പലിശ രഹിത ഫിനാന്‍സ് സംരംഭങ്ങള്‍ക്ക് പുതുപ്രതീക്ഷ നല്‍കിയ ദേശീയ സെമിനാര്‍
സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ച പലിശ രഹിത നിക്ഷേപ സംവിധാനത്തിന് മത-രാഷ്ട്രീയ പരിഗണനകള്‍ക്കതീതമായ പിന്തുണ ഉറപ്പാക്കിയ ദേശീയ സെമിനാര്‍ രാഷ്ട്രാന്തരീയ ശ്രദ്ധ പിടിച്ചുപറ്റി. തിരുവനന്തപുരത്ത് സംഘടിപ്പിക്കപ്പെട്ട സെമിനാറില്‍ സംസാരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വ്യവസായ വകുപ്പുമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ മുന്‍ സര്‍ക്കാര്‍ തുടങ്ങിവെച്ച നല്ലകാര്യം എന്ന നിലയില്‍ പലിശരഹിത സംരംഭത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോവുമെന്ന് ഉറപ്പുനല്‍കി. കേന്ദ്രഗവണ്‍മെന്റില്‍നിന്ന് ഇസ്ലാമിക് ബാങ്കിംഗിന് അനുകൂലമായ നിയമനിര്‍മാണത്തിന് പരിശ്രമിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക് ബാങ്കിംഗ് മതത്തിന്റെ പേരിലാണ് എന്നതുകൊണ്ട് അപകടകരമായ പദ്ധതിയായി കാണുന്നില്ല. സംസ്ഥാനത്തിന്റെ വികസനവും വളര്‍ച്ചയും മുന്നില്‍കണ്ട് അതിനായി വിഭവസമാഹരണം ഉറപ്പുവരുത്താനും സാമൂഹിക നീതി യാഥാര്‍ഥ്യമാക്കാനുമാണ് സര്‍ക്കാറിന്റെ ശ്രമം. ഇസ്ലാമികമായ പലിശരഹിത സംവിധാനങ്ങള്‍ ഇതു സാധ്യമാക്കും - മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനം നേരിടുന്ന കടബാധ്യതയും പലിശക്കെണിയും കുറച്ച് വികസനം യാഥാര്‍ഥ്യമാക്കാന്‍ പലിശ രഹിത നിക്ഷേപ പദ്ധതിക്ക് സാധിക്കുമെന്ന് വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നല്ല കാര്യങ്ങളെ മതപരമെന്നു പറഞ്ഞ് മാറ്റിനിര്‍ത്താനാവില്ല. ഫ്രാന്‍സും ബ്രിട്ടനും അമേരിക്കയും ചൈനയും ഒരേപോലെ ഇസ്ലാമിക് ബാങ്ക് നടപ്പാക്കുന്നത് അതിന്റെ ഗുണവശങ്ങള്‍ തിരിച്ചറിഞ്ഞാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ധനകാര്യമന്ത്രി തോമസ് ഐസക് മുന്‍ സര്‍ക്കാര്‍ പലിശരഹിത നിക്ഷേപ സംവിധാനം തുടങ്ങാനിടയായ സാഹചര്യം വിശദീകരിച്ചു. പുതിയ സര്‍ക്കാര്‍ ഇത് അംഗീകരിച്ച് മുന്നോട്ടു നീക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാങ്കുകള്‍ ഏറ്റവും വലിയ ചൂഷകരായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും യഥാര്‍ഥ ഉല്‍പാദന വളര്‍ച്ചക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണ് ബാങ്കുകള്‍ ചെയ്യുന്നതെന്നും മുന്‍ ആസൂത്രണ ബോര്‍ഡ് അംഗം സി.പി ജോണ്‍ പറഞ്ഞു. ഇസ്ലാമിക് ബാങ്കിംഗ് പ്രവര്‍ത്തനം ഏറ്റവും കുറച്ച് നടക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നത് വികസനത്തിന് തടസ്സം സൃഷ്ടിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യഥാര്‍ഥ നീതിയുടെ താല്‍പര്യമാണ് പലിശ രഹിത ബാങ്കിംഗിലൂടെ നടപ്പാക്കപ്പെടുന്നതെന്ന് എ.ഐ.സി.എല്‍ ഡയറക്ടര്‍ ടി. ആരിഫലി പറഞ്ഞു. അഡീഷനല്‍ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണന്‍ ഐ.എ.എസ്, അല്‍ബറക ഇന്‍വെസ്റ്മെന്റ് കമ്പനി ചെയര്‍മാന്‍ ഡോ. പി. മുഹമ്മദലി, സൈന്‍ ഹ്യൂമന്‍ റിസോഴ്സ് സെന്റര്‍ മേധാവി മുനവ്വറലി ശിഹാബ് തങ്ങള്‍, റാബിത്വ എജുക്കേഷനല്‍ കമ്മിറ്റി മേഖലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഹുസൈന്‍ മടവൂര്‍ എന്നിവരും ഉദ്ഘാടന സെഷനില്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ഇ.എം നജീബ് സ്വാഗതവും തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറി രഘുചന്ദ്രന്‍ നായര്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ഡോ. ഷാരീഖ് നിസാര്‍ (ടാസിസ് ബാംഗ്ളൂര്‍), എച്ച്. ജയേഷ് (ജൂറിസ് കോര്‍പ് മുംബൈ), തന്‍വീര്‍ മുഹ്യിദ്ദീന്‍(എ.ഐ.സി.എല്‍), എം. മെഹബൂബ് (സെക്യുറ) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഐ.സി.ഐ.എഫ് ജനറല്‍ സെക്രട്ടറി എച്ച്. അബ്ദുര്‍റഖീബ്, ഡോ. എ.ഐ റഹ്മത്തുല്ല (കലിക്കറ്റ് യൂനിവേഴ്സിറ്റി), ഡോ. എസ്. ഷറഫുദ്ദീന്‍ (കേരള യൂനിവേഴ്സിറ്റി), കെ.കെ അലി (എ.ഐ.സി.എല്‍), മുഹമ്മദ് പാലത്ത് (ഐ.എ.എഫ്.ഐ.ഇ), ഡോ. കബീര്‍ (ഗവ. വനിതാ കോളേജ് തിരുവനന്തപുരം) എന്നിവരും വിവിധ സെഷനുകളില്‍ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അഷ്റഫ് കടക്കല്‍ നന്ദി പറഞ്ഞു.
ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ഇസ്ലാമിക് എക്ണോമിക്സ് കേരള ഘടകത്തിന്റെ നേതൃത്വത്തില്‍ സമാന സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഏറെ ശ്രദ്ധയാകര്‍ഷിച്ച സെമിനാര്‍ സംഘടിപ്പിക്കപ്പെട്ടത്. കേരള യൂനിവേഴസിറ്റി, സെക്യുറ റിയല്‍ എസ്റേറ്റ് ഫണ്ട്, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ്, എ.ഐ.സി.എല്‍, ഐ.സി.ഐ.എഫ്, ഇന്‍ഫോടെക് ബില്‍ഡേഴ്സ്, അല്‍ജാമിഅ അല്‍ ഇസ്ലാമിയ, അല്‍ബറക ഇന്‍വെസ്റ്മെന്റ്സ് എന്നീ സ്ഥാപനങ്ങളും സംഘാടനത്തില്‍ സജീവ പങ്കാളിത്തം വഹിച്ചു. ജനപങ്കാളിത്തം കൊണ്ടും മാധ്യമശ്രദ്ധകൊണ്ടും പുതിയ ചരിത്രം രചിച്ച സെമിനാര്‍ ഇന്ത്യയില്‍ ഇതേവരെ ഈ വിഷയകമായി നടന്ന സെമിനാറുകളില്‍ നിന്ന് വ്യത്യസ്തമായി, ഫിനാന്‍സ് ലോകവും അക്കാദമിക സമൂഹവും അതോടൊപ്പം ബാങ്കിംഗ്-വ്യവസായ-വാണിജ്യ രംഗത്തെ പ്രമുഖരും ഒരേപോലെ പങ്കെടുത്ത പരിപാടി എന്ന നിലയില്‍ വരും നാളുകളില്‍ പുത്തന്‍ ഉണര്‍വ് പകരുമെന്ന് തീര്‍ച്ച.
Comments