Prabodhanm Weekly

Pages

Search

2011 ജൂലൈ 16

സിയാഉദ്ദീന്‍ സര്‍ദാര്‍ വായിച്ച ഖുര്‍ആന്‍

കെ. അശ്റഫ്

സിയാഉദ്ദീന്‍ സര്‍ദാര്‍ ഖുര്‍ആനെക്കുറിച്ചെഴുതിയ പുസ്തകം ഇപ്പോള്‍ വിപണിയിലുണ്ട്. 'റീഡിംഗ് ദ ഖുര്‍ആന്‍' എന്നാണ് പുസ്തകത്തിന്റെ പേര്. ഈ വര്‍ഷം മേയ് മാസത്തിലാണ് പുസ്തകം പുറത്തിറങ്ങിയത്.
സിയാഉദ്ദീന്‍ സര്‍ദാറിന്റെ എഴുത്തിന്റെ സര്‍വവിധ സൗന്ദര്യവും ഈ പുസ്തകത്തിനുണ്ട്. സാധാരണ വായനക്കാരന് ഉള്ളില്‍ തറക്കുന്ന ചോദ്യങ്ങള്‍ സര്‍ദാര്‍ എപ്പോഴും കരുതിയിരിക്കും. എന്നാല്‍, തന്റെ സരസമായ ശൈലിയെ സര്‍ദാര്‍ കൈയൊഴിക്കാറുമില്ല. ഈ പുസ്തകത്തിനും ഒരു ചരിത്രമുണ്ട്. 2008-ല്‍ സിയാഉദ്ദീന്‍ സര്‍ദാര്‍ ഗാര്‍ഡിയനില്‍ ഖുര്‍ആനെക്കുറിച്ചൊരു ബ്ലോഗ് ചെയ്തിരുന്നു. മുസ്‌ലിംകളും ഖുര്‍ആനുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുന്ന മിക്ക വിഷയങ്ങളും സര്‍ദാറിന്റെ ബ്ലോഗ് പോസ്റ്റുകളില്‍ കടന്നുവന്നിരുന്നു. സൂറ ഫാത്തിഹ, സൂറ അല്‍ബഖറയിലെ ആദ്യ ഭാഗം, പിന്നെ ആനുകാലിക സംഭവവികാസങ്ങളെ മുന്‍നിര്‍ത്തി ഖുര്‍ആനെ വായിക്കാനും സര്‍ദാര്‍ ശ്രമിച്ചിരുന്നു. ഇത്തരം പോസ്റ്റുകള്‍ക്ക് വായനക്കാര്‍ നല്ല പ്രതികരണങ്ങള്‍ നല്‍കിയിരുന്നു. ഈ ബ്ലോഗ് പോസ്റ്റുകളെ പരിഷ്‌കരിച്ചാണ് സര്‍ദാര്‍ ഈ പുസ്തകം തയാറാക്കിയിരിക്കുന്നത്.
നാലു ഭാഗങ്ങളുള്ള പുസ്തകത്തിന്റെ ആദ്യഭാഗത്ത് ഖുര്‍ആന്റെ ചരിത്രം, ഖുര്‍ആനെക്കുറിച്ചുള്ള സംവാദങ്ങള്‍ ഇവയെ സാമാന്യമായി പരിചയപ്പെടുത്തുകയും അതിലൂടെ തന്റെ മെതഡോളജി എന്താണെന്ന് പറയുകയും ചെയ്തിട്ടുണ്ട്. രണ്ടാമത്തെ ഭാഗത്താണ് ഗാര്‍ഡിയനിലെ ബ്ലോഗ് പോസ്റ്റുകള്‍ പരിഷ്‌കരിച്ച് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. മൂന്നാമത്തെയും നാലാമത്തെയും ഭാഗം ഖുര്‍ആനെ അടിസ്ഥാനമാക്കി ചില വിഷയങ്ങള്‍ ആലോചിക്കുകയും ചെയ്യുന്നു.
ഒന്നാമത്തെ ഭാഗം ഖുര്‍ആനും സര്‍ദാറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്. സര്‍ദാറിന്റെ ശൈലിതന്നെ വളരെയധികം ആത്മാംശം കലര്‍ന്നതാണ്. ഉമ്മയുടെ മടിത്തട്ടിലിരുന്ന് ഖുര്‍ആന്റെ ആദ്യപാഠങ്ങള്‍ ഉരുവിട്ട കാലഘട്ടത്തെക്കുറിച്ചോര്‍ത്താണ് സര്‍ദാര്‍ പുസ്തകത്തിന്റെ ആദ്യഭാഗങ്ങള്‍ എഴുതുന്നത്. തന്റെ പാകിസ്താന്‍ ജീവിതത്തെ വരഞ്ഞിടുന്ന സര്‍ദാര്‍ തല്ലിപ്പഠിപ്പിക്കുന്ന മുല്ലമാരുടെ ബോധനരീതിയെ കണക്കിന് കളിയാക്കുന്നുമുണ്ട്. വൈകുന്നേരത്തെ ഖുര്‍ആനിക പാഠങ്ങള്‍, ഉമ്മയിലൂടെ വൈകാരികമായി തന്നെ പകര്‍ന്നുകിട്ടിയതിനാലാകാം ഖുര്‍ആന് ഇത്രയും പ്രാധാന്യം മുസ്‌ലിം ജീവിതത്തില്‍ ഉണ്ടാവുന്നത്.  ഇങ്ങനെ പരമ്പരാഗത പഠനരീതിയെക്കുറിച്ച് പറയുമ്പോഴാണ് അതിന്റെ ഒരു മറുവശമെന്ന നിലക്ക് തല്ലിപ്പഴുപ്പിക്കുന്ന ഖുര്‍ആന്‍ ബോധനരീതിയുടെ പ്രശ്‌നങ്ങള്‍ സര്‍ദാര്‍ കാണുന്നത്. എന്നിരുന്നാലും ഇസ്‌ലാമിക സമൂഹത്തില്‍ നിലനില്‍ക്കുന്ന മുല്ലമാരുടെ സ്വാധീനത്തെ ഉമ്മയുടെ മടിത്തട്ടിന്റെ മൃദുലതയോട് ചേര്‍ത്തുനിര്‍ത്തി വായിക്കുന്ന സര്‍ദാര്‍ പലപ്പോഴും സന്ദര്‍ഭത്തിനു പുറത്ത് ചില വെറും വായനകള്‍ നടത്തുന്നില്ലേ എന്ന സംശയം ന്യായമായുമുണ്ട്. പലപ്പോഴും മുസ്‌ലിം ലോകത്തെ 'പിന്നാക്കാവസ്ഥയുടെ' പ്രതീകമായി കാണുന്ന മതസ്ഥാപനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ പരിമിതികളോടെ തന്നെ മതവിജ്ഞാനീയത്തിന്റെ കൈമാറ്റത്തിലൂടെ നിര്‍വഹിക്കുന്ന വലിയ മാതൃകകള്‍ വിലയിരുത്തുന്നതിന് സര്‍ദാറിന്റെ വീക്ഷണം അപര്യാപ്തമാണെന്ന് മനസ്സിലാകുന്നു. വിശിഷ്യാ പാരമ്പര്യം/ ആധുനികത ഇവയെക്കുറിച്ചുള്ള പരമ്പരാഗത അധീശ ധാരണകള്‍ക്കപ്പുറത്ത് മുല്ലമാരുടെ (ഉലമാക്കളുടെ) ഇടപെടലിനെ മനസ്സിലാക്കാന്‍ സാധിക്കേണ്ടതുണ്ട്.
മാത്രമല്ല, മാതൃത്വത്തിന്റെയും സ്ത്രീയുടെയും പ്രതീകത്തിനു വിപരീതമായി നിര്‍ത്തിയിരിക്കുന്ന തല്ലുന്ന, പൗരുഷം നിറഞ്ഞ മുല്ല എന്ന സര്‍ദാറിന്റെ ആഖ്യാന രീതി ഇന്നത്തെ സവിശേഷ ലോക സാഹചര്യത്തില്‍ 'പുരുഷ' ഇസ്‌ലാമിനെക്കുറിച്ച ഉത്കണ്ഠകളെ കൂടുതല്‍ ത്വരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം ഉത്കണ്ഠകളുടെ ശരിതെറ്റിനപ്പുറം അതിനെക്കുറിച്ച് സംസാരിക്കുന്ന ഭാഷ തന്നെയാണ് ഇവിടെ പ്രശ്‌നമെന്നാണ് സൂചിപ്പിക്കാനാഗ്രഹിക്കുന്നത്. സര്‍ദാറിന്റെ ലിബറല്‍ ഔദ്ധത്യം കലര്‍ന്ന ഭാഷ (മുല്ലമാരുടെ കാര്യത്തിലെങ്കിലും) എത്രത്തോളം നവീന സാമ്രാജ്യത്വത്തിന്റെ ഭാഷയില്‍നിന്ന് വ്യത്യസ്തമാണെന്നും സൂക്ഷ്മമാണെന്നും ഇനിയും വിശദീകരിക്കപ്പെടേണ്ടതുണ്ട്.
ഖുര്‍ആന്റെ ചരിത്രത്തെക്കുറിച്ചും തദ്‌സംബന്ധമായ ചര്‍ച്ചകള്‍ക്കും സര്‍ദാര്‍ നല്ല ഇടം നല്‍കുന്നുണ്ട്. ഖുര്‍ആനെ മുസ്‌ലിംകളും അമുസ്‌ലിംകളും വായിക്കുമ്പോഴുണ്ടാകുന്ന വ്യത്യാസങ്ങള്‍ എന്തൊക്കെയാണ്, ഖുര്‍ആനെക്കുറിച്ച് മുസ്‌ലിംകള്‍ പൊതുവില്‍ യോജിക്കുന്നതും വിയോജിക്കുന്നതുമായ കാര്യങ്ങള്‍ എന്തൊക്കെയാണ് തുടങ്ങി എന്തുകൊണ്ട് മുസ്‌ലിംകള്‍ നല്ല പാരായണത്തിന് പ്രാമുഖ്യം നല്‍കുന്നു എന്നുവരെ സര്‍ദാര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. സലഫി-ഇസ്‌ലാമിസ്റ്റ് ധാരകളെ വീശിയടിച്ചുകൊണ്ടുതന്നെയാണ് തന്റെ മുന്‍കാല രചനകളിലെന്ന പോലെ ഈ പുസ്തകത്തിലും സര്‍ദാര്‍ മുന്നോട്ട് പോകുന്നത്. അത്തരം ഒന്നോ രണ്ടോ വരികളിലൊതുങ്ങുന്ന വിമര്‍ശനങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഗൗരവതരമായ ഒരു എന്‍ഗേജ്‌മെന്റായി അതനുഭവപ്പെടുന്നില്ല. എന്തുകൊണ്ട് തന്റെ യൗവനാരംഭത്തിലെ ഇസ്‌ലാമിസ്റ്റ് ആഭിമുഖ്യം സര്‍ദാറിനെ ഇപ്പോഴും വേട്ടയാടന്നുവെന്നത് കൗതുകകരമായ കാര്യമാണ്. ഒരു കാര്യം ഉറപ്പാണ്. ഫോസിസ് എന്ന ഇസ്‌ലാമിക വിദ്യാര്‍ഥി സംഘടനയില്‍ പ്രവര്‍ത്തിച്ച കാലയളവാണ് സര്‍ദാറിന്റെ ചിന്തയുടെ 'ബിഗ് അദര്‍'.
വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് സര്‍ദാര്‍ പിന്നീട് പറയുന്നത്. 1. ഞാന്‍ ഏതു തരത്തിലുള്ള ഖുര്‍ആന്‍ വായനക്കാരനാണ്? 2. അറബി മാതൃഭാഷയല്ലാത്ത ഒരാള്‍ വിവര്‍ത്തനങ്ങളിലൂടെ, തഫ്‌സീറുകളിലൂടെ നടത്തുന്ന വായന എന്താണ്? 3. എന്താണ് ഇന്നത്തെ ഖുര്‍ആന്‍ വിവര്‍ത്തനങ്ങളുടെ അവസ്ഥ? ഇതൊക്കെ വിശദീകരിച്ചതിനു ശേഷമാണ് സര്‍ദാര്‍ തന്റെ വായനാരീതിയെ ഉപസംഹരിക്കുന്നത്.
ലോക മുസ്‌ലിംകളുടെ നാലിലൊന്നു പോലും അറബി മാതൃഭാഷയായി സ്വീകരിച്ചവരല്ല. എന്നാല്‍, എല്ലാവരും ഖുര്‍ആന്‍ ഇഷ്ടപ്പെടുന്നവരും പടച്ചവന്റെ വചനമാണെന്ന് വിശ്വസിച്ചുറപ്പിക്കുന്നവരുമാണ്. അപ്പോള്‍ ഈ 'നോണ്‍ അറബികള്‍' ഖുര്‍ആനെ മനസ്സിലാക്കുന്നത് അറബേതരമായ ഭാഷയിലൂടെയാണെന്ന് സാരം. സര്‍ദാറിന്റെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ ''The 'clear Arabic' of the Quran is, open to all: specialists and scholars as well as non-experts and ordinary folks.'' തീര്‍ച്ചയായും ഖുര്‍ആനിലെ ഓരോ ആയത്തുകളുടെയും വൈവിധ്യങ്ങളില്‍ അറബിയിലൂടെ മുങ്ങിത്താഴുക എന്ന ആനന്ദം പ്രധാനമാണെങ്കിലും, ഇത് ഖുര്‍ആന്റെ സാധാരണ വായനക്കാരനെ തള്ളിക്കളയുന്ന ഒന്നാവരുതെന്നാണ് സര്‍ദാര്‍ പറയുന്നത്. ഞാന്‍ ഏതു തരത്തിലുള്ള വായനക്കാരനാണ് എന്ന് സര്‍ദാര്‍ പറയുന്നത് വളരെ കൗതുകരമാണ്. ''ഖുര്‍ആന്റെ പാഠവുമായി സംവദിക്കാന്‍ ഒരാള്‍ക്ക് മറ്റു ഒരുക്കങ്ങളൊന്നും തന്നെ ആവശ്യമില്ല. ഒരു പുരോഹിതന്റെയോ സവിശേഷ പാണ്ഡിത്യം നേടിയ ആളുകളുടെയോ അനുവാദമോ സമ്മതമോ ആവശ്യമില്ല. പരമ്പരാഗത പണ്ഡിതന്മാര്‍ സൃഷ്ടിച്ച തടസ്സങ്ങളാണ് ഖുര്‍ആനെ ഇന്നും ഭാവിയിലും മനസ്സിലാക്കുന്നതില്‍ നിന്ന് തടയുന്ന പ്രധാനകാര്യം. ഇത്തരം പണ്ഡിതന്മാര്‍ ലോകത്തെക്കുറിച്ച് അടഞ്ഞ ബോധ്യം സൂക്ഷിക്കുന്നവരും മറ്റുള്ളവര്‍ അങ്ങനെത്തന്നെ നിലനില്‍ക്കണമെന്ന് ധരിക്കുന്നവരുമാണ്. ഈ സമീപനങ്ങള്‍ ചിന്തിക്കുകയും ഇടപെടുകയും ചെയ്യുന്ന മുസ്‌ലിമിനെ ഖുര്‍ആനില്‍ നിന്നകറ്റാനേ ഉപകരിക്കൂ.''
സര്‍ദാര്‍ നേരത്തെ വിവര്‍ത്തനങ്ങളിലൂടെയാണ് ഖുര്‍ആന്‍ വായിക്കപ്പെടുന്നതെന്ന് പറഞ്ഞു. പരമ്പരാഗത രീതികള്‍ സൃഷ്ടിച്ച സങ്കീര്‍ണതകള്‍ ഒഴിവാക്കണമെന്ന് പറഞ്ഞതിനു ശേഷമാണ് ഇത് പറയുന്നത്. സര്‍ദാര്‍ പ്രശ്‌നം കാണുന്നത് പരമ്പരാഗത രീതകളില്‍ മാത്രമല്ല, ആധുനിക വിവര്‍ത്തനങ്ങളില്‍ കൂടിയും അത് കടന്നുവരുന്നുണ്ടെന്നാണ് മനസ്സിലാവുന്നത്. ഖുര്‍ആന്റെ ഇംഗ്ലീഷ് വിവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഭാഗമാണ് അത്യാകര്‍ഷകമായിട്ടുള്ളത്. എന്‍.ജെ ദാവൂദിന്റെ വളരെ പ്രശസ്തമായ ഖുര്‍ആന്റെ പെന്‍ഗ്വിന്‍ എഡിഷനെക്കുറിച്ച് നിരവധി വിമര്‍ശനങ്ങള്‍ സര്‍ദാര്‍ ഉന്നയിക്കുന്നു. ദാവൂദിന്റെ വിവര്‍ത്തനം അര്‍ഥമാറ്റങ്ങള്‍ക്ക് വരെ കാരണമാവുന്നുണ്ടെന്നാണ് സര്‍ദാറിന്റെ കണ്ടെത്തല്‍. എന്‍.ജെ ദാവൂദിന്റെ ഈ വിവര്‍ത്തനമാണ് ഖുര്‍ആനെ വിമര്‍ശിക്കാന്‍ (അതായത് ഖുര്‍ആന്‍ വയലന്റാണെന്നും സെക്‌സിസ്റ്റാണെന്നും പറയാന്‍) ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നതെന്നാണ് സര്‍ദാറിന്റെ പക്ഷം. മുഹമ്മദ് മര്‍മഡ്യൂക്ക് പിക്താളിന്റെയും അബ്ദുല്ലയൂസുഫ് അലിയുടെയും വിവര്‍ത്തനങ്ങളെക്കുറിച്ചും സര്‍ദാര്‍ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്. മറ്റൊരു പ്രധാന വിവര്‍ത്തനം മുഹമ്മദ് അസദിന്റേതായിരുന്നു. ഈയിടെ പുറത്ത് വന്ന രണ്ട് പ്രധാന വിവര്‍ത്തന കൃതികളെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് സര്‍ദാര്‍ തന്റെ പുസ്തകത്തിന്റെ ഒന്നാമത്തെ ഭാഗം അവസാനിപ്പിക്കുന്നത്. എം.എ.എസ് ഹലീമിന്റെയും (ഈജിപ്ത്) ത്വരീഫ് ഖാലിദി(ഫലസ്ത്വീന്‍)യുടേതുമാണവ.
സര്‍ദാര്‍ പറയുന്നത് അറബേതരനായ തനിക്ക് ഒരൊറ്റ വിവര്‍ത്തനത്തില്‍ ഒതുങ്ങിനില്‍ക്കാന്‍ കഴിയില്ലെന്നാണ്. സൂറ അല്‍ബഖറ, സൂറ ഫാത്തിഹ ഇവയെക്കുറിച്ചുള്ള തന്റെ ബ്ലോഗിന് സര്‍ദാര്‍ അത്തരത്തിലുള്ള വിവര്‍ത്തനങ്ങളെയാണ് ആശ്രയിക്കുന്നത്. ആര്‍ബറി, യൂസുഫ് അലി, പിക്താള്‍, അസദ്, ഹലീം, ഖാലിദി ഇങ്ങനെയൊരു വായനയിലൂടെ സര്‍ദാര്‍ വായനക്കാരോടാവശ്യപ്പെടുന്നത് ഇത്ര മാത്രമാണ്: എന്റെ വായനയില്‍ നിങ്ങള്‍ സംതൃപ്തരാവരുത്.
രണ്ടാമത്തെ ഭാഗത്ത് ഫാത്തിഹ, ബഖറ സൂറത്തുകളുടെ വിവര്‍ത്തനവും വ്യാഖ്യാനവുമാണ്. മൂന്നാമത്തെ ഭാഗത്ത് സര്‍ദാര്‍ ചില വിഷയങ്ങള്‍ തെരഞ്ഞെടുക്കുകയും അതിനെക്കുറിച്ച് ഖുര്‍ആന്‍ എന്തു പറയുന്നുവെന്ന് നോക്കുകയും ചെയ്യുന്നുണ്ട്. ഖുര്‍ആന്‍ പലതരത്തില്‍ വായിക്കാമെന്നാണ് സര്‍ദാര്‍ പറയുന്നത്. മതപരമായ വഴികാട്ടിയെന്ന നിലയിലും സമകാലിക പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമെന്ന നിലയിലും അതിഭൗതിക സാന്നിധ്യത്തെക്കുറിച്ചോര്‍മിപ്പിക്കുന്ന സൂഫി വായനയുടെ തലത്തിലും മതതാരതമ്യ പഠനത്തിന്റെ ഭാഗമായും ഒക്കെ ഖുര്‍ആന്‍ വായിക്കപ്പെടുന്നു.
സര്‍ദാര്‍ പറയുന്നത് വായനതന്നെ വ്യാഖ്യാനമാണ് എന്നാണ്. ''എല്ലാ വായനക്കാരനും അവന്റെ/ അവളുടെ അനുഭവത്തെയാണ്, സാംസ്‌കാരിക പശ്ചാത്തലത്തെയാണ്, സമകാലിക സാഹചര്യങ്ങളെയും ബൗദ്ധിക ശേഷിയെയുമാണ് ഖുര്‍ആന്‍ വായനയിലേക്ക് കൊണ്ടുവരുന്നത്. ആ വായനക്ക്, എന്റെ വായനയെന്ന പോലെ തന്നെ, സ്വാഭാവികമായ പരിമിതികളുണ്ട്. ഖുര്‍ആന്റെ ഒരു വായനയും വിശുദ്ധ വേദത്തെക്കുറിച്ച അവസാന വാക്കല്ല. നമുക്ക് ഖുര്‍ആന്റെ ഒരു വ്യാഖ്യാനവും അനശ്വരവും പ്രാപഞ്ചികവുമല്ല. അത് ക്ലാസ്സിക്കല്‍ വ്യാഖ്യാനമായാലും ശരി, ആധുനിക വ്യാഖ്യാനമായാലും ശരി'' (പേജ് 212). എന്നാല്‍ ഖുര്‍ആന്റെ അടിസ്ഥാനപാഠങ്ങള്‍ യഥാര്‍ഥത്തില്‍ മാറ്റമില്ലാതെ തുടരുന്നുവെന്നാണ് സര്‍ദാര്‍ പറയുന്നത്. ചില അടിസ്ഥാനപരമായ ചോദ്യങ്ങളെക്കുറിച്ച് ഖുര്‍ആന്‍ എന്തു പറയുന്നുവെന്നാണ് സര്‍ദാര്‍ ഇവിടെ മൂന്നാം ഭാഗത്ത് അന്വേഷിക്കുന്നത്. പ്രവാചകത്വവും വെളിപാടും, കാലവും ചരിത്രവും, സത്യവും ബഹുസ്വരതയും, മാനവികതയും വൈവിധ്യവും, വ്യക്തിയും സമുദായവും, യുക്തിയും ജ്ഞാനവും, കുറ്റവും ശിക്ഷയും, കടമകളും ഉത്തരവാദിത്വങ്ങളും, പ്രകൃതിയും പരിസ്ഥിതിയും, നൈതികതയും ധാര്‍മികതയും, എഴുത്തും വായനയും തുടങ്ങിയ പ്രശ്‌നങ്ങളെക്കുറിച്ചാണിവിടെ ഖുര്‍ആനിലൂടെ ആലോചിക്കുന്നത്.
അവസാന ഭാഗത്താണ് സര്‍ദാര്‍ സമകാലിക സംഭവവികാസങ്ങളെ മുന്‍നിര്‍ത്തിയുള്ള വിശദീകരണങ്ങള്‍ നല്‍കുന്നത്. സര്‍ദാറിന്റെ നിരവധി പുസ്തകങ്ങളില്‍ പരന്നു കിടക്കുന്ന ആശയങ്ങള്‍ എന്നതിലുപരി പുതുതായി ഒന്നും ഇത് പകരുന്നില്ല. മാത്രമല്ല, സര്‍ദാറിന്റെ മറ്റു ലേഖന സമാഹരങ്ങള്‍ വായിച്ച ആളുകളെ സംബന്ധിച്ചേടത്തോളം ആവര്‍ത്തന വിരസത നല്‍കുന്നതുമാണ്. കഴിഞ്ഞ പത്തു പതിനഞ്ചു വര്‍ഷങ്ങളായി മുസ്‌ലിം ലോകത്ത് (വിശിഷ്യാ ഇംഗ്ലീഷ് സംസാരിക്കുന്ന മുസ്‌ലിം ബുദ്ധിജീവികള്‍) കാണുന്ന പുതിയ നിരീക്ഷണങ്ങള്‍ ക്രോഡീകരിച്ചിരിക്കുകയാണ് സര്‍ദാര്‍. പലപ്പോഴും അറബ് ലോകത്തെ ചലനങ്ങളുമായോ ഇടപെടലുകളുമായോ വേണ്ടരീതിയില്‍ സംവദിക്കാന്‍ ഇത്തരം ഇംഗ്ലീഷ് വായനാ ലോകത്തെ ആളുകള്‍ ശ്രദ്ധിക്കാറില്ല എന്നത് ഒരു പോരായ്മയാണ്. സിയാഉദ്ദീന്‍ സര്‍ദാറും ഇതില്‍ നിന്നൊഴിവല്ല. കുറച്ചുകൂടി കടന്നുപറയുകയാണെങ്കില്‍ സിയാഉദ്ദീന്‍ സര്‍ദാര്‍ തന്റെ തന്നെ സമകാലികരുമായി നേരിട്ട് സംവദിക്കുന്നത് വളരെ അപൂര്‍വമാണ്. ഈ പുസ്തകത്തിലെ പൊതുവെ വിവാദമാകും എന്നുകരുതുന്ന വിമര്‍ശനമാണ് സ്വവര്‍ഗ ലൈംഗികതയെക്കുറിച്ച് സര്‍ദാര്‍ നടത്തിയിട്ടുള്ളത്. സ്‌കോട്ട് കൂഗ്‌ളിന്റെ നിരീക്ഷണത്തെ സര്‍ദാര്‍ അംഗീകരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇതേ വിഷയവുമായി ബന്ധപ്പെട്ട് താരീഖ് റമദാനും മറ്റും പുലര്‍ത്തുന്ന സമീപനങ്ങളെക്കുറിച്ച് സിയാഉദ്ദീന്‍ സര്‍ദാര്‍ ഒന്നും പറയുന്നില്ല.
സര്‍ദാറിന്റെ പരമ്പരാഗത വായനക്കാര്‍ ഏറെയുള്ള കേരളത്തില്‍, പൊതുവെ വായിച്ച, പരിചയപ്പെടുത്തപ്പെട്ട ധാരണകള്‍ തന്നെയാണ് ഈ പുസ്തകത്തിലുള്ളത്. സര്‍ദാറിന്റെ മുന്‍ കൃതികള്‍ വായിച്ചവര്‍ക്ക് ഏറെയൊന്നും ഇതില്‍ നിന്ന് ലഭിക്കാനില്ല. എന്നാല്‍ സര്‍ദാറിനെ വായിച്ചുതുടങ്ങുന്നവര്‍ക്ക് ഈ പുസ്തകം ഏറെ ഉപകാരപ്പെടുമെന്ന് തോന്നുന്നു. മുസ്‌ലിം ലോകത്തെ ഇന്നത്തെ പല പ്രവണതകളും വിശദമായി തന്നെ ഇതില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. വളരെ സൂക്ഷ്മമായ ഖുര്‍ആന്‍ സംവാദങ്ങള്‍ ഈ പുസ്തകത്തിലില്ല. എന്നാല്‍ വിശാലമായ അര്‍ഥത്തില്‍ ഈ പുസ്തകത്തില്‍ അതൊക്കെ കടന്നുവരുന്നുണ്ട്. ഒരു പാണ്ഡിത്യ പ്രകടനം എന്നതിലുപരി, സാമാന്യ വായനക്കാര്‍ക്കുള്ള ഒരു ഖുര്‍ആന്‍ വഴികാട്ടിയായി പുസ്തകത്തെ വിലയിരുത്താമെന്ന് തോന്നുന്നു; പോരായ്മകള്‍ പലതുണ്ടെങ്കിലും.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം