേല്‍ക്കേണ്ട സമയമായിരിക്കുന്നു. ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്ന സവിശേഷ സാഹചര്യത്തില്‍ ദീനിന്റെ ദഅ്‌വത്ത് എങ്ങനെ സാധ്യമാകും എന്നൊരു പക്ഷേ ചോദിച്ചേക്കാം. അതിനുള്ള മറുപടിയായി വിശുദ്ധ ഖുര്‍ആന്‍ ചോദിക്കുന്നത് നോക്കൂ: ''അല്ലാഹുവിലേക്ക് പ്രബോധനം ചെയ്യുകയും സല്‍ക്കര്‍മങ്ങള്‍ ആചരിക്കുകയും ഞാന്‍ മുസ്‌ലിംകളില്‍ പെട്ടവനാകുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തവനേക്കാള്‍ വചനത്താല്‍ ശ്രേഷ്ഠനായവനാരുണ്ട്'' (41:33).
ഈ വചനം അവതരിക്കുന്നത് മക്കയിലാണ്. അതിനര്‍ഥം ഇസ്‌ലാമിനെ നിരോധിച്ച, താനൊരു മുസ്‌ലിമാണെന്നൊരാള്‍ പറഞ്ഞാല്‍ തല പോകുന്ന സമയമാണത്. ഈ സൂക്തത്തെ വ്യാഖ്യാനിച്ച് മൗലാനാ മൗദൂദി എഴുതുന്നു: ''വിശ്വാസികളെ സമാധാനിപ്പിക്കുകയും അവരില്‍ ധൈര്യം വളര്‍ത്തുകയും ചെയ്തശേഷം അവരെ അവരുടെ യഥാര്‍ഥ ദൗത്യത്തിലേക്ക് പ്രോത്സാഹിപ്പിക്കുകയാണിവിടെ. അല്ലാഹുവിനോടുള്ള അടിമത്തത്തില്‍ ഉറച്ചുനില്‍ക്കുകയും ആ മാര്‍ഗം തെരഞ്ഞെടുത്തശേഷം അതില്‍നിന്ന് വ്യതിചലിക്കാതിരിക്കുകയും ചെയ്യുക എന്നതുതന്നെ മനുഷ്യനെ മലക്കുകളുടെ പിന്തുണക്കും സ്വര്‍ഗത്തിനും അര്‍ഹനാക്കുന്ന അടിസ്ഥാനപരമായ നന്മയാണെന്നാണ് കഴിഞ്ഞ സൂക്തത്തില്‍ വ്യക്തമാക്കിയത്. നന്മ ചെയ്യുക, മറ്റുള്ളവരെ അല്ലാഹുവിന്റെ അടിമത്തത്തിലേക്ക് ക്ഷണിക്കുക, ഇസ്ലാം പരസ്യമായി പ്രകടിപ്പിക്കുന്നത് തനിക്കുനേരെ ആപത്ത് വിളിച്ചുവരുത്തലായിത്തീരുന്ന കടുത്ത പ്രതികൂല സാഹചര്യങ്ങളില്‍ പോലും താന്‍ മുസ്ലിമാണെന്ന് ധീരമായി പ്രഖ്യാപിക്കുക- ഇതാണ് ഒരു മനുഷ്യന്ന് ഈ ലോകത്ത് പ്രാപിക്കാവുന്ന ഏറ്റവും വലിയ ഔന്നത്യം എന്നാണ് ഇവിടെ പറയുന്നത്. ഈ അധ്യായത്തിന്റെ പ്രാധാന്യം മുഴുവന്‍ മനസ്സിലാക്കുന്നതിന് ഇത് അവതരിച്ച സാഹചര്യം വീക്ഷിക്കേണ്ടതുണ്ട്. താന്‍ മുസ്ലിമാണെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന ഒരാള്‍ക്ക് തന്നെ കടിച്ചുചീന്താന്‍ ഓടിയടുക്കുന്ന ഹിംസ്രജന്തുക്കള്‍ നിറഞ്ഞ വനത്തില്‍ പെട്ടെന്ന് ചെന്നുപെട്ട അനുഭവമുണ്ടാകുന്ന ഒരവസ്ഥാവിശേഷമായിരുന്നു അത്. അതിനപ്പുറം അയാള്‍ ഇസ്ലാമിനെ പ്രബോധനം ചെയ്യാന്‍കൂടി ഒരുമ്പെട്ടാല്‍ അതു തന്നെ കടിച്ചുകീറാന്‍ വന്യമൃഗങ്ങളെ മാടിവിളിക്കുന്നതുപോലെയായിരുന്നു. ആ അവസ്ഥയില്‍ അല്ലാഹു അരുളുകയാണ്: ഒരുവന്‍ അല്ലാഹുവിനെ തന്റെ റബ്ബായി അംഗീകരിക്കുകയും സന്മാര്‍ഗം കൈക്കൊള്ളുകയും അതില്‍നിന്ന് പിന്മാറാതിരിക്കുകയും ചെയ്യുന്നതുതന്നെ മഹത്തരവും മൗലികപ്രധാനവുമായ നന്മയാകുന്നു. എന്നാല്‍, സമ്പൂര്‍ണമായ നന്മ, അനന്തരഫലങ്ങളെ ഭയപ്പെടാതെ താന്‍ മുസ്ലിമാണെന്ന് പ്രഖ്യാപിക്കുകയും സൃഷ്ടികളെ അല്ലാഹുവിന്റെ അടിമത്തത്തിലേക്ക് ക്ഷണിക്കുകയും ആ ദൗത്യം നിര്‍വഹിക്കുമ്പോള്‍, തന്റെ കര്‍മങ്ങള്‍ ആര്‍ക്കും ഇസ്ലാമിനെയോ അതിന്റെ ധ്വജവാഹകരെയോ വിമര്‍ശിക്കാന്‍ ഒരു പഴുതുമേകാത്തവിധം പരിശുദ്ധമാക്കുകയുമാകുന്നു'' (തഫ്ഹീമുല്‍ ഖുര്‍ആന്‍ വാള്യം 4, പേജ് 419).
പ്രതിസന്ധികള്‍ പ്രബോധന പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ന്യായമല്ല; അത് ശക്തിപ്പെടുത്താന്‍ നിമിത്തമാവുകയാണ് വേണ്ടത്. ഇത് ശക്തിപ്പെടുത്തും മുമ്പ് 'ഇസ്‌ലാമിനെ സ്‌നേഹിക്കുന്ന മുസ്‌ലിംകള്‍' എന്ന് പ്രത്യേകം പറയാനുള്ള കാരണം, ഇസ്‌ലാമിനെ മറന്നുകൊണ്ട് സമുദായത്തെ സ്‌നേഹിക്കുന്നവരും മുസ്‌ലിംകള്‍ എന്ന പേരില്‍ തന്നെ നിലനില്‍ക്കുന്നുണ്ട് എന്നതുകൊണ്ടാണ്. ഒരു പ്രദേശത്ത് എത്ര മുസ്‌ലിംകള്‍ ഉണ്ട് എന്ന് കണക്കെടുപ്പ് നടത്തേണ്ടത് സ്വുബ്ഹ് നമസ്‌കാരത്തിന് പള്ളിയിലെത്തിയ വരെ നോക്കിയിട്ടാണ് എന്നൊരു പണ്ഡിതന്‍ പറഞ്ഞിട്ടുണ്ട്. 'ശത്രുക്കള്‍ പള്ളി പൊളിച്ചപ്പോഴാണോ നിങ്ങള്‍ക്ക് പള്ളിയോട് സ്‌നേഹം കൂടിയത്?' എന്ന് ചിലര്‍ സമുദായത്തെ കളിയാക്കി ചോദിച്ചതിലും ചില ആലോചനാവിഷയങ്ങളുണ്ട്. അല്ലാഹുവിനെ മറന്നുകൊണ്ട് ഇസ്‌ലാമിനെ സ്‌നേഹിക്കുന്നവരും സമുദായത്തിലുണ്ട് എന്നതിലേക്കാണ് ആ ചോദ്യം വിരല്‍ ചൂണ്ടുന്നത്. അല്ലാഹുവിനെ മറന്നുകൊണ്ട് ഇസ്‌ലാമിനെ സ്‌നേഹിക്കുന്നതും ഇസ്‌ലാമിനെ മറന്നുകൊണ്ട് സമുദായത്തെ സ്‌നേഹിക്കുന്നതും അല്ലാഹുവിന്റെ സഹായം ലഭിക്കാന്‍ ന്യായമാവുകയില്ല.
ഇതുപോലെ ഗുരുതരമാണ് പ്രവാചക സന്ദേശത്തെ മറന്നുകൊണ്ടുള്ള പ്രവാചക സ്‌നേഹവും. പ്രവാചക സന്ദേശം എന്നത് മനുഷ്യന്റെ ഇഹ-പര രക്ഷക്കുള്ള ദൈവത്തിന്റെ അനുഗ്രഹമാണ്. ഇതിന്റെ പ്രായോഗിക വക്താക്കളാവണം അന്ത്യപ്രവാചകന്റെ അനുയായികള്‍. 'ഇവിടെ ഹാജരുള്ളവര്‍ ഹാജരില്ലാത്തവര്‍ക്കിത് എത്തിച്ചുകൊടുക്കട്ടെ' എന്ന അന്ത്യദൂതന്റെ അന്ത്യമൊഴികള്‍ നെഞ്ചിലേറ്റി ജനഹൃദയങ്ങളിലേക്ക് കടന്നു ചെല്ലാന്‍ ബാധ്യതപ്പെട്ടവരാണ് വിശ്വാസികള്‍. വഴിയറിയാതെ ജീവിക്കുന്ന ജനങ്ങളോട് പ്രവാചകന്റെ നിലപാടെന്തായിരുന്നു എന്ന് നാം ആലോചിക്കണം.
ലോകര്‍ക്കാകമാനം കാരുണ്യവാനായി നിയോഗിക്കപ്പെട്ട പ്രവാചകന്‍ സ്വാഭാവികമായും മനുഷ്യ സ്‌നേഹത്തിന്റെ മൂര്‍ത്ത രൂപമായിരുന്നു. ജനം വഴിതെറ്റി പോകുന്നത് കണ്ട പ്രവാചകന്റെ മാനസികാവസ്ഥയെക്കുറിച്ച് ഖുര്‍ആന്‍ പറഞ്ഞുതരുന്നത് നോക്കൂ: ''ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിക്കുന്നില്ലെങ്കില്‍ അവരുടെ പിറകെ കടുത്ത ദുഃഖത്തോടെ നടന്നലഞ്ഞ് താങ്കള്‍ ജീവനൊടുക്കിയേക്കാം'' (18:6). ഇങ്ങനെ സ്വയം ജീവന്‍ കളയുമോ എന്ന അവസ്ഥയിലെത്തുമാറ് പ്രവാചകന്‍ അസ്വസ്ഥനായത് വിശ്വാസികള്‍ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ചോര്‍ത്തിട്ടല്ല; ജനം വഴിതെറ്റിപ്പോകുന്നത് കണ്ടിട്ടായിരുന്നു. ഇതിന് പറയുന്ന പേരാണ് 'ഗുണകാംക്ഷ'. ദീന്‍ എന്നാല്‍ ഗുണകാംക്ഷയാണ് എന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ടല്ലോ. ദീനിനോടുള്ള സ്‌നേഹം സാമുദായികതയില്‍നിന്നല്ല ഉണ്ടാവേണ്ടത്; മനുഷ്യരോടുള്ള ഗുണകാംക്ഷയില്‍നിന്നാണ്. എല്ലാ പ്രവാചകന്മാരും 'യാ ഖൗമീ' (എന്റെ സമൂഹമേ) എന്ന് സ്വന്തത്തിലേക്ക് ചേര്‍ത്തു വിളിച്ചത് മൊത്തം സമൂഹത്തെയാണ്. 'നമ്മുടെ ഖൗമ്' എന്ന സാമുദായിക ബോധം അതിലില്ല എന്നത് തീര്‍ച്ചയാണ്.
'മാനവികതയുടെ പൂര്‍ത്തീകരണത്തിനു വേണ്ടിയാണ് ഞാന്‍ നിയോഗിതനായത്' എന്ന് പറഞ്ഞ പ്രവാചകന്‍, യുദ്ധരംഗത്ത് പോലും ശത്രുക്കള്‍ക്ക് ഹിദായത്ത് കിട്ടാന്‍ പ്രാര്‍ഥിച്ചതായി കാണാം. ഉഹുദ് യുദ്ധത്തില്‍ ശത്രുവിന്റെ കല്ലേറ് കൊണ്ട് പ്രവാചകന്റെ പല്ല് പൊട്ടി. വാളേറ്റ് മുറിവ് പറ്റി രക്തമൊലിച്ച് നില്‍ക്കുന്ന പ്രവാചകനോട് അനുയായികള്‍ ചോദിച്ചു: 'ശത്രുക്കളുടെ നാശത്തിനു വേണ്ടി പ്രവാചകരേ താങ്കള്‍ക്ക് അല്ലാഹുവിനോട് പ്രാര്‍ഥിച്ചുകൂടായിരുന്നോ?'
പ്രവാചകന്റെ മറുപടി, 'ജനങ്ങള്‍ക്ക് ശാപമായി നിയോഗിക്കപ്പെട്ടനല്ല ഞാന്‍. ജനങ്ങള്‍ക്ക് അനുഗ്രഹമായി നിയോഗിക്കപ്പെട്ടവനാണ്. അല്ലാഹുവേ, എന്റെ ജനം അറിവില്ലാത്തവരാണ്. അവര്‍ക്ക് നീ സന്മാര്‍ഗം നല്‍കേണമേ' എന്നായിരുന്നു. ശത്രുവിന് പോലും പ്രാര്‍ഥനയില്‍ ഇടം നല്‍കുമാറ് മനുഷ്യസ്‌നേഹത്തിന്റെ അങ്ങേയറ്റം വരെ വിശാലമാണ് ഇസ്‌ലാം എന്നര്‍ഥം.
അതിനാല്‍ കൊലക്കത്തിയുമായി വരുന്ന ജനങ്ങള്‍ക്ക് ഹിദായത്ത് കിട്ടാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കേണ്ടതുണ്ട്, പ്രവാചകത്വത്തെ പ്രതിനിധീകരിക്കുന്ന പ്രബോധക സമൂഹം. മാത്രമല്ല, അക്രമികളായ നേതാക്കളെ ടാര്‍ജറ്റ് ചെയ്ത്, അവര്‍ക്ക് ഹിദായത്ത് കിട്ടാനുള്ള പ്രത്യേക പ്രാര്‍ഥനയും അല്ലാഹുവിന്റെ പ്രവാചകന്‍ നടത്തിയതായി കാണാം. 'രണ്ടാലൊരു ഉമറിനെക്കൊണ്ട് ഈ ദീനിനെ നീ ശക്തിപ്പെടുത്തേണമേ' എന്ന പ്രാര്‍ഥന അതിനുദാഹരണമാണ്. ഈ ദൗത്യനിര്‍വഹണത്തിന് ആരില്‍നിന്ന് കിട്ടുന്ന പിന്തുണയും സ്വീകരിക്കാന്‍ 'സ്വത്വബോധം' തടസ്സമായിക്കൂടാ. മുശ്‌രിക്കായ അബൂത്വാലിബ് മുതല്‍ ഹിജ്‌റക്ക് വഴികാട്ടിയായ മുസ്‌ലിം അല്ലാത്ത അബ്ദുല്ലാഹിബ്‌നു ഉബൈഖിദ് അടക്കമുള്ളവര്‍ ഇസ്‌ലാമിനെ കെട്ടിപ്പടുക്കുന്നതില്‍ പങ്കുവഹിച്ചവരാണ്. സാമുദായിക ബോധത്താല്‍ കെട്ടിപ്പടുക്കപ്പെട്ട മതമല്ലല്ലോ ഇസ്‌ലാം. അതുകൊണ്ടുതന്നെ നൂഹ് നബിയുടെ മകനില്ലാത്ത സ്ഥാനം ഇസ്‌ലാമില്‍ മുശ്‌രിക്കായ അബൂത്വാലിബിനുണ്ടാവും. അതുകൊണ്ടാണ് അബൂത്വാലിബിന്റെ മരണവര്‍ഷത്തെ പ്രവാചകന്‍ ദുഃഖവര്‍ഷമായി ആചരിച്ചത്. മുആവിനുകള്‍ (സഹകാരികള്‍) ഉണ്ടാവുക എന്നതും ദഅ്‌വത്തിന്റെ ലക്ഷ്യങ്ങളില്‍ പെട്ടതാണെന്ന് ചുരുക്കം.
ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ മതപരിവര്‍ത്തന പരിപാടിയായി പൊതുജനത്തിന് തോന്നുന്നുണ്ടെങ്കില്‍ വീണ്ടുവിചാരം ആവശ്യമാണ്. പ്രവാചകന്മാര്‍ ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന വിശ്വാസ, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ തിന്മകള്‍ക്കെതിരിലെല്ലാം ബോധവത്കരണവും സമരങ്ങളും നടത്തിയതായി കാണാം. ലൂത്വ് നബി സ്വവര്‍ഗരതി എന്ന സാമൂഹിക തിന്മക്കെതിരില്‍ ബോധവത്കരണം നടത്തിക്കൊണ്ടാണ് ദഅ്‌വത്ത് നിര്‍വഹിച്ചതെങ്കില്‍ ശുഐബ് നബി സാമ്പത്തിക കുറ്റങ്ങളെ വിഷയമാക്കിക്കൊണ്ടാണിത് നിര്‍വഹിക്കുന്നത്. ഈസാ നബി മതപൗരോഹിത്യത്തിനെതിരായി നിലകൊണ്ട് ദഅ്‌വത്ത് നിര്‍വഹിച്ചപ്പോള്‍, മൂസാ നബി ഫറോവയുടെ ഏകാധിപത്യ, ഫാഷിസത്തോടെതിരിട്ടാണിത് നിര്‍വഹിക്കുന്നത്. ഓരോ പ്രവാചകനും അതത് സമൂഹത്തിലെ വിശ്വാസതലത്തില്‍ നിലനില്‍ക്കുന്ന തിന്മകള്‍ക്കെതിരില്‍ മാത്രമല്ല, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമടക്കമുള്ള എല്ലാ തിന്മകള്‍ക്കെതിരിലും വിരല്‍ ചൂണ്ടിയാണ് ജനങ്ങളെ തൗഹീദിലേക്ക് ക്ഷണിച്ചിരുന്നത്. ദഅ്‌വത്ത് എന്നത് ക്രിസ്ത്യന്‍ 'സുവിശേഷ' പ്രവര്‍ത്തനത്തിന്റെ ഇസ്‌ലാമിക മോഡലല്ല എന്നര്‍ഥം.

Comments

Other Post

ഹദീസ്‌

നീതികെട്ട സമൂഹം വരണ്ട പുഴയാണ്
അബ്ദുര്‍റഹ്മാന്‍ ചെറുവാടി

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (29-31)
ടി.കെ ഉബൈദ്‌