Prabodhanm Weekly

Pages

Search

2011 ജൂലൈ 16

കമലാസുറയ്യയും കപടസദാചാരവും

ജമീല്‍ അഹ്മദ്‌

കഴിഞ്ഞ രണ്ടു ജൂണ്‍മഴക്കാലവും കമലാസുറയ്യയെ ഓര്‍മിപ്പിക്കുന്നു. സ്ത്രീ ശരീരത്തെയും അതിന്റെ കാമനകളെയും തുറന്നെഴുതിയ കമലാസുറയ്യയെ ഇവിടെ, തികച്ചും കാലികമായ ചില അവസ്ഥകളെ മുന്‍നിര്‍ത്തി അനുസ്മരിക്കുന്നു.
മാധവിക്കുട്ടി ഇസ്‌ലാംമതം സ്വീകരിക്കുന്നതിനു മുമ്പെഴുതിയ ധാരാളം രചനകള്‍ പെണ്‍ ലൈംഗികതയെ തുറന്നെഴുതുന്നു എന്ന പേരില്‍ തന്നെ വായനക്കാരെ പെരുപ്പിച്ചിട്ടുണ്ട്. കമലാസുറയ്യ ആയ ശേഷവും അവര്‍ അത്തരം രചനകള്‍ എഴുതി പ്രസിദ്ധീകരിച്ചു (വണ്ടിക്കാളകള്‍). മാധവിക്കുട്ടിയുടെ ഇസ്‌ലാം സ്വീകരണത്തോടൊപ്പം നിന്നവര്‍ ഈ വൈരുധ്യത്തെ എങ്ങനെ വിശദീകരിക്കുമെന്നോര്‍ത്ത് വിഷമിക്കും; മതംമാറ്റത്തിനു ശേഷവും 'മാധവിക്കുട്ടി'യുടെ കൂടെ നില്‍ക്കുന്നവര്‍ ഇസ്‌ലാം സ്വീകരണത്തെ വിശദീകരിക്കാന്‍ വിഷമിക്കുന്നതുപോലെത്തന്നെ. ഒരെഴുത്തുകാരിയുടെ സിദ്ധവും ദുരൂഹവുമായ മനോവ്യാപാരങ്ങളെ പൊതുസദാചാര സംഹിതകളുടെ തൂക്കക്കട്ടികള്‍ ഉപയോഗിച്ച് വിലയിരുത്തുന്നതിലെ അപാകതയാണതിനു കാരണം. ഈ വര്‍ഷം കമലാസുറയ്യയെ അനുസ്മരിക്കുന്ന രണ്ടു ചടങ്ങുകളില്‍ പങ്കെടുത്തപ്പോഴും 'കപടസദാചാരത്തിനെതിരെ അവര്‍ പൊരുതി' എന്ന പൊതുധാരണയെ വിശദീകരിക്കുന്ന രണ്ടു പ്രസംഗങ്ങള്‍ കേട്ടു. കേരളീയന്‍ (പുരുഷന്‍ തന്നെ) കപടസദാചാരത്തിന്റെ രാജാക്കന്മാരാണെന്നാണ് രണ്ടുപേരും പ്രസംഗിച്ചത്. മാധവിക്കുട്ടി അവരുടെ കപടസദാചാരത്തിനുനേരെ പ്രഹരിക്കുകയായിരുന്നുവത്രെ. ആദ്യത്തെ ചടങ്ങില്‍ ഒരു ഇടതുപക്ഷസഹയാത്രികനാണ് അത് പറഞ്ഞതെങ്കില്‍ അടുത്ത പരിപാടിയില്‍ പങ്കെടുത്ത പ്രമുഖ പത്രപ്രവര്‍ത്തകനാണ് ആ വാദം ഉന്നയിച്ചത്.
മാധവിക്കുട്ടി കപട സദാചാരത്തിനുനേരെ വാളോങ്ങുകയായിരുന്നുവോ എന്നതില്‍ വായനക്കാരുടെ ആസ്വാദനനിലവാരവും സമീപനരീതിയും വെച്ച് വിവിധങ്ങളായ തീരുമാനങ്ങളെടുക്കാം. അതില്‍ മാധവിക്കുട്ടിക്കുപോലും ഇടപെടാനാവില്ല. എന്നാല്‍ കപടസദാചാരം എന്ന ആശയത്തിന്റെ പൊള്ളത്തരം തുറന്നുകാണിക്കേണ്ടതുണ്ട്. ആ കളിത്തോക്കുകൊണ്ട് ഏത് അരാജകവാദിക്കും ധാര്‍മികബോധങ്ങളെ ഭയപ്പെടുത്തി സാമൂഹികമായ ഈടുവെയ്പുകള്‍ കൊള്ളയടിച്ചുകൊണ്ടുപോകാം, ഏത് സ്റ്റേജിലും ബുദ്ധിജീവി ചമയാം, ഏത് മതവാദിയെയും അടിച്ചിരുത്താം എന്ന് വന്നിരിക്കുന്നു. അതുകൊണ്ടുതന്നെ കപട സദാചാരവാദമാണ് ഏറ്റവും വലിയ സാംസ്‌കാരിക കാപട്യം എന്ന സംവാദം ഇവിടെ ഉന്നയിക്കുകയാണ്. മലയാളികള്‍ കപടസദാചാരത്തിന്റെ ആളുകളാണെന്ന പൊതു പരിഹാസം ഇനിമേല്‍ സഹിക്കവയ്യ.
ലൈംഗികതക്ക് സാമൂഹികമായ ചില നിയന്ത്രണ നിയമങ്ങള്‍ അനിവാര്യമാണ്. മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം ആന്തരികമായി ബുദ്ധിയിലും ബാഹ്യമായി ഇത്തരം നിയന്ത്രണങ്ങളിലുമാണ്. അതിന്റെ അറ്റവും പരിധിയും നിര്‍ണയിക്കേണ്ടത് അതത് സഹസമൂഹങ്ങളായിരിക്കണം. പള്ളിപ്പാതിരിമാരുടെ ലൈംഗിക നിയന്ത്രണ നിയമങ്ങളല്ലല്ലോ ഇടവകയിലെ വിശ്വാസിക്ക്. സ്‌കൂളിലെ സദാചാര നിയമങ്ങള്‍ ഒത്തുപോവുകയില്ലല്ലോ ഹെഡ്മാസ്റ്ററുടെ കിടപ്പറയില്‍. അവയെക്കൂടാതെ പൊതുവായ ചില സാമൂഹികധാരണകളും ഇക്കാര്യത്തില്‍  ആവശ്യമാണ്. ഭാഷപോലെ അനിവാര്യമായ ഈ സാമൂഹിക ധാരണകളെയാണ് സദാചാരം എന്നു വിളിക്കേണ്ടത്. എന്നാല്‍, 'കപടസദാചാരം' എന്നാലെന്താണെന്നുമാത്രം ആരും പറഞ്ഞുതരില്ല. യഥാര്‍ഥത്തില്‍ സകലവിധ സദാചാര ധാരണകള്‍ക്കുമെതിരെയുള്ള വാളാണ് ഈ കാപട്യാരോപണം. നഗ്നത മറയ്ക്കുന്ന വേഷംതൊട്ട് സ്ത്രീപുരുഷ ബന്ധങ്ങളുടെ ലൈംഗിക സ്വഭാവങ്ങളെവരെ സദാചാരം എന്ന വാക്ക് ഉള്‍ക്കൊള്ളുന്നു. അതിന്റെ നേരിയ വ്യവഹാരങ്ങളെപ്പോലും സംശയത്തോടെയും വിരോധത്തോടെയും എതിര്‍ക്കുന്നവര്‍ മനുഷ്യന്റെ സാമൂഹിക ജീവിതത്തിന്റെ മെച്ചപ്പെട്ട പോക്കിന് തടസ്സംനില്‍ക്കും.
ലൈംഗികത വ്യക്തിയുടെ തെരഞ്ഞെടുപ്പാണ്, വിവാഹം വ്യക്തിയെ അപ്രസക്തമാക്കുന്ന സാമൂഹിക സ്ഥാപനമാണ്, വേശ്യകള്‍ സമൂഹത്തിലെ സേഫ്റ്റി വാള്‍വുകളാണ്, സ്വവര്‍ഗരതിയും  മറ്റ് ലൈംഗികപ്പേക്കൂത്തുകളും വെറും വ്യക്തിസ്വാതന്ത്ര്യത്തിന്റെ മാത്രം പ്രശ്‌നമാണ് തുടങ്ങിയ മതേതര വാദങ്ങള്‍ ഉന്നയിക്കുന്നവര്‍, അവരെ എതിര്‍ക്കുന്നവരെ മുഴുവന്‍ വിളിക്കുന്ന പേരാണ് 'കപടസദാചാരക്കാര്‍' എന്നത്. മുകളില്‍ പറഞ്ഞ വാദങ്ങളില്‍ ഒന്നെങ്കിലും കമലാസുറയ്യ അംഗീകരിച്ചിരുന്നുവോ എന്ന കാര്യം സംശയാസ്പദമാണ്. സാമൂഹിക പെരുമാറ്റങ്ങളെ നിര്‍മമമായി വിവരിക്കുന്ന സവിശേഷമായ സാഹിത്യരൂപമായിരുന്നു അവരുടെ കഥകളും അനുഭവക്കുറിപ്പുകളും. ഫെമിനിസമടക്കമുള്ള ഏതെങ്കിലും പ്രത്യയശാസ്ത്രത്തോട് അവര്‍ ഒരിക്കലും ചേര്‍ന്നുനിന്നിട്ടില്ല. അതുകൊണ്ടുതന്നെ കമലാസുറയ്യ കപടസദാചാരത്തെ കാലാകാലവും എതിര്‍ത്തുവെന്ന പ്രസ്താവനകള്‍ പൂര്‍ണമായും ശരിയല്ല.
പിന്നെ, കമലാസുറയ്യ മാധവിക്കുട്ടിയെന്ന പേരിലെഴുതിയ പല രചനകളിലും ലൈംഗികകാര്യങ്ങളുടെ തുറന്ന പ്രതിപാദനങ്ങളുണ്ട്. മറയില്ലാതെ പറയുക എന്ന ക്രാഫ്റ്റില്‍ അവര്‍ അധികമായി അഭിരമിക്കുന്നതുകാണാം. അത് സ്വന്തത്തെക്കുറിച്ചാണെങ്കിലും (എന്റെ കഥ) സ്വന്തം ഭര്‍ത്താവിനെക്കുറിച്ചാണെങ്കിലും (വിഷാദം പൂക്കുന്ന മരങ്ങള്‍) സമൂഹം എന്തു കരുതുമെന്ന് ആ എഴുത്തുകാരി ഭയപ്പെട്ടില്ല. ലൈംഗികകാര്യങ്ങള്‍ തുറന്നെഴുതുന്നത് തെറ്റാണെന്ന് വിശ്വസിക്കുന്ന ഒരാള്‍ അത് മാധവിക്കുട്ടി ചെയ്താലും തെറ്റാണെന്ന് തുറന്ന് പറയാന്‍ എന്തിനു ഭയക്കണം? തുറന്നെഴുതാനുള്ള ധൈര്യം മാധവിക്കുട്ടിക്കു നല്‍കുന്നതുപോലെ അതിനെ എതിര്‍ക്കാനുള്ള ധൈര്യം വായനക്കാര്‍ക്കും നല്‍കാം. എഴുതിയത് ഒ.വി വിജയനോ വൈക്കംമുഹമ്മദ് ബഷീറോ ആകട്ടെ വായനക്കാരുടെ ആ ധീരതയെ നാം വകവെച്ചുകൊടുത്തേ തീരൂ. അവരെ കപടസദാചാരക്കാര്‍ എന്ന് ചൊല്ലി കളിയാക്കുന്നത് മാത്രം ധീരതയല്ല.
അല്ലെങ്കില്‍ തന്നെ ആരാണ് സദാചാരത്തില്‍ അല്‍പം കാപട്യമില്ലാത്തവര്‍. സ്വകാര്യമായി ലൈംഗികകാര്യങ്ങളില്‍ ഏര്‍പ്പെടുകയും അത് തുറന്ന് പറയുന്നതിനെ എതിര്‍ക്കുകയുമാണ് കപടസദാചാരമെങ്കില്‍, പൊതുയോഗംപോലെ ലൈംഗികകാര്യങ്ങള്‍ ചെയ്യാത്ത എല്ലാവരും കപടസദാചാരക്കാര്‍തന്നെയാണ്. സാമൂഹികബോധമുള്ള കമ്യൂണിസ്റ്റുകാരനും പത്രപ്രവര്‍ത്തകനും, വസ്ത്രം ധരിക്കുന്നേടത്തോളം നഗ്നതയെ സ്വകാര്യമായി പരിപാലിക്കുകയും സാമൂഹികമായി മറച്ചുവെക്കുകയും ചെയ്യുന്ന കപടസദാചാരവാദികള്‍ തന്നെ. സ്വകാര്യമായ നഗ്നതയെ തുറന്നെഴുതുന്നതാണ് സാഹിത്യമെങ്കില്‍ തുറന്നുകാണിക്കുന്നതാണല്ലോ പൊതുപ്രവര്‍ത്തനം. അതു തുറന്നുകാണിക്കുന്നില്ല എന്നതുകൊണ്ടാണ് നാം സംസ്‌കാരമുള്ളവരാണ് എന്നഭിമാനിക്കുന്നത്. ആ അഭിമാനമാണ് സത്യത്തില്‍ സദാചാരവാദം.
പിന്‍വാതില്‍: ആദ്യം നടന്ന അനുസ്മരണ സമ്മേളനത്തില്‍ ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചുകൊണ്ടാണ് ഞാന്‍ മറുപടി സംസാരം അവസാനിപ്പിച്ചത്. ചടങ്ങ് തീര്‍ന്നതും ഒരാള്‍ നേരില്‍വന്ന് എന്നെ എതിര്‍ക്കാന്‍ തുടങ്ങി. ലൈംഗിക സ്വാതന്ത്ര്യത്തെ മതത്തിന്റെ മൗലികനിയമങ്ങളുപയോഗിച്ച് നേരിടരുതെന്നാണ് അയാളുടെ വാദം. പലപല ഉദാഹരണങ്ങള്‍ നിരത്തി ഞാന്‍ സ്വതന്ത്ര ലൈംഗികവാദത്തിന്റെ സാമൂഹിക പ്രശ്‌നത്തിലേക്ക് അയാളെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും, 'ഒരു  സൈദ്ധാന്തിക ചര്‍ച്ചയില്‍ വിലകുറഞ്ഞ പ്രായോഗികപ്രശ്‌നങ്ങള്‍ ഉന്നയിച്ച് വിഷയത്തെ ലളിതവല്‍ക്കരിക്കുന്നു' എന്ന ആരോപണമുയര്‍ത്തി അയാള്‍ ഇടഞ്ഞുതന്നെ നിന്നു.
ലൈംഗിക സ്വാതന്ത്ര്യം എന്ന ഹിമാലയന്‍ വിഷയത്തെ ഞാന്‍ ലളിതമാക്കിയത് ഇങ്ങനെയാണ്: ''സുഹൃത്തേ, താങ്കളുടെ അനുജനോ ഭാര്യയോ അടുത്ത വീട്ടിലെ ചെറുപ്പക്കാരനുമായി ലൈംഗിക സ്വാതന്ത്ര്യം പ്രായോഗികവത്കരിച്ചാല്‍ താങ്കള്‍ അക്കാര്യത്തിലെടുക്കുന്ന നിലപാട് എന്തായിരിക്കും? അവരുടെ സ്വാതന്ത്ര്യത്തിലേക്ക് അവരെ ദയാപൂര്‍വം വിട്ടുകൊടുക്കുമോ? താങ്കള്‍ക്കു വിട്ടുകൊടുക്കാം. എങ്കില്‍തന്നെ സമൂഹം മുഴുവന്‍ ഇങ്ങനെ വിട്ടുവീഴ്ച ചെയ്താല്‍ എന്തായിരിക്കും നമ്മുടെ സാമൂഹിക വ്യവസ്ഥയുടെ ലൈംഗികാരോഗ്യം?''
അയാള്‍ പറഞ്ഞതുപോലെ അത്രയും ലളിതമാണോ ഈ കാര്യം?
(9895 437056) [email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം