Prabodhanm Weekly

Pages

Search

2020 ആഗസ്റ്റ് 21

3164

1442 മുഹര്‍റം 02

ആശയാവതരണത്തിന്റെ ഖുര്‍ആനിക സൗന്ദര്യം 

ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്

വിശുദ്ധ ഖുര്‍ആനില്‍ അന്നഹ്ല്‍ അധ്യായം നാല്‍പ്പത്തിമൂന്നാം വാക്യത്തില്‍ അല്ലാഹു പറഞ്ഞു: ''പ്രവാചകാ, താങ്കള്‍ക്കു മുമ്പും നാം ദൂതന്മാരെ നിയോഗിച്ചിട്ടുള്ളപ്പോഴൊക്കെ മനുഷ്യരെത്തന്നെയാണ് നിയോഗിച്ചിട്ടുള്ളത്. അവര്‍ക്ക് നമ്മുടെ സന്ദേശങ്ങള്‍ ബോധനം ചെയ്തിരുന്നു. നിങ്ങള്‍ അറിവില്ലാത്തവരാണെങ്കില്‍ അറിവുള്ളവരോടു ചോദിച്ചുനോക്കുക.''
ഈ വാക്യത്തിന്റെ ആദ്യഭാഗത്ത് അല്ലാഹു അഭിസംബോധന ചെയ്യുന്നത് പ്രവാചകന്‍ മുഹമ്മദ് നബി(സ)യെയാണ്. എന്നാല്‍, 'നിങ്ങള്‍ അറിവില്ലാത്തവരാണെങ്കില്‍...' എന്ന് തുടങ്ങുന്ന അവസാന വാക്യം മക്കയിലെ സത്യനിഷേധികളെയാണ് അഭിസംബോധന ചെയ്യുന്നത്. ഇങ്ങനെ ഒരേ വാക്യത്തിലോ തൊട്ടടുത്ത വാക്യങ്ങളിലോ വക്താക്കളെയും ശ്രോതാക്കളെയും പെട്ടെന്ന് പെട്ടെന്ന് മാറ്റുന്ന ശൈലി വിശുദ്ധ ഖുര്‍ആനില്‍ പലേടങ്ങളിലും കാണാം. ഇല്‍തിഫാത് (മുഖം തിരിക്കല്‍) എന്നാണ് ഭാഷാ വിദഗ്ധര്‍ ഇതിന് പേരിട്ടിരിക്കുന്നത്.
ഒരു സംഭാഷണത്തിനിടയില്‍ തന്നെ ഒരാളെയും ഒന്നിലധികം പേരെയും അഭിസംബോധന ചെയ്യുക, ഉത്തമ (മുതകല്ലിം), മധ്യമ (ഹാദിര്‍), പ്രഥമ (ഗാഇബ്) പുരുഷന്മാര്‍ക്കിടയില്‍  മാറ്റം വരുത്തുക ഇതൊക്കെ  വളരെ സുന്ദരമായ ആവിഷ്‌കാര രീതികളാണ്. ഒരേ ശൈലിയിലുള്ള വര്‍ത്തമാനം വായനക്കാരില്‍ മടുപ്പുളവാക്കും എന്നതിനാലാണ് പെട്ടെന്നുള്ള ഈ അഭിസംബോധനാ മാറ്റങ്ങള്‍. അറബികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഈ ശൈലി വളരെയേറെ പ്രയോജനപ്പെടുത്തിയിട്ടു് വിശുദ്ധ ഖുര്‍ആന്‍.  ശ്രദ്ധയോടെ പാരായണം ചെയ്യുന്നവര്‍ക്ക് ഇതിന്റെ ഭംഗി ആസ്വദിക്കാം.
ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ അബൂ ഹയ്യാന്‍ (സി.ഇ. 1256-1344), അല്‍ ആലൂസി (സി.ഇ. 1802-1854), അര്‍റാസി (സി.ഇ. 854-925), ഇബ്‌നു ആശൂര്‍ (സി.ഇ. 1879-1973) തുടങ്ങിയവരാണ് വിശുദ്ധ ഖുര്‍ആനിന്റെ ഈ സാഹിത്യസൗന്ദര്യത്തെക്കുറിച്ച് ഏറെ വാചാലരായിട്ടുള്ളവര്‍.

ഇല്‍തിഫാത്തിന്റെ ഇനങ്ങള്‍ 

ഇല്‍തിഫാത്തിന്റെ ആറ് ഇനങ്ങളാണ് പ്രധാനമായും  വിശുദ്ധ ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുള്ളത്:
ഒന്ന്: ഉത്തമപുരുഷ(മുതകല്ലിം)നില്‍നിന്നും മധ്യമപുരുഷ(ഹാദിര്‍)നിലേക്കുള്ള മാറ്റം. 
യാസീന്‍ അധ്യായത്തിലെ ഇരുപ്പത്തി രണ്ടാം വാക്യം ഇങ്ങനെ:
''ആരാണോ എന്നെ സൃഷ്ടിച്ചത്, അവന് ഞാന്‍ ഇബാദത്ത് ചെയ്യാതിരിക്കുന്നതെന്തിന്? അവനിലേക്കാണ് നിങ്ങളെല്ലാവരും തിരിച്ചുചെല്ലേണ്ടത്.''
ഇവിടെ പട്ടണത്തിന്റെ അങ്ങേയറ്റത്തു നിന്ന് കുതിച്ചെത്തിയ ഒരാളുടെ വര്‍ത്തമാനത്തിലെ ആദ്യ ഭാഗങ്ങള്‍ ഉത്തമപുരുഷന്റേതും അവസാന ഭാഗം, (അവനിലേക്കാണ് നിങ്ങളെല്ലാവരും തിരിച്ചുചെല്ലേണ്ടത്) മധ്യമ പുരുഷന്റേതുമാണ്. സാധാരണ രീതിയില്‍ 'അവനിലേക്കാണ് ഞാന്‍ തിരിച്ചുചെല്ലേണ്ടത്' എന്നാണ് പറയേണ്ടിയിരുന്നത്.
രണ്ട്: ഉത്തമ പുരുഷനില്‍നിന്ന് പ്രഥമപുരുഷ(ഗാഇബ്)നിലേക്കുള്ള മാറ്റം.
അല്‍ അഅ്‌റാഫ് അധ്യായം 158-ാം സൂക്തം: ''പറയുക: മനുഷ്യരേ, ഞാന്‍ നിങ്ങളെല്ലാവരിലേക്കുമുള്ള, ആകാശഭൂമികളുടെ അധിപനായ അല്ലാഹുവിന്റെ ദൂതനാണ്. അവനല്ലാതെ ദൈവമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുക. അവന്റെ ദൂതനിലും. അഥവാ നിരക്ഷരനായ പ്രവാചകനില്‍.''
ഇവിടെ ആദ്യം 'ഞാന്‍' എന്ന ഉത്തമ പുരുഷന്‍ അവസാനം 'അവന്റെ ദൂതനിലും' എന്ന പ്രഥമ പുരുഷനിലേക്ക് മാറി. യഥാര്‍ഥത്തില്‍ പറയേണ്ടിയിരുന്നത് 'അല്ലാഹുവില്‍ വിശ്വസിക്കുക; എന്നിലും' എന്നായിരുന്നു.
മൂന്ന്:  മധ്യമ പുരുഷനില്‍ നിന്നും ഉത്തമ പുരുഷനിലേക്കുള്ള മാറ്റം.
അല്ലാഹു പറഞ്ഞു: 'പ്രവാചകരെ, താങ്കള്‍ പറയുക: 'അല്ലാഹു തന്ത്രത്തില്‍ നിങ്ങളെക്കാള്‍ സമര്‍ഥനാകുന്നു. നമ്മുടെ ദൂതന്മാര്‍ നിങ്ങളുടെ തന്ത്രങ്ങളൊക്കെയും രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട്' (യൂനുസ് 21).
ഇവിടെ 'താങ്കള്‍ പറയുക' എന്ന മധ്യമ പുരുഷ ശൈലിയില്‍ നിന്ന് 'നമ്മുടെ ദൂതന്മാര്‍' എന്ന ഉത്തമ പുരുഷ ശൈലിയിലേക്ക് മാറി.
നാല്: മധ്യമപുരുഷനില്‍നിന്ന് പ്രഥമ പുരുഷനിലേക്കുള്ള മാറ്റം.
വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു: ''കരയിലും കടലിലും നിങ്ങള്‍ക്ക് സഞ്ചരിക്കാന്‍ അവസരമൊരുക്കിയത് ആ അല്ലാഹുതന്നെയാണ്. അങ്ങനെ നിങ്ങള്‍ കപ്പലിലായിരിക്കെ, സുഖകരമായ കാറ്റുവീശി. അവരെയും കൊണ്ട് കപ്പല്‍ നീങ്ങിത്തുടങ്ങി. അവരതില്‍ സന്തുഷ്ടരായി'' (യൂനുസ്: 22).
ആദ്യം 'നിങ്ങള്‍ക്ക് സഞ്ചരിക്കാന്‍ അവസരമൊരുക്കിയത്' എന്ന് പറഞ്ഞു. പിന്നീട് 'അവരെയും കൊണ്ട് കപ്പല്‍ നീങ്ങിത്തുടങ്ങി.' രണ്ടിടത്തും ഉദ്ദേശ്യം ഒരേ വിഭാഗം ആളുകള്‍ തന്നെ. ഇല്‍തിഫാത്തിന്റെ വളരെ മനോഹരമായ ഉദാഹരണങ്ങളിലൊന്നായി ഈ വാക്യം ഗണിക്കപ്പെടുന്നു.
അഞ്ച്: പ്രഥമപുരുഷനില്‍നിന്ന് ഉത്തമ പുരുഷനിലേക്ക്: ''കാറ്റുകളെ അയച്ചുകൊണ്ടിരിക്കുന്നവന്‍ അല്ലാഹുവാണ്. അങ്ങനെ അത് മേഘത്തെ തള്ളിനീക്കുന്നു. പിന്നീട് നാമതിനെ മൃതമായ നാട്ടിലേക്ക് നയിക്കുന്നു. അതുവഴി നാം ഭൂമിയെ അതിന്റെ നിര്‍ജീവാവസ്ഥക്കു ശേഷം ജീവനുള്ളതാക്കുന്നു. അവ്വിധം തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പും'' (ഫാത്വിര്‍: 9).
ഇവിടെ 'കാറ്റുകളെ അയച്ചുകൊണ്ടിരിക്കുന്നവന്‍ അല്ലാഹുവാണ്' എന്ന പ്രഥമപുരുഷ ശൈലിയിലാണ് തുടക്കം. എന്നാല്‍ തുടര്‍ന്ന് 'പിന്നീട് നാമതിനെ മൃതമായ നാട്ടിലേക്ക് നയിക്കുന്നു' എന്ന ഉത്തമപുരുഷ അഭിസംബോധനയിലേക്ക് മാറി. 'അവന്‍ അതിനെ മൃതമായ നാട്ടിലേക്ക് നയിക്കുന്നു' എന്ന് പറയലാണ് പതിവു രീതി.
ആറ്: പ്രഥമപുരുഷനില്‍നിന്ന് മധ്യമ പുരുഷനിലേക്ക്. സൂറതുല്‍ ഫാതിഹയില്‍: ''പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥനാണവന്‍. നിനക്കു മാത്രം ഞങ്ങള്‍ ഇബാദത്ത് ചെയ്യുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു.''
ഇവിടെ, 'ഉടമസ്ഥനാണവന്‍' എന്ന പ്രഥമ പുരുഷ ശൈലി തൊട്ടടുത്ത വാക്യത്തില്‍ തന്നെ 'നിനക്കു മാത്രം ഞങ്ങള്‍ ഇബാദത്ത് ചെയ്യുന്നു' എന്ന മധ്യമപുരുഷ സംബോധനയിലേക്ക് മാറുന്നു. 
ഇപ്രകാരം, സര്‍വനാമങ്ങളുമായി ബന്ധപ്പെട്ട മാറ്റങ്ങളെപ്പോലെത്തന്നെ, വക്താക്കളുടെയും ശ്രോതാക്കളുടെയും  എണ്ണത്തിലും മാറ്റങ്ങള്‍ വരുത്തുന്നതു കാണാം. ആ ഇനങ്ങള്‍ ഏതൊക്കെയെന്നു നോക്കാം: 
ഒന്ന്: ഒരാളില്‍നിന്ന് രണ്ടാളുകളിലേക്കുള്ള മാറ്റം ''അവര്‍ പറഞ്ഞു: ഞങ്ങളുടെ പൂര്‍വ പിതാക്കള്‍ ഏതൊരു മാര്‍ഗം മുറുകെപ്പിടിക്കുന്നതായി ഞങ്ങള്‍ കണ്ടുവോ അതില്‍നിന്ന് ഞങ്ങളെ തെറ്റിച്ചുകളയാനാണോ നീ ഞങ്ങളുടെയടുത്ത് വന്നത്? ഭൂമിയില്‍ നിങ്ങളിരുവരുടെയും മേധാവിത്വം സ്ഥാപിക്കാനും? എന്നാല്‍ ഞങ്ങളൊരിക്കലും നിങ്ങളിരുവരിലും വിശ്വസിക്കുന്നവരാവുകയില്ല'' (യൂനുസ്: 78).
ഇവിടെ 'നീ ഞങ്ങളുടെയടുത്ത് വന്നത്?' എന്ന എകവചന രൂപത്തില്‍ തുടങ്ങി പിന്നീട് 'നിങ്ങളിരുവരുടെയും മേധാവിത്വം സ്ഥാപിക്കാനും?' എന്നിടത്തെത്തിയപ്പോള്‍ ദ്വിവചനമായി മാറുന്നു.
രണ്ട്: ഏകവചനത്തില്‍നിന്ന് ബഹുവചനത്തിലേക്ക്. ''നബിയേ, നിങ്ങള്‍  സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് ഇദ്ദഃ തുടങ്ങാനുള്ള അവസരത്തില്‍ വിവാഹമോചനം നടത്തുക. ഇദ്ദ കാലം നിങ്ങള്‍ കൃത്യമായി കണക്കാക്കുക'' (അത്ത്വലാഖ്: 1).
ഇവിടെ ആദ്യം പ്രവാചകനെ മാത്രമാണ് (നബിയേ) അഭിസംബോധന ചെയ്യുന്നത്. പിന്നീട് (നിങ്ങള്‍ സ്ത്രീകളെ ...)  മുഴുവന്‍ വിശ്വാസികളിലേക്കുമായി അഭിസംബോധന നീളുന്നു.
മൂന്ന്: രണ്ടാളുകളില്‍നിന്ന് ഒരാളിലേക്ക്. ''അപ്പോള്‍ നാം ആദമിനോടു പറഞ്ഞു: ആദമേ, ശ്രദ്ധിച്ചുകൊള്ളുക. നിന്റെയും പത്നിയുടെയും ശത്രുവാണിവന്‍.ഇവന്‍ നിങ്ങള്‍ രണ്ടു പേരെയും സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കാനും അങ്ങനെ നീ നിര്‍ഭാഗ്യവാനായിത്തീരാനും ഇടയാകാതിരിക്കട്ടെ'' (ത്വാഹാ: 117).
ഇവിടെ ആദ്യം 'നിങ്ങള്‍ രണ്ടു പേരെയും' എന്ന് ദ്വിവചനമായിട്ടും, അവസാനം 'അങ്ങനെ നീ ....' എന്ന് ഏകവചനമായിട്ടുമാണ് പറയുന്നത്.
നാല്: രണ്ടാളുകളില്‍നിന്ന് ബഹുവചനത്തിലേക്ക്. ''മൂസാക്കും അദ്ദേഹത്തിന്റെ സഹോദരന്നും നാം ബോധനം നല്‍കി: നിങ്ങള്‍ രണ്ടു പേരും മിസ്വ്റില്‍ സ്വജനത്തിനായി ചില മന്ദിരങ്ങളൊരുക്കുക, ആ മന്ദിരങ്ങളെ നിങ്ങള്‍ ഖിബ്ലയായി നിശ്ചയിച്ച് നിങ്ങള്‍  നമസ്‌കാരം നിലനിര്‍ത്തുക'' (യൂനുസ്: 87).
ഇവിടെ ആദ്യം മൂസാ, ഹാറൂന്‍ നബിമാരോടാണ് അല്ലാഹു സംസാരിച്ചത്; പിന്നീടത്  അവരുടെ കൂടെയുള്ള മുഴുവന്‍ വിശ്വാസി സമൂഹത്തോടുമുള്ള, 'നിങ്ങള്‍  നമസ്‌കാരം നിലനിര്‍ത്തുക' എന്ന ഉദ്‌ബോധനമായി.
അഞ്ച്: ബഹുവചനത്തില്‍നിന്ന് ഏകവചനത്തിലേക്ക്. ''നാം പറഞ്ഞു: 'നിങ്ങളെല്ലാം ഇവിടന്ന് ഇറങ്ങിപ്പോകുവിന്‍. പിന്നീട് നിങ്ങള്‍ക്ക് എന്നില്‍നിന്ന് മാര്‍ഗദര്‍ശനം ലഭിക്കുമ്പോള്‍ ആര്‍ ആ മാര്‍ഗദര്‍ശനത്തെ പിന്തുടരുന്നുവോ അവര്‍ ഭയപ്പെടേണ്ടതില്ല, ദുഃഖിക്കേണ്ടതുമില്ല'' (അല്‍ ബഖറ: 38).
ഇവിടെ ആദ്യം ബഹുവചനത്തില്‍ 'നാം പറഞ്ഞു' എന്നാണെങ്കില്‍ പിന്നീട് 'എന്നില്‍നിന്ന് മാര്‍ഗദര്‍ശനം ലഭിക്കുമ്പോള്‍' എന്ന ഏകവചന രൂപത്തിലാണ്. 'നമ്മില്‍ നിന്ന്' എന്നാണ് സാധാരണ ശൈലി.
ആറ്: ബഹുവചനത്തില്‍നിന്നും ദ്വിവചനത്തിലേക്ക്. ''അല്ലയോ മനുഷ്യരുടെയും ജിന്നുകളുടെയും സംഘമേ, വാനലോകങ്ങളുടെയും ഭൂമിയുടെയും അതിരുകള്‍ ഭേദിച്ച് ഓടാന്‍ കഴിയുമെങ്കില്‍ ഓടിനോക്കുക. നിങ്ങള്‍ക്ക് ഓടാന്‍ കഴിയില്ല. അതിന് വമ്പിച്ച ശക്തിതന്നെ വേണം'' (അര്‍റഹ്മാന്‍: 33).
ഇവിടെ ബഹുവചന രൂപത്തിലാണ് അഭിസംബോധന. എന്നാല്‍ പിന്നീടുള്ള വാക്യം ശ്രദ്ധിക്കുക: ''നിങ്ങള്‍ രണ്ടു പേരുടെയും റബ്ബിന്റെ ഏതേതു കഴിവുകളെയാണ് നിങ്ങള്‍ രണ്ടു പേരും നിഷേധിക്കുക?'' (അര്‍റഹ്മാന്‍: 34). ഇവിടെ നിങ്ങള്‍ നിഷേധിക്കുക എന്നായിരുന്നു സാധാരണ രീതിയിലുള്ള പ്രയോഗം.
മറ്റൊരുതരം ഇല്‍തിഫാത്തിനെക്കുറിച്ച് ഇബ്‌നുല്‍ അസീര്‍ (എ.ഡി: 1163-1239) പരിചയപ്പെടുത്തുന്നുണ്ട്. ക്രിയകള്‍ക്കിടയില്‍ പെട്ടെന്ന് മാറ്റം വരുത്തലാണത്. ഭൂതകാലത്തിനു പകരം ഭാവി-വര്‍ത്തമാന ക്രിയകളും തിരിച്ചും പ്രയോഗിക്കാറുണ്ട്. 
''അല്ലാഹു കാറ്റുകളെ അയച്ചു. എന്നിട്ടവന്‍ മേഘങ്ങളെ ഇളക്കിയുയര്‍ത്തും. പിന്നെ നാം അതിനെ ഒരു തരിശുപ്രദേശത്തേക്ക് നയിച്ചു. അതുവഴി ചത്തുകിടന്ന ആ ഭൂമിയെ  സജീവമാക്കി'' (ഫാത്വിര്‍: 09).
ഈ  വാക്യത്തിലെ 'മേഘങ്ങളെ ഇളക്കിയുയര്‍ത്തും' എന്നതൊഴികെയുള്ള എല്ലാ ക്രിയകളും ഭൂതകാലക്രിയകളാണ്. ഇതിന് നേര്‍വിപരീതമായും വരാറുണ്ട്: ''അന്ന് നാം പര്‍വതങ്ങളെ ഇളക്കിവിടും. അപ്പോള്‍ ഭൂമിയെ തനി വെളിമ്പുറമായി നിനക്കു കാണാം.മര്‍ത്ത്യരെയാകെയും നാം ഒരുമിച്ചുകൂട്ടി. ഒരുവനെയും ഒഴിവാക്കുകയില്ല'' (അല്‍ കഹ്ഫ്: 47).
ഇവിടെ 'ഒരുമിച്ചുകൂട്ടി' എന്നതൊഴികെയുള്ളതെല്ലാം ഭാവികാല ക്രിയകളാണ്. വേറിട്ടു പറഞ്ഞ ക്രിയകളെ പ്രത്യേകം ശ്രദ്ധിക്കാന്‍ വേണ്ടിയാണ് ഇത്തരം മാറ്റങ്ങള്‍ വരുത്തുന്നത് (ഇബ്‌നുല്‍ അസീര്‍: അല്‍ മസലുസ്സാഇര്‍, 2/16).

ഇല്‍തിഫാത്തിന്റെ ഗുണഫലങ്ങള്‍ 

പ്രഗത്ഭ പണ്ഡിതന്‍ ഇമാം സര്‍കശി (എ.ഡി 1344-1392) ഇല്‍തിഫാത്തിന്റെ ഗുണഫലങ്ങള്‍ ഇപ്രകാരം വിവരിക്കുന്നു: 
''പൊതുവായും പ്രത്യേകമായും ഇല്‍തിഫാത്തിന് ഏറെ ഗുണങ്ങളുണ്ട്. ആളുകള്‍ക്ക് ഹരം പകരുന്ന വൈവിധ്യം, ശൈലീമാറ്റം തുടങ്ങിയവയെല്ലാം അതിന്റെ പൊതുവായ ഗുണങ്ങളാണ്. വായനക്കാരില്‍ ഉണര്‍വും ആവേശവുമുണ്ടാക്കുക, അവരുടെ ശ്രദ്ധയാകര്‍ഷിക്കുക, സംഭാഷണത്തിന്റെ വഴികള്‍ വിശാലമാക്കുക - ഇവയും അതിന്റെ പൊതുവായ ഗുണങ്ങളാണ്. സാഹിത്യ വിശാരദന്മാര്‍ പറയാറുണ്ട്; ഒരു പ്രഭാഷണം ഒരേ ശൈലിയില്‍ നീണ്ട് പോയാല്‍ പിന്നീടതിന്റെ ശൈലിയില്‍ മാറ്റം വരുത്തലാണ് ഭംഗി. ഇല്‍തിഫാത്തിന്റെ പ്രത്യേകമായ ഗുണങ്ങള്‍ ഇവയാണ്:
1) പ്രഭാഷകന്റെ മനോനില കൂടുതല്‍ വ്യക്തമാക്കുക.
യാസീന്‍ അധ്യായം 22-ാം സൂക്തമിങ്ങനെ: 'ആരാണോ എന്നെ സൃഷ്ടിച്ചത്, ആരിലേക്കാണോ നിങ്ങളെല്ലാവരും തിരിച്ചുചെല്ലേണ്ടത്, അവന് ഞാന്‍ ഇബാദത്ത് ചെയ്യാതിരിക്കാന്‍ എനിക്കെന്താണ് ന്യായം?'
ഇവിടെ പറയേണ്ടിയിരുന്നത് ഇപ്രകാരമാണ്: 'ആരാണോ നിങ്ങളെ സൃഷ്ടിച്ചത്, ആരിലേക്കാണോ നിങ്ങളെല്ലാവരും തിരിച്ചുചെല്ലേണ്ടത്...'
എന്നാല്‍ ഗുണകാംക്ഷാ നിര്‍ഭരമനസ്സുള്ള ആ പ്രബോധകന്‍ തന്റെ ആത്മാര്‍ഥതയും നിഷ്‌കളങ്കതയും തുറന്നു കാണിക്കുന്നതിനു വേണ്ടി 'ആരാണോ എന്നെ സൃഷ്ടിച്ചത്...' എന്ന ശൈലി സ്വീകരിക്കുകയായിരുന്നു.
2) പ്രഭാഷകന്റെ വിശേഷണം വ്യക്തമാക്കുക:
''നാം ദൈവദൂതനെ നിയോഗിക്കുന്നവന്‍ തന്നെയാണ്. നിന്റെ റബ്ബില്‍നിന്നുള്ള കാരുണ്യമായിക്കൊണ്ട്'' (അദ്ദുഖാന്‍: 5,6).
ഇവിടെ ആദ്യം അല്ലാഹു അവനെ 'നാം' എന്നും പിന്നീട് 'നിന്റെ റബ്ബ്' എന്നുമാണ് വിശേഷിപ്പിച്ചത്. കാരുണ്യം റബ്ബിന്റെ പ്രധാന വിശേഷണമായതിനാലാണിത്.
3) അതിശയോക്തിയെ സൂചിപ്പിക്കാനും ഈ രീതി സ്വീകരിക്കാറുണ്ട്. ''അങ്ങനെ നിങ്ങള്‍ കപ്പലിലായിരിക്കെ, സുഖകരമായ കാറ്റുവീശി. അവരെയും കൊണ്ട് കപ്പല്‍ നീങ്ങിത്തുടങ്ങി. അവരതില്‍ സന്തുഷ്ടരായി'' (യൂനുസ്: 22).
ഇവിടെ 'നിങ്ങളില്‍' നിന്ന് 'അവരി'ലേക്കുള്ള മാറ്റത്തില്‍ ഒരു യുക്തിയുണ്ട്. നന്ദികേട് കാണിക്കുന്നവരില്‍നിന്ന് മുഖം തിരിച്ച് അവരെച്ചൂണ്ടി മറ്റുള്ളവരോട് സംസാരിക്കുന്ന രീതിയാണിത്.
4) പ്രത്യേകം ഊന്നല്‍ നല്‍കുക. ''അല്ലാഹുവാകുന്നു കാറ്റുകളെ അയച്ചത്. എന്നിട്ടവന്‍ മേഘങ്ങളെ ഇളക്കിയുയര്‍ത്തുന്നു. പിന്നെ നാം അതിനെ ഒരു തരിശുപ്രദേശത്തേക്ക് നയിച്ചു; ചത്തുകിടന്ന ആ ഭൂമിയെ അതുവഴി സജീവമാക്കി'' (ഫാത്വിര്‍: 09).
ഇവിടെ മഴ വര്‍ഷിപ്പിച്ച് ഭൂമിയെ സജീവമാക്കുന്നത് മഹത്തായ അനുഗ്രഹമായതിനാലാണ് 'അവന്‍' എന്നത്  'പിന്നെ നാം അതിനെ' എന്ന് മാറ്റിപ്പറഞ്ഞത്.
5) പ്രാധാന്യം സൂചിപ്പിക്കുക. ''അപ്രകാരം അവന്‍ രണ്ടു നാളുകളിലായി ഏഴാകാശങ്ങളുണ്ടാക്കുകയും ഓരോ ആകാശത്തെയും അവന്‍ അതിന്റെ നിയമങ്ങള്‍ ബോധിപ്പിക്കുകയും ചെയ്തു. അടുത്ത ആകാശത്തെ നാം ദീപാലംകൃതമാക്കി'' (ഫുസ്സ്വിലത്ത്: 11, 12).
ഇവിടെ ആദ്യം 'അവന്‍' എന്ന പ്രഥമപുരുഷ ശൈലിയിലാണ്  പറയുന്നത്. പിന്നീടത് 'നാം' എന്ന ഉത്തമ പുരുഷ ശൈലിയിലേക്ക് മാറാനുള്ള കാരണം മനുഷ്യരോട് ഏറ്റവും അടുത്ത ആകാശത്തിനുള്ള പ്രാധാന്യം ഓര്‍മിപ്പിക്കാനാണ്.
6) രൂക്ഷ വിമര്‍ശനമുാകുമ്പോഴും ശൈലീമാറ്റങ്ങള്‍ കാണാറു്.
''അവര്‍ പറഞ്ഞു: 'കാരുണികനായ തമ്പുരാന്‍ പുത്രനെ വരിച്ചിട്ടുണ്ട്.' അതിമൂഢമായ വര്‍ത്തമാനമാകുന്നു നിങ്ങള്‍ ജല്‍പിച്ചിട്ടുള്ളത്.'' ഇവിടെ ആദ്യത്തെ 'അവര്‍' പിന്നീട് 'നിങ്ങള്‍' ആയത് വിമര്‍ശനത്തിന്റെ കാഠിന്യം ഓര്‍മപ്പെടുത്തുന്നു'' (അല്‍ ബുര്‍ഹാനു ഫീ ഉലൂമില്‍ ഖുര്‍ആന്‍, 3/2729).
വിശുദ്ധ ഖുര്‍ആന്റെ അര്‍ഥവും ആശയവും മനസ്സിലാക്കി സാവകാശം പാരായണം ചെയ്യുന്നവര്‍ക്ക് മാത്രമേ അതിസൂക്ഷ്മമായ ഈ സാഹിത്യസൗന്ദര്യം തിരിച്ചറിയാനും ആസ്വദിക്കാനും കഴിയൂ.  അധിക മലയാള പരിഭാഷകളും ഇല്‍തിഫാത്ത് എന്ന അറബി സാഹിത്യകല ഉള്‍ക്കൊണ്ടും മനസ്സിലാക്കിയുമല്ല തയാറാക്കിയിരിക്കുന്നത്. അതിനാല്‍ നിലവിലുള്ള മലയാള പരിഭാഷകളില്‍നിന്ന്  ഇല്‍തിഫാത്തിന്റെ പരിമളം നുകരാമെന്ന് കരുതുകയും വേണ്ട.

Comments

Other Post

ഹദീസ്‌

നീതികെട്ട സമൂഹം വരണ്ട പുഴയാണ്
അബ്ദുര്‍റഹ്മാന്‍ ചെറുവാടി

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (29-31)
ടി.കെ ഉബൈദ്‌