സ്വാതന്ത്ര്യത്തെക്കുറിച്ച വലിയ ആലോചനകള്‍ക്ക് സമയമായി
ഒരു ആഗസ്റ്റ് പതിനഞ്ച് കൂടി കഴിഞ്ഞുപോയി. ബ്രിട്ടീഷ് കൊളോണിയലിസത്തില്‍നിന്ന് നാം സ്വതന്ത്രമായിട്ട് എഴുപത്തിമൂന്ന് വര്‍ഷമായെന്ന് അതോര്‍മിപ്പിച്ചു. സ്വാതന്ത്ര്യലബ്ധി എന്ന പ്രയോഗം, അതിന്റെ മുമ്പുള്ളത് അടിമത്തത്തിന്റെയും വിധേയത്വത്തിന്റെയും ഘട്ടമായിരുന്നു എന്നു സൂചിപ്പിക്കുന്നുണ്ട്. അപ്പോള്‍ വൈദേശിക ശക്തികളുടെ അടിമത്തത്തില്‍നിന്നും വിധേയത്വത്തില്‍നിന്നും മോചനം നേടിയതിന്റെ ആഹ്ലാദമാണ് ആ ദിനത്തില്‍ പങ്കുവെക്കാനുണ്ടായിരുന്നത്. പക്ഷേ നാം കടന്നുപോകുന്ന സാമൂഹിക, രാഷ്ട്രീയ ജീവിത യാഥാര്‍ഥ്യങ്ങള്‍ ലബ്ധമായിട്ടുള്ള ഈ സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരുപാട് ചോദ്യങ്ങളും ആശങ്കകളും ഉയര്‍ത്തുന്നുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വം അതിന്റെ കൗശലക്കാരായ കച്ചവടക്കാരെയും യുദ്ധപ്രഭുക്കളെയും ഇന്ത്യാ ഉപഭൂഖണ്ഡത്തിലേക്കയച്ചത് ഇവിടെയുള്ള സമ്പത്ത് കൊള്ള ചെയ്ത് അങ്ങോട്ട് കടത്താനായിരുന്നു. ആ കൊള്ളക്കും ചൂഷണത്തിനും ഉതകുന്ന വിധത്തിലുള്ള ഒരു ഭരണ സംവിധാനമാണ് അവരിവിടെ നിര്‍മിച്ചത്. സാമ്രാജ്യത്വത്തിന്റെ ഈ സ്ഥൂല ശരീരം 1947 ആഗസ്റ്റ് 15-ന് ഇവിടെ നിന്ന് നിഷ്‌ക്രമിച്ചു. പക്ഷേ, ചൂഷണത്തിലും വംശീയ വിവേചനത്തിലും ഭിന്നിപ്പിച്ച് ഭരിക്കലിലും അധിഷ്ഠിതമായ സാമ്രാജ്യത്വത്തിന്റെ സൂക്ഷ്മ ശരീരം ഇന്ത്യയില്‍നിന്ന് മാത്രമല്ല, സ്വാതന്ത്ര്യം നേടിയ മൂന്നാം ലോക രാജ്യങ്ങളില്‍നിന്നൊന്നും വിട്ടുപോയില്ല. പിന്നീട് വന്നത് ജനാധിപത്യ വ്യവസ്ഥയായാലും പട്ടാള ഭരണക്രമമായാലും, തങ്ങളുടെ മുന്‍ യജമാനന്മാരുടെ താല്‍പര്യ സംരക്ഷണം തന്നെയായിരുന്നു സ്വാതന്ത്ര്യാനന്തരമുള്ള തദ്ദേശീയ ഭരണകര്‍ത്താക്കളും ഏറ്റെടുത്തത്. പ്രത്യക്ഷ കൊളോണിയലിസത്തിന് തങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ യുദ്ധവും സൈനിക ചെലവുകളും മറ്റും ആവശ്യമായിരുന്നെങ്കില്‍, പരോക്ഷ കൊളോണിയലിസത്തിന്റെ ഇക്കാലത്ത് യാതൊരു ചെലവുമില്ലാതെ സാമ്രാജ്യത്വത്തിന് അതിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്നു. സ്വാഭാവികമായും, സ്വാതന്ത്ര്യപൂര്‍വകാലത്ത് അപകടപ്പെട്ടതുപോലെ, സ്വാതന്ത്ര്യാനന്തരവും പൗരസ്വാതന്ത്ര്യങ്ങള്‍ അപകടപ്പെട്ടുകൊണ്ടിരിക്കുന്നു.
നവ കൊളോണിയലിസമെന്ന ഈ പരോക്ഷ സാമ്രാജ്യത്വം രാഷ്ട്രഗാത്രത്തില്‍ ഇപ്പോള്‍ പിടിമുറുക്കുന്നത് അതിശക്തരായ കോര്‍പ്പറേറ്റുകള്‍ വഴിയാണ്. അവര്‍ക്ക് മുന്നിലെ കടമ്പകള്‍ മാറ്റിക്കൊടുക്കുക എന്നതായിത്തീര്‍ന്നിരിക്കുന്നു ഭരണകൂടങ്ങളുടെ ചുമതല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സവര്‍ണ ഫാഷിസം പിടിമുറുക്കിയതിനു ശേഷം യാതൊരു ഒളിയും മറയുമില്ലാതെയാണ് കോര്‍പറേറ്റുകള്‍ക്ക് പാദസേവ ചെയ്തുകൊണ്ടിരിക്കുന്നത്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് പരിസ്ഥിതി ആഘാതം വിലയിരുത്തല്‍ വിജ്ഞാപനത്തിലെ വിവാദ ഭേദഗതികള്‍. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ പോലും തോന്നും പോലെ നിര്‍മാണങ്ങള്‍ നടത്താന്‍ വേണ്ടുവോളം പഴുതുകളിട്ടുകൊണ്ടാണ് വിജ്ഞാപനത്തിന്റെ കരട് തയാറാക്കിയിരിക്കുന്നത്. സാധാരണക്കാരായ ലക്ഷങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടാന്‍ ഈ നീക്കം കാരണമാകും. ജീവിക്കാന്‍ തന്നെയുള്ള അവകാശമാണ് സാധാരണക്കാര്‍ക്ക് നിഷേധിക്കപ്പെടുന്നത്.
ഒരു വശത്ത് കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്ക് കീഴൊതുങ്ങുമ്പോള്‍ തന്നെ, ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കൊളോണിയല്‍ അജണ്ട കടമെടുത്ത് വര്‍ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു ഇന്ത്യയിലെ തീവ്ര വലതു പക്ഷം. പള്ളി പൊളിച്ച സ്ഥലത്ത് നിര്‍മിക്കുന്ന ക്ഷേത്രത്തിന് തറക്കല്ലിടുന്നത് പ്രധാനമന്ത്രി തന്നെയാണ്. ഭരണയന്ത്രം തിരിക്കുന്ന മറ്റു പ്രമുഖരും ഒപ്പമുണ്ട്. ഹിന്ദുത്വ രാഷ്ട്രത്തിന്റെ തറക്കല്ലിടല്‍ കര്‍മമാണ് യഥാര്‍ഥത്തില്‍ നടന്നിരിക്കുന്നത്. പൗരത്വ ഭേദഗതികളുമായി ബന്ധപ്പെട്ട തിട്ടൂരങ്ങളും അതിനെതിരെ നടന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ സംഘടിപ്പിക്കപ്പെട്ട ദല്‍ഹി വംശഹത്യയും അതില്‍ ഇരകളായവരെ കുറ്റവാളികളാക്കി മുദ്രകുത്തി വേട്ടയാടലും കശ്മീരില്‍ 370-ാം വകുപ്പ് എടുത്തുകളഞ്ഞ് പൗരാവകാശങ്ങള്‍ റദ്ദ് ചെയ്തതുമൊക്കെ കൂട്ടി വായിക്കുമ്പോള്‍ പൗരസ്വാതന്ത്ര്യം എത്ര ഭീഷണമായ രീതിയിലാണ് നമ്മുടെ നാട്ടില്‍ വെല്ലുവിളിക്കപ്പെടുന്നത് എന്ന് ബോധ്യമാകും. ഭരണഘടനയിലെ ഒരക്ഷരവും ഭേദഗതി ചെയ്യാതെത്തന്നെ അത് പ്രതിനിധാനം ചെയ്യുന്ന സകല മൂല്യങ്ങളെയും നിര്‍വീര്യമാക്കാനാകുമെന്ന് ഫാഷിസ്റ്റ് ശക്തികള്‍ തെളിയിച്ചുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ രാജ്യത്തിന്റെയും പൗരസഞ്ചയത്തിന്റെയും സ്വാതന്ത്ര്യം നിലനിര്‍ത്താനും സംരക്ഷിക്കാനുമുള്ള വലിയ ആലോചനകളിലേക്ക് നാം ചെന്നെത്തിയേ മതിയാവൂ.
Comments