കെ.കെ മുഹമ്മദ്
ഇസ്‌ലാമിക വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ കഴിവും സാഹചര്യവുമനുസരിച്ച് പങ്കാളിയാവുകയും സേവനരംഗങ്ങളില്‍ സംഭാവനകളര്‍പ്പിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു പൂപ്പലത്തെ കരുമാംകുഴിയില്‍ മുഹമ്മദ് (87). ശാന്തപുരത്ത് ബീഡി കമ്പനി നടത്തിയിരുന്ന കാലത്ത് അവിടെയുള്ള ജമാഅത്ത് പ്രവര്‍ത്തകരിലൂടെയാണ് മുഹമ്മദ് സാഹിബ് പ്രസ്ഥാനത്തിലേക്ക് അടുക്കുന്നത്. പിന്നീട് കച്ചവടക്കാരനായും പ്രവാസിയായും വിവിധ ജീവിത മേഖലകളില്‍ കഴിഞ്ഞുകൂടുമ്പോഴും പ്രസ്ഥാനവുമായുള്ള ബന്ധം തുടരുകയും വലമ്പൂര്‍-പൂപ്പലം ഹല്‍ഖയില്‍ കാര്‍കുന്‍ ആവുകയും ചെയ്തു. സത്യസന്ധത, കണിശത, നിഷ്‌കളങ്കത തുടങ്ങിയ ഗുണങ്ങള്‍ കൈവിടാതെ കാത്തുസൂക്ഷിച്ച മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹം.
പെരിന്തല്‍മണ്ണ പെയ്ന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റിയുടെ സ്ഥിരം വളന്റിയറായി പ്രവര്‍ത്തിച്ചിരുന്നു. പാണ്ടിക്കാട് സല്‍വാ കെയര്‍ ഹോമില്‍ ഇടക്കിടക്ക് സന്ദര്‍ശനം നടത്തുകയും അവിടത്തെ അന്തേവാസികള്‍ക്കായി കഴിയുന്ന സേവനങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു. അന്തേവാസികളോടുള്ള അദ്ദേഹത്തിന്റെ അടുപ്പവും സ്‌നേഹമസൃണമായ പെരുമാറ്റവും ആരുടെയും പ്രശംസ പിടിച്ചുപറ്റുന്ന രീതിയിലായിരുന്നു.
പൂപ്പലത്ത് ദാറുല്‍ ഫലാഹ് ഇംഗ്ലീഷ് സ്‌കൂളും മാധ്യമം മലപ്പുറം യൂനിറ്റും നിലവില്‍വന്നപ്പോള്‍ നിര്‍ലോഭമായ സേവനങ്ങള്‍ നല്‍കി വന്നിരുന്നു. ഭാര്യ: ഫാത്വിമ മുള്ള്യാകുര്‍ശ്ശി. മക്കള്‍: അബ്ദുല്‍കരീം, ജമീല, സെയ്തലവി, സൈന, റംല.
പൊറ്റയില്‍ കുഞ്ഞാറ ഹാജി
കരുവാരകുണ്ടിലെ ആദ്യകാല പ്രസ്ഥാന പ്രവര്‍ത്തകനും ജമാഅത്ത് അംഗവുമായിരുന്നു പൊറ്റയില്‍ കുഞ്ഞാറ ഹാജി. പണ്ഡിതനായിരുന്ന പൊറ്റയില്‍ രായിന്‍ മുസ്‌ലിയാരുടെ മകനായ കുഞ്ഞാറ ഹാജി ചെറുപ്പത്തില്‍തന്നെ മതപരമായ കാര്യങ്ങളിലും സംസ്‌കരണ പ്രവര്‍ത്തനങ്ങളിലും തല്‍പരനായിരുന്നു. കരുവാരകുണ്ട് പ്രദേശത്ത് മത പ്രബോധന, സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജമാഅത്തെ ഇസ്ലാമി രൂപീകരിക്കുന്നതിനു മുമ്പ് സയ്യിദ് മൗദൂദി സാഹിബിന്റെ ചിന്തകളാല്‍ പ്രചോദിതമായി രൂപീകരിക്കപ്പെട്ട ഇശാഅത്തുല്‍ ഇസ്‌ലാം സംഘത്തില്‍ അദ്ദേഹം സജീവമായി രംഗത്തു വന്നത് അതിന്റെ തെളിവായിരുന്നു. ഈ സംഘമാണ് പിന്നീട് ജമാഅത്തെ ഇസ്‌ലാമി ഘടകമായി മാറിയത്. പ്രസ്ഥാന രൂപീകരണത്തിനു ശേഷം തന്റെ സ്വതഃസിദ്ധമായ സൗമ്യ സ്വഭാവത്തോടെ കര്‍മനിരതനായി. ഈ സ്വഭാവ സവിശേഷത കൊണ്ടു തന്നെ മറ്റു സമുദായ സംഘടനകള്‍ക്കിടയിലും സര്‍വസമ്മതനായിരുന്നു കുഞ്ഞാറ ഹാജി. ദീര്‍ഘകാലം പ്രാദേശിക ജമാഅത്ത് അമീറുമായിരുന്നു അദ്ദേഹം. ഇന്ന് കരുവാരകുണ്ട് പ്രദേശത്തുള്ള പ്രസ്ഥാന പ്രവര്‍ത്തകരില്‍ നല്ലൊരു വിഭാഗം അദ്ദേഹത്തിന്റെ കൂടി പ്രവര്‍ത്തനം മൂലം പ്രസ്ഥാനത്തിലേക്ക് കടന്നുവന്നവരാണ്. ഇടക്കാലത്ത് ജോലിയാവശ്യാര്‍ഥം വിദേശത്ത് പോയപ്പോള്‍ അവിടെയും പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. സ്വന്തം കുടുംബത്തെ ആദര്‍ശവല്‍ക്കരിക്കുന്നതിലും ശ്രദ്ധ പുലര്‍ത്തി. മക്കളും പേരമക്കളുമൊക്കെ സജീവ പ്രവര്‍ത്തകരാണ്.
ഭാര്യ: നഫീസ. മക്കള്‍: സാറാബീവി, ഖമര്‍ ലൈല, ഉമ്മുസല്‍മ, റംല മുഹമ്മദ് അബ്ദുര്‍ റഊഫ്, റൈഹാന, ജലാലുദ്ദീന്‍ അന്‍സാര്‍, അനീസുദ്ദീന്‍ അഹ്മദ്, സഹ്‌ലത്തുന്നിസ.
ഹംസ മാസ്റ്റര്‍
ടി.ബി കുഞ്ഞുമോന്‍ (ടീബിക്ക)
പെരുമ്പിലാവ് അന്‍സാരി ചാരിറ്റബ്ള്‍ ട്രസ്റ്റ് സ്ഥാപക മെമ്പറും ജോയിന്റ് സെക്രട്ടറിയും അന്‍സാര്‍ സ്ഥാപനങ്ങളുടെ മാനേജിംഗ് കമ്മിറ്റിയംഗവുമായിരുന്നു റിട്ടയേഡ് എക്‌സൈസ് സര്‍ക്ക്ള്‍ ഇന്‍സ്‌പെക്ടര്‍ ടി.ബി കുഞ്ഞുമോന്‍ എന്ന ടീബീക്ക. പെരുമ്പിലാവ് പ്രദേശത്ത് ഇസ്‌ലാമിക പ്രസ്ഥാനത്തിന് അനുകൂലമായ മണ്ണൊരുക്കുന്നതില്‍ മുന്നണിപ്പോരാളിയായി പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു. പ്രസ്ഥാന പ്രവര്‍ത്തകരായി ഒരാളുപോലും ഇല്ലാതിരുന്ന കാലത്ത് സ്വന്തം വസതിയില്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കാനും പ്രദേശവാസികളെ സഹകാരികളാക്കാനും നിരന്തരമായി പ്രയത്‌നിച്ചു.
കേരളത്തിന്റെ വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലയില്‍ ഉന്നത സ്ഥാനമലങ്കരിക്കുന്ന അന്‍സാര്‍ സ്ഥാപനങ്ങളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ ഊണും ഉറക്കവുമുപേക്ഷിച്ച് കഠിനാധ്വാനം ചെയ്തു. ഇന്ന് അന്‍സാര്‍ സ്ഥാപനങ്ങള്‍ തലയെടുപ്പോടുകൂടി നിലനില്‍ക്കുന്നുവെങ്കില്‍ അത് ടി.ബി കുഞ്ഞുമോന്‍ സാഹിബിന്റെ കൂടി ഇഛാശക്തിയും ജാഗ്രതയും കൊണ്ടാണ്. തുടക്കകാലത്ത് സ്ഥാപനത്തിന്റെ കെട്ടിടങ്ങള്‍ക്ക് കാവല്‍ നില്‍ക്കാനും സ്ഥാപനത്തെ സാമൂഹികദ്രോഹികളുടെ ആക്രമണങ്ങളില്‍നിന്ന് രക്ഷിക്കാനും അദ്ദേഹം തയാറായി. സ്ഥാപനത്തിന്റെ ഫൗണ്ടറും വൈസ് ചെയര്‍മാനുമായിരുന്ന എ.വി അബ്ദുല്‍ മജീദ് സാഹിബിന്റെ മകന്‍ സ്‌കൂള്‍ കഴിഞ്ഞ് മടങ്ങവെ റോഡപകടത്തില്‍പെട്ട് മരണപ്പെട്ടപ്പോള്‍ ഇതൊരവസരമായി കണ്ട സാമൂഹികദ്രോഹികള്‍ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ അദ്ദേഹം പ്രകടിപ്പിച്ച ചങ്കൂറ്റം ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. സാമ്പത്തികമായി സ്ഥാപനത്തിന് ക്ഷീണം വരുന്ന ഘട്ടങ്ങളില്‍ കൈയയച്ച് സഹായിക്കുമായിരുന്നു.
നാല് ആണ്‍മക്കളും നാല് പെണ്‍മക്കളുമടങ്ങുന്ന കുടുംബമാണ് അദ്ദേഹത്തിന്റേത്. ആല്‍ത്തറ മഹല്ല് ജമാഅത്ത് കമ്മിറ്റി, കുന്ദംകുളം, പെരുമ്പിലാവ് ഫ്രൈഡേ ക്ലബുകള്‍ എന്നിവയുടെ ഭാരവാഹിയുമായിരുന്നു.
ഷാജു മുഹമ്മദുണ്ണി അഡ്മിനിസ്‌ട്രേറ്റര്‍, അന്‍സാരി ചാരിറ്റബ്ള്‍ ട്രസ്റ്റ്
വി.പി അബ്ദുസ്സലാം
ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒട്ടേറെ നല്ല ഓര്‍മകള്‍ അവശേഷിപ്പിച്ചാണ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കടുത്ത ദേവതിയാലിലെ വി.പി അബ്ദുസ്സലാം സാഹിബ് (60) കടന്നുപോയത്. യൗവനാരംഭത്തില്‍ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ട അദ്ദേഹം മരണം വരെ ഇസ്‌ലാമിനെയും ഇസ്‌ലാമിക പ്രസ്ഥാനത്തെയും നെഞ്ചേറ്റിയ ഉത്സാഹിയായ നേതാവായിരുന്നു.
കാല്‍ നൂറ്റാണ്ടുകാലത്തെ പ്രവാസ ജീവിതത്തില്‍ ജിദ്ദ കെ.ഐ.ജി ഏരിയാ ഓര്‍ഗനൈസര്‍, മേഖലാ നാസിം, ശൂറാ മെംബര്‍ എന്നീ ഉത്തരവാദിത്തങ്ങള്‍ വഹിച്ച അദ്ദേഹം കിലോ അഞ്ചില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിനു ആസ്ഥാനം ഉണ്ടാക്കുന്നതിനും മദ്‌റസ സ്ഥാപിക്കുന്നതിനും നേതൃത്വം നല്‍കുകയുണ്ടായി. നാട്ടില്‍ സ്ഥിരതാമസമാക്കി സ്വന്തം സ്ഥലത്ത് കൃഷിയും പശുവളര്‍ത്തലും ആരംഭിച്ചു. കോവിഡ് പ്രതിസന്ധിയുടെ ആദ്യഘട്ടത്തില്‍ ഭക്ഷ്യക്ഷാമത്തെക്കുറിച്ച് ആധി ഉയര്‍ന്നപ്പോള്‍ തന്റെ കൃഷിയിടത്തിലെ കപ്പ ആവശ്യക്കാര്‍ക്ക് പറിച്ചുകൊണ്ടുപോകാം എന്ന് വാട്ട്‌സാപ്പില്‍ മെസേജ് അയച്ച അദ്ദേഹം തന്റെ പരിസരങ്ങളില്‍ തൊഴില്‍ നഷ്ടപ്പെട്ട പലര്‍ക്കും ഭക്ഷണക്കിറ്റുകള്‍ എത്തിക്കാന്‍ മുന്നിട്ടിറങ്ങുകയുണ്ടായി. തര്‍ക്കങ്ങളും പിണക്കങ്ങളും പരിഹരിക്കുന്നതില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സവിശേഷമായ കഴിവ് പ്രസ്ഥാനത്തിനകത്തും പുറത്തും ഏറെ പ്രയോജനപ്പെട്ടു.
ഔപചാരിക വിദ്യാഭാസം ഹൈസ്‌കൂളില്‍ ഒതുങ്ങുമെങ്കിലും പരന്ന ഇസ്‌ലാമിക വായനയും ഖുര്‍ആനുമായുള്ള ബന്ധവും കുടുംബപരവും പ്രാസ്ഥാനികവുമായ വിഷയങ്ങളില്‍ ഇസ്‌ലാമികമായ നിലപാടുകളെടുക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കി. ബന്ധുക്കളിലും നാട്ടുകാരിലും പെട്ട നിര്‍ധനരെ രഹസ്യമായി സഹായിക്കുമായിരുന്നു. സ്‌കൂട്ടറപകടത്തെത്തുടര്‍ന്ന് മൂന്നാഴ്ചക്കാലം ബോധരഹിതനായി കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലായിരുന്നു. മരണമടയുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമി പ്രാദേശിക അമീര്‍, ഏരിയാ വൈസ് പ്രസിഡന്റ്, 'ഇസ്‌ലാമിക സമൂഹം' കണ്‍വീനര്‍, ഐ.സി.സി ട്രസ്റ്റ് ചെയര്‍മാന്‍, ഹെവന്‍സ് പ്രീ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍, മസ്ജിദ് സുബ്ഹാന്‍ മഹല്ല് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം എന്നീ ഉത്തരവാദിത്തങ്ങള്‍ വഹിച്ചുവരികയായിരുന്നു. ഭാര്യ ശകീല ബീഗം. മക്കള്‍: അംജദ് ശുമൈസ്, സ്വഫ, നജ്ല, സിദ്‌റത്തുല്‍ മുന്‍തഹ, സമീഹ.
ഡോ. പി.കെ ഫൈസല്‍
Comments