ഇസ്ലാം അകം പുറം വായനകള്‍
ഇസ്ലാം പ്രകൃതി മതമാണ്. പ്രകൃതി എന്നത് അടിസ്ഥാനമുള്ളതും അടിസ്ഥാനങ്ങളുടെ അടിസ്ഥാനവും എന്ന അര്‍ഥത്തിലാണ്. പ്രകൃതിയുടെ പ്രകൃതം താളമാണ്. തെന്നിയും തെറിച്ചുമാണെങ്കിലും ആ താളം പരുവപ്പെട്ടു വരുമ്പോള്‍ അതൊരു മധുരമുള്ള ഇശലായി മാറും. ഇസ്ലാം ലോകനിയന്താവിന്റെ താളമാണ്. മനുഷ്യരാശിയുടെ ജീവിതത്തിന്റെ കയറ്റിറക്കങ്ങള്‍ക്കു ദൈവം കനിഞ്ഞരുളിയ മാര്‍ഗ ദീപം. വെളിച്ചത്തിനു മേല്‍ വെളിച്ചം എന്നാണതിനു പറയുക. പരംപൊരുളില്‍നിന്നുള്ള വെളിച്ചമായതു കൊണ്ട് ആ വെളിച്ചത്തിനു വെളിച്ചം പകരാന്‍ മറ്റു വെളിച്ചങ്ങള്‍ ആയി ഭാവിക്കുന്നതിനൊന്നും കഴിയില്ല. പകല്‍ പോലെ വെളിച്ചത്തായ കാര്യമാണത്. ഇരുട്ടുകൊണ്ട് അതിനെ കെടുത്താന്‍ ശ്രമിച്ചതൊക്കെ തകര്‍ന്നിട്ടുണ്ടെന്നു ജനതതികളുടെ പൂര്‍വചരിതം വിവരിച്ചുകൊണ്ട് ഖുര്‍ആന്‍ പകര്‍ന്നിടുന്നുണ്ട്. ഇരുട്ട് സ്ഥായി അല്ലെന്നും വെളിച്ചമാണ് സ്ഥായി എന്നും മനുഷ്യ അറിവാണ്. അറിവ് എന്നാല്‍ മുന്നോട്ടുള്ള ഗമനത്തിന്റെ വഴിയാണ്. ചിലപ്പോഴൊക്കെ മനുഷ്യരാശി ഇരുട്ടു കൊണ്ട് വെളിച്ചത്തെ തടഞ്ഞു നിര്‍ത്താം എന്ന് വ്യാമോഹിക്കുകയും സാമാന്യ അറിവുകളെ അസാമാന്യമായി അട്ടിമറിച്ചുകൊണ്ട് ഇരുട്ടാണ് സ്ഥായി എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട്. ദൈവത്തെ കൊന്നുകളയാം എന്ന് വ്യാമോഹിച്ച നീഷെമാരുടെ കൂട്ടം കഴിഞ്ഞ തലമുറയില്‍ കടന്നു പോയിട്ടുണ്ടെങ്കില്‍ മരണത്തെ കീഴടക്കുന്ന സൈബര്‍ മനുഷ്യരുടെ കാലത്തെക്കുറിച്ച് സംസാരിച്ചും സ്വപ്‌നം കുകൊണ്ടുമാണ് യുവാന്‍ നോഹ ഹരാരിയെപ്പോലുള്ള നരവംശ അന്വേഷകര്‍ കൊറോണാനന്തര കാലത്തെ നിരന്തരം നെയ്‌തെടുക്കുന്നത്. മതവും ദൈവവും എന്ന സാമാന്യ കാഴ്ചപ്പാടില്‍നിന്നും എന്നും തെന്നിമാറി മനുഷ്യന്റെ മുഴു വ്യവഹാരങ്ങളിലും ഇടപെട്ടുനില്‍ക്കുന്ന ഇസ്ലാമിന്റെ ദാര്‍ശനിക ഭാവം ഇത്തരം ഇരുടന്‍ ചിന്തകളുടെ കണ്ഠകോടാലിയാണെന്ന് അറിയുന്ന സഖ്യസേനകള്‍ ചിന്താപരമായി ഇസ്ലാമിനെ തകര്‍ത്തെറിയാനുള്ള പുതിയ പ്രവണതകള്‍ ലോകത്തെങ്ങും വ്യാപിപ്പിക്കുകയോ അതിനു കൃത്യമായി വരവ് വെച്ചുകൊണ്ട് സഹായങ്ങള്‍ അര്‍പ്പിക്കുകയോ ചെയ്യുന്നുണ്ട്.
ഇസ്‌ലാമിന്റെ രീതി ഒഴുകുന്ന പ്രത്യയശാസ്ത്രം എന്നതാണ്. ഒഴുക്ക് അതിന്റെ സ്വാഭാവികതയില്‍ ഒരു സ്വതന്ത്രമായ പ്രക്രിയയാണ്. ഒരിടത്തു നിന്ന് തുടങ്ങുകയും മറ്റൊരിടത്ത് അവസാനിക്കുകയും ചെയ്യേണ്ട, കയറ്റവും ഇറക്കവും അനുഭവിക്കേണ്ട സ്വാഭാവികതയാണത്. അതില്‍ അസ്വാഭാവികതകള്‍ സംഭവിക്കുമ്പോള്‍ തനിമ ചോര്‍ന്നു പോവുകയും അത് മറ്റെന്തോ ആയിത്തീരുകയും ചെയ്യുന്നു. അത് അങ്ങനെ ആയിത്തീര്‍ന്നതിനെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നത് ബനൂ ഇസ്രാഈല്‍ സമൂഹത്തെ മുന്‍നിര്‍ത്തിയിട്ടാണ്. നിരന്തരമായ കുറ്റവിചാരണയില്‍ അവരെ സത്യത്തെ അസത്യം കൊണ്ട് പുതപ്പിച്ചവര്‍ എന്നും വാക്കുകളില്‍ കൂട്ടിച്ചേര്‍ത്തും വെട്ടിത്തിരുത്തിയും ദൈവിക സന്ദേശത്തെ വളച്ചൊടിച്ചവര്‍ എന്നും ദൈവിക നിയമാവലിയെ കുതന്ത്രങ്ങള്‍ കൊണ്ട് തന്നിഷ്ടപ്പെടുത്തിയവര്‍ എന്നും പറയുന്നുണ്ട്. വലിയ വാചകങ്ങളില്‍ അവരെ നിരന്തര വിചാരണ നടത്തുന്നത് ഒരു സമൂഹം എന്ന അര്‍ഥത്തില്‍ മൂന്നായി തിരിച്ചുകൊണ്ടാണ്:
1. അവരിലെ പണ്ഡിത പുരോഹിതന്മാരുടെ ഇരട്ടത്താപ്പിനെ കുറിച്ച്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്നും തടയുന്നവര്‍ എന്നാണ് ഖുര്‍ആന്‍ അവരെ കുറിച്ച് പ്രയോഗിച്ചത്. ഒന്നുകില്‍ മൊത്തത്തില്‍ അടച്ചിടുക, അല്ലെങ്കില്‍ തുറന്നിട്ടവരെ പഴിപറഞ്ഞ് തടിയൂരുക എന്നതിനപ്പുറം ലോകം വിശാലമാണെന്നും ഇസ്ലാം അതിന്റെ നിലപാടു തറകള്‍ രൂപപ്പെടുത്തേണ്ടതുണ്ടെന്നും മറന്നുപോയ ഒരു സമൂഹം എന്നും അവരെ വായിക്കാം. ഓശാന പാടുക എന്ന പണി റീട്ടയിലായിട്ടോ ഹോള്‍സെയിലായിട്ടോ എടുത്തവര്‍ എന്നും ഖുര്‍ആനിക വായനകളില്‍ കാണാം.
2. അവരില്‍ ദൈവിക വഴിയില്‍ സഞ്ചരിക്കുന്ന വിഭാഗം, തെറ്റു ചെയ്യുന്നവരോടും തെറ്റിനോടും പുലര്‍ത്തുന്ന കുറ്റകരമായ മൗനത്തെക്കുറിച്ചും അവരുടെ തങ്ങള്‍ക്കൊന്നുമറിയില്ല എന്ന മനോഭാവത്തെക്കുറിച്ചും. ദൈവിക വഴി എന്നത് ഒളിച്ചോടലല്ല എന്ന് മനസ്സിലാകാത്തവര്‍. തനിക്കായിട്ടൊരു സ്വര്‍ഗം പണിയാനാവില്ലെന്നും ചുറ്റുമുള്ളവര്‍ കൂടി അതില്‍ പങ്കാളികള്‍ ആയിത്തീരുമെന്നും ആലോചിക്കാത്തവര്‍. ഇസ്‌ലാമിനെ ചുറ്റുമുള്ളവര്‍ വിഴുങ്ങുകയോ വികലമാക്കുകയോ ചെയ്യുമ്പോള്‍ തങ്ങളുടെ മൗന വാല്‍മീകകങ്ങളില്‍ അഭയം തേടുന്നവര്‍ അല്ലെങ്കില്‍ ഫത്‌വ നല്‍കി കാര്യകാരണങ്ങളെ നിര്‍ധരിക്കാത്തവര്‍.
3. പൊതു സമൂഹം എന്ന ഖൗമിനെക്കുറിച്ച്. തെളിക്കുന്ന വഴിയില്‍ യാതൊരു ചിന്തയോ ബൗദ്ധിക നിലവാരമോ ചോദ്യങ്ങളോ ഇല്ലാതെ നാല്‍ക്കാലികളെപ്പോലെ ആയിപ്പോയവരെക്കുറിച്ച്. ഖുര്‍ആന്റെ ഉള്‍വായനയില്‍, ഒന്നുകില്‍ അന്ധമായി ദീനിനെ പ്രാപിക്കുകയോ അല്ലെങ്കില്‍ അന്ധമായി മൗനം പാലിക്കുകയോ ചെയ്യുക എന്ന അവസ്ഥയാണത്. അറിവില്ലായ്മയുടെ അന്ധത എന്നതാണതിന്റെ ഹൈലൈറ്റ്. തങ്ങള്‍ ഒരു ഉമ്മത്ത് ആണെന്നുള്ള ബോധം പോലും നഷ്ടപ്പെട്ടുപോയവര്‍...
അന്ത്യപ്രവാചകനു ശേഷമുള്ള ഇസ്‌ലാമിക സമൂഹത്തിനു ദാര്‍ശനിക ശോഷണം സംഭവിക്കാതിരിക്കാനാണ് ബനൂ ഇസ്രാഈലി ചരിത്രം പേര്‍ത്തും പേര്‍ത്തും ഉണര്‍ത്തിക്കൊണ്ടിരിക്കുന്നത്. കൃത്യമായ ഉത്ഭവസ്ഥാനങ്ങളുള്ള, അടിസ്ഥാന മൂല്യങ്ങളെ കണിശമായി ഉറപ്പിച്ചുനിര്‍ത്തിക്കൊണ്ടുള്ള, പുതിയ ഏതു കാലത്തിനും ദേശത്തിനും കൃത്യമായി പാകപ്പെടാനുള്ള ഇടങ്ങളെയും ടൂളുകളെയും പരുവപ്പെടുത്തിക്കൊണ്ടുള്ള ദര്‍ശനമായിട്ടാണ് മുഹമ്മദീയ രിസാലത്ത് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. അതാണ് റസൂലുല്ലാഹി അറഫാ പ്രസംഗത്തില്‍ പറഞ്ഞു വെച്ചത്; 'രണ്ടു കാര്യങ്ങള്‍ ഞാന്‍ വിട്ടേച്ചു പോകുന്നു. അത് മുറുകെ പിടിച്ചാല്‍ നിങ്ങള്‍ വഴിതെറ്റുകയില്ല. അല്ലാഹുവിന്റെ കിതാബും അവന്റെ റസൂലിന്റെ ചര്യയുമാണത്.' വഴികേടിനെയും വഴിതെറ്റിക്കുന്നതിനെയും അഡ്രസ് ചെയ്യാനുള്ള കരുത്തും കാമ്പും ഇസ്ലാമിനുണ്ട് എന്നതാണ് അതിന്റെ മറുവായന.
ഒരു സംരക്ഷിത പ്രദേശത്തെ കുറിച്ച് (ഹിമ) റസൂലുല്ലാഹി മുന്നറിയിപ്പ് തന്നിട്ടുണ്ട്. നിയമനിര്‍മാണങ്ങളുടെയും ഹലാല്‍ ഹറാമുകളുടെയും വര്‍ത്തമാനത്തില്‍ 'സംശയം' ഉള്ള കാര്യങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ചാണ് അത്. ഇസ്ലാമിന് കാലത്തോട് സംവദിക്കാനുള്ള ശേഷിയെക്കുറിച്ച ചര്‍ച്ചയില്‍ ചിലരൊക്കെ മൂക്കത്തു വിരല്‍ വെക്കുകയോ വളച്ചൊടിക്കുകയോ ചെയ്യുന്ന ഭാഗമാണിത്. പിന്നീട് പോകുന്നത് ഇസ്ലാമിന്റെ മാനവിക മുഖത്തെ പ്രസാദിപ്പിച്ചു നിര്‍ത്തേണ്ട ഇടങ്ങളിലേക്കും. പഴയ കാലത്ത് കൃത്യമായി അടയാളപ്പെടുത്തി അകറ്റിനിര്‍ത്തിയ കാര്യങ്ങളെ പദാവലികളുടെ കരുത്തില്‍ ഉള്ളിലേക്ക് തിരുകിക്കയറ്റുന്ന പ്രവണതയും കാണുന്നു. ഇതെല്ലാം ഒരുമിച്ചു കാണുകയോ ചിലതെല്ലാം ആവശ്യമുള്ളടിത്ത് എടുത്തു വീശുകയോ ചെയ്യുകയും ചെയ്യുന്നുണ്ട്. തീവ്ര മനസ്സുള്ള സുഹൃത്തുക്കള്‍ മുതല്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ വരെ ഈ പ്രവണത കാണിക്കുന്നുണ്ട്. 'ആദ്യത്തെ ആസ്‌ത്രേലിയന്‍ മുസ്‌ലിം ഗേ ഇമാം' എന്ന് നൂര്‍ വര്‍സം (Noor Warsame) വിശേഷിപ്പിക്കപ്പെടാന്‍ തുടങ്ങിയത് ഒരു സാധാരണ പ്രയോഗമാവാന്‍ സാധ്യത കാണുന്നില്ല. പദാവലികളില്‍ തുടങ്ങുന്ന ഈ കൊരുത്തു വലി ഇസ്‌ലാമിനെ പുറത്താക്കാതെ അകത്തേക്ക് നുഴഞ്ഞുകയറാനുള്ള, സംശയത്തിന്റെ പുകമറ സൃഷ്്ടിക്കലാണ്. നേരത്തേ ഭീകരവാദികളെ ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കുന്ന പാശ്ചാത്യ ലബോറട്ടറികളിലെ ഇത്തരം പുതിയ ഉല്‍പന്നങ്ങള്‍ ഇപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നു. അടിസ്ഥാനങ്ങളെ വെല്ലുവിളിക്കുകയും പുതിയ വ്യാഖ്യാന തലങ്ങളെ കൊണ്ടുവരികയും ചെയ്യുക എന്ന അപകടകരമായ അക്കാദമിക് പണിപ്പുരയാണത്.
ഇതെല്ലാം കൂടുതല്‍ വരവു വെക്കപ്പെടുന്നത് അടുത്ത തലമുറയിലാവും എന്നത് ഇസ്‌ലാമിക ലോകം വളരെ വേഗത്തില്‍ പദാവലികളുടെ സൃഷ്ടിപ്പിലും കരുതലിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകത കാണിക്കുന്നു. നേരത്തേ മത സമൂഹങ്ങള്‍ തള്ളിക്കളഞ്ഞതാണെങ്കിലും വൈകൃതങ്ങളുടെ ആലയിലേറി അവര്‍ക്കിടയില്‍ വ്യാപകമായിരുന്ന ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്ന സോഷ്യല്‍ ബ്ലോക്ക് മുസ്‌ലിം കമ്യൂണിറ്റിയിലേക്കും അവയുടെ പൊതു സംവിധാനത്തിലേക്കും പ്രമാണങ്ങളെ (നസ്സ്വ്) വളച്ചൊടിച്ചും തിരുത്തല്‍ വായന നടത്തിയും മാത്രമല്ല, ഇസ്ലാമിന്റെ മാനവിക മുഖത്തിന്റെ ഭാഗമായി അവതരിപ്പിച്ചുകൊണ്ടും കൂടിയാണ്. ഇരക്കൊപ്പം നില്‍ക്കുന്നതാണ് ഇസ്‌ലാമിന്റെ പ്രകൃതം എങ്കിലും ഇരയുടെ ഇരയാവാനുള്ള യോഗ്യത കൂടി പരിശോധിക്കുക എന്നതും ഇസ്‌ലാമിലുണ്ട്. 'ഇര' എന്ന പദാവലിയില്‍ കയറിക്കൂടി ഇസ്‌ലാമിനെ കൂട്ടു പിടിക്കുന്നത് പുതിയ ഭാഷയില്‍ നേരത്തേ പുരുഷ മൈഥുന പ്രകൃതമുള്ളവന്‍ ഇസ്ലാം സ്വീകരിച്ചുകൊണ്ട് മുസ്‌ലിം ഗേ എന്ന പുനര്‍നാമകരണം ചെയ്യലാണ്. ഇസ്‌ലാം എന്ത് എന്നതും ഇസ്‌ലാം സ്വീകരണം എന്ത് എന്നുള്ളതും വീണ്ടും പ്രബോധിപ്പിക്കേണ്ട അടിയന്തരാവസ്ഥ വന്നു ചേര്‍ന്നിട്ടുണ്ട്. ഒന്നിനെയും മൊത്തത്തില്‍ റദ്ദ് ചെയ്യാനോ അല്ലെങ്കില്‍ മൊത്തത്തില്‍ വരും വരായ്കകള്‍ നോക്കാതെ എറ്റെടുക്കാനോ ഇസ്‌ലാമിന്റെ ഒരു വായനയും ആവശ്യപ്പെടുന്നില്ല. ഒന്നാമതായും രണ്ടാമതായും അതിന്റെ ബാധ്യത അല്ലാഹുവിനോടും റസൂലിനോടും പിന്നീട് മാത്രം ജനങ്ങളോടുമാണ്. അത് ഇരവാദമാണെങ്കിലും സ്വത്വവാദമാണെങ്കിലും. ബഹുസ്വര ബഹുജന ഇടപെടലുകളുടെ പുതിയ ലോകത്ത്, ഇത്തരം വാദങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍, 'തിന്മയുടെ ചൊറിച്ചിലുകള്‍' ഉണ്ടാകുന്നുവെങ്കില്‍, അതിനെ അടപടലം തിരുത്തുകയാണ് വേണ്ടത്. കുറ്റകരമായ മൗനം പാലിച്ചുകൊണ്ടുള്ള സങ്കലന ബോധ്യങ്ങളോ ഇഴുകിച്ചേരലോ ഇടപെടല്‍ സാധ്യതകളെ ഉത്തേജിപ്പിക്കുമെങ്കിലും. ബനൂ ഇസ്രാഈല്‍ സമൂഹത്തിന് സംഭവിച്ച പാളിച്ചകള്‍ പോലെ. അതവരുടെ നിത്യനാശത്തിലേക്കാണ് വഴിവെച്ചതെന്നു ഖുര്‍ആന്‍.
ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ പ്രത്യേകത അത് മുകള്‍പ്പരപ്പിലെ പരന്നു കിടക്കുന്ന ശേഖരം മാത്രമല്ല, അടിയിലതിനെ ഉറപ്പിച്ചു നിര്‍ത്തുന്ന മൂലശിലകളും അടിവാരവും കൂടിയാണ്. അതിനെ ഉസ്വൂലുകള്‍ എന്നാണ് പറയുക. ഉലൂമുല്‍ ഖുര്‍ആന്‍, ഉസ്വൂലുല്‍ ഹദീസ്, ഉസ്വൂലുല്‍ ഫിഖ്ഹ് തുടങ്ങി, ഇസ്‌ലാമിക വിജ്ഞാനീയങ്ങള്‍ ഗൂഗ്ള്‍ മുഫ്തിമാരില്‍ നിന്നല്ല മനസ്സിലാക്കേണ്ടത് എന്ന തിരിച്ചറിവ് തരുന്ന അടിസ്ഥാന പാഠങ്ങള്‍. ആ പാഠങ്ങളുടെ പിന്‍ബലത്തില്‍ മാത്രമേ ഇസ്ലാമിക വായനയുടെ പരപ്പിനെ കൂടുതല്‍ വിശാലമാക്കാവൂ. അല്ലെങ്കില്‍ തിരുത്താനാവാത്ത തെറ്റുകളിലേക്ക് അപഭ്രംശം സംഭവിക്കുക ആയിരിക്കും ഫലം. നിരീശ്വര വാദത്തിനു വരെ തെളിവ് ലഭിക്കുന്ന രൂപത്തിലേക്ക് അത് വളര്‍ന്നു പന്തലിക്കും. പണ്ടും ഇസ്ലാമിക ലോകത്തില്‍ ഇത്തരം 'അതി' വളര്‍ച്ചയുടെ രൂപഭേദങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അനാവശ്യ കാര്യങ്ങളില്‍ ഒരുപാട് തലമുറകളെ തളച്ചിടുകയും നശിപ്പിക്കുകയും ഛിന്നഭിന്നമാക്കുകയും ചെയ്തതാണ് ചരിത്രം. ഇസ്രാഈലിയാത്തുകളും ക്രൈസ്തവ വിശ്വാസികളും അതില്‍ ചെറുതല്ലാത്ത പങ്കു വഹിക്കുകയും ചെയ്തിട്ടുമുണ്ട്. പുതിയകാല വെല്ലുവിളികളില്‍, പ്രത്യേകിച്ച് ലൈംഗിക ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അത്തരം 'പുറം' താല്‍പര്യങ്ങള്‍ കൂടി നിരീക്ഷിക്കപ്പെടേണ്ടതുണ്ട്. ബൗദ്ധിക വ്യവഹാരങ്ങളെ അടിസ്ഥാന പ്രമാണങ്ങളുടെ അടിക്കല്ലിളക്കുന്നിടത്തേക്ക് സന്നിവേശിപ്പിക്കുക എന്നതാണത്. അല്ലാഹുവിന്റെ വാഗ്ദാനമുണ്ടായിരിക്കെ അത് സാധിക്കില്ലെങ്കിലും, നിലവില്‍ ഈ ദര്‍ശനത്തിന്റെ വക്താക്കള്‍ എന്ന നിലയില്‍ സ്വകുടുംബങ്ങളില്‍നിന്നും തുടങ്ങി ഇടപെടലിന്റെ പൊതു പ്രതലങ്ങളിലൂടെ സ്വത്വബോധ്യങ്ങള്‍ മാത്രമല്ല, ആ ബോധങ്ങളെ രൂപപ്പെടുത്തുന്ന പ്രമാണങ്ങള്‍ കൂടി കാമ്പ് ചോരാതെ പരിചയപ്പെടുത്തേണ്ടിയിരിക്കുന്നു. മതേതര അക്കാദമിക് ചര്‍ച്ചകളില്‍ ഖുര്‍ആനും ഹദീസും അതിന്റെ ഉസ്വൂലുമൊക്കെ ആഴത്തില്‍ ഇറങ്ങി നില്‍ക്കുന്ന മനോഹരകാഴ്ചകള്‍ ഒരുപക്ഷേ അത്തരം മനോഭാവങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍നിന്ന് സംഭവിച്ചേക്കാം. അകത്തു നിന്നും പുറത്തേക്കൊഴുകുകയാണ് അപ്പോള്‍ സംഭവിക്കുക. അടിസ്ഥാനങ്ങള്‍ ചോരാതിരിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമാണത്.
Comments